നീലചിത്ര വ്യവസായം പ്രതിസന്ധിയില്‍
അമേരിക്കയിലെ കാലിഫോണിയ യിലെ ഏറ്റവും വലിയ വ്യവസായങ്ങളില്‍ ഒന്നായ നീല ചിത്ര നിര്‍മ്മാണം ഒരു വന്‍ പ്രതിസന്ധി നേരിടുന്നു. നീല ചിത്രങ്ങളില്‍ അഭിനയിക്കുന്ന 22 പേര്‍ക്കാണ് കഴിഞ്ഞ കാലങ്ങളില്‍ എഛ്. ഐ. വി. ബാധ കണ്ടെത്തിയത്. ഈ കഴിഞ്ഞ ആഴ്ച്ച നീല ചിത്ര രംഗത്തെ അതി പ്രശസ്തയായ ഒരു നടിക്ക് എഛ്. ഐ. വി. ബാധ കണ്ടെത്തിയതോടെയാണ് ഈ രംഗത്ത് മതിയായ സുരക്ഷാ മുന്‍കരുതല്‍ പാലിക്കപ്പെടുന്നില്ല എന്ന് അധികൃതരുടെ നിലപാട് ശക്തിപ്പെട്ടത്. 2004ല്‍ വ്യാപകമായ എഛ്. ഐ. വി. ബാധ കാലിഫോണിയയിലെ നീല ചിത്ര നിര്‍മ്മാണ രംഗത്ത് ഉണ്ടാവുകയും അന്ന് അധികൃതര്‍ ഇടപെട്ട് സിനിമാ നിര്‍മ്മാണം നാല് ആഴ്ച്ചകളോളം നിര്‍ത്തി വെക്കുകയും ചെയ്തിരുന്നു. അതിനു ശേഷം ഇത് ആദ്യമായാണ് ഇത്തരം ഒരു കേസ് പുറത്തു വരുന്നത്.
ഇപ്പോള്‍ വൈറസ് ബാധ ഉള്ള നടിക്ക് ഒപ്പം നീല ചിത്ര നിര്‍മ്മാണത്തില്‍ പങ്കെടുത്ത മറ്റാര്‍ക്കും എഛ്. ഐ. വി. ബാധ ഉള്ളതായി കണ്ടെത്തിയിട്ടില്ല. എന്നാലും വൈറസ് ബാധ വൈദ്യ പരിശോധനയിലൂടെ കണ്ടെത്താന്‍ ചിലപ്പോള്‍ ദിവസങ്ങള്‍ വേണ്ടി വരും. ഈ കാരണത്താല്‍ ഇവരെ ആരെയും അടുത്ത 14 ദിവസത്തേക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അനുവദിക്കില്ല എന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. Labels: ആരോഗ്യം, തൊഴില്‍ നിയമം
- ജെ. എസ്.
( Saturday, June 13, 2009 ) |
ബഹറൈന്‍ സ്പോണ്‍സര്‍ സമ്പ്രദായം നിര്‍ത്തലാക്കും
തൊഴിലാളികളെ സ്പോണ്‍സര്‍ ചെയ്യുന്ന സമ്പ്രദായം മൂന്ന് മാസത്തിനകം നിര്‍ത്തലാക്കും എന്ന് ബഹറൈന്‍ അറിയിക്കുന്നു. വിദേശ തൊഴിലാളികളെ കച്ചവട ചരക്കായിട്ട് അല്ല മനുഷ്യരായി ആണ് നോക്കി കാണുവാന്‍ ആഗ്രഹിക്കുന്നത് എന്ന് ഇത് സംബന്ധിച്ച് വിശദീകരണം നല്‍കിയ ബഹറൈന്‍ തൊഴില്‍ മന്ത്രി മജീദ് അല്‍ അലാവി അറിയിച്ചു. തൊഴില്‍ രംഗത്ത് നിലവില്‍ ഉള്ള വിസാ കച്ചവടവും ചൂഷണവും തടയുവാന്‍ ഉദ്ദേശിച്ചാണ് പുതിയ നിയമം കൊണ്ടു വരുന്നത്. പുതിയ നിയമം നിലവില്‍ വരുന്നതോടെ സ്പോണ്‍സര്‍ ഷിപ്പ് സംവിധാനം ഒഴിവാക്കുന്ന ആദ്യ അറബ് രാജ്യം ആവും ബഹറൈന്‍.
അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണ് ഗള്‍ഫില്‍ നില നില്‍ക്കുന്ന സ്പോണ്‍സര്‍ ഷിപ്പ് സമ്പ്രദായം എന്ന് വ്യാപകം ആയ വിമര്‍ശനം നിലവിലുണ്ട്. തൊഴില്‍ വിസകള്‍ തൊഴിലാളികളെ ജോലി ഉപേക്ഷിക്കുന്നതില്‍ നിന്നും വിലക്കുന്നു. ജോലി ഉപേക്ഷിക്കുന്ന തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും നാട് കടത്തുകയും ആവാം. അന്താരാഷ്ട്ര തൊഴില്‍ സംഘടനയില്‍ അംഗമായ ബഹറൈന്‍ ഈ പുതിയ വിസാ നിയമം ഓഗസ്റ്റ് ഒന്നിന് പ്രാബല്യത്തില്‍ വരുത്തുവാന്‍ ഉദ്ദേശിക്കുന്നു. ഈ നിയമം നിലവില്‍ വരുന്നതോടെ തൊഴിലാളികള്‍ക്ക് സ്വതന്ത്രമായി പിഴയും ശിക്ഷയും കൂടാതെ തൊഴില്‍ മാറുവാന്‍ കഴിയും. തൊഴിലാളികളുടെ ശമ്പളവും പാസ്പോര്‍ട്ടും തൊഴില്‍ ദാതാവിന് പിടിച്ചു വെക്കുവാനും ഇനി മുതല്‍ കഴിയില്ല. ഒരു ബഹറിന്‍ സ്വദേശിക്ക് സ്വതന്ത്രമായി തൊഴില്‍ മാറുവാന്‍ കഴിയും എന്നിരിക്കെ എന്ത് കൊണ്ട് ഒരു ഇന്ത്യാക്കാരന് അതിന് അവകാശമില്ല? ഈ വ്യവസ്ഥിതിക്ക് യുക്തിയില്ല എന്ന് തങ്ങള്‍ക്ക് ബോധ്യം വന്നതിനാല്‍ ആണ് പുതിയ നിയമം കൊണ്ടു വരുവാന്‍ തീരുമാനിച്ചത്. ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ മന്ത്രിമാര്‍ എല്ലാം തന്നെ ഈ പഴകിയ നിയമം ആര് ആദ്യം ഒഴിവാക്കും എന്ന് ഉറ്റു നോക്കി കൊണ്ടിരി ക്കുകയായിരുന്നു. ഞങ്ങള്‍ അത് ആദ്യം ചെയ്യുവാന്‍ തീരുമാനിച്ചു എന്നും അലാവി വെളിപ്പെടുത്തി. ബഹറൈനിലെ അഞ്ചര ലക്ഷത്തോളം തൊഴിലാളികളില്‍ 75% പേരും വിദേശികളാണ്. Labels: തൊഴില്‍ നിയമം, ബഹറൈന്‍
- ജെ. എസ്.
( Wednesday, May 06, 2009 ) 2 Comments:
Links to this post: |
അമേരിക്കന്‍ വിസാ തട്ടിപ്പ് സംഘം അറസ്റ്റില്‍
H1 B വിസ വ്യാജ രേഖകള്‍ ഉപയോഗിച്ച് സംഘടിപ്പിച്ച് അമേരിക്കയിലേക്ക് ആളുകളെ കടത്തുന്ന ഒരു സംഘത്തെ അമേരിക്കന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പതിനൊന്ന് പേരില്‍ ഭൂരിഭാഗവും ഇന്ത്യാക്കാര്‍ ആണെന്നാണ് അറിയുന്നത്. ഇവരുടെ പൌരത്വം തല്‍ക്കാലം പോലീസ് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇവരുടെ പേരുകള്‍ സൂചിപ്പിക്കുന്നത് ഇവരില്‍ മിക്കവരും ഇന്ത്യന്‍ വംശജരാണ് എന്നു തന്നെയാണ്.
ന്യൂ ജേഴ്സി ആസ്ഥാനം ആയി പ്രവര്‍ത്തിച്ച വിഷ്യന്‍ സിസ്റ്റംസ് ഗ്രൂപ്പ് എന്ന കമ്പനി ആണ് വിസാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വെട്ടില്‍ ആയിരിക്കുന്നത്. ഈ കമ്പനിയുടെ വെബ് സൈറ്റില്‍ ലഭ്യം ആയിരുന്ന വിവരം അനുസരിച്ച് ഇതിന്റെ പ്രസിഡന്റ് വിശ്വ മണ്ഡലപു എന്നയാളാണ്. എന്നാല്‍ പോലീസ് അറസ്റ്റില്‍ ആയതിനെ തുടര്‍ന്ന് ഈ വെബ് സൈറ്റില്‍ നിന്ന് കമ്പനി മാനേജ്മെന്റിനെ പറ്റി പ്രതിപാദിക്കുന്ന പേജ് അപ്രത്യക്ഷം ആയിരിക്കുന്നു. കമ്പനി തട്ടിപ്പ് നടത്തി ഏതാണ്ട് 7.5 മില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ് സമ്പാദിച്ചത് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. എന്നാല്‍ ഇത് ഇത്തരം തട്ടിപ്പ് കഥകളുടെ ഒരു ചെറിയ ഉദാഹരണം മാത്രം ആണ് എന്നാണ് നിഗമനം. വിഷ്യന്‍ സിസ്റ്റംസ് ഗ്രൂപ്പിന് പുറമെ വേറെ അഞ്ച് കമ്പനികള്‍ കൂടെ ഇത്തരം വിസാ തട്ടിപ്പ് ആരോപണങ്ങളെ തുടര്‍ന്ന് അന്വേഷണത്തിന് വിധേയം ആണ്. അന്വേഷണം പുരോഗമിക്കുന്നതോടെ ഇത്തരം തട്ടിപ്പികളുടെ കൂടുതല്‍ കഥകള്‍ പുറത്തു വരും എന്നാണ് കരുതപ്പെടുന്നത്.
Labels: അമേരിക്ക, തട്ടിപ്പ്, തൊഴില്‍ നിയമം, പ്രവാസി
- ജെ. എസ്.
( Saturday, February 14, 2009 ) |
അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്ക് നിയന്ത്രണത്തിനു സാധ്യത
അമേരിക്കന്‍ സെനറ്റിനു മുന്നില്‍ ഉള്ള ഒരു ബില്ലിന് അംഗീകാരം ലഭിക്കുന്നതോടെ അമേരിക്കന്‍ കമ്പനികളില്‍ ജോലി ചെയ്യുന്ന ആയിര കണക്കിന് ഇന്ത്യന്‍ ഐ. ടി. വിദഗ്ധര്‍ക്ക് ഭീഷണിയാവും. സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ അമേരിക്കന്‍ സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കുന്ന കമ്പനികള്‍ എച് വണ്‍ ബി വിസ ഉള്ള വിദേശ തൊഴിലാളികളെ നിയമിക്കുന്നതില്‍ നിന്നും വിലക്കുന്നതാണ് ഈ ബില്ലിലെ ഒരു നിബന്ധന. അമേരിക്കന്‍ സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്ന സ്ഥാപനങ്ങള്‍ അമേരിക്കന്‍ പൌരന്മാരുടെ തൊഴില്‍ അവസരങ്ങള്‍ക്ക് മുന്‍ തൂക്കം നല്‍കണം എന്നതാണ് പ്രസ്തുത നിബന്ധനകള്‍ മുന്നോട്ട് വെച്ച സെനറ്റര്‍മാരുടെ അഭിപ്രായം. രാജ്യം കടന്നു പോകുന്ന ഈ വിഷമ ഘട്ടത്തില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് അമേരിക്കന്‍ തൊഴിലാളികളെ സംരക്ഷിക്കാന്‍ ഉള്ള ധാര്‍മ്മിക ബാധ്യത ഉണ്ട് എന്നും ഇവര്‍ പറയുന്നു.
ഈ ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ, ഏറ്റവും അധികം എച് വണ്‍ ബി വിസയുടെ ആനുകൂല്യം ലഭിക്കുന്ന വിഭാഗം എന്ന നിലയില്‍, ഇന്ത്യന്‍ ഐ. ടി. വിദഗ്ധരെ ആവും ഇത് കൂടുതലും പ്രതികൂലം ആയി ബാധിക്കുക എന്നത് ഇവരില്‍ ആശങ്ക ഉയര്‍ത്തുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ 21,000 വിസകള്‍ ആണത്രെ വിദേശ തൊഴിലാളികള്‍ക്കായി അമേരിക്കന്‍ കമ്പനികള്‍ ആവശ്യപ്പെട്ടത്. Labels: അമേരിക്ക, ഐ.ടി, തൊഴില്‍ നിയമം, പ്രവാസി
- ജെ. എസ്.
( Saturday, February 07, 2009 ) |
തിരിച്ചറിയല്‍ കാര്‍ഡ് e പത്രത്തില്‍
യു. എ. ഇ. ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് e പത്രത്തില്‍ ലഭ്യമാക്കിയതോടെ ആയിര ക്കണക്കിന് ആളുകള്‍ ആണ് കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ കൊണ്ട് ഈ സൌകര്യം ഉപയോഗ പ്പെടുത്തിയത്. ഇത്തരം ഒരു വിപുലമായ സംരംഭത്തില്‍ എമിറേറ്റ്സ് ഐഡി അധികൃതരുമായി സഹകരിക്കുവാനും ഈ ഉദ്യമത്തില്‍ പങ്കാളിയാകുവാനും സാധിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഒരു പക്ഷെ ആദ്യമായാവും ഇത്തരം ഒരു കൂട്ടായ പ്രവര്‍ത്തനം ഇത്തരം ഒരു സംരംഭത്തില്‍ യു. എ. ഇ. യില്‍ നടക്കുന്നത്. തങ്ങളുടെ സെര്‍വര്‍ വമ്പിച്ച ജന തിരക്ക് മൂലം അപ്രാപ്യം ആയ സാഹചര്യത്തില്‍ മറ്റ് വെബ് സൈറ്റുകളെ കൂടി ഉള്‍പ്പെടുത്തി ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ട എമിറേറ്റ്സ് ഐഡി വകുപ്പിന്റെ വീക്ഷണം പ്രശംസനീയം തന്നെയാണ്. e administration ഇത്തരത്തില്‍ ഒരു ജനകീയ പ്രവര്‍ത്തനം ആവുന്ന സംഭവം ലോകത്ത് തന്നെ അത്യപൂര്‍വ്വം ആണ്. സാങ്കേതിക വിദ്യയുടെ ശരിയായ ഉപയോഗവും വിഭവ ശേഷിയുടെ ശാസ്ത്രീയമായ വിതരണവും വഴി എമിറേറ്റ്സ് ഐഡി ഒരു പുതിയ മാതൃക തന്നെയാണ് ലോകത്തിനു മുന്നില്‍ കാഴ്ച്ച വെച്ചിരിക്കുന്നത്. ഇതിലേക്കായി നിര്‍മ്മിച്ച ഓഫ് ലൈന്‍ റെജിസ്റ്ററേഷന്‍ ആപ്പ്ലിക്കേഷന്‍ എന്ന സോഫ്റ്റ് വെയറിന്റെ ആശയവും പ്രശംസനീയമാണ്. ഇന്റര്‍നെറ്റ് ബാന്‍ഡ് വിഡ്ത്തിന്റെ ഉപയോഗം വെട്ടിച്ചുരുക്കുക കൂടി ആയിരുന്നു ഇതിന്റെ ഫലം.
e പത്രത്തില്‍ നിന്ന് ഈ സോഫ്റ്റ്വെയര്‍ ലഭിക്കാന്‍ ഈ പേജ് സന്ദര്‍ശിക്കുക.
Labels: തൊഴില്‍ നിയമം, പ്രവാസി, യു.എ.ഇ.
- ജെ. എസ്.
( Tuesday, November 25, 2008 ) |
ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങാനുള്ള തിരക്ക് വര്‍ദ്ധിച്ചു
യു.എ.ഇ.യില്‍ ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങാനുള്ള തിരക്ക് വര്‍ദ്ധിച്ചു. ഡിസംബര്‍ 31 ആണ് അവസാന തിയതി. അതേ സമയം, രജിസ്റ്റര്‍ ചെയ്യാനുള്ള സ്ഥലത്തെല്ലാം വന്‍ തിരക്ക് ആണ് അനുഭവപ്പെടുന്നത്. ഒരു ദിവസം മുഴുവന്‍ ക്യൂ നിന്നാലും ഫോം വാങ്ങാനാകുന്നില്ലെന്ന പരാതിയും വ്യാപകമാകുന്നു. മാത്രമല്ല, തിരക്ക് കാരണം ഓണ്‍ലൈന്‍ വഴിയുള്ള രജിസ്ട്രേഷനും പ്രാവര്‍ത്തികമാകുന്നില്ല. പുലര്‍ച്ചെ രണ്ട് മണി മുതല്‍ നാല് മണി വരെ മാത്രമേ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടക്കുന്നുള്ളുവെന്നും റിപ്പോര്‍ട്ടുണ്ട്. 2009ല്‍ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത സ്വദേശികളും വിദേശീയരും അടക്കം എല്ലാവരുടെയും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ ബാങ്കുകള്‍ തീരുമാനിച്ചിരുന്നു. കൂടാതെ, സര്‍ക്കാര്‍ സേവനങ്ങളൊന്നും ലഭ്യമാകില്ല. 2010 വരെ പ്രവാസികള്‍ക്ക് പിഴയടക്കേണ്ടി വരില്ലെന്ന് അധികൃതര്‍ അറിയിച്ചു.
Labels: ഗള്‍ഫ്, തൊഴില്‍ നിയമം, പ്രവാസി, യു.എ.ഇ.
- സ്വന്തം ലേഖകന്‍
( Tuesday, November 18, 2008 ) |
പൊതു മാപ്പ് കാലത്ത് കുവൈറ്റില്‍ പോലീസ് നടപടിയില്ല
കുവൈറ്റ് : പൊതു മാപ്പ് കാലത്ത് താമസ രേഖകള്‍ ഇല്ലാത്തവര്‍ ക്കെതിരെ പോലീസ് നടപടികള്‍ ഉണ്ടാകില്ലെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈയിടെ താമസ രേഖകള്‍ കൈവശമി ല്ലാത്തവര്‍ ക്കെതിരെ ഇന്ത്യന്‍ എംബസി പരിസരത്ത് പോലീസ് നടപടി ഉണ്ടായെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്.
എന്നാല്‍ ഈ ആനുകൂല്യം 2008 ഓഗസ്റ്റ് 29 ന് മുമ്പ് ഇഖാമ കഴിഞ്ഞവര്‍ക്ക് മാത്രമായി രിക്കുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. Labels: കുവൈറ്റ്, തൊഴില്‍ നിയമം
- ജെ. എസ്.
( Saturday, September 20, 2008 ) |
ജിദ്ദയില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പടെ ആറായിരം വിദേശികളെ നാട് കടത്തി
ജിദ്ദയിലും മക്കയിലും അനധികൃത താമസക്കാരായി കഴിഞ്ഞിരുന്ന ആറായിര ത്തിലധികം വിദേശികളെ കഴിഞ്ഞ ദിവസം സ്വദേശത്തേക്ക് കയറ്റി അയച്ചു.
ജിദ്ദയിലെ കന്തറാ പാലത്തിന് താഴെ കഴിഞ്ഞിരുന്ന ചില മലയാളികളും ഇതില്‍പ്പെടും. അനധികൃത താമസക്കാര്‍ക്ക് അഭയം നല്‍കുന്നവര്‍ കടുത്ത ശിക്ഷയ്ക്ക് വിധേയരാകേണ്ടി വരുമെന്ന് പാസ് പോര്‍ട്ട് വകുപ്പ് മുന്നറിയിപ്പ് നല്‍കി. Labels: തൊഴില്‍ നിയമം, സൌദി
- ജെ. എസ്.
( Wednesday, September 03, 2008 ) |
യു.എ.ഇ.യില്‍ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ട്ട്ടൈം ജോലി ചെയ്യാനായേക്കും
യു.എ.ഇയില്‍ പഠിക്കുന്ന പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക്പാര്‍ട്ട് ടൈം ജോലി ചെയ്യുന്നതിന് അനുമതി ലഭിച്ചേക്കും. ഇത് സംബന്ധിച്ച് നിയമം രൂപീകരിക്കാന്നുള്ള ശ്രമത്തിലാണ് അധികൃതര്‍.
വിദേശ തൊഴിലാളികളെ കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി. ജനസംഖ്യാ അസന്തുലിതത്വം കുറുയ്ക്കുന്നതിന് ഇതടക്കം നിരവധി നിര്‍ദേശങ്ങളാണ് ഡെമോക്രാറ്റിക് സ്ട്രക്ച്ര്‍ കമ്മിറ്റി മന്ത്രിസഭയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നത്. Labels: തൊഴില്‍ നിയമം, യു.എ.ഇ., വിദ്യാഭ്യാസം
- ജെ. എസ്.
( Wednesday, September 03, 2008 ) |
സൌദിയില്‍ വിദേശികളെ കുറയ്ക്കും
സൗദിയിലെ വിദേശ തൊഴിലാളികളുടെ എണ്ണം 2010 ഓടെ 20 ശതമാനമായി കുറക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ആകെയുള്ള തൊഴിലാളികളില്‍ പത്ത് ശതമാനത്തില്‍ കൂടുതല്‍ ഏതെങ്കിലുമൊരു രാജ്യത്ത് നിന്നുള്ളവരാ യിരിക്കരുതെന്നും മന്ത്രാലയം നിര്‍ദേശിച്ചു. ഇന്ത്യക്കാരെ ഇത് പ്രതികൂലമായി ബാധിക്കും.
Labels: തൊഴില്‍ നിയമം, സൌദി
- ജെ. എസ്.
( Monday, September 01, 2008 ) |
കുവൈറ്റില്‍ ഹോട്ട് ലൈന്‍ സംവിധാനം
കുവൈറ്റില്‍ തൊഴില്‍ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് മന്ത്രാലയത്തില്‍ പരാതി നല്‍കുന്നതിന് ഹോട്ട് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി.
128 എന്ന നമ്പറില്‍ വിളിച്ച് വിസ, സ്പോണ്‍ സര്‍ഷിപ്പ്, തൊഴില്‍ കരാര്‍ എന്നിവയെ പ്പറ്റിയുള്ള പരാതികള്‍ ബോധിപ്പിക്കാം. വിസ കച്ചവടക്കാരേയും തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നവരേയും നിയന്ത്രിക്കുന്നതിന് ഈ സംവിധാനം ഗുണം ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു. Labels: കുവൈറ്റ്, തൊഴില്‍ നിയമം
- ജെ. എസ്.
( Monday, September 01, 2008 ) |
കുവൈറ്റില്‍ പൊതുമാപ്പ്
സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 15 വരെയാണ് പൊതു മാപ്പ് കാലാവധി. കുവൈറ്റ് അമീര്‍ ശൈഖ് സബാ അഹമ്മദ് അല്‍ സബായുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് പൊതു മാപ്പ് പ്രഖ്യാപി ച്ചിരിക്കുന്നത്.
റമസാനിനോട് അനുബന്ധിച്ചാണ് അമീര്‍ പൊതു മാപ്പ് പ്രഖ്യാപിക്കാന്‍ ഉത്തരവിട്ടത്. അടുത്ത മാസം ഒന്ന് മുതല്‍ ഒക്ടോബര്‍ 15 വരെയാണ് പൊതു മാപ്പ് കാലാവധി. അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് പിഴയോ മറ്റ് ശിക്ഷാ നടപടികളോ ഇല്ലാതെ ഇക്കാലയളവില്‍ രാജ്യം വിടാനാകും. അതേ സമയം അനധികൃത താമസക്കാര്‍ക്ക് പിഴ അടയ്ക്കുക യാണെങ്കില്‍ പുതിയ വിസയിലേക്ക് മാറി രാജ്യത്ത് തുടരാനുള്ള അവസരവും ഉണ്ട്. കുവൈറ്റില്‍ 21 ലക്ഷം വിദേശികള്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ ആറ് ലക്ഷത്തോളം പേര്‍ ഇന്ത്യക്കാരാണ്. ഇന്ത്യക്കാരില്‍ 11 ശതമാനം പേര്‍ അനധികൃതമായി കുവൈറ്റില്‍ തങ്ങുന്നവ രാണെന്നാണ് അനൗദ്യോഗിക കണക്കുകള്‍. രണ്ട് വര്‍ഷം മുമ്പാണ് കുവൈറ്റില്‍ ഇതിന് മുമ്പ് പൊതു മാപ്പ് പ്രഖ്യാപിച്ചത്. അന്ന് ആറായിര ത്തോളം ഇന്ത്യക്കാര്‍ പൊതു മാപ്പ് പ്രയോജന പ്പെടുത്തി ഇന്ത്യയിലേക്ക് മടങ്ങി എന്നാണ് കണക്ക്. ഇപ്പോള്‍ ഒന്നര മാസത്തേക്ക് പ്രഖ്യാപി ച്ചിരിക്കുന്ന പൊതു മാപ്പില്‍ അനധികൃത മായി താമസിക്കുന്ന പരമാവധി പേര്‍ രാജ്യം വിടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അനധികൃ തമായി രാജ്യത്ത് തങ്ങിയതിന്‍റെ പേരില്‍ പിടിയിലായ 86 മലയാളികള്‍ ഇപ്പോള്‍ കുവൈറ്റിലെ വിവിധ ജയിലുകളി ലുണ്ടെന്നാണ് കണക്ക്. പൊതു മാപ്പ് പ്രഖ്യാപിച്ച തോടെ ഇവര്‍ക്ക് മോചനമാവും. Labels: കുവൈറ്റ്, തൊഴില്‍ നിയമം
- ജെ. എസ്.
( Sunday, August 31, 2008 ) |
യു.എ.ഇ. യില്‍ എല്ലാ വിദേശികള്‍ക്കും ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി
2010 അവസാനത്തോടെ യു.എ.ഇ. യിലുള്ള എല്ലാ വിദേശികളും ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് സ്വന്തമാക്കി യിരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. വാഹനം വാങ്ങുന്നതിനും വില്‍ക്കുന്നതിനും, ബാങ്ക് ഇടപാടുകള്‍ക്കും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുമെന്നും എമിറേറ്റ്സ് ഐഡന്‍റിറ്റി അഥോറിറ്റി ഡയറക്ടര്‍ ജനറല്‍ ഡാര്‍വിഷ് അല്‍ സറൂനി വ്യക്തമാക്കി. തിരിച്ചറിയല്‍ കാര്‍ഡില്ലെങ്കില്‍ അടുത്ത വര്‍ഷം തുടക്കം മുതല്‍ സ്വദേശികള്‍ക്കും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും യാതൊരു വിധത്തിലുള്ള സേവനവും ലഭിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. സ്വദേശികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വേണമെന്ന് നേരത്തേ തന്നെ അധികൃതര്‍ വ്യക്ത മാക്കിയിരുന്നു. തിരിച്ചറിയല്‍ കാര്‍ഡിനായുള്ള സ്വദേശികളുടെ രജിസ്ട്രേഷന്‍ നടപടികള്‍ തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്ക് ഐഡന്‍റിറ്റി വകുപ്പിന്‍റെ കാള്‍ സെന്‍റര്‍ നമ്പരായ 600 523 432 എന്ന നമ്പരില്‍ വിളിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
Labels: തൊഴില്‍ നിയമം, യു.എ.ഇ.
- ജെ. എസ്.
( Tuesday, August 26, 2008 ) |
കേരളത്തില്‍ നിന്ന് നിയമ വിരുദ്ധമായി ഡ്രൈവര്‍മാരെ ദുബായില്‍ എത്തിക്കുന്നു
ദുബായ് റോഡ് ആന്‍റ് ട്രാന്സ്പോര്ട്ട് അഥോറിറ്റിയുടെ വിസയുടെ മറവില്‍ കേരളത്തില്‍ നിന്നും നിയമ വിരുദ്ധമായി ഡ്രൈവര്‍മാരെ ദുബായില്‍ എത്തിച്ച് പണം തട്ടിയെടുക്കുന്ന സംഘം കേരളത്തില്‍ പ്രവര്‍ത്തി ക്കുന്നതായി കണ്ടെത്തി. മലയാളത്തിലെ ഒരു പ്രമുഖ ചാനലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
ബോംബെ ആസ്ഥാനമായ ആംകോസ് ട്രെയഡ് ലിംങ്ക്സ് എന്ന സ്ഥാപനത്തിന്റെ കൊച്ചി ശാഖയാണ് വന്‍ തുക വാങ്ങി നാട്ടില്‍ നിന്നും ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്തത്. ഇന്ത്യാ ഗവര്‍മെന്‍റ് ഈ റിക്രൂട്ട്മെന്‍റ് നിര്‍ത്തണമെന്ന് നേരത്തെ രേഖാ മൂലം ആവശ്യപ്പെട്ട തായിരുന്നു. ദുബായ് റോഡ് ആന്‍റ് ട്രാന്സ്പോര്ട്ട് അഥോറിറ്റിയുടെ കീഴിലുള്ള ടാക്സി സര്‍വീസുകളില്‍ മാസ ശമ്പള സംവിധാനമില്ല. പകരം കമ്മീഷന്‍ വ്യവസ്ഥയാണ് ഉള്ളത്. യു.എ.ഇ. യിലെ മിക്ക ടാക്സി സര്‍വീസുകളും ഈ രീതിയാണ് പിന്‍തുടരുന്നത്. ദിവസവും വണ്ടിയോടി കിട്ടുന്ന തുകക്കനു സരിച്ചാണ് കമ്മീഷന്‍. 370 ദിര്‍ഹത്തി നോടിയാല്‍ 35 ശതമാനം കമ്മീഷന്‍ കിട്ടും. എന്നാല്‍ ഇന്ത്യാ ഗവര്‍മെന്‍റ് കമ്മീഷന്‍ സംവിധാനം ഉള്ള ജോലിക്ക് എമിഗ്രേഷന്‍ ക്ലീയറന്‍സ് നല്‍കാറില്ല. അതാണ് ഈ റിക്രൂട്ട്മെന്‍റ് നിര്‍ത്തണ മെന്ന് ആവശ്യപ്പെടാന്‍ കാരണം. അതു കാരണം വ്യാജ തൊഴില്‍ കരാറും പവര്‍ ഓഫ് അറ്റോര്‍ണിയും ഉണ്ടാക്കി കേരളത്തില്‍ നിന്നുള്ളവര്‍ക്ക് മുംബെ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നും എമിഗ്രേഷന്‍ ക്ലീയറന്‍സ് വാങ്ങി. എമിഗ്രേഷന്‍ ക്ലിയറന്‍സ് സമയത്ത് ഇവര്‍ക്ക് വെയിറ്റര്‍ ജോലിയാണ് കാണിച്ചത്. എന്നാല്‍ വിസ ദുബായ് സര്‍ക്കാറിന്‍റെ കീഴിലുള്ള സ്ഥാപനമായ ആര്‍.ടി.എ. യുടെയാണ്. ഒരാളുടെ പക്കല്‍ നിന്നും ഒന്നര ലക്ഷം രൂപ വീതമാണ് വാങ്ങിയത്. ഭക്ഷണം ഒഴികെയുള്ള എല്ലാ സംവിധാനവും വാഗ്ദാനം ചെയ്തു. ദുബായിലെ താമസ സൗകര്യമായിരുന്നു മുഖ്യ ആകര്‍ഷണം. എന്നാല്‍ ഇവിടെ എത്തിയ പ്പോഴുള്ള അവസ്ഥ വേറെ ആയിരുന്നു. ഇത്തരത്തില്‍ മുന്നൂറ് പേരെയാണ് റിക്രൂട്ട് ചെയ്തത്. കോടികളുടെ ലാഭമാണ് ഇതിലൂടെ റിക്രൂട്ടിംഗ് ഏജന്‍സി നേടിയത്. നേരത്തെ വൈദീകനായിരുന്ന ഫാ.സാമുവല്‍ എന്ന തോമസാണ് ആംകോസ് ട്രെയഡ് ലിംക്സിന്‍റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. എയര്‍ മീഡിയ ടൂറ്സ് ആന്‍റ് ട്രാവല്‍സ് എന്ന സ്ഥാപനത്തിലൂടെ നേരത്തെ തൊഴില്‍ തട്ടിപ്പ് നടത്തിയതിന്‍റെ പേരില്‍ ഇയാളെ ഇന്ത്യ ഗവര്‍മെന്‍റ് കരിമ്പട്ടികയില്‍ പെടുത്തിയി ട്ടുള്ളതാണ്. Labels: തട്ടിപ്പ്, തൊഴില്‍ നിയമം
- ജെ. എസ്.
( Wednesday, August 20, 2008 ) |
കുവൈറ്റില്‍ സ്വദേശി വത്ക്കരണം ശക്തമാക്കുന്നു
കുവൈറ്റില്‍ സര്‍ക്കാര്‍ കോണ്‍ട്രാക്റ്റുകള്‍ ലഭിക്കുന്ന സ്ഥാപനങ്ങളില്‍ സാധ്യമായ എല്ലാ ഒഴിവുകളിലും സ്വദേശികളെ നിയമിക്കുന്ന തിനുള്ള നടപടിക ളെടുക്കും. തൊഴില്‍ സാമൂഹ്യ കാര്യ മന്ത്രാലയം അറിയിച്ച താണിത്. ഇതിന്‍റെ ആദ്യ പടി എന്ന നിലയില്‍ കുവൈറ്റി കള്‍ക്ക് അനുയോജ്യമായ തസ്തികകളുടെ പട്ടിക തയ്യാറാക്കു ന്നതിന് സമിതി രൂപീകരിച്ചിട്ടുണ്ട്. സ്വദേശി വത്ക്കരണ ത്തിന്‍റെ ഭാഗമായാണ് ഈ നടപടി.
Labels: കുവൈറ്റ്, തൊഴില്‍ നിയമം
- ജെ. എസ്.
( Sunday, August 17, 2008 ) |
ദുബായില്‍ വീസാ ഇന്‍ഷൂറന്‍സ് നിരക്കുകള്‍ പ്രഖ്യാപിച്ചു
ദുബായില്‍ സന്ദര്‍ശക വിസയില്‍ എത്തുന്ന വര്‍ക്കുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഫീസ് നിരക്ക് അധികൃതര്‍ പ്രഖ്യാപിച്ചു. ഒമാന്‍, അമാന്‍ എന്നീ ഇന്‍ഷുറന്‍സ് കമ്പനികള്‍ മുഖേനയാണ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കേണ്ടത്.
ദുബായില്‍ സന്ദര്‍ശക വിസയില്‍ എത്തുന്ന വര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധ മാക്കിയത് കഴിഞ്ഞ മാസം 29 മുതലാണ്. വിവിധ സന്ദര്‍ശക വിസയ്ക്കുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സുകളുടെ നിരക്കാണ് ദുബായ് താമസ കുടിയേറ്റ വകുപ്പ്- ഡി.എന്‍.ആര്‍.ഡി- പ്രഖ്യാപിച്ചത്. 30 ദിവസത്തേ ക്കുള്ള സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്ക് 40 ദിര്‍ഹമായിരിക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഫീസ്. 90 ദിവസത്തേ ക്കുള്ള വിസയ്ക്ക് ഇത് 90 ദിര്‍ഹവും 180 ദിവസത്തേ ക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയ്ക്ക് ഇത് 185 ദിര്‍ഹവുമായിരിക്കും. മെഡിക്കല്‍, ആക്സിഡന്‍റ് എന്നിവ കവര്‍ ചെയ്യുന്നവ യായിരിക്കും ഈ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി. ഒമാന്‍, അമാന്‍ എന്നീ ഇന്‍ഷുറന്‍സ് കമ്പനികള്‍ മുഖേനയാണ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കേണ്ടത്. വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികളുടെ കൗണ്ടറുകളില്‍ നിന്ന് ഈ സേവനം ലഭിക്കും. ജാഫിലിയയിലെ താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്തും അബുഹെയ്ല്‍, ജബല്‍ അലി ഫ്രീ സോണ്‍, ദുബായ് വിമാനത്താവളം, ഡനാട്ട, ഉമ്മുസുഖൈം, ജബല്‍ അലി എന്നിവിട ങ്ങളിലുള്ള ഡി. എന്‍. ആര്‍. ഡി. യുടെ വിവിധ ശാഖകളിലുമാണ് ഈ സേവനം ലഭിക്കുക. Labels: തൊഴില്‍ നിയമം, ദുബായ്
- ജെ. എസ്.
( Wednesday, August 13, 2008 ) |
വീസക്ക് വാടക കരാര്‍ - നിയമം ദുബായിലില്ല
കുടുബ വിസ ലഭിക്കണ മെങ്കില്‍ വിസ അപേക്ഷന്‍ താമസ വാടക കരാറിന്റെ രേഖ ഹാജരാക്ക ണമെന്ന നിയമം ദുബായില്‍ നടപ്പിലാക്കില്ല. എന്നാല്‍ ഷാര്‍ജ, അബുദാബി എന്നീ എമിറേറ്റുകള്‍ ഈ നിയമം നടപ്പിലാക്കി കഴിഞ്ഞു.
കുടുംബ വിസ ലഭിക്കണ മെങ്കില്‍ വിസ അപേക്ഷകന്‍ താമസിക്കുന്ന ഫ്ലാറ്റിന്‍റേയോ വില്ലയുടേയോ സ്വന്തം പേരിലുള്ള വാടക കരാര്‍ രേഖ ഹാജരാക്ക ണമെന്ന നിയമം അബുദാബിയിലും ഷാര്‍ജയിലും ദിവസങ്ങള്‍ക്ക് മുമ്പാണ് നിലവില്‍ വന്നത്. കുടുംബങ്ങള്‍ക്ക് സൗകര്യവും സുരക്ഷയുമുള്ള താമസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇത് സംബന്ധിച്ച് ആശങ്കകള്‍ പടരുന്നതി നിടെയാണ് ദുബായില്‍ ഈ നിയമം ബാധക മാകില്ലെന്ന് അധികൃതര്‍ അറിയിച്ചത്. ദുബായില്‍ കുടുബ വിസ ലഭിക്കാന്‍ വാടക കരാര്‍ രേഖ നല്‍കേ ണ്ടതില്ലെന്ന് ദുബായ് താമസ കുടിയേറ്റ വകുപ്പ് ആക്ടിംഗ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ വ്യക്തമാക്കി. എന്നാല്‍ കുടുംബത്തെ കൊണ്ടു വരുന്നവര്‍ താമസ സൗകര്യം നേരത്തെ തന്നെ ഒരുക്കിയിരി ക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ താമസ സൗകര്യം ഒരുക്കിയി ട്ടുണ്ടെന്ന് വ്യക്തമായാല്‍ മാത്രമേ വിസ അനുവദിക്കു കയുള്ളൂ. അതേ സമയം കുടുംബ വിസ ലഭിക്കാന്‍ വാടക കരാര്‍ നല്‍കണമെന്ന നിയമം രാജ്യത്തെ എല്ലാ ഇമിഗ്രേഷന്‍ കേന്ദ്രങ്ങളിലും ബാധക മാണെന്ന് ആഭ്യന്ത്ര മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കി യിട്ടുണ്ട്. ഏതായാലും ദുബായില്‍ ഈ നിയമം ബാധക മാകില്ലെന്ന് അധികൃതര്‍ വ്യക്ത മാക്കിയത് മലയാളികള്‍ അടക്കമുള്ള നിരവധി സാധാരണ ക്കാര്‍ക്ക് ആശ്വാസമാകും. Labels: തൊഴില്‍ നിയമം, ദുബായ്
- ജെ. എസ്.
( Wednesday, August 13, 2008 ) |
ദുബായില്‍ 1614 അനധിക്യത താമസക്കാര്‍ പിടിയില്‍
കഴിഞ്ഞ നാല് മാസങ്ങളിലായി ദുബായില്‍ നടത്തിയ പരിശോധനകളില്‍ 1614 അനധികൃത താമസക്കാര്‍ പിടിയിലായി. ഇതില്‍ 630 പേര്‍ രാജ്യത്തേക്ക് നുഴഞ്ഞു കയറിയവരാണെന്ന് അധികൃതര്‍ അറിയിച്ചു.
പിടിയിലായവരെ നാടുകടത്തും. രാജ്യത്ത് നുഴഞ്ഞ് കയറിയവര്‍ക്ക് താമസ സൗകര്യമോ ജോലിയോ നല്‍കിയവര്‍ക്ക് രണ്ട് മാസം വരെ തടവും ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ശിക്ഷയും ലഭിക്കും. Labels: തൊഴില്‍ നിയമം, യു.എ.ഇ., ശിക്ഷ
- ജെ. എസ്.
( Monday, August 11, 2008 ) |
പണിയിടത്തില്‍ തൊഴിലാളികളെ താമസിപ്പിക്കുന്ന കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കും
ജോലി സ്ഥലത്ത് തൊഴിലാളികളെ താമസിപ്പിക്കുന്ന കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അബുദാബി പ്ലാനിംഗ് ആന്‍ഡ് എക്കണോമി ഡിപ്പാര്‍ട്ട്മെന്‍റാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് പുറപ്പെടുവി ച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം മാത്രം പരിശോധനകളില്‍ ഇത്തരം 1000 സംഭവങ്ങള്‍ കണ്ടെത്തിയിരുന്നു. തെറ്റു തിരുത്താന്‍ കമ്പനികള്‍ക്ക് 24 മണിക്കൂര്‍ സമയം നല്‍കും. ഇതിനകം തൊഴിലാളികള്‍ക്ക് മതിയായ താമസ സൗകര്യം നല്‍കിയില്ലെങ്കില്‍ സ്ഥാപനം അടച്ചിടേണ്ടി വരും. തൊഴില്‍ സ്ഥലത്ത് തൊഴിലാളികളെ താമസിപ്പി ക്കരുതെന്ന് തൊഴില്‍ മന്ത്രാലയവും നിര്‍ദേശിച്ചിട്ടുണ്ട്. തൊഴിലാളികള്‍ക്ക് നല്‍കേണ്ട താമസ സൗകര്യങ്ങളെ ക്കുറിച്ച് മന്ത്രാലയം വ്യവ്യസ്ഥകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഈ വ്യവസ്ഥകള്‍ ലംഘിക്കുന്ന കമ്പനികള്‍ക്ക് 10,000 ദിര്‍ഹം പിഴ ചുമത്തുകയും കമ്പനിയുടെ ഇടപാടുകള്‍ തടയുകയും ചെയ്യും. പരിശോധന കര്‍ശനമാക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. Labels: തൊഴില്‍ നിയമം, യു.എ.ഇ.
- ജെ. എസ്.
( Saturday, August 09, 2008 ) |
കുവൈറ്റില്‍ ഏഷ്യാക്കാര്‍ക്ക് നിയന്ത്രണം
ഏതാനും ഏഷ്യന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ നല്‍കുന്നതിന് കുവൈറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തി. തൊഴില്‍ മന്ത്രാലയം അറിയിച്ചതാണിത്. എന്നാല്‍ ഈ രാജ്യങ്ങള്‍ ഏതാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
കുവൈറ്റിലെ ജനസംഖ്യാ അനുപാതം സന്തുലിതമായി നില നിര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. മൊത്തം 32 ലക്ഷം ജനങ്ങളുള്ള കുവൈറ്റില്‍ 22 ലക്ഷം പേരും വിദേശികളാണ്. ഇന്ത്യക്കാര്‍ ആറ് ലക്ഷം പേരുണ്ട് ഇവിടെ. ഈ പുതിയ നിയന്ത്രണം ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ സ്വദേശികളെ ഉദ്ദേശിച്ചുള്ളതാണെന്നാണ് നിഗമനം. Labels: കുവൈറ്റ്, തൊഴില്‍ നിയമം
- ജെ. എസ്.
( Tuesday, August 05, 2008 ) |
കുവൈറ്റില്‍ നിന്ന് ആയിരത്തോളം തൊഴിലാളികളെ നാട് കടത്തി
കുവൈറ്റില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ക്ലീനിംഗ് തൊഴിലാളികളുടെ സമരത്തില്‍ പങ്കെടുത്ത ആയിരത്തോളം ബംഗ്ലാദേശി തൊഴിലാളികളെ നാടു കടത്തി.
സമരം അക്രമത്തിലേക്ക് നീങ്ങിയതിനെ തുടര്‍ന്നാണ് ഈ നടപടി. തുടക്കത്തില്‍ ആഭ്യന്തര മന്ത്രാലയം തൊഴിലാളികളോട് അനുഭാവ പൂര്‍വം പെരുമാറി എങ്കിലും സമരം അക്രമാസക്ത മായതോടെ ശക്തമായ നടപടി എടുക്കുക യായിരുന്നു. എന്നാല്‍ ക്ലീനിംഗ് തൊഴിലാളികള്‍ക്ക് ശമ്പള വര്‍ധനയും മെച്ചപ്പെട്ട താമസ സൗകര്യവും നല്‍കണമെന്ന് കുവൈറ്റ് തൊഴില്‍ മന്ത്രാലയം കമ്പനികളോട് നിര്‍ദേശിച്ചു. Labels: കുവൈറ്റ്, തൊഴില്‍ നിയമം, പ്രതിഷേധം, പ്രവാസി
- ജെ. എസ്.
( Thursday, July 31, 2008 ) |
യു.എ.ഇ. യില്‍ പുതിയ ഫെഡറല്‍ വിസ നിയമം ഇന്ന് മുതല്‍
ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ ഫെഡറല്‍ നിയമത്തില്‍ 16 പുതിയ തരം വിസകള്‍ അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിസിറ്റ് വിസ നല്‍കുന്നതിന് ചില നിബന്ധനകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഒരു മാസം ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ടേം വിസകളും 90 ദിവസം ദൈര്‍ഘ്യമുള്ള ലോംഗ് ടേം വിസിറ്റ് വിസകളും അപേക്ഷകന്‍റെ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് മാത്രമേ നല്‍കുകയുള്ളൂ. ഇനി മുതല്‍ ഓരോ വിസ അപേക്ഷയ്ക്കുമൊപ്പം 1000 ദിര്‍ഹം ഡെപ്പോസിറ്റ് ചെയ്യണം. രാജ്യത്ത് പ്രവേശിക്കുന്നവരെല്ലാം ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കണമെന്ന നിബന്ധനയുമുണ്ട്. പുതിയ നിയമ പ്രകാരം എല്ലാ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ടൂറിസ്റ്റ് വിസ അനുവദിക്കും. നിലവില്‍ ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ടൂറിസ്റ്റ് വിസ നല്‍കിയിരുന്നില്ല. ട്രാവല്‍ ഏജന്‍റുമാര്‍ക്കും ഹോട്ടലുകള്‍ക്കും മാത്രമേ ടൂറിസ്റ്റ് വിസകള്‍ക്കായി അപേക്ഷ സമര്‍പ്പിക്കാനാവൂ. വ്യക്തികളുടെ അപേക്ഷകള്‍ സ്വീകരിക്കില്ല. അതേ സമയം വിസിറ്റ് വിസയില്‍ ജോലി ചെയ്യുന്നവ ര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വിസിറ്റ് വിസയില്‍ ജോലി ചെയ്യുന്നത് പിടിക്കപ്പെട്ടാല്‍ തൊഴിലാളി ചുരുങ്ങിയത് 50,000 ദിര്‍ഹം പിഴ അടക്കേണ്ടി വരും. കൂടാതെ യു.എ.ഇ.യില്‍ പ്രവേശിക്കുന്നതിന് നിരോധനവും ഏര്‍പ്പെടുത്തും. വിസിറ്റ് വിസക്കാരെ ജോലിക്ക് വയ്ക്കുന്നവര്‍ക്ക് കനത്ത പിഴ ശിക്ഷയും ഉണ്ടാകും. ആറ് മാസത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ, എജ്യുക്കേഷന്‍ വിസ, മെഡിക്കല്‍ ട്രീറ്റ്മെന്‍റ് വിസ തുടങ്ങിയ 16 തരം വിസകളാണ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരിക.
Labels: തൊഴില്‍ നിയമം, യു.എ.ഇ.
- ജെ. എസ്.
( Tuesday, July 29, 2008 ) |
ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് എടുക്കേണ്ടത് സ്പോണ്‍സര്‍
യു.എ.ഇ.യിലെ എല്ലാ വിസകള്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വേണമെന്ന നിബന്ധന നടപ്പിലാക്കേണ്ടത് സ്പോണ്‍സര്‍ മാരാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അതായത് വിസ എടുക്കുന്ന സ്പോണ്‍സര്‍ തന്നെ ഹെല്‍ത്ത് ഇന്‍ഷുറന്‍സിനുള്ള തുകയും അടയ്ക്കണം. ഈ മാസം 29 മുതലാണ് പുതിയ വിസ നിയമം യു.എ.ഇ.യില്‍ നടപ്പിലാവുന്നത്. എല്ലാ വിസിറ്റ് വിസകളും ഇനി മുതല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ മാത്രമേ നല്‍കുകയുള്ളൂ. എന്നാല്‍ എത്ര തുകയാണ് ഇന്‍ഷുറന്‍സ് തുകയായി അടയ്ക്കേണ്ടതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
Labels: ആരോഗ്യം, തൊഴില്‍ നിയമം, യു.എ.ഇ.
- ജെ. എസ്.
( Saturday, July 26, 2008 ) |
യു.എ.ഇ. വിസിറ്റ് വിസ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു
അയല്‍ രാജ്യങ്ങളില്‍ പോയി വിസ മാറ്റി തിരിച്ചു വരുന്ന സംവിധാനം നിര്‍ത്തലാക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. നിലവിലെ വിസകള്‍ക്ക് പുറമേ പുതിയ തരം വിസിറ്റ് വിസകള്‍ യു.എ.ഇ. പ്രഖ്യാപിച്ചത് ജൂണ്‍ മാസത്തിലാണ്. 16 തരം വിസിറ്റ് വിസകള്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്യും.
സൗകര്യപ്രദമായ വിസകള്‍ പ്രഖ്യാപിച്ചതിനൊപ്പം തന്നെ വിസിറ്റ് വിസ നിയമങ്ങള്‍ യു.എ.ഇ കൂടുതല്‍ കര്‍ശന മാക്കുക യാണിപ്പോള്‍. നിലവില്‍ വിസിറ്റ് വിസയില്‍ ഉള്ളവര്‍ അത് മാറ്റാന്‍ തൊട്ടടുത്ത ഒമാനിലോ കിഷ് ഐലന്‍റിലോ പോയി മറ്റൊരു വിസിറ്റ് വിസയില്‍ രാജ്യത്ത് തിരിച്ചെത്തുകയാണ് ചെയ്തിരുന്നത്. എന്നാല്‍ അയര്‍ രാജ്യങ്ങളില്‍ പോയി വിസ മാറ്റി തിരിച്ചു വരുന്ന സംവിധാനം നിര്‍ത്തലാക്കാന്‍ അധികൃതര്‍ ആലോചിക്കുന്നതായി അറിയുന്നു. ഈ നടപടി നിരുത്സാഹ പ്പെടുത്തുമെന്ന് ബന്ധപ്പെട്ടവര്‍ ഇതിനകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. വിസിറ്റ് വിസയില്‍ ഉള്ളവര്‍ വിസ മാറാന്‍ തൊട്ടടുത്ത രാജ്യങ്ങളില്‍ പോകാതെ സ്വന്തം രാജ്യത്തേക്ക് പോകണമെന്ന് എന്‍ട്രി പെര്‍മിറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ മുഹമ്മദ് അഹമ്മദ് അല്‍ ഹമ്മാദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. തൊട്ടടുത്ത രാജ്യങ്ങളില്‍ വിസ മാറ്റത്തിന് പോകുന്നവരുടെ വിസ അപേക്ഷ തിരസ്ക്കരിക്കുമെന്നും അധികൃതരുടെ മുന്നറിയിപ്പുണ്ട്. ഷാര്‍ജയില്‍ ഇതിനകം തന്നെ വിസിറ്റ് വിസകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ക്കഴിഞ്ഞു. ഒരു വിസിറ്റ് വിസ കഴിഞ്ഞ് ഒരു മാസത്തിന് ശേഷമേ അടുത്ത വിസിറ്റ് വിസ നല്‍കുകയുള്ളൂ എന്നാണ് അധികൃതരുടെ തീരുമാനം. ഏതായാലും ഇത് സംബന്ധിച്ചുള്ള വ്യക്തമായ നിയമം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അധികൃതര്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
Labels: തൊഴില്‍ നിയമം, യു.എ.ഇ.
- ജെ. എസ്.
( Thursday, July 24, 2008 ) |
സമരം ചെയ്ത തൊഴിലാളികളെ വിട്ടയച്ചു
യു.എ.ഇ.യില്‍ തൊഴില്‍ സമരം അക്രമാസക്തം ആയതിനെ തുടര്‍ന്ന് പട്ടാളം തടങ്കലില്‍ വെച്ച മൂവായിരത്തില്‍ പരം തൊഴിലാളികളെ വിട്ടയച്ചു. ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് ഇവരെ വിട്ടയച്ചത്. ഇനിയും ഇത്തരം അതിക്രമങ്ങളില്‍ ഏര്‍പ്പെടാതെ യു.എ.ഇ. നിയമങ്ങള്‍ അനുസരിച്ച് തങ്ങളുടെ ജോലി ചെയ്തു ജീവിച്ചു കൊള്ളാം എന്ന്‍ ഇവര്‍ അധികൃതര്‍ക്ക് നല്‍കിയ ഉറപ്പിന്‍ മേലാണ് ഇവരെ വിട്ടയയ്ക്കാന്‍ തീരുമാനം ആയത്. പതിമൂന്ന് ദിവസത്തോളം ഇവര്‍ പട്ടാളത്തിന്റെ പിടിയില്‍ ആയിരുന്നു.
എന്നാല്‍ സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയ എട്ട് പേരെ വിട്ടയച്ചിട്ടില്ല. ഇവര്‍ക്കെതിരെ നടപടി തുടരും എന്ന് പോലീസ് അറിയിച്ചു. ഏഴ് ഇന്ത്യാക്കാരും ഒരു ബംഗ്ലാദേശിയും ആണ് ഇപ്പോള്‍ പോലീസ് പിടിയില്‍ ഉള്ളത്. Labels: തൊഴില്‍ നിയമം, പ്രതിഷേധം, യു.എ.ഇ., ശിക്ഷ
- ജെ. എസ്.
( Thursday, July 17, 2008 ) |
പുറത്താക്കപ്പെട്ട ഇന്ത്യാക്കാര്‍ക്ക് ബ്രിട്ടനിലേയ്ക്ക് തിരിച്ചു വരാന്‍ അനുമതി
കോടതി വിധിയെ തുടര്‍ന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രവാസി ഇന്ത്യക്കാരെ പ്രതികൂലമായി ബാധിച്ച ഇമിഗ്രേഷന്‍ നിയമങ്ങള്‍ പിന്‍വലിച്ചു. നവമ്പര്‍ 2006ല്‍ നടപ്പിലാക്കിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ പതിനായിര ക്കണക്കിന് ഇന്ത്യാക്കാര്‍ക്ക് തങ്ങളുടെ ജോലി നഷ്ടപ്പെടാന്‍ ഇടയാക്കിയിരുന്നു.
യൂറോപ്യന്‍ യൂണിയനു പുറത്തു നിന്നുള്ള പ്രവാസികള്‍ക്കാണ് ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ളവരെ പ്രോത്സാഹിപ്പിയ്ക്കാന്‍ വേണ്ടി ആണ് ബ്രിട്ടന്‍ ഇങ്ങനെ ഒരു നിയമം കൊണ്ടു വന്നിരുന്നത്. എന്നാല്‍ പിന്‍കാല പ്രാബല്യത്തോടെ ഈ നിയമം നടപ്പിലാക്കിയപ്പോള്‍ ബ്രിട്ടനില്‍ ജോലി ചെയ്തു വന്നിരുന്ന പതിനായിര ക്കണക്കിന് ഇന്ത്യാക്കാര്‍ക്ക് ജോലി നഷ്ടപ്പെടുകയുണ്ടായി. ഈ നിയമം ഇവര്‍ ചെയ്യുന്ന ജോലികള്‍ക്ക് ഇവരെ അയോഗ്യരായി പ്രഖ്യാപിച്ചത് ആയിരുന്നു കാരണം. ഒരു ജോലിയ്ക്ക് ആളെ നിയമിയ്ക്കുമ്പോള്‍ പ്രസ്തുത തസ്തികയ്ക്ക് യൂറോപ്യന്‍ യൂണിയന്‍ അംഗ രാജ്യങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഇല്ലെങ്കില്‍ മാത്രമെ പുറമെ നിന്നുള്ളവര്‍ക്ക് തൊഴില്‍ നല്‍കാവൂ എന്ന് നിഷ്കര്‍ഷിക്കു ന്നതായിരുന്നു ഈ നിയമം. ഇത് മുന്‍ കാല പ്രാബല്യത്തില്‍ നടപ്പിലാക്കിയതോടെ പ്രവാസി ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ ജോലി നഷ്ടപ്പെടുകയാണ് ഉണ്ടായത്. ഇതിനെ തുടര്‍ന്ന് അയ്യായിരത്തോളം ഇന്ത്യക്കാര്‍ തിരികെ നാട്ടിലേയ്ക്ക് മടങ്ങി. വിസ കാലാവധി നീട്ടി കിട്ടാന്‍ അപേക്ഷിച്ച പലര്‍ക്കും സര്‍ക്കാര്‍ നാട് കടത്തല്‍ ഉത്തരവായിരുന്നു നല്‍കിയത്. ഇതറിഞ്ഞ പലരും കാലാവധി നീട്ടുവാനുള്ള അപേക്ഷ പോലും നല്‍കാതെ നാട്ടിലേയ്ക്ക് മടങ്ങുകയും ചെയ്തു. ഇതിനെതിരെ പ്രവാസി ഇന്ത്യാക്കാര്‍ നടത്തിയെ നിയമ യുദ്ധം വിജയിക്കുകയും ഏപ്രില്‍ എട്ടിന് ഇന്ത്യാക്കാര്‍ക്ക് അനുകൂലമായ വിധി പ്രഖ്യാപിയ്ക്കുകയും ചെയ്തത് e പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുന്‍ കാല പ്രാബല്യത്തോടെ ഇങ്ങനെ ഒരു നിയമം നടപ്പിലാക്കാനാവില്ല എന്നായിരുന്നു കോടതിയുടെ പക്ഷം. ഈ വിധിയുടെ പശ്ചാത്തലത്തില്‍ ആണ് ബ്രിട്ടീഷ് സര്‍ക്കാര്‍ തങ്ങളുടെ നയം മാറ്റിയതായി അറിയിച്ചിട്ടുള്ളത്. രാജ്യം വിട്ട ഇന്ത്യാക്കാര്‍ക്ക് ഇനി ബ്രിട്ടനിലേയ്ക്ക് മടങ്ങാനാവും. ഇങ്ങനെ വിസയ്ക്ക് അപേക്ഷിക്കുന്നവരില്‍ നിന്ന ഫീസ് ഈടക്കുകയുമില്ല എന്ന് ഈ നിയമത്തിന് എതിരായി നിരന്തരം പ്രയത്നിച്ച് വിജയം കണ്ട പ്രവാസി ഫോറത്തിന്റെ ഡയറക്ടര്‍ അമിത് കപാഡിയ അറിയിച്ചു. Labels: തൊഴില്‍ നിയമം, പ്രവാസി, ബ്രിട്ടന്‍
- ജെ. എസ്.
( Friday, July 11, 2008 ) |
പ്രവാസികള്‍ക്ക് പരിശീലനം നല്‍കും
ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ജോലി തേടി എത്തുന്ന ഇന്ത്യാക്കാര്‍ക്ക് ഇവിടത്തെ പ്രത്യേക സാഹചര്യങ്ങളില്‍ ജോലി ചെയ്യുവാനുള്ള അടിസ്ഥാന തയ്യാറെടുപ്പുകള്‍ നടത്തുവാന്‍ ഉതകുന്ന പരിശീലന പരിപാടി പ്രവാസി കാര്യ വകുപ്പ് തയ്യാറാക്കുന്നു.
ആദ്യഘട്ടമായി പതിനായിരത്തോളം പേര്‍ക്കാണ് പരിശീലനം നല്‍കുക എന്ന് പ്രവാസി കാര്യ മന്ത്രി ശ്രീ വയലാര്‍ രവി അറിയിച്ചു. ഏറ്റവും അധികം തൊഴിലാളികള്‍ ഗള്‍ഫിലേയ്ക്ക് പോകുന്ന ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളിലാണ് പരിശീലന പരിപാടി ഒരുക്കുന്നത്. ആദ്യ ഘട്ടത്തില്‍ കേരളം, കര്‍ണ്ണാടകം, ആന്ധ്ര, തമിഴ് നാട്, പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാവും പദ്ധതി നടപ്പിലാക്കുക. മറ്റ് സംസ്ഥാനങ്ങളിലും അടുത്ത ഘട്ടത്തില്‍ പരിശീലന പരിപാടി സംഘടിപ്പിയ്ക്കും. Labels: ഗള്‍ഫ്, തൊഴില്‍ നിയമം, പ്രവാസി
- ജെ. എസ്.
( Thursday, July 10, 2008 ) |
യു.എ.ഇ.യില്‍ സമരം: 3000 ഇന്ത്യാക്കാര്‍ അറസ്റ്റില്‍
മോശപ്പെട്ട ജീവിത സാഹചര്യങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച 3000 ത്തോളം ഇന്ത്യന്‍ തൊഴിലാളികളെ യു.എ.ഇ.യിലെ റാസല്‍ഖൈമയില്‍ പട്ടാളത്തിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു. ഇതാദ്യമായാണ് യു.എ.ഇ. ഒരു തൊഴില്‍ തര്‍ക്കം പരിഹരിയ്ക്കാന്‍ പട്ടാളത്തിനെ ഉപയോഗിയ്ക്കുന്നത്.
അബുദാബിയില്‍ നിന്നും ദുബായില്‍ നിന്നും എത്തിയ പട്ടാള സംഘങ്ങള്‍ തൊഴിലാളികളെ അറസ്റ്റ് ചെയ്ത് അബുദാബിയുടെ പ്രാന്ത പ്രദേശത്തെവിടെയോ ഉള്ള ഒരു രഹസ്യ സങ്കേതത്തിലേയ്ക്ക് കൊണ്ട് പോയിരിക്കുകയാണ് എന്ന് ഒരു പ്രമുഖ ഇന്ത്യന്‍ പത്രമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റാസല്‍ ഖൈമയിലെ ഒരു പ്രശസ്തമായ സെറാമിക് നിര്‍മ്മാണ കമ്പനിയിലാണ് സംഭവം. വെള്ളിയാഴ്ച രാത്രിയാണ് തൊഴിലാളികള്‍ തങ്ങളുടെ ലേബര്‍ ക്യാമ്പില്‍ ലഭിച്ച മോശം ഭക്ഷണത്തെ ചൊല്ലി പ്രതിഷേധിച്ചത്. പ്രതിഷേധം അക്രമാസക്തമാവുകയും ഇവര്‍ ക്യാമ്പിലെ ജനാലകളും ഫര്‍ണിച്ചറുകളും മറ്റും തല്ലി പൊട്ടിക്കുകയും, ക്യാമ്പിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തീ വെച്ച് നശിപ്പിക്കുകയും ചെയ്തു എന്ന് യു.എ.ഇ.യിലെ ഇന്ത്യന്‍ സ്ഥാനപതി തല്‍മീസ് അഹമ്മദ് അറിയിച്ചു. ക്യാമ്പിന്റെ കാന്റീനിലാണത്രെ പ്രശ്നം തുടങ്ങിയത്. മോശം ഭക്ഷണം വിളംബിയതിനെ മൂന്ന് തൊഴിലാളികള്‍ ചോദ്യം ചെയ്തത് വാഗ്വാദമായി മാറുകയും കുപിതരായ തൊഴിലാളികള്‍ കാന്റീന്‍ നടത്തിപ്പുകാരനെ കയ്യേറ്റം ചെയ്യുകയുമുണ്ടായി. ഇതേ തുടര്‍ന്ന് പോലീസ് സംഭവ സ്ഥലത്ത് എത്തി ഇവരെ അറസ്റ്റ് ചെയ്തു. എന്നാല്‍ ഇവരെ കൊണ്ട് പോവാന്‍ മറ്റ് തൊഴിലാളികള്‍ അനുവദിച്ചില്ലത്രെ. തങ്ങള്‍ക്ക് വേണ്ടിയാണ് ഇവര്‍ പ്രശ്നം ഉണ്ടാക്കിയതെന്നു ഇവരെ കൊണ്ട് പോവാന്‍ തങ്ങള്‍ അനുവദിയ്ക്കില്ല എന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് തൊഴിലാളികള്‍ പോലീസിനെ പിന്തിരിപ്പിക്കാന്‍ പോലീസിനെ കല്ലെറിയുകയും ചെയ്തുവത്രെ. അക്രമാസക്തരായ ജനക്കൂട്ടം ഇതിനിടയില്‍ പോലീസിന്റെ വാഹനങ്ങള്‍ കത്തിച്ചു കളയുകയും ചെയ്തതായ് അറിയുന്നു. ഇതിനെ തുടര്‍ന്നാണ് പട്ടാളം രംഗത്തെത്തിയത്. ക്യാമ്പ് മുഴുവന്‍ കയറി മുഴുവന്‍ തൊഴിലാളികളേയും പട്ടാളം അറസ്റ്റ് ചെയ്യാന്‍ ഇടയായത് ഇങ്ങനെയാണ്. മുറികളില്‍ കയറി ഒളിച്ച പലരേയും വാതില്‍ ചവുട്ടി പോളിച്ചും മുറി തന്നെ ഇടിച്ച് നശിപ്പിച്ചും ആണത്രെ പട്ടാളം അറസ്റ്റ് ചെയ്തത്. ക്യാമ്പില്‍ ഉണ്ടായിരുന്ന 3000 ത്തോളം തൊഴിലാളികളെ അറസ്റ്റ് ചെയ്തു എങ്കിലും ഇതില്‍ എല്ലാവര്‍ക്കും അക്രമ സംഭവങ്ങളില്‍ പങ്കില്ല. ഇവരുടെ വിരലടയാളങ്ങള്‍ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ചോദ്യം ചെയ്യല്‍ ഇപ്പോഴും തുടരുകയാണ്. അക്രമത്തില്‍ പങ്കുണ്ടെന്ന് തെളിയുന്നവരെ തടവ് ശിക്ഷയ്ക്ക് വിധിക്കും. തടവ് കാലാവധി കഴിഞ്ഞാല്‍ ഇവരെ നാട് കടത്തുകയും ചെയ്യും. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഇന്ത്യാക്കാരും മറ്റ് രാജ്യക്കാരും ഉണ്ടെന്ന് കേന്ദ്ര പ്രവാസി കാര്യ മന്ത്രി ശ്രീ വയലാര്‍ രവി അറിയിച്ചു. യു.എ.ഇ.യിലെ ഇന്ത്യന്‍ കാര്യാലയം ഇവരെ മോചിപ്പിയ്ക്കാന്‍ യു.എ.ഇ. അധികാരികളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തി വരികയാണ് എന്നും മന്ത്രി പറഞ്ഞു. Labels: കുറ്റകൃത്യം, തൊഴില്‍ നിയമം, പോലീസ്, പ്രതിഷേധം, പ്രവാസി, യു.എ.ഇ.
- ജെ. എസ്.
( Tuesday, July 08, 2008 ) |
ഇന്ത്യയിലേക്കുള്ള വീസ ഫീസ് നിരക്കില്‍ ഭേദഗതി
ഒമാനില്‍ നിന്നും ഇന്ത്യയിലേക്കു പോകുന്ന വിദേശികള്‍ക്കുള്ള വിസ ഫീസില്‍ ഭേദഗതികള്‍ വരുത്തി. ആറ് മാസത്തെ കാലാവധിയുള്ള ടൂറിസ്റ്റ് വിസകള്‍ക്കും പഠന വിസകള്‍ക്കും പഴയ നിരക്കായ പതിനഞ്ചര റിയാല്‍ തന്നെയായിരിക്കും. ആറ് മാസം കാലാവധിയുള്ള മറ്റ് വിസകള്‍ക്ക് മുപ്പത് റിയാലായി ഫീസുയര്‍ത്തി. പതിനഞ്ച് റിയാലായിരുന്നു പഴയ നിരക്ക്.
മസ്ക്കറ്റില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ അംബാസിഡര്‍ അനില്‍ വാദ്വയാണ് ഇക്കാര്യം അറിയിച്ചത്. ജൂലായ് ഒന്നു മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും. Labels: ഒമാന്‍, തൊഴില്‍ നിയമം
- Jishi Samuel
( Tuesday, July 01, 2008 ) |
യു.എ.ഇ. യില്‍ പുതിയ സന്ദര്‍ശക വിസകള്‍ പ്രഖ്യാപിച്ചു
ഓഗാസ്റ്റ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ വിസകള്‍ പ്രഖ്യാപിച്ചു. ഒരു മാസത്തേക്കും മൂന്ന് മാസത്തേക്കും ആറ് മാസത്തേക്കുമുള്ള സന്ദര്‍ശക വിസകളാണ് ഇവ. ഒരു മാസത്തേക്കുള്ള സന്ദര്‍ശക വിസയ്ക്ക് 500 ദിര്‍ഹവും മൂന്ന് മാസത്തേക്കുള്ള സന്ദര്‍ശക വിസയ്ക്ക് 1000 ദിര്‍ഹവും ആറ് മാസത്തേക്കുള്ള സന്ദര്‍ശക വിസയ്ക്ക് 2000 ദിര്‍ഹവുമായിരിക്കും ഫീസ്.
ആറ് മാസത്തേക്കുള്ള സന്ദര്‍ശക വിസയില്‍ രാജ്യത്ത് നിന്ന് എത്ര തവണ വേണമെങ്കിലും പുറത്ത് പോവുകയും രാജ്യത്തേക്ക് പ്രവേശിക്കുകയും ചെയ്യാം. പുതിയ മെഡിക്കല്‍, വിദ്യാഭ്യാസ വിസകളും പുതിയതായി നിലവില്‍ വരും. Labels: തൊഴില്‍ നിയമം, യു.എ.ഇ.
- ജെ. എസ്.
( Tuesday, June 10, 2008 ) |
വിസ തട്ടിപ്പിനിരയായ മലയാളികള്‍ അമേരിക്കയില്‍ നിരാഹാര സത്യഗ്രഹം തുടങ്ങി
അമേരിക്കയില്‍ ഗ്രീന്‍ കാര്‍ഡും കുടുംബ സമേതം താമസിച്ച് ജോലി ചെയ്യുവാനുള്ള അവസരവും വാഗ്ദാനം ചെയ്ത് ഗള്‍ഫില്‍ നിന്നും ഇന്ത്യയില്‍ നിന്നും കോണ്ടു വന്ന മലയാളികള്‍ വിസ തട്ടിപ്പിനിരയായി. ഗള്‍ഫിലും ഇന്ത്യയിലുമുള്ള പ്രമുഖ പത്രങ്ങളില്‍ മുംബായിലെ ഒരു റിക്രൂട്ട്മെന്റ് കമ്പനി നല്‍കിയ പരസ്യം കണ്ട് ജോലിയ്ക്ക് അപേക്ഷിച്ചവരാണ് തട്ടിപ്പിന് ഇരയായത്. ഫാമിലി വിസ ഇല്ലാതെ ഗള്‍ഫില്‍ ജോലി ചെയ്തു വന്ന ഇവര്‍ കുടുംബ സമേതം അമേരിക്കയില്‍ ഗ്രീന്‍ കാര്‍ഡോടു കൂടി ജോലി ചെയ്യാം എന്ന കമ്പനിയുടെ വാഗ്ദാനം കണ്ടാണ് തങ്ങളുടെ ജോലികള്‍ കളഞ്ഞ് അമേരിക്കയിലേക്കുള്ള വിസയ്ക്ക് അപേക്ഷിച്ചത്.
സച്ചിന്‍ ദേവന്‍ എന്ന മുംബായിലെ ഏജന്റ് ഇവരുടെ പക്കല്‍ നിന്നും വിസയ്ക്കായി രണ്ട് ലക്ഷം രൂപ വീതം വാങ്ങിയത്രെ. എന്നാല്‍ ഇവരെ അമേരിക്കയിലേക്ക് കൊണ്ട് വന്നത് H-2B എന്ന താല്‍ക്കാലിക വിസയിലായിരുന്നു. മിസ്സിസിപ്പിയിലേയും ടെക്സാസിലേയും കപ്പല്‍ നിര്‍മ്മാണ ശാലകളില്‍ ജോലി ചെയ്ത ഇവരുടെ ജീവിത സാഹചര്യങ്ങള്‍ ദയനീയമായിരുന്നു. ഇടുങ്ങിയ ലേബര്‍ ക്യാമ്പുകളില്‍ 24 പേരെ ഒരു മുറിയില്‍ കുത്തിനിറച്ചാണ് ഇവര്‍ താമസിച്ചിരുന്നത്. ഇവര്‍ക്ക് ക്യാമ്പ് വിട്ട് പുറത്തിറങ്ങുവാനും നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. ഇതിനെല്ലാം പുറമെ ഇവരുടെ ശമ്പളത്തില്‍ നിന്നും മാസം പ്രതി 1050 ഡോളര്‍ കമ്പനി ഇവരുടെ ചിലവിന് എന്ന് പറഞ്ഞ് കുറയ്ക്കുകയും ചെയ്തു. തങ്ങള്‍ ചതിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയ തൊഴിലാളികള്‍ ജോലി ഉപേക്ഷിച്ച് വാഷിങ്ടണിലെ എംബസ്സി റോയില്‍ പൊതു സ്ഥലത്ത് നിരാഹാര സത്യഗ്രഹം തുടങ്ങി. ഏറ്റവും കൂടുതല്‍ നാള്‍, അതായത് 23 ദിവസം നിരാഹാരമിരുന്ന മലയാളിയായ പോള്‍ കോണാര്‍ (54) ഇതിനിടെ അവശനിലയില്‍ ആശുപത്രിയിലുമായി. ഇദ്ദേഹത്തെ ചികിത്സയ്ക്ക് ശേഷം വ്യാഴാഴ്ച വിട്ടയച്ചു. തങ്ങളുടെ കമ്പനിയ്ക്കും, റിക്രൂട്ട്മെന്റ് ഏജന്‍സിയ്ക്കും എതിരേ ഇവര്‍ കേസ് കൊടുത്തിട്ടുമുണ്ട്. എന്നാല്‍ ജോലി ഉപേക്ഷിച്ചതോടെ താല്‍ക്കാലിക വിസയിലായിരുന്ന ഇവര്‍ക്ക് അമേരിക്കയില്‍ നില്‍ക്കാനുള്ള നിയമസാധുത നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ അവസ്ഥയില്‍ കേസ് നടത്തുവാനും ബുദ്ധിമുട്ടാകും എന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഈ തൊഴിലാളികളുടെ കഷ്ട സ്ഥിതി കണ്ട് അന്വേഷണം നടത്തുവാനും കേസ് നടക്കുന്ന കാലയളവില്‍ ഇവര്‍ക്ക് നിയമ സംരക്ഷണം നല്‍കുവാനും ഹൌസ് ഓഫ് റെപ്രസെന്റേറ്റിവ്സിലെ മൂന്ന് ഉന്നത ഡെമോക്രാറ്റുകള്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം തുടങ്ങിയതായി ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് അറിയിച്ചു. വാര്‍ത്തയ്ക്ക് കടപ്പാട്: The New York Times Labels: അമേരിക്ക, തട്ടിപ്പ്, തൊഴില്‍ നിയമം, പ്രവാസി, മനുഷ്യാവകാശം
- ജെ. എസ്.
( Saturday, June 07, 2008 ) |
യു.എ.ഇ.യില്‍ വീസ ഫീസ് ഉടന്‍ വര്‍ധിപ്പിക്കില്ല
യു.എ.ഇ.യില്‍ സന്ദര്‍ശക വിസയ്ക്കുള്ള ഫീസ് വര്‍ധനവ് ഇതു വരെ നടപ്പിലാക്കിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സന്ദര്‍ശക വിസയ്ക്കുള്ള ഫീസ് വര്‍ധനവ് നടപ്പിലാക്കാന്‍ തീരുമാനം എടുത്തിട്ടുണ്ട്. എന്നാല്‍ ഇത് പ്രാബല്യത്തില്‍ വന്നിട്ടില്ല.
ഒരു മാസത്തേക്കുള്ള സന്ദര്‍ശക വിസയ്ക്ക് 500 ദിര്‍ഹവും മൂന്ന് മാസത്തേക്കുള്ള സന്ദര്‍ശക വിസയ്ക്ക് 1000 ദിര്‍ഹവുമായിട്ടാണ് ഫീസ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ആറ് മാസത്തേക്കുള്ള സന്ദര്‍ശക വിസയ്ക്ക് 2000 ദിര്‍ഹമായിരിക്കും പുതുക്കിയ ഫീസ്. നേരത്തെ ഈ മാസം ഒന്ന് മുതല്‍ പുതുക്കിയ ഫീസ് നിലവില്‍ വരുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അതാണ് ഇപ്പോള്‍ അധികൃതര്‍ തിരുത്തിയിരിക്കുന്നത്. എന്നാല്‍ എന്ന് മുതല്‍ പുതുക്കിയ ഫീസ് നിലവില്‍ വരുമെന്ന് വ്യക്തമാക്കിയിട്ടില്ല. Labels: തൊഴില്‍ നിയമം, യു.എ.ഇ.
- ജെ. എസ്.
( Tuesday, June 03, 2008 ) |
ഒമാനിലെ ഇന്ത്യന്‍ വീട്ടുജോലിക്കാരുടെ വേതനം കൂട്ടി
ഒമാനിലെ ഇന്ത്യക്കാരായ വീട്ടു ജോലിക്കാരുടെ മിനിമം വേതനം 75 റിയാലായി ഇന്ത്യന്‍ എംബസി നിശ്ചയിച്ചു. ഇന്നലെ മുതല്‍ ഈ ഉയര്‍ന്ന വേതന നിരക്ക് പ്രാബല്യത്തില്‍ വന്നു.
ഒമാനിലെത്തുന്ന ഇന്ത്യന്‍ വീട്ടുവേലക്കാര്‍ക്ക് 75 റിയാല്‍ ഏകദേശം 8500 രൂപയാണ് മിനിമം വേതനം നിശ്ചയിച്ചിരിക്കുന്നത്. ഇന്നലെ മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നതായി ഇന്ത്യന്‍ എംബസി അറിയിച്ചു. നിലവില്‍ 50 റിയാല്‍ ഏകദേശം 5500 രൂപയായിരുന്നു ഒമാനിലെ വീട്ടു വേലക്കാരുടെ മിനിമം വേതനം. ഉയര്‍ന്ന ജീവിതച്ചെലവ് പരിഗണിച്ചാണ് വീട്ടുവേലക്കാരുടെ മിനിമം വേതനം വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ തീരുമാനിച്ചത്. ഒമാനും ഇന്ത്യയും തമ്മിലുള്ള ഊഷ്മള ബന്ധം കണക്കിലെടുത്ത് ഓരോ വീട്ടുവേലക്കാര്‍ക്കും 25,000 ഡോളര്‍ ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്ന നിയമം ഒഴിവാക്കിയിട്ടുണ്ടെന്ന് ഇന്ത്യന്‍ അംബാസഡര്‍ അനില്‍ വാദ് വ പറഞ്ഞു. വീട്ടു വേലക്കാര്‍ ഇന്ത്യ വിടുന്നതിന് മുമ്പ് അവരുടെ ലേബര്‍ കോണ്‍ട്രാക്റ്റ് ഇന്ത്യന്‍ എംബസിയില്‍ ഹാജറാക്കി അറ്റസ്റ്റ് ചെയ്തിരിക്കണം. ഒമാനില്‍ എത്തിയാലുടന്‍ സ്പോണ്‍സര്‍ ജോലിക്കാര്‍ക്ക് പ്രീ പെയ്ഡ് മൊബൈല്‍ ഫോണ്‍ നല്‍കിയിരിക്കണമെന്നും നിയമത്തില്‍ പറയുന്നു. വീട്ടുവേലക്കാര്‍ രാജ്യത്തെത്തി നാല് ആഴ്ചയ്ക്കകം സ്പോണ്‍സര്‍ ഇന്ത്യന്‍ എംബസിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണം. വീട്ടുവേലക്കാരുടെ അവകാശങ്ങളെക്കുറിച്ച് ഇന്ത്യന്‍ എംബസി മലയാളം ഉള്‍പ്പടെയുള്ള ഇന്ത്യന്‍ ഭാഷകളില്‍ പ്രത്യേക ബുക്ക് ലറ്റും പുറത്തിറക്കിയിട്ടുണ്ട്. Labels: ഒമാന്‍, തൊഴില്‍ നിയമം
- ജെ. എസ്.
( Monday, June 02, 2008 ) |
യു.എ.ഇയില്‍ വിസിറ്റ് വിസയുടെ ഫീസ് വര്‍ധിപ്പിക്കുന്നു
ജൂലൈ ഒന്ന് മുതലാണ് ഫീസ് വര്‍ധന നടപ്പില്‍ വരിക.
യു.എ.ഇ. യില്‍ സന്ദര്‍ശക വിസയുടെ ഫീസ് ജൂലൈ ഒന്ന് മുതല്‍ വര്‍ധിപ്പിക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഒരു മാസത്തേക്കുള്ള സന്ദര്‍ശക വിസയ്ക്ക് 500 ദിര്‍ഹവും മൂന്ന് മാസത്തേക്കുള്ള സന്ദര്‍ശക വിസയ്ക്ക് 1000 ദിര്‍ഹവുമായിരിക്കും പുതുക്കിയ ഫീസ്. ആറ് മാസത്തേക്കുള്ള സന്ദര്‍ശക വിസയും നടപ്പിലാക്കുന്നുണ്ട്. ഇതിന് 2000 ദിര്‍ഹം ഫീസ് നല്‍കണം. എന്നാല്‍ ഈ വിസയില്‍ ഉള്ളവര്‍ക്ക് ആറ് മാസത്തിനിടയ്ക്ക് എത്ര പ്രാവശ്യം വേണമെങ്കിലും രാജ്യത്ത് നിന്ന് പുറത്ത് പോവുകയും രാജ്യത്തേക്ക് പ്രവേശിക്കുകയും ചെയ്യാം. സാധാരണ ഗതിയില്‍ സന്ദര്‍ശക വിസയില്‍ ഉള്ള ഒരാള് രാജ്യത്ത് നിന്ന് പുറത്ത് പോയാല്‍ വിസ ക്യാന്‍സല്‍ ആകുമായിരുന്നു. എന്നാല്‍ ആറ് മാസത്തേക്കുള്ള വിസിറ്റ് വിസകള്‍ക്ക് ഇത് ബാധകമാകില്ല. ഇത്തരം വിസയിലുള്ളവര്‍ രാജ്യത്ത് പ്രവേശിച്ച് ചുരുങ്ങിയത് ഒരു മാസം തങ്ങണം എന്ന നിബന്ധന മാത്രമാണുള്ളത്. തൊഴിലാളികളെ കൊണ്ടുവരാന്‍ കമ്പനികള്‍ വിസിറ്റ് വിസ ഉപയോഗിക്കരുതെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ടൂറിസ്റ്റുകള്‍, ബിസിനസ് ആവശ്യത്തിന് എത്തുന്നവര്‍, യു.എ.ഇ. യില്‍ താമസിക്കുന്നവരുടെ ബന്ധുക്കള്‍ എന്നിവര്‍ക്ക് മാത്രമായിരിക്കും വിസിറ്റ് വിസ നല്‍കുക. പുതിയ രണ്ട് തരം വിസകള്‍ കൂടി അധികൃതര്‍ അധികം വൈകാതെ തന്നെ നടപ്പിലാക്കുമെന്ന് അറിയുന്നു. മെഡിക്കല്‍ വിസ, സ്റ്റഡി വിസ എന്നിവയാണിവ. ഈ പുതിയ വിസകളുടെ കൂടുതല്‍ വിശദാംശങ്ങള്‍ അധികം വൈകാതെ തന്നെ അധികൃതര്‍ വ്യക്തമാക്കും. Labels: തൊഴില്‍ നിയമം, യു.എ.ഇ.
- ജെ. എസ്.
( Wednesday, May 28, 2008 ) |
കൂവൈറ്റില്‍ സന്ദര്‍ശക വിസ നിയമങ്ങള്‍ ഉദാരമാക്കി.
സന്ദര്‍ശക വിസയുടെ കാലാവധി ഒരു മാസത്തില്‍ നിന്ന് മൂന്ന് മാസമായി പുനര്‍ നിര്‍ണയിച്ചിട്ടുണ്ട്.
കാലാവധി വര്‍ധിപ്പിച്ചു കൊണ്ടാണ് കുവൈറ്റ് സന്ദര്‍ശക വിസ നിയമങ്ങള്‍ ഉദാരമാക്കിയിരിക്കുന്നത്. നിലവില്‍ സന്ദര്‍ശക വിസയ്ക്ക് ഒരു മാസം മാത്രമായിരുന്നു കാലാവധി ഉണ്ടായിരുന്നത്. ഇത് മൂന്ന് മാസമാക്കി വര്‍ധിപ്പിച്ചു. മൂന്ന് മാസത്തിന് ശേഷം വിസാ കാലാവധി ഒരു വര്‍ഷം വരെ നീട്ടാനും അനുമതിയുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ റസിഡന്‍സ് വിസയില്‍ ഉള്ള എല്ലാ വിദേശികള്‍ക്കും കുവൈറ്റിലേക്കുള്ള സന്ദര്‍ശക വിസ ലഭിക്കാനുള്ള നടപടിക്രമങ്ങളും ലഘൂകരിച്ചിട്ടുണ്ട്. ഇത്തരക്കാര്‍ക്ക് കുവൈറ്റ് വിമാനത്താവളത്തില്‍ നിന്നും സന്ദര്‍ശക വിസ നേരിട്ട് ലഭിക്കും. അമീറി അനുശാസനം 17 ബാര്‍ 1959 അനുഛേദം 11 അനുസരിച്ചുള്ള ഈ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ജോലി അന്വേഷിച്ച് കുവൈറ്റില്‍ എത്തുന്നവര്‍ക്കും അടുത്ത കുടുംബാംഗങ്ങളെ വിസിറ്റ് വിസയില്‍ കൊണ്ടു വരുന്നവര്‍ക്കും ഈ നിയമം ഉപയോഗപ്രദമാകും. Labels: കുവൈറ്റ്, തൊഴില്‍ നിയമം
- ജെ. എസ്.
( Sunday, May 25, 2008 ) |
വിസിറ്റ് വിസ കച്ചവടത്തിനെതിരെ അബുദാബി
വിസിറ്റ് വിസ കച്ചവടം നടത്തുന്ന ട്രാവല്‍ ഏജന്‍സികള്‍ക്കും ടൂറിസം കമ്പനികള്‍ക്കും അബുദാബി നാച്ചുറലൈസേഷന്‍ ആന്‍ഡ് റസിഡന്‍സി ഡിപ്പാര്‍ട്ട്മെന്റ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഇത്തരക്കാരുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. Labels: അബുദാബി, തൊഴില്‍ നിയമം
- ജെ. എസ്.
( Tuesday, May 20, 2008 ) |
തൊഴില്‍ രേഖ: കാലാവധി ദീര്‍ഘിപ്പിച്ചു
ബഹ്റിനിലെ പ്രവാസി തൊഴിലാളികളെ സംബന്ധിച്ചുള്ള രേഖകള്‍ നല്‍കുന്നതിന് കമ്പനികള്‍ക്ക് അനുവദിച്ച കാലാവധി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അഥോറിറ്റി ദീര്‍ഘിപ്പിച്ചു. ജൂണ്‍ 30 വരെയാണ് കാലാവധി ദീര്‍ഘിപ്പിച്ചിരിക്കുന്നത്.
Labels: തൊഴില്‍ നിയമം, ബഹറൈന്‍
- ജെ. എസ്.
( Monday, May 19, 2008 ) |
വിരലടയാളം ശേഖരിക്കാന്‍ ജിദ്ദയില്‍ പുതിയ നാല് ഓഫീസുകള്‍
വിദേശ തൊഴിലാളികളുടെ വിരലടയാളം ശേഖരിക്കാന്‍ ജിദ്ദ പാസ്പോര്‍ട്ട് വകുപ്പ് നഗരത്തില്‍ നാല് ഓഫീസുകള്‍ കൂടി തുറന്നു. ദല്ലാ അല്‍ ബറാക, ബിന്‍ ലാദിന്‍ കമ്പനി, സൗദി ഔജര്‍ എന്നിവിടങ്ങളിലും ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ സഞ്ചരിക്കുന്ന ഒരു യൂണിറ്റുമാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. മൊബൈല്‍ യൂണിറ്റ് വഴി ഇതിനകം തന്നെ 25,000ത്തിലധികം പേരുടെ വിരലടയാളം ശേഖരിച്ചിട്ടുണ്ട്. കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും തങ്ങളുടെ വിദേശ ജീവനക്കാരെ വിരലടയാളം നല്‍കുന്നതിനായി ഈ ഓഫീസുകളിലേക്ക് അയക്കാമെന്ന് അധികൃതര്‍ അറിയിച്ചു.
Labels: തൊഴില്‍ നിയമം, സൌദി
- ജെ. എസ്.
( Saturday, May 17, 2008 ) |
ഖത്തറില്‍ വീട്ടു ജോലിക്കാര്‍ക്ക് പുതിയ നിയമം വരുന്നു
ഖത്തറില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ഗാര്‍ഹിക ജോലിക്കാരെ സംബന്ധിച്ച പുതിയ കരട് നിയമം രാജ്യത്തെ ഉന്നതാധികാര സമിതിയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചു.
സമിതിയുടെ ശുപാര്‍ശകളോടെ മന്ത്രിസഭയുടെ അനുമതി ലഭിച്ചാല്‍ അന്തിമമായി അമീര്‍ അംഗീകാരം നല്‍കുന്നതോടെ പുതിയ നിയമം പ്രാബല്യത്തില്‍ വരും. ഗാര്‍ഹിക ജോലിക്കാര്‍ ഇപ്പോള്‍ അനുഭവിക്കുന്ന ദുരിതങ്ങളും ചൂഷണവും പുതിയ നിമയത്തിലൂടെ തടയാമെന്നാണ് നിയമ വിദ്ഗ്ധരുടെ അഭിപ്രായം. നിലവില്‍ ഖത്തറിലെ ഈ മേഖലയിലുള്ളവര്‍ക്ക് യാതൊരു നിയമ പരിരക്ഷയും ലഭിക്കുന്നില്ല. തുടര്‍ച്ചയായ പരാതികളെ തുടര്‍ന്ന് ഇന്ത്യയടക്കം ചില രാജ്യങ്ങള്‍ ഖത്തറിലേക്ക് വീട്ടുജോലിക്ക് സ്ത്രീകളെ അയയ്ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. Labels: ഖത്തര്‍, തൊഴില്‍ നിയമം
- ജെ. എസ്.
( Wednesday, May 14, 2008 ) |
സൗദി എംബസികളില്‍ ജൂണ്‍ 5 മുതല്‍ പേപ്പര്‍ വക്കാല സ്വീകരിക്കില്ല
വിദേശങ്ങളിലെ സൗദി എംബസികളില്‍ നിന്ന് വിസ സ്റ്റാമ്പ് ചെയ്യുന്നതിന് ജൂണ്‍ അഞ്ച് മുതല്‍ പേപ്പര്‍ വക്കാല സ്വീകരിക്കില്ല. ഈ തീയതി മുതല്‍ ഇലക്ട്രോണിക് വക്കാല മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് സൗദി വിദേശ മന്ത്രാലയം വ്യക്തമാക്കി. വിസ കച്ചവടവും വ്യാജ വക്കാലകളും തടയുന്നത് മുന്‍ നിര്‍ത്തിയാണ് ഈ തീരുമാനമെന്ന് വിദേശ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഖാലിദ് ബിന്‍ സൗദ് ബിന്‍ഖാലിദ് രാജകുമാരന്‍ അറിയിച്ചു.
Labels: തൊഴില്‍ നിയമം, സൌദി
- ജെ. എസ്.
( Thursday, May 08, 2008 ) |
കുവൈറ്റില്‍ സമര നേതാക്കളെ നാടുകടത്തും
തൊഴില്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരേയും കൂട്ടം കൂടി സമ്മര്‍ദ്ദ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നവരേയും പിടികൂടി നാടു കടത്തുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. തൊഴിലാളികള്‍ കൂട്ടമായി പ്രതിഷേധം പ്രകടിപ്പിക്കുന്ന സംഭവങ്ങള്‍ ഈയിടെയായി കുവൈറ്റില്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം.
അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കപ്പെടുമ്പോഴാണ് പലപ്പോഴും തൊഴിലാളികള്‍ സംഘടിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിഷേധം കുവൈറ്റില്‍ നിയമ വിരുദ്ധമാണ്. തൊഴില്‍ സമരങ്ങള്‍ക്ക് അപ്പുറം ഈയിടെ രാഷ്ട്രീയ, ഗോത്ര, മത വിഭാഗങ്ങള്‍ പ്രതിഷേധ യോഗങ്ങളും മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് സംഘടിച്ച് പ്രതിഷേധം നടത്തുന്നവര്‍ നാടു കടത്തല്‍ അടക്കമുള്ള കര്‍ശന ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. Labels: കുവൈറ്റ്, തൊഴില്‍ നിയമം, പ്രതിഷേധം, മനുഷ്യാവകാശം
- ജെ. എസ്.
( Monday, May 05, 2008 ) |
സൗദിയില്‍ സ്പോണ്‍സര്‍ വ്യവസ്ഥയ്ക്ക് മാറ്റം
സൗദി അറേബ്യയില്‍ സ്പോണ്‍സര്‍ വ്യവസ്ഥയ്ക്ക് പകരമായി മറ്റൊരു സംവിധാനം കൊണ്ടു വരാന്‍ നീക്കം. വ്യക്തികള്‍ സ്പോണ്‍സര്‍ ആകുന്നതിന് പകരം തൊഴിലാളികളുടെ സ്പോണ്‍സര്‍ഷിപ്പ് സര്‍ക്കാര്‍ മൊത്തമായി ഏറ്റെടുക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്.
ഇത് സംബന്ധിച്ച് തൊഴില്‍ മന്ത്രാലയം പഠനം നടത്തുകയാണെന്ന് തൊഴില്‍ മന്ത്രി ഡോ. അബ്ദുല്‍ വാഹിദ് അല്‍ ഹുമൈദ് പറഞ്ഞു. തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനായി റിക്രൂട്ടിംഗ് കമ്പനികള്‍ സ്ഥാപിക്കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ആവശ്യമായ തൊഴില്‍ പരീശീലനവും ഈ റിക്രൂട്ടിംഗ് കമ്പനികള്‍ നല്‍കും. ചില തൊഴില്‍ മേഖലകളില്‍ ബംഗ്ലാദേശി തൊഴിലാളികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് തുടരുമെന്നും മന്ത്രി പറഞ്ഞു. Labels: തൊഴില്‍ നിയമം, സൌദി
- ജെ. എസ്.
( Monday, May 05, 2008 ) |
ബഹറൈനില്‍ സ്പോണ്‍സര്‍ഷിപ്പ് രീതിയില്‍ മാറ്റം വരുന്നു
വിദേശികള്‍ക്ക് ജോലി ചെയ്യാനും താമസിക്കാനും വെവ്വേറെ പെര്‍മിറ്റുകള്‍ നല്‍കാനുള്ള ആലോചനയിലാണ് ബഹറൈന്‍ അധികൃതര്‍. തൊഴിലാളിക്ക് മേല്‍ തൊഴില്‍ ദാതാവിനുള്ള നിയന്ത്രണങ്ങള്‍ കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ സ്പോണ്‍സര്‍ഷിപ്പ് നിയമം കൊണ്ടു വരാന്‍ അധികൃതര്‍ ആലോചിക്കുന്നത്. വിദേശികള്‍ക്ക് ജോലി ചെയ്യാനും താമസിക്കാനും വെവ്വേറെ പെര്‍മിറ്റുകള്‍ നല്‍കാനാണ് നീക്കം. നിലവില്‍ ഇതിന് ഒറ്റ പെര്‍മിറ്റാണ് നല്കുന്നത്.
വെവ്വേറെ പെര്‍മിറ്റുകള്‍ എന്ന സംവിധാനം വന്നാല്‍ തൊഴിലാളി രാജ്യത്ത് തങ്ങുന്നത് തടയാന്‍ തൊഴില്‍ ദാതാവിന് കഴിയില്ല. തൊഴിലാളിക്ക് മേല്‍ ജോലി സംബന്ധമായ കാര്യങ്ങളില്‍ മാത്രമായിരിക്കും തൊഴില്‍ദാതാവിന് നിയന്ത്രണം ഉണ്ടാവുക. ജോലി ചെയ്യാനും താമസിക്കാനും ഒറ്റ പെര്‍മിറ്റ് നല്‍കുന്ന നിലവിലെ രീതിയില്‍ തൊഴില്‍ മാറാനും രാജ്യത്ത് പ്രവേശിക്കാനും രാജ്യത്ത് നിന്ന് പുറത്ത് പോകാനും തൊഴില്‍ കരാര്‍ പുതുക്കാനും എല്ലാം തൊഴില്‍ ദാതാവിനെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്. എന്നാല്‍ പുതിയ നിയമത്തില്‍ തൊഴിലാളികളുടെ ബഹ്റിനിലെ താമസം സംബന്ധിച്ച് തീരുമാനം എടുക്കാനുള്ള അധികാരം രാജ്യത്തിനായിരിക്കും. അഞ്ച് ലക്ഷത്തോളം വിദേശ തൊഴിലാളികള്‍ ബഹ്റിനില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 2,80,000 ത്തോളം പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഏതായാലും പുതിയ നിയമം തൊഴിലാളികള്‍ക്ക് കൂടുതല്‍ ഗുണകരമാകുമെന്നാണ് കരുതുന്നത്. തൊഴിലാളികള്‍ക്ക് തൊഴില്‍ മാറ്റം അടക്കമുള്ളവ പുതിയ നിയമം വരുന്നതോടെ എളുപ്പമാകും എന്നാണ് വിലയിരുത്തല്‍. Labels: തൊഴില്‍ നിയമം, ബഹറൈന്‍
- ജെ. എസ്.
( Monday, May 05, 2008 ) |
Z കാറ്റഗറിയില്‍ ഉള്ള ചില ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍ പിന്‍വലിച്ചു
ദുബായില്‍, Z കാറ്റഗറിയില്‍ ഉള്ള ചില ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍ പിന്‍വലിച്ചതായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. സീരിയല്‍ നമ്പര്‍ Z-000001 മുതല്‍ സീരിയല്‍ നമ്പര്‍ Z-045925 വരെയുള്ള പാസ്പോര്‍ട്ടുകളാണ് പിന്‍വലിച്ചിരിക്കുന്നത്. ഈ സീരിയല്‍ നമ്പറിലുള്ള പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ എത്രയും വേഗം ഇന്ത്യന്‍ നയന്ത്ര കാര്യാലയവുമായി ബന്ധപ്പെട്ട് പാസ്പോര്‍ട്ട് തിരിച്ച് നല്‍കണമെന്നും പുതിയ പാസ് പോര്‍ട്ട് കൈപ്പറ്റണമെന്നും അധികൃതര്‍ വ്യക്തമാക്കി.
Labels: തൊഴില്‍ നിയമം, ദുബായ്, പ്രവാസി
- ജെ. എസ്.
( Sunday, May 04, 2008 ) |
പ്രവാസി ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്ക് ചരിത്ര വിജയം
പതിനാറായിരത്തോളം ഇന്ത്യന്‍ ഡോക്ടര്‍മാരെ തൊഴില്‍ രഹിതരാക്കാനുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രവാസി ഡോക്ടര്‍മാര്‍ നടത്തിയ ചെറുത്ത് നില്‍പ്പ് വിജയകരമായി.
ഡോക്ടര്‍മാര്‍ക്ക് അനുകൂലമായ കോടതി വിധിക്കെതിരെ സര്‍ക്കാരിന്റെ അപ്പീല്‍ ഹൌസ് ഓഫ് ലോഡ്സ് തള്ളുകയാണുണ്ടായത്. 2006 ഏപ്രിലില്‍ കൊണ്ട് വന്ന വിവാദ നിയമപ്രകാരം യൂറോപ്യന്‍ ഡോക്ടര്‍മാര്‍ ലഭ്യമല്ലെങ്കില്‍ മാത്രമേ മറ്റ് രാജ്യക്കാര്‍ക്ക് ജോലി ലഭിക്കുമായിരുന്നുള്ളൂ. മുന്‍ കാല പ്രാബല്യത്തോടെ നടപ്പിലാക്കിയ ഈ നിയമം മൂലം പതിനാറായിരത്തോളം ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്കാണ് പൊടുന്നനെ ജോലി ലഭിക്കാത്ത അവസ്ഥ സംജാതമായത്. തൊഴില്‍ രഹിതരായ ഇന്ത്യന്‍ ഡോക്ടര്‍മാര്‍ അമ്പലങ്ങള്‍ക്കും ഗുരുദ്വാരകള്‍ക്കും മുന്നില്‍ സൌജന്യ ഭക്ഷണത്തിന് ക്യൂ നില്‍ക്കുന്നത് ബ്രിട്ടനില്‍ ഒരു സാധാരണ കാഴ്ച്ചയായ് മാറിയിരുന്നു. ചിലരുടെ ആത്മഹത്യക്കും ഇത് കാരണമായി. Labels: തൊഴില്‍ നിയമം, പ്രവാസി, ബ്രിട്ടന്‍
- ജെ. എസ്.
( Friday, May 02, 2008 ) |
അധ്യാപികമാര്‍ക്ക് കുടുംബത്തെ സ്പോണ്‍സര്‍ ചെയ്യാം
അധ്യാപികമാര്‍ക്ക് തങ്ങളുടെ കുടുംബത്തെ സ്പോണ്‍സര്‍ ചെയ്യുന്നതിന് കുവൈറ്റ് അനുമതി നല്‍കി. എന്നാല്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ ജോലി ചെയ്യുന്ന വിദേശ അധ്യാപികമാര്‍ക്ക് മാത്രമേ ഇതിനുള്ള അനുമതിയുള്ളൂ. അതിനിടെ ഈ വര്‍ഷം സര്‍ക്കാര്‍ സ്കൂളുകളില്‍ പുതുതായി ആയിരത്തോളം അധ്യാപകരെ ആവശ്യമായി വരുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്ക്.
Labels: കുവൈറ്റ്, തൊഴില്‍ നിയമം
- ജെ. എസ്.
( Thursday, May 01, 2008 ) |
രേഖകള്‍ ഇല്ലാതെ യു.എ.ഇ.യില്‍ തങ്ങുന്നവര്‍ക്ക് കനത്ത ശിക്ഷ
മതിയായ രേഖകളില്ലാതെ യു.എ.ഇയില്‍ തങ്ങുന്ന 15 പേര്‍ക്ക് താമസ സൗകര്യം നല്‍കിയതിന് യമന്‍ സ്വദേശിയെ കോടതി ശിക്ഷിച്ചു. രണ്ട് മാസം തടവും 15 ലക്ഷം ദിര്‍ഹം പിഴയുമാണ് ഇയാള്‍ക്ക് ബനിയാസ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. പിടിയിലായ 15 പേര്‍ക്കും രണ്ട് മാസം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. എല്ലാവരേയും ശിക്ഷാ കാലാവധിക്ക് ശേഷം നാട് കടത്തും. മതിയായ രേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്നവര്‍ക്ക് അഭയം നല്‍കുന്നവര്‍ക്ക് കനത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Labels: കോടതി, തൊഴില്‍ നിയമം, യു.എ.ഇ., ശിക്ഷ
- ജെ. എസ്.
( Wednesday, April 30, 2008 ) |
ടിക്കറ്റില്ല; മലയാളികള്‍ ഉള്‍പ്പടെ നൂറുകണക്കിന് പേര്‍ യു.എ.ഇ. ജയിലുകളില്‍ കഴിയുന്നു
പൊതുമാപ്പിനു ശേഷവും ഔട്ട്പാസ് ലഭിച്ച് ടിക്കറ്റിനു ഗതിയില്ലാതെ യു.എ.ഇ.യിലെ വിവിധ ജയിലുകളില്‍ നൂറോളം ഇന്ത്യക്കാര്‍ കഴിയുന്നു. ഇവരില്‍ മലയാളികളുമുണ്ട്.
'കല അബുദാബി' യുടെ പ്രസിഡന്റും യു.എ.ഇ.യിലെ മനുഷ്യാവകാശ കമ്മീഷന്‍ അംഗവുമായ ഡോ.മൂസ്സ പാലക്കലിന്റെ അന്വേഷണത്തെ തുടര്‍ന്നാണ് യു.എ.ഇ.യിലെ വിവിധ ജയിലുകളില്‍ ടിക്കറ്റിന് ഗതിയില്ലാതെ തടവില്‍ കഴിയുന്നവരുടെ വിവരം ശ്രദ്ധയില്‍പ്പെട്ടത്. അബുദാബിയിലെ സൊയ്ഹാന്‍ ജയിലില്‍ മാത്രം 45 ഇന്ത്യക്കാര്‍ ഔട്ട്പാസ് ലഭിച്ച് ടിക്കറ്റിനായി കാത്തിരിക്കുന്നുണ്ടെന്ന് ഡോ.മൂസ്സപാലക്കല്‍ അറിയിച്ചു. വിവിധ രാജ്യക്കാരായ 200 ഓളം പേരാണ് സൊയ്ഹാന്‍ ജയിലില്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. പൊതുമാപ്പിനു ശേഷവും നിയമവിരുദ്ധമായി യു.എ.ഇ.യില്‍ താമസിച്ച നൂറുകണക്കിന് ആളുകളെയാണ് യു.എ.ഇ.ലേബര്‍ വകുപ്പ് പിടികൂടി ജയിലിലടച്ചത്. ഇവരില്‍ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്. കൂട്ടത്തില്‍ ഒട്ടേറെ മലയാളികളുമുണ്ട്. ഇവരുടെ മോചനത്തിനായി അബുദാബി ഇന്ത്യന്‍ എംബസിയും വിവിധ സ്ഥാപനങ്ങളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. വിമാന ടിക്കറ്റിനായി ജയിലില്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സഹോദരങ്ങളെ സഹായിക്കാന്‍ താത്പര്യമുള്ളവര്‍ കല ജന.സെക്രട്ടറി അമര്‍സിങ് വലപ്പാട് (050-6428248) കല ട്രഷറര്‍ മോഹന്‍പിള്ള (050-7226276) കല ജീവ കാരുണ്യ വിഭാഗം കണ്‍വീനര്‍ വി.ടി.വി. ദാമോദരന്‍ (050-5229059) എന്നിവരെ ബന്ധപ്പെടണമെന്ന് കല അബുദാബിയുടെ പ്രവര്‍ത്തകര്‍ അറിയിച്ചു. Labels: തൊഴില്‍ നിയമം, പ്രവാസി, മനുഷ്യാവകാശം, ശിക്ഷ
- ജെ. എസ്.
( Tuesday, April 29, 2008 ) |
യു.എ.ഇ.യില്‍ സ്വകാര്യ മേഖലയിലെ ജോലിക്കാരില്‍ 90 ശതമാനത്തിലേറെ വിദേശീയര്‍
യു.എ.ഇ. 2007ലെ തൊഴില്‍ റിപ്പോര്‍ട്ട് പുറത്തിറക്കി. സാമ്പത്തിക രംഗത്തും മാനുഷിക രംഗത്തും തൊഴിലാളിയുടെ അവകാശം സംരക്ഷിക്കാന്‍ രാജ്യത്തിന് കഴിയുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
തൊഴില്‍ മേഖലയുടെ വികസനത്തിന് യു.എ.ഇ. എടുത്ത നടപടികള്‍ റിപ്പോര്‍ട്ട് വിശദമാക്കുന്നു. അതേ സമയം തൊഴില്‍ നിയമം പൂര്‍ണ്ണ രൂപത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ഇനിയും നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. സ്വകാര്യ മേഖലയിലെ ജോലിക്കാരില്‍ 90 ശതമാനത്തിലേറെ വിദേശീയരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. രണ്ട് ലക്ഷത്തി അറുപതിനായിരം സ്ഥാപനങ്ങളിലായി ഏകദേശം മുപ്പത്തി ഒന്ന് ലക്ഷത്തിലധികം വിദേശീയര്‍ യു.എ.ഇ.യില്‍ ജോലിചെയ്യുന്നുണ്ട്. 202 രാജ്യത്തെ പൗരന്‍മാര്‍ ഇവിടെ ജോലി ചെയ്യുന്നതായാണ് കണക്ക്. ഇതില്‍ ഭൂരിപക്ഷം ഇന്ത്യക്കാരാണ്. Labels: തൊഴില്‍ നിയമം, യു.എ.ഇ.
- ജെ. എസ്.
( Sunday, April 27, 2008 ) |
യു.എ.ഇ. വൈദ്യ പരിശോധനയില്‍ ഹെപ്പിറ്റൈറ്റസ് സി
യു.എ.ഇ.യില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിനുള്ള വൈദ്യ പരിശോധനയില്‍ ഹെപ്പിറ്റൈറ്റസ് സി കൂടി ഉള്‍പ്പെടുത്തി. നിലവില്‍ എച്ച്.ഐ.വി., ക്ഷയം, ഹെപ്പിറ്റൈറ്റസ് ബി എന്നിവയാണ് വൈദ്യപരിശോധനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജൂലായ് ഒന്നു മുതലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്. ഇതു സംബന്ധിച്ച് കാബിനറ്റ് ആരോഗ്യമന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. പുതിയതായി വിസക്ക് അപേക്ഷിക്കുന്നവര്‍ക്കും വിസ പുതുക്കുന്നവര്‍ക്കും ഇത് ബാധകമാണ്. ഹെപ്പിറ്റൈറ്റസ് സി തെളിഞ്ഞാല്‍ നാടുകടത്തും.
Labels: ആരോഗ്യം, തൊഴില്‍ നിയമം, യു.എ.ഇ.
- ജെ. എസ്.
( Tuesday, April 22, 2008 ) |
വ്യാജ വിസകള്‍ നല്‍കിയതിന് ഉന്നത ഉദ്യോഗസ്ഥനെ പുറത്താക്കി
കൈക്കൂലി വാങ്ങി വ്യാജ വിസകള്‍ നല്‍കിയതിന് ദുബായ് താമസ കുടിയേറ്റ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ പുറത്താക്കി. പത്ത് സ്ഥാപനങ്ങള്‍ക്കും വിനോദ സഞ്ചാര കമ്പനികള്‍ക്കുമാണ് ഇയാള്‍ വിസ നല്‍കിയത്. ഒരു ലക്ഷത്തി ഇരുപതിനായിരം ദിര്‍ഹം വീതം ഈ കമ്പനികളില്‍ നിന്നും ഇയാള്‍ കൈക്കൂലി വാങ്ങിയതായി തെളിഞ്ഞു.
Labels: കുറ്റകൃത്യം, തൊഴില്‍ നിയമം, ദുബായ്, ശിക്ഷ
- ജെ. എസ്.
( Tuesday, April 22, 2008 ) |
യു.എ.ഇ.യിലെ മികച്ച തൊഴിലുകള്‍ സ്വദേശികള്‍ക്ക്
രാജ്യത്തെ മികച്ച തൊഴിലുകള്‍ക്ക് സ്വദേശികള്‍ക്ക് ലഭ്യമാക്കാന്‍ ഊര്‍ജ്ജിതമായി പ്രവര്‍ത്തിക്കണമെന്ന് യുഎഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആവശ്യപ്പെട്ടു.
സ്വദേശിവല്‍ക്കരണം ശക്തമായിക്കൊണ്ടിരിക്കുന്ന ഗള്‍ഫ് മേഖലയില്‍ ഉന്നത മേഖലയിലുള്ള തൊഴിലുകളും ഇതേ രീതിയിലാകണമെന്ന ആവശ്യം ശക്തമാകുകയാണ്. Labels: തൊഴില്‍ നിയമം, ദുബായ്, പ്രവാസി
- ജെ. എസ്.
( Thursday, April 17, 2008 ) |
കുവൈറ്റില്‍ പണിമുടക്ക്
കുവൈറ്റിലെ ഒരു സ്വകാര്യ കമ്പനിയിലെ ഇരുനൂറോളം തൊഴിലാളികള്‍ പണി മുടക്ക് തുടങ്ങി. ശമ്പളം കൃത്യമായി ലഭിക്കുന്നില്ലെന്നാണ് തൊഴിലാളികള്‍ പരാതിപ്പെടുന്നത്. മങ്കാഫിലെ സുല്‍ത്താന്‍ ആസാദ് എന്ന കമ്പനിയിലെ തൊഴിലാളികള്‍ ആണ് പണി മുടക്കുന്നത്.
Labels: കുവൈറ്റ്, തൊഴില്‍ നിയമം, പ്രവാസി
- ജെ. എസ്.
( Monday, April 14, 2008 ) |
ഖത്തറില്‍ പുതിയ സ്പോണ്‍സര്‍ഷിപ്പ് നിയമം
ഖത്തറില്‍ പുതിയ സ്പോണ്‍സര്‍ഷിപ്പ് നിയമത്തിന്‍റെ കരട് പ്രമേയം തയ്യാറായി. പാര്‍ലമെന്‍ററി ഉപദേശക സമിതിയുടേയും കാബിനറ്റിന്‍റേയും അംഗീകാരം ലഭിച്ച കരട് പ്രമേയം ഇപ്പോള്‍ രാജ്യത്തെ ഉന്നതാധികാര സമിതിയുടെ പരിഗണനിയിലാണ്.
പുതിയ സ്പോണ്‍സര്‍ഷിപ്പ് നിയമം ഖത്തറിലെ വിദേശ തൊഴിലാളികള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് രാജ്യത്തെ നിയമ വിദഗ്ധര്‍ നല്‍കുന്ന സൂചന. നിലവിലെ സ്പോണ്‍സര്‍ഷിപ്പ് നിയമം കാലാനുസൃതമായി പരിഷ്ക്കരിക്കണമെന്ന് രാജ്യത്തെ മനുഷ്യാവകാശ കമ്മീഷനടക്കം വിവിധ സംഘടനകള്‍ ആവശ്യമുന്നയിച്ചിരുന്നു. 2016 ലെ ഒളിമ്പിക്സിനായി ഖത്തര്‍ ശ്രമിക്കുന്നതിനാല്‍ രാജ്യത്തെ സ്പോണ്‍സര്‍ഷിപ്പ് നിയമത്തിലെ കര്‍ശന വ്യവസ്ഥകളില്‍ ചില ഇളവുകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഖത്തറിലെ പ്രവാസി സമൂഹം. Labels: ഖത്തര്‍, തൊഴില്‍ നിയമം
- ജെ. എസ്.
( Wednesday, April 09, 2008 ) |
ഖത്തറില്‍ സ്വദേശിവത്ക്കരണം ശക്തം; വിദേശികളെ പിരിച്ച് വിടും
ഖത്തറില്‍ സ്വദേശി വത്ക്കരണത്തിന്‍റെ ഭാഗമായി മുനിസിപ്പല്‍, കൃഷി മന്ത്രാലയത്തിലെ ചില തസ്തികകളില്‍ നിന്ന് ജൂലൈ ഒന്നോടെ വിദേശികളെ പിരിച്ചുവിടാന്‍ നടപടികള്‍ ആരംഭിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
പിരിച്ചു വിടുന്നവരുടെ പട്ടിക ഉടന്‍ തയ്യാറാക്കും. വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും അഡ്മിനിസ്ട്രേറ്റീവ് ക്ലിനിക്കല്‍ തസ്തികകളില്‍ ജൂലൈ മാസത്തോടെ 50 ശതമാനവും അടുത്ത വര്‍ഷം മാര്‍ച്ച് 31 ഓടെ 100 ശതമാനവും സ്വദേശി വത്ക്കരണം നടത്താനാണ് ഗവണ്‍മെന്‍റ് ലക്ഷ്യമിടുന്നത്. Labels: ഖത്തര്‍, തൊഴില്‍ നിയമം
- ജെ. എസ്.
( Thursday, April 03, 2008 ) |
ഖത്തറില്‍ 204 സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി
ഖത്തറില്‍ പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ അപേക്ഷ നല്‍കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ തങ്ങളുടെ തൊഴിലാളികളുടെ കഴിഞ്ഞ മൂന്ന് മാസത്തെ ശമ്പളപ്പട്ടിക അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
തൊഴില്‍ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. ഇത്തരത്തില്‍ ശമ്പളപ്പട്ടിക സമര്‍പ്പിക്കുന്നവര്‍ക്ക് മാത്രമേ പുതിയ തൊഴില്‍ വിസ അനുവദിക്കുകയുള്ളൂ. ഇതിനിടെ രാജ്യത്തെ തൊഴില്‍ നിയമം അനുസരിച്ച് പ്രവര്‍ത്തിക്കാത്ത 204 സ്ഥാപനങ്ങളെ മന്ത്രാലയം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. തൊഴില്‍ നിയമം ലംഘിച്ചതിന് ഇവയുടെ പ്രവര്‍ത്തനം ഒരാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ തൊഴില്‍ മന്ത്രാലയം ഉത്തരവിറക്കിയിട്ടുണ്ട്. Labels: ഖത്തര്‍, തൊഴില്‍ നിയമം
- ജെ. എസ്.
( Thursday, April 03, 2008 ) |
സൗദിയിലെ എല്ലാ വിദേശ തൊഴിലാളികള്‍ക്കും സമ്പൂര്‍ണ ഇന്‍ഷുറന്‍സ്
സൗദിയിലെ എല്ലാ വിദേശ തൊഴിലാളികള്‍ക്കും സമ്പൂര്‍ണ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനുള്ള പദ്ധതി തയ്യാറാകുന്നു. വീട്ടു ജോലിക്കാര്‍ക്ക് മിനിമം വേതനം നിശ്ചയിക്കാന്‍ നിബന്ധന വയ്ക്കുന്നവര്‍ വീട്ടുജോലിക്കാരുടെ ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട നിബന്ധനയും തൊഴില്‍ കരാറില്‍ ഉള്‍പ്പെടുത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
Labels: തൊഴില്‍ നിയമം, സൌദി
- ജെ. എസ്.
( Wednesday, April 02, 2008 ) |
സ്പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ കാതലായ മാറ്റം വരുത്തണം
രാജ്യത്തെ നിലവിലെ സ്പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ കാതലായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്ന് ഖത്തറിലെ ദേശീയ മനുഷ്യാവകാശ സമിതി സര്‍ക്കാറിനോട് ആവശ്യപ്പെട്ട്. ഇപ്പോഴുള്ള നിയമം വിദേശികളെ കടുത്ത നിയന്ത്രണത്തില്‍ നിര്‍ത്തുന്നതാണെന്നും രാജ്യത്തിന് അത് ഹിതരകമാവുകയില്ലെന്നും സമിതിയുടെ 2007 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. നാടുകടത്താനായി വിവിധ ജയിലുകളില്‍ കഴിയുന്ന വിദേശികളെ തിരിച്ചയയ്ക്കുന്നതില്‍ വരുന്ന കാലതാമസത്തിലും സമിതി ഉത്കണ്ഠ പ്രകടിപ്പിച്ചു. ഏതാണ്ട് 1500 ഓളം പേര്‍ ഖത്തറിലെ ഡിപ്പോര്‍ട്ടേഷന്‍ സെന്‍ററുകളില്‍ കഴിയുന്നുണ്ടെന്നാണ് സമിതിയുടെ കണക്ക്.
Labels: ഖത്തര്‍, തൊഴില്‍ നിയമം, മനുഷ്യാവകാശം
- ജെ. എസ്.
( Sunday, March 30, 2008 ) |
കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലേബര്‍ വിസ
കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലേബര്‍ വിസയിലേക്ക് മാറാനുള്ള കാലാവധി ഈ മാസം 31 ന് അവസാനിക്കും.
കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലേബര്‍ വിസയിലേക്ക് മാറാനുള്ള കാലാവധി ഈ മാസം 31 ന് അവസാനിക്കും. വിസ മാറ്റുന്നതിനുള്ള സമയ പരിധി നീട്ടിക്കൊടുക്കുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഗാര്‍ഹിക തൊഴില്‍ വിസയില്‍ നിന്ന് തൊഴില്‍ വിസയിലേക്ക് മാറാനുള്ള അനുമതി സംബന്ധിച്ച് മാറാനുള്ള അനുമതി കഴിഞ്ഞ ഡിസംബറിലാണ് അധികൃതര്‍ പ്രഖ്യാപിച്ചത്. Labels: കുവൈറ്റ്, തൊഴില്‍ നിയമം
- ജെ. എസ്.
( Thursday, March 27, 2008 ) |
തൊഴില്‍ വകുപ്പ് ഓഫീസുകള്‍ ശനിയാഴ്ചകളിലും പ്രവര്‍ത്തിക്കും
കുവൈറ്റിലെ തൊഴില്‍ വകുപ്പ് ഓഫീസുകള്‍ ഇനി മുതല്‍ ശനിയാഴ്ചകളിലും പ്രവര്‍ത്തിക്കും. തൊഴില്‍ വിസയുമായി ബന്ധപ്പെട്ട നടപടികള്‍ പെട്ടെന്ന് തീര്‍ക്കുന്നതിനാണ് ഈ നടപടി. അവധി ദിനമായ ശനിയാഴ്ച പ്രവര്‍ത്തിക്കുന്നതിലൂടെ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകുമെന്ന് തൊഴില്‍ കാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ കന്തേരി പറഞ്ഞു. പ്രമുഖ ഷോപ്പിംഗ് സമുച്ചയങ്ങളിലും തൊഴില്‍ വകുപ്പ് കൗണ്ടര്‍ തുടങ്ങും.
Labels: കുവൈറ്റ്, തൊഴില്‍ നിയമം
- ജെ. എസ്.
( Wednesday, March 26, 2008 ) |
ഉമ്മുല്‍ഖുവൈനില്‍ അനധിക്യത വെയര്‍ ഹൗസുകള്‍ കണ്ടെത്തി
ഉമ്മുല്‍ഖുവൈനില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന 62 വെയര്‍ ഹൗസുകള്‍ അധികൃതര്‍ കണ്ടെത്തി. ഉമ്മുല്‍ തൊഖൂര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് ഇവയെല്ലാം പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി നടത്തിയ പരിശോധകളിലാണ് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്രയും വെയര്‍ഹൗസുകള്‍ അധികൃതര്‍ കണ്ടെത്തിയത്.
Labels: കുറ്റകൃത്യം, തൊഴില്‍ നിയമം, യു.എ.ഇ.
- ജെ. എസ്.
( Saturday, March 22, 2008 ) |
ഷാര്‍ജയില്‍ തൊഴിലാളികള്‍ അക്രമാസക്തരായി
ഷാര്‍ജയിലെ സജയിലുള്ള ഒരു ഇലക്ട്രോ മെക്കാനിക്കല്‍ കമ്പനിയിലെ തൊഴിലാളികളുടെ പണിമുടക്ക് ഇന്ന് അക്രമാസക്തമായി. നിരവധി വാഹനങ്ങള്‍ തകര്‍ത്ത തൊഴിലാളികള്‍ കമ്പനിയുടെ പ്രധാന ഓഫീസിന് തീയിടുകയും ചെയ്തു.
Labels: കുറ്റകൃത്യം, തൊഴില്‍ നിയമം, പ്രതിഷേധം, പ്രവാസി, മനുഷ്യാവകാശം, ഷാര്‍ജ
- ജെ. എസ്.
( Wednesday, March 19, 2008 ) |
ഇന്ത്യക്കാര്‍ക്കുള്ള തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നത് കുവൈറ്റ് ഇനിയും പുനരാരംഭിച്ചില്ല
ഇന്ത്യക്കാര്‍ക്കുള്ള തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നത് കുവൈറ്റ് ഇനിയും പുനരാരംഭിച്ചില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കുവൈറ്റ് വിസ സ്റ്റാംമ്പിംഗ് നിര്‍ത്തി വച്ചിരുന്നത്. തര്‍ക്കങ്ങള്‍ തീര്‍ന്നുവെന്നും വിസ സ്റ്റാമ്പിംഗ് പുനരാരംഭിക്കുമെന്നും മൂന്നാഴ്ച മുമ്പ് തന്നെ അറിയിപ്പ് വന്നിരുന്നു. എന്നാല്‍ ഇതുവരേയും വിസ സ്റ്റാംമ്പിംഗ് പുനരാരംഭിച്ചിട്ടില്ല. കുവൈറ്റ് തൊഴില്‍ വകുപ്പില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നാണിത്. കുവൈറ്റിലെ ഇന്ത്യന്‍ എംബസി തൊഴില്‍ വകുപ്പില്‍ നിന്നും മതിയായ രേഖകള്‍ ലഭിക്കുന്നതിന് ശ്രമിച്ചുവരികയാണെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു. ഡിസംബര്‍ അഞ്ച് മുതലാണ് കുവൈറ്റ് ഇന്ത്യക്കാര്‍ക്കുള്ള വിസ സ്റ്റാംമ്പിംഗ് നിര്‍ത്തിവച്ചത്. ഉദ്യോഗസ്ഥ തലത്തിലുള്ള നിരവധി ചര്‍ച്ചകളെ തുടര്‍ന്ന് ഗാര്‍ഹിക തൊഴിലാളികള്‍ ഒഴികെയുള്ളവരുടെ പ്രശ്നം പരിഹരിച്ചത്. ഗാര്‍ഹിക തൊഴില്‍ കരാര്‍ വ്യവസ്ഥയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഭിന്നാഭിപ്രായം തുടരുന്നതിനാലാണ് പരിഹരിക്കപ്പെടാതെ നീളുന്നത്.
Labels: കുവൈറ്റ്, തൊഴില്‍ നിയമം
- ജെ. എസ്.
( Saturday, March 08, 2008 ) |
45 ഇന്ത്യന്‍ തൊഴിലാളികളെ ദുബായില്‍ തടവ് ശിക്ഷക്ക് വിധിച്ചു
സമരത്തില്‍ പങ്കെടുത്തതിന്‍റെ പേരില്‍ 45 ഇന്ത്യന്‍ തൊഴിലാളികളെ ദുബായില്‍ തടവ് ശിക്ഷക്ക് വിധിച്ചു. അനധികൃതമായി സമരം നടത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് ശിക്ഷ. ദുബായ് കോടതിയാണ് ശിക്ഷ വിധിച്ചത്. Labels: തൊഴില്‍ നിയമം, പ്രതിഷേധം, പ്രവാസി, മനുഷ്യാവകാശം, യു.എ.ഇ., ശിക്ഷ
- ജെ. എസ്.
( Monday, February 25, 2008 ) |
സൌദിയില്‍ വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍
സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ കൂടുതല്‍ വനിതകള്‍ക്ക് തൊഴിലവസരം നല്‍കണമെന്ന് സൗദി തൊഴില്‍ സഹമന്ത്രി അബ്ദുല്‍ വഹീം അല്‍ ഹുമൈദ് ആവശ്യപ്പെട്ടു. രാജ്യത്ത് 1,06,000 തൊഴില്‍ രഹിതരായ സ്ത്രീകളുണ്ടന്നും ഇതില്‍ 65 ശതമാനവും ഉന്നത ബിരുദം കരസ്ഥമാക്കിയവരാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ മാത്രം ഉപയോഗിക്കുന്ന വസ്തുക്കള്‍ വില്‍ക്കുന്ന കേന്ദ്രങ്ങളില്‍ വില്‍പ്പനക്കാരായ വിദേശ പുരുഷന്മാരുടെ സ്ഥാനത്ത് സ്ത്രീകളെ നിയമിക്കണമെന്ന നിര്‍ദേശം പരാജയമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
Labels: തൊഴില്‍ നിയമം, സൌദി
- ജെ. എസ്.
( Monday, February 25, 2008 ) |
ഖത്തറില്‍്‍ സ്വദേശിവത്ക്കരണം ശക്തമാക്കുന്നു
ഖത്തറില്‍ സ്വകാര്യ മേഖലയില്‍ 20 ശതമാനം ജോലി സ്വദേശികള്‍ക്ക് നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം അവഗണിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കും. ഇതു സംബന്ധിച്ച നിര്‍ദേശം തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം മന്ത്രിസഭകള്‍ക്ക് സമര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് വിദേശ ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കില്ല. രാജ്യത്തെ ബാങ്കിംഗ് മേഖലയില്‍ ഖത്തറിവത്ക്കരണം നടക്കുന്നുണ്ടെങ്കിലും മറ്റു പല സ്വകാര്യ സ്ഥാപനങ്ങളിലും ഇത് നടക്കാത്തത് കൊണ്ടാണ് അധികൃതര്‍ പുതിയ നടപടിക്ക് ഒരുങ്ങുന്നത്.
Labels: ഖത്തര്‍, ഗള്‍ഫ്, തൊഴില്‍ നിയമം, പ്രവാസി
- ജെ. എസ്.
( Sunday, February 24, 2008 ) |
വീട്ടുവേലക്കാര്ക്ക് മാന്യമായ കൂലി.
യു.എ.ഇയിലുള്ള ഇന്ത്യന്‍ വീട്ടുവേലക്കാരുടെ മിനിമം വേതനം 1100 ദിര്‍ഹമായി നിശ്ചയിച്ചു. ഇത് സംബന്ധിച്ചുള്ള കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്‍റെ നിര്‍ ദേശം യു.എ.ഇയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലങ്ങള്‍ക്ക് ലഭിച്ചു.
Labels: ഗള്‍ഫ്, തൊഴില്‍ നിയമം, പ്രവാസി, മനുഷ്യാവകാശം, യു.എ.ഇ.
- ജെ. എസ്.
( Friday, February 22, 2008 ) |
അബുദാബി തൊഴില്‍ സമ്മേളനം സമാപിച്ചു.
അബുദാബിയില്‍ രണ്ട് ദിവസമായി നടന്ന തൊഴില്‍ സമ്മേളനം സമാപിച്ചു.
കരാര്‍ തൊഴിലാളികളുടെ ഒഴുക്ക് നിയന്ത്രിക്കാനും അവരുടെ കര്‍മ്മശേഷി കാര്യക്ഷമമായി ഉപയോഗിക്കാനും21 രാജ്യങ്ങളില്‍ നിന്നുള്ള തൊഴില്‍ മന്ത്രിമാരുടെ സമ്മേളനം തീരുമാനിച്ചു. സമ്മേളനത്തിന്റെ തുടര്‍ച്ച 2010 ല്‍ നടക്കും. Labels: തൊഴില്‍ നിയമം, യു.എ.ഇ.
- ജെ. എസ്.
( Wednesday, January 23, 2008 ) |
1 Comments:
ഏതാണ്ട് വലിയ ഒരു ബഹുജനസംരംഭം പ്രതിസന്ധിയിൽ എന്ന രീതിയിലാണ് ഈ പത്രത്തിലെ ടൈറ്റിൽ കണ്ടാൽ തോന്നുക. എന്തായാലും കോടികൾ കൈമാറ്റം ചെയ്യപ്പെടുന്ന ഈ മേഘല ഏതാനും പേരുടെ രോഗബാധയെ തുടർന്ന് പ്രതിസന്ധിയിൽ ആകും എന്ന് കരുതുക വയ്യ. ഒരുകാലത്ത് മലയാളസിനിമയിൽ ഇളംനീലയുടെ തരംഗം തന്നെ ആയിരുന്നു.എന്തുസംഭവിച്ചിട്ടാണെന്നറിയില്ല ഏതായാലും ഇന്ന് മലയാളസിനിമയിൽ ഈ തരംഗം ഇല്ലാതായിരിക്കുന്നു. ഒരുപക്ഷെ നായകനടികൾതന്നെ പ്രേക്ഷകനെ ഉദ്ദീപിപ്പിക്കുവാൻ തക്കവണ്ണം മേനിപ്രദർശനം നടത്തുന്നതാകാം തെന്നിന്ത്യയിലെ ഇളംനീല വ്യവസായം പ്രതിസന്ധിയിൽ ആകുവാൻ കാരണം.
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്