തായ് ലാന്റില്‍ പ്രക്ഷോഭം തുടരുന്നു - 19 മരണം
പാര്‍ലിമെന്റ് പിരിച്ചു വിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് തായ് ലാന്റില്‍ മുന്‍ പ്രധാനമന്ത്രി തക്ഷന്‍ ശിനാപത്രയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭം കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. തലസ്ഥാനമായ ബാങ്കോക്കില്‍ നടന്ന പാര്‍ലിമെന്റ് മാര്‍ച്ചില്‍ സൈന്യവും പ്രക്ഷോഭ കാരികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ 19 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 13 പേര്‍ പ്രക്ഷോഭകരും അഞ്ച് സൈനികരും ഒരു മാധ്യമ പ്രവര്‍ത്തകനും ഉള്‍പ്പെടും.
Labels: ക്രമസമാധാനം, പ്രതിഷേധം
- ജെ. എസ്.
( Monday, April 12, 2010 ) |
ഗോധ്ര : പ്രോസിക്യൂട്ടര്‍മാരുടെ ഹിന്ദുത്വ ബന്ധം വിശകലനത്തില്‍
ഗോധ്രയില്‍ തീവണ്ടി കത്തിച്ച കേസില്‍ പബ്ലിക് പ്രോസിക്യൂ ട്ടര്‍മാരായി സര്‍ക്കാര്‍ നിയമിച്ച മൂന്ന് അഭിഭാഷകര്‍ക്ക് വിശ്വ ഹിന്ദു പരിഷദ്, ബജ്‌റംഗ് ദള്‍, ബി. ജെ. പി. എന്നീ കക്ഷികളുമായി എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന കാര്യം 2002ലെ ഗുജറാത്ത് കലാപം അന്വേഷിക്കാന്‍ സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നു. ഗുജറാത്ത് മുഖ്യ മന്ത്രി നരേന്ദ്ര മോഡിയെ ചോദ്യം ചെയ്തതിനു തൊട്ടു പിറകെ ഈ മൂന്നു അഭിഭാഷകരെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. വി. പി. ആത്രെ, പിയുഷ് ഗാന്ധി, എച്ച്. എം. ധ്രുവ് എന്നിവരാണ് ചോദ്യം ചെയ്യലിനു വിധേയമായത്. കലാപത്തിന്റെ ഇരകള്‍ക്ക് വേണ്ടി കേസ് നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് നല്‍കിയ പരാതി അനുസരിച്ചാണ് ഇവരെ ചോദ്യം ചെയ്തത്.
Labels: ക്രമസമാധാനം, തീവ്രവാദം
- ജെ. എസ്.
( Monday, March 29, 2010 ) |
അദ്വാനിയുടെ വാദം തെറ്റെന്ന് അഞ്ജു
റായ് ബറേലി : തന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിനമാണ് ബാബറി മസ്ജിദ് തകര്‍ന്ന ദിനം എന്ന എല്‍. കെ. അദ്വാനിയുടെ പരാമര്‍ശം വ്യാജമാണെന്ന് ഇന്നലെ കോടതിയില്‍ റോ ഉദ്യോഗസ്ഥ അഞ്ജു ഗുപ്ത നല്‍കിയ മൊഴി വ്യക്തമാക്കി. ബാബറി മസ്ജിദ് തകര്‍ന്ന വേളയില്‍ കാര്യങ്ങളുടെ മേല്‍ നോട്ടം വഹിക്കാന്‍ എത്തിയ നേതാക്കളോടൊപ്പം, തകര്‍ന്ന പള്ളിയുടെ 150 മീറ്റര്‍ അടുത്ത് അദ്വാനി നിന്ന കാര്യം അഞ്ജു കോടതിയെ അറിയിച്ചു. നേതാക്കളാരും കര്‍സേവകരെ തടയാന്‍ മുതിര്‍ന്നില്ലെന്നു മാത്രമല്ല, പള്ളിയുടെ താഴികക്കുടം തകര്‍ന്ന ഉടനെ എല്ലാവരും പരസ്പരം അനുമോദിക്കുകയും സന്തോഷം പങ്കു വെക്കുകയും ചെയ്തു എന്നും അഞ്ജു ഗുപ്ത വെളിപ്പെടുത്തി. ബാബറി മസ്ജിദ് തകര്‍ന്ന കാലയളവില്‍ അദ്വാനിയുടെ സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥ ആയിരുന്നു അഞ്ജു ഗുപ്ത. അന്ന് സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍ ആരും തന്നെ അദ്വാനിക്കെതിരെ സി.ബി.ഐ. ക്ക് മുന്‍പില്‍ മൊഴി നല്‍കാന്‍ തയ്യാറാവാഞ്ഞ സാഹചര്യത്തില്‍ അഞ്ജു ഗുപ്ത മാത്രമാണ് സത്യം വെളിപ്പെടുത്താന്‍ മുന്നോട്ട് വന്നത്.
Anju Gupta Challenges Advani's Claims Labels: കോടതി, ക്രമസമാധാനം, തീവ്രവാദം
- ജെ. എസ്.
( Saturday, March 27, 2010 ) |
ബാബറി മസ്ജിദ്: അദ്വാനിക്കെതിരെ അഞ്ജു മൊഴി നല്‍കും
ന്യൂഡല്‍ഹി : ബാബറി മസ്‌ജിദ് തകര്‍ത്ത സംഭവത്തില്‍ ബി. ജെ. പി. നേതാവ് എല്‍. കെ. അദ്വാനിയും മറ്റ് ഏഴ് പ്രതികളും വഹിച്ച പങ്കിനെ കുറിച്ച് അദ്വാനിയുടെ സുരക്ഷാ ഉദ്യോഗസ്ഥ ആയിരുന്ന ഐ. പി. എസ്. ഉദ്യോഗസ്ഥ അഞ്ജു ഗുപ്ത നാളെ (വെള്ളിയാഴ്ച) റായ് ബറേലി കോടതിക്ക് മുന്‍പാകെ മൊഴി നല്‍കും.
1992ല്‍ ബി. ജെ. പി. രാജ്യ വ്യാപകമായി നല്‍കിയ ആഹ്വാനത്തിന്റെ ഫലമായി രാജ്യമെമ്പാടും നിന്ന് പ്രവര്‍ത്തകര്‍ "കര്‍സേവ" ചെയ്യാനായി ഭഗവാന്‍ ശ്രീരാമന്റെ ജന്മ ഭൂമിയെന്ന് സംഘ പരിവാര്‍ പ്രഖ്യാപിച്ച അയോധ്യയിലെ പുരാതനമായ 16ആം നൂറ്റാണ്ടിലെ പള്ളിയില്‍ ഒത്തുകൂടിയ വേളയില്‍ അഞ്ജു ഗുപ്തയ്ക്കായിരുന്നു അദ്വാനിയുടെ സുരക്ഷാ ചുമതല. അന്ന് അവിടെ അരങ്ങേറിയ രംഗങ്ങള്‍ സി. ബി. ഐ. യോട് വിവരിക്കാന്‍ അവിടെ ഉണ്ടായിരുന്ന ഐ.എ.എസ്., ഐ.പി.എസ്., കേന്ദ്ര സേനാ ഉദ്യോഗസ്ഥര്‍ അടക്കം എല്ലാവരും വിസമ്മതിച്ചപ്പോള്‍ സി.ബി.ഐ. യുമായി സഹകരിക്കാന്‍ തയ്യാറായ ഏക ഉദ്യോഗസ്ഥ ആയിരുന്നു 1990ല്‍ ഐ.പി.എസ്. ഇല്‍ ചേര്‍ന്ന അഞ്ജു ഗുപ്ത. കര്‍സേവകര്‍ പള്ളി പൊളിക്കാന്‍ ഒരുമ്പെട്ടപ്പോള്‍ അവരെ തടയാന്‍ അവിടെ ഉണ്ടായിരുന്ന നേതാക്കള്‍ ആരും തന്നെ ശ്രമിച്ചില്ല എന്ന അഞ്ജുവിന്റെ മൊഴിയെ തുടര്‍ന്നാണ് അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, വിനയ് കാട്ട്യാര്‍, അശോക് സിങ്കാള്‍, ഗിരിരാജ് കിഷോര്‍, വിഷ്ണു ഹരി ഡാല്‍മിയ, സാധ്വി ഋതംഭര എന്നിവര്‍ക്കെതിരെ സി.ബി.ഐ. ക്രിമിനല്‍ കുറ്റം ചാര്‍ത്തിയത്. പള്ളി തകര്‍ന്നു വീണപ്പോള്‍ ഈ എട്ടു നേതാക്കള്‍ക്ക് പുറമേ അവിടെ ഉണ്ടായിരുന്ന ആചാര്യ ധര്‍മ്മേന്ദ്ര അടക്കം എല്ലാവരും പരസ്പരം അനുമോദിക്കുകയും, ആഹ്ലാദം പങ്കിടുകയും ചെയ്തതായി അന്ന് അഞ്ജു സി.ബി.ഐ. യോട് പറഞ്ഞിരുന്നു. 2003ല്‍ അദ്വാനിക്കെതിരെയുള്ള ഗൂഡാലോചന കുറ്റം പിന്‍വലിച്ചുവെങ്കിലും 2005ല്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് കുറ്റം വീണ്ടും ചുമത്തുകയായിരുന്നു. അന്ന് ഇത് ഒട്ടേറെ അക്രമത്തിനും കൊള്ളിവെപ്പിനും, രാജ്യ വ്യാപകമായ പ്രതിഷേധത്തിനും, ഒട്ടേറെ വര്‍ഗ്ഗീയ അസ്വസ്ഥതകള്‍ക്കും വഴി വെച്ചതിനെ തുടര്‍ന്ന് കേസിന്റെ പുരോഗതി ഏറെ മന്ദഗതിയില്‍ ആയി. എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ ചാര സംഘടനയായ റോ യില്‍ ഉദ്യോഗസ്ഥയായ അഞ്ജു ഗുപ്ത കോടതിക്ക് മുന്‍പാകെ മൊഴി നല്‍കാന്‍ എത്തുന്നതോടെ കേസ് വീണ്ടും സജീവമാകും. Anju Gupta to testify against Advani Labels: ക്രമസമാധാനം, തീവ്രവാദം
- ജെ. എസ്.
( Thursday, March 25, 2010 ) |
എയര്‍ ഇന്ത്യ വിമാനത്തില്‍ പൈലറ്റും ജീവനക്കാരനും തമ്മിലടി
ഷാര്‍ജയില്‍ നിന്നും ലഖ്നൌവിലേയ്ക്ക് പോയ എയര്‍ ഇന്ത്യാ വിമാനത്തില്‍ ആകാശത്തു വെച്ച് വിമാന ജീവനക്കാര്‍ തമ്മില്‍ അടി പിടി നടന്നു. വിമാനത്തിന്റെ പൈലറ്റും ഒരു കാബിന്‍ ജോലിക്കാരനും തമ്മിലാണ് പറക്കുന്നതിനിടയില്‍ രൂക്ഷമായ അടി നടന്നത്. അടിപിടിയെ തുടര്‍ന്ന് ഇരുവര്‍ക്കും പരിക്കുകള്‍ പറ്റി. ഷാര്‍ജയില്‍ നിന്നും രാത്രി 12:30യ്ക്ക് തിരിച്ച വിമാനം അതിരാവിലെ 04:30ന് പാക്കിസ്ഥാനു മുകളിലൂടെ പറക്കുമ്പോഴാണ് സംഭവം നടന്നത്. അന്വേഷണ വിധേയമായി അടി കൂടിയ രണ്ടു ജീവനക്കാരെയും താല്‍ക്കാലികമായി സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട് എന്ന് അധികൃതര്‍ അറിയിച്ചു.
Labels: ക്രമസമാധാനം, വിമാന സര്‍വീസ്
- ജെ. എസ്.
( Saturday, October 03, 2009 ) |
ബൃന്ദ കാരാട്ട് പോലീസ് പിടിയില്‍
മധുര : ഒരു സംഘം പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം ബൃന്ദാ കാരാട്ടിനെ മധുര പോലീസ് തടഞ്ഞു വെച്ചു. മധുരയ്ക്കടുത്ത് ഉത്തപുരം ഗ്രാമം സന്ദര്‍ശിക്കുവാന്‍ ശ്രമിയ്ക്കവെയാണ് ബൃന്ദ പോലീസ് പിടിയില്‍ ആയത്. ദളിത് സമുദായങ്ങളും സവര്‍ണ്ണരും തമ്മിലുള്ള സംഘര്‍ഷം ഏറെ നാളായി നില നില്‍ക്കുന്ന പ്രദേശമാണിത്. കഴിഞ്ഞ വര്‍ഷം സി.പി.എം. നേതൃത്വം നല്‍കിയ വമ്പിച്ച ഒരു ജന മുന്നേറ്റത്തിന്റെ ഫലമായി ജാതികളെ തമ്മില്‍ വേര്‍ തിരിച്ചു കൊണ്ട് ഇവിടെ നില നിന്നിരുന്ന ഒരു മതില്‍ തകര്‍ക്കുകയുണ്ടായി. ഒരു ദളിത് നേതാവിന്റെ ചരമ വാര്‍ഷിക ആചരണ പരിപാടികള്‍ നടക്കുന്ന മധുരയിലും രാമനാഥപുരത്തും വെള്ളിയാഴ്‌ച്ച ചെറിയ തോതില്‍ സംഘര്‍ഷം നില നിന്നിരുന്നു. ഈ അവസരത്തില്‍ ഉത്തപുരത്ത് ബൃന്ദ ഇന്ന് സന്ദര്‍ശനം നടത്തിയാല്‍ അത് പ്രശ്നങ്ങളെ കൂടുതല്‍ വഷളാക്കും എന്ന് ഭയന്നാണ് പോലീസ് ബൃന്ദയേയും കൂട്ടരേയും പോലീസ് സ്റ്റേഷനില്‍ തടഞ്ഞു വെച്ചിരിക്കുന്നത്.
Brinda Karat detained at a police station in Madurai Labels: ക്രമസമാധാനം, പ്രതിഷേധം, മനുഷ്യാവകാശം
- ജെ. എസ്.
( Saturday, September 12, 2009 ) |
ഓംപ്രകാശും പുത്തന്‍പാലം രാജേഷും ദുബായില്‍; സിംഗപ്പൂരിലേക്ക് കടക്കാന്‍ ശ്രമം
കുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും ദുബായില്‍ ഉള്ളതായി സൂചന. പോലീസ് ഇവര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയ സാഹചര്യത്തിലാണ് ഇവര്‍ ദുബായിലേക്ക് കടന്നത്. മലയാളത്തിലെ ഒരു പ്രമുഖ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
മുത്തുറ്റ് പോള്‍ വധവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന കുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും ദുബായില്‍ എത്തിയതായാണ് സൂചന. കഴിഞ്ഞ ബുധനാഴ്ച മുതല്‍ ഇവര്‍ ദുബായില്‍ ഉണ്ടെന്നറിയുന്നു. മലയാളിയുടെ ഉടമസ്ഥതയിലുള്ള ദേര ദുബായിലെ ഒരു ഹോട്ടലിലാണ് ഇവര്‍ തങ്ങുന്നത്. പത്രങ്ങളിലും ടിവി ചാനലുകളിലും തുടര്‍ച്ചയായി ഇവരുടെ ഫോട്ടോകളും വിഷ്വലുകളും കാണിക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ തിരിച്ചറിയാ തിരിക്കാനായി ഇവര്‍ പകല്‍ സമയങ്ങളില്‍ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങാറില്ല. ഭക്ഷണം മുറിയില്‍ എത്തിച്ച് കൊടുക്കുകയാണ് ചെയ്യുന്നത്. ചില രാത്രികളില്‍ ബര്‍ദുബായിലെ ചില ബാറുകളില്‍ ഇരുവരും സന്ദര്‍ശനം നടത്താറുണ്ടെന്നും അറിയുന്നു. അതേ സമയം ഏത് വിമാനത്താവളം വഴിയാണ് ഇവര്‍ ദുബായില്‍ എത്തിയതെന്നത് വ്യക്തമല്ല. ഓം പ്രകാശിന് യു.എ.ഇ. റസിഡന്‍റ് വിസ ഉണ്ടെന്നാണ് അറിയുന്നത്. പുത്തന്‍പാലം രാജേഷും ഓംപ്രകാശും നേരത്തെ ദുബായില്‍ ഉണ്ടായിരുന്നു. ഈയിടെയാണ് രണ്ട് പേരും കേരളത്തിലേക്ക് പോയത്. പിന്നീട് മുത്തൂറ്റ് പോള്‍ വധവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ സുരക്ഷിതമായ ഒളിത്താവളം എന്ന നിലയ്ക്കാണ് ഇവര്‍ ദുബായില്‍ എത്തിയത്. തിരൂവോണത്തിന് മുമ്പ് കീഴടങ്ങാന്‍ സാധിച്ചില്ലെങ്കില്‍ സിംഗപ്പൂരിലേക്ക് കടക്കാനാണ് ശ്രമമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. Labels: കുറ്റകൃത്യം, കേരളം, ക്രമസമാധാനം, പോലീസ്
- സ്വന്തം ലേഖകന്‍
( Sunday, August 30, 2009 ) |
ചൈന മുസ്ലിം പള്ളികള്‍ അടച്ചു പൂട്ടി
കലാപ ബാധിത പ്രദേശത്തെ മുസ്ലിം പള്ളികള്‍ ചൈന അടച്ചു പൂട്ടി. വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനക്കായി ഉറുംഖിയിലെ മുസ്ലിം പള്ളികള്‍ തുറക്കരുത് എന്നാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഉയിഘൂര്‍ മുസ്ലിം - ഹാന്‍ ചൈനീസ് വിഭാഗങ്ങള്‍ തമ്മില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന വര്‍ഗ്ഗീയ കലാപത്തില്‍ 156 പേരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് സൈനികരെ സര്‍ക്കാര്‍ ഈ പ്രദേശത്ത് ക്രമസമാധാനം നിലനിര്‍ത്താനായി വിന്യസിച്ചിട്ടുണ്ട്.
ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന പോലീസ് കലാപങ്ങള്‍ക്കു പിന്നില്‍ അല്‍ ഖൈദ ആണ് എന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട് എന്ന് ചൈന അറിയിച്ചു. പ്രശ്നങ്ങള്‍ വഷളായതിനെ തുടര്‍ന്ന് ചൈനീസ് പ്രസിഡണ്ട് ഹൂ ജിണ്ടാവോ ഇറ്റലിയില്‍ നടക്കുന്ന ജി-8 ഉച്ചകോടിയില്‍ നിന്നും അടിയന്തിരമായി ചൈനയിലേക്ക് മടങ്ങി. Labels: ക്രമസമാധാനം
- ജെ. എസ്.
( Friday, July 10, 2009 ) |
വെടിയേറ്റ സിഖ് ഗുരു മരണമടഞ്ഞു
വിയന്നയില്‍ രണ്ട് സിഖ് വിഭാഗങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷം അക്രമാസക്തമായതിനെ തുടര്‍ന്ന് ആക്രമണത്തില്‍ പരിക്കേറ്റ സിഖ് ഗുരു ഇന്നലെ അര്‍ധ രാത്രി ആശുപത്രിയില്‍ വെച്ച് ജീവന്‍ വെടിഞ്ഞു. വിയന്നയിലെ 15ാം ജില്ലയിലെ ഒരു ഗുരുദ്വാരയില്‍ ആണ് ഇന്നലെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്കു തര്‍ക്കം ഉണ്ടായത്. തര്‍ക്കം മൂത്തതിനെ തുടര്‍ന്ന് ആയുധമെടുത്ത സിഖുകാര്‍ പരസ്പരം ആക്രമിക്കുകയും ആക്രമണത്തില്‍ മുപ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഠാരയും തോക്കും ഉപയോഗിച്ചായിരുന്നു ഇവരുടെ പോരാട്ടം എന്ന് പോലീസ് അറിയിച്ചു. ആക്രമണത്തിനിടയില്‍ 57 കാരനായ ഗുരു സന്ത് രാമാനന്ദിന് വെടി ഏല്‍ക്കുകയാണ് ഉണ്ടായത്. ഇദ്ദേഹത്തോടൊപ്പം വിയന്നയില്‍ സന്ദര്‍ശനത്തിന് എത്തിയ ഗുരു സന്ത് നിരഞ്ജന്‍ ദാസിനും വെടി ഏറ്റു എങ്കിലും ഒരു അടിയന്തര ശസ്ത്രക്രിയയെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടു വരികയാണ് എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഓസ്ട്രിയയില്‍ ഏതാണ്ട് മൂവായിരത്തോളം സിഖുകാര്‍ താമസിക്കുന്നുണ്ട്. വിയന്നയില്‍ നടന്ന കലാപത്തിന്റെ അലയടികള്‍ ഇന്ത്യയിലും അനുഭവപ്പെടുകയുണ്ടായി. പഞ്ചാബിലെ ജലന്ധറില്‍ ഇന്നലെ രാത്രി അക്രമം പൊട്ടിപ്പുറപ്പെടുകയും വ്യാപകമായ കൊള്ളിവെപ്പിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും പട്ടാളം രംഗത്തിറങ്ങുകയും ചെയ്തു. ജലന്ധറില്‍ ഇപ്പോള്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. Labels: ക്രമസമാധാനം
- ജെ. എസ്.
( Monday, May 25, 2009 ) |
സൊമാലിയന്‍ കൊള്ളക്കാര്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു
കടല്‍ കൊള്ളക്കാര്‍ ബന്ദിയാക്കിയ കപ്പലിന്റെ കപ്പിത്താനെ രക്ഷപ്പെടുത്തുവാന്‍ ഉള്ള അമേരിക്കന്‍ നാവിക സേനയുടെ ശ്രമങ്ങള്‍ തുടരുന്നുവെങ്കിലും ഇത്രത്തോളം ആയിട്ടും കൊള്ളക്കാര്‍ തങ്ങളുടെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നത് സൈന്യത്തെ കുഴക്കുകയാണ്. കൊള്ളക്കാരുമായി മധ്യസ്ഥത പറയാന്‍ അമേരിക്കന്‍ ഫെഡറല്‍ അന്വേഷണ സംഘടനയിലെ വിദഗ്ദ്ധരായ നെഗോഷിയേറ്റര്‍മാരെ തന്നെ സേന രംഗത്തിറക്കിയിട്ടുണ്ട്. മര്‍സ്ക് അലബാമ എന്ന കപ്പല്‍ സൊമാലിയന്‍ കടല്‍ കൊള്ളക്കാര്‍ കഴിഞ്ഞ ബുധനാഴ്ച പിടിച്ചടക്കിയതിനെ തുടര്‍ന്ന് കപ്പലിലെ ഇരുപതോളം വരുന്ന അമേരിക്കന്‍ ജീവനക്കാര്‍ കപ്പലിന്റെ നിയന്ത്രണം ബല പ്രയോഗത്തിലൂടെ തിരിച്ചു പിടിച്ചിരുന്നു. എന്നാല്‍ തന്റെ കീഴ് ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കിയ കപ്പലിന്റെ കപ്പിത്താന്‍ ഈ തന്ത്രം വിജയിക്കുന്നതിനായി സ്വയം നാല് കൊള്ളക്കാരുടെ കൂടെ ഒരു ലൈഫ് ബോട്ടില്‍ കയറുവാന്‍ തയ്യറാവുകയായിരുന്നു. കപ്പലിന്റെ നിയന്ത്രണം ജീവനക്കാര്‍ക്ക് തിരികെ ലഭിച്ചെങ്കിലും കപ്പിഥാന്‍ ഇപ്പോള്‍ ഈ നാല് കൊള്ളക്കാരുടെ തടവില്‍ ലൈഫ് ബോട്ടില്‍ ആണ് ഉള്ളത്. ലൈഫ് ബോട്ട് ആണെങ്കില്‍ കപ്പലില്‍ നിന്നും അകന്ന് പോയി കൊണ്ടിരിക്കുകയുമാണ്.
ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല. കപ്പിത്താനെ വിട്ടാല്‍ തങ്ങളെ അറസ്റ്റ് ചെയ്യും എന്ന് കൊള്ളക്കാര്‍ വിശ്വസിക്കുന്നു. ഇവരെ സഹായിക്കാന്‍ രണ്ട് ബോട്ടുകളിലായി കൂടുതല്‍ കൊള്ളക്കാര്‍ തിരിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പണം ലഭിച്ചാല്‍ മാത്രമേ കപ്പിത്താനെ തങ്ങള്‍ വിട്ടയക്കൂ എന്നാണ് കൊള്ളക്കാരുടെ നിലപാട്. Labels: അമേരിക്ക, കുറ്റകൃത്യം, ക്രമസമാധാനം
- ജെ. എസ്.
( Friday, April 10, 2009 ) |
സൌമ്യ കൊലക്കേസ് പ്രതികള്‍ പിടിയില്‍
മലയാളി മാധ്യമ പ്രവര്‍ത്തക സൌമ്യ വിശ്വനാഥ് കൊലക്കേസിന്റെ ചുരുളഴിഞ്ഞു. ദില്ലിയിലെ നെത്സണ്‍ മണ്ഡേലാ മാര്‍ഗില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 30 നാണ് ഓഫീസില്‍ നിന്നും തിരികെ വീട്ടിലേക്ക് പോകുന്ന വഴി സൌമ്യ തന്റെ കാറില്‍ വെച്ചു തലയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. നേരത്തെ സി.എന്‍.എന്‍. ഐ.ബി.എന്‍ ഇല്‍ പ്രവര്‍ത്തിച്ചിരുന്ന സൌമ്യ കൊല്ലപ്പെടുമ്പോള്‍ ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെഡ്ലൈന്‍സ് ടുഡേയില്‍ ഒരു ടെലിവിഷന്‍ പ്രൊഡ്യൂസര്‍ ആയിരുന്നു. ആദ്യം ഇതൊരു അപകട മരണമാണ് എന്നായിരുന്നു കരുതപ്പെട്ടിരുന്നത്. വഴി തെറ്റി വന്ന ഒരു ബുള്ളറ്റ് കോണ്ടതാവും എന്നും പോലീസ് കരുതിയിരുന്നു. എന്നാല്‍ പിന്നീട് നടന്ന ഫോറന്‍സിക് പരിശോധനയില്‍ സൌമ്യയുടെ തലമുടിയും ശിരോചര്‍മവും പുറകിലത്തെ സീറ്റില്‍ കാണപ്പെട്ടു. അതോടെ ഇത് ഒരു കരുതി കൂട്ടിയുള്ള കൊലപാതകം ആണെന്ന് വ്യക്തമായി. എന്നാല്‍ കൊലപാതകത്തിനു പിന്നിലെ ഉദ്ദേശം എന്തെന്ന് വ്യക്തമല്ല. സൌമ്യയുടെ അച്ചന്‍ എം. കെ. വിശ്വനാഥനും ഇതേ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.
മറ്റൊരു കൊലപാതക കേസിന്റെ അന്വേഷണത്തിലാണ് സൌമ്യയുടെ ഘാതകരെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. കഴിഞ്ഞ ആഴ്ച ദില്ലിയിലെ വസന്ത് വിഹാറില്‍ വെച്ചു കൊല്ലപ്പെട്ട ജിഗിഷാ ഘോഷിന്റെ ആക്രമിച്ചതിനു ശേഷം ഇവരുടെ എ.റ്റി.എം. കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ച ആക്രമികളുടെ ചിത്രം ബാങ്കിന്റെ ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി.യില്‍ പതിഞ്ഞിരുന്നു. ഇതാണ് ഘാതകരെ പിടി കൂടാന്‍ പോലീസിനെ സഹായിച്ചത്. അറസ്റ്റിലായ നാലു പേരെ ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ തന്നെയാണ് സൌമ്യയേയും കൊലപ്പെടുത്തിയത് എന്ന് മനസ്സിലായത്. മലയാളിയായ സൌമ്യ വിശ്വനാഥന്‍ ജനിച്ചത് കേരളത്തിലാണെങ്കിലും വളര്‍ന്നത് ദില്ലിയിലാണ്. അഛന്‍ എം.കെ.വിശ്വനാഥന്‍ ദില്ലിയില്‍ വോള്‍ട്ടാസ് കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു. Labels: കുറ്റകൃത്യം, ക്രമസമാധാനം
- ജെ. എസ്.
( Tuesday, March 24, 2009 ) |
കുഞ്ഞമ്പുവിന്റെ മകളെ തട്ടി കൊണ്ടു പോയി
ശ്രീ രാമ സേനയുടേയും ബജ് രംഗ് ദളിന്റേയും ഗുണ്ടകള്‍ ചേര്‍ന്ന് തന്റെ മകളെ തട്ടി കൊണ്ട് പോയതായി മഞ്ചേശ്വരം എം. എല്‍. എ. ആയ സി. എച്ച്. കുഞ്ഞമ്പു അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് ആറ് മണിക്ക് മഞ്ചേശ്വരത്തു നിന്നും മംഗലാപുരത്തേക്ക് ബസില്‍ സഞ്ചരിക്കവേ ആണ് ബസില്‍ യാത്രക്കാര്‍ എന്ന പോലെ കയറി പറ്റിയ ഗുണ്ടകള്‍ എം. എല്‍. എ. യുടെ മകളേയും കൂടെ ഉണ്ടായിരുന്ന സുഹൃത്തിനേയും ബസില്‍ നിന്നും വലിച്ച് ഇറക്കി ഒരു ഓട്ടോ റിക്ഷയില്‍ കയറ്റി ഒരു അജ്ഞാത സങ്കേതത്തിലേക്ക് കൊണ്ടു പോയത്. ഒരു മണിക്കൂറോളം ഇവരെ തടഞ്ഞു വെച്ച ഗുണ്ടകള്‍ പിന്നീട് എം. എല്‍. എ. യുടെ മക്കളെ വിട്ടയച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഏറെ കഴിഞ്ഞാണ് വിട്ടത് എന്ന് എം. എല്‍. എ. അറിയിച്ചു.
മഞ്ചേശ്വരം എം. എല്‍. എ. യും സി. പി. എം. നേതാവുമായ സി. എച്ച്. കുഞ്ഞമ്പുവിന്റെ മകളേയും സുഹൃത്തിനേയും തട്ടി കൊണ്ട് പോയതിനു പിന്നിലെ ഉദ്ദേശം എന്തെന്ന് ഇനിയും വ്യക്തം അല്ല എന്ന് പോലീസ് പറയുന്നു. ബസിലെ കണ്ടക്ടര്‍ ബി. ജെ. പി. പ്രവര്‍ത്തകന്‍ ആയിരുന്നു. ഇയാള്‍ ആണ് ബജ് രംഗ് ദള്‍, ശ്രീ രാമ സേനാ ഗുണ്ടകളെ വിളിച്ചു വരുത്തിയത്. ഇവര്‍ തന്റെ മകളെ ആക്രമിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടി എടുക്കുകയും ചെയ്തു. കര്‍ണ്ണാടക ആഭ്യന്തര മന്ത്രിയെ താന്‍ ഈ കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട് എന്നും എം. എല്‍. എ. വ്യക്തമാക്കി. Labels: ക്രമസമാധാനം, തീവ്രവാദം
- ജെ. എസ്.
( Saturday, February 07, 2009 ) |
വിവാദ റിപ്പോര്‍ട്ട് വനിതാ കമ്മീഷന്‍ തള്ളി
മംഗലാപുരത്ത് പബില്‍ അതിക്രമിച്ചു കയറി പെണ്‍ കുട്ടികളെ മര്‍ദ്ദിച്ച കേസില്‍ അക്രമികളെ കുറ്റ വിമുക്തം ആക്കി സുരക്ഷാ സംവിധാനത്തിന്റെ പാളിച്ച ആണ് സംഭവത്തിന് കാരണം എന്ന ഒരു വനിതാ കമ്മീഷന്‍ അംഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ദേശീയ വനിതാ കമ്മീഷന്‍ തള്ളി. ശ്രീ രാമ സേന എന്ന ഒരു തീവ്ര ഹിന്ദുത്വ സംഘത്തിന്റെ പ്രവര്‍ത്തകരാണ് ലോകത്തിനു മുന്‍പില്‍ ഇന്ത്യയെ നാണം കെടുത്തിയ താലിബാന്‍ മോഡല്‍ ആക്രമണം മംഗലാപുരത്ത് അഴിച്ചു വിട്ടത്. സംഭവ സ്ഥലം സന്ദര്‍ശിച്ച കമ്മീഷന്‍ അംഗം നിര്‍മ്മല വെങ്കടേഷ്, പെണ്‍ കുട്ടികള്‍ സ്വയം അച്ചടക്കം പാലിക്കണം എന്നും മറ്റും നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യത്തെ മനുഷ്യാവകാശ സംഘടനകളുടെ കടുത്ത അമര്‍ഷത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.
എന്നാല്‍ ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ വനിതാ കമ്മീഷന്‍ ഈ റിപ്പോര്‍ട്ട് വിശദം ആയി പഠിച്ച ശേഷം ഇത് തള്ളുവാന്‍ തീരുമാനിച്ചതായ് കമ്മീഷന്‍ അധ്യക്ഷ ഗിരിജ വ്യാസ് അറിയിച്ചു. Labels: ക്രമസമാധാനം, തീവ്രവാദം, മനുഷ്യാവകാശം, സ്ത്രീ
- ജെ. എസ്.
( Friday, February 06, 2009 ) |
സ്ത്രീകള്‍ തങ്ങളുടെ സുരക്ഷ സ്വയം ഉറപ്പാക്കണം - വനിതാ കമ്മീഷന്‍
മംഗലാപുരത്തെ പബില്‍ ശ്രീ രാമ സേന പെണ്‍കുട്ടികള്‍ക്ക് നേരെ നടത്തിയ ആക്രമണത്തെ കുറിച്ച് അന്വേഷിക്കാന്‍ എത്തിയ ദേശീയ വനിതാ കമ്മീഷന്‍ അന്വേഷണത്തിന്റെ ഗതി തന്നെ തിരിച്ചു വിടുന്ന ചില പരാമര്‍ശങ്ങള്‍ നടത്തിയത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി. പെണ്‍കുട്ടികളെ ആക്രമിച്ചവരെ ജെയിലില്‍ ചെന്ന് കണ്ട കമ്മീഷന്‍ ആക്രമണത്തിന് ഇവരെ പ്രേരിപ്പിച്ചത് എന്താണ് എന്ന് പ്രതികളോട് ആരാഞ്ഞുവത്രെ. പബില്‍ നടക്കുന്ന അഴിഞ്ഞാട്ടത്തെ കുറിച്ച് വിവരം കിട്ടി എത്തിയ തങ്ങള്‍ അവിടെ എത്തിയത് പെണ്‍കുട്ടികളെ സംരക്ഷിക്കുവാന്‍ വേണ്ടി ആണ് എന്ന് ഇവര്‍ കമ്മീഷനോട് വെളിപ്പെടുത്തി. നാമ മാത്രമായി വസ്ത്ര ധാരണം ചെയ്ത് നൃത്തം ചെയ്യുന്ന പെണ്‍കുട്ടികളെ കണ്ട തങ്ങള്‍ നിയന്ത്രണം വിട്ട് പെരുമാറിയതില്‍ ഖേദിക്കുന്നു എന്നും പ്രതികള്‍ കമ്മീഷനോട് സമ്മതിച്ചതായി കമ്മീഷന്‍ അംഗം നിര്‍മ്മല വെങ്കടേഷ് പറഞ്ഞു. ഒരു മണിക്കൂറോളം താന്‍ പ്രതികളുമായി ജെയിലില്‍ ചിലവഴിച്ചുവെന്നും ഇനി മേലാല്‍ നിയമം കയ്യിലെടുക്കരുത് എന്നും സ്ത്രീകളെ അടിക്കരുത് എന്നും താന്‍ ഇവരെ ഉപദേശിച്ചു എന്നും കമ്മീഷന്‍ അംഗം അറിയിച്ചു.
പ്രശ്നത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം പബ് നടത്തിപ്പുകാരന്റെ മേലെ കെട്ടി വച്ച കമ്മീഷന്‍ പബിന്റെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ ഉള്ള നടപടികള്‍ സ്വീകരിക്കും എന്ന് അറിയിച്ചിട്ടുണ്ട്. പബിനോട് അനുബന്ധിച്ചുള്ള ലോഡ്ജില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കാന്‍ മാത്രമേ അവര്‍ക്ക് ലൈസന്‍സ് ഉള്ളൂ. അല്ലാതെ മദ്യ സല്‍ക്കാരം നടത്തുവാന്‍ പാടുള്ളതല്ല. ആ നിലക്ക് മദ്യ സല്‍ക്കാരവും ബാന്‍ഡ് മേളവും നടത്തി പെണ്‍കുട്ടികള്‍ക്ക് നഗ്ന നൃത്തവും മറ്റ് ആഭാസങ്ങളും നടത്താന്‍ സൌകര്യം ചെയ്ത് കൊടുത്ത പബ് നടത്തിപ്പുകാരന്‍ ആണ് ഈ സംഭവത്തിലെ യഥാര്‍ത്ഥ പ്രതി എന്നാണ് കമ്മീഷന്റെ നിലപാട്. നഗ്ന നൃത്തം ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് മതിയായ സുരക്ഷിതത്വത്തിനുള്ള ക്രമീകരണങ്ങളും ലഭ്യമല്ലായിരുന്നു എന്നും വനിതാ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. പെണ്‍കുട്ടികളുടെ സംരക്ഷണത്തിന് അവിടെ ആരേയും ഏര്‍പ്പെടുത്തിയിരുന്നില്ല. ഇത്തരം സുരക്ഷിതം അല്ലാത്ത ഇടങ്ങളില്‍ പോകുന്ന പെണ്‍കുട്ടികള്‍ തന്നെയാണ് തങ്ങളുടെ സുരക്ഷക്ക് ഭീഷണിയാകുന്നത്. പെണ്‍കുട്ടികള്‍ തങ്ങളുടെ സുരക്ഷിതത്വം സ്വയം ഉറപ്പാക്കണം. ഇത്തരം സംഭവങ്ങളില്‍ നിന്നും സ്ത്രീകള്‍ പാഠം ഉള്‍ക്കൊള്ളണം എന്നും അവര്‍ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി സ്വന്തം സുരക്ഷിതത്വം സ്വയം ഉറപ്പാക്കണം എന്ന പാഠം. സ്റ്റേറ്റിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറി കുറ്റവാളികളെ സംരക്ഷിക്കുവാന്‍ തത്രപ്പെടുന്ന രീതിയില്‍ ഉള്ള വനിതാ കമ്മീഷന്റെ ഈ പിന്തിരിപ്പന്‍ നിലപാടില്‍ വിവിധ വനിതാ സംഘടനകള്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തി. Labels: ക്രമസമാധാനം, പോലീസ്, മനുഷ്യാവകാശം, സാമൂഹികം, സ്ത്രീ
- ജെ. എസ്.
( Saturday, January 31, 2009 ) |
ശ്രീ രാമ സേനാ മുഖ്യന്‍ പിടിയില്‍
താലിബാന്‍ ശൈലിയില്‍ ഇന്ത്യയില്‍ “മോറല്‍ പോലീസിങ്ങ്” സംവിധാനം ഏര്‍പ്പെടുത്താന്‍ തുനിഞ്ഞ ശ്രീ രാമ സേന എന്ന ഹിന്ദു തീവ്രവാദി സംഘത്തിന്റെ മുഖ്യനും മുന്‍ വിശ്വ ഹിന്ദു പരിഷദ് നേതാവും ആയ പ്രമോദ് മുത്തലിക്ക് പോലീസ് പിടിയില്‍ ആയി. മംഗലാപുരത്തെ ഒരു പബില്‍ കഴിഞ്ഞ ശനിയാഴ്ച അതിക്രമിച്ച് കയറിയ സേനാ പ്രവര്‍ത്തകര്‍ പെണ്‍കുട്ടികളെ മര്‍ദ്ദിക്കുകയും അപമാനിക്കുകയും പിന്നാലെ ഓടി അടിക്കുകയും ചെയ്ത സംഭവം ലോക സമൂഹത്തിനു മുന്നില്‍ രാജ്യത്തിന് ആകെ അപമാനം വരുത്തി വെച്ചിരുന്നു. പബില്‍ പെണ്‍കുട്ടികള്‍ മദ്യപിച്ച് നഗ്ന നൃത്തം ചെയ്യുന്നു എന്ന് തങ്ങള്‍ക്ക് പൊതു ജനത്തില്‍ നിന്നും പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് തങ്ങള്‍ ഇത്തരം ഒരു നടപടി സ്വീകരിച്ചത് എന്നാണ് ശ്രീ രാമ സേനയുടെ വിശദീകരണം. ഇതൊരു വളരെ ചെറിയ സംഭവം ആണ്. ഇതിനെ ബി. ജെ. പി. സര്‍ക്കാരിനെ ആക്രമിക്കുവാന്‍ ആയി രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. പൊതു സ്ഥലത്ത് പെണ്‍കുട്ടികള്‍ നഗ്ന നൃത്തം ചെയ്യുന്നതും മയക്ക് മരുന്ന് ഉപയോഗിക്കുന്നതും തെറ്റാണ്. ഇത് ഭാരതീയ സംസ്ക്കാരത്തിന് ചേര്‍ന്നതല്ല. ഇതിനെതിരെയാണ് ഞങ്ങള്‍ നടപടി എടുത്തത്. ഭാരതീയ സംസ്ക്കാരത്തില്‍ സ്ത്രീ ആദരണീയയായ അമ്മയാണ്. സ്ത്രീകളുടെ സംരക്ഷണത്തിനാണ് തങ്ങള്‍ ശ്രമിച്ചത് എന്നും അറസ്റ്റില്‍ ആവുന്നതിന് മുന്‍പ് ശ്രീ രാമ സേനാ മേധാവി മുത്തലിക്ക് പറഞ്ഞു.
എന്നാല്‍ ടെലിവിഷനില്‍ ഈ രംഗങ്ങള്‍ കണ്ട ആര്‍ക്കും ഇതിനോട് യോജിക്കാന്‍ ആവില്ല. ഫെബ്രുവരി 14ന് വാലന്റൈന്‍സ് ഡേ എന്ന പേരില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക് എതിരേയും തങ്ങള്‍ ആഞ്ഞടിക്കും എന്നും സേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇയാളോടൊപ്പം 32 സേനാ പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്ത കര്‍ണ്ണാടകയിലെ ബി. ജെ. പി. സര്‍ക്കാര്‍ പക്ഷെ ഇവര്‍ക്ക് സംഘ പരിവാറുമായി ബന്ധം ഒന്നും ഇല്ല എന്ന് ആവര്‍ത്തിച്ചു പറയുന്നു. Labels: ക്രമസമാധാനം, തീവ്രവാദം
- ജെ. എസ്.
( Wednesday, January 28, 2009 ) |
മദ്യപാനം പോലീസുകാരിയുടെ തൊപ്പി തെറിപ്പിച്ചു
വനിതാ പോലീസുകാരിയെ മദ്യപിച്ചു ലക്ക് കെട്ട് പൊതു സ്ഥലത്ത് മാന്യമല്ലാതെ പെരുമാറി എന്ന കുറ്റത്തിന് സസ്പെന്‍ഡ് ചെയ്തു. ഡിപ്പര്‍ട്ട്മെന്റില്‍ വിവാദങ്ങളുടെ സ്ഥിരം കൂട്ടുകാരിയായ ഹെഡ് കോണ്‍സ്റ്റബ്‌ള്‍ വിനയ ആണ് ഇത്തവണ വെട്ടിലായത്. വയനാട്ടിലെ അംബലവയല്‍ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന വിനയ തന്റെ ഒരു സഹ പ്രവര്‍ത്തകക്ക് ഉദ്യോഗ കയറ്റം കിട്ടിയതിന്റെ ആഘോഷം പ്രമാണിച്ച് നടന്ന മദ്യ വിരുന്നിലാണ് മദ്യപിച്ച് ലക്ക് കെട്ടത്. വിരുന്നിനു ശേഷം തിരിച്ചു പോകാന്‍ ബസില്‍ കയറിയ വിനയ ബസില്‍ ഛര്‍ദ്ദിക്കുകയും മറ്റും ചെയ്ത് ജന ശ്രദ്ധ പിടിച്ചു പറ്റിയത് പോലീസ് ഡിപ്പാര്‍ട്ട്മെന്റിനു തന്നെ നാണക്കേടായി. ഒരു അറിയപ്പെടുന്ന സ്ത്രീ വിമോചന പ്രവര്‍ത്തക കൂടിയായ വിനയയുടെ കൂടെ മദ്യ വിരുന്നില്‍ പങ്കെടുത്ത മറ്റ് 17 പേരില്‍ പലരും അറിയപ്പെടുന്ന കുറ്റവാളികള്‍ ആയിരുന്നു എന്നത് വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. കഴിഞ്ഞ ഡിസംബര്‍ 28ന് നടന്ന സംഭവം അന്വേഷിച്ച മാനന്തവാടി ഡി, വൈ. എസ്. പി. മധു സൂദനന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് സൂപ്രണ്ട് സി ഷറഫുദ്ദീന്‍ ആണ് വിനയയെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു കൊണ്ട് ഉത്തരവിട്ടത്.
Labels: കേരളം, ക്രമസമാധാനം, പോലീസ്, സ്ത്രീ വിമോചനം
- ജെ. എസ്.
( Tuesday, January 13, 2009 ) 3 Comments:
Links to this post: |
ക്രിസ്മസ് ബന്ദ് പിന്‍വലിച്ചു
ഒറീസ്സയില്‍ ഹിന്ദുത്വ വാദികള്‍ ക്രിസ്മസ് ദിനത്തില്‍ നടത്തും എന്ന് പ്രഖ്യാപിച്ചിരുന്ന ബന്ദ് മുഖ്യ മന്ത്രി നവീന്‍ പട്‌നായിക്കിന്റെ ഇടപെടലിനെ തുടര്‍ന്ന് പിന്‍വലിച്ചു. ബി. ജെ. പി. നേതാക്കള്‍ക്കൊപ്പം സ്വാമി ലക്ഷ്മണാനന്ദ് ശ്രദ്ധാഞ്ജലി സമിതി നേതാക്കളും മുഖ്യ മന്ത്രിയുമായി ചര്‍ച്ച ചെയ്തതിനു ശേഷം ആണ് ബന്ദ് പിന്‍വലിച്ചതായി അറിയിച്ചത്. ക്രിസ്ത്യന്‍ സംഘടനാ നേതാക്കളും മറ്റ് സംഘടനകളും ഈ തീരുമാനത്തില്‍ സന്തുഷ്ടി പ്രകടിപ്പിച്ചു.
Labels: ക്രമസമാധാനം
- ജെ. എസ്.
( Saturday, December 20, 2008 ) |
ഇന്ത്യന്‍ കച്ചവടക്കാര്‍ റഷ്യയില്‍ കൊള്ളയടിക്കപ്പെട്ടു
ഏഴ് ഇന്ത്യന്‍ തുണി കച്ചവടക്കാര്‍ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ മോസ്കോയില്‍ കൊള്ളയടിക്കപ്പെട്ടു. കേസ് അന്വേഷിക്കുന്നതിന് പകരം പോലീസ് തങ്ങളെ പീഡിപ്പിക്കുകയാണ് എന്ന് ഇവര്‍ ഇന്ത്യന്‍ എംബസ്സിയില്‍ പരാതിപ്പെട്ടു. വടക്കേ മോസ്കോയിലെ ഒസ്റ്റാങ്കിനൊ പ്രദേശത്തെ വ്യാപാര സമുച്ചയത്തില്‍ തുണി കച്ചവടം നടത്തുന്ന മൊത്ത വ്യാപാരികള്‍ ആണ് കൊള്ളയടിക്കപ്പെട്ട എല്ലാവരും. വീട്ടില്‍ പോകുന്ന വഴി കാര്‍ തടഞ്ഞു നിര്‍ത്തി ചില്ല് അടിച്ചുടച്ച് പണ സഞ്ചി അപഹരിക്കുകയാണ് ഉണ്ടായത് എന്ന് ഒരു വ്യാപാരി പരാതിപ്പെട്ടു. മറ്റ് അഞ്ച് വ്യാപാരികള്‍ തങ്ങളുടെ വീടിന് മുന്‍പില്‍ വെച്ചാണ് കൊള്ളയടിക്കപ്പെട്ടത്. ഒരു വ്യാപാരിയുടെ വീട്ടില്‍ അക്രമികള്‍ അതിക്രമിച്ചു കയറി തോക്ക് കാണിച്ച് പണം അപഹരിക്കുക ആയിരുന്നു. മൂന്ന് ദിവസത്തിനകം മുപ്പതിനായിരം ഡോളര്‍ കൂടി ഇവര്‍ക്ക് നല്‍കിയില്ല എങ്കില്‍ കുടുംബത്തെ മുഴുവന്‍ കൊന്നു കളയും എന്നും ഇവര്‍ ഭീഷണി മുഴക്കി അത്രെ. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പ്രശ്നം റഷ്യന്‍ അധികൃതരുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കും എന്ന് ഇന്ത്യന്‍ എംബസ്സി ഇവര്‍ക്ക് ഉറപ്പു നല്‍കി. വ്യാപാരികള്‍ വന്‍ തുകയുമായി സഞ്ചരിക്കരുത് എന്ന് മോസ്കോ പോലീസ് വക്താവ് അറിയിച്ചു. ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് മുന്‍ സോവ്യറ്റ് യൂണിയനില്‍ നിന്നുള്ള ഒട്ടേറേ നിര്‍മ്മാണ ജോലിക്കാര്‍ക്ക് തൊഴില്‍ നഷ്ട്ടം ഉണ്ടായിട്ടുണ്ട്. ഇത് മോസ്കോയില്‍ ിത്തരം കുറ്റകൃത്യങ്ങള്‍ ക്രമാതീതം ആയി വര്‍ദ്ധിക്കുവാന്‍ കാരണം ആയി എന്നും പോലീസ് പറഞ്ഞു.
Labels: ക്രമസമാധാനം, പ്രവാസി, സാമ്പത്തികം
- ജെ. എസ്.
( Saturday, December 20, 2008 ) |
ആസിഡ് ആക്രമണം : പ്രതികളെ പോലീസ് വെടി വെച്ച് കൊന്നു
ആന്ധ്ര പ്രദേശിലെ വാരംഗലില്‍ രണ്ട് പെണ്‍ കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിച്ച മൂന്ന് പേരെ പോലീസ് വെടി വെച്ചു കൊന്നു. എറ്റുമുട്ടലില്‍ ആണ് ഇവര്‍ കൊല്ലപ്പെട്ടത് എന്നാണ് പോലീസ് പറയുന്നത് എങ്കിലും ഇതൊരു വ്യാജ ഏറ്റുമുട്ടല്‍ ആണ് എന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആന്ധ്രയില്‍ പ്രതികള്‍ ക്കെതിരെ ജന രോഷം ആളി കത്തുക ആയിരുന്നു.
അവസാന വര്‍ഷ എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥിനികളായ സ്വപ്നികയും പ്രണിതയും വീട്ടിലേക്ക് പോകുന്ന വഴിയാണ് ആക്രമികള്‍ ഇവരുടെ മുഖത്ത് ആസിഡ് ഒഴിച്ചത്. പ്രേമ നൈരാശ്യമാണ് ആക്രമണത്തിന് ഹേതു എന്നാണ് കരുതപ്പെടുന്നത്. പ്രധാന പ്രതിയായ ശ്രീനിവാസിന്റെ പ്രേമാഭ്യര്‍ത്ഥന നിരസിച്ചതിലുള്ള രോഷം ആണ് ഇങ്ങനെയൊരു ദുരന്തത്തില്‍ കലാശിച്ചത്. ശ്രീനിവാസന്‍ കൂട്ടുകാരായ സഞ്ജയും ഹരികൃഷ്ണനും കൂടെ ചേര്‍ന്ന് പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുകയാണ് ഉണ്ടായത്. ഇതിനെ തുടര്‍ന്ന് രണ്ട് പെണ്‍കുട്ടികളുടേയും മുഖം വികൃതമാകുകയും ഒരു കുട്ടിയുടെ നില ഗുരുതരമാകുകയും ചെയ്തു. കുട്ടികള്‍ ഇപ്പോള്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആണ്. ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്. ഈ കുട്ടിയുടെ പിതാവിന്റെ പരാതിയിന്മേല്‍ ഇന്നലെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. പോലീസിനു മേല്‍ ഇത്ര മേല്‍ സമ്മര്‍ദ്ദം ഉണ്ടായതിനെ തുടര്‍ന്നാണ് ഇത്തരം ഒരു വ്യാജ ഏറ്റുമുട്ടല്‍ അരങ്ങേറിയത് എന്ന് കരുതപ്പെടുന്നു. പ്രതികളെ അറസ്റ്റ് ചെയ്ത പോലീസ് ഇവരെ വെള്ളിയാഴ്ച പത്ര സമ്മേളനത്തിലും ഹാജരാക്കിയിരുന്നു. പത്ര സമ്മേളനത്തില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. പിന്നീട് സംഭവ സ്ഥലത്തേക്ക് ഇവരെ പോലീസ് കൊണ്ടു പോയി. ഇതിനിടയില്‍ പ്രതികള്‍ പോലീസിനെ ആക്രമിക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു എന്നും ഇതിനെ തുടര്‍ന്ന് ഉണ്ടായ വെടി വെപ്പില്‍ പ്രതികള്‍ കൊല്ലപ്പെടുകയും ആയിരുന്നു എന്ന് പോലീസ് അറിയിച്ചു. Labels: ക്രമസമാധാനം, പോലീസ്, പ്രതിഷേധം, മനുഷ്യാവകാശം
- ജെ. എസ്.
( Saturday, December 13, 2008 ) |
ഈദിന് ഗോ ഹത്യ ഒഴിവാക്കുക
ഡല്‍ഹി : ഈദ് പ്രമാണിച്ച് ഇന്ത്യയിലെ മുസ്ലിം ജനത ഹിന്ദു മത വിശ്വാസത്തോടുള്ള ആദര സൂചകമായി ഗോ ഹത്യ നടത്തുന്നത് ഒഴിവാക്കണം എന്ന് പ്രമുഖ ഇസ്ലാമിക മത പഠന കേന്ദ്രമായ ദാര്‍ ഉല്‍ ഉലൂം ആഹ്വാനം ചെയ്തു. പള്ളികളിലെ ഇമാമുകളുടെ അഖിലേന്ത്യാ സംഘടനയും ഈ നിര്‍ദ്ദേശത്തോട് യോജിപ്പ് പ്രകടിപ്പിച്ചു. മുംബൈ ഭീകര ആക്രമണത്തിന്റെ ഇരകള്‍ ആയവരോടുള്ള ഐക്യ ദാര്‍ഡ്യത്തിന്റെയും വേദനയുടേയും പ്രതീകമായി മുസ്ലിംകള്‍ തോളില്‍ കറുത്ത നാട അണിയുവാന്‍ സംഘടന നേരത്തേ ആവശ്യപ്പെട്ടിരുന്നു.
ബക്രീദ് പ്രമാണിച്ച് നടത്തുന്ന മൃഗ ബലി സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഒരു ലഘു ലേഖ ദാര്‍ ഉല്‍ ഉലൂം പുറത്തിറ ക്കിയിട്ടുണ്ട്. ഹിന്ദു ജനതയുടെ വികാരങ്ങളെ വ്രണപ്പെടു ത്താതിരിക്കാന്‍ മുസ്ലിംകള്‍ ഗോ ഹത്യ നടത്തരുത് എന്ന് ഇതില്‍ പറഞ്ഞിരിക്കുന്നു. ശരിയത്ത് അംഗീകരിച്ച മറ്റ് മൃഗങ്ങളെ ബലി കൊടുത്ത് മറ്റ് ഇന്ത്യാക്കാരുടെ വികാരങ്ങളോടുള്ള ബഹുമാനം പ്രകടിപ്പിക്കണം എന്ന് ലഘു ലേഖ ആവശ്യപ്പെട്ടു. 1866ല്‍ സ്ഥാപിതമായ ദാര്‍ ഉല്‍ ഉലൂം ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും ആദരിക്കപ്പെടുന്ന ഇസ്ലാം മത പഠന കേന്ദ്രമാണ്. ഗോക്കളെ വധിക്കുന്നത് ഹിന്ദു വികാരം വ്രണപ്പെടുത്തും. രാജ്യത്തെ മത സൌഹാര്‍ദ്ദം തകര്‍ക്കുന്ന ഒന്നും നമ്മള്‍ ചെയ്യാന്‍ പാടില്ല എന്ന് All India Organisation of Imams of Mosques (AIOIM) പ്രസിഡന്റ് ഹസ്രത്ത് മൌലാനാ ജമീല്‍ അഹമ്മദ് ഇല്യാസി പറഞ്ഞു. മുംബൈ വാസികളോട് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ച ഇല്യാസ്, ഈദ് പ്രാര്‍ത്ഥനയില്‍ മുംബൈ ആക്രമണത്തിന്റെ ഇരകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ രാജ്യത്തെ എല്ലാ ഇമാമുകളോടും അഭ്യര്‍ത്ഥിച്ചു. രാജ്യത്ത് ശാന്തിയും സമാധാനവും പുനഃ സ്ഥാപിക്ക പ്പെടുവാന്‍ വേണ്ടി എല്ലാവരും ഈദ് പ്രാര്‍ത്ഥനാ വേളയില്‍ സര്‍വ്വ ശക്തനോട് പ്രാര്‍ത്ഥിക്കണം എന്നും അദ്ദേഹം പറഞ്ഞു. Labels: ഇന്ത്യ, ക്രമസമാധാനം
- ജെ. എസ്.
( Friday, December 05, 2008 ) |
ശ്രീലങ്കയില്‍ രൂക്ഷ യുദ്ധം : 163 പേര്‍ കൊല്ലപ്പെട്ടു
ശ്രീലങ്കന്‍ സൈന്യവും തമിഴ് പുലികളും തമ്മില്‍ കിളിനോച്ചിയില്‍ ഇന്നലെ നടന്ന രൂക്ഷമായ ഏറ്റുമുട്ടലില്‍ 120 പുലികളും 43 സൈനികരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പുലികളോട് അനുഭാവം പുലര്‍ത്തുന്ന തമിള്‍നെറ്റ് എന്ന വെബ് സൈറ്റില്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തി യിരിക്കുന്നത്. നല്ലൂര്‍ പട്ടണം സൈന്യത്തിന്റെ ആക്രമണത്തില്‍ നിന്നും തങ്ങള്‍ ചെറുത്ത് തോല്‍പ്പിച്ചു. 43 ശ്രീലങ്കന്‍ സൈനികരെ തങ്ങള്‍ വക വരുത്തി. 70ഓളം സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്ന് വെബ് സൈറ്റ് അവകാശപ്പെട്ടു. എന്നാല്‍ 27 പട്ടാളക്കാര്‍ മാത്രമാണ് കൊല്ലപ്പെട്ടത് എന്നാണ് സൈനിക വക്താക്കള്‍ അറിയിച്ചത്. കിളിനോച്ചിയെ ഇരു വശത്തു നിന്നും വളഞ്ഞ സൈന്യം തമിഴ് പുലികളുടെ ഈ ശക്തി കേന്ദ്രം പിടിച്ചെടുക്കുന്നതില്‍ ഏറെ പുരോഗതി കൈ വരിച്ചു എന്നാണ് സൈന്യം അവകാശപ്പെടുന്നത്. പുലികളുടെ വയര്‍ലെസ് സന്ദേശങ്ങള്‍ സൈന്യം പിടിച്ചെടുത്തത് സൂചിപ്പിക്കുന്നത് 120 പുലികള്‍ എങ്കിലും ഇന്നലത്തെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നു തന്നെയാണ്.
Labels: അന്താരാഷ്ട്രം, ക്രമസമാധാനം, മനുഷ്യാവകാശം
- ജെ. എസ്.
( Tuesday, November 25, 2008 ) |
കടല്‍ കൊള്ള : ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് യു. എന്‍. പിന്തുണ
സോമാലിയന്‍ കടല്‍ കൊള്ളക്കാരുടെ ഒരു കപ്പല്‍ കഴിഞ്ഞ ദിവസം നടന്ന രൂക്ഷമായ യുദ്ധത്തിലൂടെ ഇന്ത്യ തകര്‍ത്ത നടപടിക്ക് ഐക്യ രാഷ്ട്ര സഭ ജെനറല്‍ സെക്രട്ടറി ബെന്‍ കി മൂണ്‍ ശക്തമായ പിന്തുണ പ്രഖ്യാപിച്ചു. തങ്ങള്‍ സോമാലിയന്‍ സര്‍ക്കാരും, അന്താരാഷ്ട്ര നാവിക സംഘടനയും, നാറ്റോ, യൂറോപ്യന്‍ യൂണിയന്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് ഈ പ്രശ്നത്തിന് ഒരു അറുതി വരുത്താനുള്ള തീവ്ര ശ്രമത്തിലാണ്. അന്താരാഷ്ട്ര സമൂഹത്തിന്റെ കൂട്ടായ പരിശ്രമം ഇതിന് ആവശ്യമാണ്. ഇന്ത്യന്‍ നാവിക സേനയുടെ പരിശ്രമങ്ങള്‍ മറ്റുള്ള രാജ്യങ്ങള്‍ക്ക് മാതൃകയാവും. കൂടുതല്‍ സൈന്യങ്ങള്‍ ഈ ഉദ്യമത്തില്‍ പങ്കു ചേരുന്നത് ഈ പ്രശ്നം എന്നെന്നേക്കുമായി പരിഹരിക്കുവാന്‍ സഹായിക്കും എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Labels: അന്താരാഷ്ട്രം, ഇന്ത്യ, കുറ്റകൃത്യം, ക്രമസമാധാനം
- ജെ. എസ്.
( Thursday, November 20, 2008 ) |
ഇന്ത്യന്‍ നാവിക സേന കടല്‍ കൊള്ളക്കാരുടെ കപ്പല്‍ ആക്രമിച്ചു മുക്കി
രൂക്ഷമായ കടല്‍ യുദ്ധത്തിന് ശേഷം ഇന്ത്യന്‍ നാവിക സേനയുടെ ഐ. എന്‍. എസ്. തബാര്‍ എന്ന യുദ്ധ കപ്പല്‍ സോമാലിയന്‍ കടല്‍ കൊള്ളക്കാരുടെ ഒരു മാതൃയാനം മുക്കി. കഴിഞ്ഞ ആഴ്ച്ച രണ്ട് ചരക്ക് കപ്പലുകള്‍ ഇന്ത്യന്‍ നാവിക സേന ഇതേ കടല്‍ കൊള്ളക്കാരുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്തിയിരുന്നു. ഒമാനിലെ സലാലയില്‍ നിന്ന് 285 നോട്ടിക്കല്‍ മൈല്‍ അകലെ ഇന്നലെ വൈകീട്ടാണ് നാവിക സേനയുടെ കപ്പല്‍ കൊള്ളക്കാരുടെ കപ്പല്‍ കണ്ടെത്തിയത്. ഇന്ത്യന്‍ സേനയുടെ ഈ യുദ്ധ കപ്പല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടല്‍ കൊള്ളക്കാരുടെ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് ഈ പ്രദേശത്ത് വിന്യസിച്ചിരിക്കുകയായിരുന്നു. കപ്പല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഐ. എന്‍. എസ്. തബാര്‍ കൊള്ളക്കാരുടെ കപ്പല്‍ പരിശോധിക്കുവാനായി നിര്‍ത്തുവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതിനു വഴങ്ങാതെ കൊള്ളക്കാര്‍ തിരിച്ച് ആക്രമിക്കുകയാണ് ഉണ്ടായത്. തോക്കുകളും ആയുധങ്ങളുമായി കടല്‍ കൊള്ളക്കാര്‍ കപ്പലിന്റെ ഡെക്കില്‍ റോന്ത് ചുറ്റുന്നത് കാണാമായിരുന്നുവത്രെ. തങ്ങളുടെ കപ്പലിനു നേരെ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും ആക്രമണം ആരംഭിച്ചു. സേനയുടെ ആക്രമണത്തില്‍ കൊള്ളക്കരുടെ കപ്പലില്‍ സംഭരിച്ചു വെച്ചിരുന്ന സ്ഫോടക വസ്തുക്കള്‍ക്ക് തീ പിടിക്കുകയും വന്‍ പൊട്ടിത്തെറിയോടെ കപ്പല്‍ കടലില്‍ മുങ്ങുകയും ഉണ്ടായി എന്ന് ഒരു നാവിക സേനാ വക്താവ് അറിയിച്ചു.
Labels: അന്താരാഷ്ട്രം, ഇന്ത്യ, കുറ്റകൃത്യം, ക്രമസമാധാനം
- ജെ. എസ്.
( Wednesday, November 19, 2008 ) |
റാഞ്ചിയ കപ്പല്‍ വിട്ടയച്ചു; ഇന്ത്യാക്കാര്‍ സുരക്ഷിതര്‍
രണ്ടു മാസം മുന്‍പ് കടല്‍ കൊള്ളക്കാര്‍ റാഞ്ചി കൊണ്ട് പോയ സ്റ്റോള്‍ വാലര്‍ എന്ന കപ്പല്‍ കൊള്ളക്കാര്‍ വിട്ടു കൊടുത്തു. പതിനെട്ട് ഇന്ത്യന്‍ തൊഴിലാളികള്‍ രണ്ടു മാസമായി ഈ കപ്പലില്‍ കൊള്ളക്കാരുടെ തടവില്‍ ആയിരുന്നു. കൊള്ളക്കാരുമായി ഉണ്ടാക്കിയ ഉടമ്പടി എന്തെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ഗള്‍ഫ് ഓഫ് ഏദനില്‍ വെച്ച് രണ്ടു മാസം മുന്‍പാണ് ഈ കപ്പല്‍ സോമാലിയന്‍ കടല്‍ കൊള്ളക്കാരുടെ പിടിയില്‍ ആയത്. കപ്പല്‍ തൊഴിലാളികളുടെ ദേശീയ സംഘടനയുടെ ചെയര്‍മാന്‍ അബ്ദുള്‍ ഗാനിയാണ് കപ്പല്‍ വിട്ടു കിട്ടിയ കാര്യം അറിയിച്ചത്. കപ്പല്‍ വിട്ടു കിട്ടുവാനായി നടത്തിയ ശ്രമങ്ങളില്‍ ഇന്ത്യന്‍ നാവിക സേന വഹിച്ച പങ്കിനെ അദ്ദേഹം പ്രകീര്‍ത്തിച്ചു. അപകട മേഖലയില്‍ നിന്നും കപ്പലിനെ സുരക്ഷിതമായ താവളത്തിലേക്ക് ഉടന്‍ മാറ്റും. മോചനദ്രവ്യം തീര്‍ച്ചയായും കൊടുത്തിട്ടുണ്ട്. എന്നാല്‍ ഈ തുക എത്രയാണ് എന്ന് വെളിപ്പെടുത്താന്‍ ആവില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കപ്പലിലെ നാവികര്‍ അഞ്ചു ദിവസത്തിനകം മുംബയില്‍ തിരിച്ചെത്തും.
Labels: അന്താരാഷ്ട്രം, കുറ്റകൃത്യം, ക്രമസമാധാനം
- ജെ. എസ്.
( Sunday, November 16, 2008 ) |
അധികാരം ലഭിച്ചാല്‍ പോട്ട തിരിച്ച് കൊണ്ടു വരും എന്ന് ബി.ജെ.പി.
ന്യൂന പക്ഷ പ്രീണനവും വോട്ട് ബാങ്ക് രാഷ്ട്രീയവും മൂലമാണ് യു.പി.എ. സര്‍ക്കാരിന് തീവ്രവാദം തടയുവാന്‍ കഴിയാത്തത് എന്ന് ബി. ജെ. പി. നേതാവ് രാജ് നാഥ് സിംഗ് അഭിപ്രായപ്പെട്ടു. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ പോട്ട പോലെയുള്ള ശക്തമായ ഭീകര വിരുദ്ധ നിയമങ്ങള്‍ നടപ്പിലാക്കും. രാജ്യത്ത് നില നില്‍ക്കുന്ന ഭീകരാന്തരീക്ഷം ഇത്തരം കടുത്ത നടപടികള്‍ സ്വീകരിയ്ക്കേണ്ടത് അനിവാര്യം ആക്കിയിരിയ്ക്കുന്നു. എന്നാല്‍ യു.പി.എ. സര്‍ക്കാര്‍ കുട്ടിക്കളി പോലെയാണ് ഇതിനെ സമീപിയ്ക്കുന്നത്.
വീരപ്പ മൊയ്ലി കമ്മറ്റി നിര്‍ദ്ദേശിച്ചിട്ടും ഇത്തരം ശക്തമായ നിയമങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ സര്‍ക്കാര്‍ മടി കാണിയ്ക്കുന്നത് ന്യൂന പക്ഷങ്ങളെ ഭയന്നാണ്. ഈ നിഷ്ക്രിയത്വം സര്‍ക്കാരിന്റെ പിടിപ്പ് കേടാണ് വെളിപ്പെടുത്തുന്നത്. എന്നാല്‍ കാര്യ ഗൌരവമില്ലാതെ ഈ പ്രശ്നത്തെ കൈകാര്യം ചെയ്തത് വഴി രാജ്യത്തിന് കൊടുക്കേണ്ടി വന്ന വില വലുതാണ്. 63 സ്ഫോടനങ്ങളാണ് ഈ സര്‍ക്കാരിന്റെ ഭരണ കാലത്ത് രാജ്യത്തെ നടുക്കിയത് എന്നും രാജ് നാഥ് സിംഗ് അറിയിച്ചു. എന്നാല്‍ ഏറെ എതിര്‍ക്കപ്പെട്ട പോട്ട നിയമത്തില്‍ പ്രശ്നങ്ങള്‍ നിരവധിയാണ്. ഇതില്‍ ഏറ്റവും പ്രധാനം നിരപരാധിത്വം തെളിയിയ്ക്കാനുള്ള ബാധ്യത കുറ്റം ആരോപിയ്ക്കപ്പെട്ട ആളുടെ മേല്‍ ആണ് എന്നതാണ്. പരിഷ്കൃത ജനാധിപത്യ സമൂഹങ്ങളില്‍ കുറ്റം തെളിയിയ്ക്കാനുള്ള ബാധ്യത സ്റ്റേറ്റിനാണ് എന്നതിന് കടക വിരുദ്ധമാണ് ഇത്. മറ്റൊന്ന്, ഈ നിയമം കുറ്റ സമ്മതത്തിന് പൂര്‍ണ്ണമായ നിയമ സാധുത കല്‍പ്പിയ്ക്കുന്നു. പലപ്പോഴും ഇത് ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും നേടിയെടുത്ത കുറ്റ സമ്മതം ആയിരിയ്ക്കും. എന്നാല്‍ ഈ നിയമത്തിന്റെ ഏറ്റവും വലിയ അപകടം ഇത് ഒരു പ്രത്യേക ജന സമൂഹത്തിനു നേരെ മാത്രം പ്രയോഗിയ്ക്കപ്പെട്ടതാണ് എന്നത് തന്നെയാണ്. ഈ നിയമത്തിന്റെ പട്ടികയില്‍ പെടുന്ന മുപ്പതോളം സംഘടനകളില്‍ പതിനൊന്ന് മുസ്ലിം സംഘടനകളും നാല് സിക്ക് മത സംഘടനകളും ഉണ്ടെങ്കിലും വിശ്വ ഹിന്ദു പരിഷദ് പോലെയുള്ള ന്യൂന പക്ഷ വിരുദ്ധ തീവ്രവാദ സംഘടന ഇല്ല എന്നത് ശ്രദ്ധേയമാണ്. Labels: ഇന്ത്യ, ക്രമസമാധാനം, തീവ്രവാദം, മനുഷ്യാവകാശം
- ജെ. എസ്.
( Sunday, November 02, 2008 ) |
മുംബൈ പോലീസ് ബീഹാറി യുവാവിനെ വെടി വെച്ചു കൊന്നു
തോക്കുമായി ബസില്‍ കയറി ഭീഷണി ഉയര്‍ത്തിയ ബീഹാറി യുവാവിനെ മഹാരാഷ്ട്ര പോലീസ് വെടി വെച്ചു കൊന്നു. ഇരുപത്തി ഏഴു കാരനായ രാഹുല്‍ രാജ് എന്ന യുവാവാണ് പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ടിക്കറ്റെടുക്കാന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാള്‍ അക്രമാസക്തനായത്. കണ്ടക്ടറെ ഇരുമ്പ് ചങ്ങല കൊണ്ട് ആക്രമിക്കുകയും കഴുത്തില്‍ ചങ്ങല മുറുക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഡ്രൈവര്‍ ബസ് പോലീസ് സ്റ്റേഷനിലേയ്ക്ക് തിരിച്ചു വിട്ടു. പോലീസ് ബസ് വളയുകയും ഇയാളോട് കീഴടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇയാള്‍ “ജയ് ബീഹാര്‍, ജയ് പാട്ട്ന” എന്നൊക്കെ മുദ്രാവാക്യങ്ങള്‍ വിളിയ്ക്കുകയും തന്റെ കൈയ്യിലുള്ള നാടന്‍ തോക്ക് കൊണ്ട് വെടി ഉതിര്‍ക്കുകയുമാണ് ഉണ്ടായത്. വെടി വെയ്പ്പില്‍ കണ്ടക്ടര്‍ക്കും ഒരു യാത്രക്കാരനും പരിക്കേറ്റു. ഇതിനെ തുടര്‍ന്ന് പോലീസും വെടി വെപ്പ് ആരംഭിച്ചു. പോലീസിന്റെ വെടിയേറ്റ ഇയാളെ പിന്നീട് ആശുപത്രിയില്‍ വെച്ച് മരിച്ചതായി ഡോക്ടര്‍മാര്‍ പ്രഖ്യാപിയ്ക്കുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്ത ചില കറന്‍സി നോട്ടുകളില്‍ ഇയാള്‍ തനിയ്ക്ക് പോലീസ് കമ്മീഷണറെ കാണണമെന്നും രാജ് താക്കറെയെ വധിയ്ക്കണം എന്നും എഴുതി വെച്ചിരുന്നതായി പോലീസ് അറിയിച്ചു.
Labels: ഇന്ത്യ, ക്രമസമാധാനം, പോലീസ്
- ജെ. എസ്.
( Tuesday, October 28, 2008 ) |
ഇന്തോ അമേരിക്കന്‍ ആണവ കരാര്‍ തടയും : അമേരിക്കന്‍ സംഘടന
ഇന്ത്യയുമായുള്ള ആണവ സഹകരണം നടപ്പിലാക്കുന്നത് തടയാന്‍ അമേരിക്കയിലെ ഒരു പ്രമുഖ കൃസ്തീയ സംഘടന രംഗത്ത് വന്നു. ഒറീസയില്‍ കൃസ്ത്യാനികള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ആണവ കരാറുമായി മുന്നോട്ട് പോകരുത് എന്ന് ആവശ്യവുമായി സംഘടന അമേരിയ്ക്കന്‍ പ്രതിനിധി സഭയെ സമീപിച്ചു. സഭയ്ക്കു മുന്നില്‍ സമര്‍പ്പിച്ച “HR-434" എന്ന പ്രമേയം ഉടന്‍ പാസ്സാക്കി ഇന്ത്യയിലെ കൃസ്ത്യാനികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണം. ഇന്ത്യയില്‍ നടക്കുന്ന വര്‍ഗ്ഗീയ സംഘര്‍ഷത്തെ അപലപിയ്ക്കുകയും ഇന്ത്യന്‍ സര്‍ക്കാരിനോട് പ്രശ്നത്തിന്റെ മൂല കാരണം കണ്ടുപിടിച്ച് അക്രമം അവസാനിപ്പിയ്ക്കുവാനും ആവശ്യപ്പെടുന്നതാണ് പ്രസ്തുത പ്രമേയം. ഇത് ഉടന്‍ പാസ്സാക്കണം എന്നാണ് സംഘടന ആവശ്യപ്പെട്ടിരിയ്ക്കുന്നത്.
“അന്താരാഷ്ട്ര കൃസ്തീയ സ്വാതന്ത്ര്യം” എന്ന് സംഘടനയാണ് ഈ ആവശ്യവുമായി അമേരിയ്ക്കന്‍ പ്രതിനിധി സഭയെ സമീപിച്ചിരിയ്ക്കുന്നത്. ഒറീസ്സയിലെ വര്‍ഗ്ഗീയ ഭ്രാന്തന്മാര്‍ കൃസ്ത്യാനികളേയും പള്ളികളേയും ആക്രമിയ്ക്കുന്നത് ഭരണകൂടം കൈയും കെട്ടി നോക്കി നില്‍ക്കുകയാണ് എന്ന് സംഘടനയുടെ പ്രസിഡന്റായ ജിം ജേക്കബ്സണ്‍ ആരോപിച്ചു. കൃസ്ത്യാനികളുടെ സര്‍വ്വവും ഇവര്‍ അഗ്നിയ്ക്കിരയാക്കി നശിപ്പിയ്ക്കുന്നു. ഗത്യന്തരമില്ലാതെ ഇവര്‍ കാട്ടിലും മറ്റും അഭയം പ്രാപിച്ചിരിയ്ക്കുകയാണ്. കണ്ണില്‍ കണ്ടതെല്ലാം നശിപ്പിയ്ക്കുകയും കന്നില്‍ പെടുന്നവരെയെല്ലാം തല്ലുകയും പുരോഹിതന്മാരെ കൊല്ലുകയും ചെയ്യുന്നു. ആണവ കരാര്‍ നടപ്പിലാക്കുന്നതിന് മുന്‍പ് ഒറീസ്സയില്‍ കൃസ്ത്യാനികള്‍ക്കെതിരെ നടക്കുന്ന അക്രമം അവസാനിച്ചു എന്ന് കോണ്ടലീസ റൈസ് ഉറപ്പു വരുത്തണം എന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇവരുടെ ആവശ്യത്തിനു അമേരിക്കയില്‍ പിന്തുണ വര്‍ധിച്ചു വരികയാണെന്നും സൂചനയുണ്ട്. Labels: അമേരിക്ക, ഇന്ത്യ, ക്രമസമാധാനം, തീവ്രവാദം, പ്രതിഷേധം, മനുഷ്യാവകാശം
- ജെ. എസ്.
( Thursday, October 23, 2008 ) 1 Comments:
Links to this post: |
രാജ് താക്കറെ പോലീസ് പിടിയില്‍
രാജ് താക്കറെയെ പോലീസ് അറസ്റ്റ് ചെയ്തു. തന്നെ അറസ്റ്റ് ചെയ്താല്‍ മഹാരാഷ്ട്ര കത്തി അമരും എന്ന് ഇന്നലെയാണ് താക്കറെ വെല്ലു വിളിച്ചിരുന്നത്. ഇത് സര്‍ക്കാരിന് ഏറെ തലവേദന സൃഷ്ടിച്ചിരുന്നു. താക്കറെയെ അറസ്റ്റ് ചെയ്യാനുള്ള സമ്മര്‍ദ്ദം മുറുകി അത് അവസാനം അദ്ദേഹത്തിന്റെ അറസ്റ്റില്‍ തന്നെ കലാശിച്ചു.
ഉത്തരേന്ത്യന്‍ ഉദ്യോഗാര്‍ത്ഥികളെ റെയില്‍ വേ ബോര്‍ഡ് പരീക്ഷ എഴുതാന്‍ സമ്മതിക്കാതെ താക്കറെയുടെ മഹാരാഷ്ട്രാ നവ നിര്‍മ്മാണ്‍ സേന വിരട്ടിയോടിച്ചത് രാജ്യം ഒട്ടാകെ ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. തന്നെ അറസ്റ്റ് ചെയ്താല്‍ നിങ്ങള്‍ ദുഖിയ്ക്കേണ്ടി വരും. അറസ്റ്റ് ചെയ്ത് നോക്കൂ. അപ്പോള്‍ കാണാം. മഹാരാഷ്ട്ര ഒന്നാകെ അഗ്നിയ്ക്കിരയാകും എന്നൊക്കെ ഇന്നലെ ഒരു പൊതു സമ്മേളനത്തില്‍ താക്കറെ പ്രഖ്യാപിച്ചിരുന്നു. അറസ്റ്റിനെ തുടര്‍ന്ന് ഒറ്റപ്പെട്ട അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മുംബായില്‍ പോലീസ് കനത്ത ജാഗ്രത പാലിയ്ക്കുന്നുണ്ട്. വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. Labels: ഇന്ത്യ, ക്രമസമാധാനം, തീവ്രവാദം
- ജെ. എസ്.
( Tuesday, October 21, 2008 ) |
ഉദ്യോഗാര്‍ത്ഥികളെ തല്ലി ഓടിച്ചു
റെയില്‍ വേ ബോര്‍ഡ് പരീക്ഷ എഴുതുവാനെത്തിയ മഹാരാഷ്ട്രക്കാരല്ലാത്ത ഉദ്യോഗാര്‍ത്ഥികളെ താനെ റെയില്‍ വേ സ്റ്റേഷനില്‍ വെച്ച് രാജ് താക്കറെയുടെ മഹാരാഷ്ട്രാ നവ നിര്‍മ്മാണ്‍ സേനാംഗങ്ങള്‍ തല്ലി ഓടിച്ചു.
ഏതാനും വര്‍ഷം മുന്‍പ് ഉത്തരേന്ത്യക്കാര്‍ ഈ പരീക്ഷ എഴുതാതിരിയ്ക്കാന്‍ രാജ് താക്കറെയുടെ അനുയായികള്‍ ഇത് പോലെ അക്രമം അഴിച്ചു വിട്ട് റെയില്‍ വേ പരീക്ഷ എഴുതാന്‍ വന്ന് ഉത്തരേന്ത്യന്‍ ഉദ്യോഗാര്‍ത്ഥികളെ വിരട്ടി ഓടിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് രാജ് താക്കറെ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ പ്രബലനായത്. അന്ന് പക്ഷെ അദ്ദേഹം ശിവ സേനയോടൊപ്പം ആയിരുന്നു. Labels: ഇന്ത്യ, ക്രമസമാധാനം, തീവ്രവാദം
- ജെ. എസ്.
( Sunday, October 19, 2008 ) |
വിഴിഞ്ഞം സമരം ഭൂ മാഫിയയുടെ തന്ത്രം
വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ നടക്കുന്ന പ്രക്ഷോഭം ഭൂമാഫിയയുടെ തന്ത്രം ആണെന്ന് മന്ത്രി വിജയകുമാര്‍ പ്രസ്താവിച്ചു. പദ്ധതി തുടങ്ങുന്നതിന് മുന്‍പേ ഇത്തരമൊരു പ്രതിരോധം നേരിടേണ്ടി വന്നാല്‍ ഒരു പക്ഷെ അത് പദ്ധതി തന്നെ കേരളത്തിന് നഷ്ടമാവാന്‍ ഇടയാക്കും എന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയ്ക്ക് തുരങ്കം വെയ്ക്കാന്‍ ഭൂ മാഫിയയും റിസോര്‍ട്ട് ഉടമകളും സ്പോണ്‍സര്‍ ചെയ്യുന്ന സമരം ആണ് ഇത് എന്നാണ് സി. പി. എം. പ്രാദേശിക നേതൃത്വത്തിന്റെ നിലപാട്. പദ്ധതിയ്ക്കായി സ്ഥലം ഏറ്റെടുത്താല്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് കുടിയൊഴിയേണ്ടി വരും. ഇതിനെതിരെയാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നൂറ് കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ജനകീയ സമരം നടക്കുന്നത്. സെപ്റ്റംബര്‍ 24ന് മുഖ്യമന്ത്രി പ്രദേശം സന്ദര്‍ശിയ്ക്കുന്നുണ്ട്. അന്ന് കരിദിനം ആചരിയ്ക്കാനാണ് സമരക്കാരുടെ തീരുമാനം. Labels: കേരളം, ക്രമസമാധാനം, പ്രതിഷേധം, വ്യവസായം
- ജെ. എസ്.
( Monday, September 22, 2008 ) |
വര്‍ഗ്ഗീയ ആക്രമണങ്ങള്‍ : കര്‍ണ്ണാടകയ്ക്ക് കേന്ദ്രത്തിന്റെ താക്കീത്
ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ നടന്നു വരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കര്‍ണ്ണാടകയിലെ ബി. ജെ. പി. സര്‍ക്കാറിന് ശക്തമായ താക്കീത് നല്‍കി. കര്‍ണ്ണാടകയിലെ സ്ഥിതി വിശേഷങ്ങള്‍ നിരന്തരം കേന്ദ്രത്തെ അറിയിയ്ക്കണം എന്ന നിര്‍ദ്ദേശവും ഉണ്ട്. സംസ്ഥാനം ഉടന്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിയ്ക്കണം. സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ എന്തെല്ലാം നടപടികള്‍ ആണ് കൈക്കൊള്ളുന്നത് എന്ന് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുകയും വേണം.
സ്ഥിതി ഗതികള്‍ അടിയന്തിരമായി നിയന്ത്രണ വിധേയമാക്കുവാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി മധുകര്‍ ഗുപ്ത അറിയിച്ചു. കേന്ദ്രം സംസ്ഥാനത്തെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം വെളിപ്പെടുത്തി. ഭരണ ഘടനയുടെ 355ആം വകുപ്പ് സംസ്ഥാനത്തിന് എതിരെ പ്രയോഗിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല. ബി. ജെ. പി. ഭരിക്കുന്ന സംസ്ഥാനത്ത് ക്രിസ്ത്യന്‍ പള്ളികള്‍ക്കും ആരാധനാല യങ്ങള്‍ക്കും നേരെ നടന്നു കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ക്ക് എതിരെ താക്കീത് നല്‍കാന്‍ ഇന്നലെ രാത്രിയാണ് കേന്ദ്രം തീരുമാനിച്ചത്. മംഗലാപുരം കേന്ദ്രീകരി ച്ചായിരുന്നു സംസ്ഥാനത്ത് നടന്ന വര്‍ഗ്ഗീയ ആക്രമണങ്ങള്‍. ക്രിസ്ത്യാനികള്‍ അടക്കം എല്ലാ വിഭാഗങ്ങളുടേയും സുരക്ഷ തങ്ങള്‍ ഉറപ്പാക്കും എന്നും സംസ്ഥാനത്ത് ക്രമ സമാധാനം പുന:സ്ഥാപിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കും എന്നും കര്‍ണ്ണാടക ആഭ്യന്തര മന്ത്രി വി. എസ്. ആചാര്യ അറിയിച്ചു. Labels: ഇന്ത്യ, ക്രമസമാധാനം
- ജെ. എസ്.
( Thursday, September 18, 2008 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്