വിധിയുമായി വീണ്ടും മുഖാമുഖം : വിദ്യാഭ്യാസം ഇന്ന് മുതല്‍ മൌലികാവകാശം
ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഇന്ന് മുതല്‍ വിദ്യാഭാസം കുട്ടികളുടെ മൌലികാവകാശമാകും. ആറു വയസ്സ് മുതല്‍ പതിനാല് വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ വിദ്യാഭ്യാസം മൌലികാവകാശം ആക്കുന്ന നിയമം ഇന്ന് (ഏപ്രില്‍ 1) മുതല്‍ പ്രാബല്യത്തില്‍ വരും. സ്കൂളില്‍ പോകാന്‍ നിവൃത്തിയില്ലാത്ത ഒരു കോടിയോളം കുട്ടികള്‍ക്ക് ഇതോടെ വിദ്യാഭ്യാസം എന്ന സ്വപ്നം യാഥാര്‍ത്ഥ്യം ആവും. ഇവരെ സ്കൂളില്‍ അയക്കാനുള്ള ബാധ്യത ഇനി സംസ്ഥാന സര്‍ക്കാരുകളില്‍ നിക്ഷിപ്തമാകും. കുട്ടികളാണ് രാജ്യത്തിന്റെ ഭാവി ഭാഗധേയം നിര്‍ണ്ണയിക്കുന്നത് എന്നും അതിനാല്‍ ഈ നിയമം ചരിത്രപരമായി സുപ്രധാനമായ ഒന്നാണെന്നും നിയമം പ്രാബല്യത്തില്‍ വരുന്നതിനു മുന്നോടിയായി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് കൊണ്ട് പ്രധാന മന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. വിദ്യാഭാസ രംഗത്ത് രാഷ്ട്രത്തിനു ഇത് വീണ്ടും വിധിയുമായി ഒരു മുഖാമുഖമാണ് എന്ന് 1947 ഓഗസ്റ്റ് 14 അര്‍ദ്ധരാത്രി ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിയെ തുടര്‍ന്ന് ജവഹര്‍ ലാല്‍ നെഹ്‌റു നടത്തിയ പ്രശസ്തമായ വരികള്‍ കടമെടുത്ത് കേന്ദ്ര മാനവ വിഭവ ശേഷി വികസന മന്ത്രി കപില്‍ സിബല്‍ അഭിപ്രായപ്പെട്ടു.
Labels: കുട്ടികള്‍, വിദ്യാഭ്യാസം
- ജെ. എസ്.
( Thursday, April 01, 2010 ) |
കളിപ്പാട്ടങ്ങളില്‍ വിഷാംശമെന്ന് പഠന റിപ്പോര്‍ട്ട്
പുറംമോടി കണ്ട് കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങി ക്കൊടുക്കുന്ന രക്ഷിതാക്കള്‍ സൂക്ഷിക്കുക. സന്തോഷത്തോടെ സ്വന്തം കുഞ്ഞുങ്ങള്‍ക്ക് സമ്മാനിക്കുന്ന കളിപ്പാട്ടങ്ങള്‍ ഒരു പക്ഷെ അവര്‍ക്ക് സമ്മാനിക്കുക ഗുരുതരമായ ആരോഗ്യ പ്രശ്നനങ്ങള്‍ ആയേക്കാം.
കുട്ടികള്‍ക്ക് ആസ്മ, ശ്വാസ കോശ രോഗങ്ങള്‍ തുടങ്ങിയവക്ക് സാധ്യത കൂടുതലുള്ള വിഷാംശം അടങ്ങിയ കളിപ്പാട്ടങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ ഉണ്ടെന്നു സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മന്റ് നടത്തിയ പഠനം വ്യക്തമാക്കുന്നു. കളിപ്പാട്ടങ്ങളില്‍ നിര്‍മ്മാണാ വസ്ഥയില്‍ ഉപയോഗിക്കുന്ന വിഷാംശം അടങ്ങിയ ചില വസ്തുക്കള്‍ അപകട കാരിക ളാണത്രെ. പഠനത്തിനായി ഉപയോഗി ച്ചവയില്‍ 45 ശതമാനത്തിലും ഇത്തരം അപകട കരമായ വിഷ വസ്തുക്കള്‍ ഉപയോഗി ച്ചതായി വ്യക്തമായി. ചൈനയില്‍ നിന്നും വരുന്ന കളിപ്പാട്ട ങ്ങളിലാണ് ഇത് വളരെ കൂടുതലായി അടങ്ങി യിരിക്കു ന്നതെന്നും കണ്ടെത്തി യിട്ടുണ്ട്. കളിപ്പാട്ട ങ്ങളുടെ വിലക്കുറവും പളപളപ്പും കണ്ട് ഇനി കളിപ്പാട്ട ക്കടകളില്‍ കയറുമ്പോള്‍ ഒരു നിമിഷം ചിന്തിക്കുന്നത് നല്ലതാണ്. - എസ്. കുമാര്‍ Labels: ആരോഗ്യം, കുട്ടികള്‍
- ജെ. എസ്.
( Friday, January 15, 2010 ) |
പീഡനം - രണ്ട് മതാധ്യക്ഷന്മാര്‍ രാജി വെച്ചു
ഡബ്ലിന്‍ ആര്‍ച്ച് ഡയോസിസില്‍ നടന്ന കുട്ടികളുടെ പീഢന കഥകള്‍ മൂടി വെയ്ക്കാന്‍ ശ്രമിച്ച സംഭവം പുറത്തായതിനെ തുടര്‍ന്ന് ക്രിസ്മസ് ദിനത്തില്‍ രണ്ട് ബിഷപ്പുമാര്‍ അയര്‍ലാന്‍ഡില്‍ രാജി വെച്ചു. പീഢനത്തിന് ഇരയായ കുട്ടികളോട് മാപ്പ് അപേക്ഷിച്ച ഇരുവരും ഇടവകയിലെ മുഴുവന്‍ വിശ്വാസികളെയും അഭിസംബോധന ചെയ്ത് തങ്ങളുടെ പ്രസ്താവന വായിക്കുകയുണ്ടായി. ദശാബ്ദങ്ങളായി നടന്നു വന്ന പീഢനത്തിനെ കുറിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതിനെ തുടര്‍ന്നാണ് പീഢന കഥകള്‍ പരസ്യമായത്. നവംബര്‍ 26ന് പ്രസിദ്ധപ്പെടുത്തിയ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം ഇത്രയം നാള്‍ കുട്ടികളെ പീഢിപ്പിച്ചു പോന്ന 170ലേറെ പുരോഹിതരെ സഭ നിയമത്തില്‍ നിന്നും സംരക്ഷിച്ചു വരികയായിരുന്നു എന്ന് വ്യക്തമാവുന്നു.
Labels: കുട്ടികള്‍, പീഢനം
- ജെ. എസ്.
( Saturday, December 26, 2009 ) 1 Comments:
Links to this post: |
സംസ്ഥാന കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ മത്സരം
കേരള കാര്‍ട്ടൂണ്‍ അക്കാദമി, ഹോക്കി കേരളയുടെ സഹകരണത്തോടെ സ്ക്കൂള്‍ കോളെജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സംസ്ഥാന കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. 25 ക്ഷ് 35 സെന്റീമീറ്റര്‍ വലുപ്പത്തില്‍, മൂന്ന് കാര്‍ട്ടൂണുകളും കാരിക്കേച്ചറും ഒരു വിദ്യാര്‍ത്ഥിക്ക് മത്സരത്തിന് അയക്കാം. എന്‍ട്രികളുടെ പിന്നില്‍ പേര്, വയസ്, പഠിക്കുന്ന സ്ക്കൂള്‍ / കോളെജ്, ഫോണ്‍ നമ്പര്‍, വിലാസം എന്നിവ രേഖപ്പെടുത്തണം. 2001 ജനുവരി 16ന് മുന്‍പായി എന്‍ട്രികള്‍ താഴെ കാണുന്ന വിലാസത്തില്‍ ലഭിയ്ക്കണം:
സുധീര്‍നാഥ്, സെക്രട്ടറി, കേരള കാര്‍ട്ടൂണ്‍ അക്കാദമി, രണ്ടാം നില, അമരകേരള ബില്‍ഡിംഗ്സ്, കലാഭവന്‍ റോഡ്, കൊച്ചി -682018 കാര്‍ട്ടൂണിന്റെ വിഷയം : ഹോക്കി കാരിക്കേച്ചറിന്റെ വിഷയം : ശശി തരൂര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. മത്സരത്തില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 30 പേര്‍ക്ക് കേരള കാര്‍ട്ടൂണ്‍ അക്കാദമി, ബ്രിട്ടീഷ് കൌണ്‍സിലിന്റെ സഹകരണത്തോടെ ഫെബ്രുവരിയില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ദേശീയ അന്തര്‍ ദേശീയ കാര്‍ട്ടൂണിസ്റ്റുകള്‍ പങ്കെടുക്കുന്ന ദ്വിദിന കാര്‍ട്ടൂണ്‍ പഠന ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുന്നതാണ്. - സുധീര്‍നാഥ്, സെക്രട്ടറി, കേരള കാര്‍ട്ടൂണ്‍ അക്കാദമി Labels: കാര്‍ട്ടൂണ്‍, കുട്ടികള്‍
- ജെ. എസ്.
( Saturday, December 19, 2009 ) |
ലോക ശ്രദ്ധ പിടിച്ചു വാങ്ങിയ ഒരു ബലൂണ്‍
കൊളറാഡോയില്‍ ആറു വയസ്സുകാരന്‍ ഫാല്‍ക്കണ്‍ ഹീന്‍ കയറിയ ബലൂണ്‍ ആകാശത്തേക്ക് പറന്നു പോയി എന്ന വാര്‍ത്തയെ തുടര്‍ന്ന് ലോകം ഇന്നലെ 90 മിനിട്ടിലേറെ ശ്വാസമടക്കി ആ കാഴ്‌ച്ച കണ്ടു. ഇന്നലെ ഉച്ച തിരിഞ്ഞായിരുന്നു സംഭവം.
കുട്ടിയുടെ വീട്ടുകാര്‍ നിര്‍മ്മിച്ചു കൊണ്ടിരുന്ന ഹീലിയം വാതക ബലൂണിന്റെ പേടകത്തില്‍ കയറിയ ബാലന്‍ അത് കെട്ടി ഇട്ടിരുന്ന കയര്‍ അഴിച്ചു വിടുകയാണ് ഉണ്ടായത് എന്ന് ബാലന്റെ സഹോദരന്‍ കണ്ടതായി പോലീസ് അറിയിച്ചു. കയര്‍ അഴിഞ്ഞതോടെ പറന്നു പൊങ്ങിയ ബലൂണ്‍ ശക്തമായ കാറ്റില്‍ അതിവേഗം പറന്ന് നീങ്ങുകയാണ് ഉണ്ടായത്. ബലൂണില്‍ ഘടിപ്പിച്ച പേടകത്തിന്റെ വാതില്‍ പൂട്ടിയിട്ടി ല്ലായിരുന്നു എന്നതിനാല്‍ കുട്ടി പേടകത്തില്‍ നിന്നും വീണു പോയിട്ടുണ്ടാവും എന്നായിരുന്നു സംശയം. ഏഴായിരം അടി ഉയരത്തില്‍ പറന്ന ബലൂണ്‍ മണിക്കൂറില്‍ അന്‍പത് കിലോമീറ്റര്‍ വേഗതയില്‍ കിഴക്കന്‍ ദിശയിലേക്ക് നീങ്ങി ക്കൊണ്ടിരുന്നു. പേടകത്തിന്റെ അടിയിലെ പലക തീര്‍ത്തും ദുര്‍ബലമാണ് എന്നതിനാല്‍ ചെറിയൊരു ആഘാതം പോലും അത് തകരുവാന്‍ ഇടയാക്കും എന്ന് വിദഗ്ദ്ധര്‍ വിലയിരുത്തി. ഇത്തരമൊരു സംഭവം ആദ്യമായാണ് നേരിടേണ്ടി വരുന്നത് എന്നതിനാല്‍ ഇതെങ്ങനെ കൈകാര്യം ചെയ്യണം എന്ന ആശയ ക്കുഴപ്പത്തില്‍ ആയിരുന്നു അധികൃതര്‍. 90 മിനുട്ടോളം പറന്ന ശേഷം ബലൂണ്‍ നിലത്തിറ ങ്ങിയപ്പോഴേക്കും രക്ഷാ പ്രവര്‍ത്തകര്‍ ഫയര്‍ എഞ്ചിനും മറ്റ് സന്നാഹങ്ങളുമായി ഓടിയടുത്തു. എന്നാല്‍ ബലൂണില്‍ കുട്ടി ഉണ്ടായിരുന്നില്ല. അതോടെ കുട്ടി പറക്കുന്ന തിനിടയില്‍ വീണു പോയിട്ടുണ്ടാവും എന്ന സംശയം പ്രബലപ്പെട്ടു. അന്വേഷണങ്ങള്‍ പുരോഗമി ക്കുന്നതിനിടെ പൊടുന്നനെ കുട്ടി അവന്റെ വീട്ടില്‍ തന്നെ പ്രത്യക്ഷപ്പെട്ടതോടെ കഥയ്ക്ക് പരിസമാ പ്തിയാവുകയും ചെയ്തു. കയര്‍ ഊരി ബലൂണ്‍ പറത്തിയ കുട്ടി, പേടി കാരണം തട്ടിന്‍ പുറത്ത് ഒരു പെട്ടിയില്‍ കയറി ഒളിച്ചിരിക്കു കയായിരുന്നു. ഏതായാലും ഒന്നര മണിക്കൂറോളം ലോകത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയ ബാലന്‍ ലോകമെമ്പാടുമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഒരു ആഘോഷമായി മാറി. “ബലൂണ്‍ ബോയ്” എന്ന പേരില്‍ പ്രസിദ്ധനായ ബാലന്‍ പറത്തി വിട്ട ബലൂണിന്റെ ചിത്രമടങ്ങിയ റ്റീ ഷര്‍ട്ടുകള്‍ വരെ ഈ ഒന്നര മണിക്കൂറിനുള്ളില്‍ വിപണിയില്‍ രംഗത്ത് വരികയും ചെയ്തു. ഒരു മണിക്കൂറിനുള്ളില്‍ ഫേസ് ബുക്കില്‍ മൂന്ന് ഫാന്‍ പേജുകളും ഗ്രൂപ്പുകളും രൂപം കൊണ്ടു. Balloon boy keeps the world chasing for 90 minutes Labels: അപകടങ്ങള്‍, കുട്ടികള്‍
- ജെ. എസ്.
( Friday, October 16, 2009 ) |
പട്ടിണി മാറ്റാത്ത സ്വതന്ത്ര വിപണി
ഐക്യ രാഷ്ട്ര സഭ ഇന്ന് ലോക ഭക്ഷ്യ ദിനമായി ആചരിക്കുന്നു. പട്ടിണിയും ദാരിദ്ര്യവും അകറ്റാനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് ലോക ശ്രദ്ധ തിരിച്ചു വിടാനുള്ള ഉദ്ദേശവുമായി 1979ലാണ് ഒക്ടോബര്‍ 16 ലോക ഭക്ഷ്യ ദിനമായി ആചരിക്കാന്‍ തീരുമാനമായത്. ഇന്ന് പുറത്തു വിട്ട ഒരു റിപ്പോര്‍ട്ട് പട്ടിണി അകറ്റാനുള്ള പ്രവര്‍ത്തനങ്ങളില്‍ വിവിധ രാജ്യങ്ങള്‍ കൈവരിച്ച പുരോഗതി വിലയിരുത്തുന്നു. ഇതില്‍ ഇന്ത്യയുടെ സ്ഥാനം ഒട്ടേറെ പിന്നിലാണെന്നത് റിപ്പോര്‍ട്ടില്‍ പ്രത്യേകം എടുത്തു പറയുന്നുണ്ട്.
പട്ടിണി അകറ്റാനുള്ള ശ്രമത്തിന്റെ വിജയം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ സൂചനയല്ല എന്നതാണ് ഈ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്ന വസ്തുത. ചില ദരിദ്ര രാജ്യങ്ങള്‍ ഈ രംഗത്ത് എടുത്തു പറയാവുന്ന പുരോഗതി കൈവരിച്ചിട്ടുണ്ട്. എന്നാല്‍ വ്യാവസായിക വികസനത്തിന്റെ കാര്യത്തില്‍ ഏറെ പുരോഗതി കാണിക്കുന്ന ഇന്ത്യ ഈ പട്ടികയില്‍ എത്യോപ്യയുടെയും കംബോഡിയയുടെയും പുറകിലാണ്. നേപ്പാളും ബംഗ്ലാദേശും ഇന്ത്യയേക്കാള്‍ മുന്‍പിലാണ്. ബ്രസീലാണ് ഒന്നാമത്. തൊട്ടു പുറകില്‍ ചൈനയുമുണ്ട്. വികസ്വര രാജ്യങ്ങളുടെ റിപ്പോര്‍ട്ട് ഭക്ഷണ ബാങ്കുകള്‍, സമൂഹ അടുക്കളകള്‍ എന്നിവ സ്ഥാപിക്കുക, സ്ക്കൂളുകളില്‍ ഭക്ഷണം വിതരണം ചെയ്യുക, ചെറു കിട കര്‍ഷകരെ പിന്തുണക്കുക എന്നിവയാണ് ഈ രംഗത്ത് ഒന്നാമതാവാന്‍ ബ്രസീലിനെ സഹായിച്ചത്. കൃഷി സ്ഥലം എല്ലാവര്‍ക്കുമായി വിതരണം ചെയ്ത്, ദരിദ്ര കര്‍ഷകരെ സഹായിക്കുക വഴി ചൈന 58 മില്യണ്‍ ആളുകളെ പട്ടിണിയില്‍ നിന്നും മോചിപ്പിച്ചു. ചെറുകിട കര്‍ഷകര്‍ക്ക് നല്‍കി വന്ന പിന്തുണയും ഭക്‌ഷ്യ സുരക്ഷയെ ദേശീയ നയമായി കാണുകയും ചെയ്ത ഘാന, ഒരു ദരിദ്ര രാജ്യമായിരുന്നിട്ടും മൂന്നാം സ്ഥാനത്തെത്തി. ഭൂ പരിഷ്കരണവും ചെറുകിട കര്‍ഷകരെ സഹായിക്കുന്ന ശക്തമായ നയങ്ങളുമാണ് പട്ടിണിക്കാരുടെ എണ്ണം പകുതിയായി കുറക്കാന്‍ വിയറ്റ്നാമിനെ സഹായിച്ചത്. എച്. ഐ. വി. യുടെ കെടുതികളാല്‍ ഏറെ കഷ്‌ട്ടപ്പെടുന്ന, ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളില്‍ ഒന്നായ മലാവി, മൂന്ന് വര്‍ഷം കൊണ്ട് പട്ടിണി അകറ്റുന്നതില്‍ കൈവരിച്ച നേട്ടത്തിന്, ചെറുകിട കര്‍ഷകര്‍ക്ക് നല്‍കിയ ശക്തമായ പിന്തുണയാണ് കാരണമായത്. വ്യത്യസ്തമായ സാഹചര്യങ്ങള്‍ നില നില്‍ക്കുന്ന ഈ അഞ്ചു രാജ്യങ്ങളുടെയും നേട്ടങ്ങള്‍ക്ക് സഹായിച്ച ചില പൊതുവായ വസ്തുതള്‍ ഇവയാണ് :
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയല്ല, മറിച്ച് സര്‍ക്കാരുകളുടെ പങ്കാണ് പട്ടിണി നിവാരണം സാധ്യമാക്കുന്നത് എന്ന് ഈ റിപ്പോര്‍ട്ട് പരാമര്‍ശിച്ചു കൊണ്ട് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയ ആക്ഷന്‍ എയ്ഡ് ഡയറക്ടര്‍ ആന്‍ ജെലെമ അറിയിച്ചു. ആറ് സെക്കന്‍ഡില്‍ ഒരു കുഞ്ഞ് വീതം പട്ടിണി മൂലം ഇന്ന് മരണമടയുന്നുണ്ട്. സര്‍ക്കാരുകള്‍ മനസ്സു വെച്ചാല്‍ ഇത് തടയാവുന്നതേയുള്ളൂ. ജനസംഖ്യയുടെ 35 ശതമാനം പേര്‍ ഇന്ത്യയില്‍ പട്ടിണി അനുഭവിക്കുന്നു എന്നാണ് കണക്ക്. 90 ശതമാനം ഗര്‍ഭിണികളായ സ്ത്രീകളും, 70 ശതമാനം കുട്ടികളും ഇന്ത്യയില്‍ പോഷകാഹാര കുറവ് അനുഭവിക്കുന്നു. ആഗോള സാമ്പത്തിക മാന്ദ്യം അവസാനിച്ചാലും, പോഷകാഹാര കുറവ് അനുഭവിച്ച് വളരുന്ന അടുത്ത തലമുറയുടെ ആരോഗ്യ നില ആപല്‍ക്കരമായ അവസ്ഥയിലായിരിക്കും എന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാ ണിക്കുന്നു. ഇത് നേരിടാന്‍ നാം ഇനിയും ഉപേക്ഷ കാണിക്കരുത്. ചന്ദ്രനില്‍ വെള്ളം നമുക്ക് കണ്ടെത്താം. സ്വന്തം ദാരിദ്ര്യം ഉയര്‍ത്തിക്കാട്ടി ഓസ്ക്കാറും നമുക്ക് നേടാം. എന്നാല്‍ നമ്മുടെ ഏറ്റവും വലിയ സമ്പത്തായ ഭാവി തലമുറയുടെ ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നാളെ നമുക്കാവില്ല. അത് നാം ഇന്നു തന്നെ ഉറപ്പാക്കിയേ മതിയാവൂ.
World Food Day - India high on the hunger map Labels: ഇന്ത്യ, കുട്ടികള്‍
- ജെ. എസ്.
( Friday, October 16, 2009 ) |
പത്താം ക്ലാസ് പരീക്ഷ ഇനി വേണ്ട
പത്താം ക്ലാസ് പരീക്ഷ ഇനി നിര്‍ബന്ധമായി എഴുതേണ്ടതില്ല. വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഗ്രേഡിങ്ങ് സമ്പ്രദായത്തിലൂടെ ആയിരിക്കും ഇനി വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം പരിശോധിക്കുക. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി കപില്‍ സിബാല്‍ അറിയിച്ചതാണ് ഈ കാര്യം.
വര്‍ഷാവസാനത്തിലെ പരീക്ഷ കുട്ടികളില്‍ ഉളവാക്കുന്ന മാനസിക പിരിമുറുക്കവും സമ്മര്‍ദ്ദവും ഏറെ നാളായി ഇന്ത്യയില്‍ വിദ്യാഭ്യാസ വിദഗ്ദ്ധര്‍ക്കും രക്ഷിതാക്കള്‍ക്കിടയിലും ചര്‍ച്ച നടന്നു വരികയായിരുന്നു. പരീക്ഷയില്‍ മാര്‍ക്ക് കുറയുന്ന കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നതും മറ്റും ഉള്ള സംഭവങ്ങള്‍ ഇത്തരം ഒരു നീക്കത്തിലൂടെ പരിഹരിക്കപ്പെടും എന്നാണ് പ്രതീക്ഷ. ഇന്ത്യ ഒട്ടാകെ നടന്ന ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞു വന്ന ആശയമാണിതെന്ന് മന്ത്രി അറിയിച്ചു. സി. ബി. എസ്. ഇ. സ്ക്കൂളുകളിലാണ് തല്‍ക്കാലം ഗ്രേഡിങ്ങ് സമ്പ്രദായം നടപ്പിലാക്കുക. A+, A, B, C, D, E എന്നീ ഗ്രേഡുകളാവും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക. പന്ത്രണ്ടാം ക്ലാസ് വരെ ഉള്ള സ്ക്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി പരീക്ഷ എഴുതാതെ തന്നെ പത്താം ക്ലാസില്‍ നിന്നും പതിനൊന്നാം ക്ലാസിലേക്ക് പ്രവേശിക്കാം. എന്നാല്‍ പത്താം ക്ലാസ് വരെ മാത്രമുള്ള സ്ക്കൂളുകള്‍ക്ക് പരീക്ഷ നടത്താം എന്നും മന്ത്രി വിശദീകരിച്ചു. Labels: കുട്ടികള്‍, വിദ്യാഭ്യാസം
- ജെ. എസ്.
( Tuesday, September 01, 2009 ) |
ഹിമാന്‍ശുവും നിഷിതയും മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു
അന്യായമായി തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന തങ്ങളുടെ അച്ഛനെ വിട്ടു കിട്ടണം എന്ന് ആവശ്യപ്പെട്ട് കോടതിക്കു വെളിയില്‍ കോടതിയുടെ കനിവിനായി അപേക്ഷിച്ച് കാത്തിരുന്ന ഹിമാന്‍ശുവും നിഷിതയും തങ്ങളുടെ ആവശ്യവുമായി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. കഴിഞ്ഞ 40 ദിവസത്തോളം ഇവര്‍ കോടതിക്കു പുറത്ത് റോഡരികില്‍ തങ്ങളുടെ അച്ഛനെ വിട്ടു കിട്ടണം എന്ന മുദ്രാവാക്യം എഴുതിയ ബോര്‍ഡും ഏന്തി കഴിയുകയായിരുന്നു. ഇവരോടൊപ്പം റോഡരികില്‍ വെച്ചു കെട്ടിയ കുടിലില്‍, ഇവരുടെ വൃദ്ധരായ അപ്പൂപ്പനും അമ്മൂമ്മയും ഇവര്‍ക്ക് കാവലായും ഇരുന്നു, അന്യായമായി പോലീസ് പിടിച്ചു കൊണ്ടു പോയ തങ്ങളുടെ മകനെ ഓര്‍ത്ത് കണ്ണീരൊഴുക്കി കൊണ്ട്.
മൂന്നു വര്‍ഷം മുന്‍പ് ഒരു ഓടി കൊണ്ടിരിക്കുന്ന കാറില്‍ വെച്ചാണ് ഹിമാന്‍ശുവിന്റെയും നിഷിതയുടെയും അമ്മ അല്‍ക്ക ബലാത്സംഗം ചെയ്യപ്പെട്ടത്. ഭര്‍ത്താവ് സുനിലുമൊത്ത് പോലീസില്‍ പരാതിപ്പെട്ടു എങ്കിലും പോലീസ് നടപടി സ്വീകരിച്ചില്ല. ഇതിനെതിരെ ഒരു പാട് നാള്‍ ഇവര്‍ പോലീസ് അധികാരികളുടെ ഓഫീസുകളില്‍ കയറി ഇറങ്ങി എങ്കിലും കാര്യമൊന്നും ഉണ്ടായില്ല. പോലീസ് പ്രതികളെ സംരക്ഷിക്കുന്ന നയമാണ് സ്വീകരിച്ചത്. മനം നൊന്ത് അവസാനം ഇരുവരും വിഷം കഷിച്ച് മരിക്കുവാന്‍ തീരുമാനിച്ചു. വിഷം കഴിച്ച അല്‍ക്ക മരിച്ചുവെങ്കിലും സുനില്‍ മരിച്ചില്ല. കുറ്റവാളികളെ ഇത്രയും നാള്‍ സംരക്ഷിച്ച പോലീസ് ഇതോടെ രംഗത്ത് എത്തുകയും, ഭാര്യക്ക് വിഷം കൊടുത്തു കൊന്നു എന്ന കുറ്റം ആരോപിച്ച് സുനിലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് എട്ട് വയസുകാരി നിഷിതയും, ഏഴു വയസുള്ള സഹോദരന്‍ ഹിമാന്‍ശുവും, തങ്ങളുടേതായ രീതിയില്‍ തങ്ങളുടെ അച്ഛനെ മോചിപ്പിക്കുവാനായി ശ്രമിച്ചത്. ഒരു മാസത്തോളം അധികൃതര്‍ ഇവരുടെ സമരം കണ്ടതായി ഭാവിച്ചില്ല. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇവരുടെ പ്രതിഷേധത്തിന്റെ കരളലിയിക്കുന്ന ദൃശ്യങ്ങള്‍ ടെലിവിഷനിലും മറ്റും പ്രത്യക്ഷപ്പെട്ടതോടെ അധികൃതര്‍ക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി. ജില്ലാ ഭരണകൂടം ഇടപെട്ട് ഇവരെ ഒരു അനാഥാലയത്തിലേക്ക് മാറ്റി. കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇങ്ങനെ ചെയ്തത് എന്നാണ് അധികൃതര്‍ പറഞ്ഞതെങ്കിലും ഇവരെ ബലമായി പിടിച്ചു കൊണ്ടു പോവുകയായിരുന്നു എന്ന് ബന്ധുക്കള്‍ ആരോപിച്ചു. ടെലിവിഷനിലും മറ്റും വന്ന ദൃശ്യങ്ങളെ തുടര്‍ന്ന് മുഖം രക്ഷിക്കാനുള്ള അധികൃതരുടെ ശ്രമം മാത്രമായിരുന്നു ഇത് എന്ന് പിന്നീടുള്ള സംഭവങ്ങള്‍ വ്യക്തമാക്കി. ഇവരെ കുടുംബത്തിന് വിട്ട് കൊടുക്കണം എങ്കില്‍ ചില നിബന്ധനകള്‍ അടങ്ങിയ ബോണ്ടില്‍ ഒപ്പു വെക്കണം എന്നായി അധികൃതര്‍. ഇതിന് ഇവരുടെ ബന്ധുക്കള്‍ വഴങ്ങിയിട്ടില്ല. ഇതിനിടെ ഹരിയാന പോലീസ് അല്‍ക്കയെ പീഢിപ്പിച്ച ഒരാളെ തിരക്കിട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസ് എത്രയും പെട്ടെന്ന് അവസാനിപ്പിക്കാനും പോലീസ് ശ്രമിക്കുന്നുണ്ട്. ഒരാളെ പിടികൂടി, കുറ്റം ചുമത്തി, മറ്റ് പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത് എന്നാണ് സ്ഥല വാസികളുടെ ആരോപണം. Labels: കുട്ടികള്‍, പീഢനം, പോലീസ്, മനുഷ്യാവകാശം
- ജെ. എസ്.
( Saturday, August 22, 2009 ) |
പെണ്‍ ഭ്രൂണ ഹത്യ ഇന്ത്യക്ക് അപമാനകരം
ഇന്ത്യന്‍ സമൂഹത്തിന് കളങ്കമായ പെണ്‍ ഭ്രൂണ ഹത്യ എത്രയും വേഗം ഇല്ലാതാക്കണം എന്ന് പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. ഇന്ത്യയുടെ 63-ാം സ്വാതന്ത്ര ദിനത്തില്‍ ചെങ്കോട്ടയില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിക്കുക ആയിരുന്നു പ്രധാന മന്ത്രി. ജനനത്തിനു മുന്‍പേ പെണ്‍ കുഞ്ഞിനെ നശിപ്പിച്ചു കളയുന്ന പ്രവണത നമ്മുടെ സമൂഹത്തിന് അപമാനകരമാണ്. രാജ്യത്തിന്റെ പുരോഗതിക്ക് സ്ത്രീകളുടെ പങ്ക് നിര്‍ണ്ണായകമാണ്. സ്ത്രീ സമത്വം നടപ്പിലാവാതെ ഇന്ത്യക്ക് പുരോഗതി കൈവരിക്കാന്‍ ആവില്ല. പാര്‍ളമെന്റില്‍ 33 ശതമാനം സ്ത്രീ സംവരണം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണ്. ഗ്രാമീണ്‍ സ്വയം ഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തി ആവശ്യത്തിന് പ്രാതിനിധ്യം ഉറപ്പു വരുത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ എന്നും അദ്ദേഹം വെളിപ്പെടുത്തി. ദേശീയ സ്ത്രീ സാക്ഷരതാ മിഷന്റെ പ്രഖ്യാപനം നടത്തിയ പ്രധാനമന്ത്രി ഈ പദ്ധതി പ്രകാരം രാജ്യത്തെ സ്ത്രീകളിലെ നിരക്ഷരത പകുതിയായി കുറക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് അറിയിച്ചു. മാര്‍ച്ച് 2012 ആവുമ്പോഴേക്കും കുട്ടികളുടെ സമഗ്ര വികസന പദ്ധതിയുടെ പരിധിയില്‍ ആറു വയസിനു കീഴിലുള്ള എല്ലാ കുട്ടികളെയും ഉള്‍പ്പെടുത്തുമെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ പ്രത്യേക പരിരക്ഷ ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും എന്നും പ്രധാനമന്ത്രി പറഞ്ഞു.
Female Foeticide A Shame For Indian Society - Manmohan Singh Labels: കുട്ടികള്‍, മനുഷ്യാവകാശം, സ്ത്രീ
- ജെ. എസ്.
( Saturday, August 15, 2009 ) |
പ്രവാസികള്‍ മടങ്ങുമ്പോള്‍ ഗള്‍ഫില്‍ പനി ഭീതി
വേനല്‍ അവധി കഴിഞ്ഞു വിദ്യാലയങ്ങള്‍ തുറക്കാറായി. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇന്ത്യയില്‍ നിന്നും മടങ്ങി ഗള്‍ഫിലേക്ക് എത്തുന്നത്. ലോകത്തെല്ലായിടത്തും പന്നി പനി പടര്‍ന്നു പിടിക്കുകയാണ്. ഇന്ത്യയില്‍ പനി ആയിരത്തിലേറെ പേരെ പിടി കൂടി കഴിഞ്ഞു. 19 പേര്‍ മരണത്തിനു കീഴടങ്ങി. വേനല്‍ അവധി കഴിഞ്ഞു ഗള്‍ഫിലേക്ക് ലക്ഷങ്ങള്‍ മടങ്ങുമ്പോള്‍ ഇവരില്‍ പലരും വയറസിന്റെ വാഹകരാവാം എന്ന സാധ്യത തള്ളി കളയാന്‍ ആവില്ല. കഴിഞ്ഞ വര്‍ഷം വേനല്‍ അവധി കഴിഞ്ഞ് പലരും ചിക്കുന്‍ ഗുനിയയുമായി ആയിരുന്നു തിരികെ വന്നത്. എന്നാല്‍ ഇതിനേക്കാള്‍ ഭീതിദമാണ് പന്നി പനി എന്ന് ഇത് പകരുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പനി ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് ദിവസങ്ങള്‍ കൊണ്ടാണ് ഇത് ലോകമെമ്പാടും പകര്‍ന്നത്.
ഒരു ശീതീകരിച്ച, അടച്ച മുറിക്കുള്ളില്‍ നാല്‍പ്പതോളം കുട്ടികള്‍ തിക്കി തിരക്കി ഇരിക്കുന്ന സാഹചര്യമാണ് ഗള്‍ഫിലെ സ്കൂളുകളില്‍. ഇവരുടെ വിയര്‍പ്പിന്റെ ഗന്ധം പോലും ഈ ക്ലാസ് മുറികളെ ദുഃസ്സഹമാക്കുന്നു എന്നാണ് അധ്യാപകര്‍ പോലും പറയുന്നത്. ഈ മുറികളിലേക്കാവും പന്നി പനിയുടെ വയറസും പേറി കുട്ടികള്‍ അവധി കഴിഞ്ഞ് മടങ്ങി വരുന്നത്. ഈ അടച്ച മുറികളില്‍ വയറസ് പകര്‍ച്ച തടയുക അസാധ്യമാവും എന്നത് വളരെ ഏറെ അപകടം പിടിച്ച ഒരു സ്ഥിതി വിശേഷമാണ് കാഴ്ച വെക്കുന്നത്. പന്നി പനി മൂലം മസ്ക്കറ്റിലെ ഇന്ത്യന്‍ സ്ക്കൂള്‍ ഓഗസ്റ്റ് 22 വരെ അടച്ചിടുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഇവിടെ ഒരു കുട്ടി പനി മൂലം മരണമടഞ്ഞു എന്നാണ് ഇവിടെ നിന്നും ഉള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പനി ഭീതി വളര്‍ത്താതിരിക്കാന്‍ വേണ്ടിയാവാം അധികൃതര്‍ മൌനം പാലിക്കുന്നത്. എന്നാല്‍ ഇന്ത്യയും മറ്റ് രാജ്യങ്ങളും പനിയെ നേരിട്ടത് വ്യാപകമായ ബോധവല്‍ക്കരണത്തിലൂടെയും വസ്തുതകള്‍ പൊതു ജനത്തിനു മുന്‍പില്‍ പരസ്യമായി വെളിപ്പെടുത്തിയും ആണ്. ഇന്ത്യയില്‍ മൂന്നില്‍ ഒന്നു പേര്‍ക്ക് പന്നി പനി ബാധിക്കാന്‍ സാധ്യത ഉണ്ടെന്ന് ഇന്ത്യന്‍ ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസമാണ് പ്രസ്താവിച്ചത്. പനി ഇവിടെയും ഒരു യാഥാര്‍ത്ഥ്യം ആണെന്ന് എല്ലാവരും മനസ്സിലാക്കി അത് പടരുന്നതിന് എതിരെ ആവശ്യമായ മുന്‍ കരുതലുകള്‍ എടുക്കുക തന്നെ വേണം. ഇതിന് പൊതുജനം അധികൃതരുമായി പരമാവധി സഹകരിക്കുകയും ഈ പ്രവര്‍ത്തനം ഒരു കൂട്ടായ സംരംഭമായി ഏറ്റെടുക്കുകയും വേണം. ഇത് നില നില്‍പ്പിന്റെ തന്നെ പ്രശ്നമാണ് എന്ന ബോധം ഒരോരുത്തര്‍ക്കും ആവശ്യമാണ്. ഇത്തരം ഒരു കൂട്ടായ പ്രവര്‍ത്തനം ഇവിടങ്ങളില്‍ നിലവില്‍ ഇല്ലാത്തതാണ്. പ്രവാസി സംഘടനകളേയും കൂട്ടായ്മകളേയും പങ്കാളികളാക്കി, ഇത്‍ സാഹചര്യത്തിന്റെ ആവശ്യമായി അംഗീകരിച്ച്, ഇത്തരം പ്രവര്‍ത്തനത്തിന് അധികൃതരും തയ്യാറായേ മതിയാകൂ. H1N1 (Swine Flu) fear grips middle east as expat students return for school reopening Labels: ആരോഗ്യം, കുട്ടികള്‍, ഗള്‍ഫ്, പ്രവാസി
- ജെ. എസ്.
( Wednesday, August 12, 2009 ) |
ഐക്യരാഷ്ട്ര സംഘടനയുടെ പോഷകാഹാരം ഇന്ത്യ നിരാകരിച്ചു
പോഷകാഹാര കുറവ് മൂലം കഷ്ടപ്പെടുന്ന ബീഹാറിലേയും മധ്യ പ്രദേശിലെയും കുട്ടികള്‍ക്ക് വിതരണം ചെയ്യുവാനായി ഐക്യ രാഷ്ട്ര സഭ ഇറക്കുമതി ചെയ്ത 10 കോടി രൂപയുടെ പോഷകാഹാരം സര്‍ക്കാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഐക്യ രാഷ്ട്ര സഭ വിതരണം നിര്‍ത്തി വെച്ചു.
ഐക്യ രാഷ്ട്ര സഭയുടെ കുട്ടികള്‍ക്കായുള്ള സംഘടന (UNICEF) ഇറക്കുമതി ചെയ്ത Ready To Use Therapeutic Food (RUTF) എന്ന ആഹാരമാണ് സര്‍ക്കാര്‍ പരിശോധനകള്‍ നടത്താതെയാണ് ഇറക്കുമതി ചെയ്തതെന്ന കാരണം പറഞ്ഞ് തടഞ്ഞത്. പോഷകാഹാര കുറവിന് പ്രത്യേകം ചികിത്സാ രീതി വേണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നയം. ഇതനുസരിച്ച് കപ്പലണ്ടിയില്‍ നിന്നും പ്രത്യേകമായി നിര്‍മ്മിച്ച ഈ പോഷകാഹാരം ഐക്യ രാഷ്ട്ര സഭ ലോകമെമ്പാടും പോഷകാഹാര കുറവ് അനുഭവിക്കുന്ന കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നുണ്ട്. ലോകത്തിലെ ഏറ്റവും അധികം പോഷകാഹാര കുറവ് അനുഭവിക്കുന്ന കുട്ടികള്‍ ഉള്ളത് ഇന്ത്യയിലാണ്. അതില്‍ തന്നെ ഏറ്റവും അധികം കുട്ടികള്‍ ബീഹാറിലും മധ്യ പ്രദേശിലും ആണുള്ളത്. ഈ സംസ്ഥാനത്തെ സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടത് കൊണ്ടാണ് UNICEF പോഷകാഹാരം ഇറക്കുമതി ചെയ്ത് വിതരണം ചെയ്തത്. എന്നാല്‍ ഇതിന് വില വളരെ കൂടുതല്‍ ആണെന്നും ഇതിന്റെ നിലവാരം പരിശോധിക്കപ്പെട്ടിട്ടില്ല എന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. തങ്ങളുടെ പരിശോധനാ സംവിധാനത്തിലൂടെ കടന്നു പോകാത്ത ഒന്നും ഇന്ത്യയില്‍ വിതരണം ചെയ്യാന്‍ അനുവദിക്കില്ല എന്ന് ശിശു ക്ഷേമ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതിനു പകരം പ്രാദേശികമായി ലഭിക്കുന്ന സംസ്കരിച്ച പാല്‍ വിതരണം ചെയ്താല്‍ മതി എന്നാണ് ഔദ്യോഗിക നിരീക്ഷണം. എന്നാല്‍ കടുത്ത പോഷകാഹാര കുറവിന് ഇത് പ്രതിവിധി ആവില്ല എന്ന് UNICEF ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ അധികൃതര്‍ തടഞ്ഞതിനെ തുടര്‍ന്ന് ഇരക്കുമതി ചെയ്ത പോഷകാഹാരം ഐക്യ രാഷ്ട്ര സഭ അഫ്ഗാനിസ്ഥാനിലേക്കും മഡഗാസ്കറിലേക്കും കയറ്റി അയച്ചു. വമ്പിച്ച സാമ്പത്തിക പുരോഗതി ഇന്ത്യ അവകാശപ്പെടുമ്പോഴും ഇതിന്റെ ഗുണഫലം താഴേക്കിടയിലേക്ക് എത്തുന്നില്ല എന്നതിന്റെ തെളിവാണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ പോഷകാഹാര കുറവ് അനുഭവിക്കുന്ന കുട്ടികള്‍ ഇന്ത്യയിലാണ് എന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഇത്തരം ഒരു നടപടി പരിഹാസ്യമാണ് എന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു. India rejects high energy food distributed by UNICEF Labels: ആരോഗ്യം, കുട്ടികള്‍
- ജെ. എസ്.
( Thursday, August 06, 2009 ) |
എച്.ഐ.വി. ബാധിച്ച കുട്ടികള്‍ക്ക് പ്രത്യേകം വിദ്യാലയങ്ങള്‍ വേണമെന്ന് മന്ത്രി
മഹാരാഷ്ട്രയിലെ ലത്തൂരില്‍ എച്.ഐ.വി. ബാധിച്ച കുട്ടികളെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് മറ്റ് കുട്ടികളുടെ രക്ഷിതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ അധികൃതര്‍ പുറത്താക്കാന്‍ ഒരുങ്ങുന്നതിനിടെ ഗ്രാമ വാസികള്‍ക്ക് പിന്തുണയുമായി ഒരു സംസ്ഥാന മന്ത്രി തന്നെ രംഗത്ത് വന്നത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് തിരിച്ചടിയായി. മന്ത്രി ദിലീപ് ദേശ്‌മുഖ് ആണ് എച്. ഐ. വി. ബാധിച്ച കുട്ടികള്‍ക്ക് എതിരെ പരസ്യമായി രംഗത്തു വന്നിട്ടുള്ളത്. എച്. ഐ. വി. ബാധിച്ച കുട്ടികളെ പഠിപ്പിക്കാന്‍ പ്രത്യേക സ്കൂളുകള്‍ ആരംഭിക്കണം എന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം.
അമി സേവക് എന്ന സാമൂഹ്യ സേവന സംഘടന നടത്തുന്ന സേവാലയ എന്ന അനാഥാശ്രമത്തില്‍ നിന്നുള്ള 10 കുട്ടികളാണ് ജില്ലാ പരിഷദ് നടത്തുന്ന സ്കൂളില്‍ പഠിക്കുന്നത്. ഇവരുടെ കൂടെ തങ്ങളുടെ കുട്ടികളെ പഠനത്തിന് ഇരുത്താന്‍ മറ്റ് കുട്ടികളുടെ രക്ഷിതാക്കള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇവരോട് ഇനി സ്കൂളില്‍ വരരുത് എന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. എച്. ഐ. വി. ക്കും എയ്ഡ്സ് രോഗത്തിനും നേരെയുള്ള വിവേചനത്തിന് എതിരെ നിയമം കൊണ്ടു വരണമെന്നും ബോധവല്‍ക്കരണത്തിനും അപ്പുറം സാധാരണക്കാരന്റെ അവകാശങ്ങളെ കുറിച്ചും കര്‍ത്തവ്യങ്ങളെ കുറിച്ചും ചിന്തിക്കണം എന്നൊക്കെ മനുഷ്യാവകാശ സംഘടനകള്‍ പറയുന്നതിനിടയിലാണ് മന്ത്രി ഇത്തരം ഒരു നിലപാടുമായി രംഗത്ത് എത്തിയത്. തങ്ങളുടെ നിലപാട് മാറ്റാന്‍ ഗ്രാമ വാസികള്‍ തയ്യാറായില്ലെങ്കില്‍ ഗ്രാമത്തിലെ മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളും നിര്‍ത്തി വെക്കും എന്ന് ജില്ലാ കലക്ടര്‍ താക്കീത് നല്‍കി കഴിഞ്ഞു. വേണ്ടി വന്നാല്‍ ഗ്രാമ സഭാംഗങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്യും എന്നും അദ്ദേഹം പറഞ്ഞു. കോടി കണക്കിന് രൂപ എയ്ഡ്സ് ബോധവല്‍ക്കരണത്തിനും മറ്റും സര്‍ക്കാര്‍ ചിലവഴിക്കുമ്പോള്‍ ഈ കുട്ടികളെ സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തുവാനും മറ്റും സര്‍ക്കാര്‍ ചിന്തിക്കുന്നത് വിരോധാഭാസമാണ്. വളരെ കുറഞ്ഞ ആയുസ്സ് മാത്രമുള്ള ഈ കുഞ്ഞുങ്ങളെ അവരുടെ ശേഷിക്കുന്ന ആയുസ്സിലെങ്കിലും ഇങ്ങനെ അകറ്റി നിര്‍ത്തുന്നത് അനുവദിക്കാന്‍ ആവില്ല എന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. Labels: ആരോഗ്യം, കുട്ടികള്‍, മനുഷ്യാവകാശം
- ജെ. എസ്.
( Monday, July 13, 2009 ) |
ദരിദ്രര്‍ക്കായി വിദ്യാഭ്യാസ നിധി വേണം - ടുട്ടു
ലോകമെമ്പാടും ദാരിദ്ര്യം മൂലം വിദ്യാഭ്യാസം നേടാനാവാതെ കഴിയുന്ന 7.5 കോടിയോളം വരുന്ന കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകള്‍ വഹിക്കാന്‍ ആവുന്ന വിധം ഒരു ആഗോള വിദ്യാഭ്യാസ നിധി സ്ഥാപിക്കണം എന്ന് ജി-8 ഉച്ചകോടിക്ക് മുന്നോടിയായി നൊബേല്‍ പുരസ്കാര ജേതാവായ ഡെസ്മണ്ട് ടുട്ടു അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ, ബ്രിട്ടീഷ് പ്രധാന മന്ത്രി ഗോഡണ്‍ ബ്രൌണ്‍ എന്നിവരടക്കമുള്ള ലോക നേതാക്കളോട് അഭ്യര്‍ത്ഥിച്ചു.
വിദ്യാലയത്തിന്റെ പടിവാതില്‍ കാണാനാവാത്ത ദരിദ്ര കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം നേടാന്‍ ഉതകുന്ന നിധി ഈ വര്‍ഷ അവസാനത്തിനകം നിലവില്‍ വരണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. നമ്മുടെ സാമ്പത്തിക തെറ്റുകളുടെ ഫലം ഈ കുട്ടികള്‍ അവരുടെ ജീവിതം ഹോമിച്ചു കൊണ്ട് അനുഭവിക്കാന്‍ ഇടയാവരുത് എന്നും കേപ് ടൌണിലെ ആര്‍ച്ച് ബിഷപ്പായ ടുട്ടു ലോക നേതാക്കള്‍ക്ക് എഴുതിയ കത്തില്‍ ചൂണ്ടി കാണിച്ചു. മുന്‍ ഐര്‍ലാന്‍ഡ് പ്രസിഡണ്ട് മേരി റോബിന്‍സണ്‍, ബംഗ്ലാദേശിലെ ഗ്രാമീണ്‍ ബാങ്ക് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ മുഹമ്മദ് യൂനുസ് എന്നിവരോടൊപ്പം ചേര്‍ന്നാണ് ടുട്ടു ഈ കത്ത് എഴുതിയിരിക്കുന്നത്. Labels: കുട്ടികള്‍, വിദ്യാഭ്യാസം
- ജെ. എസ്.
( Wednesday, July 01, 2009 ) |
ഒളിച്ചോടി ഒടുവില്‍ 'ഓര്‍കുട്ടിന്റെ' വലയിലായി!
പ്രതീക്ഷിച്ച അത്ര മാര്‍ക്ക് സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ നേടാന്‍ കഴിയാത്തതിനാല്‍ ഡല്‍ഹിയിലെ തന്റെ വീട്ടില്‍ നിന്ന് ഒളിച്ചു ഓടിയ ആണ്‍കുട്ടിയെ 'ഓര്‍കുട്ടിന്റെ' സഹായത്തോടെ പോലീസ് കണ്ടെത്തി.
പരീക്ഷാ ഫലം വന്ന മെയ് 12 മുതല്‍ കാണാതായ ഈ പതിനെട്ടുകാരന്‍, ഒരു സ്പെഷ്യല്‍ സെല്‍ സബ് ഇന്‍സ്പെക്ടറുടെ മകന്‍ ആണ്. ഡല്‍ഹിയില്‍ നിന്നും കാണാതായ ഈ കുട്ടിയെ അംബാലയില്‍ നിന്ന് ആണ് പോലീസ് കണ്ടെത്തിയത്. ഫരീദാ ബാദില്‍ ഒരു ചായക്കടയില്‍ ജോലിയ്ക്ക് നിന്ന ഈ കുട്ടി തന്റെ ഒരു ഓര്‍ക്കുട്ട് സുഹൃത്തിനു അയച്ച സന്ദേശങ്ങള്‍ ആണ് ഈ കേസില്‍ പോലീസിനു സഹായകം ആയത്. ഈ പ്രദേശത്തുള്ള നിരവധി ഇന്റര്‍നെറ്റ് കഫേകളില്‍ നിന്നാണ് ഈ സന്ദേശങ്ങള്‍ കിട്ടിയത് എന്ന് അനുമാനിച്ച പോലീസ് ഓര്‍കുട്ട് ഉടമയായ ഗൂഗിളിനെ സമീപിക്കുകയായിരുന്നു. ഗൂഗിളില്‍ നിന്ന് 'ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍' വിലാസം കരസ്ഥമാക്കിയ അവര്‍ സ്ഥലം മനസ്സിലാക്കി കുട്ടിയെ കണ്ടെത്തുകയാണ് ഉണ്ടായത്. ഇന്റര്‍നെറ്റ് കഫെയില്‍ തെറ്റായ മേല്‍ വിലാസമാണ് കാണാതായ ഈ കുട്ടി നല്‍കിയിരുന്നത് എന്നും ഈ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. Labels: ഇന്റര്‍നെറ്റ്, കുട്ടികള്‍, വിദ്യാഭ്യാസം
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
( Thursday, June 25, 2009 ) |
കുട്ടികള്‍ക്ക് കാര്‍ട്ടൂണ്‍ ക്യാമ്പ്
കേരള കാര്‍ട്ടൂണ്‍ അക്കാദമി കുട്ടികള്‍ക്കായി കോട്ടയം പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ ദ്വിദിന കാര്‍ട്ടൂണ്‍ പഠന ക്യാമ്പ് കോട്ടയത്ത് സംഘടിപ്പിക്കുന്നു. മെയ് 13നും 14നും കോട്ടയം പബ്ലിക് ലൈബ്രറി ഹാളില്‍ നടക്കുന്ന കാര്‍ട്ടൂണ്‍ പഠന ക്യാമ്പില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളായ റ്റോംസ്, സുകുമാര്‍, നാഥന്‍, സീരി, പി. വി. കൃഷ്ണന്‍, രാജു നായര്‍, തോമസ് ആന്റണി, ഉണ്ണികൃഷ്ണന്‍ തുടങ്ങി കാര്‍ട്ടൂണ്‍ അക്കാദമി ഭാരവാഹികളും അംഗങ്ങളും പങ്കെടുക്കും.
കാര്‍ട്ടൂണിന്റെ ചരിത്രം മുതല്‍ ആധുനിക സാങ്കേതിക വിദ്യയിലൂടെയുള്ള കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ രചനാ രീതികള്‍, ആനിമേഷന്‍ രംഗം എന്നിവ കുട്ടികള്‍ക്ക് പരിചയപ്പെടുത്തും. കാര്‍ട്ടൂണ്‍ പഠന ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യം ഉള്ള കുട്ടികള്‍ സെക്രട്ടറി, കോട്ടയം പബ്ലിക് ലൈബ്രറി, ശാസ്ത്രി റോഡ്, കോട്ടയം എന്ന വിലാസത്തിലോ, 0481 2562434 എന്ന ഫോണ്‍ നമ്പറിലോ, kottayampubliclibrary@yahoo.com എന്ന ഈമെയിലിലോ ബന്ധപ്പെടണം. - സുധീര്‍നാഥ്, സെക്രട്ടറി, കേരള കാര്‍ട്ടൂണ്‍ അക്കാദമി Labels: കാര്‍ട്ടൂണ്‍, കുട്ടികള്‍
- ജെ. എസ്.
( Monday, May 04, 2009 ) |
സൌദിയില്‍ എട്ട് വയസ്സുകാരിക്ക് വിവാഹ മോചനം
എട്ടു വയസു മാത്രം പ്രായമുള്ള ഒരു സൌദി പെണ്‍കുട്ടി തന്റെ 50 വയസ്സു പ്രായമുള്ള ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം നേടി. തന്റെ മകള്‍ക്ക് വിവാഹ മോചനം അനുവദിക്കണം എന്ന പെണ്‍കുട്ടിയുടെ അമ്മയുടെ അപേക്ഷ നേരത്തേ കോടതി തള്ളിയിരുന്നു. പെണ്‍കുട്ടി പ്രായപൂര്‍ത്തി ആവുന്നത് വരെ കാത്തിരിക്കണം എന്നും പ്രായപൂര്‍ത്തി ആയതിനു ശേഷമേ പെണ്‍കുട്ടിക്ക് വിവാഹ മോചനത്തിന് ഉള്ള ഹരജി കോടതിയില്‍ സമര്‍പ്പിക്കാന്‍ ഉള്ള അവകാശം ഉള്ളൂ എന്ന കാരണം പറഞ്ഞാണ് കോടതി അപേക്ഷ തള്ളിയത്.
ഇതിനെ തുടര്‍ന്ന് കോടതിക്ക് വെളിയില്‍ വെച്ചുള്ള ഒരു ഒത്തു തീര്‍പ്പിലൂടെ ആണ് ഇപ്പോള്‍ വിവാഹ മോചനം സാധ്യം ആയത് എന്ന് പെണ്‍കുട്ടിയുടെ വക്കീല്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ പിതാവ് 6.5 ലക്ഷ രൂപ പ്രതിഫലം പറ്റിയാണ് എട്ട് മാസം മുന്‍പ് പെണ്‍കുട്ടിയെ അന്‍പത് കാരന് ബലമായി വിവാഹം ചെയ്തു കൊടുത്തത്. സൌദിയില്‍ പെണ്‍കുട്ടികളുടെ വിവാഹത്തിന് കുറഞ്ഞ പ്രായ പരിധിയില്ല. പെണ്‍കുട്ടിയുടെ സമ്മതം വിവാഹത്തിന് ആവശ്യം ആണെങ്കിലും പലപ്പോഴും ഇത് ആരും പരിഗണിക്കാറുമില്ല. മനുഷ്യാവകാശ സംഘടനകള്‍ ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണണം എന്ന് ഏറെ കാലമായി ആവശ്യപ്പെടുന്നുണ്ട്. ഈ വിവാഹ മോചനത്തിലൂടെ പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് പതിനെട്ട് വയസ്സ് എന്ന പ്രായ പരിധി എന്ന നിയമം കൊണ്ടു വരാന്‍ സാധ്യത തെളിയും എന്നാണ് ഇവരുടെ പ്രതീക്ഷ. സൌദിയിലെ യാഥാസ്ഥിതികര്‍ ഇത്തരം ഒരു നീക്കത്തിന് എതിരാണെങ്കിലും സര്‍ക്കാരില്‍ നിന്നു തന്നെ ഇത്തരം ഒരു പ്രായ പരിധി കൊണ്ടു വരുന്നതിന് അനുകൂലമായ നിലപാട് പ്രകടമാണ്. സര്‍ക്കാര്‍ ശൈശവ വിവാഹത്തെ പറ്റി പഠിക്കുകയാണെന്നും പുതിയ നിയമ ഭേദഗതികള്‍ ഈ കാര്യത്തില്‍ കൊണ്ടു വരും എന്നും സൌദിയിലെ പുതിയ നിയമ മന്ത്രി കഴിഞ്ഞ മാസം അറിയിച്ചിരുന്നു. കുറഞ്ഞ പ്രായത്തില്‍ തന്നെ തങ്ങളുടെ കുട്ടികളെ വിവാഹം ചെയ്ത് അയക്കുന്നത് അവരെ വഴി വിട്ട ബന്ധങ്ങളില്‍ നിന്നും രക്ഷിക്കും എന്ന വിശ്വാസം ഇത്തരം ഒരു സമ്പ്രദായത്തെ ഇവിടെ നില നിര്‍ത്താന്‍ സഹായകരമാവുന്നുണ്ട് എങ്കിലും കേവലം പണത്തിനു വേണ്ടി തങ്ങളുടെ മക്കളെ വില്‍ക്കുക മാത്രമാണ് പലപ്പോഴും നടക്കുന്നത് എന്ന് ഇതിനെതിരായി പ്രവര്‍ത്തിക്കുന്നവര്‍ ആരോപിക്കുന്നു. Labels: കുട്ടികള്‍, മനുഷ്യാവകാശം, സൌദി, സ്ത്രീ വിമോചനം
- ജെ. എസ്.
( Friday, May 01, 2009 ) 2 Comments:
Links to this post: |
ബലാത്സംഗ ശ്രമം എതിര്‍ത്ത പെണ്‍കുട്ടിയെ മര്‍ദ്ദിച്ചു
ഉത്തര്‍ പ്രദേശിലെ ചൊക്കട എന്ന ഗ്രാമത്തില്‍ തന്റെ എണ്ണ ചക്കില്‍ ജോലിക്ക് എത്തിയ പ്രായ പൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ മില്ലുടമയായ ഇക്രം എന്നയാള്‍ മറ്റ് രണ്ടു പേരും കൂടി ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും കുട്ടി എതിര്‍ത്തതിനെ തുടര്‍ന്ന് കുട്ടിയെ മര്‍ദ്ദിച്ച് അവശയാക്കുകയും ചെയ്തു. ഇതിനോടനുബന്ധിച്ച് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പ്രതികളെ ഇനിയും പിടികൂടുവാന്‍ കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞയാഴ്ച പതിനാല് കാരിയായ മറ്റൊരു പെണ്‍കുട്ടി ബലാത്സംഗ ശ്രമത്തെ തുടര്‍ന്ന് ഉത്തര്‍ പ്രദേശിലെ തന്നെ ചന്ദ്പുര്‍ ഗ്രാമത്തില്‍ കൊല്ലപ്പെട്ടിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മൂമ്മക്ക് മര്‍ദ്ദനം ഏല്‍ക്കുകയും ചെയ്തിരുന്നു. ദളിതര്‍ക്കെതിരെ ഇത്തരം അക്രമങ്ങള്‍ ഇവിടെ സാധാരണം ആണെന്ന് ഒരു ഗ്രാമവാസി മാധ്യമങ്ങളോട് പറഞ്ഞു.
പാക്കിസ്ഥാനില്‍ സ്ത്രീകളുടെ നേരെ നടക്കുന്ന അക്രമങ്ങള്‍ Labels: കുട്ടികള്‍, കുറ്റകൃത്യം, പീഢനം
- ജെ. എസ്.
( Thursday, January 15, 2009 ) |
അധ്യാപകന്‍ കണ്ണ് കുത്തി പൊട്ടിച്ചു
തന്റെ ചോദ്യത്തിന് ഉത്തരം നല്‍കുവാന്‍ കഴിയാഞ്ഞതില്‍ കുപിതനായ അധ്യാപകന്‍ എട്ടു വയസുകാരിയായ വിദ്യാര്‍ത്ഥിനിയുടെ കണ്ണില്‍ പിന്ന് കുത്തി കയറ്റി പൊട്ടിച്ചു. ശ്വേത എന്ന കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ വലത് കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഛത്തീസ്ഗഢിലെ കോര്‍ബയില്‍ സരസ്വതി ശിശു മന്ദിര്‍ സ്കൂളില്‍ രണ്ടാം ക്ലാസ്സിലാണ് സംഭവം നടന്നത്. പരസ്‌രാം ഭൈന എന്ന അധ്യാപകനാണ് തന്റെ ചോദ്യത്തിന് മറുപടി നല്‍കാഞ്ഞ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിക്കുകയും കോപം സഹിക്കാനാവതെ കയ്യില്‍ കിട്ടിയ ഒരു പിന്ന് കോണ്ട് കുട്ടിയുടെ കണ്ണ് കുത്തി പൊട്ടിക്കുകയും ചെയ്തത്. പോലീസ് കേസ് എടുത്തിട്ടുണ്ട്. അധ്യാപകന്‍ ഒളിവിലുമാണ്.
Labels: ഇന്ത്യ, കുട്ടികള്‍, കുറ്റകൃത്യം
- ജെ. എസ്.
( Friday, January 09, 2009 ) |
ആര്‍.എസ്.എസ്. കുട്ടികളില്‍ വിഷം കുത്തി വെക്കുന്നു : പസ്വാന്‍
ആര്‍. എസ്. എസിന്റെ നേതൃത്വത്തില്‍ നടത്തുന്ന വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്ന പാഠ പുസ്തകങ്ങളില്‍ ചരിത്രം വളച്ചൊടിക്കുകയും പുനഃസൃഷ്ടിക്കുകയും ചെയ്യുന്നു എന്ന് കേന്ദ്ര മന്ത്രി റാം വിലാസ് പസ്വാന്‍ ആരോപിച്ചു. മാനവ വിഭവ ശേഷി മന്ത്രി അര്‍ജുന്‍ സിംഗിന് എഴുതിയ കത്തിലാണ് പസ്വാന്‍ ഈ ആരോപണം ഉന്നയിച്ചത്. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് പുറമെയുള്ള വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്ന പാഠ പുസ്തകങ്ങള്‍ പരിശോധിക്കുവാനും അവക്ക് അംഗീകാരം നല്‍കുന്നതിനും നിയന്ത്രിക്കുന്നതിനുമായി സംവിധാനം ഏര്‍പ്പെടുത്തണം എന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ എന്‍. സി. ഇ. ആര്‍. ടി. യുടെ ഉപദേശം ആരാഞ്ഞിട്ടുണ്ട് എന്ന് മാനവ വിഭവ ശേഷി മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഒരു ദേശീയ പാഠ പുസ്തക കൌണ്‍സില്‍ രൂപികരിക്കുവാനും സാധ്യത ഉണ്ട്. കേന്ദ്ര വിദ്യാഭ്യാസ ഉപദേശക സമിതി 2005ല്‍ തന്നെ ഇത്തരം ഒരു കൌണ്‍സില്‍ രൂപീകരിക്കുന്നതിനായി സര്‍ക്കാരിനെ ഉപദേശിച്ചിരുന്നു. എന്നാല്‍ ഇതു വരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. കുട്ടികളില്‍ മറ്റ് മതങ്ങളോടും വിശ്വാസങ്ങളോടും കടുത്ത വിദ്വേഷവും വെറുപ്പും സൃഷ്ടിക്കുന്ന വിഷം കുത്തി വെക്കുന്ന കേന്ദ്രങ്ങള്‍ ആയാണ് ഇത്തരം വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് പസ്വാന്‍ അവകാശപ്പെട്ടു. Labels: ഇന്ത്യ, കുട്ടികള്‍, തീവ്രവാദം, വിദ്യാഭ്യാസം
- ജെ. എസ്.
( Friday, November 21, 2008 ) |
റിയാലിറ്റി ഷോ പീഡനം തടയാന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
റിയാലിറ്റി ഷോ എന്ന പേരില്‍ കുട്ടികള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങള്‍ക്ക് അറുതി വരുത്താന്‍ ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറായി. കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ കമ്മീഷനാണ് ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയത്. ഒരു റിയാലിറ്റി ഷോയ്ക്കിടെ ഷിന്‍ജിനി എന്ന ഒരു പെണ്‍കുട്ടി ജഡ്ജിമാരുടെ പരിഹാസം സഹിയ്ക്കാന്‍ വയ്യാതെ ബോധ രഹിതയായതും തുടര്‍ന്ന് ശരീരം തളര്‍ന്ന് പോയതും അധികൃതരുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ടെലിവിഷനിലും സിനിമയിലും മറ്റും അഭിനയിയ്ക്കുന്ന കുട്ടികളുടെ ക്ഷേമത്തിനായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിയ്ക്കും എന്ന് വനിതാ ശിശു വികസന മന്ത്രി രേണുക ചൌധരി ജൂലായില്‍ പ്രഖ്യാപിച്ചിരുന്നു.
ഇപ്പോള്‍ തയ്യാറാക്കിയിരിയ്ക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരം കുട്ടികളും നിര്‍മ്മാതാക്കളും താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണം:
മത്സരബുദ്ധിയും മാനസിക സമ്മര്‍ദ്ദവും നിറഞ്ഞ ഈ അന്തരീക്ഷം മുതിര്‍ന്നവര്‍ക്ക് തന്നെ താങ്ങാനാവുന്നതിലും അപ്പുറമാണ്. അപ്പോള്‍ പിന്നെ കുട്ടികളുടെ കാര്യം പ്രത്യേകം പറയേണ്ട ആവശ്യമില്ല എന്ന് കമ്മീഷന്‍ അംഗം സന്ധ്യ ബജാജ് അഭിപ്രായപ്പെട്ടു. പ്രായമാവുന്നത് വരെ കുട്ടികള്‍ കുട്ടികള്‍ ആയി തന്നെ നില നില്‍ക്കണം എന്നതാണ് കമ്മീഷന്റെ നിലപാട് എന്നും അതിന് ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉപകരിയ്ക്കും എന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
Labels: കുട്ടികള്‍, പീഢനം, മനുഷ്യാവകാശം, സാംസ്കാരികം, സിനിമ
- ജെ. എസ്.
( Friday, October 24, 2008 ) |
റിയാലിറ്റി ഷോ പീഡനം - നടപടി ഉണ്ടാവും
റിയാലിറ്റി ഷോ എന്ന പേരില്‍ ടി.വി. ചാനലുകള്‍ കുട്ടികളെ പീഡിപ്പിയ്ക്കുന്നത് തടയും എന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. നിയമസഭയില്‍ ഇത് സംബന്ധിച്ച് ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇത്തരം പരിപാടികളില്‍ കുട്ടികള്‍ പീഡിപ്പിയ്ക്കപ്പെടുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. 1995 ലെ കേബ്ള്‍ ടി.വി. നെറ്റ്വര്‍ക്ക് റെഗുലേഷന്‍ ആക്ട് പരിമിതമാണ്. ഈ ആക്ട് പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ ക്ഷേമം ലക്ഷ്യമാക്കുന്നില്ല. എന്നാല്‍ ഇത്തരം പീഡനം സര്‍ക്കാര്‍ തടയുക തന്നെ ചെയ്യും. നിയമത്തിന്റെ പരിമിതി അതിനു തടസം ആവില്ല. പരാതി ലഭിച്ചാല്‍ പീഡനത്തിന് കാരണം ആവുന്ന എല്ലാവര്‍ക്കും എതിരെ ശക്തമായ നടപടികള്‍ തന്നെ ഉണ്ടാവും. പീഡിപ്പിയ്ക്കുന്നവര്‍ ആരു തന്നെ ആയാലും അവര്‍ ശിക്ഷിയ്ക്കപ്പെടുകയും ചെയ്യും എന്ന് മന്ത്രി അറിയിച്ചു.
അടുത്തയിടെ ചില ചാനലുകളില്‍ റിയാലിറ്റി ഷോ എന്ന പേരില്‍ കുട്ടികളെ പീഡിപ്പിയ്ക്കുന്നതും പീഡനമേറ്റ് കുട്ടികള്‍ പരസ്യമായി കരയുന്നതും മറ്റും പ്രദര്‍ശിപ്പിയ്ക്കുന്നത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ലൈംഗിക ചുവയുള്ള ജഡ്ജിമാരുടെ കമന്റുകളും സാഡിസം എന്ന അന്യന്റെ പീഡനത്തില്‍ രസം കണ്ടെത്തുന്ന വൈകല്യം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങളും പല ചാനലുകളുടേയും റേറ്റിങ്ങ് കുതിച്ച് ഉയരാനും കാരണമായി.
Labels: കുട്ടികള്‍, പീഢനം
- ജെ. എസ്.
( Friday, July 25, 2008 ) 1 Comments:
Links to this post: |
റിയാലിറ്റി ഷോ: ജഡ്ജിമാര്‍ക്ക് പെരുമാറ്റ ചട്ടം
പതിനാറ് വയസുള്ള സ്കൂള്‍ വിദ്യാര്‍ത്ഥിനി റിയാലിറ്റി ഷോ ജഡ്ജിയുടെ പരിഹാസം കേട്ട് കുഴഞ്ഞ് വീണ പശ്ചാത്തലത്തില്‍ റിയാലിറ്റി ഷോകള്‍ക്ക് നിയമം മൂലം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര മന്ത്രി സഭ ഉദ്ദേശിക്കുന്നു. വനിതാ ശിശു വികസന മന്ത്രി രേണുക ചൌധരി ചൊവ്വാഴ്ച മാധ്യമങ്ങളോട് വെളിപ്പെടുത്തിയതാണ് ഈ കാര്യം. റിയാലിറ്റി ഷോ ജഡ്ജിമാര്‍ക്ക് പെരുമാറ്റ ചട്ടവും ഇതിനോട് അനുബന്ധിച്ച് നടപ്പിലാക്കും. മത്സരാര്‍ത്ഥികളെ എന്തും പറയാനുള്ള സാഹചര്യം അനുവദിയ്ക്കില്ല. റിയാലിറ്റി ഷോ ജഡ്ജിമാര്‍ ഉപയോഗിയ്ക്കുന്ന മാന്യമല്ലാത്ത ഭാഷ പല കുട്ടികളേയും വേദനിപ്പിയ്ക്കുന്നുണ്ട്. ഇതിനെതിരെ പെരുമാറ്റ ചട്ടം കൊണ്ടു വരും എന്നും മന്ത്രി അറിയിച്ചു.
കൊച്ചു കുട്ടികളെ മാധ്യമങ്ങള്‍ അനുചിതമായി പ്രദര്‍ശിപ്പിയ്ക്കുന്നതിനെതിരെ സര്‍ക്കാര്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം നടപടികള്‍ സ്വീകരിയ്ക്കും എന്ന് മന്ത്രി പ്രഖ്യാപിച്ചു. കുട്ടികളുടെ അവകാശങ്ങളെ സംരക്ഷിയ്ക്കുവാന്‍ തങ്ങളാല്‍ കഴിയുന്ന എല്ലാ നടപടികളും സര്‍ക്കാര്‍ കൈ കൊള്ളും. എന്നാല്‍ ഇത്തരം പരിപാടികള്‍ക്ക് തങ്ങളുടെ കുഞ്ഞുങ്ങളെ അയയ്ക്കുന്നതിന് മുന്‍പ് പരിപാടിയുടെ നിലവാരത്തെ കുറിച്ച് മാതാപിതാക്കള്‍ ഉറപ്പു വരുത്തണം എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജഡ്ജിമാരുടെ ക്രൂരതയ്ക്ക് ഇരയായി ശരീരം തളര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ നില മെച്ചപ്പെട്ട് വരുന്നു എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Labels: കുട്ടികള്‍, മനുഷ്യാവകാശം, സാംസ്കാരികം
- ജെ. എസ്.
( Friday, July 04, 2008 ) |
മകളെ തടവില്‍ വച്ചു ബലാത്സംഗം ചെയ്ത പിതാവ് നാസി അതിക്രമത്തിന്റെ ബാക്കിപത്രമെന്ന്
18 വയസുള്ള സ്വന്തം മകളെ തടവില്‍ വച്ചു 24 വര്‍ഷമായി പതിവായി ബലാത്സംഗം ചെയ്ത 73കാരനായ പിതാവിനെ Austria യില്‍ പോലീസ് പിടികൂടി. ഇതിനിടയില്‍ സ്വന്തം പിതാവായ ജോസഫ് ഫ്രിസ്ലിന്റെ ഏഴ് കുഞ്ഞുങ്ങള്‍ക്ക് മകള്‍ എലിസബെത് ജന്മം നല്‍കി. ജനിച്ച ഉടന്‍ മരിച്ച ഒരു കുഞ്ഞിനെ ഇയാള്‍ തീയിലിട്ട് നശിപ്പിച്ചു എന്നും പോലീസ് അറിയിച്ചു.
24 വര്‍ഷമായി സൂര്യപ്രകാശം കാണാത്ത വീടിനടിയിലുള്ള തടവറയിലാണ് എലിസബെത്തും മൂന്ന് മക്കളും കഴിഞ്ഞിരുന്നത്. മറ്റ് മൂന്ന് മക്കളെ ഇയാളും ഭാര്യയും നിയമപരമായി ദത്തെടുത്ത് ഇവരോടൊപ്പം ഇതേ തടവറയ്ക്ക് മുകളിലുള്ള വീട്ടില്‍ താമസിച്ച് വരികയായിരുന്നു. ഇയാളുടെ ഭാര്യക്കും മറ്റ് വീട്ടില്‍ വരാറുള്ള ബന്ധുക്കള്‍ക്കും ഇങ്ങനെ ഒരു കൊടും ക്രൂരത അവിടെ നടക്കുന്ന കാര്യത്തെ പറ്റി ഒരു സംശയവും തോന്നാത്ത വിധം സമര്‍ഥമായാണ് ഇയാള്‍ കാര്യങ്ങളെല്ലാം കൊണ്ട് നടന്നത്. സുസജ്ജമായ ഒരു സെക്യൂറിറ്റി സിസ്റ്റം ഘടിപ്പിച്ച ഈ തടവറ എഞ്ചിനിയറായ ഇദ്ദേഹത്തിന്റെ സൂക്ഷ്മമായ നിരീക്ഷണത്തിലായിരുന്നു ഇത്രയും കാലം. അതേ വീടിന്റെ മറ്റു ഭാഗങ്ങള്‍ ഇയാള്‍ വാടകക്കും നല്‍കിയിരുന്നുവെങ്കിലും വിശാലമായ പൂന്തോട്ടത്തിലും മറ്റും വേറെ ആര്‍ക്കും പ്രവേശനമില്ലയിരുന്നു. ഇവിടെ ഫോട്ടോ എടുക്കുന്നതില്‍ നിന്നും എല്ലാവരേയും വിലക്കിയിരുന്നു. വീടിനടിയിലെ തടവറയിലേക്ക് പുറകുവശത്തെ പൂന്തോട്ടത്തില്‍ നിന്നും പ്രവേശിക്കാം എന്നതായിരുന്നു ഇതിന് കാരണം. ഇവര്‍ക്ക് വേണ്ട ഭക്ഷണവും വെള്ളവും മറ്റും ഇയാള്‍ രാത്രി സമയങ്ങളില്‍ രഹസ്യമായി വീടിന്റെ പിന്‍ ഗേറ്റിലൂടെ എത്തിക്കുന്നത് അയല്‍ക്കാര്‍ കണ്ടതായ് പോലീസിനോട് പറഞ്ഞു. എന്നാല്‍ സ്ഥലത്തെ മാന്യനായ ഒരു വീട്ടുടമസ്ഥനും, മൂന്ന് മക്കളുടെ സ്നേഹ സമ്പന്നനായ മുത്തഛനും ആയ ഇയാളെ ആരും സംശയിച്ചില്ല. തങ്ങളുടെ മകള്‍ ഏതോ ഒരു പ്രാര്‍ഥനാ സംഘത്തില്‍ ചേരാന്‍ പോയി എന്നാണ് ഇയാള്‍ ഭാര്യയേയും മറ്റും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. മൂന്ന് മക്കളെ വീടിന്റെ പടിക്കല്‍ കൊണ്ട് വെച്ച് മകളുടെ ശബ്ദത്തില്‍ തന്റെ ഭാര്യക്ക് ഫോണ്‍ ചെയ്ത് തന്റെ മക്കളെ അമ്മ ഏറ്റെടുത്ത് വളര്‍ത്തണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. അങ്ങനെ ഈ മൂന്ന് മക്കളെ ഇവര്‍ നിയമപരമായി ദത്തെടുത്ത് തങ്ങളുടെ പേരമക്കളായി വളര്‍ത്തി വരികയായിരുന്നു. നാസി അതിക്രമത്തിന്റെ ആദ്യത്തെ ഇരയായിരുന്നു Austria. 1938ല്‍ നാസികള്‍ Austria ആക്രമിക്കുമ്പോള്‍ ഫ്രിസ്ലര്‍ക്ക് 3 വയസായിരുന്നു. തന്റെ പട്ടണത്തെ സഖ്യ കക്ഷികള്‍ ബോംബിട്ട് നശിപ്പിച്ചത് നേരിട്ട് അനുഭവിച്ച ഇയാളുടെ മനസ്സിനെ രണ്ടാം ലോക മഹായുദ്ധത്തിന്റെ ആഘാതം ആഴത്തിലുണ്ടാവാം എന്ന് മനശ്ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും അടിച്ചമര്‍ത്തലുകളും നാസി കാലഘട്ടത്തില്‍ പ്രചരിച്ചിരുന്ന യുദ്ധ തന്ത്രം തന്നെയായിരുന്നു. ലക്ഷക്കണക്കിന് യഹൂദന്മാരെ വിഷവാതകമേല്‍പ്പിച്ച് കൊന്നൊടുക്കിയിരുന്നത് ഫ്രിസ്ലറുടെ പട്ടണത്തിന് വളരെ അടുത്തായിരുന്നു. തനിക്കെതിരെ എന്തെങ്കിലും ചെയ്താല്‍ തടവറയില്‍ വിഷ വാതകം നിറച്ച് എല്ലാവരെയും കൊന്ന് കളയും എന്ന് ഇയാള്‍ കൂടെ കൂടെ എലിസബെത്തിനെ ഭീഷണിപ്പെടുത്തുമായിരുന്നുവത്രെ. കേസ്റ്റിന്‍ (19), സ്റ്റെഫാന്‍ (18), ഫെലിക്സ് (5) എന്ന മറ്റ് മൂന്ന് മക്കള്‍ പുറം ലോകം കാണാതെയാണ് ഇത്രയും നാള്‍ വളര്‍ന്നത്. മനുഷ്യരെ പോലെ സംസാരിക്കാന്‍ അറിയാത്ത അവര്‍ പരസ്പരം മൃഗങ്ങളെ പോലെ മുരളുകയും കൂവുകയും മറ്റും ചെയ്താണത്രെ ആശയവിനിമയം ചെയ്ത് വന്നത്. ഇവരുടെ അമ്മ തന്നാല്‍ കഴിയുന്ന പോലെ ഇവരെ ഭാഷയും മറ്റും പഠിപ്പിക്കുവാന്‍ ശ്രമിച്ചിരുന്നു. എന്നാലും മറ്റ് മനുഷ്യരുമായുള്ള സമ്പര്‍ക്കമില്ലാതിരുന്ന ഈ കുട്ടികള്‍ക്ക് സംസാരിക്കുവാന്‍ നന്നേ പാട് പെടേണ്ടി വരുന്നതായ് ഡോക്ടര്‍മാര്‍ പറഞ്ഞു. താരതമ്യേന ഇവര്‍ക്ക് എളുപ്പമായ മുരള്‍ച്ച തന്നെയാണ് ഇവര്‍ പരസ്പരം ആശയ വിനിമയത്തിന് ഇപ്പോഴും ഉപയോഗിക്കുന്നത്. കേവലം 1.68 മീറ്റര്‍ മാത്രം ഉയരമുള്ള ഈ തടവറയില്‍ വളര്‍ന്ന ഇവര്‍ കൂനിഞ്ഞാണ് നടപ്പ്. അഞ്ച് വയസുകാരന്‍ ഫെലിക്സിന് നിവര്‍ന്ന് നടക്കാനാവുമെങ്കിലും കൂടുതല്‍ സമയവും മുട്ടുകാലില്‍ ഇഴഞ്ഞാണ് ഈ കുഞ്ഞും നടക്കുന്നത്. തങ്ങളെ തങ്ങളുടെ തന്നെ അച്ഛന്‍ തടവില്‍ ഇട്ടിരിക്കുകയാണെന്ന് അറിയിക്കാതെയാണ് എലിസബെത്ത് തന്റെ മൂന്ന് മക്കളെ വളര്‍ത്തിയത്. പുറം ലോകമെന്തെന്നറിയാത്ത തന്റെ മക്കളോട് ജീവിതം ഇങ്ങനെയാണെന്നും ഇത് തികച്ചും സാധാരണ ജീവിതമാണെന്നും ഉള്ള രീതിയിലാണ് അവര്‍ പെരുമാറിയത്. തന്നാലാവുന്ന വിധം സ്വസ്ഥവും സാധാരണവുമായ ഒരു ജീവിതം അവര്‍ക്ക് നല്‍കാന്‍ ആ അമ്മ എപ്പോഴും ശ്രമിച്ചിരുന്നു. Labels: അന്താരാഷ്ട്രം, കുട്ടികള്‍, കുറ്റകൃത്യം, പീഢനം, സ്ത്രീ
- ജെ. എസ്.
( Friday, May 02, 2008 ) 1 Comments:
Links to this post: |
ഗള്‍ഫ് മലയാളികളുടെ നാട്ടിലെ കുട്ടികള്‍ക്കിടയില്‍ കുറ്റവാസന പെരുകുന്നു
ഗള്‍ഫ് മലയാളികളുടെ നാട്ടിലെ കുട്ടികള്‍ക്കിടയില്‍ കുറ്റവാസന പെരുകുന്നതായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കോഴിക്കോട് ജില്ലാ ചെയര്‍മാന്‍ വി. മുഹമ്മദ് സാജിത്ത് പറഞ്ഞു. രക്ഷിതാക്കളുടെ സാമീപ്യമില്ലാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇവരെ നേര്‍വഴിയിലേക്ക് നയിക്കാന്‍ ശിശുക്ഷേമ സമിതി നടപടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഹമ്മദ്.
Labels: കുട്ടികള്‍, കുറ്റകൃത്യം, പ്രവാസി
- ജെ. എസ്.
( Sunday, April 20, 2008 ) |
കുട്ടികളില്‍ പഠന വൈകല്യവും ബുദ്ധിമാന്ദ്യവും ഗള്‍ഫിലും വ്യാപകം
കുട്ടികളില്‍ പഠന വൈകല്യവും ബുദ്ധിമാന്ദ്യവും ഗള്‍ഫിലും വ്യാപകമാണെന്ന് കുട്ടികളുടെ മനോരോഗ വിദഗ്ധനും മലയാളിയുമായ ഡോ. ഫിലിപ്പ് ജോണ്‍ പറഞ്ഞു.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ ശനിയാഴ്ച രാവിലെ ഒന്‍പതര മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ബോധവത്ക്കരണ ശില്പശാല സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. സണ്ണി കുര്യനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. Labels: ആരോഗ്യം, കുട്ടികള്‍, ഗള്‍ഫ്
- ജെ. എസ്.
( Thursday, March 27, 2008 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്