കുവൈറ്റ് പാര്‍ലമെന്റില്‍ വനിതാ അംഗങ്ങള്‍
ചരിത്രത്തില്‍ ആദ്യമായി കുവൈറ്റിലെ ജനങ്ങള്‍ വനിതകളെ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുത്തു. ഒട്ടേറെ ഇസ്ലാമിക മൌലിക വാദികളെ തിരസ്ക്കരിക്കുക കൂടി ചെയ്ത ഈ തെരഞ്ഞെടുപ്പിലൂടെ കുവൈറ്റിലെ ഏറെ കാലമായി നില നിന്ന രാഷ്ട്രീയ അസ്ഥിരതക്ക് അറുതി വരും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. 2005ല്‍ തന്നെ സ്ത്രീകള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാം എന്ന നിയമം പ്രാബല്യത്തില്‍ വന്നിരുന്നു എങ്കിലും കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ഒരു വനിതക്ക് പോലും വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ മിനിഞ്ഞാന്ന് നടന്ന തെരഞ്ഞെടുപ്പില്‍ നാല് വനിതകള്‍ വിജയിച്ചതായി ഇന്നലെ വൈകീട്ട് ടെലിവിഷനിലൂടെ നടന്ന ഫല പ്രഖ്യാപനത്തില്‍ അറിയിച്ചു.
ഗള്‍ഫില്‍ ജനാധിപത്യ സംവിധാനം നടപ്പിലാക്കുന്ന ആദ്യത്തെ രാഷ്ട്രമാണ് കുവൈറ്റ്. ഏറെ അധികാരങ്ങള്‍ നിക്ഷിപ്തമായ തെരഞ്ഞെടുക്കപ്പെട്ട ഒരു പാര്‍ലമെന്റ് ഇവിടെ നിലവില്‍ ഉണ്ടെങ്കിലും കാബിനറ്റിനെ തെരഞ്ഞെടുക്കുന്നത് ഇപ്പോഴും പരമാധികാരം കയ്യാളുന്ന രാജ കുടുംബം തന്നെയാണ്. Labels: കുവൈറ്റ്, സ്ത്രീ വിമോചനം
- ജെ. എസ്.
( Monday, May 18, 2009 ) |
കുവൈത്ത് സര്‍ക്കാര്‍ രാജി സമര്‍പ്പിച്ചു.
ഇറാനില്‍ നിന്നുള്ള ഒരു ഷിയാ പണ്ഡിതന്‍റെ സന്ദര്‍ശനത്തെ പറ്റി പ്രധാന മന്ത്രിയെ പാര്‍ലമെന്റില്‍ ചോദ്യം ചെയ്യും എന്ന സ്ഥിതി സംജാതമായതിനെ തുടര്‍ന്ന് കുവൈത്ത് സര്‍ക്കാര്‍ രാജി സമര്‍പ്പിച്ചു. രാജി ക്കത്ത് പ്രധാന മന്ത്രി ഷേഖ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബ കുവൈത്ത് അമീര്‍ ഷേഖ് സബ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബക്ക് നല്‍കി. അമീര്‍ ദിവാന്‍ വകുപ്പ് മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ രാജി സ്വീകരിക്കണമോ വേണ്ടയോ എന്ന് ഇപ്പോള്‍ അമീര്‍ തീരുമാനിക്കില്ലെന്ന് മന്ത്രി പറഞ്ഞു. അതു വരെ നിലവിലെ മന്ത്രി സഭ തുടരുമെന്നും ദിവാന്‍ വകുപ്പ് മന്ത്രി ഷേഖ് നാസര്‍ സബ അറിയിച്ചു. സുന്നി മുസ്ലിം വിഭാഗത്തെ അപമാനിച്ച ഒരു ഇറാനി ഷിയാ പണ്ഡിതന്‍ കുവൈറ്റില്‍ സന്ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ചില സുന്നി എം. പി. മാര്‍ പാര്‍ലമെന്‍റില്‍ പ്രധാന മന്ത്രിയെ ചോദ്യം ചെയ്യും എന്നറിയിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
Labels: കുവൈറ്റ്, ഗള്‍ഫ് രാഷ്ട്രീയം
- സ്വന്തം ലേഖകന്‍
( Wednesday, November 26, 2008 ) |
അറബ് പൌരന്‍ കോക്ക് പിറ്റില്‍ അതിക്രമിച്ചു കയറി
കുവൈറ്റ് വിമാനത്താവളത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ മറി കടന്ന് അറബ് പൗരന്‍ വിമാനത്തിന്‍റെ കോക്ക്പിറ്റില്‍ പ്രവേശിച്ചു. ഒരു ബ്രസീലിയന്‍ പൈലറ്റിന്‍റെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ കോക്ക്പിറ്റില്‍ കടന്നത്.
ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മറ്റ് ജോലിക്കാര്‍ സുരക്ഷാ വിഭാഗത്തെ അറിയിച്ചതിനെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. സുരക്ഷാ പാളിച്ചയെക്കുറിച്ച് ഉന്നത തല അന്വേഷണം നടന്നു വരുന്നു. Labels: കുറ്റകൃത്യം, കുവൈറ്റ്, തീവ്രവാദം, വിമാന സര്‍വീസ്
- ജെ. എസ്.
( Sunday, September 28, 2008 ) |
പൊതു മാപ്പ് കാലത്ത് കുവൈറ്റില്‍ പോലീസ് നടപടിയില്ല
കുവൈറ്റ് : പൊതു മാപ്പ് കാലത്ത് താമസ രേഖകള്‍ ഇല്ലാത്തവര്‍ ക്കെതിരെ പോലീസ് നടപടികള്‍ ഉണ്ടാകില്ലെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈയിടെ താമസ രേഖകള്‍ കൈവശമി ല്ലാത്തവര്‍ ക്കെതിരെ ഇന്ത്യന്‍ എംബസി പരിസരത്ത് പോലീസ് നടപടി ഉണ്ടായെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്.
എന്നാല്‍ ഈ ആനുകൂല്യം 2008 ഓഗസ്റ്റ് 29 ന് മുമ്പ് ഇഖാമ കഴിഞ്ഞവര്‍ക്ക് മാത്രമായി രിക്കുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. Labels: കുവൈറ്റ്, തൊഴില്‍ നിയമം
- ജെ. എസ്.
( Saturday, September 20, 2008 ) |
ഇറാഖും കുവൈറ്റും അടുക്കുന്നു
ചരിത്ര പ്രാധാന്യമുള്ള കുവൈത്ത് പ്രധാന മന്ത്രിയുടെ ഇറാഖ് സന്ദര്‍ശനം ഈയാഴ്ച്ച നടന്നേക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കുവൈത്ത് പ്രധാന മന്ത്രി ഷേഖ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബയും ഇറാഖ് പ്രധാന മന്ത്രി നൂറി അല്‍ മാലിക്കിയും തമ്മിലായിരിക്കും ചര്‍ച്ച.
1990 ലെ ഇറാഖിന്‍റെ കുവൈത്ത് അധിനിവേശത്തിന് ശേഷം നടക്കുന്ന ആദ്യ ഉന്നത തല ചര്‍ച്ചയാണിത്. ഇറാഖ് കുവൈത്തിന് നല്‍കേണ്ട നഷ്ട പരിഹാരം, അതിര്‍ത്തി തര്‍ക്കം എന്നിവ ചര്‍ച്ചാ വിഷയമാകും. ഇറാഖിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും ഷേഖ് സബ ചര്‍ച്ച നടത്തും. യുദ്ധത്തിന്‍റെ നഷ്ട പരിഹാരമായി നല്‍കുന്ന എണ്ണയുടെ അളവില്‍ ഇളവ് വരുത്താന്‍ ഇറാഖ് കുവൈത്തിനോട് ആവശ്യപ്പെടുമെന്നും അറിയുന്നു. എന്നാല്‍ നഷ്ട പരിഹാരം സംബന്ധിച്ച എല്ലാ കാര്യവും ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാം എന്ന നിലപാടാണ് കുവൈത്തിന്‍റേത്. അതേ സമയം, ഇറാഖ് കുവൈത്തിന് നല്‍കാനുള്ള നഷ്ട പരിഹാരത്തില്‍ ഇളവ് നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഇറാഖി ധനകാര്യ മന്ത്രി ബയാന്‍ ജബര്‍ സോലാഗ് കുവൈത്തിലെത്തി. കുവൈത്തിന് നല്‍കാനുള്ള കടവും നഷ്ട പരിഹാരവും സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ ഇദേഹം നടത്തും. ഇറാഖിന്‍റെ എണ്ണ വരുമാനത്തിന്‍റെ അഞ്ച് ശതമാനം ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ കൗണ്‍സിലന്‍റെ ഫണ്ടിലേക്ക് നല്‍കണമെന്നാണ് നിലവിലെ വ്യവസ്ഥ. ഇതില്‍ ഇളവ് നല്‍കണമന്ന് ഇറാഖ് കഴിഞ്ഞ ഏപ്രിലില്‍ ആവശ്യപ്പെട്ടിരുന്നു. Labels: ഇറാഖ്, കുവൈറ്റ്, ഗള്‍ഫ് രാഷ്ട്രീയം
- ജെ. എസ്.
( Monday, September 08, 2008 ) |
കുവൈറ്റില്‍ ഹോട്ട് ലൈന്‍ സംവിധാനം
കുവൈറ്റില്‍ തൊഴില്‍ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് മന്ത്രാലയത്തില്‍ പരാതി നല്‍കുന്നതിന് ഹോട്ട് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി.
128 എന്ന നമ്പറില്‍ വിളിച്ച് വിസ, സ്പോണ്‍ സര്‍ഷിപ്പ്, തൊഴില്‍ കരാര്‍ എന്നിവയെ പ്പറ്റിയുള്ള പരാതികള്‍ ബോധിപ്പിക്കാം. വിസ കച്ചവടക്കാരേയും തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നവരേയും നിയന്ത്രിക്കുന്നതിന് ഈ സംവിധാനം ഗുണം ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു. Labels: കുവൈറ്റ്, തൊഴില്‍ നിയമം
- ജെ. എസ്.
( Monday, September 01, 2008 ) |
കുവൈറ്റില്‍ പൊതുമാപ്പ്
സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 15 വരെയാണ് പൊതു മാപ്പ് കാലാവധി. കുവൈറ്റ് അമീര്‍ ശൈഖ് സബാ അഹമ്മദ് അല്‍ സബായുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് പൊതു മാപ്പ് പ്രഖ്യാപി ച്ചിരിക്കുന്നത്.
റമസാനിനോട് അനുബന്ധിച്ചാണ് അമീര്‍ പൊതു മാപ്പ് പ്രഖ്യാപിക്കാന്‍ ഉത്തരവിട്ടത്. അടുത്ത മാസം ഒന്ന് മുതല്‍ ഒക്ടോബര്‍ 15 വരെയാണ് പൊതു മാപ്പ് കാലാവധി. അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് പിഴയോ മറ്റ് ശിക്ഷാ നടപടികളോ ഇല്ലാതെ ഇക്കാലയളവില്‍ രാജ്യം വിടാനാകും. അതേ സമയം അനധികൃത താമസക്കാര്‍ക്ക് പിഴ അടയ്ക്കുക യാണെങ്കില്‍ പുതിയ വിസയിലേക്ക് മാറി രാജ്യത്ത് തുടരാനുള്ള അവസരവും ഉണ്ട്. കുവൈറ്റില്‍ 21 ലക്ഷം വിദേശികള്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ ആറ് ലക്ഷത്തോളം പേര്‍ ഇന്ത്യക്കാരാണ്. ഇന്ത്യക്കാരില്‍ 11 ശതമാനം പേര്‍ അനധികൃതമായി കുവൈറ്റില്‍ തങ്ങുന്നവ രാണെന്നാണ് അനൗദ്യോഗിക കണക്കുകള്‍. രണ്ട് വര്‍ഷം മുമ്പാണ് കുവൈറ്റില്‍ ഇതിന് മുമ്പ് പൊതു മാപ്പ് പ്രഖ്യാപിച്ചത്. അന്ന് ആറായിര ത്തോളം ഇന്ത്യക്കാര്‍ പൊതു മാപ്പ് പ്രയോജന പ്പെടുത്തി ഇന്ത്യയിലേക്ക് മടങ്ങി എന്നാണ് കണക്ക്. ഇപ്പോള്‍ ഒന്നര മാസത്തേക്ക് പ്രഖ്യാപി ച്ചിരിക്കുന്ന പൊതു മാപ്പില്‍ അനധികൃത മായി താമസിക്കുന്ന പരമാവധി പേര്‍ രാജ്യം വിടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അനധികൃ തമായി രാജ്യത്ത് തങ്ങിയതിന്‍റെ പേരില്‍ പിടിയിലായ 86 മലയാളികള്‍ ഇപ്പോള്‍ കുവൈറ്റിലെ വിവിധ ജയിലുകളി ലുണ്ടെന്നാണ് കണക്ക്. പൊതു മാപ്പ് പ്രഖ്യാപിച്ച തോടെ ഇവര്‍ക്ക് മോചനമാവും. Labels: കുവൈറ്റ്, തൊഴില്‍ നിയമം
- ജെ. എസ്.
( Sunday, August 31, 2008 ) |
കുവൈറ്റിലെ ഓയില്‍ റിഫൈനറി - കരാര്‍ ഓഡിറ്റ് ബ്യൂറോ പരിശോധിക്കും
കുവൈറ്റില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ഓയില്‍ റിഫൈനറിയുടെ കരാര്‍ വ്യവസ്ഥകള്‍ ഓഡിറ്റ് ബ്യൂറോവിന്‍റെ പരിഗണനയ്ക്ക് വിട്ടു.
50,000 കോടി രൂപയ്ക്കുള്ള കരാര്‍ നാല് കൊറിയന്‍ കമ്പനികള്‍ക്ക് നല്‍കിയതില്‍ അഴിമതി നടന്നെന്ന ആരോപണത്തെ തുടര്‍ന്നാണ് മന്ത്രിസഭയുടെ ഈ തീരുമാനം. കരാര്‍ വ്യവസ്ഥ അനുസരിച്ച് റിഫൈനറി നിര്‍മ്മിക്കുന്നതിന് നല്‍കുന്ന തുകയ്ക്ക് പുറമേ പ്രവര്‍ത്തന ലാഭത്തിന്‍റെ വിഹിതവും നല്‍കണം. ഈ വ്യവസ്ഥയാണ് ആരോപണങ്ങള്‍ക്ക് കാരണമായിരിക്കുന്നത്
- ജെ. എസ്.
( Wednesday, August 27, 2008 ) |
കുവൈറ്റില്‍ മന്ത്രിസഭയും പാര്‍ലമെന്‍റും തമ്മിലുള്ള തര്‍ക്കം മുറുകുന്നു
വിദ്യാഭ്യാസ മന്ത്രി നൂറിയ അല്‍ സുബീഹാക്ക് എതിരെയും പെട്രോളിയം മന്ത്രി മുഹമ്മദ് അല്‍ ഒലൈയുമിനും എതിരെയാണ് പാര്‍ലമെന്‍റ് അംഗങ്ങള്‍ ആരോപണം ഉന്നയിച്ചിട്ടുള്ളത്. ഈ രീതിയില്‍ തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നാണ് ഈ വര്‍ഷമാദ്യം പാര്‍ലമെന്‍റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തിയത്. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷവും തര്‍ക്കങ്ങള്‍ തുടരുകയാണ്. ഇത് കുവൈറ്റിന്‍റെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ ഖാലിദ് അല്‍ ജന്‍ഫാവി അഭിപ്രായപ്പെട്ടു.
Labels: കുവൈറ്റ്
- ജെ. എസ്.
( Monday, August 25, 2008 ) |
കുവൈറ്റ് മന്ത്രിസഭ പുന സംഘടിപ്പിച്ചേക്കും
ധനകാര്യം, വിദ്യാഭ്യാസം, വാര്‍ത്താ വിനിമയം എന്നീ വകുപ്പുകളില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ഈ വകുപ്പുകളിലെ മന്ത്രിമാര്‍ ക്കെതിരെ ചില പാര്‍ലമെന്‍റ് അംഗങ്ങള്‍ ആരോപണം ഉന്നയിച്ചിരുന്നു. നാല് മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് നിലവിലെ മന്ത്രിസഭ അധികാരം ഏറ്റെടുത്തത്.
Labels: കുവൈറ്റ്
- ജെ. എസ്.
( Sunday, August 24, 2008 ) |
കുവൈറ്റിലും തീവണ്ടി വരുന്നു
കുവൈറ്റില്‍ മെട്രോ റെയില്‍ പദ്ധതി നിലവില്‍ വരുന്നു. ഇതിനായുള്ള പ്രൊജക്ട് റിപ്പോര്‍ട്ട് മന്ത്രി സഭയുടെ അംഗീകാരത്തിനായി സമര്‍പ്പി ച്ചിട്ടുണ്ടെന്ന് വകുപ്പ് മന്ത്രി അബ്ദുല്‍ റഹ്മാന്‍ അല്‍ ഗുനൈം അറിയിച്ചു. പ്രധാനമായും ഭൂഗര്‍ഭ പാതകളിലൂടെ നടത്താന്‍ ഉദ്ദേശിക്കുന്ന ഈ റെയില്‍ വേ രാജ്യത്തെ ഗതാഗത രംഗത്ത് വന്‍ കുതിപ്പുണ്ടാക്കും. 14 ബില്യണ്‍ ഡോളര്‍ ചെലവിട്ട് നിര്‍മ്മിക്കുന്ന റെയില്‍ പാതകളില്‍ ഒന്ന് കുവൈറ്റ് സിറ്റിയില്‍ നിന്ന് ഇറാഖ് അതിര്‍ത്തി വരേയും മറ്റൊന്ന് സൗദി അറേബ്യ അതിര്‍ത്തി വരേയും ഉണ്ടാകും.
Labels: കുവൈറ്റ്
- ജെ. എസ്.
( Tuesday, August 19, 2008 ) |
കുവൈറ്റില്‍ സ്വദേശി വത്ക്കരണം ശക്തമാക്കുന്നു
കുവൈറ്റില്‍ സര്‍ക്കാര്‍ കോണ്‍ട്രാക്റ്റുകള്‍ ലഭിക്കുന്ന സ്ഥാപനങ്ങളില്‍ സാധ്യമായ എല്ലാ ഒഴിവുകളിലും സ്വദേശികളെ നിയമിക്കുന്ന തിനുള്ള നടപടിക ളെടുക്കും. തൊഴില്‍ സാമൂഹ്യ കാര്യ മന്ത്രാലയം അറിയിച്ച താണിത്. ഇതിന്‍റെ ആദ്യ പടി എന്ന നിലയില്‍ കുവൈറ്റി കള്‍ക്ക് അനുയോജ്യമായ തസ്തികകളുടെ പട്ടിക തയ്യാറാക്കു ന്നതിന് സമിതി രൂപീകരിച്ചിട്ടുണ്ട്. സ്വദേശി വത്ക്കരണ ത്തിന്‍റെ ഭാഗമായാണ് ഈ നടപടി.
Labels: കുവൈറ്റ്, തൊഴില്‍ നിയമം
- ജെ. എസ്.
( Sunday, August 17, 2008 ) |
അബ്ബാസിയയില്‍ തട്ടിപ്പ് വര്‍ദ്ധിക്കുന്നു
കുവൈറ്റില്‍ മലയാളികള്‍ തിങ്ങി താമസിക്കുന്ന അബ്ബാസിയ മേഖലയില്‍ വഴി യാത്രക്കാരിയായ സ്ത്രീയുടെ ബാഗ് തട്ടിയെടുക്കാന്‍ ശ്രമം നടന്നു. ഒരു ജീപ്പില്‍ എത്തിയ അറബ് വംശജരുടെ സംഘമാണ് ബാഗ് തട്ടിയെടുക്കാന്‍ ശ്രമിച്ചത്. പിടിവലിക്കിടെ നിലത്ത് വീണ സ്ത്രീയുടെ തോളെല്ലിന് പരിക്കേറ്റു. സമീപ വാസികള്‍ ഇടപെട്ടതിനെ തുടര്‍ന്ന് അക്രമികള്‍ അവര്‍ വന്ന വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ക്ഷുഭിതരായ സമീപ വാസികള്‍ വാഹനം തല്ലി ത്തകര്‍ത്തു. അബ്ബാസിയ മേഖലയില്‍ ഇത്തരത്തിലുള്ള മോഷണ ശ്രമങ്ങള്‍ വര്‍ധിക്കുകയാണ്.
Labels: കുറ്റകൃത്യം, കുവൈറ്റ്, പ്രവാസി
- ജെ. എസ്.
( Sunday, August 17, 2008 ) |
ശമ്പള കുടിശിക: കമ്പനികള്‍ക്ക് എതിരേ നടപടി
കുവൈറ്റിലെ അഞ്ച് ലേബര്‍ സപ്ലേ കമ്പനികള്‍ക്ക് എതിരേ നിയമ നടപടി സ്വീകരിക്കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. തൊഴിലാളികള്‍ക്ക് ശമ്പള കുടിശിക വരുത്തുകയും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താ തിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഈ നടപടി.
നിയമ നടപടിക്ക് വിധേയമാകുന്ന കമ്പനികള്‍ക്ക് ഇനി മുതല്‍ സര്‍ക്കാര്‍ തൊഴില്‍ കരാറുകള്‍ ലഭിക്കുകയില്ലെന്ന് മന്ത്രാലയം അറിയിച്ചു. Labels: കുവൈറ്റ്
- ജെ. എസ്.
( Saturday, August 16, 2008 ) |
ഇന്ത്യന്‍ എംബസി വെബ് സൈറ്റില്‍ റെജിസ്റ്റര്‍ ചെയ്യാം
കുവൈറ്റിലെ ഇന്ത്യക്കാര്‍ക്ക് ഇന്‍റര്‍നെറ്റ് വഴി ഇന്ത്യന്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനം നിലവില്‍ വന്നു. http://www.indembkwt.org/ എന്ന വെബ് സൈറ്റില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
Labels: കുവൈറ്റ്
- ജെ. എസ്.
( Saturday, August 16, 2008 ) |
കുവൈറ്റില്‍ വില വര്‍ധനവി നെതിരെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍
കുവൈറ്റില്‍ ഭക്ഷ്യ വസ്തുക്കളുടെ വില കൂട്ടണം എന്ന മൊത്ത വ്യാപാരികളുടെ ആവശ്യം സഹകരണ മേഖലയില്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ നടത്തുന്നവര്‍ തള്ളി. റമസാന്‍ അടുത്തു വരുന്ന ഈ സമയത്ത് വില വര്‍ധിപ്പിക്കുവാന്‍ ആകില്ലെന്ന് കോ ഓപ്പറേറ്റീവ് യൂണിയന്‍ വ്യക്തമാക്കി.
വേണ്ടി വന്നാല്‍ ഭക്ഷ്യ വസ്തുക്കള്‍ നേരിട്ട് ഇറക്കുമതി ചെയ്യുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി. കോ-ഓപ്പറേറ്റീവ് യൂണിയന്റെ ഈ തീരുമാനം സാധാരണക്കാര്‍ക്ക് സഹായകരമാകും. Labels: കുവൈറ്റ്
- ജെ. എസ്.
( Thursday, August 14, 2008 ) |
കുവൈറ്റില്‍ ഏഷ്യാക്കാര്‍ക്ക് നിയന്ത്രണം
ഏതാനും ഏഷ്യന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ നല്‍കുന്നതിന് കുവൈറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തി. തൊഴില്‍ മന്ത്രാലയം അറിയിച്ചതാണിത്. എന്നാല്‍ ഈ രാജ്യങ്ങള്‍ ഏതാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
കുവൈറ്റിലെ ജനസംഖ്യാ അനുപാതം സന്തുലിതമായി നില നിര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. മൊത്തം 32 ലക്ഷം ജനങ്ങളുള്ള കുവൈറ്റില്‍ 22 ലക്ഷം പേരും വിദേശികളാണ്. ഇന്ത്യക്കാര്‍ ആറ് ലക്ഷം പേരുണ്ട് ഇവിടെ. ഈ പുതിയ നിയന്ത്രണം ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ സ്വദേശികളെ ഉദ്ദേശിച്ചുള്ളതാണെന്നാണ് നിഗമനം. Labels: കുവൈറ്റ്, തൊഴില്‍ നിയമം
- ജെ. എസ്.
( Tuesday, August 05, 2008 ) |
കുവൈറ്റില്‍ നിന്ന് ആയിരത്തോളം തൊഴിലാളികളെ നാട് കടത്തി
കുവൈറ്റില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ക്ലീനിംഗ് തൊഴിലാളികളുടെ സമരത്തില്‍ പങ്കെടുത്ത ആയിരത്തോളം ബംഗ്ലാദേശി തൊഴിലാളികളെ നാടു കടത്തി.
സമരം അക്രമത്തിലേക്ക് നീങ്ങിയതിനെ തുടര്‍ന്നാണ് ഈ നടപടി. തുടക്കത്തില്‍ ആഭ്യന്തര മന്ത്രാലയം തൊഴിലാളികളോട് അനുഭാവ പൂര്‍വം പെരുമാറി എങ്കിലും സമരം അക്രമാസക്ത മായതോടെ ശക്തമായ നടപടി എടുക്കുക യായിരുന്നു. എന്നാല്‍ ക്ലീനിംഗ് തൊഴിലാളികള്‍ക്ക് ശമ്പള വര്‍ധനയും മെച്ചപ്പെട്ട താമസ സൗകര്യവും നല്‍കണമെന്ന് കുവൈറ്റ് തൊഴില്‍ മന്ത്രാലയം കമ്പനികളോട് നിര്‍ദേശിച്ചു. Labels: കുവൈറ്റ്, തൊഴില്‍ നിയമം, പ്രതിഷേധം, പ്രവാസി
- ജെ. എസ്.
( Thursday, July 31, 2008 ) |
കുവൈറ്റില്‍ വൈദ്യ പരിശോധന കര്‍ശനമാക്കും
കുവൈറ്റില്‍ നിന്നും നാട്ടില്‍ പോയി തിരിച്ചു വരുന്ന വിദേശികള്‍ക്ക് വിമാന ത്താവളത്തിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും വൈദ്യ പരിശോധന നടത്താനുള്ള തീരുമാനം നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മനുഷ്യാ വകാശ പ്രവര്‍ത്തകരുടെ വിയോജിപ്പിനെ തുടര്‍ന്ന് ഈ തീരുമാനം മാറ്റി വയ്ക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു.
കുവൈറ്റിന്റെ ആരോഗ്യ സുരക്ഷയാണ് പ്രധാനമെന്നും വിമര്‍ശനങ്ങള്‍ കാര്യമാക്കില്ലെന്നും ആരോഗ്യ മന്ത്രി അലി അല്‍ ബറാക്ക് പറഞ്ഞു.
- ജെ. എസ്.
( Saturday, July 26, 2008 ) |
കുവൈറ്റ് ഇറാനില്‍ നിന്നും പ്രകൃതി വാതകം വാങ്ങിയേക്കും
ഇറാനില്‍ നിന്നും പ്രകൃതി വാതകം വാങ്ങുന്നതിനെ പ്പറ്റി കുവൈറ്റ് ആലോചിക്കുന്നു. ലോകത്തെ ഏറ്റവും പ്രധാന എണ്ണ ഉത്പാദന രാഷ്ട്രമാണെങ്കിലും കുവൈറ്റില്‍ ആവശ്യത്തിന് പ്രകൃതി വാതകം ഇപ്പോള്‍ ലഭ്യമല്ല. കൂടുതല്‍ വാതക സംസ്ക്കരണത്തിനുള്ള സൗകര്യങ്ങള്‍ കുവൈറ്റ് ഇപ്പോള്‍ നടത്തി വരികയാണ്.
Labels: അന്താരാഷ്ട്രം, കുവൈറ്റ്
- ജെ. എസ്.
( Saturday, July 19, 2008 ) |
കുവൈറ്റ് പാര്‍ലമെന്റില്‍ ഏറ്റ്മുട്ടലിന് സാധ്യത
തെരഞ്ഞെടുപ്പിന് ശേഷം കുവൈറ്റ് പാര്‍ലമെന്‍റ് ആദ്യ യോഗം ചേര്‍ന്നു. സ്പീക്കറായി ജാംസിം അല്‍ ഖറാഫിയെ തെരഞ്ഞെടുത്തു. അതേ സമയം മന്ത്രിസഭയും പാര്‍ലമെന്‍റും തമ്മില്‍ ഇത്തവണയും ഏറ്റുമുട്ടലുണ്ടാകും എന്ന് തന്നെയാണ് പാര്‍ലമെന്‍റ് യോഗത്തില്‍ നടന്ന സംഭവ വികാസങ്ങള്‍ വ്യക്തമാകുന്നത്.
ഇന്നലെ രാവിലെ പത്തിനാണ് കുവൈറ്റ് പാര്‍ലമെന്‍റ് ആദ്യ യോഗം ചേര്‍ന്നത്. കഴിഞ്ഞ പാര്‍ലമെന്‍റിലെ സ്പീക്കറായിരുന്ന ജാസിം അല്‍ ഖറാഫിയെ തന്നെയാണ് ഇത്തവണയും സ്പീക്കറായി തെരഞ്ഞെടുത്തത്. തുടര്‍ച്ചയായി ഇത് മൂന്നാം തവണയാണ് ഇദ്ദേഹത്തെ സ്പീക്കറായി തെരഞ്ഞെടുക്കുന്നത്. അതേ സമയം വനിതാ മന്ത്രിമാരായ നൗരിയ സുബിഹ് ബറാക്ക്, ഹൗസിംഗ് അഫയേഴ്സ് മന്ത്രി ഡോ. മൗദിന്‍ അബ്ദുല്‍ അസീസ് എന്നിവര്‍ ഹിജാബ് ധരിച്ച് മാത്രമേ പാര്‍ലമെന്‍റിലെത്താവൂ എന്ന് ഇസ്ലാമിസ്റ്റ് എം.പി. മാര്‍ മുന്നറിയിപ്പ് നല്‍കി. ഹിജാബ് ധരിക്കാതെ പാര്‍ലമെന്‍റില്‍ എത്തിയാല്‍ ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്നും ഇവര്‍ ആദ്യ സമ്മേളനത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് മന്ത്രിമാരും ഇന്ന് ഹിജാബ് ധരിക്കാതെയാണ് പാര്‍ലമെന്‍റില്‍ എത്തിയിരുന്നത്. ഹിജാബ് ധരിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മന്ത്രിസഭയിലും അംഗമായിരുന്ന നൗരിയ സുബിഹ് ബറാക്കിനെ പാര്‍ലമെന്‍റ് ചോദ്യം ചെയ്തിരുന്നു. ഈ ഉരസലാണ് പിന്നീട് വഷളാവുകയും പാര്‍ലമെന്‍റ് പിരിച്ചു വിടുന്നതിലേക്ക് എത്തിപ്പെടുകയും ചെയ്തത്. എടുത്തു പറയേണ്ട മറ്റൊരു കാര്യം കുവൈറ്റ് പ്രധാനമന്ത്രി ശൈഖ് നാസര്‍ അല്‍ മുഹമ്മദ് അല്‍ അഹമ്മദ് അല്‍ സബാ കണ്‍സര്‍വേറ്റീവ് എം. പി. അല്‍ മുലൈഫിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട് എന്നതാണ്. തന്നെ വ്യക്തിപരമായി അവഹേളിച്ചുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി എം. പി. ക്കെതിരെ അപകീര്‍ത്തി കേസ് നല്‍കിയിട്ടുണ്ട്. ആദ്യ പാര്‍ലമെന്‍റ് യോഗത്തില്‍ തന്നെ ഇത്തരത്തില്‍ മന്ത്രിസഭയും പാര്‍ലമെന്‍റും തമ്മില്‍ ശക്തമായ ഉരസലിന്‍റെ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. നാല് വര്‍ഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്‍റ് കഴിഞ്ഞ തവണ രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ പിരിച്ചു വിടുകയായിരുന്നു. ഇത്തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ഉരസലുകളും വര്‍ധിക്കുന്ന പക്ഷം ഇത്തവണയും പാര്‍ലമെന്‍റ് നാല് വര്‍ഷം പൂര്‍ത്തിയാക്കുമോ എന്നത് കണ്ടറിയണം. Labels: കുവൈറ്റ്, ഗള്‍ഫ് രാഷ്ട്രീയം
- ജെ. എസ്.
( Monday, June 02, 2008 ) |
കൂവൈറ്റില്‍ സന്ദര്‍ശക വിസ നിയമങ്ങള്‍ ഉദാരമാക്കി.
സന്ദര്‍ശക വിസയുടെ കാലാവധി ഒരു മാസത്തില്‍ നിന്ന് മൂന്ന് മാസമായി പുനര്‍ നിര്‍ണയിച്ചിട്ടുണ്ട്.
കാലാവധി വര്‍ധിപ്പിച്ചു കൊണ്ടാണ് കുവൈറ്റ് സന്ദര്‍ശക വിസ നിയമങ്ങള്‍ ഉദാരമാക്കിയിരിക്കുന്നത്. നിലവില്‍ സന്ദര്‍ശക വിസയ്ക്ക് ഒരു മാസം മാത്രമായിരുന്നു കാലാവധി ഉണ്ടായിരുന്നത്. ഇത് മൂന്ന് മാസമാക്കി വര്‍ധിപ്പിച്ചു. മൂന്ന് മാസത്തിന് ശേഷം വിസാ കാലാവധി ഒരു വര്‍ഷം വരെ നീട്ടാനും അനുമതിയുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ റസിഡന്‍സ് വിസയില്‍ ഉള്ള എല്ലാ വിദേശികള്‍ക്കും കുവൈറ്റിലേക്കുള്ള സന്ദര്‍ശക വിസ ലഭിക്കാനുള്ള നടപടിക്രമങ്ങളും ലഘൂകരിച്ചിട്ടുണ്ട്. ഇത്തരക്കാര്‍ക്ക് കുവൈറ്റ് വിമാനത്താവളത്തില്‍ നിന്നും സന്ദര്‍ശക വിസ നേരിട്ട് ലഭിക്കും. അമീറി അനുശാസനം 17 ബാര്‍ 1959 അനുഛേദം 11 അനുസരിച്ചുള്ള ഈ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ജോലി അന്വേഷിച്ച് കുവൈറ്റില്‍ എത്തുന്നവര്‍ക്കും അടുത്ത കുടുംബാംഗങ്ങളെ വിസിറ്റ് വിസയില്‍ കൊണ്ടു വരുന്നവര്‍ക്കും ഈ നിയമം ഉപയോഗപ്രദമാകും. Labels: കുവൈറ്റ്, തൊഴില്‍ നിയമം
- ജെ. എസ്.
( Sunday, May 25, 2008 ) |
കുവൈറ്റ് തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ ആരും വിജയിച്ചില്ല
കുവൈറ്റില്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിന്റെ ഫലം മുഴുവനായും അറിവായി. സ്ത്രീകളാരും വിജയിച്ചില്ല. വിജയിച്ചവരില്‍ സ്വതന്ത്രരാണ് അധികവും.
Labels: കുവൈറ്റ്
- ജെ. എസ്.
( Monday, May 19, 2008 ) |
കുവൈറ്റില്‍ തെരഞ്ഞെടുപ്പ്
കുവൈറ്റില്‍ 12-ാം പാര്‍ലമെന്‍റിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു. 50 സീറ്റുകളിലേക്കായി 274 പേരാണ് മത്സരിച്ചത്. ഇതില്‍ 27 പേര്‍ വനിതകളാണ്. കുവൈറ്റ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രത്യേക സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയത്. ഷെറാട്ടണ്‍ ഹോട്ടലില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ സെന്‍ററില്‍ നിന്നും വിവിധ ബൂത്തുകള്‍ സന്ദര്‍ശിക്കാനായി പ്രത്യേക സൗകര്യവും ഒരുക്കിയിരുന്നു.
Labels: കുവൈറ്റ്
- ജെ. എസ്.
( Sunday, May 18, 2008 ) |
കുവൈറ്റില്‍ സമര നേതാക്കളെ നാടുകടത്തും
തൊഴില്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരേയും കൂട്ടം കൂടി സമ്മര്‍ദ്ദ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നവരേയും പിടികൂടി നാടു കടത്തുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. തൊഴിലാളികള്‍ കൂട്ടമായി പ്രതിഷേധം പ്രകടിപ്പിക്കുന്ന സംഭവങ്ങള്‍ ഈയിടെയായി കുവൈറ്റില്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം.
അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കപ്പെടുമ്പോഴാണ് പലപ്പോഴും തൊഴിലാളികള്‍ സംഘടിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിഷേധം കുവൈറ്റില്‍ നിയമ വിരുദ്ധമാണ്. തൊഴില്‍ സമരങ്ങള്‍ക്ക് അപ്പുറം ഈയിടെ രാഷ്ട്രീയ, ഗോത്ര, മത വിഭാഗങ്ങള്‍ പ്രതിഷേധ യോഗങ്ങളും മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് സംഘടിച്ച് പ്രതിഷേധം നടത്തുന്നവര്‍ നാടു കടത്തല്‍ അടക്കമുള്ള കര്‍ശന ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. Labels: കുവൈറ്റ്, തൊഴില്‍ നിയമം, പ്രതിഷേധം, മനുഷ്യാവകാശം
- ജെ. എസ്.
( Monday, May 05, 2008 ) |
കുവൈറ്റില്‍ 6 കുട്ടികള്‍ വെന്തുമരിച്ചു
കുവൈറ്റിലെ ഹവല്ലി പ്രദേശത്ത് ഒരു അപ്പാര്‍ട്ട്മെന്‍റില്‍ അഗ്നിബാധയുണ്ടായി. ആറ് കുട്ടികള്‍ തീ പിടുത്തത്തില്‍ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. തീ പിടുത്തത്തില്‍ രണ്ട് ഫ്ലാറ്റുകള്‍ കത്തിനശിച്ചു. മരിച്ച കുട്ടികള്‍ പാക്കിസ്ഥാന്‍ സ്വദേശികളാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
Labels: അപകടങ്ങള്‍, കുവൈറ്റ്
- ജെ. എസ്.
( Sunday, May 04, 2008 ) |
അധ്യാപികമാര്‍ക്ക് കുടുംബത്തെ സ്പോണ്‍സര്‍ ചെയ്യാം
അധ്യാപികമാര്‍ക്ക് തങ്ങളുടെ കുടുംബത്തെ സ്പോണ്‍സര്‍ ചെയ്യുന്നതിന് കുവൈറ്റ് അനുമതി നല്‍കി. എന്നാല്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ ജോലി ചെയ്യുന്ന വിദേശ അധ്യാപികമാര്‍ക്ക് മാത്രമേ ഇതിനുള്ള അനുമതിയുള്ളൂ. അതിനിടെ ഈ വര്‍ഷം സര്‍ക്കാര്‍ സ്കൂളുകളില്‍ പുതുതായി ആയിരത്തോളം അധ്യാപകരെ ആവശ്യമായി വരുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്ക്.
Labels: കുവൈറ്റ്, തൊഴില്‍ നിയമം
- ജെ. എസ്.
( Thursday, May 01, 2008 ) |
കുവൈറ്റില്‍ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണിന് നിരോധനം
കുവൈറ്റില്‍ ഇന്ന് മുതല്‍ വാഹനമോടിക്കുന്നവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നിരോധനം വരുന്നു. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ ഉണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
- ജെ. എസ്.
( Thursday, May 01, 2008 ) |
കുവൈറ്റില്‍ മലയാളിയുടെ വധശിക്ഷ തടവ് ശിക്ഷയാക്കി കുറച്ചു
കുവൈറ്റില്‍ തടവില്‍ കഴിയുന്ന തോട്ടപ്പള്ളി സ്വദേശി സിമിലിനെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കി കുവൈത്തിലെ കോടതി ഉത്തരവിട്ടു.
എന്നാല്‍, സിമിലിനെ ഏഴു വര്‍ഷത്തെ തടവിന് ശിക്ഷിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി സിമിലിന്റെ മാതാപിതാക്കളെ ടെലിഫോണില്‍ വിളിച്ചറിയിച്ചതാണിത്. കൊലപാതകക്കുറ്റം ചുമത്തി കഴിഞ്ഞ നവംബര്‍ 21നാണ് സിമില്‍ തടവറയിലായത്. റിസോര്‍ട്ട് ജീവനക്കാരനായിരുന്നു സിമില്‍. അടുത്ത മുറിയില്‍ താമസിക്കുന്ന ആന്ധ്രാസ്വദേശി സുരേഷിനെ കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് സിമിലിനെ പോലീസ് പിടികൂടി തടവറയിലാക്കിയത്. സിമിലിനെ വധശിക്ഷയില്‍ നിന്നൊഴിവാക്കാന്‍, കൊലചെയ്യപ്പെട്ട സുരേഷിന്റെ ബന്ധുക്കള്‍ ഒപ്പിട്ടു നല്‍കിയ മാപ്പുപത്രം വക്കീല്‍ മുഖേന കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതാണ് വധശിക്ഷ ഒഴിവാക്കാന്‍ ഇടയാക്കിയത്. വധശിക്ഷ ഒഴിവായതില്‍ ആശ്വാസമായെങ്കിലും മകനെ കാണാന്‍ ഇനി ഏഴു വര്‍ഷം കാത്തിരിക്കേണ്ടതിന്റെ വേദന മാതാപിതാക്കള്‍ ഉമ്മന്‍ചാണ്ടിയെ അറിയിച്ചു. അടുത്ത ദിവസം തന്നെ കുവൈത്ത് കോടതിയില്‍ വക്കീല്‍ മുഖാന്തരം അപ്പീല്‍ നല്‍കുമെന്ന് ഉമ്മന്‍ചാണ്ടി സിമിലിന്റെ മാതാപിതാക്കളായ ശശിയെയും ടെര്‍മയെയും അറിയിച്ചു.
- ജെ. എസ്.
( Tuesday, April 29, 2008 ) |
അനധികൃതമായി അമിത ഫീസ് ; കുവൈറ്റില്‍ കര്‍ശന നടപടി
കുവൈറ്റില്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ അനധികൃതമായി അമിത ഫീസ് വര്‍ധിപ്പിക്കുന്ന വിദേശ സ്വകാര്യ സ്‌കൂളുകള്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകും.
വിദേശ സ്വകാര്യ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിനായി അഞ്ചു ശതമാനം ഫീസ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. സര്‍ക്കാറിന്റെ അംഗീകാരമില്ലാതെ അനധികൃതമായി ഏതെങ്കിലും വിദേശ സ്‌കൂള്‍ ഫീസ് വര്‍ധിപ്പിച്ചതായി ശ്രദ്ധയില്‍ പെട്ടാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സ്വകാര്യ വിദ്യാഭ്യാസ പൊതുജനവിഭാഗം മേധാവി മുഹമ്മദ് അല്‍-ദാഹിസ് വെളിപ്പെടുത്തി. രാജ്യത്തെ പൊതു വിദ്യാഭ്യാസ മേഖല നവീകരിക്കുന്നതിനായി എല്ലാ വിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പദ്ധതി ഘട്ടം ഘട്ടമായി നടപ്പില്‍ വരുത്തും. മൂന്നു അധ്യയനവര്‍ഷത്തിനുള്ളില്‍ മൂന്നു വിവിധ ഘട്ടങ്ങളായി ഈ പദ്ധതി പ്രാബല്യത്തില്‍ വരുത്തും. നവീകരണപദ്ധതി 2025 വരെ തുടരും. Labels: കുവൈറ്റ്, വിദ്യാഭ്യാസം
- ജെ. എസ്.
( Tuesday, April 29, 2008 ) |
കുവൈറ്റില്‍ വീണ്ടും കൊടുങ്കാറ്റിന് സാധ്യത
കുവൈറ്റില്‍ വീണ്ടും കൊടുങ്കാറ്റിന് സാധ്യതയുണ്ടെന്ന് സല്‍മിയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തലവന്‍ മസായിദ് അല്‍-ഹമദ് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം ഉണ്ടായ കൊടുങ്കാറ്റിന് സമാനമായി മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റും മഴയുമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.
ശക്തമായ പൊടിക്കാറ്റും അനുഭവപ്പെടും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ കൊടുങ്കാറ്റില്‍ വാഹനാപകടങ്ങള്‍ മൂലം മൂന്നു പേര്‍ മരിച്ചു. ഒട്ടേറെ വാഹനങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. ഭീമന്‍ പരസ്യ ബോര്‍ഡുകള്‍ വീണ് വാഹനങ്ങള്‍ തകര്‍ന്നു. സാല്‍മിയയിലെ കടലില്‍ കൊടുങ്കാറ്റു മൂലമുണ്ടായ തിരയില്‍പ്പെട്ട് ഒരു സ്വദേശി യുവാവും വാഹനാപകടത്തില്‍പ്പെട്ട് രണ്ട് ഈജിപ്തുകാരുമാണ് മരിച്ചത്.
- ജെ. എസ്.
( Tuesday, April 15, 2008 ) |
കുവൈറ്റില്‍ പണിമുടക്ക്
കുവൈറ്റിലെ ഒരു സ്വകാര്യ കമ്പനിയിലെ ഇരുനൂറോളം തൊഴിലാളികള്‍ പണി മുടക്ക് തുടങ്ങി. ശമ്പളം കൃത്യമായി ലഭിക്കുന്നില്ലെന്നാണ് തൊഴിലാളികള്‍ പരാതിപ്പെടുന്നത്. മങ്കാഫിലെ സുല്‍ത്താന്‍ ആസാദ് എന്ന കമ്പനിയിലെ തൊഴിലാളികള്‍ ആണ് പണി മുടക്കുന്നത്.
Labels: കുവൈറ്റ്, തൊഴില്‍ നിയമം, പ്രവാസി
- ജെ. എസ്.
( Monday, April 14, 2008 ) |
സൗദി കുവൈത്ത് ഉച്ചകോടി റിയാദില്‍ ആരംഭിച്ചു
ഗള്‍ഫ്, അറബ് മേഖലയിലെ വിവിധ വിഷയങ്ങള്‍ ഉച്ചകോടി ചര്‍ച്ച ചെയ്യും. കുവൈത്ത് അമീര്‍ ഷേഖ് സബ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബയും സൗദി ഭരണാധികാരി അബ്ദുള്ള രാജാവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുദൃഡമാക്കാനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ലൈബനന്‍, ഇറാഖ്, പലസ്തീന്‍ വിഷയങ്ങളും അടുത്തിടെ സിറിയന്‍ തലസ്ഥാനമായ ഡമാസ്ക്കസില്‍ നടന്ന അറബ് ഉച്ചകോടിയും ചര്‍ച്ചാ വിഷയമാകും. കുവൈത്ത് അറബ് ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ സൗദി ഇതില്‍ നിന്ന് വിട്ടുനില്‍ക്കുകയും ബഹിഷ്ക്കരണ ആഹ്വാനം നല്‍കുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചനടക്കുന്നത് എന്നതിനാല്‍ ഇതിന് വന്‍ പ്രധാന്യം കല്‍പ്പിക്കപ്പെടുന്നു, Labels: കുവൈറ്റ്, ഗള്‍ഫ് രാഷ്ട്രീയം, സൌദി
- ജെ. എസ്.
( Sunday, April 06, 2008 ) |
കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലേബര്‍ വിസ
കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലേബര്‍ വിസയിലേക്ക് മാറാനുള്ള കാലാവധി ഈ മാസം 31 ന് അവസാനിക്കും.
കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലേബര്‍ വിസയിലേക്ക് മാറാനുള്ള കാലാവധി ഈ മാസം 31 ന് അവസാനിക്കും. വിസ മാറ്റുന്നതിനുള്ള സമയ പരിധി നീട്ടിക്കൊടുക്കുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഗാര്‍ഹിക തൊഴില്‍ വിസയില്‍ നിന്ന് തൊഴില്‍ വിസയിലേക്ക് മാറാനുള്ള അനുമതി സംബന്ധിച്ച് മാറാനുള്ള അനുമതി കഴിഞ്ഞ ഡിസംബറിലാണ് അധികൃതര്‍ പ്രഖ്യാപിച്ചത്. Labels: കുവൈറ്റ്, തൊഴില്‍ നിയമം
- ജെ. എസ്.
( Thursday, March 27, 2008 ) |
കുവൈറ്റില്‍ തെരഞ്ഞെടുപ്പ് രംഗം സജീവമായി
പത്രികാ സമര്‍പ്പണം ഇന്ന് തുടങ്ങും. മെയ് 17 നാണ് തെരഞ്ഞെടുപ്പ്.
Labels: കുവൈറ്റ്, ഗള്‍ഫ് രാഷ്ട്രീയം
- ജെ. എസ്.
( Wednesday, March 26, 2008 ) |
തൊഴില്‍ വകുപ്പ് ഓഫീസുകള്‍ ശനിയാഴ്ചകളിലും പ്രവര്‍ത്തിക്കും
കുവൈറ്റിലെ തൊഴില്‍ വകുപ്പ് ഓഫീസുകള്‍ ഇനി മുതല്‍ ശനിയാഴ്ചകളിലും പ്രവര്‍ത്തിക്കും. തൊഴില്‍ വിസയുമായി ബന്ധപ്പെട്ട നടപടികള്‍ പെട്ടെന്ന് തീര്‍ക്കുന്നതിനാണ് ഈ നടപടി. അവധി ദിനമായ ശനിയാഴ്ച പ്രവര്‍ത്തിക്കുന്നതിലൂടെ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകുമെന്ന് തൊഴില്‍ കാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ കന്തേരി പറഞ്ഞു. പ്രമുഖ ഷോപ്പിംഗ് സമുച്ചയങ്ങളിലും തൊഴില്‍ വകുപ്പ് കൗണ്ടര്‍ തുടങ്ങും.
Labels: കുവൈറ്റ്, തൊഴില്‍ നിയമം
- ജെ. എസ്.
( Wednesday, March 26, 2008 ) |
കുവൈറ്റിലെ ശുദ്ധ ജല ഉപയോഗം കൂടുന്നു
കുവൈറ്റിലെ ശുദ്ധ ജല ഉപയോഗം ഗള്‍ഫ് മേഖലയിലെ ശരാശരി ഉപയോഗത്തേക്കാള്‍ വളരെ കൂടുതലാണെന്ന് പഠന റിപ്പോര്‍ട്ട്. ഓരോ വ്യക്തിയും ദിവസവും ശരാശരി 465 ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. ശുദ്ധമായ പ്രകൃതി ജലം ലഭ്യമല്ലാത്ത കുവൈറ്റില്‍ കടല്‍ വെള്ളം ശുദ്ധീകരിച്ചാണ് കുടിവെള്ളം ലഭ്യമാക്കുന്നത്. എന്നാല്‍ വെള്ളത്തിന്‍റെ ദുരുപയോഗം കുവൈറ്റില്‍ വളരെ അധികമാണെന്ന് കണക്കാക്കപ്പെടുന്നു. വെള്ളം ഇല്ലാത്തവരുടെ നാട് എന്ന് അര്‍ത്ഥം വരുന്ന അറബി വാക്കായ അല്‍ കുത്തില്‍ നിന്നാണ് കുവൈറ്റ് എന്ന പേര് തന്നെ ഉണ്ടായത്.
- ജെ. എസ്.
( Wednesday, March 26, 2008 ) |
കുവൈറ്റ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
കുവൈറ്റ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനുള്ള വോട്ടേഴ്സ് ലിസ്റ്റ് പുതുക്കുന്നു. ഇന്ന് മുതല്‍ വോട്ടേഴ്സ് ലിസ്റ്റില്‍ പേരു ചേര്‍ക്കാം. ഇപ്പോഴത്തെ കണക്കനുസരിച്ച് 3,60,800 ഓളം വോട്ടര്‍മാരാണ് ഉള്ളത്. 2006 ലെ തെരഞ്ഞെടുപ്പ് മുതല്‍ കുവൈറ്റില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശമുണ്ട്. മെയ് 17 നാണ് തെരഞ്ഞെടുപ്പ്.
Labels: കുവൈറ്റ്, ഗള്‍ഫ് രാഷ്ട്രീയം
- ജെ. എസ്.
( Monday, March 24, 2008 ) |
കുവൈറ്റിലെ പാര്‍ലമെന്റ് അംഗങ്ങളെ അറസ്റ്റ് ചെയ്തേക്കും
കുവൈറ്റിലെ പിരിച്ചുവിടപ്പെട്ട പാര്‍ലമെന്‍റിലെ അംഗങ്ങളായ അദ്നാന്‍ അബ്ദുല്‍ സമദ്, അഹമ്മദ് ലാറിയും അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന് വിദഗ്ധര്‍ പറഞ്ഞു. കഴിഞ്ഞ മാസം സിറിയയില്‍ കൊല്ലപ്പെട്ട ഇമാദ് മൊഖാനിയയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചതിനെ തുടര്‍ന്നാണിത്. 1988 ല്‍ കുവൈറ്റ് എയര്‍വേയ്സ് വിമാനം റാഞ്ചിയ കേസില്‍ ഇമാദ് മൊഖാനിയ ഒന്നാം പ്രതിയായിരുന്നു. വിമാന റാഞ്ചലിനെ തുടര്‍ന്ന് രണ്ട് കുവൈറ്റ് സ്വദേശികള്‍ കൊല്ലപ്പെട്ടിരുന്നു. ഇമാദിന്‍റെ മരണത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചതിനെ തുടര്‍ന്ന് മറ്റൊരു മുന്‍ പാര്‍ലമെന്‍റ് അംഗം അബ്ദുല്‍ മുഹ്സന്‍ ജമാലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Labels: കുവൈറ്റ്, ഗള്‍ഫ് രാഷ്ട്രീയം
- ജെ. എസ്.
( Saturday, March 22, 2008 ) |
കുവൈറ്റിലെ സാല്‍മിയ പ്രദേശത്ത് ആക്രമണങ്ങള്‍ പെരുകുന്നു
കുവൈറ്റിലെ സാല്‍മിയ പ്രദേശത്ത് വിദേശികള്‍ക്കെതിരെ ആക്രമണങ്ങള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. സാല്‍മിയ ബ്ലോക്ക് 10 കേന്ദ്രീകരിച്ചാണ് ആക്രമണ പ്രവര്‍ത്തനങ്ങള്‍ ഏറെയും നടക്കുന്നത്. ഫെബ്രുവരിയില്‍ ഇവിടെ ഒരു മലയാളി അക്രമികളുടെ കുത്തേറ്റ് മരിച്ചിരുന്നു. വഴിയാത്രക്കാരുടെ ബാഗ്, മൊബൈല്‍ ഫോണ്‍ എന്നിവ തട്ടിപ്പറിക്കല്‍ ഇവിടെ സാധാരണമായിരിക്കുന്നതായി പ്രദേശത്ത് താമസിക്കുന്നവര്‍ പറയുന്നു. സാല്‍മിയ 10 നമ്പര്‍ ബ്ലോക്കില്‍ ഏറെയും ഇന്ത്യക്കാരാണ് താമസിക്കുന്നത്. ആക്രമണങ്ങള്‍ തടയാന്‍ നടപടികള്‍ എടുത്ത് വരുന്നതായി അധികൃതര്‍ അറിയിച്ചു.
Labels: കുറ്റകൃത്യം, കുവൈറ്റ്, പ്രവാസി
- ജെ. എസ്.
( Saturday, March 22, 2008 ) |
കുവൈറ്റ് പാര്‍ലമെന്‍റ് പിരിച്ചു വിട്ടു
മെയ് മാസത്തില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്താനും കുവൈറ്റ് അമീര്‍ ശൈഖ് സബാ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാ തീരുമാനിച്ചിട്ടുണ്ട്.
Labels: കുവൈറ്റ്
- ജെ. എസ്.
( Thursday, March 20, 2008 ) |
കുവൈറ്റ് മന്ത്രിസഭ രാജി വച്ചു
കുവൈറ്റ് പാര്‍ലമെന്‍റുമായി ദീര്‍ഘകാലമായി തുടരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ഒടുവിലാണ് മന്ത്രിസഭ രാജിവച്ചത്.
Labels: കുവൈറ്റ്, ഗള്‍ഫ് രാഷ്ട്രീയം
- ജെ. എസ്.
( Tuesday, March 18, 2008 ) |
ഇന്ത്യക്കാര്‍ക്കുള്ള തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നത് കുവൈറ്റ് ഇനിയും പുനരാരംഭിച്ചില്ല
ഇന്ത്യക്കാര്‍ക്കുള്ള തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നത് കുവൈറ്റ് ഇനിയും പുനരാരംഭിച്ചില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കുവൈറ്റ് വിസ സ്റ്റാംമ്പിംഗ് നിര്‍ത്തി വച്ചിരുന്നത്. തര്‍ക്കങ്ങള്‍ തീര്‍ന്നുവെന്നും വിസ സ്റ്റാമ്പിംഗ് പുനരാരംഭിക്കുമെന്നും മൂന്നാഴ്ച മുമ്പ് തന്നെ അറിയിപ്പ് വന്നിരുന്നു. എന്നാല്‍ ഇതുവരേയും വിസ സ്റ്റാംമ്പിംഗ് പുനരാരംഭിച്ചിട്ടില്ല. കുവൈറ്റ് തൊഴില്‍ വകുപ്പില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നാണിത്. കുവൈറ്റിലെ ഇന്ത്യന്‍ എംബസി തൊഴില്‍ വകുപ്പില്‍ നിന്നും മതിയായ രേഖകള്‍ ലഭിക്കുന്നതിന് ശ്രമിച്ചുവരികയാണെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു. ഡിസംബര്‍ അഞ്ച് മുതലാണ് കുവൈറ്റ് ഇന്ത്യക്കാര്‍ക്കുള്ള വിസ സ്റ്റാംമ്പിംഗ് നിര്‍ത്തിവച്ചത്. ഉദ്യോഗസ്ഥ തലത്തിലുള്ള നിരവധി ചര്‍ച്ചകളെ തുടര്‍ന്ന് ഗാര്‍ഹിക തൊഴിലാളികള്‍ ഒഴികെയുള്ളവരുടെ പ്രശ്നം പരിഹരിച്ചത്. ഗാര്‍ഹിക തൊഴില്‍ കരാര്‍ വ്യവസ്ഥയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഭിന്നാഭിപ്രായം തുടരുന്നതിനാലാണ് പരിഹരിക്കപ്പെടാതെ നീളുന്നത്.
Labels: കുവൈറ്റ്, തൊഴില്‍ നിയമം
- ജെ. എസ്.
( Saturday, March 08, 2008 ) |
ഇന്തോ- അറബ് വാണിജ്യ ബന്ധം ശക്തമാക്കുന്നതിന് പ്രത്യേക കൗണ്‍സില്‍ രൂപീകരിച്ചു
ഇന്തോ- അറബ് വാണിജ്യ ബന്ധം ശക്തമാക്കുന്നതിന് പ്രത്യേക കൗണ്‍സില്‍ രൂപീകരിച്ചു. ഫെഡറേഷന്‍ ഓപ് ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ഇന്ത്യ- ഫിക്കി, മുന്‍ കൈയെടുത്താണ് കൗണ്‍സില്‍ രൂപൂകരിച്ചത്. കുവൈറ്റ് ഇന്ത്യന്‍ എംബസിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഫിക്കി സെക്രട്ടറി ജനറല്‍ രാജന്‍ കോഹ് ലി അറിയിച്ചതാണിത്. 2006 ല്‍ കുവൈറ്റ് അമീര്‍ ഇന്ത്യ സന്ദര്‍ശിച്ചതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധത്തില്‍ വന്‍ കുതിപ്പുണ്ടായതായി രാജന്‍ വ്യക്തമാക്കി. ഈ ഏപ്രീല്‍ 18,19 തീയതികളില്‍ ഡല്‍ഹിയില്‍ ഇന്തോ-അറബ് വാണിജ്യ മേള സംഘടിപ്പിച്ചിട്ടുണ്ട്.
Labels: കുവൈറ്റ്
- ജെ. എസ്.
( Saturday, March 08, 2008 ) |
പോലീസ്, ഇമിഗ്രേഷന്‍, ട്രാഫിക് വിവരങ്ങള്‍ അറിയുന്നതിന് കുവൈറ്റില്‍ ഇന്‍റര്‍ നെറ്റ് സംവിധാനം ഏര്‍പ്പെടുത്തി
പോലീസ്, ഇമിഗ്രേഷന്‍, ട്രാഫിക് എന്നീ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിന് കുവൈറ്റില്‍ ഇന്‍റര്‍ നെറ്റ് സംവിധാനം ഏര്‍പ്പെടുത്തി. സ്പോണ്‍സര്‍ഷിപ്പ്, ട്രാഫിക് നിയമ ലംഘനം തുടങ്ങി സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട പിഴകള്‍ ഇനി മുതല്‍ ഇന്‍റര്‍നെറ്റ് വഴി അടയ്ക്കാം. WWW.MOI.GOV.KU എന്ന സൈറ്റില്‍ നിന്ന് ഈ സൗകര്യങ്ങള്‍ ലഭിക്കും. ഇത്തരം വിവരങ്ങള്‍ ടെലഫോണ്‍ വഴിയും അറിയാന്‍ കഴിയും. ഈ സേവനങ്ങള്‍ക്ക് 888988 എന്ന നമ്പറില്‍ വിളിക്കണം.
Labels: ഇന്‍റര്‍നെറ്റ്, കുവൈറ്റ്
- ജെ. എസ്.
( Wednesday, March 05, 2008 ) |
അന്യായവിലവര്‍ധനക്കെതിരെ നടപടി
കുവൈറ്റില്‍ നിത്യോപയോഗ സാധനങ്ങളുടെ വില അമിതമായി വര്‍ധിപ്പിച്ച 134 കമ്പനികള്‍ക്കെതിരെ വ്യാപാര വകുപ്പ് അധികൃതര്‍ നിയമ നടപടി സ്വീകരിക്കുന്നു. വ്യാപര വകുപ്പ് അണ്ടര്‍ സെക്രട്ടറി റഷീദ് അല്‍ തബ്തബായി അറിയിച്ചതാണിത്. പൂഴ്ത്തി വയ്പ്പുകാര്‍ ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Labels: കുറ്റകൃത്യം, കുവൈറ്റ്
- ജെ. എസ്.
( Wednesday, March 05, 2008 ) |
കുവൈറ്റില്‍ അഗ്നിബാധ
കുവൈറ്റിലെ പ്രധാന എണ്ണ ശുദ്ധീകരണ ശാലയായ ശുഹൈബ റിഫൈനറിയില്‍ തീപിടുത്തമുണ്ടായി. ആളപായമില്ല. ഡിസ്റ്റിലേഷന്‍ ടവറില്‍ ഉണ്ടായ തീപിടുത്തം മൂന്ന് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ഫയര്‍ ഫോഴ്സ് നിയന്ത്രണ വിധേയമാക്കിയത്.
Labels: അപകടങ്ങള്‍, കുവൈറ്റ്
- ജെ. എസ്.
( Tuesday, March 04, 2008 ) |
വിമാന യാത്രാക്കൂലിയില്‍ വര്‍ധനവ് ഉണ്ടാകും
കുവൈറ്റില്‍ നിന്നും സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ യാത്രാ നിരക്കിനൊപ്പം സര്‍ചാര്‍ജ് ഈടാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. ഈ തീരുമാനം നടപ്പിലായാല്‍ വിമാന യാത്രാക്കൂലിയില്‍ വര്‍ധനവ് ഉണ്ടാകും.
Labels: കുവൈറ്റ്, വിമാന സര്‍വീസ്
- ജെ. എസ്.
( Tuesday, March 04, 2008 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്