ഗാസ ഉച്ചകോടി തുടങ്ങി
ദോഹ: ഗാസയിലെ ആക്രമണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അറബ് ലീഗ് അടിയന്തര ഉച്ചകോടിക്ക് ദോഹ ഷെറാട്ടണ്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ തുടക്കമായി. എല്ലാ തടസങ്ങളേയും അവഗണിച്ച് ഗാസയിലെ പീഢനം അനുഭവിക്കുന്ന ലക്ഷങ്ങളുടെ പ്രശ്നം ചര്‍ച്ച ചെയ്തേ പറ്റൂ എന്ന ഖത്തര്‍ നേതൃത്വത്തിന്റെ ഇച്ഛാ ശക്തിയുടെ വിജയം കൂടിയായി ഗാസ ഉച്ചകോടി എന്നറിയപ്പെടുന്ന ഈ സമ്മേളനം. ഒരു വിഭാഗം അറബ് രാജ്യങ്ങള്‍ ബഹിഷ്കരി ച്ചെങ്കിലും ഇറാനിയന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദി നിജാദിന്റേയും ഹമാസ് പൊളിറ്റ് ബ്യൂറോ മേധാവി ഖാലിദ് അല്‍മിഷ് അലിന്റേയും സാന്നിധ്യം ദോഹ ഉച്ചകോടിയെ കൂടുതല്‍ ശ്രദ്ധേയമാക്കി.
അധിവേശ ഇസ്രായേല്‍ സൈന്യത്തിന്റെ ക്രൂരമായ ആക്രമണങ്ങ ളില്‍പ്പെട്ട് ഗാസയിലെ പതിനായിര ക്കണക്കായ നമ്മുടെ സഹോദരങ്ങള്‍ അനുഭവിക്കുന്ന കൊടും ദുരന്തത്തിന്റെ ആഴവും പരപ്പും പ്രതിഫലിക്കു ന്നതായില്ല അക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഈ സമ്മേളനമെന്ന് തന്റെ ഹൃസ്വമായ ഉദ്ഘാടന പ്രസംഗത്തില്‍ ദോഹ ഉച്ചകോടി ബഹിഷ്കരിച്ച രാജ്യങ്ങളെ ഉദ്ദേശിച്ചു കൊണ്ട് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍താനി പറഞ്ഞു. ഇത്രയും ഗുരുതരമായ ഒരു സാഹചര്യത്തിലും അക്കാര്യം ചര്‍ച്ച ചെയ്യാന്‍ നമ്മള്‍ ഒരുമിച്ചു നില്‍ക്കുന്നില്ലെങ്കില്‍ ഇനിയെ പ്പോഴാണ് അതിന് നാം തയ്യാറാവുക എന്ന് അദ്ദേഹം ചോദിച്ചു. ഗാസയിലെ സ്വന്തം ജനങ്ങളുടെ പ്രശ്നം ചര്‍ച്ച ചെയ്യുന്ന ഈ സമ്മേളനത്തില്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് സന്നിഹിത നാവാത്തതില്‍ അമീര്‍ ഖേദം പ്രകടിപ്പിച്ചു. അറബ് ലീഗിന്റെ ഇപ്പോഴത്തെ ചെയര്‍മാന്‍ കൂടിയായ സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍അസദ് സുഡാന്‍ പ്രസിഡന്റ് ഉമര്‍ അല്‍ബഷീര്‍, ലബനാന്‍ പ്രസിഡന്റ് മിഷേല്‍ സുലൈമാന്‍, മൊറിത്താനിയന്‍ സുപ്രീം കൌണ്‍സില്‍ പ്രസിഡന്റ് ജനറല്‍ മുഹമ്മദ് വലദ് അബ്ദുല്‍അസീസ്, കോമൊറോസ് പ്രസിഡന്റ് അഹ്മദ് അബ്ദുല്ല സാമ്പി, അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍അസീസ് ബുതഫ്ലീഖ, ഇറാഖ് വൈസ് പ്രസിഡന്റ് താരിഖ് ആല്‍ഹാഷിമി, ലിബിയന്‍ പ്രധാനമന്ത്രി മഹ്മൂദി അല്‍ബഗ്ദാദി, ഒമാന്‍ വിദേശകാര്യമന്ത്രി യൂസുഫ് ബിന്‍ അലവി അല്‍അബ്ദുല്ല, മൊറോക്കന്‍ വിദേശകാര്യമന്ത്രി ത്വയ്യിബ് അല്‍ഫാസി, ജിബൂട്ടി ഇസ്ലാമികകാര്യമന്ത്രി ഡോ.ഹാമിദ് അബ്ദി, എന്നീ അറബ് നേതാക്കള്‍ക്കൊപ്പം ഇറാനിയന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദി നിജാദ്, ഇസ്ലാമിക രാജ്യങ്ങളുടെ സംഘടന (ഒ ഐ സി) ചെയര്‍മാന്‍ കൂടിയായ സെനഗല്‍ പ്രസിഡന്റ് അബ്ദുല്ല വാദ്, തുര്‍ക്കി ഉപ്രധാനമന്ത്രി ജമീല്‍ തഷീഷക്, ഹമാസ് പൊളിറ്റ് ബ്യൂറോ നേതാവ് ഖാലിദ് മിഷ്അല്‍, ഇസ്ലാമിക് ജിഹാദ് സെക്രട്ടറി ജനറല്‍ റമദാന്‍ ഷലഹ്, ഫലസ്തീന്‍ നേതാവ് അഹ്മദ് ജിബ്രീല്‍ എന്നിവരാണ് സമ്മേളനത്തില്‍ സംബന്ധിക്കുന്നത്. ഖത്തര്‍ സംഘത്തെ കിരീടാവകാശി ഷെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍താനിയാണ് നയിക്കുന്നത്. പ്രധാന മന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജബര്‍ ആല്‍താനിയും ഖത്തറി സംഘത്തിലുണ്ട്. അറബ് ലീഗ് സെക്രട്ടറി ജനറല്‍ അംറു മൂസയുടെ അസാന്നിധ്യം ശ്രദ്ധേയമായി. ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രിമാരും രാജ കുടുംബാംഗങ്ങളും നയതന്ത്ര പ്രതിനിധികളും പങ്കെടുത്തു. പിന്നീട് അടച്ചിട്ട ഹാളില്‍ ചര്‍ച്ചകള്‍ നടന്നു. - മുഹമദ് യാസീന്‍ ഒരുമനയൂര്‍ Labels: ഖത്തര്‍, ഗള്‍ഫ് രാഷ്ട്രീയം, പലസ്തീന്, യുദ്ധം
- ജെ. എസ്.
( Saturday, January 17, 2009 ) |
ഖത്തര്‍ ദേശീയ ദിനം ഇന്ന്
ഖത്തര്‍ ഇന്ന് ദേശീയ ദിനം ആഘോഷിക്കുന്നു. ദേശീയ ദിന ആഘോഷത്തിനായി രാജ്യം ഒരുങ്ങി കഴിഞ്ഞു. റോഡുകളും കെട്ടിടങ്ങളുമെല്ലാം ദേശീയ പതാകകള്‍ കൊണ്ടും ദീപങ്ങള്‍ കൊണ്ടും അലങ്കരിച്ചിട്ടുണ്ട്. ഖത്തര്‍ സ്ഥാപകനായ ശൈഖ് ജാസിം ബിന്‍ മുഹമ്മദ് അല്‍താനി അധികാരത്തില്‍ ഏറിയ ദിനമായ ഡിസംബര്‍ 18 ആണ് ഖത്തര്‍ ദേശീയ ദിനമായി ആചരിക്കുന്നത്. ആഘോഷത്തിന്‍റെ ഭാഗമായി വിവിധ പരിപാടികളാണ് ദോഹ കോര്‍ണീഷില്‍ അരങ്ങേറുന്നത്. രാവിലെ 9.30 ന് തുടങ്ങുന്ന ആഘോഷങ്ങള്‍ രാത്രി 9.30 വരെ നീളും. ദേശീയ ദിനം പ്രമാണിച്ച് ഖത്തറില്‍ ഇന്ന് അവധിയാണ്
Labels: ഖത്തര്‍
- സ്വന്തം ലേഖകന്‍
( Thursday, December 18, 2008 ) |
ഖത്തറില്‍ നിന്ന് ഇന്ത്യന്‍ മീന്‍ പിടുത്തക്കാരെ വിട്ടയച്ചു
ഖത്തര്‍ തീര സംരക്ഷണ സേനയുടെ പിടിയില്‍ പെട്ട് മാസങ്ങളോളം ഖത്തറില്‍ കഴിഞ്ഞിരുന്ന, ഇന്ത്യന്‍ മത്സ്യ ബന്ധന തൊഴിലാളികളെ വിട്ടയച്ചു. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ജോര്‍ജ്ജ് ജോസഫിന്‍റെ ഇടപെടല്‍ മൂലമാണ് ഇവരെ വിട്ടയക്കാന്‍ ഖത്തര്‍ ഗവണ്‍ മെന്‍റ് തീരുമാനിച്ചത്. ബഹ്റിനില്‍ നിന്നും മത്സ്യ ബന്ധനത്തിനായി പുറപ്പെട്ട പതിനഞ്ച് തൊഴിലാളികളാണ് ഖത്തറിന്‍റെ അതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് ഖത്തര്‍ തീര സംരക്ഷണ സേനയുടെ പിടിയിലായത്. ഇവരെ വിട്ടയ്ക്കാന്‍ തീരുമാനിച്ചതില്‍ ഖത്തര്‍ ഗവണ്‍മെന്‍റിനോട് ഇന്ത്യന്‍ അംബാസഡര്‍ നന്ദി രേഖപ്പെടുത്തി.
Labels: അന്താരാഷ്ട്രം, ഖത്തര്‍
- ജെ. എസ്.
( Thursday, September 04, 2008 ) |
സുഡാനില്‍ തട്ടിക്കൊണ്ടു പോയ മലയാളിയെ മോചിപ്പിക്കണം എന്ന ആവശ്യം ശക്തമായി
ഖത്തറില്‍ ജോലി നോക്കിയിരുന്ന മലയാളി യുവാവിനെ സുഡാനില്‍ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഇന്ത്യന്‍ അധികൃതര്‍ ഇടപെടണമെന്ന ആവശ്യം സജീവമായി. ഏറണാംകുളം ഗോതുരുത്ത് സ്വദേശി അഭിലാഷിനെയാണ് 2 മാസം മുന്‍പ് സുഡാനില്‍ വച്ച് കൊള്ളക്കാര്‍ തട്ടിക്കൊണ്ടു പോയത്.
കൂട്ടത്തില്‍ മറ്റ് നാല് ഇന്ത്യക്കാര്‍ കൂടിയുണ്ട്. ഇവരുടെ മോചനത്തിനായി ഇടപെടണം എന്നാവശ്യപ്പെട്ട് ഖത്തറിലെ ഇന്ത്യന്‍ നാഷ്ണല്‍സ് എബ്രോഡ് എന്ന സംഘടന വിദേശ കാര്യ മന്ത്രി പ്രണബ് മുഖര്‍ജിക്ക് കത്തു നല്‍കി. അഭിലാഷിനെ മോചിപ്പിക്കാനായി പണം നല്‍കാന്‍ കമ്പനി തയ്യാറാണെന്നും ഇതിനായി മധ്യസ്ഥരെ ഉടന്‍ നിയമിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. Labels: കുറ്റകൃത്യം, ഖത്തര്‍, തീവ്രവാദം, ദുബായ്
- ജെ. എസ്.
( Monday, July 21, 2008 ) |
ഖത്തര്‍ ബഹറൈന്‍ കടല്‍ പാലം
ഖത്തറിനും ബഹറൈനും ഇടയില്‍ കടല്‍ പാലം പണിയുന്നതിന്‍റെ സര്‍വേ നടപടികള്‍ ആരംഭിച്ചു. കടലിനേയും മണ്ണിനേയും സംബന്ധിച്ചുള്ള പഠനങ്ങളാണ് തുടങ്ങിയത്. പദ്ധതി നടപ്പിലാവാന്‍ നാല് വര്‍ഷമെങ്കിലും എടുക്കുമെന്നാണ് കരുതുന്നത്.
40 കിലോമീറ്റര്‍ നീളമുള്ള പാലത്തിന് 12,600 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. നിലവില്‍ ഖത്തറില്‍ നിന്ന് റോഡ് മാര്‍ഗം ബഹ്റിനിലെത്താന്‍ അഞ്ച് മണിക്കൂര്‍ സമയം എടുക്കുന്നിടത്ത് കടല്‍പ്പാലം വരുന്നതോടെ യാത്രാ ദൈര്‍ഘ്യം അര മണിക്കൂറായി ചുരുങ്ങും.
- ജെ. എസ്.
( Sunday, July 20, 2008 ) |
ഖത്തര്‍ സമ്മര്‍ ഫെസ്റ്റിവലിന് തുടക്കം
ഈ വര്‍ഷത്തെ ഖത്തര്‍ സമ്മര്‍ ഫെസ്റ്റിവലിന് ഇന്ന് ദോഹയില്‍ തുടക്കമാവും. ദോഹ എക്സിബിഷന്‍ സെന്‍ററില്‍ വൈകീട്ട് അഞ്ചിനാണ് ഉദ്ഘാടന ചടങ്ങ്. അടുത്ത മാസം അഞ്ച് വരെ നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിവലില്‍ രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളും ഷോപ്പിംഗ് മാളുകളും സ്റ്റാളുകള്‍ ഒരുക്കുന്നുണ്ട്. 50 ശതമാനത്തോളം വില ക്കിഴിവും മറ്റ് ഓഫറുകളും മേളയുടെ ആകര്‍ഷണമാണ്.
6 വേദികളിലായി 22 ദിവസത്തെ മേളയില്‍ രാജ്യത്തിന് അകത്തും പുറത്തും നിന്നുള്ള കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ പരിപാടികളും ഉണ്ടാകും. ഖത്തര്‍ ജനറല്‍ ടൂറിസം ആന്‍ഡ് എക്സിബിഷന്‍സ് അഥോറിറ്റിയാണ് മേളയുടെ സംഘാടകര്‍. Labels: ഖത്തര്‍
- ജെ. എസ്.
( Tuesday, July 15, 2008 ) |
ഖത്തറിനെ വിദേശികള്‍ കണ്ണ് വയ്ക്കുന്നു
ഖത്തറിലെ വിദേശ മൂലധന നിക്ഷേപത്തില്‍ വന്‍ വര്‍ദ്ധന യുണ്ടായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 6 വര്‍ഷത്തിനുളളില്‍ ഖത്തറിലെ വിദേശ മൂലധന നിക്ഷേപത്തില്‍ 600 ശതമാനത്തിന്‍റെ വര്‍ദ്ധനവുണ്ടായതായി ഖത്തര്‍ സ്റ്റാറ്റിസ്റ്റിക്ക് വിഭാഗത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2000 ല്‍ 252 ദശലക്ഷമായിരുന്ന നിക്ഷേപം 2008 ല്‍ 1.70 ബില്യന്‍ ഡോളറായി വര്‍ദ്ധിച്ചു. ഖത്തറിന്‍റെ സാമ്പത്തിക വളര്‍ച്ച മേഖലയിലെ തന്നെ ഏറ്റവും മികച്ചതാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
Labels: ഖത്തര്‍, സാമ്പത്തികം
- ജെ. എസ്.
( Thursday, July 10, 2008 ) |
കാര്‍ഷിക മന്ത്രിമാരുടെ സമ്മേളനം ദോഹയില്‍
ജിസിസി രാജ്യങ്ങളിലെ കാര്‍ഷിക മന്ത്രിമാരുടെ സമ്മേളനം ദോഹയില്‍ തുടങ്ങി. ഭക്ഷ്യ സുരക്ഷായാണ് സമ്മേളനത്തിന്‍റെ മുഖ്യ ചര്‍ച്ചാ വിഷയം.
ഭക്ഷ്യ വസ്തുക്കള്‍ക്കായി ഏതാണ്ട് പൂര്‍ണ്ണമായി തന്നെ ഇറക്കുമതിയെ ആശ്രയിക്കുന്ന ജിസിസി രാജ്യങ്ങള്‍ പ്രതിസന്ധിയെ നേരിടുകയാണ്. ഗള്‍ഫ് മേഖലയില്‍ ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം തടയുന്നതിനായി എടുക്കാനാകുന്ന മാര്‍ഗ്ഗങ്ങള്‍ സമ്മേളനം ചര്‍ച്ചചെയ്യും. ജിസിസി തലത്തില്‍ കാര്‍ഷിക മത്സ്യ ഗവേഷണങ്ങള്‍ക്ക് പുരസ്ക്കാരം ഏര്‍പ്പെടുത്തണമെന്ന ഖത്തറിന്‍റെ നിര്‍ദേശവും സമ്മേളനം ചര്‍ച്ച ചെയ്യുന്നുണ്ട്. അതിനിടെ അബുദാബി ഇന്നലെ ഭക്ഷ്യ സുരക്ഷാ പദ്ധതി പ്രഖ്യാപിച്ചു Labels: ഖത്തര്‍
- ജെ. എസ്.
( Wednesday, July 02, 2008 ) |
ഖത്തറില്‍ രണ്ട് മലയാളികള്‍ക്ക് വധശിക്ഷ
ഖത്തറില്‍ ഇന്തോനേഷ്യന്‍ യുവതി കൊല ചെയ്യപ്പെട്ട കേസില്‍ 2 മലയാളി യുവാക്കളുടേയും നേപ്പാള്‍ സ്വദേശിയുടേയും വധശിക്ഷ അപ്പീല്‍ കോടതി ശരി വച്ചു.
കുന്നംകുളം സ്വദേശി മണികണ്ഠന്‍, തൃശ്ശൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്കാണ് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്. ഇതിനെതിരെ കോടതിയില്‍ നല്‍കിയ അപ്പീലിലാണ് വിധി. 60 ദിവസങ്ങള്‍ ക്കുള്ളില്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള അവസരം കൂടി പ്രതികള്‍ക്കുണ്ട്. 2003 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. മണികണ്ഠന്‍ വെല്‍ഡറായും ഉണ്ണികൃഷ്ണന്‍ ടാക്സി ഡ്രൈവറായുമാണ് ജോലി ചെയ്തിരുന്നത്. Labels: കുറ്റകൃത്യം, കോടതി, ഖത്തര്‍, ശിക്ഷ
- ജെ. എസ്.
( Monday, June 30, 2008 ) |
ഖത്തര്‍ വിമാനത്തിന് കോഴിക്കോട്ട് ഉജ്ജ്വല വരവേല്‍പ്പ്
ഇന്നലെ രാവിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാന താവളത്തില്‍ ഇറങ്ങിയ ഖത്തര്‍ എയര്‍വെയ്സിന്റെ വിമാനത്തിന് കോഴിക്കോട്ട് ഉജ്ജ്വലമായ വരവേല്‍പ്പ് നല്‍കി. ഖത്തറിനെയും കോഴിക്കോടിനെയും ബന്ധിപ്പിച്ചുള്ള ഈ “നോണ്‍ സ്റ്റോപ്” വിമാന സര്‍വീസ് തങ്ങളുടെ ഇന്ത്യയിലേക്കുള്ള 58ആമത്തെ സര്‍വീസ് ആണെന്ന് കന്നി യാത്രയില്‍ കോഴിക്കോട് വന്നിറങ്ങിയ ഖത്തര്‍ എയര്‍വെയ്സ് സി.എ.ഒ. അക്ബര്‍ അല്‍ ബക്കര്‍ പ്രസ്ഥാവിച്ചു.
വിമാനത്തിന്റെ ആദ്യ ഫ്ലൈറ്റില്‍ വന്നിറങ്ങിയ വിശിഷ്ട വ്യക്തികളും വിദേശ മാധ്യമ പ്രവര്‍ത്തകരും അടങ്ങിയ സംഘത്തെ വരവേല്‍ക്കാന്‍ വിപുലമായ സന്നാഹങ്ങളായിരുന്നു ഒരുക്കിയിരുന്നത്. എം.പി.മാരായ ശ്രീ പി. വി. അബ്ദുല്‍ വഹാബ്, ശ്രീ ടി. കെ. ഹംസ, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രസിഡന്റ് ശ്രീ പി. സക്കീര്‍, സെക്രട്ടറി ശ്രീ കെ. അബൂബക്കര്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം വഹിച്ചു. Labels: ഖത്തര്‍, വിമാന സര്‍വീസ്
- ജെ. എസ്.
( Tuesday, June 17, 2008 ) |
ഖത്തര്‍ എയര്‍വെയ്സ് കോഴിക്കോട്ടേക്ക്
ജൂണ്‍ 15 മുതല്‍ ഖത്തര്‍ എയര്‍വെയ്സ് വിമാനം കോഴിക്കോട്ടേക്ക് പറക്കും. തങ്ങളുടെ 83 ആമത്തെ റൂട്ടായ കോഴിക്കോട്ടേക്ക് പ്രതിദിന ഫ്ലൈറ്റുകള്‍ ഉണ്ടാവും. കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ഇപ്പോള്‍ ഖത്തര്‍ എയര്‍വേയ്സിന്റെ പ്രതി ദിന ഫ്ലൈറ്റുകള്‍ ഉണ്ട്.
ഖത്തറിലെ പ്രവാസി സമൂഹത്തിനും യൂറോപ്പില്‍ നിന്നും മറ്റും വരുന്ന ടൂറിസ്റ്റുകള്‍ക്കും ഈ പുതിയ വിമാന സര്‍വീസ് ഏറെ പ്രയോജനപ്പെടും. തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യാപാര മേഖലയാണ് ഇന്ത്യ എന്ന് ഖത്തര്‍ എയര്‍വെയ്സ് സി. ഇ. ഓ. അക്ബര്‍ അല്‍ ബക്കര്‍ പറഞ്ഞു.കോഴിക്കോട്ടേക്കുള്ള പുതിയ ഫ്ലൈറ്റോടെ ഇന്ത്യയിലേക്ക് പ്രതി വാരം 58 ഫ്ലൈറ്റുകള്‍ ആണ് പറക്കുന്നത് എന്നും അദ്ദേഹം അറിയിച്ചു. Labels: ഖത്തര്‍, വിമാന സര്‍വീസ്
- ജെ. എസ്.
( Tuesday, June 10, 2008 ) |
ഷാര്‍ജയില്‍ പുകവലി നിരോധനം
ഗള്‍ഫ് രാജ്യങ്ങള്‍ പുകവലി ഉപേക്ഷിക്കുന്നു. ഷാര്‍ജയില്‍ പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നത് നിരോധിച്ചു. ബാര്‍ബര്‍ ഷോപ്പുകള്‍, റസ്റ്റോറന്‍റുകള്‍, കഫറ്റീരിയ തുടങ്ങിയ സ്ഥലങ്ങളിലാണ് പുകവലി നിരോധിച്ചിരിക്കുന്നത്.
ജൂണ്‍ ഒന്ന് മുതലാണ് നിരോധനം വരികയെന്ന് ഷാര്‍ജ മുനിസിപ്പിലാറ്റി അറിയിച്ചു. പൊതു സ്ഥലത്ത് പുകവലിക്കുന്ന വ്യക്തിക്ക് 100 ദിര്‍ഹം പിഴ ലഭിക്കും. ഏതെങ്കിലും സ്ഥാപനങ്ങളില്‍ ഇത്തരത്തില്‍ പുകവലിക്കുന്നത് പിടിക്കപ്പെട്ടാല്‍ സ്ഥാപനത്തിന് 10,000 ദിര്‍ഹമായിരിക്കും പിഴ ശിക്ഷ. ഇതാവര്‍ത്തിച്ചാല്‍ 20,000 ദിര്‍ഹം പിഴ നല്‍കേണ്ടി വരും. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും പുകവലിക്കെതിരെ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ലോക പുകവലി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ഖത്തറിലെ ഇന്ത്യന്‍ ആന്‍റി സ്മോക്കിംഗ് സൊസൈറ്റി ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കും. ഇതോടനുബന്ധിച്ച് പെയിന്‍റിംഗ്, പ്രസംഗ മത്സരങ്ങള്‍ നടത്തുമെന്ന് ഭാരവാഹികള്‍ ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഖത്തര്‍ നാഷണല്‍ ഹോല്‍ത്ത് അഥോറിറ്റിയുമായി ചേര്‍ന്നാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഖത്തര്‍ സ്കൗട്ട് ഫെഡറേഷനുമായി സഹകരിച്ച് പുകവലി വിരുദ്ധ ദിവസം ദോഹയില്‍ മാരത്തണ്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. നാഷണല്‍ ഹെല്‍ത്ത് അഥോറിറ്റിയിലെ ഭാരവാഹികള്‍ക്ക് പുറമേ ഇന്ത്യന്‍ ആന്‍റി സ്മോക്കിംഗ് സൊസൈറ്റി പ്രസിഡന്‍റ് ഡോ.അബ്ദുല്‍ റഷീദ്, വൈസ് പ്രസിഡന്‍റ് എം.പി ഹസന്‍കുഞ്ഞി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
- ജെ. എസ്.
( Thursday, May 29, 2008 ) |
കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലാര്‍ ദോഹയില്‍
നാല് ചുമരുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടുള്ള ഐക്യമല്ല മുസ്ലീം സമുദായ ഐക്യം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലാര്‍ ദോഹയില്‍ പറഞ്ഞു. മുസ്ലീം സമുദായത്തിന് ഒരു പ്രശ്നം വരുമ്പോള്‍ ഒന്നിച്ച് നില്‍ക്കുന്നതാണ് ഐക്യം. വിവിധ ആശയങ്ങള്‍ വച്ച് പുലര്‍ത്തുന്ന വ്യത്യസ്ത മുസ്ലീം സംഘടനകള്‍ തമ്മിലുള്ള ഐക്യം തികച്ചും സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് തീവ്രവാദം കൂടി വരുന്നതില്‍ ആശങ്കയുണ്ടെന്നും സമുദായം ഇതിനെ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആറാമത് ദോഹ മത സംവാദ സമ്മേളനത്തിനായി ഖത്തറില്‍ എത്തിയതായിരുന്നു കാന്തപുരം.
Labels: ഖത്തര്‍
- ജെ. എസ്.
( Sunday, May 18, 2008 ) |
ഇലക്ട്രോണിക് തിരിച്ചറിയല്‍ കാര്‍ഡ്
സൗദി അറേബ്യയിലേയും ഖത്തറിലേയും പൗരന്മാര്‍ക്ക് ഇരു രാജ്യങ്ങളിലും പ്രവേശിക്കുന്നതിന് ഇനി ഇലക്ട്രോണിക് തിരിച്ചറിയല്‍ കാര്‍ഡ് മാത്രം മതിയാകും. ഇത് സംബന്ധിച്ചുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. സൗദി ആഭ്യന്ത്ര മന്ത്രി നായിഫ് രാജകുമാരനും ഖത്തര്‍ ആഭ്യന്തര മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ അല്‍ഥാനിയുമാണ് കരാര്‍ ഒപ്പു വച്ചത്. അടുത്ത മാസം 14 മുതല്‍ കരാര്‍ നിലവില്‍ വരുമെന്ന് സൗദി പാസ്പോര്‍ട്ട് വകുപ്പ് മേധാവി മേജര്‍ ജനറല്‍ സാലിം അല്‍ ബുലൈഹിദ് പറഞ്ഞു.
- ജെ. എസ്.
( Sunday, May 18, 2008 ) |
ഖത്തറില്‍ വീട്ടു ജോലിക്കാര്‍ക്ക് പുതിയ നിയമം വരുന്നു
ഖത്തറില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ഗാര്‍ഹിക ജോലിക്കാരെ സംബന്ധിച്ച പുതിയ കരട് നിയമം രാജ്യത്തെ ഉന്നതാധികാര സമിതിയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചു.
സമിതിയുടെ ശുപാര്‍ശകളോടെ മന്ത്രിസഭയുടെ അനുമതി ലഭിച്ചാല്‍ അന്തിമമായി അമീര്‍ അംഗീകാരം നല്‍കുന്നതോടെ പുതിയ നിയമം പ്രാബല്യത്തില്‍ വരും. ഗാര്‍ഹിക ജോലിക്കാര്‍ ഇപ്പോള്‍ അനുഭവിക്കുന്ന ദുരിതങ്ങളും ചൂഷണവും പുതിയ നിമയത്തിലൂടെ തടയാമെന്നാണ് നിയമ വിദ്ഗ്ധരുടെ അഭിപ്രായം. നിലവില്‍ ഖത്തറിലെ ഈ മേഖലയിലുള്ളവര്‍ക്ക് യാതൊരു നിയമ പരിരക്ഷയും ലഭിക്കുന്നില്ല. തുടര്‍ച്ചയായ പരാതികളെ തുടര്‍ന്ന് ഇന്ത്യയടക്കം ചില രാജ്യങ്ങള്‍ ഖത്തറിലേക്ക് വീട്ടുജോലിക്ക് സ്ത്രീകളെ അയയ്ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. Labels: ഖത്തര്‍, തൊഴില്‍ നിയമം
- ജെ. എസ്.
( Wednesday, May 14, 2008 ) |
ഖത്തറില്‍ മലയാളിയുടെ കടയില്‍ വന്‍ കവര്‍ച്ച
തൃശൂര്‍ സ്വദേശി അഷ്റഫിന്‍റെ ദോഹയിലുള്ള ഈസ്റ്റേണ്‍ കോള്‍ഡ് സ്റ്റോറിലാണ് ഞായറാഴ്ച പുലര്‍ച്ചെ കവര്‍ച്ച നടന്നത്. 15,000 ത്തിലധികം റിയാലിന്‍റെ സാധനങ്ങള്‍ മോഷണം പോയി. നൂറിലധികം മൊബൈല്‍ ഫോണ്‍ റീചാര്‍ച് കൂപ്പണുകള്‍, സിഗരറ്റ്, ഇന്‍റര്‍നെറ്റ് ടെലഫോണ്‍ കാര്‍ഡുകള്‍ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Labels: കുറ്റകൃത്യം, ഖത്തര്‍
- ജെ. എസ്.
( Thursday, May 08, 2008 ) |
ഡോ. യൂസുഫ് ആല്‍ ഖര്‍ദാവി 100 ബുദ്ധി ജീവീകളില്‍ ഒരാള്‍
ലോകത്ത് ഏറ്റവും കൂടുതല്‍ ജനസ്വാധീനമുള്ള 100 ബുദ്ധി ജീവീകളില്‍ ഒരാളായി ഖത്തറിലെ പ്രശസ്ത ഇസ്ലാമിക ചിന്തകന്‍ ഡോ. യൂസുഫ് ആല്‍ ഖര്‍ദാവിയെ തെരഞ്ഞെടുത്തു.
അമേരിക്കയിലെ ഫോറിന്‍ പോളിസി മാഗസിനാണ് അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. ഈ നൂറുപേരില്‍ നിന്ന് വായനക്കാര്‍ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന അഞ്ച് പേരെ ലോകത്ത് ഏറ്റവും സ്വാധീനമുള്ള പണ്ഡിതന്മാരായി തെരഞ്ഞെടുക്കും. ഈ മാസം 15 വരെയാണ് വോട്ടെടുപ്പ്. Labels: ഖത്തര്‍
- ജെ. എസ്.
( Monday, May 05, 2008 ) |
പ്രതിവര്‍ഷം വാഹനാപകടങ്ങളില്‍ കൊല്ലപ്പെടുന്നത് 12 ലക്ഷം പേര്‍
ഇരുപത് മുതല്‍ അമ്പത് ദശലക്ഷം വരെ ആളുകള്‍ക്ക് പരിക്കേല്‍ക്കുന്നു. ദോഹ ഫോര്‍ സീസണ്‍ ഹോട്ടലില്‍ നടന്ന അപകടങ്ങള്‍ തടയുന്നതിനുള്ള പ്രഥമ ഗള്‍ഫ് യുവജന സമ്മേളനത്തിലാണ് ഈ വെളിപ്പെടുത്തലുകള്‍. പുതിയ നിയമം നടപ്പിലാക്കുകയും ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്ത ശേഷം ഖത്തറിലുണ്ടാകുന്ന വാഹനാപകടങ്ങള്‍ സംബന്ധിച്ച പ്രബന്ധമവതരിപ്പിച്ച മുഹമ്മദ് അല്‍ ഷമ്മരി എന്ന വിദ്യാര്‍ഥിയാണീ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
റോഡുകളില്‍ ക്യാമറകളും റഡാറുകളും സ്ഥാപിക്കുക വഴി ഖത്തറില്‍ വാഹനാപകടം ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആഭ്യന്തര സുരക്ഷാ സേനയുടെ ഗതാഗത ബോധവല്‍ക്കരണ വിഭാഗത്തിന്റെ സേവനങ്ങളെ പ്രബന്ധം പ്രശംസിച്ചു. കുവൈത്തിലെ വിദ്യാര്‍ഥി ഹുസൈന്‍ മനാര്‍ അല്‍സുബയി അവതരിപ്പിച്ച പ്രബന്ധത്തില്‍ വാഹന അപകടങ്ങളില്‍പ്പെട്ടു പരിക്കേല്‍ക്കുന്നവരെ രക്ഷപ്പെടുത്താന്‍ അത്യാധുനിക രീതിയിലുള്ള പ്രത്യേക അത്യാഹിത വിഭാഗം ആരംഭിക്കണമെന്നും പ്രത്യേക ആംബുലന്‍സുകള്‍ ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചു. ബന്ധപ്പെട്ട വകുപ്പുകള്‍ മെയിന്‍ റോഡുകളില്‍ സിവില്‍ ഡിഫന്‍സ് കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് അറുപത് വിദ്യാര്‍ഥി പ്രതിനിധികള്‍ പങ്കെടുത്തു. യമന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് പുറമെയാണിത്. ക്യാമറകളും റഡാറുകളും റോഡുകളില്‍ സ്ഥാപിച്ചത് പൊതുജന ദൃഷ്ടിയില്‍ പെടില്ലെങ്കിലും ഡ്രൈവര്‍മാര്‍ അത് സംബന്ധിച്ച് ജാഗരൂകരായിരിക്കണമെന്ന് ട്രാഫിക് ഡയറക്ടര്‍ മുഹമ്മദ് സാദ് അല്‍ ഖര്‍ജി മുന്നറിയിപ്പ് നല്കി. പ്രതിവര്‍ഷം യുവജന സമ്മേളനങ്ങള്‍ സംഘടിപ്പിച്ച് അപകടങ്ങള്‍ തടയുന്നത് സംബന്ധിച്ച ബോധവല്‍ക്കരണം നടത്തണമെന്ന് സമ്മേളനത്തില്‍ നിര്‍ദേശമുയര്‍ന്നു. Labels: അപകടങ്ങള്‍, ഖത്തര്‍, ഗതാഗതം
- ജെ. എസ്.
( Saturday, May 03, 2008 ) |
വിലക്കയറ്റം; ഖത്തറില്‍ 2000 ത്തോളം കമ്പനികള്‍ പൂട്ടി
നിര്‍മ്മാണ വസ്തുക്കളുടെ വിലക്കയറ്റം മൂലം ഖത്തറില്‍ കഴിഞ്ഞ വര്‍ഷം രണ്ടായിരത്തോളം കോണ്‍ട്രാക്ടിംഗ് കമ്പനികള്‍ പൂട്ടിയതായി ഖത്തര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി പുറത്തിറക്കിയ അര്‍ധ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്റ്റിമേറ്റിനെ കടത്തിവെട്ടുന്ന നിര്‍മ്മാണ ചെലവും അസംസ്കൃത വസ്തുക്കളുടെ വിലയില്‍ ഉണ്ടായ വര്‍ധനവുമാണ് ഇതിനു കാരണമായി റിപ്പോര്‍ട്ട് പറയുന്നത്. രാജ്യത്തെ നിര്‍മ്മാണ മേഖലയുടെ മുക്കാല്‍ പങ്കും വന്‍കിട വിദേശ കമ്പനികളുടെ കൈയിലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആഭ്യന്തരോത്പാദനത്തില്‍ 7 ശതമാനം സംഭാവന ചെയ്യുന്ന നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി രൂക്ഷമാണെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
Labels: ഖത്തര്‍, സാമ്പത്തികം
- ജെ. എസ്.
( Sunday, April 20, 2008 ) |
അഞ്ചാമത് ഖത്തര്‍ മലയാളി സമ്മേളം സമാപിച്ചു
ദോഹയില്‍ നടന്ന സമാപന സമ്മേളനം ഖത്തര്‍ തൊഴില്‍ വകുപ്പ് മന്ത്രി ഡോ. സുല്‍ത്താന്‍ ഹസന്‍ അല്‍ ദൊസരി ഉദ്ഘാടനം ചെയ്തു.
പ്രശസ്ത ചിത്രകാരന്‍ എം.എഫ്ഹുസൈന്‍ ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു. കേരളത്തില്‍ നിന്ന് വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വം, കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ആധുനിക ഖത്തറിന്‍റെ വളര്‍ച്ചയില്‍ മലയാളികളുടെ പങ്ക് വളരെ സ്തുത്യര്‍ഹമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഡോ. സുല്‍ത്താന്‍ ഹസന്‍ ദൊസരി പറഞ്ഞു.
- ജെ. എസ്.
( Sunday, April 13, 2008 ) |
ഖത്തറില്‍ വിപുലമായ മെഡിക്കല്‍ ക്യാമ്പ്
ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ വിലുപമായ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഈ മാസം 25 ന് ഖത്തര്‍ ബോയ്സ് പ്രിപ്പറേറ്ററി സ്കൂളില്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെയാണ് പരിപാടി. മൂന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്ന താഴ്ന്ന വരുമാനക്കാര്‍ക്ക് മാത്രമായിരിക്കും വൈദ്യ പരിശോധന ലഭിക്കുക. ഇതിനോടനുബന്ധിച്ച് മെഡിക്കല്‍ എക്സിബിഷന്‍, ആരോഗ്യ ബോധവത്ക്കരണ ക്ലാസുകള്‍, പ്രമേഹ, രക്തസമ്മര്‍ദ്ദ പരിശോധന എന്നിവയും സംഘടിപ്പിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. പേര് രജിസ്റ്റര്‍ ചെയ്യാന്‍ 4435464 എന്ന നമ്പറില്‍ വിളിക്കണം.
- ജെ. എസ്.
( Sunday, April 13, 2008 ) |
ഖത്തറില്‍ ശമ്പളം വര്‍ധിപ്പിച്ചു
ഖത്തറിലെ സ്വകാര്യ മേഖലയിലെ ചില കമ്പനികള്‍ ജീവനക്കാരുടെ ശമ്പളം 20 മുതല്‍ 35 ശതമാനം വരെ ശമ്പളം വര്‍ധിപ്പിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. അടിസ്ഥാന ശമ്പളത്തിലും ഹൗസിംഗ് യാത്രാപ്പടി ബത്തകളിലും വര്‍ധനവ് വരുത്തിയാണ് കമ്പനികള്‍ ശമ്പള പരിഷ്ക്കരണം നടത്തിയത്.
രാജ്യത്തെ സ്വകാര്യ മേഖലയില്‍ കാലോചിതമായി ശമ്പളം പരിഷ്ക്കരിക്കണമെന്ന ആവശ്യം വ്യാപകമാകുന്നതിന്‍റെ അടിസ്ഥാനത്തിലാണ് ചില കമ്പനികള്‍ ശമ്പള വര്‍ധനവ് നടപ്പിലാക്കിയത്. ജീവിതചെലവും വാടകയും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ചില സ്വകാര്യ കമ്പനികളെങ്കിലും ശമ്പളം വര്‍ധിപ്പിച്ചത് ഒട്ടേറെ പ്രവാസികള്‍ക്ക് ഗുണം ചെയ്യും.
- Jishi Samuel
( Thursday, April 10, 2008 ) |
ഖത്തറില്‍ പുതിയ സ്പോണ്‍സര്‍ഷിപ്പ് നിയമം
ഖത്തറില്‍ പുതിയ സ്പോണ്‍സര്‍ഷിപ്പ് നിയമത്തിന്‍റെ കരട് പ്രമേയം തയ്യാറായി. പാര്‍ലമെന്‍ററി ഉപദേശക സമിതിയുടേയും കാബിനറ്റിന്‍റേയും അംഗീകാരം ലഭിച്ച കരട് പ്രമേയം ഇപ്പോള്‍ രാജ്യത്തെ ഉന്നതാധികാര സമിതിയുടെ പരിഗണനിയിലാണ്.
പുതിയ സ്പോണ്‍സര്‍ഷിപ്പ് നിയമം ഖത്തറിലെ വിദേശ തൊഴിലാളികള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് രാജ്യത്തെ നിയമ വിദഗ്ധര്‍ നല്‍കുന്ന സൂചന. നിലവിലെ സ്പോണ്‍സര്‍ഷിപ്പ് നിയമം കാലാനുസൃതമായി പരിഷ്ക്കരിക്കണമെന്ന് രാജ്യത്തെ മനുഷ്യാവകാശ കമ്മീഷനടക്കം വിവിധ സംഘടനകള്‍ ആവശ്യമുന്നയിച്ചിരുന്നു. 2016 ലെ ഒളിമ്പിക്സിനായി ഖത്തര്‍ ശ്രമിക്കുന്നതിനാല്‍ രാജ്യത്തെ സ്പോണ്‍സര്‍ഷിപ്പ് നിയമത്തിലെ കര്‍ശന വ്യവസ്ഥകളില്‍ ചില ഇളവുകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഖത്തറിലെ പ്രവാസി സമൂഹം. Labels: ഖത്തര്‍, തൊഴില്‍ നിയമം
- ജെ. എസ്.
( Wednesday, April 09, 2008 ) |
ഖത്തറില്‍ പഴകിയ മീനുകള്‍ നശിപ്പിച്ചു
ഖത്തറിലെ മാര്‍ക്കറ്റിലെത്തിയ മൂന്ന് ടണ്‍ പഴകിയ മീന്‍ അധികൃതര്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. ഒമാനില്‍ നിന്ന് ഇറക്കുമതി ചെയ്തവയാണ് ഇവ. ശീതീകരണ സംവിധാനത്തിലുണ്ടായ തകരാറിനെ തുടര്‍ന്നാണ് മീനുകള്‍ പഴകിയത്. ഇറക്കുമതി ചെയ്യുന്ന മീനുകളെക്കുറിച്ച് പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് മുനിസിപ്പാലിറ്റി അധികൃതര്‍ പരിശോധന നടത്തിയത്.
- ജെ. എസ്.
( Wednesday, April 09, 2008 ) |
ഡോളര്‍ മൂല്യനിര്‍ണ്ണയ രീതി ഉപേക്ഷിക്കില്ലെന്ന് ഒമാനും ഖത്തറും
ഡോളര്‍ മൂല്യനിര്‍ണ്ണയ രീതി ഉപേക്ഷിക്കില്ലെന്ന് ഒമാനും ഖത്തറും ആവര്‍ത്തിച്ച് വ്യക്തമാക്കി. ഇതോടെ ഈ രാജ്യങ്ങള്‍ ഡോളര്‍ ആശ്രിതത്വം ഉപേക്ഷിക്കും എന്ന ഊഹാപോഹങ്ങള്‍ക്ക് വിരാമമായി. ജിസിസി രാജ്യങ്ങളുടെ ഏകീകൃത കറന്‍സി എന്ന ആശയത്തോട് ഒമാന്‍റെ വിയോജിപ്പ് തുടരുകയാണ്.
Labels: ഖത്തര്‍, സാമ്പത്തികം
- ജെ. എസ്.
( Tuesday, April 08, 2008 ) |
മയക്കുമരുന്ന് കൈവശം വച്ചതിന് കഠിനതടവ്
മയക്കുമരുന്ന് കൈവശം വച്ചതിന് ഖത്തറില്‍ ശ്രീലങ്കന്‍ വംശജര്‍ക്ക് ആറ് മാസം കഠിനതടവും, 10,000 റിയാല്‍ പിഴയും കോടതി വിധിച്ചു. മയക്കുമരുന്ന് കച്ചവടം ചെയ്തതിന് രണ്ട് പേര്‍ക്ക് എതിരേയും ശക്തമായ തെളിവില്ലാത്തതാണ് ശിക്ഷ കുറയ്ക്കാന്‍ കാരണമായത്. നേരത്തെ നടന്ന വൈദ്യ പരിശോധനയില്‍ ഇരുവരും മയക്കുമരുന്നിന് അടിമകളാണെന്ന് കണ്ടെത്തിയിരുന്നു.
Labels: കുറ്റകൃത്യം, ഖത്തര്‍
- ജെ. എസ്.
( Tuesday, April 08, 2008 ) |
ഖത്തര്‍ മലയാളി സമ്മേളനം; ഇന്തോ അറബ് എക്സിബിഷന്‍ ആരംഭിച്ചു
അഞ്ചാമത് ഖത്തര്‍ മലയാളി സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഇന്തോ- അറബ് എക്സിബിഷന്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ജോര്‍ജ്ജ് ജോസഫ് ഉദ്ഘാടനം ചെയ്തു.
ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍, ട്രാഫിക്ക് ഡിപ്പാര്‍ട്ട്മെന്‍റ്, കോസ്റ്റ് ഗാര്‍ഡ്, ഡ്രഗ്സ് പ്രിവന്‍ഷന്‍, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ തുടങ്ങിയവരുടെ സ്റ്റാളുകള്‍, വിവിധ രാജ്യത്തിലെ നാണയങ്ങള്‍ , ഫോട്ടോകള്‍, പെയിന്‍റുകള്‍, പുഷ്പഫല പ്രദര്‍ശനം തുടങ്ങിയവ ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാ ദിവസവും വൈകീട്ട് 5 മുതല്‍ 9 വരെയാണ് പ്രദര്‍ശനം. Labels: ഖത്തര്‍, ലോക മലയാളി
- ജെ. എസ്.
( Sunday, April 06, 2008 ) |
ഖത്തറില്‍ സ്വദേശിവത്ക്കരണം ശക്തം; വിദേശികളെ പിരിച്ച് വിടും
ഖത്തറില്‍ സ്വദേശി വത്ക്കരണത്തിന്‍റെ ഭാഗമായി മുനിസിപ്പല്‍, കൃഷി മന്ത്രാലയത്തിലെ ചില തസ്തികകളില്‍ നിന്ന് ജൂലൈ ഒന്നോടെ വിദേശികളെ പിരിച്ചുവിടാന്‍ നടപടികള്‍ ആരംഭിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
പിരിച്ചു വിടുന്നവരുടെ പട്ടിക ഉടന്‍ തയ്യാറാക്കും. വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും അഡ്മിനിസ്ട്രേറ്റീവ് ക്ലിനിക്കല്‍ തസ്തികകളില്‍ ജൂലൈ മാസത്തോടെ 50 ശതമാനവും അടുത്ത വര്‍ഷം മാര്‍ച്ച് 31 ഓടെ 100 ശതമാനവും സ്വദേശി വത്ക്കരണം നടത്താനാണ് ഗവണ്‍മെന്‍റ് ലക്ഷ്യമിടുന്നത്. Labels: ഖത്തര്‍, തൊഴില്‍ നിയമം
- ജെ. എസ്.
( Thursday, April 03, 2008 ) |
ഖത്തറില്‍ 204 സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി
ഖത്തറില്‍ പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ അപേക്ഷ നല്‍കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ തങ്ങളുടെ തൊഴിലാളികളുടെ കഴിഞ്ഞ മൂന്ന് മാസത്തെ ശമ്പളപ്പട്ടിക അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
തൊഴില്‍ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. ഇത്തരത്തില്‍ ശമ്പളപ്പട്ടിക സമര്‍പ്പിക്കുന്നവര്‍ക്ക് മാത്രമേ പുതിയ തൊഴില്‍ വിസ അനുവദിക്കുകയുള്ളൂ. ഇതിനിടെ രാജ്യത്തെ തൊഴില്‍ നിയമം അനുസരിച്ച് പ്രവര്‍ത്തിക്കാത്ത 204 സ്ഥാപനങ്ങളെ മന്ത്രാലയം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. തൊഴില്‍ നിയമം ലംഘിച്ചതിന് ഇവയുടെ പ്രവര്‍ത്തനം ഒരാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ തൊഴില്‍ മന്ത്രാലയം ഉത്തരവിറക്കിയിട്ടുണ്ട്. Labels: ഖത്തര്‍, തൊഴില്‍ നിയമം
- ജെ. എസ്.
( Thursday, April 03, 2008 ) |
പുതിയ ടിക്കറ്റ് നിരക്കുകള്‍ നിലവില്‍ വന്നു
ഖത്തറിലെ പൊതുമേഖലാ ഗതാഗത കമ്പനിയായ മുവാസലാത്തിന്‍റെ സര്‍വീസ് ബസുകളില്‍ ഇന്ന് മുതല്‍ പുതിയ ടിക്കറ്റ് നിരക്കുകള്‍ നിലവില്‍ വന്നു. നിലവിലുള്ളതിനേക്കാള്‍ 50 ശതമാനം വര്‍ധനവാണ് യാത്രാക്കൂലിയില്‍ ഉണ്ടായിരിക്കുന്നത്. നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ വന്നതോടെ ആയിര്ക്കണക്കിന് പ്രവാസികളെയാണ് പ്രതികൂലമായി ബാധിച്ചത്.
- ജെ. എസ്.
( Wednesday, April 02, 2008 ) |
ജെറ്റ് എയര്‍ വേയ്സ് കൊച്ചിയിലേക്ക് പ്രതിദിന സര്‍വീസ്
ജെറ്റ് എയര്‍ വേയ്സ്ഈ മാസം 19 മുതല്‍ ദോഹിയില്‍ നിന്നും കൊച്ചിയിലേക്ക് പ്രതിദിന സര്‍വീസ് ആരംഭിക്കും. വരും നാളുകളില്‍ ഗള്‍ഫ് മേഖലയില്‍ നിന്ന് കോഴിക്കോട്ടേയ്ക്കും കൊച്ചിയിലേക്കും പുതിയ സര്‍വീസുകള്‍ ആരംഭിക്കാന്‍ നിരവധി വിമാനക്കമ്പനികള്‍ മുന്നോട്ട് വരുന്നതോടെ യാത്രാക്കൂലിയില്‍ ഇളവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Labels: ഖത്തര്‍, വിമാന സര്‍വീസ്
- ജെ. എസ്.
( Wednesday, April 02, 2008 ) |
സ്പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ കാതലായ മാറ്റം വരുത്തണം
രാജ്യത്തെ നിലവിലെ സ്പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ കാതലായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്ന് ഖത്തറിലെ ദേശീയ മനുഷ്യാവകാശ സമിതി സര്‍ക്കാറിനോട് ആവശ്യപ്പെട്ട്. ഇപ്പോഴുള്ള നിയമം വിദേശികളെ കടുത്ത നിയന്ത്രണത്തില്‍ നിര്‍ത്തുന്നതാണെന്നും രാജ്യത്തിന് അത് ഹിതരകമാവുകയില്ലെന്നും സമിതിയുടെ 2007 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. നാടുകടത്താനായി വിവിധ ജയിലുകളില്‍ കഴിയുന്ന വിദേശികളെ തിരിച്ചയയ്ക്കുന്നതില്‍ വരുന്ന കാലതാമസത്തിലും സമിതി ഉത്കണ്ഠ പ്രകടിപ്പിച്ചു. ഏതാണ്ട് 1500 ഓളം പേര്‍ ഖത്തറിലെ ഡിപ്പോര്‍ട്ടേഷന്‍ സെന്‍ററുകളില്‍ കഴിയുന്നുണ്ടെന്നാണ് സമിതിയുടെ കണക്ക്.
Labels: ഖത്തര്‍, തൊഴില്‍ നിയമം, മനുഷ്യാവകാശം
- ജെ. എസ്.
( Sunday, March 30, 2008 ) |
ഒളിമ്പിക്സിന് വേദിയാകാനുള്ള ഖത്തറിന്‍റെ ശ്രമങ്ങള്‍ക്ക് പിന്തുണയേകി കൂട്ടയോട്ടം
2016 ലെ ഒളിമ്പിക്സിന് വേദിയാകാനുള്ള ഖത്തറിന്‍റെ ശ്രമങ്ങള്‍ക്ക് പിന്തുണയേകിക്കൊണ്ട് ഖത്തറിലെ വിവിധ ഇന്ത്യന്‍ സംഘടനകളുടെ നേതൃത്വത്തില്‍ ദോഹയില്‍ കൂട്ടയോട്ടം നടന്നു. ദോഹ ഗോ ഫോര്‍ ഇറ്റ് എന്ന് പേരിട്ട പരിപാടിയില്‍ ഒളിമ്പ്യന്‍മാരായ ഗുരുബച്ചന്‍സിംഗ് രണ്‍ധാവ, ഷൈനി വില്‍സണ്‍ എന്നിവര്‍ അടക്കം നിരവധി പേര്‍ പങ്കെടുത്തു. ദോഹയിലെ ഖലീഫാ സ്റ്റേഡിയത്തില്‍ ഒന്നര കിലോമീറ്റര്‍ ഓടിയതിന് ശേഷം ഖത്തര്‍ ഒളിമ്പിക്സ് കമ്മിറ്റി അധ്യക്ഷന്‍ ശൈഖ് അബ്ദുറഹ്മാന്‍ അല്‍താനിക്ക് ഒളിമ്പ്യന്‍മാര്‍ കൊടി കൈമാറിയതോടെയാണ് പരിപാടി സമാപിച്ചത്. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ജോര്‍ജ്ജ് ജോസഫ്, വിവിധ ഇന്ത്യന്‍ പ്രവാസി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Labels: ഖത്തര്‍, ലോക മലയാളി, സ്പോര്‍ട്ട്സ്
- ജെ. എസ്.
( Sunday, March 30, 2008 ) |
ഖത്തര്‍ മലയാളി കോണ്‍ഫ്രന്‍സിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
അഞ്ചാമത് ഖത്തര്‍ മലയാളി കോണ്‍ഫ്രന്‍സിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അടുത്ത മാസം നാല് മുതല്‍ 11 വരെ ദോഹയിലാണ് സമ്മേളനം നടക്കുക. പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകരും കലാ പ്രവര്‍ത്തകരും പങ്കെടുക്കുന്ന സമ്മേളനങ്ങളും ചര്‍ച്ചകളും മലയാളി കോണ്‍ഫ്രന്‍സില്‍ ഉണ്ടാകുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരായ ടി.എന്‍ ഗോപകുമാര്‍, ജോണ്‍ ബ്രിട്ടാസ്, നികേഷ് കുമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന മാധ്യമ ചര്‍ച്ചയും സമ്മേളനത്തില്‍ ഉണ്ടാകും. രക്തദാന ക്യാമ്പ്, ആരോഗ്യ സെമിനാര്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്, കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല, എം.എ യൂസഫലി, രവി പിള്ള തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ സംബന്ധിക്കും.
- ജെ. എസ്.
( Wednesday, March 26, 2008 ) |
യു.എ.ഇ. പ്രസിഡന്‍റ് ഖത്തര്‍ സന്ദര്‍ശിച്ചു
യു.എ.ഇ. പ്രസിഡന്‍റ് ഷേഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഖത്തര്‍ സന്ദര്‍ശിച്ചു. ഖത്തര്‍ അമീര്‍ ഷേഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനി പ്രസിഡന്‍റിനെ സ്വീകരിച്ചു. ഇരുവരും നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
Labels: ഖത്തര്‍, ഗള്‍ഫ് രാഷ്ട്രീയം, യു.എ.ഇ.
- ജെ. എസ്.
( Tuesday, March 25, 2008 ) |
ഒളിമ്പിക്സ് - ഖത്തറിന്‍റെ പിന്തുണയ്ക്കായി ഇന്ത്യന്‍ സമൂഹവും
2016 ലെ ഒളിമ്പിക്സ് നേടിയെടുക്കാനുള്ള ഖത്തറിന്‍റെ പിന്തുണയ്ക്കായി ഖത്തറിലെ ഇന്ത്യന്‍ സമൂഹവും രംഗത്തെത്തി. ദോഹാ ഗോ ഫോര്‍ ഇറ്റ് എന്ന മുദ്രാവാക്യവുമായാണ് ഖത്തറിലെ പ്രവാസി സമൂഹം പിന്തുണ പ്രഖ്യാപിച്ചത്. ഇതിന്‍റെ ഭാഗമായി ഈ മാസം 28 ന് ദോഹ ഖലീഫാ സ്റ്റേഡിയത്തില്‍ 4000 ത്തോളം പേര്‍ പങ്കെടുക്കുന്ന കൂട്ടയോട്ടം സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഡോ. മോഹന്‍ തോമസ് ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മില്‍ഖാ സിംഗ്, ഷൈനി വിത്സണ്‍ തുടങ്ങിയവര്‍ കൂട്ടയോട്ടത്തില്‍ പങ്കെടുക്കും. ഖത്തറിന്‍റെ ശ്രമകരമായ ദൗത്യത്തിന് ഇന്ത്യന്‍ പ്രവാസി സമൂഹം നല്‍കുന്ന ഐക്യദാര്‍ഡ്യമാണ് ഇതെന്നും സംഘാടകര്‍ വിശദീകരിച്ചു.
Labels: ഖത്തര്‍, ലോക മലയാളി, സ്പോര്‍ട്ട്സ്
- ജെ. എസ്.
( Tuesday, March 18, 2008 ) |
ഡിംഡെക്സ് ദോഹയില്‍ തുടങ്ങി
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ നാവിക പ്രതിരോധ പ്രദര്‍ശനമായ ഡിംഡെക്സ് ദോഹയില്‍ തുടങ്ങി. 40 ഓളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിരോധ സ്ഥാപനങ്ങളും യുദ്ധക്കപ്പലുകളും നാവിക സേനാ മേധാവികളും ഈ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്.
Labels: ഖത്തര്‍
- ജെ. എസ്.
( Tuesday, March 18, 2008 ) |
ഡിംഡെക്സ് 2008ന് ഇന്ന് ദോഹയില്‍ തുടക്കമാകും
പശ്ചിമേഷ്യയിലെ എറ്റവും വലിയ അന്താരാഷ്ട്ര നാവിക പ്രതിരോധ പ്രദര്‍ശനമായ ഡിംഡെക്സ് 2008ന് ഇന്ന് ദോഹയില്‍ തുടക്കമാകും. കിരീടാവകാശിയും ഖത്തര്‍ സായൂധ സേന തലവനുമായ ഷേഖ് തമീം ബിന്‍ ഹമദ് അല്‍താനി പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. നാവിക പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നതിനായി 23 ആധുനിക യുദ്ധക്കപ്പലുകള്‍ ദോഹയില്‍ എത്തുന്നുണ്ട്. നാവിക പ്രതിരോധ സാമഗ്രികളും യുദ്ധക്കപ്പലുകളും ആയുധങ്ങളും നിര്‍മ്മിക്കുന്ന രാജ്യങ്ങളും സ്ഥാപനങ്ങളും നാവിക പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. പത്തൊന്‍പതു വരെയാണ് പ്രദര്‍ശനം. ഇന്ത്യന്‍ നാവിക സേനയുടെ ins പ്രളയ, ബിയാസ് എന്നീ യുദ്ധക്കപ്പലുകള്‍ പങ്കെടുക്കും.
Labels: ഖത്തര്‍
- ജെ. എസ്.
( Monday, March 17, 2008 ) |
2020 ആകുമ്പോഴേക്കും ദ്രവീകൃത പ്രകൃതി വാതകത്തിന്‍റെ ഉല്‍പാദനത്തില്‍ ഖത്തര്‍ ഒന്നാം സ്ഥാനത്ത് എത്തും
2020 ആകുമ്പോഴേക്കും ദ്രവീകൃത പ്രകൃതി വാതകത്തിന്‍റെ ഉല്‍പാദനത്തില്‍ ഖത്തര്‍ ഒന്നാം സ്ഥാനത്ത് എത്തുമെന്ന് റിപ്പോര്‍ട്ട്. 2020ല്‍ പ്രകൃതി വാതകത്തിന്‍റെ ഉത്പാദനം 538 ദശലക്ഷം ടണ്ണായി ഉയരും. ഇതില്‍ പകുതിയില്‍ അധികം ഖത്തറില്‍ നിന്നായിരിക്കും. ദോഹയില്‍ നടന്ന മിഡില്‍ ഈസ്റ്റ് ഗ്യാസ് കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ സൂചനയുള്ളത്. ലോകത്തിലെ മൊത്തം വാതക നിക്ഷേപത്തിന്‍റെ 14 ശതമാനം ഖത്തറിലാണെന്നാണ് കണക്ക്. ഈ രംഗത്തെ പ്രമുഖ ആഗോള കമ്പനികളുടെ സഹായത്തോടെ വാതക പര്യവേഷണ ഉത്പാദന കയറ്റുമി മേഖലകളില്‍ കോടിക്കണക്കിന് ഡോളറിന്‍റെ നിക്ഷേപമാണ് ഖത്തര്‍ നടത്തുന്നത്.
Labels: ഖത്തര്‍
- ജെ. എസ്.
( Tuesday, March 11, 2008 ) |
ദീപാ ഗോപാലന്‍ വാധ്‍വ ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസിഡറായി
ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസിഡറായി ദീപാ ഗോപാലന്‍ വാധ്‍വയെ നിയമിച്ചു. 2005 മുതല്‍ ഖത്തറിലെ അംബാസിഡറായിരുന്ന ജോര്‍ജ്ജ് ജോസഫിന് പകരമാണ് നിയമനം. ഇപ്പോള്‍ സ്വീഡനിലെ അംബാസിഡറാണ് ദീപാ ഗോപാലന്‍.
Labels: ഖത്തര്‍
- ജെ. എസ്.
( Monday, March 10, 2008 ) |
ഡിംഡെക്സ് അടുത്ത മാസം ദോഹയില്‍ നടക്കും
മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ അന്താരാഷ്ട്ര നാവിക പ്രതിരോധ പ്രദര്‍ശനമായ ഡിംഡെക്സ് അടുത്ത മാസം ദോഹയില്‍ നടക്കും. അടുത്ത മാസം 17 മുതല്‍ 19 വരെ നടക്കുന്ന പ്രദര്‍ശനത്തില്‍ 23 ആധുനിക യുദ്ധക്കപ്പലുകള്‍ പങ്കെടുക്കും. 40 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും നാവിക സ്ഥാപനങ്ങളും പ്രദര്‍ശനത്തില്‍ പങ്കെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Labels: ഖത്തര്‍
- ജെ. എസ്.
( Friday, March 07, 2008 ) |
ട്രാഫിക് സെലിബ്രേഷന്‍ വാരം ആഘോഷിക്കുന്നു
ഖത്തറില്‍ ട്രാഫിക് നിയമങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതിന്‍റെ ഭാഗമായി ട്രാഫിക് സെലിബ്രേഷന്‍ വാരം ആഘോഷിക്കുന്നു. ഈ മാസം എട്ട് മുതല്‍ 14 വരെയാണ് വാരാചരണം. തെറ്റായ ഓവര്‍ ടേക്കിംഗ് അപകടത്തിലേക്ക് നയിക്കുന്നു എന്നതാണ് വാരാചരണത്തിന്‍റെ മുദ്രാവാക്യം. ഗള്‍ഫ് മേഖലയിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ട്രാഫിക് ഡിപ്പാര്‍ട്ട് മെന്‍റ് ഉദ്യോഗസ്ഥരും മേധാവികളും ഇതിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സെമിനാറുകളില്‍ പങ്കെടുക്കും. ട്രാഫിക് നിയമത്തെപ്പറ്റിയുള്ള ഡോക്യുമെന്‍ററി പ്രദര്‍ശനം, കലാപരിപാടികള്‍ തുടങ്ങിയവയും പ്രചാരണ വാരത്തിന്‍റെ ഭാഗമായി നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Labels: ഖത്തര്‍
- ജെ. എസ്.
( Friday, March 07, 2008 ) |
ഖത്തറില്‍ വാടക കുറയില്ല
ഖത്തറില്‍ കഴിഞ്ഞ മാസം നിലവില്‍ വന്ന പുതിയ വാടക നിയമം വാടക കുറയ്ക്കാന്‍ പര്യാപ്തമല്ലെന്ന് അഭിപ്രായം ഉയരുന്നു. കൂടുതല്‍ പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മ്മിക്കാതെ നിയമം കൊണ്ട് മാത്രം വാടക കുറയ്ക്കാന്‍ കഴിയില്ലെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന.
- ജെ. എസ്.
( Tuesday, March 04, 2008 ) |
ഖത്തറില്‍ ഇ-മേഖല വിപുലമാകുന്നു
ഖത്തറില്‍ ഇന്‍റര്‍നെറ്റ് മുഖേന കോടതികളില്‍ കേസുകള്‍ ഫയല്‍ ചെയ്യാനുള്ള സംവിധാനം നിലവില്‍ വന്നു. ഖത്തറിലെ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലാണ് ഈ സംവിധാനം ഒരുക്കിയത്. കൗണ്‍സിലിന്‍റെ വെബ് സൈറ്റില്‍ കേസിന്‍റെ വിവരങ്ങളും ഹര്‍ജി സമര്‍പ്പിക്കാനുള്ള പ്രത്യേക ഫോറവും മാത്രം പൂരിപ്പിച്ച് കൊടുത്താല്‍ മതിയെന്നതാണ് ഇതിന്‍റെ പ്രത്യേകത. കോര്‍ട്ട് ഫീസ് അടയ്ക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാം എന്നതും സംവിധാനത്തിന്‍റെ പ്രത്യേകതയാണ്. കേസ് സ്വീകരിച്ചതിന് ശേഷമുള്ള നടപടികള്‍ക്ക് മാത്രം പരാതിക്കാരന് ഇനി കോടതിയില്‍ പോയാല്‍ മതിയാകും
Labels: ഇന്‍റര്‍നെറ്റ്, കോടതി, ഖത്തര്‍
- ജെ. എസ്.
( Tuesday, February 26, 2008 ) |
ദോഹ സാംസ്കാരികോത്സവത്തിന് വ്യാഴാഴ്ച തുടക്കമാവും
ഏഴാമത് ദോഹ സാംസ്കാരികോത്സവത്തിന് വ്യാഴാഴ്ച തുടക്കമാവും. ദേശീയ കലാ സാംസ്കാരിക പൈതൃക സമിതി സംഘടിപ്പിക്കുന്ന സാംസ്കാരികോത്സവം മാര്‍ച്ച് ഒന്‍പത് വരെ നീണ്ടു നില്‍ക്കും. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് കലാകാരന്മാര്‍ ഇതില്‍ പങ്കെടുക്കും. ദോഹ സംസ്കാരങ്ങളുടെ സംഗമം എന്ന പ്രമേയത്തിലാണ് സാംസ്കാരികോത്സവം നടക്കുന്നത്.
Labels: ഖത്തര്‍
- ജെ. എസ്.
( Tuesday, February 26, 2008 ) |
ഖത്തറില്‍ അരി വില വര്‍ധിക്കും
ഖത്തര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് വിപണിയില്‍ അരിയുടെ വില വീണ്ടും വര്‍ധിക്കാന്‍ സാധ്യത. ഇന്ത്യയില്‍ നിന്ന് അരി കയറ്റുമതി ചെയ്യുന്നത് നിരോധിച്ചതോടെ മേഖലയിലെ വിപണികളില്‍ അരിവിതരണത്തിലുണ്ടായ നിയന്ത്രണമാണ് പുതിയ സാഹചര്യത്തിന് കാരണം.
- ജെ. എസ്.
( Tuesday, February 26, 2008 ) |
2016 ലെ ഒളിമ്പിക്സ് ; ഖത്തറിന്റെ ശ്രമങ്ങള്‍ക്ക് ജി.സി.സി പിന്തുണ
2016 ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്‍റെ ശ്രമങ്ങള്‍ക്ക് ദോഹയില്‍ ചേര്‍ന്ന ജി.സി.സി രാജ്യങ്ങളുടെ ഒളിമ്പിക് സമിതി പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. കായിക രംഗത്ത് ഉത്തേജക മരുന്നുകള്‍ ഉപയോഗിക്കുന്നത് കണ്ടെത്താനുള്ള ദോഹയിലെ അത്യാധുനിക ലബോറട്ടറിയെ മേഖലയിലെ മുഖ്യ പരിശോധനാ കേന്ദ്രമായി സമിതി അംഗീകരിച്ചു. ദോഹയില്‍ ജി.സി.സി ഒളിമ്പിക് സമിതി മേധാവികളുടെ സമ്മേളനത്തിലാണ് ഈ തീമുമാനം ഉണ്ടായത്.
Labels: ഖത്തര്‍, സ്പോര്‍ട്ട്സ്
- ജെ. എസ്.
( Monday, February 25, 2008 ) |
അല്‍ സല്ലം ഈ വര്‍ഷത്തെ പൂവ്
ലോകാംഗീകാരം നേടിയ ഖത്തറിലെ "ഓരോ വസന്തത്തിലും ഓരോ പുഷ്പം" എന്ന ബോധവത്കരണ പരിപാടിയുടെ ഈ വര്‍ഷത്തെ പൂവായി അല്‍സല്ലം തെരഞ്ഞെടുക്കപ്പെട്ടു. മരുഭൂമിയില്‍ വളരുന്ന അപൂര്‍വ്വ സസ്യങ്ങളേയും ചെടികളേയും കുറിച്ച് വളരുന്ന തലമുറയേയും സമൂഹത്തിലെ ഇതര വിഭാഗങ്ങളേയും ബോധവത്കരിക്കാന്‍ വ്യത്യസ്തമായ പരിപാടികളാണ് ഈ വിപുലമായ ബോധവത്കരണ പരിപാടിയോടനുബന്ധിച്ച് നടത്തുന്നത്.
- ജെ. എസ്.
( Monday, February 25, 2008 ) |
ഖത്തറില്‍്‍ സ്വദേശിവത്ക്കരണം ശക്തമാക്കുന്നു
ഖത്തറില്‍ സ്വകാര്യ മേഖലയില്‍ 20 ശതമാനം ജോലി സ്വദേശികള്‍ക്ക് നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം അവഗണിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കും. ഇതു സംബന്ധിച്ച നിര്‍ദേശം തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം മന്ത്രിസഭകള്‍ക്ക് സമര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് വിദേശ ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കില്ല. രാജ്യത്തെ ബാങ്കിംഗ് മേഖലയില്‍ ഖത്തറിവത്ക്കരണം നടക്കുന്നുണ്ടെങ്കിലും മറ്റു പല സ്വകാര്യ സ്ഥാപനങ്ങളിലും ഇത് നടക്കാത്തത് കൊണ്ടാണ് അധികൃതര്‍ പുതിയ നടപടിക്ക് ഒരുങ്ങുന്നത്.
Labels: ഖത്തര്‍, ഗള്‍ഫ്, തൊഴില്‍ നിയമം, പ്രവാസി
- ജെ. എസ്.
( Sunday, February 24, 2008 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്