ഇന്ത്യന്‍ ഹാക്കര്‍മാര്‍ ഓസ്ട്രേലിയക്കെതിരെ യുദ്ധത്തില്‍
മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന അക്രമത്തിന് പ്രതികാരം എന്നവണ്ണം ഒരു കൂട്ടം ഇന്ത്യന്‍ ഹാക്കര്‍മാര്‍ ഓസ്ട്രേലിയക്കെതിരെ ഓണ്‍ ലൈന്‍ യുദ്ധത്തില്‍ ഏര്‍പ്പെടുന്നു എന്ന് സൂചന. ഹാക്കേഴ്സ് യൂണിയന്‍ ഓഫ് ഇന്ത്യ എന്ന സംഘമാണ് ഇതിനു പിന്നില്‍ എന്നാണ് സംശയം. ഇവരുടെ ആക്രമണത്തിന് ഇരയായ ഓസ്ട്രേലിയയിലെ മെല്‍ബണ്‍ നഗരത്തിലെ വ്യവസായ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത് എന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓസ്ട്രേലിയന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
രാവിലെ ജോലിക്ക് വന്ന ജീവനക്കാര്‍ തങ്ങളുടെ കമ്പ്യൂട്ടര്‍ സര്‍വര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള ആക്രമണം നിര്‍ത്തുന്നത് വരെ ഹാക്കിംഗ് തുടരുമെന്ന ഭീഷണിയും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഓസ്ട്രേലിയക്കെതിരെ ഹാക്കിംഗ് യുദ്ധം ആരംഭിക്കാനുള്ള നിര്‍ദ്ദേശം ഹാക്കേഴ്സ് യൂണിയന്റെ വെബ്സൈറ്റില്‍ ഓണ്‍ ലൈന്‍ ആയാലും നേരിട്ടായാലും ആക്രമണം അനുവദനീയമല്ല എന്നാണ് ഓസ്ട്രേലിയന്‍ വിദ്യാര്‍ത്ഥി കളുടെ യൂണിയന്റെ പ്രതികരണം. ഓസ്ട്രേലിയന്‍ തെരുവുകളുടെ സുരക്ഷിതത്വം ഇല്ലായ്മയ്ക്ക് വ്യാപാര സ്ഥാപനങ്ങള്‍ വില കൊടുക്കേണ്ടി വരുന്നത് ശരിയല്ല എന്നും അതിനാല്‍ ഇത്തരക്കാര്‍ വ്യാപാര സ്ഥാപനങ്ങളുടെ നേരെയുള്ള ഓണ്‍ ലൈന്‍ ആക്രമണങ്ങള്‍ തുടരരുത് എന്നും വിദ്യാര്‍ത്ഥി നേതാവായ ഗൌതം ഗുപ്ത അറിയിച്ചു. എന്നാല്‍ ആക്രമണത്തിന്റെ വാര്‍ത്ത പുറത്തായതോടെ ഹാക്കേഴ്സ് യൂണിയന്റെ വെബ്സൈറ്റ് താല്‍ക്കാലികമായി ലഭ്യമല്ലാതായി. ഈ വെബ് സൈറ്റില്‍ നേരത്തെ ഇതിലെ അംഗങ്ങളുടെ പേരും ഫോട്ടോയും ഈമെയില്‍ വിലാസങ്ങളും പരസ്യമായി പ്രദര്‍ശിപ്പിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ വഴി തെറ്റിക്കാനായി ഹാക്കേഴ്സ് യൂണിയന്‍ ഓഫ് ഇന്ത്യ എന്ന പേരില്‍ ഒരു പുതിയ വെബ് സൈറ്റും ഒരുക്കിയിട്ടുണ്ട്. Labels: ആസ്ത്രേലിയ, ഇന്റര്നെറ്റ്, ഐ.ടി, കുറ്റകൃത്യം
- ജെ. എസ്.
( Monday, February 15, 2010 ) |
ചൈനീസ് ആക്രമണം പ്രധാന മന്ത്രിയുടെ ഓഫീസിലും
ഡല്‍ഹി : പ്രധാന മന്ത്രിയുടെ ഓഫീസിലും ചൈന സൈബര്‍ ആക്രമണം നടത്തിയതായി സൂചന. എന്നാല്‍ ഇതിനായി ചൈനീസ് ഹാക്രമികള്‍ (ഹാക്ക് ചെയ്യുന്ന ആക്രമികള്‍) റഷ്യയിലെയും, ദക്ഷിണ അമേരിക്കയിലേയും, കാലിഫോര്‍ണിയയിലെയും ഗേറ്റ് വേകള്‍ ആണ് ഉപയോഗിച്ചത് എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പ്രധാന മന്ത്രിയുടെ ഓഫീസിലെ pmo@nic.in എന്ന ഈമെയില്‍ വായിക്കുവാനായി ഹാക്രമികള്‍ ശ്രമിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ ഉദ്യമം പരാജപ്പെട്ടു എന്നാണ് കരുതപ്പെടുന്നത്.
ഇന്ത്യയുടെ സുപ്രധാന സൈനിക നയതന്ത്ര വ്യാവസായിക ശൃംഖല യുടെ ഇന്റര്‍നെറ്റ് അടിത്തറ ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയമാണ് എന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ത്യയോട് ശത്രുതയുള്ള രാജ്യങ്ങള്‍ ഇത്തരം ആക്രമണങ്ങള്‍ നടത്താനുള്ള സാധ്യത വളരെ ഏറെയാണ്. പ്രത്യേകിച്ചും ഇന്ത്യയില്‍ സൈനികമായും, നയതന്ത്ര പരമായും, ആഭ്യന്തരമായും, ആഗോള വ്യാപാര രംഗത്തും താല്പര്യങ്ങളുള്ള ചൈന. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ചൈന സൈബര്‍ ആക്രമണ രംഗത്ത് ഏറെ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. ഇതിനായി ഒരു പ്രത്യേക സൈബര്‍ സൈന്യം തന്നെ ചൈന ഒരുക്കിയിട്ടുമുണ്ട്. 300,000 ഹാക്രമികളാണ് ഈ സൈബര്‍ സൈന്യത്തില്‍ ഉള്ളത് എന്നാണ് ഇന്ത്യന്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ അനുമാനം. ചൈന ഇന്ത്യയെ ആക്രമിക്കുന്നത് ഇത് ആദ്യ സംഭവമല്ല എന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. Labels: ഇന്റര്നെറ്റ്, കുറ്റകൃത്യം, ചൈന, യുദ്ധം, രാജ്യരക്ഷ
- ജെ. എസ്.
( Saturday, January 16, 2010 ) |
ഓണ്‍ലൈന്‍ പുസ്തകം - ഗൂഗിളിനെതിരെ നീക്കം
പുസ്തകങ്ങള്‍ ഓണ്‍ലൈന്‍ ആയി വായനക്കാര്‍ക്ക് ലഭ്യമാക്കുവാനായി ഗൂഗിള്‍ എഴുത്തുകാരുടെ സംഘടനയുമായി ഉണ്ടാക്കിയ കരാര്‍ തള്ളി കളയണം എന്ന് അമേരിക്കന്‍ നീതി ന്യായ വകുപ്പ് കോടതിയോട് ആവശ്യപ്പെട്ടു. ഈ കരാര്‍ നടപ്പിലാവുന്നതോടെ പുസ്തകങ്ങളുടെ ഏറ്റവും വലിയ ശേഖരം ഗൂഗിള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുകയും വായനക്കാര്‍ക്ക് ഇന്റര്‍നെറ്റ് വഴി ഈ പുസ്തകങ്ങള്‍ വായിക്കുവാനും കഴിയും. സാമൂഹികമായി ഏറെ നേട്ടമുള്ള ഒരു പദ്ധതിയാണ് ഇത് എങ്കിലും ഇത്തരം ഒരു നീക്കത്തോടെ ഓണ്‍ലൈന്‍ പുസ്തക രംഗത്ത് ഗൂഗിളിനെ ഒരു കുത്തക ആക്കി മാറ്റും എന്നാണ് ഇതിനെ എതിര്‍ക്കുന്നവരുടെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഓപണ്‍ ബുക്ക് അലയന്‍സിന്റെ ആരോപണം. ഗൂഗിളിന്റെ ഏറ്റവും വലിയ മൂന്ന് എതിരാളികളായ മൈക്രോസോഫ്റ്റ്, യാഹൂ, ആമസോണ്‍ എന്നീ കമ്പനികള്‍ ചേര്‍ന്നാണ് ഓപണ്‍ ബുക്ക് അലയന്‍സിന് രൂപം നല്‍കിയത്. ഇപ്പോള്‍ തന്നെ ഇന്റര്‍നെറ്റ് തിരച്ചില്‍ രംഗത്ത് അജയ്യരായ ഗൂഗിളിന് പുസ്തകങ്ങള്‍ ഓണ്‍ലൈന്‍ ആയി പ്രസിദ്ധീകരിക്കുവാന്‍ ഉള്ള അവകാശവും കൂടി ലഭിച്ചാല്‍ പിന്നെ ഗൂഗിളിനെ തോല്‍പ്പിക്കുവാന്‍ അസാധ്യമാവും എന്ന് ഇവര്‍ ഭയക്കുന്നു. എന്നാല്‍ ഇത്തരം ഒരു പദ്ധതിയിലൂടെ പുസ്തകങ്ങള്‍ തിരയുവാനും, വായിക്കുവാനും, ഡൌണ്‍ലോഡ് ചെയ്യുവാനും സാധ്യമാവുന്നത് പുസ്തകങ്ങള്‍ എന്ന മഹത്തായ സാംസ്ക്കാരിക സമ്പദ് ശേഖരത്തിന് മുന്‍പൊന്നും ലഭ്യമല്ലാത്ത അത്രയും വലിയ വായനക്കൂട്ടത്തെ സൃഷ്ടിക്കും എന്ന കാര്യം ഓപ്പണ്‍ ബുക്ക് അലയന്‍സും സമ്മതിക്കുന്നുണ്ട്.
US Government against Google book deal Labels: ഇന്റര്നെറ്റ്, പുസ്തകം
- ജെ. എസ്.
( Saturday, September 19, 2009 ) |
ട്വിറ്റര്‍ വിവാദം - തരൂര്‍ മാപ്പ് പറഞ്ഞു
ഇക്കണോമി ക്ലാസ് വിമാന യാത്രയെ കന്നുകാലി ക്ലാസ് എന്ന് വിളിച്ച് അധിക്ഷേപിച്ചതിന് വിദേശ കാര്യ സഹ മന്ത്രി ശശി തരൂര്‍ മാപ്പ് പറഞ്ഞു. തന്റെ ട്വിറ്റര്‍ പേജില്‍ തന്നെയാണ് ക്ഷമാപണം നടത്തിയത്.
വിശുദ്ധ പശു എന്നത് വ്യക്തികളെ അല്ല അര്‍ത്ഥമാക്കുന്നത്. ആര്‍ക്കും വെല്ലു വിളിയ്ക്കാന്‍ ആവാത്ത വിശുദ്ധമായ തത്വങ്ങളെയാണ്. ഇത് തന്നെ വിമര്‍ശിക്കുന്നവര്‍ മനസ്സിലാക്കണം. മറ്റുള്ളവര്‍ തന്റെ നര്‍മ്മം മനസ്സിലാക്കും എന്ന് കരുതരുത് എന്ന് തനിക്ക് മനസ്സിലായി. വാക്കുകള്‍ വളച്ചൊടിക്കുന്നവര്‍ക്ക് അതിനുള്ള അവസരം നല്‍കരുത് എന്നും താന്‍ തിരിച്ചറിഞ്ഞു. തന്നോട് ചോദിച്ച ചോദ്യത്തിലെ പ്രയോഗം താന്‍ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്. ഇക്കണോമി ക്ലാസ്സില്‍ ആളുകളെ കന്നുകാലികളെ പോലെ ഇടിച്ചു കയറ്റുന്ന വിമാന കമ്പനികളോടുള്ള പ്രതിഷേധമാണ് ഈ പ്രയോഗം. യാത്രക്കാരോടുള്ള നിന്ദയല്ല. ഈ പ്രയോഗം മലയാളത്തില്‍ കേള്‍ക്കുമ്പോള്‍ അതിന് കൂടുതല്‍ മോശമായ അര്‍ത്ഥങ്ങള്‍ കൈവരുന്നു എന്ന് എന്നോട് പറഞ്ഞപ്പോഴാണ് ഞാന്‍ അറിഞ്ഞത്. ഇതില്‍ ആര്‍ക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ഞാന്‍ ഖേദിയ്ക്കുന്നു എന്ന് ശശി തരൂര്‍ തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. ശശി തരൂറിന്റെ ക്ഷമാപണം "Cattle Class" എന്ന പ്രയോഗം ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷ് നിഘണ്ടുവില്‍ 2007 സെപ്റ്റെംബറില്‍ ചേര്‍ത്തിയതാണ്. അതിന്റെ അര്‍ത്ഥമായി നിഘണ്ടുവില്‍ കൊടുത്തിരിക്കുന്നത് വിമാനത്തിലെ ഇക്കണോമി ക്ലാസ്സ് എന്നും. പ്രചാരത്തില്‍ ഉള്ള പുതിയ പദ പ്രയോഗങ്ങള്‍ ഓക്സ്ഫോര്‍ഡ് നിഘണ്ടുവില്‍ ഇടയ്ക്കിടയ്ക്ക് ഉള്‍പ്പെടുത്തുന്ന പതിവുണ്ട്. എന്നാല്‍ ഈ പ്രയോഗങ്ങളുടെ ഉല്‍ഭവമോ അതിലെ നൈതികതയോ ഇത്തരം ഉള്‍പ്പെടുത്തല്‍ വഴി സ്ഥിരീകരിക്കപ്പെടുന്നില്ല. ഈ ഉള്‍പ്പെടുത്തല്‍ വഴി ഓക്സ്ഫോര്‍ഡ് നിഘണ്ടു മോശമായ യാത്രാ സൌകര്യങ്ങളെ പറ്റിയുള്ള ഇക്കണോമി ക്ലാസ് യാത്രക്കാരുടെ പ്രതിഷേധം തന്നെയാണ് പ്രഖ്യാപിച്ചത്. കുട്ടികള്‍ക്ക് ഇരിക്കുവാനായി നിര്‍മ്മിച്ചതാണ് ഇക്കണോമി ക്ലാസ് സീറ്റുകള്‍ എന്ന് ഈ ക്ലാസില്‍ സഞ്ചരിച്ചിട്ടുള്ള എല്ലാവര്‍ക്കും അറിയാം. തങ്ങളുടെ ശരീരം ഈ സീറ്റിലേക്ക് തിരുകി കയറ്റി ഇരിക്കുന്ന യാത്രക്കാര്‍ യാത്ര കഴിയും വരെ തന്റെ കൈയ്യും കാലും അടുത്തിരിക്കുന്ന ആളുടെ വ്യോമാതിര്‍ത്തി ലംഘിക്കാതിരിക്കാന്‍ പാട് പെടുന്നു. പ്ലാസ്റ്റിക് സ്പൂണും ഫോര്‍ക്കും കൊണ്ട് ഭക്ഷണം കഴിക്കുന്നതും ഒരു അഭ്യാസം തന്നെ. ഉറങ്ങാന്‍ ശ്രമിച്ചാല്‍ കഴുത്ത് ഉളുക്കും എന്നത് ഉറപ്പ്. എന്നാല്‍ മൂന്നിരട്ടിയോളം നിരക്കുള്ള ബിസിനസ് ക്ലാസിനേക്കാള്‍ യാത്രക്കാര്‍ കന്നുകാലികളെ കൊണ്ടു പോകുന്നത് പോലെയുള്ള ഇക്കണോമി ക്ലാസ് തന്നെ ആശ്രയിക്കുന്നത് ഇതെല്ലാം സഹിയ്ക്കുവാന്‍ തയ്യാറായി തന്നെയാണ്. ഇത്തരം പരാമര്‍ശം നടത്തിയ ശശി തരൂര്‍ രാജി വെയ്ക്കണം എന്ന് രാജസ്ഥാന്‍ മുഖ്യ മന്ത്രി അശോക് ഗെഹ്ലോട്ട് ആവശ്യപ്പെട്ടു. Shashi Tharoor apologizes on "Cattle Class" tweet Labels: ഇന്റര്നെറ്റ്, രാഷ്ട്രീയം, വിവാദം
- ജെ. എസ്.
( Friday, September 18, 2009 ) 5 Comments:
Links to this post: |
'മൈവേ' ഐ.പി. ടി.വി. കേരളത്തില്‍
ഇന്റര്‍ ആക്റ്റീവ് ഇന്‍ററാക്റ്റീവ് പേഴ്സണലൈസ്ഡ് ടെലിവിഷന്‍ ആന്‍ഡ് വിഡിയോ സര്‍വീസ് (ഐ. പി. ടി.വി.) എന്ന നൂതന സാങ്കേതിക വിദ്യയുമായി ബി. എസ്. എന്‍. എല്‍. കേരളത്തില്‍ എത്തി. സ്മാര്‍ട്ട് ഡിജി വിഷനുമായി ചേര്‍ന്നാണ് ഈ സംരംഭം നടപ്പിലാക്കുന്നത്. തിരുവനന്തപുരത്തും കൊച്ചിയിലും ഈ സര്‍വിസ് ഇപ്പോള്‍ ലഭ്യം ആകും.
ഈ സൗകര്യം ഉപയോഗപ്പെടുത്തണം എങ്കില്‍ ബി. എസ്. എന്‍. എല്‍. ഫിക്സെഡ് ലൈനും, ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിയും മൈവേ സെറ്റ് ടോപ് ബോക്സും വേണം. പ്രേക്ഷകര്‍ക്ക് ടെലിവിഷനിലൂടെ ഇഷ്ടാനുസരണം പരിപാടികള്‍ കാണാന്‍ കഴിയും എന്നതാണ് ഇതിന്റെ സവിശേഷത. ഇന്റര്‍ നെറ്റിന് സമാനം ആയി പരസ്പരം സംവദിക്കാനുള്ള സൗകര്യം, കൂടുതല്‍ മിഴിവാര്‍ന്ന ചിത്രങ്ങള്‍, പരിപാടികള്‍ താല്‍ക്കാലികം ആയി നിര്‍ത്താനോ, മുന്നോട്ടോ പിന്നോട്ടോ നീക്കാനുള്ള സൗകര്യം എന്നിവയെല്ലാം ഇതില്‍ ഉണ്ടാകും. ഏതു പരിപാടികള്‍ എപ്പോള്‍ കാണണം എന്നൊക്കെ ഉപഭോക്താക്കള്‍ക്ക് തന്നെ നിശ്ചയിക്കാം. ഇ-മെയില്‍, ചാറ്റിംഗ് സൌകര്യം, ടിക്കറ്റ് ബുക്കിങ്ങുകള്‍, കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍, വിമാന സമയങ്ങള്‍ തുടങ്ങിയവും ഇതിലൂടെ നല്‍കും. ഇന്ത്യയില്‍ 54 നഗരങ്ങളില്‍ ബി. എസ്. എന്‍. എല്‍. ഐ.പി. ടി.വി. യുടെ സേവനം ഇപ്പോള്‍ തന്നെ ലഭ്യം ആണ്. Labels: ഇന്റര്നെറ്റ്, വ്യവസായം, സാങ്കേതികം
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
( Saturday, July 25, 2009 ) |
ഈണം - സ്വതന്ത്ര മലയാള സംഗീത സംരംഭം
മലയാളം ബ്ലോഗര്‍മാരും മലയാള ഗാന ശേഖരം എന്ന വെബ് സൈറ്റും കൈ കോര്‍ക്കുന്ന മലയാളത്തിലെ ആദ്യ സ്വതന്ത്ര സംഗീത സംരംഭത്തിന്റെ ആദ്യ ആല്‍ബമായ ‘ഈണം’ പുറത്തിറങ്ങി. ആസ്വാദ്യകരമായ ഗാനങ്ങള്‍ സൗജന്യമായി ജനങ്ങളിലേക്ക് എത്തിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തു കൊണ്ട് രംഗത്തിറങ്ങിയ സംഗീത പ്രേമികളുടെ ഈ സംഗമം, ആര്‍ദ്രമായ ഗാനങ്ങളെ എന്നും ഗൃഹാതുരത്വത്തോടെ മനസ്സില്‍ സൂക്ഷിക്കുന്ന സ്വദേശ - വിദേശ മലയാളികളുടെ ചിരകാല സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ്.
പൈറസിയുടെ യാതൊരു നൂലാമാലകളും കൂടാതെ ആര്‍ക്കും സ്വതന്ത്രമായി ഈണം വെബ് സൈറ്റില്‍ നിന്നും ഗാനങ്ങള്‍ ഡൌണ്‍ലോഡു ചെയ്ത് ആസ്വദിക്കാം. ബ്ലോഗിലെ സംഗീത പ്രേമികളുടെ മനസ്സില്‍ ദീര്‍ഘ കാലമായി നില നിന്നിരുന്ന, മലയാളത്തിനു മാത്രമായി ഒരു സ്വതന്ത്ര സംഗീത സംരംഭം വേണമെന്ന ചിന്തയില്‍ നിന്നുമാണ് “ഈണ”ത്തിന്റെ പിറവി. കഴിവുള്ള ധാരാളം കലാകാരന്മാര്‍ക്ക് അവസരം ലഭിക്കാതെ പോകുന്നുണ്ട് എന്ന തിരിച്ചറിവും സാങ്കേതിക വിദ്യയുടെ പിന്‍ബലത്താല്‍ എന്തും സാദ്ധ്യമാകും എന്ന ആത്മ വിശ്വാസവുമാണ് ഒരു തരത്തില്‍ ഇത്തരം ഒരാശയത്തിലേക്ക് ഇതിന്റെ അണിയറ പ്രവര്‍ത്തകരെ എത്തിച്ചത്. ഈണത്തിന്റെ അണിയറ ശില്‍പ്പികള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ജോലി ചെയ്യുന്ന, പരസ്പരം നേരില്‍ കണ്ടിട്ടില്ലാത്ത ഒരു പറ്റം സംഗീത പ്രേമികളായ ബ്ലോഗര്‍മാരുടെ കൂട്ടായ്മയാണ് ഈ സംരംഭത്തിനു പിന്നില്‍. ബഹുവ്രീഹി എന്ന ബ്ലോഗറുടെ സംഗീത സംവിധാന പരീക്ഷണങ്ങളായിരുന്നു ഈണത്തിന്റെ ആദ്യ തീപ്പൊരി. ബഹുവും കിരണും പ്രതിഭാധനനായ ഗായകന്‍ രാജേഷും ഒരുമിച്ചു ചേര്‍ന്നതോടെ അതൊരു കൂട്ടായ സംരംഭമാക്കാന്‍ തീരുമാനമായി. ഭക്തി ഗാന പബ്ലിഷിംഗ് രംഗത്ത് പ്രൊഫഷണല്‍ പരിചയമുള്ള നിശീകാന്ത് (ബൂലോഗ നാമധേയം ചെറിയനാടന്‍) ബൂലോഗത്ത് എത്തിയതോടെ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റമായി. നിരന്തരമായ ചര്‍ച്ചകളിലൂടെ വ്യക്തമായ ലക്ഷ്യം രൂപപ്പെടുത്തുകയും 2009 ജൂണ്‍ മാസത്തില്‍ ഈണത്തിന്റെ ആദ്യ ഗാന സമാഹാരം പുറത്തിറക്കണം എന്ന്‍ തീരുമാനിക്കുകയും ഉണ്ടായി. ആദ്യ സമാഹാരത്തില്‍ ഒന്‍പതു ഗാനങ്ങള്‍ ഉണ്ടാവണമെന്നും അവ ഒന്‍പതു വ്യത്യസ്ത തീമുകളെ ആസ്പദമായി ആയിരിക്കണമെന്നും തീരുമാനിച്ചിരുന്നു. അതനുസരിച്ച് നിലവില്‍ ബൂലോഗത്തിലെ അറിയപ്പെടുന്ന ഗായകരേയും ഗാന, കവിതാ രചയിതാക്കളേയും മറ്റും ഇതിനായി ബന്ധപ്പെട്ടു. ‘സകല കലാ വല്ലഭന്‍‘ എന്ന പേരിനു സര്‍വ്വഥാ യോഗ്യനായ എതിരന്‍ കതിരവന്‍ എന്ന ബ്ലോഗര്‍ ആയിരുന്നു പലപ്പോഴും ഇവര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി കൊണ്ടിരുന്നത്. ഒന്നല്ല, അനേകം വ്യക്തമായ ഉദ്ദേശ ലക്ഷ്യങ്ങ ളോടെയാണ് “ഈണം” മുന്നിട്ടിറങ്ങുന്നത്. കഴിവുള്ള ഗായകര്‍ക്ക്, തങ്ങളുടെ ശബ്ദം പുറം ലോകത്തേക്ക് എത്തിക്കുന്ന ഒരു സഹായിയായി, സ്വന്തം രചനകള്‍ പുസ്തക താളുകളില്‍ അല്ലെങ്കില്‍ ബ്ലോഗിലെ പോസ്റ്റുകളില്‍ മാത്രം ഒതുക്കി നിര്‍ത്തേണ്ടി വരുന്ന പ്രതിഭാ ധനരായ എഴുത്തുകാര്‍ക്ക് ഒരു വേദിയായി, അക്ഷര ക്കൂട്ടങ്ങള്‍ക്ക് സംഗീതം നല്‍കി അനുപമ ഗാനങ്ങളായി രൂപപ്പെടുത്താന്‍ കഴിയുന്ന പ്രതിഭാ ധനരായ യുവ സംഗീത സംവിധായ കര്‍ക്കൊരു സങ്കേതമായി “ഈണം” എന്നും ഉണ്ടാകും എന്ന് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പറഞ്ഞു. കവി ഭാവനയിലൂടെ മാത്രം നാം കണ്ടറിഞ്ഞ ‘ഏക ലോക’ മെന്ന ദര്‍ശനത്തെ യാഥാര്‍ത്ഥ്യമാക്കി, ഭൂലോകത്തിന്റെ ഏതു കോണിലുമുള്ള മനസ്സുകളേയും വിരല്‍ തുമ്പിലൂടെ തൊട്ടറിയാന്‍ പര്യാപ്തമാക്കിയ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താല്‍, പരസ്പരം കാണാതെ ലോകത്തിന്റെ പല ഭാഗത്തിരുന്ന് മെനഞ്ഞെടു ത്തവയാണീ ഗാനങ്ങളെല്ലാം തന്നെ. ആയതിനാല്‍, കുറ്റങ്ങളും കുറവുകളും സ്വാഭാവികം. ആ പോരായ്മകള്‍ ചൂണ്ടിക്കാട്ടി വരും കാല സംരംഭങ്ങള്‍ക്ക് “ഈണ”ത്തിന് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാന്‍ ഏവരും മുന്നിട്ടു വരണമെന്ന് ഇവര്‍ അഭ്യര്‍ത്ഥിക്കുന്നു. ഇന്റെര്‍നെറ്റ് മലയാളത്തിന്റെ പുരോഗതിയ്ക്ക് നിദാനമായ എല്ലാ സ്വതന്ത്ര സംരംഭങ്ങള്‍ക്കും അതിന്റെ പ്രതിഭാധനരായ ശില്‍പ്പികള്‍ക്കും “ഈണ”ത്തിന്റെ ഈ ആദ്യ ഗാനോപഹാരം ഇതിന്റെ ശില്‍പ്പികള്‍ സമര്‍പ്പണം ചെയ്തിരിക്കുന്നു. Labels: ഇന്റര്നെറ്റ്, ബ്ലോഗ്, സംഗീതം
- ജെ. എസ്.
( Friday, July 10, 2009 ) |
ഒളിച്ചോടി ഒടുവില്‍ 'ഓര്‍കുട്ടിന്റെ' വലയിലായി!
പ്രതീക്ഷിച്ച അത്ര മാര്‍ക്ക് സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ നേടാന്‍ കഴിയാത്തതിനാല്‍ ഡല്‍ഹിയിലെ തന്റെ വീട്ടില്‍ നിന്ന് ഒളിച്ചു ഓടിയ ആണ്‍കുട്ടിയെ 'ഓര്‍കുട്ടിന്റെ' സഹായത്തോടെ പോലീസ് കണ്ടെത്തി.
പരീക്ഷാ ഫലം വന്ന മെയ് 12 മുതല്‍ കാണാതായ ഈ പതിനെട്ടുകാരന്‍, ഒരു സ്പെഷ്യല്‍ സെല്‍ സബ് ഇന്‍സ്പെക്ടറുടെ മകന്‍ ആണ്. ഡല്‍ഹിയില്‍ നിന്നും കാണാതായ ഈ കുട്ടിയെ അംബാലയില്‍ നിന്ന് ആണ് പോലീസ് കണ്ടെത്തിയത്. ഫരീദാ ബാദില്‍ ഒരു ചായക്കടയില്‍ ജോലിയ്ക്ക് നിന്ന ഈ കുട്ടി തന്റെ ഒരു ഓര്‍ക്കുട്ട് സുഹൃത്തിനു അയച്ച സന്ദേശങ്ങള്‍ ആണ് ഈ കേസില്‍ പോലീസിനു സഹായകം ആയത്. ഈ പ്രദേശത്തുള്ള നിരവധി ഇന്റര്‍നെറ്റ് കഫേകളില്‍ നിന്നാണ് ഈ സന്ദേശങ്ങള്‍ കിട്ടിയത് എന്ന് അനുമാനിച്ച പോലീസ് ഓര്‍കുട്ട് ഉടമയായ ഗൂഗിളിനെ സമീപിക്കുകയായിരുന്നു. ഗൂഗിളില്‍ നിന്ന് 'ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍' വിലാസം കരസ്ഥമാക്കിയ അവര്‍ സ്ഥലം മനസ്സിലാക്കി കുട്ടിയെ കണ്ടെത്തുകയാണ് ഉണ്ടായത്. ഇന്റര്‍നെറ്റ് കഫെയില്‍ തെറ്റായ മേല്‍ വിലാസമാണ് കാണാതായ ഈ കുട്ടി നല്‍കിയിരുന്നത് എന്നും ഈ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. Labels: ഇന്റര്നെറ്റ്, കുട്ടികള്‍, വിദ്യാഭ്യാസം
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
( Thursday, June 25, 2009 ) |
ഇറാന്റെ കിളിവാതില്‍ ആകുന്ന ട്വിറ്റര്‍
വിദേശ മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഇറാനില്‍ നടക്കുന്ന വന്‍ ജനകീയ പ്രതിഷേധ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ഇറാന്‍ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ മറി കടന്ന് തങ്ങള്‍ക്കിടയിലെ ആശയ വിനിമയത്തിനും ഇറാനിലെ വിശേഷങ്ങള്‍ പുറം ലോകത്തേക്ക് എത്തിക്കുന്നതിനും ഇറാനിലെ ജനത ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചു വരുന്ന ട്വിറ്റര്‍ എന്ന ഇന്റര്‍നെറ്റ് സങ്കേതം അറ്റ കുറ്റ പണികള്‍ക്കായി ഇന്നലെ അല്‍പ്പ സമയത്തേക്ക് നിര്‍ത്തി വെക്കാന്‍ ഉള്ള ട്വിറ്റര്‍ കമ്പനിയുടെ നീക്കത്തെ അമേരിക്കന്‍ പ്രസിഡണ്ട് ഒബാമ തടഞ്ഞു. ഇറാന്‍ ജനതയുടെ പുറം ലോകത്തേക്കുള്ള കിളിവാതില്‍ ആയ ട്വിറ്റര്‍ നിര്‍ത്തി വെക്കുന്നത് ആശയ വിനിമയത്തിന് ഉള്ള മറ്റ് എല്ലാ വാതിലുകളും കൊട്ടി അടക്കപ്പെട്ട ഇറാന്‍ ജനതയുടെ ദുരിതം വര്‍ദ്ധിപ്പിക്കും എന്നതാണ് ഇത്തരം ഒരു അസാധാരണ നീക്കം നടത്തുവാന്‍ ഒബാമയെ പ്രേരിപ്പിച്ചത്. എന്നാല്‍ ആശയ വിനിമയത്തിനുള്ള മാര്‍ഗ്ഗം ഉറപ്പാക്കുക എന്നതിന് അപ്പുറം ഈ നീക്കം ഏതെങ്കിലും കക്ഷിയോടുള്ള പിന്തുണയല്ല സൂചിപ്പിക്കുന്നത് എന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തം ആക്കിയിട്ടുണ്ട്.
ഒബാമയുടെ അഭ്യര്‍ത്ഥന മാനിച്ച ട്വിറ്റര്‍ അറ്റകുറ്റ പണികള്‍ രാത്രിയിലേക്ക് മാറ്റി വെച്ചു. അനേകായിരം അമേരിക്കക്കാര്‍ക്ക് ട്വിറ്റര്‍ സേവനത്തില്‍ തടസ്സം നേരിട്ടുവെങ്കിലും ഈ സമയ മാറ്റം മൂലം ഇറാനില്‍ പകല്‍ സമയത്ത് ട്വിറ്റര്‍ ലഭ്യമാവുകയും ചെയ്തു. അറ്റകുറ്റ പണികള്‍ക്ക് ശേഷം കൂടുതല്‍ ശക്തമായ സര്‍വറുകളുടെ സഹായത്തോടെ കൂടുതല്‍ മെച്ചപ്പെട്ട സേവനമാണ് ട്വിറ്റര്‍ ഇപ്പോള്‍ നല്‍കുന്നത് എന്ന് ട്വിറ്റര്‍ കമ്പനി അറിയിച്ചു. വെറും രണ്ടു വര്‍ഷം പ്രായമായ തങ്ങള്‍ക്ക് ഈ രീതിയില്‍ ആഗോള തല ആശയ വിനിമയ രംഗത്ത് അര്‍ത്ഥ പൂര്‍ണ്ണമായ ഒരു പങ്ക് വഹിക്കുവാന്‍ കഴിഞ്ഞതില്‍ ഏറെ ചാരിതാര്‍ത്ഥ്യം ഉണ്ടെന്ന് ട്വിറ്റര്‍ സ്ഥാപകന്‍ ബിസ് സ്റ്റോണ്‍ പറഞ്ഞു. ആന്‍ഡ്രൂ സള്ളിവാന്റെ ഇറാന്‍ ട്വീറ്റുകള്‍ (ട്വിറ്ററിലേക്ക് സന്ദേശങ്ങള്‍ അയക്കുന്നതിന് ട്വീറ്റിങ് എന്നാണ് പറയുന്നത്, സന്ദേശങ്ങളെ ട്വീറ്റുകള്‍ എന്നും) ഇവിടെ വായിക്കാം. Labels: ഇന്റര്നെറ്റ്, ഇറാന്‍, പ്രതിഷേധം, മനുഷ്യാവകാശം
- ജെ. എസ്.
( Wednesday, June 17, 2009 ) |
വിഡ്ഢി ദിനത്തില്‍ കോണ്‍ഫിക്കര്‍ ആക്രമിക്കുമോ?
കഴിഞ്ഞ വര്‍ഷം ഏറ്റവും അധികം കമ്പ്യൂട്ടറുകളെ ആക്രമിച്ച വയറസ് ആയ കോണ്‍ഫിക്കര്‍ ഏപ്രില്‍ ഒന്നിന് വന്‍ നാശം വിതക്കും എന്ന് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വരുമ്പോഴും ഏപ്രില്‍ ഒന്നിന് പ്രത്യേകിച്ച് ഒന്നും പ്രകടമാകില്ല എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ അറിയിക്കുന്നത്. ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ കമ്പ്യൂട്ടറുകളില്‍ കയറി പറ്റിയതോടെയാണ് അടുത്ത ദിവസങ്ങളില്‍ ഈ വൈറസ് ഇത്രയേറെ പ്രശസ്തമായത്. ഏറ്റവും ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ നിലവിലുള്ള ഈ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ പോലും കയറി പറ്റാന്‍ കഴിഞ്ഞത് ഇതിന്റെ നിര്‍മ്മാതാക്കളുടെ വിജയവുമായി. ഒപ്പം സുരക്ഷാ സംവിധാനങ്ങളെ കൂടുതല്‍ ജാഗ്രതയോടെ പരിപാലിക്കേണ്ടതിന്റെ ആവശ്യം എല്ലാവര്‍ക്കും ബോധ്യപ്പെടാന്‍ ഒരു അവസരവും.
ആന്റി വയറസ് പ്രോഗ്രാമുകളുടെ ശ്രദ്ധയില്‍ പെടാതെ ഈ വയറസിന് ഒരു യു.എസ്.ബി. ഫ്ലാഷ് ഡ്രൈവില്‍ നിന്നും നേരിട്ട് കമ്പ്യൂട്ടര്‍ ശൃംഖലയിലേക്ക് കയറി പറ്റാന്‍ ആവുന്നു എന്നുള്ളതാണ് ഇതിന്റെ ഒരു പ്രത്യേകത. കൊണ്ടു നടക്കുവാന്‍ എളുപ്പവും ധാരാളം ശേഖരണ ശേഷിയുമുള്ള യു.എസ്.ബി. ഫ്ലാഷ് ഡ്രൈവുകള്‍ വഴിയാണ് ഈ വയറസ് കമ്പ്യൂട്ടറുകളെ ഏറ്റവും എളുപ്പം പകര്‍ന്ന് പിടിച്ചതും. മറ്റൊരു ശ്രദ്ധേയമായ വസ്തുത അനധികൃതമായ വിന്‍ഡോസ് ഉപയോക്താക്കളെയാണ് ഇത് ഏറ്റവും അധികം ബാധിച്ചത് എന്നതാണ്. സോഫ്റ്റ്വെയര്‍ കൊള്ള (piracy) തടയാന്‍ മൈക്രോസോഫ്റ്റ് ഇത്തരം അനധികൃത പകര്‍പ്പുകളെ ഏറ്റവും പുതിയ സുരക്ഷാ കൂട്ടിച്ചേര്‍ക്കലുകള്‍ (security patches) സ്വീകരിക്കുന്നതില്‍ നിന്നും തടഞ്ഞത് മൂലമാണ് ഇത്. സ്വന്തം കമ്പ്യൂട്ടറുകള്‍ ശരിയായ വിധം അപ്ഡേറ്റ് ചെയ്യാത്തവര്‍ക്കും ഇത് വിനയായി. അത്തരം കമ്പ്യൂട്ടറുകളെയാണ് ഈ വയറസ് ഏറ്റവും അധികം ബാധിച്ചത്. ലോകമാകമാനം 12 മില്ല്യണിലേറെ കമ്പ്യൂട്ടറുകളെ ഇതിനോടകം ബാധിച്ചു കഴിഞ്ഞ ഈ വയറസിനെ നമുക്ക് തള്ളി കളയാന്‍ ആവില്ല. ഇതിന്റെ നാശം വിതക്കാന്‍ ഉള്ള കഴിവും അപാരമാണ്. എന്നാല്‍ ഇപ്പോള്‍ തന്നെ ഇത് ചെയ്യുവാന്‍ ഉള്ള കഴിവ് ഈ വയറസിന്റെ നിര്‍മ്മാതാക്കള്‍ക്ക് ഉണ്ട്. അത് കൊണ്ട് തന്നെ ഏപ്രില്‍ ഒന്നിന് ഇതിന്റെ സ്വഭാവത്തില്‍ വരുന്ന മാറ്റങ്ങള്‍ ഇതിനെ കൂടുതല്‍ നശീകരണത്തിന് പ്രാപ്തമാക്കില്ല എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇതിനെ തടയുവാന്‍ ഉള്ള ശ്രമങ്ങളെ ചെറുക്കുവാന്‍ മാത്രമെ ഈ വയറസിന് വരുന്ന മാറ്റങ്ങള്‍ ഉതകൂ. ഇത് വരുത്തുന്ന നാശം എപ്പോള്‍ വേണമെങ്കിലും ഇതിന്റെ നിര്‍മ്മാതാക്കള്‍ക്ക് കൂട്ടുകയോ അതിന്റെ ആക്രമണ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യാനാവും. നിങ്ങളുടെ കമ്പ്യൂട്ടറില്‍ വയറസ് ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് മൈക്രോസോഫ്റ്റിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കാന്‍ കഴിയില്ല. അത് പോലെ തന്നെ മറ്റ് അനേകം ആന്റി വയറസ് സൈറ്റുകളിലേക്കും ഉള്ള പ്രവേശനം ഈ വയറസ് മുടക്കും. ഈ വയറസിനെ നശിപ്പിക്കാനും നിങ്ങളുടെ കമ്പ്യൂട്ടര്‍ വയറസ് വിമുക്തമാക്കാനും ഉള്ള നിര്‍ദ്ദേശങ്ങള്‍ ഇവിടെ ലഭ്യമാണ്. എന്നാല്‍ ഈ സൈറ്റിലേക്കുള്ള പ്രവേശനവും വയറസ് നിരോധിച്ചിട്ടുണ്ട്. ഈ സൈറ്റ് നിങ്ങള്‍ക്ക് സന്ദര്‍ശിക്കാന്‍ ആവുന്നുണ്ടെങ്കില്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ വയറസ് ഇല്ല എന്ന് നിങ്ങള്‍ക്ക് മിക്കവാറും ഉറപ്പിക്കാം മൈക്രോസോഫ്റ്റിന്റെ സൈറ്റില്‍ ലഭ്യമായ ഈ പ്രോഗ്രാം ഉപയോഗിച്ച് നിങ്ങള്‍ക്ക് നിങ്ങളുടെ കമ്പ്യൂട്ടറിലുള്ള കോണ്‍ഫിക്കറിനെ നശിപ്പിക്കാം. ഈ വയറസിനെതിരെ ലഭ്യമായ മറ്റ് രണ്ട് പ്രോഗ്രാമുകള്‍ ഇവിടെയും ഇവിടെയും ഉണ്ട്. ഈ വയറസിന്റെ പ്രവര്‍ത്തനത്തെ സൂക്ഷ്മമായി പഠിച്ച ഒരു വിയറ്റ്നാം സുരക്ഷാ കമ്പനി ഇതിന്റെ ഉല്‍ഭവം ചൈനയില്‍ നിന്നാണ് എന്ന് അറിയിക്കുന്നു. അവര്‍ സൌജന്യമായി ലഭ്യമാക്കിയ ആന്റിവയറസ് പ്രോഗ്രാം ഇവിടെ ലഭ്യമാണ്. Labels: ഇന്റര്നെറ്റ്, ഐ.ടി, കുറ്റകൃത്യം
- ജെ. എസ്.
( Tuesday, March 31, 2009 ) |
ചൈനയില്‍ നിന്നും സൈബര്‍ യുദ്ധം
103 രാജ്യങ്ങളിലെ തന്ത്ര പ്രധാന കമ്പ്യൂട്ടറുകളെ ആക്രമിച്ചു കീഴടക്കിയ ഒരു വമ്പന്‍ ചൈനീസ് സൈബര്‍ ചാര ശൃംഖല കണ്ടെത്തി. കാനഡയിലെ ടൊറോണ്ടോയിലെ മങ്ക് അന്താരാഷ്ട്ര പഠന കേന്ദ്രം പത്ത് മാസത്തോളം നടത്തിയ അന്വേഷണങ്ങളുടെ ഫലമായാണ് ചൈനയില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഗോസ്റ്റ്നെറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ ചാര ശൃംഖല കണ്ടെത്തിയത്. ആഴ്ച തോറും ഒരു ഡസന്‍ പുതിയ കമ്പ്യൂട്ടറുകള്‍ എങ്കിലും ഈ ആക്രമണത്തില്‍ കീഴടങ്ങുന്നു എന്നും ഇവര്‍ വെളിപ്പെടുത്തി. ഇങ്ങനെ കീഴടക്കിയ കമ്പ്യൂട്ടറുകള്‍ മിക്കവയും സര്‍ക്കാരുകളുടേയും മന്ത്രാലയങ്ങളുടേയും എംബസ്സികളുടേയും മറ്റും ആണ് എന്നത് പ്രശ്നത്തെ അതീവ ഗുരുതരമാക്കുന്നു.
ഇത്തരത്തില്‍ കീഴടക്കിയ കമ്പ്യൂട്ടറുകള്‍ ഈ കമ്പ്യൂട്ടറുകളില്‍ നിന്നുമുള്ള ഈമെയില്‍ സന്ദേശങ്ങള്‍ ചൈനയിലേക്ക് പകര്‍ത്തി കൊടുക്കുന്നു. മാത്രവുമല്ല ഇത്തരം കമ്പ്യൂട്ടറുകളിലെ മൈക്കും വെബ് കാമറയും ആരുമറിയാതെ പ്രവര്‍ത്തിപ്പിച്ച് ഒരു സമ്പൂര്‍ണ്ണ നിരീക്ഷണ കേന്ദ്രമാക്കി ഇത്തരം കമ്പ്യൂട്ടറുകളെ ഇവര്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. കമ്പ്യൂട്ടറിന്റെ അടുത്തു വെച്ചു നടക്കുന്ന എല്ലാ സംഭാഷണങ്ങളും ഇവ റിക്കോഡ് ചെയ്ത് ചൈനയിലേക്ക് അയച്ചു കൊടുക്കുകയും ചെയ്യും. ഈ ചാര സംഘത്തിനു പിന്നില്‍ ചൈനയിലെ സര്‍ക്കാരിനു പങ്കുണ്ടോ എന്നു വ്യക്തമല്ലെങ്കിലും ആക്രമണത്തിനു വിധേയമായ കമ്പ്യൂട്ടറുകളില്‍ മിക്കതും വിദേശ സര്‍ക്കാരുകളുടേതാണ്. 1295 കമ്പ്യൂട്ടറുകള്‍ ചൈനീസ് അധീനതയില്‍ ആയിട്ടുണ്ടെന്നാണ് ഇപ്പോഴത്തെ നിഗമനം. അമേരിക്ക, ബെല്‍ജിയം, ഇറ്റലി, ജര്‍മനി എന്നിവിടങ്ങളിലെ ഇന്ത്യന്‍ എംബസ്സികള്‍, സൈപ്രസിലേയും ബ്രിട്ടനിലേയും ഇന്ത്യന്‍ ഹൈക്കമ്മീഷനുകള്‍, നാഷണല്‍ ഇന്‍ഫൊര്‍മാറ്റികസ് സെന്റര്‍, ഇന്ത്യയിലെ വിവിധ സോഫ്റ്റ്വെയര്‍ ടെക്നോപാര്‍ക്കുകള്‍, ഇന്ത്യയിലേക്ക് പലായനം ചെയ്ത തിബത്ത് സര്‍ക്കാരിന്റെയും ദലായ് ലാമയുടേയും കമ്പ്യൂട്ടറുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ദലായ് ലാമയുടെ കമ്പ്യൂട്ടര്‍ ആക്രമിക്കപ്പെട്ടിരിക്കുന്നു എന്ന സംശയത്തില്‍ നിന്നാണ് ഗോസ്റ്റ്നെറ്റിനെ കുറിച്ചുള്ള അന്വേഷണം ആരംഭിക്കുന്നത്. ദലായ് ലാമ ഒരു വിദേശ നയതന്ത്രജ്ഞന് അയച്ച ഒരു ക്ഷണ പത്രം ചോര്‍ന്നതായി സംശയം പ്രകടിപ്പിച്ച് ചില കമ്പ്യൂട്ടര്‍ വിദഗ്ദ്ധരെ ബന്ധപ്പെടുകയായിരുന്നു. ദലായി ലാമ ക്ഷണ പത്രം അയച്ച ഉടന്‍ ചൈനീസ് പ്രതിനിധികള്‍ പ്രസ്തുത വിദേശ നയതന്ത്ര ഉദ്യോഗസ്ഥനെ സമീപിക്കുകയും ലാമയെ സന്ദര്‍ശിക്കരുത് എന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതാണ് ലാമക്ക് സംശയം തോന്നുവാനുള്ള കാരണം. ലാമയുടെ ആവശ്യ പ്രകാരം അമേരിക്കയിലെ വിദഗ്ദ്ധര്‍ ഇന്ത്യയിലെ ധര്‍മ്മശാലയില്‍ എത്തുകയും ലാമയുടെ കമ്പ്യൂട്ടര്‍ പരിശോധിക്കുകയും ചെയ്തു. പരിശോധനയില്‍ കമ്പ്യൂട്ടറില്‍ ചൈനയില്‍ നിന്നും അതിക്രമിച്ചു കയറിയിരിക്കുന്നു എന്ന് മനസ്സിലായി. അഭയാര്‍ത്ഥികളെ കുറിച്ചും വിദ്യാലയങ്ങളെ കുറിച്ചും ഉള്ള ഒട്ടേറെ വിവരങ്ങള്‍ ഈ കമ്പ്യൂട്ടറില്‍ ഉണ്ടായിരുന്നു. ഇതത്രയും തന്നെ ചൈനക്ക് തിബത്തിനെതിരെ ആക്രമണത്തിനുള്ള ലക്ഷ്യങ്ങളും ആയിരുന്നു. ഇതേ തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് ഗോസ്റ്റ്നെറ്റ് എന്ന ചൈനീസ് സൈബര്‍ ചാര ശൃംഖല പുറത്തായത്. 2003ല്‍ നടന്ന നാഷണല്‍ പീപ്‌ള്‍സ് കോണ്‍ഗ്രസില്‍ ചൈനീസ് പട്ടാളം സൈബര്‍ യുദ്ധ യൂണിറ്റുകള്‍ രൂപീകരിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. ഏത് യുദ്ധത്തിനു മുന്നോടിയായും ഇന്റര്‍നെറ്റ് യുദ്ധം നടത്തി ശത്രു പക്ഷത്തെ ദുര്‍ബലപ്പെടുത്തും എന്ന് അന്ന് ജനറല്‍ ഡായ് ഖിങ്മിന്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം വെറും കെട്ടു കഥകള്‍ ആണെന്നും ചൈന ഇത്തരം സൈബര്‍ കുറ്റ കൃത്യങ്ങള്‍ക്ക് എതിരാണെന്നും ചൈനീസ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. Labels: അന്താരാഷ്ട്രം, ഇന്റര്നെറ്റ്, കുറ്റകൃത്യം, യുദ്ധം, രാജ്യരക്ഷ
- ജെ. എസ്.
( Monday, March 30, 2009 ) |
നയതന്ത്ര ഉദ്യോഗസ്ഥരുടെ ഓണ്‍ലൈന്‍ കൂട്ടു കെട്ടുകള്‍ക്ക് വിലക്ക്
വിദേശത്തെ ഇന്ത്യന്‍ എംബസ്സികളിലും കോണ്‍സുലേറ്റുകളിലും ഉള്ള നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ഇന്ത്യയിലെ വിദേശ കാര്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും ഇനി ഓണ്‍ലൈന്‍ ബന്ധങ്ങള്‍ക്ക് വിലക്ക്. ഓര്‍ക്കുട്ട്, ഫേസ്ബുക്ക്, ഇബിബൊ എന്നിങ്ങനെ ഉള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളും, സംഗീതം, വീഡിയോ, ഫോട്ടോ എന്നിവ പങ്കു വെക്കുന്ന കാസാ, ഫ്ലിക്കര്‍, പിക്കാസ എന്നിങ്ങനെ ഉള്ള സൈറ്റുകളും ഉപയോഗിക്കുന്നതില്‍ നിന്നും ഇവരെ വിലക്കി കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ജീമെയില്‍ പോലുള്ള വെബ് മെയിലുകള്‍ ഇനി സര്‍ക്കാര്‍ കമ്പ്യൂട്ടറുകളില്‍ നിന്നും ഉപയോഗിക്കരുത് എന്നും നിര്‍ദ്ദേശം ഉണ്ട്. സുരക്ഷാ കാരണങ്ങളാല്‍ ആണ് ഈ വിലക്ക് ഏര്‍പ്പെടുത്തിയത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഈമെയില്‍ വിലാസങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. യാഹൂ, ഗൂഗിള്‍, ഹോട്ട്മെയില്‍ എന്നീ വെബ് ഈമെയില്‍ സേവനങ്ങള്‍ ഇനി മുതല്‍ ഔദ്യോഗിക കാര്യങ്ങള്‍ക്കായി ഉപയോഗിക്കരുത് എന്നും ഉത്തരവില്‍ പറയുന്നു.
Labels: ഇന്റര്നെറ്റ്, രാജ്യരക്ഷ
- ജെ. എസ്.
( Wednesday, February 11, 2009 ) |
ഗാസയിലെ യുദ്ധം സൈബര്‍ ലോകത്തും
ഇസ്രയേല്‍ ഹമാസിന് എതിരെ ഗാസയില്‍ നടത്തി വരുന്ന മനുഷ്യ കുരുതി ഇന്റര്‍നെറ്റിലും എത്തി. യൂ ട്യൂബില്‍ തങ്ങള്‍ ഹമാസ് പോരാളികളെ ആക്രമി ക്കുന്നതിന്റെ വീഡിയോ ഇസ്രയേല്‍ കാണിച്ചപ്പോള്‍ “പാലുട്യൂബ്” എന്ന വെബ് സൈറ്റില്‍ ഇസ്രയേല്‍ നടത്തിയ കൂട്ടക്കൊല കളുടെ വീഡിയോ കളാണ് ഇതിന് എതിരെ ഇസ്ലാമിക സംഘങ്ങള്‍ നല്‍കി യിരിക്കുന്നത്. ഇതോടെ സൈബര്‍ ലോകത്തും യുദ്ധം മുറുകിയി രിക്കുകയാണ്. യുദ്ധ രംഗത്ത് ഇരു വശത്തും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി യതിനാല്‍ ഇത്തരം വീഡിയോ വെളിപ്പെ ടുത്തലുകള്‍ വഴി പൊതു ജന അഭിപ്രായം തങ്ങള്‍ക്ക് അനുകൂലം ആക്കുവാനുള്ള തീവ്ര യത്നത്തില്‍ ആണ് ഇരു പക്ഷവും.
ഇസ്രയേല്‍ യൂ ട്യൂബില്‍ നല്‍കിയിരിക്കുന്ന വീഡിയോ “പള്ളിക്കുള്ളില്‍ ഒളിപ്പിച്ചു വച്ചിരുന്ന ആയുധ ശേഖരം കണ്ടെടുത്ത് നിര്‍വ്വീര്യമാക്കി” എന്ന് അവകാശപ്പെടുമ്പോള്‍ “നിരപരാധികളെ കൊന്നൊടുക്കുന്ന സയണിസ്റ്റ് കൂട്ടക്കൊല” എന്നാണ് ഹമാസ് പാലു ട്യൂബില്‍ നല്‍കിയിരിക്കുന്ന വീഡിയോ പറയുന്നത്. Labels: ഇന്റര്നെറ്റ്, പലസ്തീന്, യുദ്ധം
- ജെ. എസ്.
( Tuesday, January 13, 2009 ) |
സമുദ്രാന്തര കേബ്‌ള്‍ തകരാര്‍ ഇന്റര്‍നെറ്റ് തടസ്സപ്പെടുത്തി
ഗള്‍ഫ് രാജ്യങ്ങളും യൂറോപ്പും ഏഷ്യയും തമ്മില്‍ ഉള്ള ഇന്റര്‍നെറ്റ് ബന്ധം ഗുരുതരമായി തടസ്സപ്പെട്ടു. സമുദ്രാന്തര കേബ്‌ള്‍ പൊട്ടിയതാണ് കാരണം. മധ്യ ധരണ്യാഴിയിലൂടെ കടന്ന് പോകുന്ന നാല് പ്രധാന കേബ്‌ളുകള്‍ ആണ് തകരാറില്‍ ആയത്. ഇന്ത്യയിലേക്കുള്ള ഇന്റര്‍നെറ്റ് ബന്ധത്തില്‍ 65 ശതമാനം തടസ്സം അനുഭവപ്പെട്ടു. മാള്‍ട്ടക്കടുത്ത് അനുഭവപ്പെട്ട ഭൂ ചലനം ആവാം കേബ്‌ളുകള്‍ തകരാറില്‍ ആവാന്‍ കാരണം എന്ന് കരുതപ്പെടുന്നു.
Labels: ഇന്റര്നെറ്റ്
- ജെ. എസ്.
( Saturday, December 20, 2008 ) |
അനോണിമസ് കമന്റ് ശല്യം
ബ്ലോഗിലും, കമന്റ് സൌകര്യം അനുവദിച്ചിട്ടുള്ള മറ്റ് പൊതു വെബ് സൈറ്റുകളിലും കണ്ടു വരുന്ന ഒരു ദുഷ് പ്രവണതയാണ് അനോണിമസ് ആയി നടത്തുന്ന വ്യക്തിഹത്യ. താന്‍ ആരാണെന്ന് വെളിപ്പെടുത്താതെ അഭിപ്രായങ്ങള്‍ തുറന്നു പറയുവാന്‍ ഉള്ള സൌകര്യം - അതു തന്നെ ആണ് ഇന്റര്‍നെറ്റ് ഒരുക്കി തരുന്ന ഏറ്റവും ആകര്‍ഷകമായ ആശയ വിനിമയ സ്വാതന്ത്ര്യം. പൊതു ജീവിതത്തില്‍ വഹിയ്ക്കേണ്ടി വരുന്ന സാമൂഹിക സ്ഥാനങ്ങളുടെ പരിമിതികള്‍ ലംഘിച്ച് സ്വന്തം അഭിപ്രായം ലോകം മുഴുവന്‍ കേള്‍ക്കുമാറ് വെട്ടി തുറന്നു പറയുവാനുള്ള സൌകര്യം. ഈ നൂറ്റാണ്ടിന്റെ തന്നെ ഏറ്റവും വിപ്ലവകരമായ ഒരു മാധ്യമ സാധ്യതയാണിത്.
അനോണിമസ് ആയി വിഹരിയ്ക്കുവാന്‍ ലഭിയ്ക്കുന്ന അവസരം പക്ഷെ പലരും തങ്ങളുടെ വ്യക്തി വൈകല്യം ലോകത്തിന് മുന്‍പില്‍ വെളിപ്പെടുത്തുവാന്‍ ദുരുപയോഗപ്പെടുത്തി വരുന്നത് അപലപനീയം തന്നെയാണ്. ഒളിച്ചിരുന്ന് അസഭ്യം പറയുന്നതിന്റെ സുഖം തേടി പൊതു വെബ് സൈറ്റുകളില്‍ കയറി ഇറങ്ങുന്നവരുടെ ശല്യം കാരണം പല ബ്ലോഗര്‍മാരും തങ്ങളുടെ ബ്ലോഗുകളില്‍ നിന്ന് അനോണിമസ് ആയി കമന്റിടാന്‍ ഉള്ള സൌകര്യം എടുത്തു കളഞ്ഞിരിക്കുന്നു. ഇങ്ങനെ ഒരു ശല്യത്തിനു വിധേയമായ ഒരു ബ്ലോഗര്‍ കേരളാ പോലീസിന്റെ സൈബര്‍ ക്രൈം വിഭാഗത്തെ സമീപിച്ചിരിക്കുന്നു. തന്റെ ബ്ലോഗിനെയോ എഴുത്തിനേയോ വിമര്‍ശിക്കുന്നതില്‍ തനിക്ക് വിഷമം ഇല്ല എന്ന് പറയുന്ന ഇദ്ദേഹം പക്ഷെ തന്റെ വായനക്കാരെ കൂടി ഈ അജ്ഞാത കമന്റുകാരന്‍ അധിക്ഷേപിക്കുവാനും മാന്യമല്ലാത്ത “വൃത്തികെട്ട” വാക്കുകള്‍ പ്രയോഗിക്കുവാനും തുടങ്ങിയപ്പോഴാണ് ഇതിന് എതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനെ പറ്റി താന്‍ ഗൌരവം ആയി ചിന്തിക്കാന്‍ തുടങ്ങിയത് എന്ന് പറയുന്നു. ഇങ്ങനെയുള്ള അധിക്ഷേപം സ്വന്തം പേര്‍ വെളിപ്പെടുത്തി കൊണ്ട് നടത്തുവാന്‍ ഇയാള്‍ തയ്യാര്‍ ആവുമോ എന്നും ഇദ്ദേഹം ചോദിയ്ക്കുന്നു. സൈബര്‍ ക്രൈം വിഭാഗത്തിലെ കമ്പ്യൂട്ടര്‍ വിദഗ്ധര്‍ ആവശ്യപ്പെട്ട പ്രകാരം ഇദ്ദേഹം ഒരു സ്ക്രിപ്റ്റ് തന്റെ ബ്ലോഗില്‍ ചേര്‍ത്തു. ഈ സ്ക്രിപ്റ്റിന്റെ സഹായത്തോടെ ഇദ്ദേഹത്തിന്റെ ബ്ലോഗില്‍ അനോണിമസ് ആയി കമന്റ് ഇടുന്ന ആള്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറിന്റെ IP address ഇവര്‍ കണ്ടെടുക്കുകയും പ്രസ്തുത IP അനുവദിച്ചിട്ടുള്ളത് Asianet Dataline ആണെന്ന് മനസ്സിലാക്കുകയും ചെയ്തുവത്രെ. Asianet Dataline ന്റെ server log പരിശോധിച്ച് പ്രസ്തുത IP ബ്ലോഗിലെ കമന്റ് ഇട്ട സമയത്ത് ഏത് ഉപഭോക്താവിനാണ് നല്‍കിയത് എന്ന് കൂടി പരിശോധിക്കുന്നതോടെ ഇയാള്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്യുവാന്‍ മതിയായ തെളിവാകുമത്രെ. ഇതിന് ഇനി ശേഷിക്കുന്നത് ചില ഔപചാരിക നടപടി ക്രമങ്ങള്‍ മാത്രം. e പത്രത്തില്‍ ഈ ബ്ലോഗറുടെ ചില സൃഷ്ടികള്‍ വന്നതിനെ തുടര്‍ന്ന്‍ ഇത് പോലുള്ള കമന്റുകള്‍ e പത്രത്തിലും വന്നിരുന്നു. അനോണിമസ് ആയി അഭിപ്രായം പറയുക എന്നത് ഒരു ഇന്റര്‍നെറ്റ് ഉപയോക്താവിന്റെ വ്യക്തി സ്വാതന്ത്ര്യം ആണെന്നിരിക്കെ അനോണിമസ് കമന്റുകള്‍ ഇടാനുള്ള സംവിധാനം e പത്രം നില നിര്‍ത്തി വരികയാണ്. തീര്‍ത്തും അനുവദനീയമല്ലാത്ത കമന്റുകള്‍ മാത്രം നീക്കം ചെയ്യാറുള്ള e പത്രത്തിന് പ്രസ്തുത ബ്ലോഗറുടെ സൃഷ്ടികള്‍ക്കു നേരെ വന്ന ആക്രമണത്തിന് ഇരയാകേണ്ടി വന്നതും ഈ സാഹചര്യത്തിലാണ്. e പത്രത്തില്‍ ഇയാളുടെ നേര്‍ക്ക് വന്ന ആക്രമണത്തിനു പിന്നിലെ അജ്ഞാതന്‍ ആരാണെന്നും അന്വേഷണം നടത്തുവാന്‍ ഇദ്ദേഹം ഉദ്ദേശിയ്ക്കുന്നുണ്ടെന്ന് അറിയുന്നു. നിയമപാലകര്‍ ആവശ്യപ്പെട്ടാല്‍ IP log അടക്കം എല്ലാ വിധ സഹകരണവും നല്‍കുവാന്‍ e പത്രം നിര്‍ബന്ധിതമാകും. രാജ്യാന്തര തലത്തില്‍ കുറ്റവാളികളെ കൈമാറുവാന്‍ ഉള്ള കരാര്‍ ഇന്ത്യ മിക്കവാറും എല്ലാ രാജ്യങ്ങളുമായി ഉണ്ടാക്കിയിരിക്കുന്ന സാഹചര്യത്തില്‍ ഏതു രാജ്യത്തില്‍ ഉള്ള ആളാണെങ്കിലും ഈ അനോണിമസ് കമന്റുകാരനും പിടിയിലാവും എന്നതിന് സംശയമില്ല എന്നും ഇദ്ദേഹം അറിയിച്ചു. Labels: ഇന്റര്നെറ്റ്, ഐ.ടി, കുറ്റകൃത്യം, ബ്ലോഗ്
- ജെ. എസ്.
( Tuesday, July 22, 2008 ) |
കേരളത്തിലെ കമ്പ്യൂട്ടറുകളില്‍ ഇനി മലയാളം - വി. എസ്.
മലയാള ഭാഷ കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുക വഴി വിവര സാങ്കേതിക വിദ്യ സാധാരണക്കാരന് പരമാവധി പ്രയോജനപ്പെടുത്തുവാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായ “നമ്മുടെ കമ്പ്യൂട്ടര്‍, നമ്മുടെ ഭാഷ” എന്ന സംസ്ഥാന തല പ്രചാരണ സംരംഭം മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.
അടുത്ത മൂന്ന് വര്‍ഷത്തിനകം ഇതിന്റെ പ്രയോജനം 50 ലക്ഷം കുടുംബങ്ങള്‍ക്ക് ലഭ്യമാകും എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. പദ്ധതിയുടെ ആദ്യ പടിയായി കമ്പ്യൂട്ടറുകളുടെ ഉപയോഗത്തില്‍ മലയാളത്തിന്റെ സാദ്ധ്യതയെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കും. സംസ്ഥനത്ത് ഉടനീളം ഉള്ള മൂവായിരത്തോളം അക്ഷയ കേന്ദ്രങ്ങള്‍ വഴി മലയാളം ഉപയോഗിക്കുവാനുള്ള പരിശീലനം നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ ഉദ്ദ്യമത്തില്‍ പങ്കു ചേരും. അന്താരാഷ്ട്ര മാതൃഭാഷാ വര്‍ഷമായി ആചരിക്കുന്ന ഈ വര്‍ഷം കേരളത്തിന്റെ ഈ മാതൃക മറ്റ് ഭാഷാ സമൂഹങ്ങള്‍ക്കും തങ്ങളുടെ ഭാഷയില്‍ വിവര സാങ്കേതിക വിദ്യ ഉപയോഗിക്കുവാനുള്ള പ്രചോദനം ആവട്ടെ എന്ന് വി. എസ്. പ്രത്യാശ പ്രകടിപ്പിച്ചു. മലയാളം കമ്പ്യൂട്ടിങ്ങിനെ പറ്റിയുള്ള സര്‍ക്കാരിന്റെ വെബ് സൈറ്റ് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നിങ്ങളൂടെ കമ്പ്യൂട്ടറില്‍ മലയാളം കൈകാര്യം ചെയ്യാനുള്ള സഹായം ഇവിടെ ലഭ്യമാണ്. Labels: ഇന്റര്നെറ്റ്, ഐ.ടി, കേരളം, മലയാളം
- ജെ. എസ്.
( Monday, June 09, 2008 ) |
പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന സിനിമക്കെതിരെ യു.എ.ഇ. രംഗത്ത്
ഇസ്ലാമിനേയും പ്രവാചകനായ മുഹമ്മദ് നബിയെ അവഹേളിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന സിനിമ ഇന്‍റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തതിനെതിരെ യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ ശക്തമായി അപലപിച്ചു. ഫിത്ന എന്ന പേരിലുള്ള ചിത്രമാണ് ഡച്ച് പാര്‍ലമെന്‍റ് അംഗമായ ജിയത്ത് വില്‍ഡര്‍ ഇന്‍റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തത്. മതങ്ങള്‍ പരസ്പരം ബഹുമാനിക്കേണ്ടതിന്‍റെ ആവശ്യകത ശൈഖ് അബ്ദുല്ല തന്‍റെ പ്രസ്താവനയില്‍ ആവര്‍ത്തിച്ചു പറഞ്ഞു. ഇതിനെതിരെ ഇസ്ലാമിക സമൂഹം ആത്മ നിയന്ത്രണത്തോടെ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ ഇസ്ലാമിക രാഷ്ട്രങ്ങളും യൂറോപ്യന്‍ യൂണിയനും യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണും ഈ സിനിമയെ അപലപിച്ചിട്ടുണ്ട്.
Labels: ഇന്റര്നെറ്റ്, യു.എ.ഇ., വിവാദം
- ജെ. എസ്.
( Sunday, March 30, 2008 ) |
പോലീസ്, ഇമിഗ്രേഷന്‍, ട്രാഫിക് വിവരങ്ങള്‍ അറിയുന്നതിന് കുവൈറ്റില്‍ ഇന്‍റര്‍ നെറ്റ് സംവിധാനം ഏര്‍പ്പെടുത്തി
പോലീസ്, ഇമിഗ്രേഷന്‍, ട്രാഫിക് എന്നീ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിന് കുവൈറ്റില്‍ ഇന്‍റര്‍ നെറ്റ് സംവിധാനം ഏര്‍പ്പെടുത്തി. സ്പോണ്‍സര്‍ഷിപ്പ്, ട്രാഫിക് നിയമ ലംഘനം തുടങ്ങി സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട പിഴകള്‍ ഇനി മുതല്‍ ഇന്‍റര്‍നെറ്റ് വഴി അടയ്ക്കാം. WWW.MOI.GOV.KU എന്ന സൈറ്റില്‍ നിന്ന് ഈ സൗകര്യങ്ങള്‍ ലഭിക്കും. ഇത്തരം വിവരങ്ങള്‍ ടെലഫോണ്‍ വഴിയും അറിയാന്‍ കഴിയും. ഈ സേവനങ്ങള്‍ക്ക് 888988 എന്ന നമ്പറില്‍ വിളിക്കണം.
Labels: ഇന്റര്നെറ്റ്, കുവൈറ്റ്
- ജെ. എസ്.
( Wednesday, March 05, 2008 ) |
ഖത്തറില്‍ ഇ-മേഖല വിപുലമാകുന്നു
ഖത്തറില്‍ ഇന്‍റര്‍നെറ്റ് മുഖേന കോടതികളില്‍ കേസുകള്‍ ഫയല്‍ ചെയ്യാനുള്ള സംവിധാനം നിലവില്‍ വന്നു. ഖത്തറിലെ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലാണ് ഈ സംവിധാനം ഒരുക്കിയത്. കൗണ്‍സിലിന്‍റെ വെബ് സൈറ്റില്‍ കേസിന്‍റെ വിവരങ്ങളും ഹര്‍ജി സമര്‍പ്പിക്കാനുള്ള പ്രത്യേക ഫോറവും മാത്രം പൂരിപ്പിച്ച് കൊടുത്താല്‍ മതിയെന്നതാണ് ഇതിന്‍റെ പ്രത്യേകത. കോര്‍ട്ട് ഫീസ് അടയ്ക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാം എന്നതും സംവിധാനത്തിന്‍റെ പ്രത്യേകതയാണ്. കേസ് സ്വീകരിച്ചതിന് ശേഷമുള്ള നടപടികള്‍ക്ക് മാത്രം പരാതിക്കാരന് ഇനി കോടതിയില്‍ പോയാല്‍ മതിയാകും
Labels: ഇന്റര്നെറ്റ്, കോടതി, ഖത്തര്‍
- ജെ. എസ്.
( Tuesday, February 26, 2008 ) |
മമ്മുട്ടി ആരാധകനെ തല്ലുന്ന പടം യൂറ്റ്യൂബില്‍
മലപ്പുറം : പ്രശസ്ത നടന്‍ മമ്മുട്ടി മലപ്പുറത്ത് ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനിടയില്‍ ആരാധകനെ തല്ലുന്നതിന്റെ ദ്യശ്യങ്ങള്‍ യൂ ടൂബില്‍ പ്രത്യക്ഷപ്പെട്ടു. 5 ലക്ഷം രൂപ നല്കിയാല്‍ ദ്യശ്യങ്ങള്‍ പിന്‍വലിക്കാമെന്ന് പോസ്റ്റ് ചെയ്ത ആള്‍ കമന്റായി ഇതില്‍ ചേര്‍ത്തിട്ടുണ്ട്. മലപ്പുറത്ത് പട്ടം തിയറ്ററിന്റെ ഉദ്ഘാടന വേളയില്‍ വണ്ടിയില്‍ സഞ്ചരിക്കുന്നതിനിടയില്‍ മമ്മൂട്ടി കൈവീശി ഒരാളെ അടിക്കുന്നതിന്റെ ചിത്രങ്ങളാണ് വീഡിയോയില്‍ ഉള്ളത്. മുസ്തഫ എന്ന പേരും മൈക്രോസെന്സ് എന്ന സ്ഥാപനത്തിന്റെ പേരും വീഡിയോയുടെ തുടക്കത്തില്‍ ഉണ്ട്. പോസ്റ്റ് ചെയ്തിരിക്കുന്ന ആളുടെ മൊബൈല് നമ്പറും ഇതോടൊപ്പം ചേര്ത്തിട്ടുണ്ട്. മമ്മുട്ടി പ്രകോപിതനാകാന് കാരണം ചിത്രത്തില്‍ വ്യക്തമല്ല. തനിക്ക് നേരെ കൈനീട്ടുന്ന ആളെ അടിക്കുകയാണ് നടന്‍. എന്നാല്‍ ഈ ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്തതാണെന്ന് കമെന്റിലൂടെ ചിലര്‍ അഭിപ്രായപെട്ടിട്ടുണ്ട്. മൊബൈല് ക്യാമറകള്‍ വ്യാപകമായതോടെ ഇത്തരം ദ്യശ്യങ്ങള്‍ ഇപ്പോള്‍ നെറ്റില്‍ വ്യാപകമാവുന്നുണ്ട്. കൊച്ചിയില് അറസ്റ്റിലായ നടി രേഷ്മയെ പോലീസ് ചോദ്യം ചെയ്യുന്നതിന്റെ ദ്യശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പൊതുജന മധ്യത്തില്‍ വരുന്ന പ്രശസ്തര്‍ക്ക് പലപ്പോഴും ആരാധകരില്‍ നിന്നും ദുരനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇവിടെ മമ്മൂട്ടിയ്ക്ക് എന്താണ് പറ്റിയതെന്ന് വ്യക്തമായിട്ടില്ല. ദ്യശ്യങ്ങള് പോസ്റ്റ് ചെയ്തയാള്‍ പണം നല്കിയാല്‍ ഇവ പിന്‍വലിക്കാമെന്ന് കമന്റായി ഇട്ടിരിക്കുന്ന സ്ഥിതിക്ക് ഇതിന് പുറകില്‍ ബ്ലാക്ക് മെയില്‍ തന്ത്രം ആണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രൌദ്രം മമ്മൂട്ടി ബീറ്റ് ഹിസ് ഫാന് അറ്റ് മലപ്പുറം എന്നാണ് യു റ്റ്യൂബ് പോസ്റ്റിന്റെ തലക്കെട്ട്. Labels: ഇന്റര്നെറ്റ്, സിനിമ
- ജെ. എസ്.
( Tuesday, February 12, 2008 ) |
വെബ്ബുലകത്തില്‍ മലയാളം റേഡിയോ തരംഗം
കേരളത്തില്‍ എഫ്.എം റേഡിയോകള്‍ സജീവമാകാന്‍ തുടങ്ങിയതിനു പുറമേ, വെബ്ബുലകത്തിലും റേഡിയോകള്‍ സജീവമാകുന്നു.
പ്രമുഖ മാധ്യമങ്ങള്ക്കൊപ്പം ബിസിനസ്സ് ഗ്രൂപ്പുകളും സ്വകാര്യ കൂട്ടായമകളും റേഡിയോകളുമായി രംഗത്തെത്തി കഴിഞ്ഞു. ഒരു കാലത്ത് പ്രക്ഷേപണ രംഗത്ത് ആകാശവാണിക്ക് ഉണ്ടായിരുന്ന കുത്തക വെബ്ബ് മലയാളിയുടെ വളര്‍ച്ചയോടെ കൂടുതല്‍ കാതുകള്‍ തേടുകയാണ്. ചില ഓണ്‍ ലൈന്‍ മലയാളം റേഡിയോ ലിങ്കുകള്‍ ഇതാ: http://www.radiojoyalukkas.com/Web/Login.aspx http://www.radiodumdum.com/ http://radio.musicindiaonline.com/ http://livemalayalam.com/index.php Labels: ഇന്റര്നെറ്റ്, റേഡിയോ
- ജെ. എസ്.
( Monday, February 11, 2008 ) |
ഇന്റെര്‍നെറ്റ് തടസ്സം തുടരുന്നു
ദുബായ് : ഈജിപ്ഷ്യന്‍ തീരത്ത് രണ്ട് സമുദ്രാന്തര കേബിളുകള്‍ക്കുണ്ടായ തകരാറിനു പുറമേ ഫ്ളാഗ് ടെലികോമിന്റെ കീഴിലുള്ള ഫാല്ക്കണ്‍ ഇന്റര്നെറ്റ് കേബിളും മധ്യപൂര്‍വേഷ്യന്‍ ഭാഗത്തു തകരാറിലായി.
എന്നാല്‍ ഇന്ത്യയിലെ ഇന്റെര്‍നെറ്റ് സേവനങ്ങളെ ഇതു ബാധിക്കാനിടയില്ല. റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ ഉടമസ്ഥതയിലുള്ള ഫ്ളാഗ് ടെലികോം ഇന്നലെയാണ് തകരാറ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയിലേക്കുള്ള ട്രാഫിക്കുകള്‍ ഒന്നും കൈകാര്യം ചെയ്യാത്ത കേബിളുകള്‍ക്കാണ് തകരാറുണ്ടായിരിക്കുന്നത്. ദുബായില്‍ നിന്ന് 56 കിലോമീറ്റര്‍ അകലെയാണു കേബിളുകള്‍ മുറിഞ്ഞത്. ഇന്ത്യയെ പടിഞ്ഞാറന്‍ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന സീ-മീ-വി-4, ഫ്ളാഗ് എന്നീ സമുദ്രാന്തര കേബിളുകള്‍ അലക്സാന്ദ്രിയക്കടുത്തു കപ്പല്‍ നങ്കൂരമിട്ടു തകരാറിലായപ്പോള്‍ രാജ്യത്തെ ഇന്റര്‍നെറ്റ് ശേഷിയുടെ 50-60 ശതമാനവും തകരാറിലായി. Labels: ഇന്റര്നെറ്റ്, ദുബായ്
- ജെ. എസ്.
( Saturday, February 02, 2008 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്