വിവാദ സ്വാമി നിത്യാനന്ദയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത് വന്നു
ഒരു നടിയുമായി കിടപ്പറ പങ്കിടുന്ന വീഡിയോ ചിത്രം പുറത്ത് വന്നതോടെ വിവാദ കുരുക്കില്‍ പെട്ട സ്വാമി നിത്യാനന്ദയുടെ കൂടുതല്‍ വീഡിയോ സി.ഡി.കള്‍ പോലീസിനു ലഭിച്ചു. മുപ്പതോളം സി. ഡി. കളിലായി ആറോളം സ്ത്രീകളുമായി കിടപ്പറ പങ്കിടുന്ന ദൃശ്യങ്ങളാണ് ഉള്ളത്. സി. ഡി. കള്‍ സ്വാമിയുടെ മുന്‍ ഡ്രൈവറായിരുന്ന കറുപയ്യയാണ് പോലീസിനു കൈമാറിയത്. ഇതിന്റെ വിശ്വാസ്യത പരിശോധിച്ചു വരികയാണെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു .
Labels: തട്ടിപ്പ്
- ജെ. എസ്.
( Saturday, April 10, 2010 ) |
ശുഹൈബ് മാലിക്കിനെ പോലീസ് ചോദ്യം ചെയ്തു
പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഹൈബ് മാലിക്കിനെ പോലീസ് ചോദ്യം ചെയ്തു. ശുഹൈബിന്റെ ഭാര്യ എന്നവകാശപ്പെടുന്ന ഐഷ സിദ്ദീഖിയുടെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണിത്. സാനിയ മിര്‍സയുടെ ഹൈദരാബാദിലുള്ള വീട്ടില്‍ വെച്ചാണ് ശുഹൈബിനെ ഹൈദരാബാദ് പോലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തത്. ശുഹൈബിനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. അന്വേഷണം കഴിയുന്നത് വരെ രാജ്യം വിടരുതെന്നും പോലീസ് അറിയിച്ചു. ശുഹൈബിന്റെ പാസ്പോര്‍ട്ട് പോലീസിന് കൈമാറിയിട്ടുണ്ട്. എന്നാല്‍ വിവാഹ ഉടമ്പടി തന്നെ കൊണ്ട് നിര്‍ബന്ധിച്ച് ഒപ്പിടീക്കുക യായിരുന്നെന്നും, സിദ്ദീഖി കുടുംബം തന്നെ മന:പൂര്‍വ്വം ചതിക്കുക യായിരുന്നെന്നും ശുഹൈബ് പോലീസിന് മൊഴി നല്‍കി. പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ശുഹൈബിനു പിന്തുണയുമായി എത്തിയിട്ടുണ്ട്. ഇന്ത്യന്‍ സര്‍ക്കാരുമായി ഇതേ പറ്റി ചര്‍ച്ച നടത്തി വേണ്ടത് ചെയ്യുമെന്ന് പാക്കിസ്ഥാന്‍ അറിയിച്ചു. ഏപ്രില്‍ 15ന് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്സയുമായുള്ള വിവാഹത്തിനു വേണ്ടിയാണ് ശുഹൈബ് ഹൈദരാബാദില്‍ എത്തിയത്.
Labels: തട്ടിപ്പ്, പോലീസ്, സാനിയ മിര്‍സ
- ജെ. എസ്.
( Tuesday, April 06, 2010 ) |
യുക്തി ജയിച്ച രാത്രി
പട്ടി തേങ്ങ പോതിയ്ക്കാന്‍ പുറപ്പെട്ട പോലെ - ആഭിചാര ക്രിയകള്‍ കൊണ്ട് തന്നെ കൊല്ലാന്‍ ശ്രമിച്ചു പരാജയപ്പെട്ട മന്ത്രവാദിയെ പറ്റി സനല്‍ ഇടമറുക് പറഞ്ഞതാണിത്. തന്നെ രാഷ്ട്രീയമായി തകര്‍ക്കാന്‍ എതിരാളികള്‍ ആഭിചാര പ്രയോഗം ചെയ്യുന്നു എന്ന ഉമാ ഭാരതിയുടെ വാദത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ "ഇന്‍ഡ്യ ടി.വി." എന്ന ടെലിവിഷന്‍ ചാനലിന്റെ സ്റ്റുഡിയോയില്‍ എത്തിയതായിരുന്നു ഇന്ത്യയിലെ പല ഉന്നത രാഷ്ട്രീയക്കാരുടെയും ബിസിനസ്സുകാരുടെയും സ്വകാര്യ മന്ത്രവാദിയായ പണ്ഡിറ്റ് സുരേന്ദര്‍ ശര്‍മയും, ഇന്ത്യയിലെ യുക്തിവാദ പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താവായ സനല്‍ ഇടമറുകും. ചര്‍ച്ച ചൂട് പിടിച്ചപ്പോള്‍ മന്ത്രവാദം കൊണ്ട് ഒരാളെ തനിക്ക് അപായപ്പെടുത്താനും കൊല്ലാനും കഴിയും എന്ന് പറഞ്ഞ പണ്ഡിറ്റ് സുരേന്ദര്‍ ശര്‍മ എന്ന മന്ത്രവാദിയോട് ആ വിദ്യ തന്നില്‍ തന്നെ പ്രയോഗിച്ചു കാണിക്കാന്‍ സനല്‍ വെല്ലുവിളിച്ചതോടെയാണ് രസകരമായ സംഭവ പരമ്പരയുടെ തുടക്കം.
ആഭിചാര പ്രയോഗങ്ങളുടെ നിരവധി രീതികള്‍ ശര്‍മ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചു. ഫോട്ടോ കത്തിക്കുക, ഗോതമ്പ് മാവ് കൊണ്ടുണ്ടാക്കിയ പ്രതിമയെ സൂചി കൊണ്ട് കുത്തി പീഡിപ്പിക്കുക എന്നിങ്ങനെ. എന്നാല്‍ ഇത്തരം പ്രയോഗങ്ങള്‍ അസംബന്ധമാണ് എന്നും ഇതെല്ലാം വെറും അന്ധ വിശ്വാസമാണ് എന്നും പറഞ്ഞ ഇടമറുക് ഇത് സത്യമാണെന്ന് തെളിയിക്കാന്‍ ശര്‍മയെ വെല്ലുവിളിച്ചു. ഇത്തരം പ്രയോഗങ്ങള്‍ തന്റെ മേലെ തന്നെ പ്രയോഗിക്കാം എന്ന് അറിയിക്കുകയും ചെയ്തു. ഉന്നതന്മാരായ തന്റെ ഇടപാടുകാര്‍ നഷ്ടപ്പെട്ടാലോ എന്ന ഭയത്താല്‍ ശര്‍മയ്ക്ക് ഈ വെല്ലുവിളി ഏറ്റെടുക്കേണ്ടി വന്നു. കേവലം മൂന്ന് മിനിറ്റ് കൊണ്ട് ഇടമറുകിനെ മന്ത്രം പ്രയോഗിച്ചു കൊല്ലാമെന്നായി മന്ത്രവാദി. "ഓം ലിംഗലിംഗലിംഗലിംഗ കിലികിലികിലികിലി..." എന്ന മന്ത്രോച്ചാരണ ത്തോടെ മന്ത്രവാദി മൂന്ന് മിനിറ്റ് ആഭിചാര പ്രയോഗം നടത്തിയെങ്കിലും ചിരിച്ച് കൊണ്ട് ഇതെല്ലാം വെറും അസംബന്ധമാണ് എന്ന് പറഞ്ഞു സനല്‍ ഇടമറുക്. "എന്താ പണ്ഡിറ്റ്ജി, ഒന്നും സംഭവിച്ചില്ലല്ലോ" എന്ന ടെലിവിഷന്‍ അവതാരകന്റെ ചോദ്യത്തിന്, തനിക്ക് 15 മിനിറ്റ് കൂടി സമയം വേണം എന്നായിരുന്നു ശര്‍മയുടെ മറുപടി. വീണ്ടും മന്ത്ര തന്ത്രങ്ങള്‍ തുടര്‍ന്നുവെങ്കിലും ഒന്നും സംഭവിച്ചില്ല. സനല്‍ ചിരിച്ചു കൊണ്ടേയിരുന്നു. വീണ്ടും ഒരു പതിനഞ്ചു മിനിറ്റ് നീളുന്ന പ്രയോഗങ്ങളില്‍ മന്ത്രവാദി പല പുതിയ അടവുകളും പുറത്തെടുത്തു. തുറന്നു പിടിച്ച കഠാര കൊണ്ടും, വെള്ളം കൊണ്ടും മറ്റും. ഇതിനിടയ്ക്ക് സനലിന്റെ നെറ്റിയില്‍ വിരല് കൊണ്ട് ശക്തമായി അമര്‍ത്തിയ മന്ത്രവാദിയെ ടെലിവിഷന്‍ അവതാരകന് ഇടപെട്ടു മാറ്റേണ്ടി വന്നു. ശരീരത്തില്‍ സ്പര്‍ശിക്കാതെ തുടരാമെന്ന വ്യവസ്ഥയില്‍ ക്രിയകള്‍ വീണ്ടും തുടര്‍ന്നു. അവസാനം സനല്‍ പൂജിക്കുന്ന ദൈവങ്ങളുടെ സംരക്ഷണം കൊണ്ടാണ് അദ്ദേഹത്തിന് ഒന്നും സംഭവിക്കാത്തത് എന്നായി മന്ത്രവാദി. രാത്രി പതിനൊന്നു മണിക്ക് നടത്തുന്ന പ്രത്യേക ആഭിചാര കര്‍മ്മങ്ങളില്‍ പങ്കെടുത്താല്‍ ശക്തമായ വിധികള്‍ പ്രയോഗിക്കാം എന്നും, അതില്‍ സനലിനെ അപായപ്പെടുത്താം എന്നും ശര്‍മ അറിയിച്ചു. ഇത് പ്രകാരം രാത്രി ശര്‍മ തയ്യാറാക്കിയ മാന്ത്രിക സന്നാഹങ്ങളുടെ ഇടയില്‍ സനല്‍ ഇരിക്കുകയും, പൂജാ മന്ത്രങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഇത്തവണ മന്ത്രങ്ങള്‍ ഉരുവിടാനായി വേറെയും സഹായികള്‍ ഉണ്ടായിരുന്നു. 40 മിനിട്ടോളം നീണ്ടു നിന്ന "ഘോരമായ" ആഭിചാര പ്രയോഗങ്ങളുടെ അവസാനം, ഇപ്പോള്‍ എന്ത് തോന്നുന്നു എന്ന മന്ത്രവാദിയുടെ ചോദ്യത്തിന്, "ഇത്തരം മന്ത്രവാദ പ്രയോഗങ്ങളെല്ലാം വെറും അന്ധ വിശ്വാസമാണ് എന്ന് ഇപ്പോള്‍ തനിക്ക് കൂടുതല്‍ വ്യക്തമായി" എന്ന് സനല്‍ ഇടമറുക് അറിയിച്ചു. ഈ പരീക്ഷണത്തിന്റെ പരാജയത്തോടെ, ഒട്ടേറെ പേര്‍ക്ക് ഇത് ബോധ്യമായിട്ടുണ്ടാവും എന്നും, ഇത്തരം അന്ധ വിശ്വാസങ്ങള്‍ ഇന്ത്യയില്‍ നിന്നും തുടച്ചു മാറ്റാനുള്ള ശ്രമങ്ങള്‍ക്ക് ഇത് സഹായകരമാകും എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. Labels: തട്ടിപ്പ്
- ജെ. എസ്.
( Saturday, March 27, 2010 ) 2 Comments:
Links to this post: |
പട്ടിക്കും ഡോക്ടറേറ്റ്
ഏഴു വയസ്സുകാരനായ ഹാരി എന്ന പട്ടിക്ക് ഡോക്ടറേറ്റ്. വ്യാജ ബിരുദങ്ങള്‍ ഇന്റര്‍നെറ്റ് വഴി ലഭിക്കുന്നു എന്ന വാര്‍ത്ത കേട്ട ഒരു സിംഗപൂര്‍ മാധ്യമ പ്രവര്‍ത്തകയായ സാന്‍ട്ര ഡേവി യുടെ പട്ടിക്ക് വേണ്ടി സിംഗപ്പൂരിലെ "ദ സ്ട്രെയ്റ്റ് ടൈംസ്" പത്രമാണ് ഡോക്ടറേറ്റ് സമ്പാദിച്ചത്. "ആഷ് വുഡ് സര്‍വ്വകലാശാല" യുടെ വെബ്സൈറ്റില്‍ തന്റെ പട്ടിയുടെ പേര് സാന്‍ട്ര ഡോക്ടറേറ്റിനായി രജിസ്റ്റര്‍ ചെയ്തു. പട്ടിയുടെ പ്രായമായ ഏഴു വയസ്സിനെ മനുഷ്യായുസ്സായി മാറ്റാന്‍ ഏഴു കൊണ്ട് പെരുക്കി ഹാരി യുടെ പ്രായമായി 49 വയസ്സും ചേര്‍ത്തു.
"ജീവിത അനുഭവങ്ങളുടെ" അടിസ്ഥാനത്തില്‍ ഒരു ഡോക്ടറേറ്റ്. ഇതാണ് "ആഷ് വുഡ് സര്‍വ്വകലാശാല" എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇന്റര്‍നെറ്റ് സ്ഥാപനത്തിന്റെ വാഗ്ദാനം. പട്ടിയുടെ ജീവിതാനുഭവം വിവരിക്കേണ്ട ഇടത്ത് "വര്‍ഷങ്ങളായി മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള പരസ്പര വ്യവഹാരത്തില്‍ പഠനം നടത്തി" എന്നാണ് അവര്‍ എഴുതിയത്. Social and Behavioural Sciences ല്‍ ഡോക്ടറേറ്റിനായി അപേക്ഷ സമര്‍പ്പിച്ച് 15 മണിക്കൂറിനകം ഇവര്‍ക്ക് "സര്‍വ്വകലാശാല" യില്‍ നിന്നും അനുമോദന സന്ദേശം ലഭിച്ചു. തങ്ങളുടെ 10 അംഗ മൂല്യ നിര്‍ണയ സമിതി ഹാരിക്ക് ഡോക്ടറേറ്റ് നല്‍കാന്‍ തീരുമാനിച്ചു എന്നായിരുന്നു അറിയിപ്പ്. 599 ഡോളര്‍ ക്രെഡിറ്റ് കാര്‍ഡ് വഴി അടച്ചതോടെ കൂടുതല്‍ ഓഫറുകളുടെ പ്രവാഹമായി. കേവലം 300 ഡോളര്‍ കൂടി നല്‍കിയാല്‍ ഹാരിക്ക് ഒരു ബിരുദാനന്തര ബിരുദം കൂടി നല്‍കാം. കൂടുതല്‍ പണം നല്‍കിയാല്‍ ഹാരി "ആഷ് വുഡ് സര്‍വ്വകലാശാല" യില്‍ പഠിച്ചു എന്നതിന് തെളിവായി എഴുത്തുകള്‍ നല്‍കാം എന്നൊക്കെ ഓഫറുകള്‍ നിരവധി. 7 ദിവസത്തിനകം ബിരുദ സര്‍ട്ടിഫിക്കറ്റും, പരീക്ഷാ ഫലവും, തൊഴില്‍ ദാതാക്കള്‍ക്ക് നല്‍കാനായി ഹാരി ആഷ് വുഡ് സര്‍വ്വകലാശാലയില്‍ പഠിച്ചതിന്റെ രണ്ട് സാക്ഷ്യ പത്രങ്ങളും കൊറിയര്‍ ആയി ലഭിച്ചു. "ദാരിദ്ര്യത്തിന്റെ സാമൂഹ്യ ശാസ്ത്രം", "സാമൂഹ്യ പ്രവര്‍ത്തന പരിചയം", "നാടന്‍ കഥകളും പുരാണവും", എന്നിങ്ങനെ ഒട്ടേറെ കെട്ടിച്ചമച്ച കോഴ്സുകളില്‍ ഹാരി "A" ഗ്രേഡും, "B" ഗ്രേഡും, "C" ഗ്രേഡും നേടി പാസായി എന്നാണ് പരീക്ഷാ ഫലങ്ങള്‍ തെളിയിക്കുന്നത്. കൊറിയര്‍ വന്നത് ദുബായില്‍ നിന്നായിരുന്നു. ഹാരിയുടെ പഠിത്തം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചറിയാന്‍ അമേരിക്കയിലെ ഒരു ടോള്‍ ഫ്രീ നമ്പരും ലഭ്യമായിരുന്നു. ഈ തട്ടിപ്പിന് വിധേയനായി, ഒന്നര ലക്ഷത്തിലേറെ രൂപ നഷ്ടപ്പെടുത്തിയ ഒരു മലയാളിയുടെ കഥ കഴിഞ്ഞ ദിവസങ്ങളില്‍ ചില പത്ര മാധ്യമങ്ങളിലും (e പത്രം ഉള്‍പ്പെടെ), ചാനലുകളിലും പ്രത്യക്ഷപ്പെട്ടു. ഷാര്‍ജയില്‍ കഫറ്റീരിയ തൊഴിലാളിയായ ഒരു മലയാളി, ഡോക്ടറേറ്റ് നേടിയെടുത്തിന്റെ ആവേശ ജനകമായ കഥയായിരുന്നു ഈ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. പലര്‍ക്കും, മുടങ്ങി പോയ തങ്ങളുടെ പഠനം തുടരുവാന്‍ ഇത് പ്രചോദനം ആയി എന്ന് e പത്രത്തിന് ലഭിച്ച അനേകം ഈമെയില്‍ സന്ദേശങ്ങളിലെ അന്വേഷണങ്ങളില്‍ നിന്നും മനസ്സിലായി. ഇതിന്റെ അടിസ്ഥാനത്തില്‍ e പത്രം നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ചില വിവരങ്ങള്‍ ലഭിച്ചത്. വാര്‍ത്തയുടെ നിജ സ്ഥിതി പരിശോധിക്കാതെ ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയതിന് e പത്രം വായനക്കാരോട് ക്ഷമ ചോദിക്കുന്നു. Ashwood University - ആഷ് വുഡ് സര്‍വ്വകലാശാല എന്ന ഈ സ്ഥാപനം പാക്കിസ്ഥാനില്‍ എവിടെയോ ആണെന്നതില്‍ കവിഞ്ഞ് ഒരു വിവരവും ആര്‍ക്കും ഇല്ല. അംഗീകാരം ഇല്ലാത്ത ബിരുദങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളെ Degree Mills - ബിരുദ മില്ലുകള്‍ എന്നാണു വിശേഷിപ്പിക്കുന്നത്. ഇത്തരം ബിരുദ മില്ലുകളുടെ ഒരു പട്ടിക ഒറിഗോണ്‍ ഓഫീസ് ഓഫ് ഡിഗ്രീ ഓതറൈസേഷന്‍ - Oregon Office of Degree Authorisation ന്റെ വെബ് സൈറ്റില്‍ കൊടുത്തിട്ടുണ്ട്. ആ ലിസ്റ്റ് ഇവിടെ ലഭ്യമാണ്. ഈ ലിസ്റ്റില്‍ പ്രസ്തുത ഡോക്ടറേറ്റ് നല്‍കിയ ആഷ് വുഡ് സര്‍വ്വകലാശാല വ്യാജന്‍ - Fake - ആണെന്ന് വ്യക്തമായി പറയുന്നുണ്ട്. ഇത്തരം ബിരുദങ്ങള്‍ അംഗീകൃത ബിരുദം വേണ്ട സ്ഥലങ്ങളില്‍ ഉപയോഗിക്കുന്നത് പല രാജ്യങ്ങളിലും കുറ്റകരമാണ്. ഈ ബിരുദം ഉപയോഗിച്ചാല്‍ യു.എ.ഇ. യില്‍ ശിക്ഷിക്കപ്പെടാം എന്ന് ഈ രംഗത്തെ വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബിരുദ മില്ലുകളില്‍ നിന്നും പഠിക്കാതെ സമ്പാദിച്ച ഇത്തരം ബിരുദങ്ങള്‍ ഉപയോഗിച്ച 68 യു.എ.ഇ. പൌരന്മാരാണ് പിടിയില്‍ ആയത്. ഇവരെ അമേരിക്ക ആജീവനാന്ത കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇത്തരക്കാര്‍ക്ക് രണ്ടു വര്ഷം വരെ തടവ് ലഭിക്കും എന്ന് ഈ വാര്‍ത്ത പുറത്തായതിനെ തുടര്‍ന്നു യു.എ.ഇ. അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ആഷ് വുഡ് "സര്‍വ്വകലാശാല" തങ്ങളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ അച്ചടിക്കുന്നത് ദുബായ് ഇന്റര്‍നെറ്റ് സിറ്റിയില്‍ ആണ് എന്ന് അവകാശപ്പെടുന്നു. രേഖകള്‍ കൈകാര്യം ചെയ്യാനായി തങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സിറ്റിയില്‍ ഓഫീസ് ഉണ്ടെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഈ സര്‍വ്വകലാശാല യുമായി ബന്ധപ്പെട്ട ഒരു വിവരവും തങ്ങള്‍ക്കില്ല എന്ന് ഫ്രീസോണ്‍ അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ തങ്ങളുടെ ബിരുദം യു.എ.ഇ. യില്‍ ഉപയോഗിക്കാം എന്നാണു ആഷ് വുഡ് സര്‍വ്വകലാശാല സമര്‍ഥിക്കുന്നത്. എന്നാല്‍ ബിരുദങ്ങള്‍ അംഗീകരിക്കപ്പെടുവാന്‍ അത് ആദ്യം സര്‍ട്ടിഫിക്കറ്റ് നല്‍കിയ രാജ്യത്ത് പരിശോധിക്കപ്പെടണം എന്നാണ് യു.എ.ഇ. യിലെ നിയമം. "Council for Higher Education Accreditation" എന്ന കൌണ്‍സിലാണ് അമേരിക്കയില്‍ ബിരുദങ്ങള്‍ നിയന്ത്രിക്കുന്നത്. എന്നാല്‍ "ആഷ് വുഡ് സര്‍വ്വകലാശാലയുടെ" വെബ്സൈറ്റ് പറയുന്നത് തങ്ങളുടെ ബിരുദങ്ങള്‍ അമേരിക്കയിലെ "Higher Education Accreditation Commission" അംഗീകരിച്ചതാണ് എന്നാണ്. പേരില്‍ സാമ്യം ഉണ്ടെങ്കിലും ഇതിന് സര്‍ക്കാരുമായി ബന്ധമൊന്നുമില്ല. ബിരുദ മില്ലുകളില്‍ നിന്നും പുറപ്പെടുവിക്കുന്ന ബിരുദങ്ങള്‍ക്ക് അംഗീകാരം നല്‍കാനായി കെട്ടിപ്പടുത്ത ഒരു "അക്രെഡിറ്റെഷന്‍ മില്‍" ആണ് ഇതെന്നാണ് സൂചന. ഏതായാലും ഇന്റര്‍വ്യൂ ഇല്ലാതെ, വായിച്ചു പഠിച്ചു തല പുണ്ണാക്കാതെ, റെഫറന്‍സുകള്‍ക്ക് പിന്നാലെ ഓടാതെ, ഒന്നുമറിയാതെ, ഒരു ഡോക്ടറേറ്റ് കൈവശ പ്പെടുത്തുന്നത്, അദ്ധ്വാനിച്ചു പഠിച്ചു ഡോക്ടറായവരെ കൊഞ്ഞനം കുത്തുന്നതിനു സമമാണ്. ഈ തട്ടിപ്പിന് ഇനിയും ഇരയാവാതെ, ഇത്തരം തട്ടിപ്പുകള്‍ക്ക് പ്രചാരം നല്‍കാതെ, ഇതിനെ പ്രതിരോധിക്കേണ്ടത് നമ്മുടെ കടമയുമാണ്. Labels: തട്ടിപ്പ്, വിദ്യാഭ്യാസം
- ജെ. എസ്.
( Thursday, February 25, 2010 ) 3 Comments:
Links to this post: |
അനുഷ്ക്കയെ ഭീഷണിപ്പെടുത്തിയ ആള്‍ ജാമ്യത്തിനു ശ്രമിക്കുന്നു
ഡല്‍ഹി : വിഖ്യാത സിത്താര്‍ വിദ്വാന്‍ പണ്ഡിറ്റ് രവിശങ്കറിന്റെ പുത്രിയെ സ്വകാര്യ ചിത്രങ്ങള്‍ വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം പിടുങ്ങാന്‍ ശ്രമിച്ച ജുനൈ ഖാന്‍ ഡല്‍ഹി കോടതിയില്‍ ജാമ്യത്തിനു ശ്രമിക്കുന്നു. എന്നാല്‍ പോലീസ് ഈ നീക്കത്തെ ചെറുക്കുന്നുണ്ട്. സെപ്റ്റെംബര്‍ പതിനാലിന് മുംബൈയില്‍ വെച്ച് ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്ലിന്റെ പിടിയിലായ ഖാന്‍ ഒന്നേകാല്‍ ലക്ഷം ഡോളറാണ് ചിത്രങ്ങള്‍ വെളിപ്പെടുത്താതിരിക്കാന്‍ ആവശ്യപ്പെട്ടിരുന്നത്.
Anoushka's blackmailer seeks bail Labels: കുറ്റകൃത്യം, തട്ടിപ്പ്
- ജെ. എസ്.
( Wednesday, October 14, 2009 ) |
ദിവ്യ ദര്‍ശനം ഇനിയില്ല - ദിവ്യാ ജോഷി വിഷം കഴിച്ചു മരിച്ചു
സന്തോഷ് മാധവന്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് കേരളത്തില്‍ പിടിയിലായ ആള്‍ ദൈവങ്ങളില്‍ പ്രമുഖയായ തൃശ്ശൂരിലെ വിഷ്ണുമായ ക്ഷേത്രത്തിലെ ദിവ്യാ ജോഷിയെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. മനോരോഗത്തിന് ഏറെ കാലം ചികിത്സയിലായിരുന്ന ഇവര്‍ പോടുന്നനെ തന്റെ ദേഹത്ത് വിഷ്ണു മായ കുടി കൊള്ളുന്നുണ്ട് എന്നും പറഞ്ഞ് സ്വയം ആള്‍ ദൈവം ആവുകയായിരുന്നു.
ഭര്‍ത്താവ് ജോഷിയുമൊപ്പം ശ്രീ രുദ്രത്ത് വിഷ്ണു മായ ക്ഷേത്രവും പണിത് പൂജകളും മറ്റും തുടങ്ങിയ സുന്ദരിയായ ദിവ്യയുടെ ദര്‍ശനം ലഭിക്കാന്‍ ക്രമേണ ആളുകള്‍ തടിച്ചു കൂടി. സിനിമാ താരങ്ങളും രാഷ്ട്രീയക്കാരും വ്യവസായ പ്രമുഖരും ദിവ്യ പ്രവചനങ്ങള്‍ക്കായി കാത്തു നില്‍ക്കാന്‍ തുടങ്ങിയതോടെ ദിവ്യയുടെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. കൊട്ടാരം പോലുള്ള വീടും, ആഡംബര കാറും, കരുത്തരായ അംഗരക്ഷകരും. അര്‍ബുദ രോഗം ദിവ്യ ശക്തി കൊണ്ട് മാറ്റി തരാം എന്നും പറഞ്ഞ് പണം തട്ടിയ കേസിലാണ് ദിവ്യ പോലീസിന്റെ പിടിയിലായത്. പിന്നീട് ഇവര്‍ നടത്തിയ മറ്റ് അനേക തട്ടിപ്പികളുടെ കഥകളും പുറത്തു വന്നു. എന്നാല്‍ കേസുകള്‍ ഒതുക്കി തീര്‍ത്ത ഇവര്‍ വീണ്ടും പൂജകളും മറ്റും തുടങ്ങി. കുന്നംകുളം സ്വദേശിയായ ജോര്‍ജ്ജ് എന്നയാളുടെ വീട്ടിലുള്ള 500 കോടിയുടെ നിധി ദിവ്യ ശക്തി കൊണ്ട് കണ്ടു പിടിച്ചു കൊടുക്കാം എന്നും പറഞ്ഞ് ഇയാളില്‍ നിന്നും 90 ലക്ഷത്തോളം രൂപ ദിവ്യയും ഭര്‍ത്താവും ചേര്‍ന്ന് തട്ടിയെടുത്തു. നിധി കിട്ടാതായതിനെ തുടര്‍ന്ന് ഇയാള്‍ പോലീസില്‍ പരാതി കൊടുക്കുകയും പോലീസ് ദിവ്യയുടെ ഭര്‍ത്താവിനെ ഇന്നലെ രാത്രി (വെള്ളിയാഴ്‌ച്ച) അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് കഴിഞ്ഞ് മൂന്ന് മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ദിവ്യ ജോഷിയേയും അമ്മ ഉഷയെയും വിഷം അകത്തു ചെന്ന നിലയില്‍ വീട്ടിനുള്ളില്‍ കണ്ടത്. വീട്ടില്‍ അപ്പോള്‍ ഉണ്ടായിരുന്ന ഇവരുടെ സഹോദരന്‍ ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിഷ്ണു മായ ഇവരെ കൈവെടിയു കയായിരുന്നു. Woman God Divya Joshi Commits Suicide Labels: തട്ടിപ്പ്
- ജെ. എസ്.
( Saturday, September 19, 2009 ) |
തമിഴ് പ്രശ്നത്തില്‍ ഇടപെടാന്‍ ആര്‍ട്ട് ഓഫ് ലിവിങ്
തമിഴ് ശ്രീലങ്കന്‍ പ്രശ്നത്തില്‍ അടിയന്തിരമായി ഇടപെട്ട് വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ സഹായിക്കണം എന്ന് തമിഴ് പുലികള്‍ തങ്ങളുടെ സ്ഥാപകനായ രവി ശങ്കറിനോട് അഭ്യര്‍ത്ഥിച്ചു എന്ന് ആര്‍ട്ട് ഓഫ് ലിവിങ് പ്രസ്ഥാനത്തിന്റെ ബാംഗളൂര്‍ ആസ്ഥാനത്തില്‍ നിന്നും അറിയിച്ചു. എല്‍. ടി. ടി. ഇ. യുടെ രാഷ്ട്രീയ കാര്യ മേധാവി ബി. നടേശന്‍ ടെലിഫോണിലൂടെ ആണ് ഈ അഭ്യര്‍ത്ഥന തങ്ങളുടെ ആധ്യാത്മിക ഗുരുവിനോട് നടത്തിയത് എന്നും പ്രസ്താവനയില്‍ പറയുന്നു. രവി ശങ്കറിന്റെ വ്യക്തി പ്രഭാവവും സ്വാധീനവും ഉപയോഗിച്ച് എത്രയും പെട്ടെന്ന് ഒരു വെടി നിര്‍ത്തല്‍ തരപ്പെടുത്തി തരണം എന്നാണ് പുലികളുടെ ആവശ്യം.
Labels: തട്ടിപ്പ്, മനുഷ്യാവകാശം, യുദ്ധം
- ജെ. എസ്.
( Tuesday, May 05, 2009 ) 3 Comments:
Links to this post: |
അമേരിക്കന്‍ വിസാ തട്ടിപ്പ് സംഘം അറസ്റ്റില്‍
H1 B വിസ വ്യാജ രേഖകള്‍ ഉപയോഗിച്ച് സംഘടിപ്പിച്ച് അമേരിക്കയിലേക്ക് ആളുകളെ കടത്തുന്ന ഒരു സംഘത്തെ അമേരിക്കന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പതിനൊന്ന് പേരില്‍ ഭൂരിഭാഗവും ഇന്ത്യാക്കാര്‍ ആണെന്നാണ് അറിയുന്നത്. ഇവരുടെ പൌരത്വം തല്‍ക്കാലം പോലീസ് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇവരുടെ പേരുകള്‍ സൂചിപ്പിക്കുന്നത് ഇവരില്‍ മിക്കവരും ഇന്ത്യന്‍ വംശജരാണ് എന്നു തന്നെയാണ്.
ന്യൂ ജേഴ്സി ആസ്ഥാനം ആയി പ്രവര്‍ത്തിച്ച വിഷ്യന്‍ സിസ്റ്റംസ് ഗ്രൂപ്പ് എന്ന കമ്പനി ആണ് വിസാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വെട്ടില്‍ ആയിരിക്കുന്നത്. ഈ കമ്പനിയുടെ വെബ് സൈറ്റില്‍ ലഭ്യം ആയിരുന്ന വിവരം അനുസരിച്ച് ഇതിന്റെ പ്രസിഡന്റ് വിശ്വ മണ്ഡലപു എന്നയാളാണ്. എന്നാല്‍ പോലീസ് അറസ്റ്റില്‍ ആയതിനെ തുടര്‍ന്ന് ഈ വെബ് സൈറ്റില്‍ നിന്ന് കമ്പനി മാനേജ്മെന്റിനെ പറ്റി പ്രതിപാദിക്കുന്ന പേജ് അപ്രത്യക്ഷം ആയിരിക്കുന്നു. കമ്പനി തട്ടിപ്പ് നടത്തി ഏതാണ്ട് 7.5 മില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ് സമ്പാദിച്ചത് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. എന്നാല്‍ ഇത് ഇത്തരം തട്ടിപ്പ് കഥകളുടെ ഒരു ചെറിയ ഉദാഹരണം മാത്രം ആണ് എന്നാണ് നിഗമനം. വിഷ്യന്‍ സിസ്റ്റംസ് ഗ്രൂപ്പിന് പുറമെ വേറെ അഞ്ച് കമ്പനികള്‍ കൂടെ ഇത്തരം വിസാ തട്ടിപ്പ് ആരോപണങ്ങളെ തുടര്‍ന്ന് അന്വേഷണത്തിന് വിധേയം ആണ്. അന്വേഷണം പുരോഗമിക്കുന്നതോടെ ഇത്തരം തട്ടിപ്പികളുടെ കൂടുതല്‍ കഥകള്‍ പുറത്തു വരും എന്നാണ് കരുതപ്പെടുന്നത്.
Labels: അമേരിക്ക, തട്ടിപ്പ്, തൊഴില്‍ നിയമം, പ്രവാസി
- ജെ. എസ്.
( Saturday, February 14, 2009 ) |
ടോട്ടല്‍ ഫോര്‍ യു : ബിന്ദുവിനെ ഇന്ന് വൈകുന്നേരം കോടതിയില്‍ ഹാജരാക്കും
ബിന്ദു മഹേഷിന്റെ മുന്‍ കൂര്‍ ജാമ്യ അപേക്ഷ ശനിയാഴ്ച കോടതി പരിഗണിക്കാന്‍ ഇരിയ്ക്കേ തിരക്കിട്ട് വെള്ളിയാഴ്ച തന്നെ ബിന്ദുവിനെ അറസ്റ്റ് ചെയ്തത് ക്രൈം ബ്രാഞ്ചിന്റെ തന്ത്രം ആണെന്ന് കോടതി വിമര്‍ശിച്ചു. അവസാന നിമിഷം വരെ ഇങ്ങനെ അറസ്റ്റ് വൈകിക്കുന്നത് പോലീസിന്റെ സ്ഥിരം പതിവാണ് എന്നും കോടതി നിരീക്ഷിച്ചു.
നിക്ഷേപ തട്ടിപ്പ് നടത്തി എന്ന് ആരോപിക്കപ്പെട്ട ടോട്ടല്‍ ഫോര്‍ യു എന്ന സ്ഥാപനത്തിന്റെ ജനറല്‍ മാനേജരാണ് അറസ്റ്റില്‍ ആയ ബിന്ദു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സഹോദരിയുടെ വീട്ടില്‍ ഒളിവില്‍ താമസിക്കുകയായിരുന്ന ഇവരുടെ ഭര്‍ത്താവിനേയും സഹോദരനേയും പോലീസ് നേരത്തേ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഭര്‍ത്താവിനേ കൊണ്ട് മൊബൈല്‍ ഫോണില്‍ ഇവരെ വിളിച്ചാണ് പോലീസ് ഇവരുടെ ഒളിത്താവളം കണ്ടെത്തിയതും ഇവരെ അറസ്റ്റ് ചെയ്തതും. ഈ കേസില്‍ ഒളിവില്‍ കഴിയുന്ന സിഡ്കോ ചന്ദ്രമതിയെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ബിന്ദുവിനെ ചോദ്യം ചെയ്ത പോലീസിന് ലഭിച്ചു എന്നാണ് സൂചന. നിക്ഷേപകരെ ആകര്‍ഷിയ്ക്കുവാനായി വിദേശത്തേയ്ക്ക് പെണ്‍കുട്ടികളെ കയറ്റി അയയ്ക്കുവാന്‍ ശബരിനാഥിനോട് ചന്ദ്രമതി അവശ്യപ്പെട്ടിരുന്നു എന്ന് ബിന്ദു പോലീസിനോട് വെളിപ്പെടുത്തി. ഈ കേസുമായി ബന്ധപ്പെട്ട ഏഴോളം പേര്‍ ഇപ്പോഴും ഒളിവിലാണ്.
- ജെ. എസ്.
( Saturday, September 20, 2008 ) |
പെണ്‍ വാണിഭ കേന്ദ്രത്തില്‍ നിന്ന് മലയാളി യുവതിയെ ചാനല്‍ പ്രവര്‍ത്തകര്‍ രക്ഷിച്ചു
ദുബായില്‍ പെണ്‍ വാണിഭ കേന്ദ്രത്തില്‍ അകപ്പെട്ട മലയാളി യുവതിയെ ഏഷ്യാനെറ്റ് ന്യൂസ് സംഘം രക്ഷപ്പെടുത്തി. ആയയുടെ ജോലി വാഗ്ദാനം ചെയ്ത് പറ്റിച്ചാണ് കൊല്ലം സ്വദേശിയായ ഈ യുവതിയെ പെണ്‍ വാണിഭ കേന്ദ്രത്തില്‍ എത്തിച്ചത്. ദുബായില്‍ പെണ്‍ വാണിഭ കേന്ദ്രത്തില്‍ അകപ്പെട്ട മലയാളി യുവതിയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ഫോണ്‍ കോള്‍ വന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ പെണ്‍കുട്ടിയെ ഹമരിയയിലെ ഒരു വില്ലയില്‍ താമസിപ്പിച്ചതായി വിവരം ലഭിച്ചു. ഈ വില്ലയിലെ ബോയിയെ ഫോണില്‍ വിളിച്ച് കസ്റ്റമര്‍ എന്ന വ്യാജേനെയാണ് മാധ്യമ സംഘം അവിടെ എത്തിയത്.
പെണ്‍കുട്ടിയെ പുറത്തേക്ക് കൊണ്ടു പോകാന്‍ അനുവദിക്കില്ലെന്ന് അവിടെ കാര്യങ്ങള്‍ നോക്കി നടത്തുന്ന പോണ്ടിച്ചേരി സ്വദേശി പറഞ്ഞതോടെ പിന്നെ ബലം പ്രയോഗിക്കേണ്ടി വന്നു. വില്ലയിലെ ഓരോ മുറികളും തുറപ്പിച്ച് പെണ്‍കുട്ടിയെ താമസിപ്പിച്ച മുറി കണ്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നു. ആയയുടെ ജോലി വാഗ്ദാനം ചെയ്ത് തന്റെ വീടിന് അടുത്തുള്ള ഒരു ആള്‍ വഴി പരിചയപ്പെട്ട ഏജന്റ് ആണ് തന്നെ ദുബായിലെത്തിച്ചതെന്ന് കൊല്ലം ജില്ലക്കാരിയായ യുവതി പറഞ്ഞു. ദുബായില്‍ എത്തി മൂന്ന് ദിവസത്തിനകം തന്നെ 23 കാരിയായ യുവതിയെ പെണ്‍ വാണിഭത്തിന് ഉപയോഗിക്കുകയായിരുന്നു. ഹമരിയയിലെ പെണ്‍ വാണിഭ കേന്ദ്രത്തില്‍ തങ്ങള്‍ എത്തുമ്പോള്‍ മറ്റ് മുറികളില്‍ വേറെയും സ്ത്രീകള്‍ ഉണ്ടായിരുന്നു എന്ന് സംഘത്തിന് നേതൃത്വം നല്‍കിയ ഏഷ്യനെറ്റ് ദുബായ് ബ്യൂറോയിലെ ഫൈസല്‍ ബിന്‍ അഹമ്മദ് പറഞ്ഞു. എല്ലാ സൗകര്യങ്ങളും ഉള്ള മുറികളില്‍ ബോയിയുടെ മേല്‍ നോട്ടത്തിലാണ് പെണ്‍ വാണിഭ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കേന്ദ്രത്തിന്റെ മുഖ്യ നടത്തിപ്പുകാരനായ ഒരു മലയാളി ക്യാമറയും മറ്റും കണ്ടതോടെ അവിടെ നിന്ന് പതിയെ മുങ്ങി എന്നും ഫൈസല്‍ പറയുന്നു. പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ യുവതിയെ ഇപ്പോള്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ അഭയ കേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്. അധികം വൈകാതെ തന്നെ ഇവരെ നാട്ടിലേക്ക് കയറ്റി വിടുമെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ വ്യക്തമാക്കി. ഇത്തരത്തില്‍ ചതിയില്‍ പ്പെട്ട് നിരവധി മലയാളി സ്ത്രീകള്‍ ഇപ്പോഴും യു.എ.ഇ. യില്‍ എത്തുന്നുണ്ട്. ഇന്ത്യ ഗവണ്‍മെന്‍റ് തന്നെയാണ് ഇത് തടയുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടത്. ഫൈസല്‍ ബിന്‍ അഹമദിനൊപ്പം ഈ ഉദ്യമത്തില്‍ ക്യാമറമാന്‍ തന്‍വീറും, കെ. എം. സി. സി. നേതാവ് എബ്രാഹിം എളേറ്റിലും മറ്റു ചില പ്രവര്‍ത്തകരുമുണ്ടായിരുന്നു. Labels: കുറ്റകൃത്യം, ഗള്‍ഫ്, തട്ടിപ്പ്, പീഢനം, സ്ത്രീ
- ജെ. എസ്.
( Wednesday, September 17, 2008 ) |
കേരളത്തില്‍ നിന്ന് നിയമ വിരുദ്ധമായി ഡ്രൈവര്‍മാരെ ദുബായില്‍ എത്തിക്കുന്നു
ദുബായ് റോഡ് ആന്‍റ് ട്രാന്സ്പോര്ട്ട് അഥോറിറ്റിയുടെ വിസയുടെ മറവില്‍ കേരളത്തില്‍ നിന്നും നിയമ വിരുദ്ധമായി ഡ്രൈവര്‍മാരെ ദുബായില്‍ എത്തിച്ച് പണം തട്ടിയെടുക്കുന്ന സംഘം കേരളത്തില്‍ പ്രവര്‍ത്തി ക്കുന്നതായി കണ്ടെത്തി. മലയാളത്തിലെ ഒരു പ്രമുഖ ചാനലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
ബോംബെ ആസ്ഥാനമായ ആംകോസ് ട്രെയഡ് ലിംങ്ക്സ് എന്ന സ്ഥാപനത്തിന്റെ കൊച്ചി ശാഖയാണ് വന്‍ തുക വാങ്ങി നാട്ടില്‍ നിന്നും ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്തത്. ഇന്ത്യാ ഗവര്‍മെന്‍റ് ഈ റിക്രൂട്ട്മെന്‍റ് നിര്‍ത്തണമെന്ന് നേരത്തെ രേഖാ മൂലം ആവശ്യപ്പെട്ട തായിരുന്നു. ദുബായ് റോഡ് ആന്‍റ് ട്രാന്സ്പോര്ട്ട് അഥോറിറ്റിയുടെ കീഴിലുള്ള ടാക്സി സര്‍വീസുകളില്‍ മാസ ശമ്പള സംവിധാനമില്ല. പകരം കമ്മീഷന്‍ വ്യവസ്ഥയാണ് ഉള്ളത്. യു.എ.ഇ. യിലെ മിക്ക ടാക്സി സര്‍വീസുകളും ഈ രീതിയാണ് പിന്‍തുടരുന്നത്. ദിവസവും വണ്ടിയോടി കിട്ടുന്ന തുകക്കനു സരിച്ചാണ് കമ്മീഷന്‍. 370 ദിര്‍ഹത്തി നോടിയാല്‍ 35 ശതമാനം കമ്മീഷന്‍ കിട്ടും. എന്നാല്‍ ഇന്ത്യാ ഗവര്‍മെന്‍റ് കമ്മീഷന്‍ സംവിധാനം ഉള്ള ജോലിക്ക് എമിഗ്രേഷന്‍ ക്ലീയറന്‍സ് നല്‍കാറില്ല. അതാണ് ഈ റിക്രൂട്ട്മെന്‍റ് നിര്‍ത്തണ മെന്ന് ആവശ്യപ്പെടാന്‍ കാരണം. അതു കാരണം വ്യാജ തൊഴില്‍ കരാറും പവര്‍ ഓഫ് അറ്റോര്‍ണിയും ഉണ്ടാക്കി കേരളത്തില്‍ നിന്നുള്ളവര്‍ക്ക് മുംബെ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നും എമിഗ്രേഷന്‍ ക്ലീയറന്‍സ് വാങ്ങി. എമിഗ്രേഷന്‍ ക്ലിയറന്‍സ് സമയത്ത് ഇവര്‍ക്ക് വെയിറ്റര്‍ ജോലിയാണ് കാണിച്ചത്. എന്നാല്‍ വിസ ദുബായ് സര്‍ക്കാറിന്‍റെ കീഴിലുള്ള സ്ഥാപനമായ ആര്‍.ടി.എ. യുടെയാണ്. ഒരാളുടെ പക്കല്‍ നിന്നും ഒന്നര ലക്ഷം രൂപ വീതമാണ് വാങ്ങിയത്. ഭക്ഷണം ഒഴികെയുള്ള എല്ലാ സംവിധാനവും വാഗ്ദാനം ചെയ്തു. ദുബായിലെ താമസ സൗകര്യമായിരുന്നു മുഖ്യ ആകര്‍ഷണം. എന്നാല്‍ ഇവിടെ എത്തിയ പ്പോഴുള്ള അവസ്ഥ വേറെ ആയിരുന്നു. ഇത്തരത്തില്‍ മുന്നൂറ് പേരെയാണ് റിക്രൂട്ട് ചെയ്തത്. കോടികളുടെ ലാഭമാണ് ഇതിലൂടെ റിക്രൂട്ടിംഗ് ഏജന്‍സി നേടിയത്. നേരത്തെ വൈദീകനായിരുന്ന ഫാ.സാമുവല്‍ എന്ന തോമസാണ് ആംകോസ് ട്രെയഡ് ലിംക്സിന്‍റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. എയര്‍ മീഡിയ ടൂറ്സ് ആന്‍റ് ട്രാവല്‍സ് എന്ന സ്ഥാപനത്തിലൂടെ നേരത്തെ തൊഴില്‍ തട്ടിപ്പ് നടത്തിയതിന്‍റെ പേരില്‍ ഇയാളെ ഇന്ത്യ ഗവര്‍മെന്‍റ് കരിമ്പട്ടികയില്‍ പെടുത്തിയി ട്ടുള്ളതാണ്. Labels: തട്ടിപ്പ്, തൊഴില്‍ നിയമം
- ജെ. എസ്.
( Wednesday, August 20, 2008 ) |
മൊബൈല്‍ റിപ്പയര്‍ ചെയ്യാന്‍ കൊടുക്കുമ്പോള്‍ സൂക്ഷിക്കുക
റിപ്പയര്‍ ചെയ്യാന്‍ കൊണ്ടു വന്ന മൊബൈല്‍ ഫോണുകളില്‍ നിന്നും ഫോട്ടോകളും വീഡിയോ ക്ലിപ്പുകളും കോപ്പി ചെയ്ത മൊബൈല്‍ ഫോണ്‍ ടെക്നീഷ്യന്‍ സൗദിയിലെ ത്വാഇഫില്‍ പിടിയിലായി. മൊബൈല്‍ ഫോണിലെ മെമ്മറി കാര്‍ഡില്‍ നിന്നും സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തി പിന്നീട് സ്ത്രീകളായ ഉപഭോക്താക്കളെ ബ്ലാക് മെയില്‍ ചെയ്ത് പണം തട്ടുകയും പകര്‍ത്തിയ ചിത്രങ്ങള്‍ വില്‍പ്പന നടത്തുക യുമായിരുന്നു ഇയാളുടെ തൊഴില്‍. ഇത് ശ്രദ്ധയില്‍ പെട്ട ഒരു സ്ത്രീ സൗദി മതകാര്യ വകുപ്പില്‍ പരാതിപ്പെട്ടത് അനുസരിച്ചാണ് വിദേശിയായ ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ കടയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ഇത്തരത്തിലുള്ള ആയിര ക്കണക്കിന് ചിത്രങ്ങള്‍ കണ്ടെടുത്തു.
Labels: കുറ്റകൃത്യം, തട്ടിപ്പ്, സൌദി
- ജെ. എസ്.
( Wednesday, August 20, 2008 ) |
പെണ്‍ വാണിഭം തിരുവനന്തപുരം എമിഗ്രേഷന്റെ ഒത്താശയോടെ
ജോലി വാഗ്ദാനം ചെയ്ത് യുവതികളെ ഗള്‍ഫിലെത്തിച്ച് പെണ്‍ വാണിഭ സംഘത്തിന് വില്‍ക്കുന്നവരുടെ പ്രവര്‍ത്തനം സജീവമാകുന്നതായി കഴിഞ്ഞ ദിവസം ഒരു പ്രമുഖ മലയാളം ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ പെണ്‍ വാണിഭ കേന്ദ്രത്തില്‍ എത്തിക്കുന്ന സംഘം തിരുവനന്തപുരം വിമാനത്താവളം വഴിയാണ് ഇവരെ കയറ്റി വിടുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ചില എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ എമിഗ്രേഷന്‍ പരിശോധനകള്‍ ഇല്ലാതെയാണ് മിക്ക യുവതികളേയും വിമാനം കയറ്റിവിടുന്നത്. ഏജന്‍റിന്‍റെ ഒരു ഫോണ്‍ കോളിലൂടെ എമിഗ്രേഷന്‍ പരിശോധനകള്‍ ഇല്ലാതെ തനിക്ക് തിരുവനന്തപുരത്ത് നിന്ന് വിമാനം കയറാനായെന്ന് കഴിഞ്ഞ ദിവസം പെണ്‍ വാണിഭ കേന്ദ്രത്തില്‍ നിന്നും ചാനല്‍ ന്യൂസ് സംഘത്തിന്‍റെ സഹായത്തോടെ രക്ഷപ്പെട്ട യുവതി വ്യക്തമാക്കി. യുവതികള്‍ക്ക് ഒറ്റയ്ക്ക് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകാന്‍ കര്‍ശന നിബന്ധനകള്‍ നില നില്‍ക്കേയാണ് എമിഗ്രേഷന്‍ ക്ലിയറന്‍സ് വേണ്ട യുവതികള്‍ പോലും തിരുവനന്തപുരം വിമാനത്താവളം വഴി എളുപ്പത്തില്‍ വിമാനം കയറുന്നത്. ഇപ്പോഴും എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയുള്ള പുഷിംഗ് എന്ന് ഓമനപ്പേരില്‍ വിളിക്കുന്ന ഈ സംവിധാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിലനില്‍ക്കു ന്നുണ്ടെന്നാണ് വ്യക്തമാവുന്നത്. Labels: കുറ്റകൃത്യം, തട്ടിപ്പ്, പീഢനം, സ്ത്രീ
- ജെ. എസ്.
( Monday, July 28, 2008 ) |
കാണാതായ പെണ്‍കുട്ടി ബഹറൈന്‍ സെക്സ് റാക്കറ്റിലെന്ന് സംശയം
10 വര്‍ഷം മുമ്പ് കോഴിക്കോട് വടകരയില്‍ നിന്ന് കാണാതായ പെണ്‍കുട്ടി ബഹറൈനില്‍ സെക്സ് റാക്കറ്റില്‍ പെട്ടതായി സംശയം ബലപ്പെടുന്നു. നാട്ടുകാരനായ ഒരാള്‍ ഈ പെണ്‍കുട്ടിയെ കണ്ടുമുട്ടിയതായി പറയുന്നു.
10 വര്‍ഷം മുമ്പ് വടകരയ്ക്കടുത്തുള്ള ആയഞ്ചേരിയില്‍ നിന്ന് കാണാതാവുമ്പോള്‍ പെണ്‍കുട്ടിയ്ക്ക് 16 വയസാണ് ഉണ്ടായിരുന്നത്. ട്യൂട്ടോറിയല്‍ കോളേജില്‍ പഠിക്കുകയായിരുന്ന പെണ്‍കുട്ടി ഒരു ദിവസം തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയും അന്വേഷിക്കുകയും ചെയ്തെങ്കിലും ഇതു വരെ യാതൊരു ഫലവും ഉണ്ടായിരുന്നില്ല. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് ഇന്ത്യന്‍ എംബസി അന്വേഷണത്തിന് ആവശ്യമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. Labels: കുറ്റകൃത്യം, തട്ടിപ്പ്, ബഹറൈന്‍, മനുഷ്യാവകാശം, സ്ത്രീ
- ജെ. എസ്.
( Sunday, July 13, 2008 ) |
എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ജീവന്‍ ഒടുക്കി
മണി ചെയിന്‍ തട്ടിപ്പിന് ഇരയായ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടു. പാലക്കാട് NSS College of Engineering ല്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന ഷിഹാസ് ആണ് ശനിയാഴ്ച കോളേജിലെ രണ്ടാം നമ്പര്‍ ഹോസ്റ്റലില്‍ തന്റെ മുറിയില്‍ തൂങ്ങി മരിച്ചത്. ഇരുപത്തി രണ്ട് കാരനായ ഷിഹാസ് കോഴിക്കോട് പേരാമ്പ്ര ചേനോലിയില്‍ സ്വദേശിയാണ്.
മണി ചെയിന്‍ ഇടപാടില്‍ മേലേ തട്ടിലുള്ളവര്‍ മുങ്ങിയതാണ് ഇയാളെ വെട്ടിലാക്കിയത് എന്നറിയുന്നു. ഒരു പാട് പേരെ മണി ചെയിനില്‍ ചേര്‍ത്തിരുന്ന ഷിഹാസിനെ നിരവധി പേര്‍ അടുത്ത നാളുകളില്‍ തേടി വന്നിരുന്നു എന്ന് സഹപാഠികള്‍ പറഞ്ഞു. കടക്കാര്‍ ഇയാളുടെ ബൈക്കും എടുത്തു കൊണ്ട് പോയത്രെ. മണി ചെയിനിന്റെ പരസ്യങ്ങളും ഫോറങ്ങളും മറ്റ് കടലാസുകളും ഷിഹാസിന്റെ മുറിയില്‍ നിന്നും പോലീസ് കണ്ടെത്തി. കൂടുതല്‍ അന്വേഷണം നടത്തും എന്ന് പോലീസ് അറിയിച്ചു.
- Jishi Samuel
( Tuesday, July 01, 2008 ) |
വിസ തട്ടിപ്പിനിരയായ മലയാളികള്‍ അമേരിക്കയില്‍ നിരാഹാര സത്യഗ്രഹം തുടങ്ങി
അമേരിക്കയില്‍ ഗ്രീന്‍ കാര്‍ഡും കുടുംബ സമേതം താമസിച്ച് ജോലി ചെയ്യുവാനുള്ള അവസരവും വാഗ്ദാനം ചെയ്ത് ഗള്‍ഫില്‍ നിന്നും ഇന്ത്യയില്‍ നിന്നും കോണ്ടു വന്ന മലയാളികള്‍ വിസ തട്ടിപ്പിനിരയായി. ഗള്‍ഫിലും ഇന്ത്യയിലുമുള്ള പ്രമുഖ പത്രങ്ങളില്‍ മുംബായിലെ ഒരു റിക്രൂട്ട്മെന്റ് കമ്പനി നല്‍കിയ പരസ്യം കണ്ട് ജോലിയ്ക്ക് അപേക്ഷിച്ചവരാണ് തട്ടിപ്പിന് ഇരയായത്. ഫാമിലി വിസ ഇല്ലാതെ ഗള്‍ഫില്‍ ജോലി ചെയ്തു വന്ന ഇവര്‍ കുടുംബ സമേതം അമേരിക്കയില്‍ ഗ്രീന്‍ കാര്‍ഡോടു കൂടി ജോലി ചെയ്യാം എന്ന കമ്പനിയുടെ വാഗ്ദാനം കണ്ടാണ് തങ്ങളുടെ ജോലികള്‍ കളഞ്ഞ് അമേരിക്കയിലേക്കുള്ള വിസയ്ക്ക് അപേക്ഷിച്ചത്.
സച്ചിന്‍ ദേവന്‍ എന്ന മുംബായിലെ ഏജന്റ് ഇവരുടെ പക്കല്‍ നിന്നും വിസയ്ക്കായി രണ്ട് ലക്ഷം രൂപ വീതം വാങ്ങിയത്രെ. എന്നാല്‍ ഇവരെ അമേരിക്കയിലേക്ക് കൊണ്ട് വന്നത് H-2B എന്ന താല്‍ക്കാലിക വിസയിലായിരുന്നു. മിസ്സിസിപ്പിയിലേയും ടെക്സാസിലേയും കപ്പല്‍ നിര്‍മ്മാണ ശാലകളില്‍ ജോലി ചെയ്ത ഇവരുടെ ജീവിത സാഹചര്യങ്ങള്‍ ദയനീയമായിരുന്നു. ഇടുങ്ങിയ ലേബര്‍ ക്യാമ്പുകളില്‍ 24 പേരെ ഒരു മുറിയില്‍ കുത്തിനിറച്ചാണ് ഇവര്‍ താമസിച്ചിരുന്നത്. ഇവര്‍ക്ക് ക്യാമ്പ് വിട്ട് പുറത്തിറങ്ങുവാനും നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. ഇതിനെല്ലാം പുറമെ ഇവരുടെ ശമ്പളത്തില്‍ നിന്നും മാസം പ്രതി 1050 ഡോളര്‍ കമ്പനി ഇവരുടെ ചിലവിന് എന്ന് പറഞ്ഞ് കുറയ്ക്കുകയും ചെയ്തു. തങ്ങള്‍ ചതിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയ തൊഴിലാളികള്‍ ജോലി ഉപേക്ഷിച്ച് വാഷിങ്ടണിലെ എംബസ്സി റോയില്‍ പൊതു സ്ഥലത്ത് നിരാഹാര സത്യഗ്രഹം തുടങ്ങി. ഏറ്റവും കൂടുതല്‍ നാള്‍, അതായത് 23 ദിവസം നിരാഹാരമിരുന്ന മലയാളിയായ പോള്‍ കോണാര്‍ (54) ഇതിനിടെ അവശനിലയില്‍ ആശുപത്രിയിലുമായി. ഇദ്ദേഹത്തെ ചികിത്സയ്ക്ക് ശേഷം വ്യാഴാഴ്ച വിട്ടയച്ചു. തങ്ങളുടെ കമ്പനിയ്ക്കും, റിക്രൂട്ട്മെന്റ് ഏജന്‍സിയ്ക്കും എതിരേ ഇവര്‍ കേസ് കൊടുത്തിട്ടുമുണ്ട്. എന്നാല്‍ ജോലി ഉപേക്ഷിച്ചതോടെ താല്‍ക്കാലിക വിസയിലായിരുന്ന ഇവര്‍ക്ക് അമേരിക്കയില്‍ നില്‍ക്കാനുള്ള നിയമസാധുത നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ അവസ്ഥയില്‍ കേസ് നടത്തുവാനും ബുദ്ധിമുട്ടാകും എന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഈ തൊഴിലാളികളുടെ കഷ്ട സ്ഥിതി കണ്ട് അന്വേഷണം നടത്തുവാനും കേസ് നടക്കുന്ന കാലയളവില്‍ ഇവര്‍ക്ക് നിയമ സംരക്ഷണം നല്‍കുവാനും ഹൌസ് ഓഫ് റെപ്രസെന്റേറ്റിവ്സിലെ മൂന്ന് ഉന്നത ഡെമോക്രാറ്റുകള്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം തുടങ്ങിയതായി ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് അറിയിച്ചു. വാര്‍ത്തയ്ക്ക് കടപ്പാട്: The New York Times Labels: അമേരിക്ക, തട്ടിപ്പ്, തൊഴില്‍ നിയമം, പ്രവാസി, മനുഷ്യാവകാശം
- ജെ. എസ്.
( Saturday, June 07, 2008 ) |
ദിവ്യാ ജോഷി അറസ്റ്റില്‍
തൃശ്ശൂരിലെ വിവാദ സന്യാസിനി ദിവ്യാ ജോഷിയെ പോലീസ് അറസ്റ്റ് ചെയ്തു. വഞ്ചനാ കേസില്‍ പ്രതിയായ ഇവര്‍ കുറച്ചു ദിവസമായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ആശുപത്രിയില്‍ എത്തിയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിനു ശേഷം ഇവരെ സ്വകാര്യ ആശുപത്രിയില്‍ നിന്നും തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ദിവ്യാ ജോഷിയുടെ കഥ കേരളത്തിലെ ആള്‍ ദൈവങ്ങള്‍
- Jishi Samuel
( Thursday, June 05, 2008 ) |
ദുബായില്‍ സ്റ്റൗ സ്വാമിക്കെതിരെ പരാതി
നാരായണ ഗുരുവിന്‍റെ അവതാരമാണെന്ന് അവകാശപ്പെടുന്ന വര്‍ക്കലയിലെ സ്റ്റൌ സ്വാമിക്കെതിരെ ദുബായില്‍ നിന്നും പരാതി.
സ്വാമിയുടെ ബന്ധു സുരേഷാണ് പരാതിക്കാരന്‍. ശ്രീനാരായണ ഗുരു പ്രപഞ്ചത്തില്‍ നിന്നും തന്നിലൂടെ മറുപടി പറയുന്നുവെന്നാണ് അജന്‍ എന്ന സ്റ്റൌ സ്വാമിയുടെ അവകാശ വാദം. ഗുരുദേവനുമായി താന്‍ സംസാരിക്കാറുണ്ടെന്നും ഇയാള്‍ അവകാശപ്പെടുന്നു. മണ്ണെണ്ണ സ്റ്റൌവിന് മുകളില്‍ പാത്രത്തില്‍ മണല്‍ നിറച്ച് ഭക്തര്‍ക്ക് നിര്‍ദേശങ്ങള്‍ അതിലെഴുതി നല്‍കുന്നത് കൊണ്ടാണ് ഇയാള്‍ക്ക് സ്റ്റൌ സ്വാമിയെന്ന് പേര് വന്നത്. ശിവഗിരിക്ക് സമീപം കണ്വാശ്രമം എന്ന സ്ഥലം ഇയാള്‍ രണ്ട് കോടി രൂപയ്ക്ക് വിലയ്ക്ക് ബിനാമി പേരില്‍ ഇയാള്‍ വാങ്ങിയിട്ടുണ്ടെന്നും പ്രമാണത്തില്‍ 88 ലക്ഷം രൂപയാണ് കാണിച്ചിട്ടുള്ളതെന്നും പരാതിക്കാരന്‍ പറയുന്നു. ഷാര്‍ജയിലുള്ള ദത്തന്‍ എന്ന വ്യക്തിയുടെ പേരിലാണ് സ്ഥലം വാങ്ങിയിരിക്കുന്നത്. ഉന്നത നിലയിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ഇതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതെന്നും സുരേഷ് പറയുന്നു. അതേ സമയം, ശിവഗിരിക്ക് സമീപം കണ്വാശ്രമം എന്ന സ്ഥലം വാങ്ങിയിട്ടുള്ളത് വര്‍ണ്ണ എന്ന സംഘടനയുടെ പേരിലാണെന്നും, ഷാര്‍ജയിലുള്ള അതിന്റെ പ്രസിഡന്റാണെന്നും സംഘടനാഭാരവാഹികള്‍ വ്യക്തമാക്കിയിട്ടുണ്ട്.
- ജെ. എസ്.
( Tuesday, May 27, 2008 ) |
പോലീസ് സ്റ്റേഷനില്‍ തോക്ക് സ്വാമിയുടെ വിളയാട്ടം
തോക്കുമായ് എത്തിയ ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ ആലുവ പോലീസ് സ്റ്റേഷനില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. ആത്മഹത്യാഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് ഇയാളെ സ്റ്റേഷനില്‍ കൊണ്ടു വന്നത്. തോക്ക് ചൂണ്ടി പോലീസുകാരേയും മാധ്യമ പ്രവര്‍ത്തകരേയും ഭീഷണിപ്പെടുത്തിയ ഇയാള്‍ രണ്ട് തവണ വെടി വെച്ചു. ആലുവയിലെ അശോകപുരത്തില്‍ നിന്നുള്ള വീട്ടില്‍ നിന്നാണ് ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് മാധ്യമങ്ങളെ അറിയിച്ചത്. വിവരമറിഞ്ഞെത്തിയ പോലീസ്മഹേശ്വര ഭദ്രാനന്ദയെ സ്റ്റേഷനിലേക്ക് കൊണ്ട് പോയി. മാധ്യമ പ്രവര്‍ത്തകരും സ്റ്റേഷനിലെത്തി. ആത്മഹത്യാ ഭീഷണി മുഴക്കിയ ഭദ്രാനന്ദ പക്ഷെ തോക്ക് കൈയില്‍ നിന്ന് താഴെ വെയ്ക്കാന്‍ കൂട്ടാക്കിയില്ല.സ്റ്റേഷനില്‍ ആളുകള്‍ കൂടിയതോടെ ഭദ്രാനന്ദ നാടകീയമായി രണ്ടു തവണ നിരയൊഴിച്ചു. പോലീസ് തോക്ക് തട്ടി മാറ്റിയതോടെയാണ് അപകടം ഒഴിവായത്. വടിവെപ്പിനിടയില്‍ കൈയ്ക്ക് പരിക്കേറ്റ ഭദ്രാനന്ദയെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വധ ശ്രമത്തിനും ആത്മഹത്യാ ശ്രമത്തിനുമാണ് ഭദ്രാനന്ദയ്ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. രണ്ട് ദിവസം മുന്‍പ് കാറില്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഭദ്രാനന്ദയ്ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസും കേസെടുത്തിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം തന്റെ തലയില്‍ കെട്ടിവെച്ചിരിക്കുകയാണെന്നും ഇനിയും ഒരു സ്വാമിയേയും ഇത് പോലെ ക്രൂശിക്കരുത് എന്നും ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
തോക്ക് കൈവശം വെയ്ക്കുന്നതിന് ഇയാള്‍ക്ക് പോലീസിന്റെ അനുമതി ഇല്ലായിരുന്നു. ഇതിനെ കുറിച്ച് അന്വേഷിക്കണമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയ്ക്ക് മാര്‍ച്ച് 31നാണ് എറണാകുളം എ.ഡി.എം. തോക്കിനുള്ള ലൈസന്‍സ് നല്‍കിയത്. വിശ്വസനീയമായ കാരണങ്ങള്‍ കൊണ്ടാണ് ഭദ്രാനന്ദയ്ക്ക് തോക്കിനുള്ള ലൈസന്‍സ് നല്‍കുന്നതെന്നാണ് എ.ഡി.എം. ഉത്തരവില്‍ പറയുന്നത്. ലൈസന്‍സ് നല്‍കിയതിന് ശേഷമാണ് ഉത്തരവിന്റെ കോപ്പി തഹസില്‍ദാര്‍ക്കും സെന്‍ട്രല്‍ എസ്.ഐ.ക്കും കിട്ടിയത്. എന്നാല്‍ തങ്ങളുടെ അനുമതി റിപ്പോര്‍ട്ടില്ലാതെ തോക്കിനുള്ള ലൈസന്‍സ് നല്‍കാന്‍ ആര്‍ക്കും കഴിയില്ലെന്നാണ് പോലീസിന്റെ വാദം. എ.ഡി.എം.ന്റെ ഉത്തരവിന്റെ കോപ്പി കിട്ടിയതിന് ശേഷം ഭദ്രാനന്ദയുടെ തോക്കിന് നല്‍കിയ ലൈസന്‍സ് റദ്ദ് ചെയ്യണമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭദ്രാനന്ദയുടെ മറ്റ് പശ്ചാത്തലങ്ങളൊന്നും തോക്കിന് ലൈസന്‍സ് നല്‍കുമ്പോള്‍ അറിഞ്ഞില്ലെന്നായിരുന്നു എ.ഡി.എം. എ.കെ. തങ്കപ്പന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. തോക്കിന് ലൈസന്‍സ് ഉണ്ടെന്ന് സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ പറഞ്ഞു. തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും മഹേശ്വര കൂട്ടിച്ചേര്‍ത്തു. പോലീസിന്റെ റിപ്പോര്‍ട്ടില്ലാതെ ഭദ്രാനന്ദന് ലൈസന്‍സ് ലഭിച്ചത് എങ്ങനെ എന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആലുവ പോലീസ് സ്റ്റേഷനിലുണ്ടായ സംഭവം പോലീസിന്റെ അന്തസ്സ് കെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി വി. എസ്. അച്ച്യുതാനന്ദന്‍ പറഞ്ഞു. സ്വാമി തോക്കുമായി പോലീസ് സ്റ്റേഷനില്‍ എത്തിയത് എങ്ങനെ എന്ന് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ ആത്മഹത്യാ ഭീഷണി മുഴക്കി വെടി ഉതിര്‍ത്ത ഹിമവല്‍ ഭദ്രാനന്ദയുടെ ആലുവയിലെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. ഭദ്രാനന്ദയുടെ തോക്കിന്റെ ലൈസന്‍സ് അമ്മയില്‍ നിന്നും പോലീസ് കണ്ടെടുത്തു. ഇടപ്പള്ളിയിലും തിരുവനന്തപുരത്തും രണ്ടു ബാങ്കുകളിലായി ഭദ്രാനന്ദയ്ക്ക് അക്കൌണ്ടുകള്‍ ഉള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷം ആലുവ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു വന്ന ഭദ്രാനന്ദയെ ഐ.ജി. യും റൂറല്‍ എസ്. പി. യും ചോദ്യം ചെയ്തു. പോലീസ് അറിയാതെ എങ്ങനെയാണ് ഭദ്രാനന്ദയ്ക്ക് തോക്കിന് ലൈസന്‍സ് കിട്ടിയത് എന്ന കാര്യം അന്വേഷിക്കുമെന്ന് ഐ. ജി. മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തിരുവനന്തപുരം കുമാരപുരം സ്വദേശി ഹേമചന്ദ്രന്റേയും മധൂജയുടേയും മകന്‍ അരുണ്‍ ചന്ദ് ആണ് ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയായത്. നാട്ടില്‍ വേരുറയ്ക്കാത്തതിനെ തുടര്‍ന്ന് കോഴിക്കോട്ടേയ്ക്കും പിന്നീട് കൊച്ചിയിലേയ്ക്കും താവളം മാറ്റുകയായിരുന്നു. കോഴിക്കോട്ട് നിന്നും ഇയാളെ നാട്ടുകാര്‍ ഓടിക്കുകയും ചെയ്തു. തിരുവനന്തപുരത്തെ ഒരു കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്ന അരുണ്‍ ചന്ദ് ബാങ്ക്ലൂരില്‍ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ് പഠിക്കാന്‍ പോയി തിരികെയെത്തി. മാനസിക വിഭ്രാന്തി കാണിക്കുകയും ഗുണ്ടാ സംഘങ്ങളുമായി ചങ്ങാത്തം പുലര്‍ത്തുകയും ചെയ്ത അരുണ്‍ ചന്ദിനെ താമസിക്കുന്ന ഫ്ലാറ്റില്‍ നിന്നും ഇറക്കി വിടുകയായിരുന്നു. ക്രിമിനല്‍, കഞ്ചാവ് കേസുകളിലും അരുണ്‍ ചന്ദ് പ്രതിയാണ്. സ്വാമിയായി തിരുവനന്തപുരത്ത് അവതരിച്ചെങ്കിലും നാട്ടുകാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് കോഴിക്കോട്ടേക്ക് മാറി. 2005 സെപ്റ്റമ്പര്‍ 11ന് ഹിമവല്‍ ഭദ്രാനന്ദ എന്ന പേരില്‍ കോഴിക്കോട് മാങ്കാവില്‍ വൈദ്യശാല തുടങ്ങാനെന്ന പേരില്‍ ഒരു വീട് വാടകയ്ക്കെടുത്തിരുന്നു. വീട്ടില്‍ അര്‍ധരാത്രി ആളുകള്‍ വന്നു പോകുന്നത് പതിവായി. ഒപ്പം പൂജയും ഭജനയും തുടങ്ങിയതോടെ സംശയം തോന്നിയ നാട്ടുകാര്‍ ഇയാളെ ഓടിക്കുകയായിരുന്നു. രണ്ട് മാസം ഇവിടെ കഴിഞ്ഞ ഭദ്രാനന്ദ വാടക പോലും നല്‍കാതെയാണ് സ്ഥലം വിട്ടത്. പിന്നീട് കൊച്ചിയിലെത്തിയ ഇയാള്‍ക്ക് രാഷ്ട്രീയ സിനിമാ രംഗങ്ങളില്‍ അനുയായികള്‍ ഉണ്ടായി. സാമൂഹ്യ സേവനത്തിനെന്ന പേരില്‍ കര്‍മ എന്ന സംഘടനയും രൂപീകരിച്ചു. നിയമവിരുദ്ധ ഇടപാടുകളോ സമ്പാദ്യങ്ങളോ ഭദ്രാനന്ദയ്ക്ക് ഉണ്ടായിരുന്നോ എന്നാണിപ്പോള്‍ പോലീസ് അന്വേഷിക്കുന്നത്. Labels: കുറ്റകൃത്യം, തട്ടിപ്പ്
- ജെ. എസ്.
( Sunday, May 18, 2008 ) |
സന്തോഷ് മാധവന്റെ ദുബായ് തട്ടിപ്പുകള്‍
സന്തോഷ് മാധവന്‍ ഹോട്ടല്‍ ബിസിനസ് നടത്താനെന്ന പേരിലാണ് തന്നില്‍ നിന്ന് കാശ് തട്ടിയെടുത്തതെന്ന് സെറാഫിന്‍ എഡ്വിന്‍ പറഞ്ഞു. റോയല്‍ ക്രിസ്റ്റല്‍ ഹോട്ടല്‍ എം.ഡി ഇസ്മായീല്‍ എന്നയാളുമായി ചേര്‍ന്ന് ഹോട്ടല്‍ ബിസിനസ് നടത്താമെന്ന് പറഞ്ഞാണ് സന്തോഷ് മാധവന്‍ നാല് ലക്ഷം ദിര്‍ഹം (ഏകദേശം 45 ലക്ഷം രൂപ) കൈക്കലാക്കിയതെന്നും ഇവര്‍ വ്യക്തമാക്കി.
ദുബായില്‍ ഇലക്ട്രോ മെക്കാനിക്കല്‍ കമ്പനി നടത്തുകയാണ് സെറാഫിന്‍. ഈ തട്ടിപ്പിന് ശേഷം ഇന്‍റര്‍പോളിന് സന്തോഷ് മാധവിനെതിരെ പരാതി നല്‍കിയതും ഫോട്ടോ നല്കിയതും താനാണെന്നും അവര്‍ വ്യക്തമാക്കി. സന്തോഷ് മാധവിന്‍റെ ഡ്രൈവറായിരുന്ന അലി കുഞ്ഞിനും തട്ടിപ്പില്‍ വ്യക്തമായ പങ്കുണ്ടെന്നും സെറാഫിന്‍ പറഞ്ഞു. ഇയാള്‍ എപ്പോഴും സന്തോഷ് മാധവിന്‍റെ കൂടെ ഉണ്ടാകാറുണ്ടെന്നും അവര്‍ പറഞ്ഞു. കേരളത്തില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കുമെന്നും ഇപ്പോള്‍ ദുബായിലെ കരാമയില്‍ താമസിക്കുന്ന സെറഫിന്‍ വ്യക്തമാക്കി. സന്തോഷ് മാധവന് ദുബായിലുള്ള റൂം എടുത്ത് കൊടുത്തത് റോയല്‍ ക്രിസ്റ്റ്യല്‍ കാര്‍ഗോ ഹോട്ടല്‍ എം.ഡി ഇസ്മായീല്‍ ആണെന്നാണ് സെറാഫിന് പറഞ്ഞത്. തട്ടിപ്പ് നടത്തി സന്തോഷ് മാധവന്‍ മുങ്ങിയ ശേഷം ഈ മുറിയില്‍ പോയപ്പോളാണ് ഇയാളുടെ യഥാര്‍ത്ഥ ജീവിതത്തെക്കുറിച്ച് മനസിലായതെന്നും ഇവര്‍ പറയുന്നു. മുറിയില്‍ നിറയെ ഒഴിഞ്ഞ മദ്യക്കുപ്പികളായിരുന്നുവത്രെ. പിന്നീട് സന്തോഷ് മാധവന്‍റെ വീട്ടു ജോലിക്കാരനായിരുന്ന അസീസ് എന്നയാള്‍ പറഞ്ഞത് മിക്ക ദിവസങ്ങളിലും സന്തോഷ് മാധവന്‍ മദ്യം കഴിക്കാറുണ്ടായിരുന്നുവെന്നും. ഇടയ്ക്ക് സ്ത്രീകള്‍ വരാറുണ്ടായിരുന്നുവെന്നുമാണെന്നും സെറാഫിന്‍ പറയുന്നു. ഒരു സിനിമാ നടിയും ഇയാളുടെ മുറിയില്‍ വന്ന് താമസിച്ചിരുന്നുവത്രെ.
- ജെ. എസ്.
( Wednesday, May 14, 2008 ) |
നോക്കിയ കമ്പനിയുടെ പേരില്‍ ഗള്‍ഫില്‍ നറുക്കെടുപ്പ് തട്ടിപ്പ്
നോക്കിയ കമ്പനിയുടെ നറുക്കെപ്പില്‍ വിജയിയായിരിക്കുന്നു എന്ന മെസേജുമായി തട്ടിപ്പ്. യു.എ.ഇ.യിലെ നിരവധി മൊബൈല്‍ ഫോണുകളിലേക്കാണ് ഈ തട്ടിപ്പ് സന്ദേശം എത്തുന്നത്. ഇത് വിശ്വസിച്ചവര്‍ക്ക് കാശ് നഷ്ടപ്പെടുകയും ചെയ്തു.
നോക്കിയ മൊബൈല്‍ കമ്പനിയുടെ ഭാഗ്യ നറുക്കെടുപ്പില്‍ വിജയിയായിരിക്കുന്നു എന്ന മെസേജ് നിങ്ങളുടെ മൊബൈല്‍ ഫോണില്‍ എത്തുന്നുവെങ്കില്‍ സൂക്ഷിക്കുക. ഒരു തട്ടിപ്പിന്‍റെ തുടക്കമാണത്. 1,91,000 പൗണ്ട് സമ്മാനമായി ലഭിച്ചിരിക്കുന്നു എന്ന മെസേജുമായി നോക്കിയ കമ്പനിയുടെ പേരിലാണ് തട്ടിപ്പ് അരങ്ങേറുന്നത്. യു.എ.ഇ.യിലെ നിരവധി പേര്‍ക്ക് ഇതിനകം തന്നെ ഇത്തരത്തിലുള്ള മെസേജ് ലഭിച്ചു കഴിഞ്ഞു. സമ്മാനം വാങ്ങാന്‍ മെസേജില്‍ കൊടുത്തിരിക്കുന്ന ഇമെയില്‍ അഡ്രസിലോ, ഫോണ്‍ നമ്പറിലോ ബന്ധപ്പെട്ടാല്‍ വിശദമായ വിവരങ്ങള്‍ നിങ്ങളുടെ മെയിലിലേക്ക് എത്തും. ബ്രിട്ടനില്‍ നിന്ന് ഡോ. ആന്‍റണി ഫ്ലോയ്ഡ് എന്ന പേരിലാണ് മെയില്‍ ലഭിക്കുക. 25,000ത്തിലധികം മൊബൈല്‍ നമ്പറുകളില്‍ നിന്നാണ് താങ്കളെ തെരഞ്ഞെടുത്തിരിക്കുന്നതെന്ന വിശദീകരണവുമായി ഒരു സര്‍ട്ടിഫിക്കറ്റും അയച്ചു തരും. അതില്‍ എഴുതിയിരിക്കുന്ന നിങ്ങളുടെ പേര്‍ കൃത്യമാണോ എന്ന് പരശോധിക്കണമെന്നും ഈ പേരിലായിരിക്കും 1,91,000 പൗണ്ടിന്‍റെ ചെക്ക് ഇഷ്യൂ ചെയ്യുകയെന്നും പ്രത്യേക നിര്‍ദേശവുമുണ്ടാകും. ഇടയ്ക്ക് ബ്രിട്ടനിലെ നോക്കിയ കമ്പനിയില്‍ നിന്നെന്നു പറഞ്ഞ് ഫോണ്‍ കോളുമെത്തും. ഇതോടെ തന്നെ ഭാഗ്യം കടാക്ഷിച്ചു എന്ന് കരുതി മറുപടി അയച്ചു കഴിഞ്ഞാല്‍ പിന്നെ തട്ടിപ്പിന്‍റെ അടുത്ത ഭാഗം അരങ്ങേറുകയായി. നിങ്ങളുടെ പേരിലുള്ള 191000 പൗണ്ടിന്‍റെ ചെക്ക് തയ്യാറാണെന്നും ഇത് കൊറിയറില്‍ അയച്ചു തരാനായി 595 പൗണ്ട് അയക്കണമെന്നായിരിക്കും അടുത്ത നിര്‍ദേശം. വിവിധ കൊറിയര്‍ കമ്പനികളുടെ പേരുകളും അവയുടെ കൊറിയര്‍ ചാര്‍ജും മെയിലില്‍ വിശദമായി ഉണ്ടാകും. ഇതില്‍ ഏത് കൊറിയര്‍ കമ്പനി വേണമെന്ന് താങ്കള്‍ക്ക് തിരഞ്ഞെടുക്കാമെന്ന നിര്‍ദേശവുമുണ്ടാകും. ഇന്‍ഷുറന്‍സ് തുകയായ 1650 പൗണ്ടും അഡ്മിനിസ്ട്രോഷന്‍ തുകയായ 240 പൗണ്ടും തങ്ങള്‍ അടച്ചുവെന്നും ബാക്കി തുക അടച്ചാല്‍ മതിയെന്നുമായിരിക്കും ഇ-മെയില്‍ സന്ദേശം. 191,000 പൗണ്ട് ലഭിക്കുന്നതല്ലെ എന്ന് കരുതി തുക അയച്ചു കൊടുത്താല്‍ പിന്നെ ഇവരെക്കുറിച്ച് യാതോരു വിവരവുമുണ്ടാകില്ല. അയച്ച തുക അത്രയും നഷ്ടപ്പെട്ടത് തന്നെ. നോക്കിയ ഇത്തരത്തിലുള്ള ഒരു പ്രമോഷന്‍ നടത്തുന്നില്ലെന്നും ഇത് വന്‍ തട്ടിപ്പാണെന്നും നോക്കിയ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ഇ-മെയില്‍ വഴിയാണ് ഇത്തരം സന്ദേശങ്ങള്‍ വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ മൊബൈല്‍ ഫോണിലേക്ക് നേരിട്ടാണ് തട്ടിപ്പ് സന്ദേശം എത്തുന്നത്. യു.എ.ഇയിലെ നൂറുകണക്കിന് മൊബൈല്‍ ഫോണിലേക്കാണ് ഇത്തരം തട്ടിപ്പ് സന്ദേശങ്ങള്‍ എത്തിയിരിക്കുന്നത്.
- ജെ. എസ്.
( Wednesday, May 07, 2008 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്