ജസ്റ്റിസ് ദിനകരനോട് അവധിയില്‍ പ്രവേശിക്കാന്‍ സുപ്രീം കോടതി കൊളീജിയം
ന്യൂഡല്‍ഹി : കര്‍ണാടക ചീഫ് ജസ്റ്റിസ് പി. ഡി. ദിനകരനോട് അവധിയില്‍ പ്രവേശിക്കാന്‍ സുപ്രീം കോടതി കൊളീജിയം നിര്‍ദേശിച്ചു, അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. ഈ ആരോപണത്തെ തുടര്‍ന്ന്‍ ദിനകരനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കുന്നത് തടഞ്ഞിരുന്നു, ദിനകരനെ ഇംപീച് ചെയ്യുന്നതിന് രാജ്യസഭാ അധ്യക്ഷന്‍ ഹമീദ് അന്‍സാരി അനുമതിയും നല്‍കിയിരുന്നു. ഭൂമി ഇടപാടില്‍ ഉള്പെട്ടതിനെ തടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ മുതല്‍ കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിള്‍ നിന്നും വിട്ടു നില്‍ക്കുക യായിരുന്നു. ഡല്‍ഹി ഹൈക്കോടതി യിലെ ആക്ടിംഗ് ചീഫ് ജസ്റ്റിസ് മദന്‍ ഇ. ലോക്കോറിനെ കര്‍ണാടക ചീഫ് ജസ്റ്റിസായി നിയമിക്കാനും സുപ്രീം കോടതി ഉത്തരവിട്ടു.
Labels: കോടതി
- ജെ. എസ്.
( Sunday, April 04, 2010 ) |
അദ്വാനിയുടെ വാദം തെറ്റെന്ന് അഞ്ജു
റായ് ബറേലി : തന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിനമാണ് ബാബറി മസ്ജിദ് തകര്‍ന്ന ദിനം എന്ന എല്‍. കെ. അദ്വാനിയുടെ പരാമര്‍ശം വ്യാജമാണെന്ന് ഇന്നലെ കോടതിയില്‍ റോ ഉദ്യോഗസ്ഥ അഞ്ജു ഗുപ്ത നല്‍കിയ മൊഴി വ്യക്തമാക്കി. ബാബറി മസ്ജിദ് തകര്‍ന്ന വേളയില്‍ കാര്യങ്ങളുടെ മേല്‍ നോട്ടം വഹിക്കാന്‍ എത്തിയ നേതാക്കളോടൊപ്പം, തകര്‍ന്ന പള്ളിയുടെ 150 മീറ്റര്‍ അടുത്ത് അദ്വാനി നിന്ന കാര്യം അഞ്ജു കോടതിയെ അറിയിച്ചു. നേതാക്കളാരും കര്‍സേവകരെ തടയാന്‍ മുതിര്‍ന്നില്ലെന്നു മാത്രമല്ല, പള്ളിയുടെ താഴികക്കുടം തകര്‍ന്ന ഉടനെ എല്ലാവരും പരസ്പരം അനുമോദിക്കുകയും സന്തോഷം പങ്കു വെക്കുകയും ചെയ്തു എന്നും അഞ്ജു ഗുപ്ത വെളിപ്പെടുത്തി. ബാബറി മസ്ജിദ് തകര്‍ന്ന കാലയളവില്‍ അദ്വാനിയുടെ സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥ ആയിരുന്നു അഞ്ജു ഗുപ്ത. അന്ന് സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍ ആരും തന്നെ അദ്വാനിക്കെതിരെ സി.ബി.ഐ. ക്ക് മുന്‍പില്‍ മൊഴി നല്‍കാന്‍ തയ്യാറാവാഞ്ഞ സാഹചര്യത്തില്‍ അഞ്ജു ഗുപ്ത മാത്രമാണ് സത്യം വെളിപ്പെടുത്താന്‍ മുന്നോട്ട് വന്നത്.
Anju Gupta Challenges Advani's Claims Labels: കോടതി, ക്രമസമാധാനം, തീവ്രവാദം
- ജെ. എസ്.
( Saturday, March 27, 2010 ) |
വിവാഹ പൂര്‍വ്വ ബന്ധം കുറ്റമല്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി : വിവാഹം കഴിക്കാതെ സ്ത്രീയും പുരുഷനും ഒരുമിച്ച് ജീവിക്കുന്നത് കുറ്റകരമല്ല എന്ന് സുപ്രീം കോടതി വിധിച്ചു. ഇങ്ങനെ ജീവിക്കുന്നത് തടയാന്‍ നിയമമില്ല. വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധവും നിയമം തടയുന്നില്ല എന്ന് കോടതി വ്യക്തമാക്കി. ഭാരതീയ പൌരാണിക സങ്കല്‍പ്പത്തില്‍ കൃഷ്ണനും രാധയും ഒരുമിച്ച് കഴിഞ്ഞത് കോടതി ചൂണ്ടിക്കാട്ടി. പ്രായ പൂര്‍ത്തിയായ രണ്ടു പേര്‍ ഒരുമിച്ച് ജീവിക്കണം എന്ന് തീരുമാനിച്ചാല്‍ അതില്‍ തെറ്റ് എന്താണുള്ളത്? ഒരുമിച്ച് ജീവിക്കുന്നത് ഒരു കുറ്റമല്ല എന്ന് കോടതി നിരീക്ഷിച്ചു.
2005ല്‍ ചില പത്ര മാധ്യമ അഭിമുഖങ്ങളില്‍ തന്റെ വിവാഹ പൂര്‍വ ബന്ധങ്ങളെ പറ്റി തുറന്നു പറഞ്ഞ പ്രമുഖ സിനിമാ നടി ഖുശ്ബു വിനെതിരെ നിലവിലുണ്ടായിരുന്ന 22 ഓളം ക്രിമിനല്‍ കേസുകള്‍ തള്ളിക്കളയണം എന്ന് ആവശ്യപ്പെട്ടു ഖുശ്ബു നല്‍കിയ പ്രത്യേക ഹരജിയില്‍ വാദം കേട്ടതിനു ശേഷമാണ് കോടതി ഈ സുപ്രധാന തീരുമാനം അറിയിച്ചത്. വിവാഹ പൂര്‍വ്വ ബന്ധം മാധ്യമങ്ങളിലൂടെ തുറന്നു പറയുക വഴി യുവ തലമുറയെ വഴി തെറ്റിക്കുകയാണ് ഖുശ്ബു ചെയ്തത് എന്നായിരുന്നു പരാതിക്കാരുടെ ആരോപണം. എന്നാല്‍ ഖുശ്ബുവിന്റെ വെളിപ്പെടുത്തല്‍ തികച്ചും അവരുടെ സ്വകാര്യ നിലപാടാണെന്ന് പറഞ്ഞ കോടതി ഇത് പരാതിക്കാരെ എന്തിനാണ് പ്രകോപിപ്പിക്കുന്നത് എന്ന് ആരാഞ്ഞു. ഏതു നിയമ പ്രകാരമാണ് ഇത് കുറ്റകരം ആകുന്നത്? പരാതിക്കാര്‍ പറഞ്ഞത് പോലെ ഈ അഭിമുഖങ്ങള്‍ കണ്ടതിനു ശേഷം ഏതെങ്കിലും പെണ്‍കുട്ടികള്‍ വീട് വിട്ട് ഒളിച്ചോടി പോയതിന്റെ തെളിവുണ്ടോ? എത്ര വീടുകളാണ് ഈ അഭിമുഖം മൂലം പരാതിക്കാര്‍ പറഞ്ഞ പോലെ മൂല്യ ച്യുതിക്ക് വിധേയമായത്? നിങ്ങള്‍ക്ക് പെണ്‍ മക്കളുണ്ടോ എന്നാ ചോദ്യത്തിന് പരാതിക്കാരന്‍ ഇല്ല എന്ന് മറുപടി പറഞ്ഞപ്പോള്‍, അപ്പോള്‍ പിന്നെ നിങ്ങളെ എങ്ങനെയാണ് ഇത് ബാധിച്ചത് എന്ന് വ്യക്തമാക്കണം എന്നായി കോടതി. നിയമ വിരുദ്ധമായി പ്രതി ഒന്നും ചെയ്തിട്ടില്ല. പ്രസ്തുത അഭിമുഖം ഞങ്ങളെ ആരെയും പ്രതികൂലമായി ബാധിച്ചിട്ടുമില്ല. കുറ്റം ഒന്നും ചെയ്യാത്ത പ്രതിയുടെ അഭിമുഖം അവരുടെ സ്വകാര്യ അഭിപ്രായ പ്രകടനം മാത്രമാണ്. അത് എങ്ങനെ കുറ്റകൃത്യമാവും എന്നും സുപ്രീം കോടതി ബെഞ്ച് പരാതിക്കാരന്റെ അഭിഭാഷകനോട് ചോദിച്ചു.
- ജെ. എസ്.
( Wednesday, March 24, 2010 ) 1 Comments:
Links to this post: |
മുത്തൂറ്റ് പോള്‍ എം. ജോര്‍ജ്ജ് വധം: അന്വേഷണം സി. ബി. ഐ. ക്ക്
വ്യവസായ പ്രമുഖനായ പോള്‍ എം. ജോര്‍ജ്ജിന്റെ വധം സംബന്ധിച്ച് സി. ബി. ഐ അന്വേഷണം നടത്തുവാന്‍ ഹൈക്കോടതി ഉത്തരവായി. സംസ്ഥാന പോലീസ് നടത്തിയ അന്വേഷണത്തിലെ അപാകതകളും മറ്റു ചില ഘടകങ്ങളും ചൂണ്ടിക്കാട്ടി ക്കൊണ്ട് കൊല്ലപ്പെട്ട പോളിന്റെ പിതാവ് എം. ജോര്‍ജ്ജ് നല്‍കിയ ഹര്‍ജിയിലാണ് ഈ വിധിയുണ്ടായത്. ആറു മാസത്തിനകം അന്വേഷണം പൂര്‍ത്തി യാക്കുവാനും പറഞ്ഞിട്ടുണ്ട്. തുടക്കം മുതലേ ഈ കേസ് സംബന്ധിച്ച് ഒട്ടേറെ ദുരൂഹതകള്‍ ഉയര്‍ന്നിരുന്നു. സംസ്ഥാന രാഷ്ടീയത്തിലൂം പോള്‍ വധക്കേസ് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
- എസ്. കുമാര്‍ Labels: കുറ്റകൃത്യം, കോടതി
- ജെ. എസ്.
( Thursday, January 21, 2010 ) |
കേരളത്തിന്റെ അണക്കെട്ട് സുരക്ഷാ നിയമം അസാധുവെന്ന് തമിഴ്നാടിന്റെ വാദം
ന്യൂ ഡല്‍ഹി : സുപ്രീം കോടതി വിധിയെ മറികടക്കാനായി കേരളം നടത്തിയ നിയമ നിര്‍മ്മാണം ഭരണ ഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതിയില്‍ തമിഴ്‌നാട് ബോധിപ്പിച്ചു. 2006 ഫെബ്രുവരിയിലെ സുപ്രീം കോടതി വിധിയെ ദുര്‍ബലപ്പെടുത്താന്‍ വേണ്ടി വിധി വന്ന് ദിവസങ്ങള്‍ക്കകം തിരക്കിട്ട് നടത്തിയ ഈ നിയമ നിര്‍മ്മാണം ഭരണ ഘടനയ്ക്ക് എതിരാണ്. പാര്‍ലമെന്റിനോ അസംബ്ലിക്കോ ഇത്തരത്തില്‍ സുപ്രീം കോടതി വിധിയെ ദുര്‍ബലമാക്കാന്‍ അധികാരമില്ല എന്നും തമിഴ്‌നാടിനു വേണ്ടി കോടതിയില്‍ ഹാജരായ മുന്‍ അറ്റോണി ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ കെ. പരാശരന്‍ ഇന്നലെ (ബുധന്‍) സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളത്തിന്റെ ആഴം 136 അടിക്ക് മുകളില്‍ പോകുന്നത് തടയാനായി കേരളം നടപ്പിലാക്കിയ നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ തമിഴ്‌നാട് നല്‍കിയ ഹരജിയിന്മേല്‍ വാദം കേള്‍ക്കുകയായിരുന്നു അഞ്ചംഗ ഭരണ ഘടനാ ബെഞ്ച്. വാദത്തെ സഹായിക്കാന്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു ചെറു മാതൃകയും തമിഴ്‌നാട് കോടതി സമക്ഷം ഹാജരാക്കി. കേരളം പാസാക്കിയ കേരളാ ഇറിഗേഷന്‍ ആന്‍ഡ് വാട്ടര്‍ കണ്‍സര്‍വേഷന്‍ (അമന്‍ഡ്മെന്റ്) ആക്ട് 2006 പ്രകാരം അണക്കെട്ടിന്റെ സുരക്ഷിതത്വത്തെ പറ്റി കേരളത്തിന്റെ അണക്കെട്ട് സുരക്ഷിതത്വ അഥോറിറ്റിയ്ക്ക് സ്വന്തം നിഗമനത്തില്‍ എത്താനും, അണക്കെട്ടിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുവാന്‍ തമിഴ്‌നാടിനോട് ആവശ്യപ്പെടാനും, വേണ്ടി വന്നാല്‍ അണക്കെട്ടിന്റെ പ്രവര്‍ത്തനം തന്നെ നിര്‍ത്തി വെയ്ക്കാനും അധികാരം നല്‍കുന്നുണ്ട്. അണക്കെട്ടിന് നൂറ് വര്‍ഷത്തെ പഴക്കമുണ്ട് എന്നും അതിനാല്‍ അണക്കെട്ട് പ്രവര്‍ത്തന രഹിതമാക്കണം എന്നുമുള്ള പഴയ പല്ലവി തന്നെ പാടി ക്കൊണ്ടിരി ക്കുകയാണ് കേരളം എന്ന് കെ. പരാശരന്‍ പറഞ്ഞു. അണക്കെട്ടിന്റെ നിയന്ത്രണം തിരികെ ലഭിക്കാനുള്ള തന്ത്രമാണിത്. പ്രായമല്ല, മറിച്ച അണക്കെട്ട് എങ്ങനെ പരിപാലിക്കുന്നു എന്നതാണ് മുഖ്യം. ഇതെല്ലാം വിദഗ്ദ്ധ സമിതിയും സുപ്രീം കോടതിയും വിധി പ്രഖ്യാപിക്കുന്ന അവസരത്തില്‍ കണക്കിലെടുത്തതാണ്. പൊതു ജന സുരക്ഷയെ പോലെ തന്നെ അണക്കെട്ടിലെ ജലത്തെ ആശ്രയിക്കുന്ന തങ്ങളുടെ കര്‍ഷകരുടെ താല്‍പ്പര്യങ്ങളും തമിഴ്‌നാടിന് ആശങ്ക നല്‍കുന്നുണ്ട് എന്നും തമിഴ്‌നാടിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസിന്റെ വാദം ഇന്നും തുടരും.
Kerala's dam safety law unconstitutional says Tamilnadu
- ജെ. എസ്.
( Thursday, January 21, 2010 ) |
വിലക്കയറ്റം തടയാന്‍ ഹരജിയുമായി യേശുദാസ് കോടതിയില്‍
ജീവന്‍ രക്ഷാ മരുന്നുകളുടെ വില കുതിച്ചുയര്‍ന്ന് സാധാരണക്കാരന് അപ്രാപ്യം ആയതിന് എതിരെ ഗാന ഗന്ധര്‍വ്വന്‍ ഡോ. കെ. ജെ. യേശുദാസ് കോടതിയിലെത്തി. ഇന്നലെ കേരള ഹൈക്കോടതിയില്‍ വിലക്കയറ്റം നിയന്ത്രിക്കുവാന്‍ കോടതി ഇടപെടണം എന്ന് ആവശ്യപ്പെട്ട് അദ്ദേഹം സമര്‍പ്പിച്ച ഹരജി ചീഫ് ജസ്റ്റിസ് എസ്. ആര്‍. ബന്നുര്‍മത്, ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ എന്നിവര്‍ അടങ്ങുന്ന ബെഞ്ച് ഫയലില്‍ സ്വീകരിക്കുകയും, കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്കും, സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍ക്കും പരാതിയിന്മേല്‍ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയയ്ക്കുകയും ചെയ്തു.
ജീവന്‍ രക്ഷാ മരുന്നുകളുടെ വില കുതിച്ച് ഉയര്‍ന്ന് പാവപ്പെട്ടവര്‍ക്കും സമൂഹത്തില്‍ താഴേക്കിടയില്‍ ഉള്ളവര്‍ക്കും അപ്രാപ്യമാ യിരിക്കുകയാണ് എന്ന് പരാതിയില്‍ ചൂണ്ടി ക്കാണിച്ചിട്ടുണ്ട്. ഇത്തരം മരുന്നുകള്‍, സൌജന്യമായോ കുറഞ്ഞ നിരക്കിലോ ഇവര്‍ക്ക് ലഭ്യമാക്കേണ്ട ഉത്തരവാദിത്തം സംസ്ഥാനത്തിന് ഉള്ളപ്പോഴാണ് താങ്ങാനാവാത്ത വിലയ്ക്ക് ക്യാന്‍സര്‍, ഹൃദ്‌രോഗം, കിഡ്നി രോഗങ്ങള്‍ എന്നിവയാല്‍ ഉഴലുന്ന പാവപ്പെട്ടവര്‍ക്ക് വന്‍ നിരക്കില്‍ ഈ മരുന്നുകള്‍ വിറ്റ് മരുന്ന് കമ്പനികള്‍ കൊള്ള ലാഭം കൊയ്യുന്നത് എന്ന് ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലുള്ള പരാതിയില്‍ ആരോപിക്കുന്നു. ആരോഗ്യ സാമൂഹ്യ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്ന ജനപക്ഷം എന്ന സന്നദ്ധ സംഘടനയും യേശുദാസും സംയുക്തമായാണ് മരുന്ന് വിലകള്‍ നിയന്ത്രിക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. Labels: ആരോഗ്യം, കോടതി, സന്നദ്ധ സേവനം
- ജെ. എസ്.
( Tuesday, January 19, 2010 ) |
പ്രാണ രക്ഷയ്ക്കായുള്ള വിളി മോഡി പുച്ഛിച്ചു തള്ളി
ഗുള്‍ബാഗ് സൊസൈറ്റി കൂട്ട കൊലയില്‍ കൊല്ലപ്പെട്ട പാര്‍ലമെന്റ് അംഗം എഹ്‌സാന്‍ ജാഫ്രി പ്രാണ രക്ഷാര്‍ത്ഥം സഹായത്തിനായി നരേന്ദ്ര മോഡിയെ ഫോണില്‍ വിളിച്ചപ്പോള്‍ മോഡി സഹായിക്കാന്‍ നിരസിക്കുക മാത്രമല്ല ജാഫ്രിയെ അധിക്ഷേപി ക്കുകയും ചെയ്തു എന്ന് കൂട്ട കൊലയില്‍ നിന്നും രക്ഷപ്പെട്ടയാള്‍ കോടതിയില്‍ സാക്‍ഷ്യപ്പെടുത്തി. കൂട്ട കൊല നടത്തിയ 24 ഓളം പേരെ സാക്ഷി പിന്നീട് തിരിച്ചറിയുകയും ചെയ്തു. 2002 ഫെബ്രുവരി 28ന് മൃത ദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്ന നിലയില്‍ ആയിരുന്നു എന്നും എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞു കണ്ടപ്പോള്‍ അവ തിരിച്ചറിയാന്‍ ആവാത്ത വിധം ചുട്ടു കരിക്കപ്പെട്ട നിലയിലായിരുന്നു എന്നും ഇയാള്‍ കോടതിക്കു മുന്‍പാകെ മൊഴി നല്‍കി.
തനിക്ക് ഭയം ഉണ്ടായിരു ന്നുവെങ്കിലും കോടതിയ്ക്ക് അകത്ത് എത്തിയപ്പോള്‍ താന്‍ എല്ലാ സത്യങ്ങളും കോടതിയ്ക്ക് മുന്‍പാകെ ബോധിപ്പിയ്ക്കാന്‍ തീരുമാനി യ്ക്കുകയായി രുന്നുവെന്നും ഇയാള്‍ അറിയിച്ചു. സുപ്രീം കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് കോടതി നടപടികള്‍ പുരോഗമിക്കുന്നത്. കൂട്ട കൊലയില്‍ ഇയാളുടെ അമ്മ അടക്കം ഏഴ് കുടുംബാംഗ ങ്ങളായിരുന്നു കൊല്ലപ്പെട്ടത്. സാക്ഷിയ്ക്ക് കേന്ദ്ര സുരക്ഷാ സേനയുടെ സംരക്ഷണം ഏര്‍പ്പെടു ത്തിയിട്ടുണ്ട്. ഇത് ഏറെ സ്വാഗതാ ര്‍ഹമായ നീക്കമാണ് എന്ന് മനുഷ്യാവകാശ സംഘടനകള്‍ കരുതുന്നു. ഇത്തരം സുരക്ഷാ ബോധം മറ്റുള്ള സാക്ഷികള്‍ക്കും സത്യം ബോധിപ്പി ക്കാനുള്ള പ്രചോദന മാവും എന്ന് പ്രതീക്ഷിക്കു ന്നതായി പ്രമുഖ മനുഷ്യാ വകാശ പ്രവര്‍ത്തകയും സിറ്റിസണ്‍സ് ഫോര്‍ പീസ് ആന്‍ഡ് ജസ്റ്റിസ് സെക്രട്ടറിയുമായ ടീസ്റ്റ സെതല്‍വാദ് പറഞ്ഞു. ടീസ്റ്റയെയും, അചഞ്ചലവും നീതിപൂര്‍വ്വ വുമായ കര്‍ത്തവ്യ നിര്‍വ്വഹണം മൂലം നരേന്ദ്ര മോഡിയുടെ രോഷത്തിന് പാത്രമായ മുന്‍ ഗുജറാത്ത് ഡി. ജി. പി. ബി.ആര്‍. ശ്രീകുമാറിനെയും കോടതി നടപടികളില്‍ പങ്കെടുക്കു ന്നതില്‍ നിന്നും വിലക്കണം എന്ന പ്രതി ഭാഗത്തിന്റെ ആവശ്യം കോടതി നേരത്തേ തള്ളി കളഞ്ഞിരുന്നു. Narendra Modi turned a deaf ear to cries for help says witness Labels: കുറ്റകൃത്യം, കോടതി, തീവ്രവാദം
- ജെ. എസ്.
( Friday, November 06, 2009 ) |
ലാവ്‌ലിന്‍ കേസ് മുതിര്‍ന്ന അഭിഭാഷകര്‍ ഹാജരാകും
ഏറെ വിവാദം സൃഷ്ടിച്ച എസ്. എന്‍. സി. ലാവ്‌ലിന്‍ കേസില്‍ തന്നെ പ്രോസിക്യൂട്ടു ചെയ്യാന്‍ അനുമതി നല്‍കിയ കേരളാ ഗവര്‍ണ്ണര്‍ ആര്‍. എസ്. ഗവായിയുടെ തീരുമാനം നിയമ വിരുദ്ധമായി പ്രഖ്യാപിക്കുവാനും, തനിക്കെതിരെ സി. ബി. ഐ. നല്‍കിയ കുറ്റപത്രം റദ്ദാക്കുവാനും വേണ്ടി സുപ്രീം കോടതിയില്‍ സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നല്‍കിയിട്ടുള്ള ക്രിമിനല്‍ റിട്ട് ഹര്‍ജി വാദിക്കുവാനായി പ്രമുഖ അഭിഭാഷകന്‍ ഫാലി എസ്. നരിമാന്‍ ഹാജരാകും. സുപ്രീം കോടതിയിലെ മുന്‍നിര അഭിഭാഷകനും പ്രമുഖ ഭരണഘടനാ വിദഗ്ദ്ധനുമാണ് ശ്രീ നരിമാന്‍.
ഇതേ കേസില്‍ സര്‍ക്കാരിനു വേണ്ടി ഹാജരാകുന്നതും മറ്റൊരു പ്രമുഖനാണ്. അഡ്വ. ഹരീഷ് സാല്‍വേ. കേസ് തിങ്കളാഴ്‌ച്ച കോടതിയുടെ പരിഗണനക്ക് വരും. - എസ്. കുമാര്‍ Labels: കേരള രാഷ്ട്രീയം, കോടതി, സി.പി.എം.
- ജെ. എസ്.
( Saturday, August 29, 2009 ) |
വിവരാവകാശ നിയമം തനിക്ക് ബാധകമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ഇന്ത്യയുടെ ചീഫ് ജസ്റ്റിസിന്റെ കാര്യാലയം വിവരാവകാശ നിയമത്തിന്റെ പരിധിക്ക് പുറത്താണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്‍ അറിയിച്ചു. വിവിധ ഭരണ ഘടനാ സ്ഥാപനങ്ങള്‍ തമ്മിലുള്ള രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍, ജഡ്ജിമാര്‍ ക്കെതിരെയുള്ള പരാതികള്‍ എന്നിങ്ങനെയുള്ള വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ചീഫ് ജസ്റ്റിസിന്റെ കാര്യാലയത്തിലെ വിവരങ്ങള്‍ വിവരാവകാശ നിയമം പ്രകാരം വെളിപ്പെടുത്താനാവില്ല. ഉദാഹരണത്തിന്, പല കോടതി വിധികളുടെയും പകര്‍പ്പുകള്‍ വിധി പ്രഖ്യാപിക്കുന്നതിനു മുന്‍പ് മറ്റ് ജഡ്ജിമാരുടെ അഭിപ്രായങ്ങള്‍ക്കും മറ്റുമായി അയച്ചു കൊടുക്കാറുണ്ട്. ഇത്തരം വിവരങ്ങള്‍ വിധി പ്രഖ്യാപിക്കുന്നതിനു മുന്‍പ് എങ്ങനെ വെളിപ്പെടുത്താനാവും എന്ന് അദ്ദേഹം ചൂണ്ടി ക്കാണിക്കുന്നു.
കേന്ദ്ര ഇന്‍ഫമേഷന്‍ കമ്മീഷന്‍ ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണം എന്ന് പറഞ്ഞതിനെ താന്‍ എതിര്‍ക്കുന്നില്ല എന്ന് വ്യക്തമാക്കിയ അദ്ദേഹം പക്ഷെ, ചീഫ് ജസ്റ്റിസിന്റെ കൈവശമുള്ള എല്ലാ വിവരങ്ങളും വിവരാവകാശ റെജിസ്ട്രാര്‍ക്ക് ലഭ്യമാക്കണം എന്ന പരാമര്‍ശത്തെയാണ് താന്‍ എതിര്‍ക്കുന്നത് എന്ന് പറഞ്ഞു. പ്രായോഗികമല്ലാത്ത ഈ നിര്‍ദ്ദേശത്തിന് എതിരെയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ തങ്ങള്‍ കേസ് ഫയല്‍ ചെയ്തത് എന്നും അദ്ദേഹം വ്യക്തമാക്കി. Transparency laws , Right To Information not applicable to the office of the Chief Justice of India
- ജെ. എസ്.
( Saturday, August 29, 2009 ) |
ധാര്‍മ്മികതയേക്കാള്‍ പ്രധാനം മൌലിക അവകാശം - ഹൈക്കോടതി
ധാര്‍മ്മികതയില്‍ ഊന്നിയ പൊതുജന അഭിപ്രായം ഒരാളുടെ ഭരണഘടനാ പരമായ മൌലിക അവകാശങ്ങള്‍ നിഷേധിക്കുവാനുള്ള ന്യായീകരണം ആകുന്നില്ല എന്ന് ഡല്‍ഹി ഹൈക്കോടതി വിധിച്ചു. പൊതുവായ ധാര്‍മ്മികതയേക്കാള്‍ ഭരണഘടനാപരമായ ധാര്‍മ്മികതയാണ് പ്രധാനം. ധാര്‍മ്മിക രോഷം, അതെത്ര തന്നെ ശക്തമാണെങ്കിലും, ഒരാളുടെ മൌലിക അവകാശങ്ങളും സ്വകാര്യതയും നിഷേധിക്കാനുള്ള അടിസ്ഥാനം ആവില്ല. ഭൂരിപക്ഷ അഭിപ്രായം പ്രതികൂലമാണെങ്കിലും നമ്മുടെ വ്യവസ്ഥിതിയില്‍ മൌലിക അവകാശത്തിന്റെ സ്ഥാനം പൊതു ധാര്‍മ്മികതയുടെ മുകളില്‍ തന്നെയാണ് എന്നും ചീഫ് ജസ്റ്റിസ് എ. പി. ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.
സ്വവര്‍ഗ്ഗ രതി കുറ്റകരമല്ലാതാക്കുന്ന വിധി പ്രസ്താവിക്കവെയാണ് കോടതി ഈ ഉത്തരവ് ഇറക്കിയത്. സ്വവര്‍ഗ്ഗ രതി പൊതു ധാര്‍മ്മികതക്ക് എതിരാണെന്നും നിയമ സാധുത ലഭിക്കുന്ന പക്ഷം സമൂഹത്തിന്റെ ധാര്‍മ്മിക അധഃപതനത്തിന് അത് ഇടയാക്കും എന്ന സര്‍ക്കാര്‍ നിലപാട് കോടതി തള്ളിക്കളഞ്ഞു. പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ സ്വകാര്യമായി പരസ്പര സമ്മതത്തോടെ നടത്തുന്ന ലൈംഗിക വൃത്തിയെ നിയന്ത്രിക്കാന്‍ പൊതു ധാര്‍മ്മികതയുടെ പേരില്‍ പീനല്‍ കോഡിലെ 377-ാം വകുപ്പ് നിലനിര്‍ത്തണം എന്ന ഇന്ത്യന്‍ യൂണിയന്റെ നിലപാട് അംഗീകരിക്കാന്‍ തങ്ങള്‍ക്ക് ആവില്ല എന്ന് 105 പേജ് വരുന്ന വിധി പ്രസ്താവനയില്‍ കോടതി ചൂണ്ടിക്കാട്ടി. Labels: കോടതി
- ജെ. എസ്.
( Sunday, July 05, 2009 ) 1 Comments:
Links to this post: |
സാധ്വിക്കും പുരോഹിതിനും എതിരെ കുറ്റപത്രം
മാലേഗാവ് സ്ഫോടന കേസില്‍ അറസ്റ്റില്‍ ആയ ഹിന്ദു സന്യാസിനി സാധ്വി പ്രഖ്യാ സിങ് ഠാക്കുര്‍, ലെഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത് എന്നിവര്‍ക്ക് എതിരെ പ്രത്യേക കോടതി മുന്‍പാകെ മഹാരാഷ്ട്രാ പോലീസ് കുറ്റ പത്രം സമര്‍പ്പിക്കും. കേസില്‍ പ്രതികള്‍ ആയ പതിനൊന്ന് പേരുടേയും ജുഡീഷ്യല്‍ കസ്റ്റഡി അവസാനിക്കുന്ന സാഹചര്യത്തില്‍ ആണ് ഈ നടപടി. മുംബൈ ഭീകര ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കരെ ആയിരുന്നു ഈ കേസ് അന്വേഷിച്ചിരുന്നത്. ഈ കേസ് ഇത്തരം ഒരു വഴിത്തിരിവില്‍ എത്തിക്കുന്നതില്‍ അദ്ദേഹം സ്തുത്യര്‍ഹം ആയ ഒരു പങ്ക് തന്നെ വഹിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ വധിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമായി മുംബൈ ഭീകര ആക്രമണത്തെ ഉപയോഗിച്ചു എന്ന സംശയം പലരും പ്രകടിപ്പിച്ചത് ഏറെ വിവാദവും ആയിരുന്നു.
പ്രതികളുടെ കുറ്റസമ്മതം ആണ് ഇപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ പക്കല്‍ പ്രതികള്‍ക്ക് എതിരെ ഉള്ളത്. കൂടാതെ സാധ്വിയുമായി ഗൂഡാലോചനയുടെ മുഖ്യ സൂത്രധാരന്‍ ആയ രാംജി കല്‍സംഗര നടത്തിയ സംഭാഷണത്തിന്റെ ദൃക്‌സാക്ഷിയും. അഭിനവ് ഭാരത് എന്ന സംഘടനയുടെ ഖജാന്‍ജി അജയ് രാഹിര്‍ക്കര്‍ സ്ഫോടനത്തിന് വേണ്ടി 10 ലക്ഷം രൂപ നല്‍കിയതിന്റെ സാക്ഷി മൊഴിയും പോലീസിന്റെ പക്കല്‍ ഉണ്ട്. എന്നാല്‍ ബോംബ് നിര്‍മ്മിക്കുകയും സ്ഥാപിക്കുകയും ചെയ്തവരെ ഇനിയും പോലീസിന് പിടി കൂടാന്‍ കഴിയാത്തത് കേസിനെ കോടതിക്ക് മുന്‍പാകെ ദുര്‍ബലപ്പെടുത്തും എന്നാണ് വിദഗ്ധ അഭിപ്രായം. ഇതിന് പുറമെ കേസിലെ മുഖ്യ പ്രതിയായ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ ലെഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത് ഇതു വരെ കുറ്റ സമ്മതം നടത്തിയിട്ടുമില്ല.
- ജെ. എസ്.
( Tuesday, January 20, 2009 ) 1 Comments:
Links to this post: |
അഭയ: പ്രതികള്‍ കുറ്റം സമ്മതിച്ചെന്ന് സി.ബി.ഐ
സിസ്റ്റര്‍ അഭയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസഫ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റം സമ്മതിച്ചരായി സി. ബി. ഐ. എറണാകുളം സി. ജെ. എം. കോടതിയെ അറിയിച്ചു. തുടക്കത്തില്‍ വിസമ്മതം പ്രകടിപ്പിച്ച പ്രതികള്‍ സി. ബി. ഐ. മുന്‍പ് നടത്തിയിരുന്ന നാര്‍ക്കോ അനാലിസിസ്, ബ്രെയിന്‍ മാപ്പിംഗ് എന്നിവയുടെ റിപ്പോര്‍ട്ടുകളുടെ സഹായത്തോ ടെയുള്ള ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുക ആയിരുന്നു.
സിസ്റ്റര്‍ സെഫിയുടെ രേഖാ മൂലമുള്ള സമ്മതത്തോടെ ആണ് അവരെ കന്യകാത്വ പരിശോധനക്ക് വിധേയ ആക്കിയതെന്നും അഭയയുടെ ഇന്‍ക്വെസ്റ്റ് തയ്യാറാക്കിയ മുന്‍ എ. എസ്. ഐ. അഗസ്റ്റിന്റെ ദൂരൂഹ മരണത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും സി. ബി. ഐ. വ്യക്തമാക്കി. Labels: കുറ്റകൃത്യം, കേരളം, കോടതി, പോലീസ്
- ബിനീഷ് തവനൂര്‍
( Wednesday, December 03, 2008 ) |
സ്വവര്‍ഗ രതി സദാചാര വിരുദ്ധം : ഇന്ത്യാ സര്‍ക്കാര്‍
വികൃതമായ മനസ്സിന്റെ പ്രതിഫലനം ആണ് സ്വവര്‍ഗ രതി എന്നും ഇത് സദാചാര വിരുദ്ധം ആയതിനാല്‍ ഇതിന് നിയമ സാധുത നല്‍കുന്നത് സമൂഹത്തിന്റെ അധ:പതനത്തിന് കാരണം ആവും എന്നും കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയോട് പറഞ്ഞു. സ്വവര്‍ഗ രതി ഒരു സാമൂഹിക ദൂഷ്യമാണ്. ഇത് തടയുവാന്‍ സര്‍ക്കാരിന് അധികാരം ഉണ്ട്. ഇതിന് നിയമ സാധുത നല്‍കുന്നത് സമൂഹത്തില്‍ നില നില്‍ക്കുന്ന സമാധാനത്തെ നശിപ്പിയ്ക്കും. ഇത് അനുവദിച്ചാല്‍ എയ് ഡ്സ് പോലുള്ള രോഗങ്ങള്‍ പടരുവാന്‍ ഇടയാവും. ഇത് ഒരു കൊടിയ ആരോഗ്യ പ്രശ്നം സൃഷ്ടിയ്ക്കും. സമൂഹത്തില്‍ സദാചാര മൂല്യച്യുതി സംഭവിയ്ക്കും എന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി. പി. മല്‍ഹോത്ര കോടതിയെ അറിയിച്ചു.
ഇന്ത്യന്‍ പീനല്‍ കോഡിലെ 377ആം സെക്ഷന്‍ ഭേദഗതി ചെയ്യണം എന്ന് ആവശ്യപ്പെട്ട് 13 സംഘടനകള്‍ ചേര്‍ന്ന് നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ഈ സെക്ഷന്‍ പ്രകാരം സ്വ്വര്‍ഗ രതി ഒരു ക്രിമിനല്‍ കുറ്റമാണ്. സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നിലവിലെ നിയമപ്രകാരം ജീവപര്യന്തം തടവ് ശിക്ഷ വരെ ലഭിയ്ക്കാവുന്നതാണ്. സര്‍ക്കാറിന്റെ ഈ അറിയിപ്പ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാടിന് കടക വിരുദ്ധമാണ്. സ്വവര്‍ഗ രതി നിയമ വിരുദ്ധമാക്കിയാല്‍ എച്. ഐ. വി. ബാധിതര്‍ ഒളിഞ്ഞിരിയ്ക്കാന്‍ ഉള്ള സാധ്യത ഏറെയാണ്. ഇത് ആരോഗ്യ പ്രശ്നങ്ങള്‍ അനിയന്ത്രിതമാക്കും എന്നാണ് ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ ഉള്ള ദേശീയ എയ് ഡ്സ് നിയന്ത്രണ സംഘടന കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരിയ്ക്കുന്നത്. സ്വവര്‍ഗ രതിയ്ക്ക് എതിരെ നില കൊള്ളുന്ന ആഭ്യന്തര വകുപ്പിന്റെയും അനുകൂല നിലപാടുള്ള ആരോഗ്യ വകുപ്പിന്റേയും അഭിപ്രായങ്ങളില്‍ സമന്വയം കൊണ്ടു വരുന്നതിനായി കൂടുതല്‍ സമയം അനുവദിയ്ക്കണം എന്ന് കേന്ദ്രം നേരത്തേ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. സ്വവര്‍ഗ രതിക്കാരുടെ വ്യക്തിത്വ പ്രശ്നങ്ങളും ന്യൂനപക്ഷ അവകാശങ്ങളും മറ്റും ലോകം ചര്‍ച്ച ചെയ്തു കൊണ്ടിരിയ്ക്കുന്ന ഇന്ന് ഒരു ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ തികച്ചും മതാതിഷ്ഠിത സദാചാര സങ്കല്‍പ്പങ്ങളില്‍ ഊന്നിയ ഇത്തരം ഒരു നിലപാട് എടുത്തത് ഖേദകരവും പ്രതിഷേധാര്‍ഹവുമാണ് എന്ന് വിവിധ അവകാശ സംരക്ഷണ സംഘടനകള്‍ അഭിപ്രായപ്പെട്ടു. Labels: ആരോഗ്യം, ഇന്ത്യ, കോടതി, മനുഷ്യാവകാശം
- ജെ. എസ്.
( Saturday, September 27, 2008 ) 1 Comments:
Links to this post: |
മെഡിക്കല്‍ പ്രവേശനം : സര്‍ക്കാര്‍ നടപടി എടുക്കണം
പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളുടെ മെഡിക്കല്‍ പ്രവേശനത്തിന് ഉള്ള പുതിയ മാനദണ്ഡം സംസ്ഥാന സര്‍ക്കാര്‍ മെഡിക്കല്‍ കൌണ്‍സിലും കേന്ദ്ര സര്‍ക്കാരും കൂടിയാലോചിച്ച് തീരുമാനിയ്ക്കണം എന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
ഈ വിഷയത്തില്‍ തങ്ങള്‍ക്ക് ലഭിച്ച പരാതിയില്‍ പറയുന്ന പ്രകാരം കഴിഞ്ഞ വര്‍ഷങ്ങളില്‍ അയോഗ്യതയുടെ പേരില്‍ പട്ടിക വര്‍ഗക്കാര്‍ക്കായി സംവരണം ചെയ്യപ്പെട്ടിരിയ്ക്കുന്ന സീറ്റുകള്‍ ഒഴിഞ്ഞു കിടന്ന സാഹചര്യം ഉണ്ടായിട്ടും ഇത് പരിഹരിയ്ക്കാന്‍ വേണ്ട നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ എന്ത് കൊണ്ട് സ്വീകരിച്ചില്ല എന്നും കോടതി ചോദിച്ചു. പ്രവേശന പരീക്ഷയില്‍ നാല്‍പ്പത് ശതമാനം മാര്‍ക്ക് ലഭിച്ചിരിയ്ക്കണം എന്ന മാനദണ്ഡം നീക്കാനാവില്ല എന്നാണ് ഇതേ പറ്റി മെഡിക്കല്‍ കൌണ്‍സില്‍ കോടതിയെ അറിയിച്ചത്. ആരോഗ്യ വിദ്യാഭ്യാസത്തിന്റെ നിലവാരം തകരാന്‍ ഇത് ഇടയാക്കും എന്നാണ് കൌണ്‍സിലിന്റെ അഭിപ്രായം. ഇതേ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരുമായും മെഡിക്കല്‍ കൌണ്‍സിലുമായും കൂടിയാലോചിച്ച് ഈ കാര്യത്തില്‍ ഒരു പുതിയ ഫോര്‍മുല രൂപപ്പെടുത്താന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിയ്ക്കുന്നത്. Labels: ആരോഗ്യം, കോടതി, വിദ്യാഭ്യാസം
- ജെ. എസ്.
( Friday, September 26, 2008 ) |
നാനാവതി റിപ്പോര്‍ട്ട് സുപ്രീം കോടതി തടഞ്ഞില്ല
സിറ്റിസണ്‍ ഫൊര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് എന്ന സംഘടന നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ട് തടയണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ ആണ് സുപ്രീം കോടതി തങ്ങളുടെ വിസമ്മതം അറിയിച്ചത്. ജസ്റ്റീസ് കെ. ജി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുന്നില്‍ എത്തിയ ഹരജി ഓക്ടോബര്‍ പതിമ്മൂന്നിലേക്ക് കോടതി മാറ്റി വെച്ചു.
ഇതേ വിഷയത്തില്‍ സമര്‍പ്പിയ്ക്കപ്പെട്ട ജസ്റ്റിസ് യു. ജി. ബാനര്‍ജി കമ്മറ്റിയുടെ റിപ്പോര്‍ട്ടില്‍ നിലവിലുള്ള കോടതിയുടെ സ്റ്റേ ചൂണ്ടിക്കാട്ടി നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ടും സ്റ്റേ ചെയ്യണം എന്നായിരുന്നു ഹരജിയിലെ ആവശ്യം. നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്നലെയാണ് ഗുജറാത്ത് അസംബ്ലിയുടെ മുന്നിലെത്തിയത്. ഗോധ്രാ സംഭവത്തില്‍ മുഖ്യമന്ത്രിയ്ക്കോ മറ്റ് മന്ത്രിമാര്‍ക്കോ ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്കോ യാതൊരു പങ്കും ഇല്ല എന്ന് നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
- ജെ. എസ്.
( Friday, September 26, 2008 ) |
നളിനിയുടെ അപേക്ഷയില്‍ തീരുമാനം എടുക്കേണ്ടത് സര്‍ക്കാര്‍
പതിനേഴ് വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച തന്നെ മോചിപ്പിയ്ക്കണം എന്ന നളിനിയുടെ അപേക്ഷയില്‍ തീരുമാനം എടുക്കാനുള്ള അധികാരം തമിഴ് നാട് സര്‍ക്കാരിനാണ് എന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. രാജീവ് ഗാന്ധി വധക്കേസില്‍ വധ ശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട നളിനിയുടെ ശിക്ഷ, രാജീവ് ഗാന്ധിയുടെ വിധവ സോണിയാ ഗാന്ധിയുടെ അഭ്യര്‍ഥന പ്രകാരം ഇളവ് ചെയ്ത് ജീവപര്യന്തം ആക്കുകയായിരുന്നു.
എന്നാല്‍ തന്റെ ഇത്രയും നാളത്തെ ജയിലിലെ നല്ല നടപ്പ് പരിഗണിച്ച് തന്നെ ജയില്‍ മോചിതയാക്കണം എന്നാണ് നളിനി മദ്രാസ് ഹൈക്കോടതിയോട് അപേക്ഷിച്ചിരിയ്ക്കുന്നത്. നേരത്തേ ഈ ആവശ്യം തമിഴ് നാട് സര്‍ക്കാര്‍ നിരാകരിച്ചിരുന്നു.
- ജെ. എസ്.
( Wednesday, September 24, 2008 ) |
പുതിയ നോട്ടീസ് നല്‍കി ഗോള്‍ഫ് ക്ലബ്ബ് ഏറ്റെടുക്കും : മുഖ്യമന്ത്രി
ഗോള്‍ഫ് ക്ലബ് ഏറ്റെടുത്ത നടപടി ഹൈക്കോടതി റദ്ദാക്കി. ക്ലബ്ബ് ഒഴിപ്പിയ്ക്കാന്‍ സര്‍ക്കാര്‍ നല്‍കിയ കാരണം കാണിയ്ക്കല്‍ നോട്ടീസ് തൃപ്തികരം അല്ല എന്നാണ് കോടതിയുടെ നിരീക്ഷണം. പുതിയ നോട്ടീസ് സര്‍ക്കാര്‍ നല്‍കണം. അതില്‍ ക്ലബ്ബ് ലംഘിച്ചു എന്ന് പറയപ്പെടുന്ന വ്യവസ്ഥകള്‍ വ്യക്തമായി പറയണം. നോട്ടീസിന് മറുപടി നല്‍കാന്‍ ആറാഴ്ച്ച സമയവും ക്ലബ്ബിന് അനുവദിയ്ക്കണം.
കോടതി വിധി അനുസരിച്ചുള്ള പുതിയ നോട്ടീസ് നല്‍കും എന്ന് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ അറിയിച്ചു.
- ജെ. എസ്.
( Tuesday, September 23, 2008 ) |
മെഡിക്കല്‍ പ്രവേശനം : സുപ്രീം കോടതി ഇടപെടുന്നു
പട്ടിക ജാതി - പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള മെഡിക്കല്‍ വിദ്യാഭ്യാസ പ്രവേശനത്തിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുവാന്‍ സുപ്രീം കോടതി മെഡിക്കല്‍ കൌണ്‍സിലിന്റെ അഭിപ്രായം ആരായുന്നു.
നിലവിലുള്ള മാനദണ്ഡം അനുസരിച്ച് മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ മിനിമം 40% മാര്‍ക്ക് ഉള്ളവര്‍ക്കേ മെഡിക്കല്‍ പ്രവേശനത്തിന് അര്‍ഹതയുള്ളൂ. ഇത് മൂലം പട്ടിക ജാതി - പട്ടിക വര്‍ഗ്ഗക്കാര്‍ക്കായി സംവരണം ചെയ്തു വെച്ചിട്ടുള്ള സീറ്റുകള്‍ പലപ്പോഴും ഒഴിഞ്ഞു കിടക്കാറാണ് പതിവ്. ഈ കാര്യം ചൂണ്ടി ക്കാട്ടി അഞ്ചു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയിലാണ് ഇപ്പോള്‍ നടപടി തുടങ്ങിയിരിയ്ക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഈ ആവശ്യത്തെ അനുകൂലിയ്ക്കുന്നുമുണ്ട്. വളരെ ചിലവേറിയ വിദഗ്ദ്ധ പരിശീലന പരിപാടികളില്‍ ചേര്‍ന്ന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഇന്നത്തെ കാലത്ത് നിലവിലുള്ള വാശിയേറിയ മത്സര പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ്ക്കുവാന്‍ കഴിയുന്നുള്ളൂ എന്ന് കോടതി അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന് അധ്യക്ഷനായ ബെഞ്ച് ആണ് ഹരജി പരിഗണിച്ചത്. എന്‍. ആര്‍ . ഐ. സംവരണ സീറ്റുകളില്‍ ഇത്തരം ഒരു മാനദണ്ഡം നിലവിലില്ലെന്ന് മാത്രമല്ല ഇവര്‍ക്ക് പ്രവേശന പരീക്ഷ പോലും എഴുതേണ്ട ആവശ്യമില്ല. ഇത് കണക്കിലെടുത്ത് പട്ടിക ജാതി - പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിന്റെ കാര്യത്തിലും മാനദണ്ഡം മാറ്റുവാനാവുമോ എന്നാണ് കോടതി ഇപ്പോള്‍ ആരായുന്നത്. പ്ലസ് ടു പരീക്ഷയുടെ മാര്‍ക്ക് പ്രവേശനത്തിനുള്ള മാനദണ്ഡം ആക്കാവുന്നതാണ് എന്നും കോടതി അഭിപ്രായപ്പെട്ടു. വെള്ളിയാഴ്ചയ്ക്കകം ഈ കാര്യത്തിലുള്ള തങ്ങളുടെ തീരുമാനം കോടതിയെ അറിയിയ്ക്കും എന്ന് മെഡിക്കല്‍ കൌണ്‍സില്‍ അറിയിച്ചു. Labels: ആരോഗ്യം, കേരളം, കോടതി, വിദ്യാഭ്യാസം
- ജെ. എസ്.
( Monday, September 22, 2008 ) 1 Comments:
Links to this post: |
ടോട്ടല്‍ ഫോര്‍ യു : ബിന്ദുവിനെ ഇന്ന് വൈകുന്നേരം കോടതിയില്‍ ഹാജരാക്കും
ബിന്ദു മഹേഷിന്റെ മുന്‍ കൂര്‍ ജാമ്യ അപേക്ഷ ശനിയാഴ്ച കോടതി പരിഗണിക്കാന്‍ ഇരിയ്ക്കേ തിരക്കിട്ട് വെള്ളിയാഴ്ച തന്നെ ബിന്ദുവിനെ അറസ്റ്റ് ചെയ്തത് ക്രൈം ബ്രാഞ്ചിന്റെ തന്ത്രം ആണെന്ന് കോടതി വിമര്‍ശിച്ചു. അവസാന നിമിഷം വരെ ഇങ്ങനെ അറസ്റ്റ് വൈകിക്കുന്നത് പോലീസിന്റെ സ്ഥിരം പതിവാണ് എന്നും കോടതി നിരീക്ഷിച്ചു.
നിക്ഷേപ തട്ടിപ്പ് നടത്തി എന്ന് ആരോപിക്കപ്പെട്ട ടോട്ടല്‍ ഫോര്‍ യു എന്ന സ്ഥാപനത്തിന്റെ ജനറല്‍ മാനേജരാണ് അറസ്റ്റില്‍ ആയ ബിന്ദു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സഹോദരിയുടെ വീട്ടില്‍ ഒളിവില്‍ താമസിക്കുകയായിരുന്ന ഇവരുടെ ഭര്‍ത്താവിനേയും സഹോദരനേയും പോലീസ് നേരത്തേ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഭര്‍ത്താവിനേ കൊണ്ട് മൊബൈല്‍ ഫോണില്‍ ഇവരെ വിളിച്ചാണ് പോലീസ് ഇവരുടെ ഒളിത്താവളം കണ്ടെത്തിയതും ഇവരെ അറസ്റ്റ് ചെയ്തതും. ഈ കേസില്‍ ഒളിവില്‍ കഴിയുന്ന സിഡ്കോ ചന്ദ്രമതിയെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ബിന്ദുവിനെ ചോദ്യം ചെയ്ത പോലീസിന് ലഭിച്ചു എന്നാണ് സൂചന. നിക്ഷേപകരെ ആകര്‍ഷിയ്ക്കുവാനായി വിദേശത്തേയ്ക്ക് പെണ്‍കുട്ടികളെ കയറ്റി അയയ്ക്കുവാന്‍ ശബരിനാഥിനോട് ചന്ദ്രമതി അവശ്യപ്പെട്ടിരുന്നു എന്ന് ബിന്ദു പോലീസിനോട് വെളിപ്പെടുത്തി. ഈ കേസുമായി ബന്ധപ്പെട്ട ഏഴോളം പേര്‍ ഇപ്പോഴും ഒളിവിലാണ്.
- ജെ. എസ്.
( Saturday, September 20, 2008 ) |
ഖത്തറില്‍ രണ്ട് മലയാളികള്‍ക്ക് വധശിക്ഷ
ഖത്തറില്‍ ഇന്തോനേഷ്യന്‍ യുവതി കൊല ചെയ്യപ്പെട്ട കേസില്‍ 2 മലയാളി യുവാക്കളുടേയും നേപ്പാള്‍ സ്വദേശിയുടേയും വധശിക്ഷ അപ്പീല്‍ കോടതി ശരി വച്ചു.
കുന്നംകുളം സ്വദേശി മണികണ്ഠന്‍, തൃശ്ശൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്കാണ് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്. ഇതിനെതിരെ കോടതിയില്‍ നല്‍കിയ അപ്പീലിലാണ് വിധി. 60 ദിവസങ്ങള്‍ ക്കുള്ളില്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള അവസരം കൂടി പ്രതികള്‍ക്കുണ്ട്. 2003 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. മണികണ്ഠന്‍ വെല്‍ഡറായും ഉണ്ണികൃഷ്ണന്‍ ടാക്സി ഡ്രൈവറായുമാണ് ജോലി ചെയ്തിരുന്നത്. Labels: കുറ്റകൃത്യം, കോടതി, ഖത്തര്‍, ശിക്ഷ
- ജെ. എസ്.
( Monday, June 30, 2008 ) |
രേഖകള്‍ ഇല്ലാതെ യു.എ.ഇ.യില്‍ തങ്ങുന്നവര്‍ക്ക് കനത്ത ശിക്ഷ
മതിയായ രേഖകളില്ലാതെ യു.എ.ഇയില്‍ തങ്ങുന്ന 15 പേര്‍ക്ക് താമസ സൗകര്യം നല്‍കിയതിന് യമന്‍ സ്വദേശിയെ കോടതി ശിക്ഷിച്ചു. രണ്ട് മാസം തടവും 15 ലക്ഷം ദിര്‍ഹം പിഴയുമാണ് ഇയാള്‍ക്ക് ബനിയാസ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. പിടിയിലായ 15 പേര്‍ക്കും രണ്ട് മാസം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. എല്ലാവരേയും ശിക്ഷാ കാലാവധിക്ക് ശേഷം നാട് കടത്തും. മതിയായ രേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്നവര്‍ക്ക് അഭയം നല്‍കുന്നവര്‍ക്ക് കനത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Labels: കോടതി, തൊഴില്‍ നിയമം, യു.എ.ഇ., ശിക്ഷ
- ജെ. എസ്.
( Wednesday, April 30, 2008 ) |
മാള ഇരട്ടക്കൊലപാതകം; അപ്പീല്‍ പോകുമെന്ന് നബീസയുടെ മകന്‍
മാള ഇരട്ടക്കൊലപാതക പ്രതിയെ വെറുതെ വിട്ട സി.ബി.ഐ. കോടതി നടപടിക്കെതിരെ അപ്പീര്‍ പോകുമെന്ന് കൊല്ലപ്പെട്ട നബീസയുടെ മകന്‍ നൗഷാദ് ദുബായില്‍ പറഞ്ഞു. തെളിവുകള്‍ വേണ്ടത്ര ഹാജറാക്കാന്‍ കഴിയാത്തതാണ് ഇത്തരമൊരു വിധിക്ക് കാരണമെന്ന് ഇദ്ദേഹം പറയുന്നു.
Labels: കുറ്റകൃത്യം, കോടതി
- ജെ. എസ്.
( Sunday, April 20, 2008 ) |
സൌദിയില്‍ പാക്കിസ്ഥാന്‍ പൗരന് വധശിക്ഷ
സൗദി അറേബ്യയില്‍ പാക്കിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധേയനാക്കി. കൊലക്കുറ്റത്തിനാണ് ഇയാളെ വധിച്ചത്.
മുഹമ്മദ് വലി അഹമ്മദ് എന്ന സൗദി പരൗനെ പൊതുവഴിയില്‍ വച്ച് ഫാറൂഖ് ഫള് ല്‍ എന്ന പാക്കിസ്ഥാന്‍ സ്വദേശി അടിച്ചു കൊല്ലുകയായിരുന്നു. ഈ വര്‍ഷം സൗദിയില്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയവരുടെ എണ്ണം ഇതോടെ 37 ആയി. കഴിഞ്ഞ വര്‍ഷം 137 പേരാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. Labels: കുറ്റകൃത്യം, കോടതി, ശിക്ഷ, സൌദി
- ജെ. എസ്.
( Wednesday, April 09, 2008 ) |
യു.എ.ഇ.യില്‍ നീതിന്യായ മ്യൂസിയം വരുന്നു
യു.എ.ഇ.യില്‍ നീതിന്യായ മ്യൂസിയം വരുന്നു. ഇത്തരത്തില്‍ ആദ്യമായാണ് ഒരു മ്യൂസിയം തുറക്കുന്നത്. അബുദാബിയിലാണ് മ്യൂസിയം വരുന്നത്. നീതിന്യായ വ്യവസ്ഥയില്‍ പണ്ട് ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളായിരിക്കും പ്രദര്‍ശനത്തിന് വരിക. ചരിത്ര രേഖകളും ഇക്കൂട്ടത്തിലുണ്ടാകും. ഈ മേഖലയില്‍ ഉണ്ടായ വളര്‍ച്ച ജനങ്ങളെ അറിയിക്കുക എന്നതാണ് ഈ മ്യൂസിയം തുറക്കുന്നതിന് പിന്നിലെ ലക്ഷ്യം.
- ജെ. എസ്.
( Tuesday, April 08, 2008 ) |
ഖത്തറില്‍ ഇ-മേഖല വിപുലമാകുന്നു
ഖത്തറില്‍ ഇന്‍റര്‍നെറ്റ് മുഖേന കോടതികളില്‍ കേസുകള്‍ ഫയല്‍ ചെയ്യാനുള്ള സംവിധാനം നിലവില്‍ വന്നു. ഖത്തറിലെ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലാണ് ഈ സംവിധാനം ഒരുക്കിയത്. കൗണ്‍സിലിന്‍റെ വെബ് സൈറ്റില്‍ കേസിന്‍റെ വിവരങ്ങളും ഹര്‍ജി സമര്‍പ്പിക്കാനുള്ള പ്രത്യേക ഫോറവും മാത്രം പൂരിപ്പിച്ച് കൊടുത്താല്‍ മതിയെന്നതാണ് ഇതിന്‍റെ പ്രത്യേകത. കോര്‍ട്ട് ഫീസ് അടയ്ക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാം എന്നതും സംവിധാനത്തിന്‍റെ പ്രത്യേകതയാണ്. കേസ് സ്വീകരിച്ചതിന് ശേഷമുള്ള നടപടികള്‍ക്ക് മാത്രം പരാതിക്കാരന് ഇനി കോടതിയില്‍ പോയാല്‍ മതിയാകും
Labels: ഇന്‍റര്‍നെറ്റ്, കോടതി, ഖത്തര്‍
- ജെ. എസ്.
( Tuesday, February 26, 2008 ) |
മുല്ലപ്പെരിയാര്‍: കേരളം കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിച്ചു
മുല്ലപ്പെരിയാര്‍ കേസില്‍ കൂടുതല്‍ തെളിവുകള്‍ കേരളം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുര്‍ബലമാണെന്നും പുതിയ അണക്കെട്ട് അനിവാര്യമാണെന്നും തെളിയിക്കുന്ന രേഖകളാണ് നല്‍കിയിരിക്കുന്നത്.
തിങ്കളാഴ്ച മുല്ലപ്പെരിയാര്‍ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കേരളം കൂടുതല്‍ തെളിവുകള്‍ ഹാജരാക്കിയത്. 1947ല്‍ തമിഴ്നാടുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അടങ്ങുന്ന രേഖകള്‍ ഉള്‍പ്പെടെ 54 രേഖകളാണ് കോടതിയില്‍ നല്‍കിയിരിക്കുന്നത്.
- ജെ. എസ്.
( Sunday, February 24, 2008 ) |
മാറാട് കേസ്: പ്രതികള്ക്ക് ജാമ്യം നല്കിയത് സുപ്രീംകോടതി ശരിവച്ചു.
മാറാട് കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രതികള്ക്ക് ജാമ്യം നല്കിയത് സുപ്രീംകോടതി ശരിവച്ചു. ജാമ്യം നല്കിയതിനെതിരെ അരയസമാജം നല്കിയ ഹര്ജി സുപ്രീംകോടതി തള്ളുകയായിരുന്നു.
കേസിലെ 94 ഉം 98 ഉം പ്രതികളായ അബ്ദുള് ലത്തീഫ്, ഷക്കീല് എന്നിവര്ക്കായിരുന്നു ഹൈക്കോടതി കഴിഞ്ഞ ഡിസംബറില് ജാമ്യം അനുവദിച്ചത്. മാറാട് കേസിലെ അന്തിമ വാദം പൂര്ത്തിയാകാനിരിക്കെ ഈ പ്രതികള് ജാമ്യത്തില് ഇറങ്ങിയാല് സാക്ഷികളെ സ്വാധീനിക്കുമെന്ന് ആരോപിച്ചാണ് അരയസമാജം അംഗങ്ങളായ ശ്യാമള, ഉണ്ണി എന്നിവര് സുപ്രീംകോടതിയിലെത്തിയത്. ശ്യാമളയുടെ രണ്ട് കുട്ടികള് മാറാട് കലാപത്തില് കൊല്ലപ്പെട്ടിരുന്നു. ഹൈക്കോടതിയുടെ കര്ശന ജാമ്യവ്യവസ്ഥകള് നില നില്ക്കുന്നതിനാല് പ്രതികള്ക്ക് സാക്ഷികളെ സ്വാധീനിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന് അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. Labels: കോടതി
- ജെ. എസ്.
( Saturday, February 16, 2008 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്