ഹമാസിന് ഇറാന്റെ പിന്തുണ
ഗാസയിലെ ഹമാസിന്റെ ശക്തി കേന്ദ്രം തകര്‍ക്കാനുള്ള ഇസ്രയേലിന്റെ ഭീഷണിക്കെതിരെ പലസ്തീന് പിന്തുണയുമായി ഇറാന്‍ രംഗത്തെത്തി. ഇസ്രായേല്‍ പുതിയ സാഹസങ്ങള്‍ക്ക് മുതിരരുത് എന്നാണ് ഇത് സംബന്ധിച്ച് തങ്ങളുടെ നിലപാട് വ്യക്തമാക്കി ക്കൊണ്ട് ഇറാന്‍ പ്രസിഡണ്ട് മഹ്മൂദ് അഹമ്മദി നെജാദ് ശനിയാഴ്ച പറഞ്ഞത്. ദക്ഷിണ ലെബനോനില്‍ 2006ല്‍ നടന്ന യുദ്ധത്തിലും, ഗാസയില്‍ 2009 - 2010 ല്‍ പലസ്തീന്‍ നടത്തിയ ചെറുത്ത് നില്‍പ്പിലും ഏറ്റ പരാജയം ഇസ്രായേല്‍ മറക്കരുത് എന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ഗാസയില്‍ നിന്നും ഇസ്രയേലിനു നേരെ നടത്തുന്ന റോക്കറ്റ് ആക്രമണം നിര്‍ത്തിയില്ലെങ്കില്‍ ഇസ്രായേല്‍ വീണ്ടും ആക്രമണം നടത്താന്‍ നിര്‍ബന്ധിതമാകും എന്ന് കഴിഞ്ഞ ദിവസം ഇസ്രായേല്‍ ഉപ പ്രധാന മന്ത്രി സില്‍വന്‍ ഷാലോം പ്രഖ്യാപിച്ചിരുന്നു.
- ജെ. എസ്.
( Sunday, April 04, 2010 ) |
ഒബാമയ്ക്ക് നൊബേല്‍ - അറബ് ലോകത്തിന് അതൃപ്തി
ദുബായ് : അമേരിക്കന്‍ പ്രസിഡണ്ട് ബറക് ഒബാമയ്ക്ക് നൊബേല്‍ പുരസ്കാരം ലഭിച്ചത് ഏറ്റവും അനുചിതമായ ഒരു സമയത്താണ് എന്ന് അറബ് ജനത പരക്കെ കരുതുന്നു. ഇന്നലെ ഓസ്‌ലോയില്‍ വെച്ച് ഒബാമ നൊബേല്‍ പുരസ്കാരം ഏറ്റു വാങ്ങുന്നതിന് ഏതാനും ദിവസം മുന്‍പാണ് അമേരിക്ക അഫ്ഗാനിസ്ഥാനിലേക്ക് 30,000 സൈനികരെ കൂടി അയക്കാനുള്ള തീരുമാനം എടുത്തത്. ഇത് ആഗോല തലത്തില്‍ മുസ്ലിം ലോകത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്.
തങ്ങളുടെ അധീനതയിലുള്ള പലസ്തീന്റെ പ്രദേശങ്ങളില്‍ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ നിന്നും പിന്മാറാന്‍ ഇസ്രയേല്‍ കൂട്ടാക്കാത്ത നടപടിക്ക് അമേരിക്ക വഴങ്ങിയതും, അങ്ങനെ പലസ്തീന്‍ സമാധാന പ്രക്രിയ കഴിഞ്ഞ രണ്ടു മാസമായി മരവിച്ചതും ഇതിനു പുറമെയാണ്. ഒബാമ പറയുന്നത് കൂട്ടാക്കാതെ തങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുന്ന ഇസ്രയേല്‍ തന്നെയാണ് ഒബാമയുടെ കഴിവു കേടിന്റെ ഏറ്റവും നല്ല ദൃഷ്ടാന്തം എന്ന് പലരും കരുതുന്നുണ്ട്. എന്നാല്‍ അധികാരമേറ്റ് ഒരു വര്‍ഷം പോലും തികയാത്ത ഒബാമയുടെ ഗള്‍ഫ് നയം ഇനിയും വ്യക്തമാകാന്‍ ഇരിക്കുന്നതേയുള്ളൂ എന്ന ഒരു എതിര്‍ വാദവും ഉണ്ട്. സാമ്പത്തിക മാന്ദ്യം, ആരോഗ്യ പരിചരണം, ഉത്തര കൊറിയ, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ എന്നീ വിഷയങ്ങളില്‍ മുഴുകിയ ഒബാമയ്ക്ക് അറബ് ഇസ്രയേല്‍ പ്രശ്നത്തില്‍ ഇടപെടാന്‍ വേണ്ടത്ര സമയം ഇനിയും ലഭിച്ചിട്ടില്ല. ഏതായാലും ഒരു നൊബേല്‍ പുരസ്കാരം വാങ്ങുവാന്‍ തക്കതായതൊന്നും ഒബാമ ഇനിയും ചെയ്തിട്ടില്ല എന്നു തന്നെയാണ് അറബ് ലോകത്തില്‍ നിന്നും പരക്കെയുള്ള പ്രതികരണം.
- ജെ. എസ്.
( Friday, December 11, 2009 ) |
ഇറാനെ ഭയക്കുന്ന ഇസ്രയേല്‍
ഇറാന് ആണവ ക്ഷമത കൈവരുന്ന പക്ഷം നാലില്‍ ഒന്ന് പേര്‍ തങ്ങള്‍ ഇസ്രയേല്‍ ഉപേക്ഷിച്ച് പോവും എന്ന് അഭിപ്രായപ്പെട്ടു. ഇസ്രയേലിലെ പ്രശസ്തമായ ടെല്‍ അവീവ് സര്‍വ്വകലാശാല നടത്തിയ ഒരു സര്‍വ്വേയില്‍ ആണ് ഇത് വെളിപ്പെട്ടത്. സെന്റര്‍ ഫോര്‍ ഇറാനിയന്‍ സ്റ്റഡീസ് ആണ് പ്രസ്തുത പഠനം നടത്തിയത്. ഇറാന്‍ അണു ബോംബ് കൈവശപ്പെടുത്തും എന്ന് തങ്ങള്‍ ഭയക്കുന്നു എന്ന് 85% പേര്‍ അഭിപ്രായപ്പെട്ടു. അമേരിക്കയിലെ പുതിയ ഭരണ കൂടം ഇറാനുമായി നടത്തുന്ന ചര്‍ച്ചകള്‍ ഫലപ്രദമാവില്ല എന്ന് 57% പേര്‍ വിശ്വസിക്കുന്നു. ഈ ചര്‍ച്ചകളുടെ ഫലത്തിന് കാത്തു നില്‍ക്കാതെ എത്രയും വേഗം ഇസ്രയേല്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചു നശിപ്പിക്കണം എന്ന് 41% ഇസ്രയേലികള്‍ കരുതുന്നു. ഈ കണ്ടെത്തലുകള്‍ ഏറെ ദുഃഖകരമാണ് എന്ന് കേന്ദ്രം മേധാവി പ്രൊഫസ്സര്‍ ഡേവിഡ് പറയുന്നു. എത്രയൊക്കെ തീവ്രവാദപരമായ നേതൃത്വമാണ് ഇറാനില്‍ ഉള്ളതെങ്കിലും ഇസ്രയേലിനെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് ഇറാന്റെ അന്ത്യം കുറിക്കും എന്ന് അവര്‍ക്ക് അറിയാം. ഇത് മനസ്സിലാക്കി കൊണ്ടു തന്നെ ഇറാന്‍ നിരന്തരം നടത്തി പോരുന്ന ഭീഷണി പക്ഷെ ഫലപ്രദം ആണ് എന്നാണ് ഈ സര്‍വ്വേ ഫലം സൂചിപ്പിക്കുന്നത്. ഇറാന്റെ ആക്രമണ ഭീഷണിയില്‍ ലക്ഷക്കണക്കിന് ഇസ്രയേലികള്‍ ഭയത്തില്‍ ആണ് കഴിയുന്നത്. അതു കൊണ്ടു തന്നെയാണ് ഇവര്‍ ഇറാന് ആണവ ആയുധം ലഭിക്കുന്ന നിമിഷം തന്നെ ഇസ്രയേലില്‍ നിന്നും പലായനം ചെയ്യാന്‍ ആലോചിക്കുന്നതും എന്നും അദ്ദേഹം പറഞ്ഞു.
- ജെ. എസ്.
( Sunday, May 24, 2009 ) |
അമേരിക്കയില്‍ 49% ഇറാനെതിരെ
അമേരിക്കയില്‍ നടത്തിയ ഒരു അഭിപ്രായ വോട്ടെടുപ്പില്‍ 49% പേര്‍ ഇറാനെതിരെ തങ്ങളുടെ നിലപാട് വ്യക്തമാക്കി. ഇസ്രയേല്‍ ഇറാനെ ആക്രമിക്കുന്ന വേളയില്‍ അമേരിക്ക കൂടെ ഇസ്രയേലിനൊപ്പം ചേര്‍ന്ന് ഇറാനെതിരെ യുദ്ധം ചെയ്യണം എന്നാണ് ഈ അഭിപ്രായ വോട്ടെടുപ്പില്‍ 49% അമേരിക്കക്കാര്‍ അഭിപ്രായം രേഖപ്പെടുത്തിയത്. 37% പേര്‍ പറഞ്ഞത് ഇത്തരം ഒരു യുദ്ധം ഉണ്ടായാല്‍ അമേരിക്ക അതില്‍ ഇടപെടാതെ മാറി നില്‍ക്കണം എന്നാണ്. എന്നാല്‍ രണ്ട് ശതമാനം പേരെങ്കിലും യുദ്ധത്തില്‍ അമേരിക്ക ഇറാനെ സഹായിക്കണം എന്ന് അഭിപ്രായപ്പെട്ടു.
പൊതു ജന അഭിപ്രായം സ്വരൂപിക്കുകയും, പ്രസിദ്ധപ്പെടുത്തുകയും, വിതരണം ചെയ്യുകയും മറ്റും ചെയ്യുന്നതില്‍ പ്രത്യേക വൈദഗ്ദ്ധ്യം ഉള്ള റസ്മുസ്സന്‍ റിപ്പോര്‍ട്ട്സ് എന്ന പ്രസിദ്ധീകരണ ശാലയാണ് പ്രസ്തുത അഭിപ്രായ വോട്ടെടുപ്പ് നടത്തിയത്. ടെലിഫോണ്‍ ഉപയോഗിച്ച് തെരഞ്ഞെടുക്കപ്പെട്ട ആളുകളില്‍ മെയ് 5, 6 തിയതികളില്‍ ആണ് ഈ സര്‍വ്വേ നടത്തിയത്. ശാസ്ത്രീയമായി ഇതില്‍ 3% തെറ്റ് മാത്രമേ സംഭവിക്കുകയുള്ളൂ എന്നാണ് വിദഗ്ദ്ധ മതം. അത് കൊണ്ടു തന്നെ ലോകത്തിലെ തന്നെ ഒന്നാം കിട അഭിപ്രായ സര്‍വ്വേ നടത്തുന്ന ഏജന്‍സിയായിട്ടാണ് ഇവര്‍ അറിയപ്പെടുന്നത്.
- ജെ. എസ്.
( Saturday, May 09, 2009 ) |
പലസ്തീന് വെനസ്വേലയുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചു
തെക്കേ അമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ പലസ്തീന്‍ തങ്ങളുടെ നയതന്ത്ര കാര്യാലയം സ്ഥാപിച്ചു കൊണ്ട് തിങ്കളാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഔദ്യോഗികമാക്കി. ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ആക്രമണ വേളയില്‍ തങ്ങള്‍ക്ക് വെനസ്വേല നല്‍കിയ പിന്തുണക്ക് പലസ്തീന്‍ വിദേശ കാര്യ മന്ത്രി റിയാദ് അല്‍ മല്‍കി വനസ്വേലന്‍ പ്രസിഡണ്ട് ഹ്യൂഗോ ഷാവേസിന് നന്ദി പറഞ്ഞു. ഗാസാ ആക്രമണത്തില്‍ പ്രതിഷേധിച്ച് വെനസ്വേല ഇസ്രയേലുമായി ഉള്ള നയതന്ത്ര ബന്ധങ്ങള്‍ വേര്‍പെടുത്തി പലസ്തീന്‍ ജനതയുമായി തങ്ങളുടെ ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ചത് ഷാവേസിനെ അറബ് ലോകത്തിന്റെ പ്രിയങ്കരന്‍ ആക്കി മാറ്റിയിരുന്നു. പലസ്തീന്‍ പ്രശ്നം തങ്ങളുടെ സ്വന്തം പ്രശ്നം ആണെന്ന് വെനസ്വേലന്‍ വിദേശ കാര്യ മന്ത്രി നിക്കോളാസ് മടൂറോ പറഞ്ഞതിന് മറുപടിയായി ഷാവേസ് അറബ് ലോകത്തിന്റെ ഏറ്റവും ജനപ്രീതി നേടിയ നേതാവാണ് എന്ന് അല്‍ മല്‍കി പ്രശംസിച്ചു. കറാകാസ്സില്‍ തിങ്കളാഴ്ച്ച വൈകീട്ട് പലസ്തീന്‍ എംബസ്സി ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഇരുവരും.
Labels: അന്താരാഷ്ട്രം, പലസ്തീന്
- ജെ. എസ്.
( Tuesday, April 28, 2009 ) |
ഇസ്രയേലിനെ അംഗീകരിക്കില്ലെന്ന് പലസ്തീന്‍
ഇസ്രയേലിനെ യഹൂദന്മാരുടെ രാഷ്ട്രമായി അംഗീകരിക്കണം എന്ന ഇസ്രയേല്‍ പ്രധാന മന്ത്രി ബിന്യാമീന്‍ നെതന്യാഹുവിന്റെ ആവശ്യം പലസ്തീന്‍ അധികൃതരും ഹമാസും നിരസിച്ചു. ഇരു വിഭാഗവും തമ്മില്‍ ഉള്ള സമാധാന ചര്‍ച്ചകള്‍ക്ക് ഈ ആവശ്യം ഒരു ഉപാധിയായി ഇസ്രയേല്‍ പ്രധാന മന്ത്രി മുന്നോട്ട് വെച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച അമേരിക്കയുടെ പ്രത്യേക പ്രതിനിധി ജോര്‍ജ്ജ് മിഷെലുമായി നറ്റത്തിയ കൂടിക്കാഴ്ചയില്‍ ആണ് ഇസ്രയേല്‍ പ്രധാന മന്ത്രി നെതന്യാഹു ഈ ആവശ്യം ഉന്നയിച്ചത്. ഇതിനെ തുടര്‍ന്ന് മിഷെല്‍ വെള്ളിയാഴ്ച പലസ്തീന്‍ അതോറിറ്റി പ്രസിഡണ്ട് മഹമൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തുകയും ഇസ്രയേലിന്റെ ആവശ്യം അദ്ദേഹത്തെ ധരിപ്പിക്കുകയും ചെയ്തു. എന്നാല്‍ രണ്ട് വ്യത്യസ്ത രാഷ്ട്രങ്ങള്‍ എന്ന പലസ്തീന്റെ കാഴ്ചപ്പാട് ഇസ്രയേലിനെ കൊണ്ട് അംഗീകരിപ്പിക്കണം എന്നായിരുന്നു പലസ്തീന്‍ പ്രതിനിധികളുടെ നിലപാട്. മാത്രമല്ല, ഇസ്രയേലുമായി നേരത്തെ ഏര്‍പ്പെട്ടിട്ടുള്ള എല്ലാ കരാറുകളും ഇസ്രയേല്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തണം എന്നും ഇവര്‍ ആവശ്യപ്പെട്ടു.
Labels: പലസ്തീന്
- ജെ. എസ്.
( Monday, April 20, 2009 ) |
ഇസ്രയേല്‍ വീണ്ടും വ്യോമാക്രമണം നടത്തി
ഇസ്രയേലിന്റെ യുദ്ധ വിമാനങ്ങള്‍ ഗാസയില്‍ ഹമാസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തെ ഒരു ഒഴിഞ്ഞ പോലീസ് സ്റ്റേഷന്‍ ബോംബ് ചെയ്തു തകര്‍ത്തു. ഹമാസിന്റെ വെടി വെപ്പിന് തങ്ങള്‍ മറുപടി നല്‍കും എന്ന് ഇസ്രയേല്‍ പറഞ്ഞതിന് മണിക്കൂറുകള്‍ക്ക് ഉള്ളില്‍ ആണ് ഈ പുതിയ സംഭവ വികാസം നടന്നിരിക്കുന്നത്. എന്നാല്‍ ഈ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടതായി സൂചനയില്ല. ഇത്തരം നിരവധി ആക്രമണങ്ങള്‍ തങ്ങള്‍ ഗാസയില്‍ ഉടനീളം തങ്ങള്‍ നടത്തിയതായി ഇസ്രയേല്‍ അവകാശപ്പെട്ടു. തങ്ങള്‍ വെടി നിര്‍ത്തിയതിന് ശേഷവും ഹമാസ് തുടരുന്ന റോക്കറ്റ് ആക്രമണത്തിന് തങ്ങള്‍ ആനുപാതികം അല്ലാത്ത തിരിച്ചടി തന്നെ നല്‍കും എന്ന് ഇസ്രയേല്‍ പ്രധാന മന്ത്രി എഹൂദ് ഓള്‍മെര്‍ട്ട് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ ആക്രമണം നടന്നത്.
- ജെ. എസ്.
( Monday, February 02, 2009 ) |
ഗാസയില്‍ വെടി നിര്‍ത്തി
മൂന്ന് ആഴ്ചകള്‍ കൊണ്ട് 1200 പേരെ കൊന്നൊടുക്കിയ യുദ്ധത്തിന് താല്‍ക്കാലിക വിരാമം ഇട്ട് കൊണ്ട് ഇസ്രയേല്‍ ശനിയാഴ്ച അര്‍ധ രാത്രി മുതല്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഈജിപ്തും ഫ്രാന്‍സും നടത്തിയ ശ്രമങ്ങളുടെ ഫലം ആണ് ഇപ്പോഴത്തെ വെടി നിര്‍ത്തല്‍. ഏക പക്ഷീയം ആയി വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ച ഇസ്രായേല്‍ പ്രധാന മന്ത്രി എഹൂദ് ഓള്‍മേര്‍ട്ട് പക്ഷെ സൈന്യം തങ്ങളുടെ ഇപ്പോഴത്തെ നിലയില്‍ തന്നെ പ്രദേശത്ത് തുടരും എന്ന് അറിയിച്ചു. എന്നാല്‍ ഗാസയില്‍ ഒരു ഇസ്രായേല്‍ സൈനികന്‍ പോലും നില ഉറപ്പിക്കുന്നത് തങ്ങള്‍ക്ക് അംഗീകരിക്കാന്‍ ആവില്ല എന്നാണ് ഹമാസിന്റെ നിലപാട്. സൈന്യത്തെയും തങ്ങള്‍ക്കെതിരെ നടപ്പിലാക്കിയ സാമ്പത്തിക ഉപരോധവും പൂര്‍ണ്ണമായി പിന്‍വലിച്ച് അതിര്‍ത്തികള്‍ തുറന്നാല്‍ മാത്രമേ തങ്ങള്‍ ഇത് അംഗീകരിക്കൂ എന്ന് ഒരു ഹമാസ് വക്താവ് വ്യക്തമാക്കി.
- ജെ. എസ്.
( Sunday, January 18, 2009 ) |
ഗാസ ഉച്ചകോടി തുടങ്ങി
ദോഹ: ഗാസയിലെ ആക്രമണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അറബ് ലീഗ് അടിയന്തര ഉച്ചകോടിക്ക് ദോഹ ഷെറാട്ടണ്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ തുടക്കമായി. എല്ലാ തടസങ്ങളേയും അവഗണിച്ച് ഗാസയിലെ പീഢനം അനുഭവിക്കുന്ന ലക്ഷങ്ങളുടെ പ്രശ്നം ചര്‍ച്ച ചെയ്തേ പറ്റൂ എന്ന ഖത്തര്‍ നേതൃത്വത്തിന്റെ ഇച്ഛാ ശക്തിയുടെ വിജയം കൂടിയായി ഗാസ ഉച്ചകോടി എന്നറിയപ്പെടുന്ന ഈ സമ്മേളനം. ഒരു വിഭാഗം അറബ് രാജ്യങ്ങള്‍ ബഹിഷ്കരി ച്ചെങ്കിലും ഇറാനിയന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദി നിജാദിന്റേയും ഹമാസ് പൊളിറ്റ് ബ്യൂറോ മേധാവി ഖാലിദ് അല്‍മിഷ് അലിന്റേയും സാന്നിധ്യം ദോഹ ഉച്ചകോടിയെ കൂടുതല്‍ ശ്രദ്ധേയമാക്കി.
അധിവേശ ഇസ്രായേല്‍ സൈന്യത്തിന്റെ ക്രൂരമായ ആക്രമണങ്ങ ളില്‍പ്പെട്ട് ഗാസയിലെ പതിനായിര ക്കണക്കായ നമ്മുടെ സഹോദരങ്ങള്‍ അനുഭവിക്കുന്ന കൊടും ദുരന്തത്തിന്റെ ആഴവും പരപ്പും പ്രതിഫലിക്കു ന്നതായില്ല അക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഈ സമ്മേളനമെന്ന് തന്റെ ഹൃസ്വമായ ഉദ്ഘാടന പ്രസംഗത്തില്‍ ദോഹ ഉച്ചകോടി ബഹിഷ്കരിച്ച രാജ്യങ്ങളെ ഉദ്ദേശിച്ചു കൊണ്ട് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍താനി പറഞ്ഞു. ഇത്രയും ഗുരുതരമായ ഒരു സാഹചര്യത്തിലും അക്കാര്യം ചര്‍ച്ച ചെയ്യാന്‍ നമ്മള്‍ ഒരുമിച്ചു നില്‍ക്കുന്നില്ലെങ്കില്‍ ഇനിയെ പ്പോഴാണ് അതിന് നാം തയ്യാറാവുക എന്ന് അദ്ദേഹം ചോദിച്ചു. ഗാസയിലെ സ്വന്തം ജനങ്ങളുടെ പ്രശ്നം ചര്‍ച്ച ചെയ്യുന്ന ഈ സമ്മേളനത്തില്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് സന്നിഹിത നാവാത്തതില്‍ അമീര്‍ ഖേദം പ്രകടിപ്പിച്ചു. അറബ് ലീഗിന്റെ ഇപ്പോഴത്തെ ചെയര്‍മാന്‍ കൂടിയായ സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍അസദ് സുഡാന്‍ പ്രസിഡന്റ് ഉമര്‍ അല്‍ബഷീര്‍, ലബനാന്‍ പ്രസിഡന്റ് മിഷേല്‍ സുലൈമാന്‍, മൊറിത്താനിയന്‍ സുപ്രീം കൌണ്‍സില്‍ പ്രസിഡന്റ് ജനറല്‍ മുഹമ്മദ് വലദ് അബ്ദുല്‍അസീസ്, കോമൊറോസ് പ്രസിഡന്റ് അഹ്മദ് അബ്ദുല്ല സാമ്പി, അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍അസീസ് ബുതഫ്ലീഖ, ഇറാഖ് വൈസ് പ്രസിഡന്റ് താരിഖ് ആല്‍ഹാഷിമി, ലിബിയന്‍ പ്രധാനമന്ത്രി മഹ്മൂദി അല്‍ബഗ്ദാദി, ഒമാന്‍ വിദേശകാര്യമന്ത്രി യൂസുഫ് ബിന്‍ അലവി അല്‍അബ്ദുല്ല, മൊറോക്കന്‍ വിദേശകാര്യമന്ത്രി ത്വയ്യിബ് അല്‍ഫാസി, ജിബൂട്ടി ഇസ്ലാമികകാര്യമന്ത്രി ഡോ.ഹാമിദ് അബ്ദി, എന്നീ അറബ് നേതാക്കള്‍ക്കൊപ്പം ഇറാനിയന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദി നിജാദ്, ഇസ്ലാമിക രാജ്യങ്ങളുടെ സംഘടന (ഒ ഐ സി) ചെയര്‍മാന്‍ കൂടിയായ സെനഗല്‍ പ്രസിഡന്റ് അബ്ദുല്ല വാദ്, തുര്‍ക്കി ഉപ്രധാനമന്ത്രി ജമീല്‍ തഷീഷക്, ഹമാസ് പൊളിറ്റ് ബ്യൂറോ നേതാവ് ഖാലിദ് മിഷ്അല്‍, ഇസ്ലാമിക് ജിഹാദ് സെക്രട്ടറി ജനറല്‍ റമദാന്‍ ഷലഹ്, ഫലസ്തീന്‍ നേതാവ് അഹ്മദ് ജിബ്രീല്‍ എന്നിവരാണ് സമ്മേളനത്തില്‍ സംബന്ധിക്കുന്നത്. ഖത്തര്‍ സംഘത്തെ കിരീടാവകാശി ഷെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍താനിയാണ് നയിക്കുന്നത്. പ്രധാന മന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജബര്‍ ആല്‍താനിയും ഖത്തറി സംഘത്തിലുണ്ട്. അറബ് ലീഗ് സെക്രട്ടറി ജനറല്‍ അംറു മൂസയുടെ അസാന്നിധ്യം ശ്രദ്ധേയമായി. ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രിമാരും രാജ കുടുംബാംഗങ്ങളും നയതന്ത്ര പ്രതിനിധികളും പങ്കെടുത്തു. പിന്നീട് അടച്ചിട്ട ഹാളില്‍ ചര്‍ച്ചകള്‍ നടന്നു. - മുഹമദ് യാസീന്‍ ഒരുമനയൂര്‍ Labels: ഖത്തര്‍, ഗള്‍ഫ് രാഷ്ട്രീയം, പലസ്തീന്, യുദ്ധം
- ജെ. എസ്.
( Saturday, January 17, 2009 ) |
ഗാസയെ സ്മരിച്ചു കൊണ്ട് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ തുടങ്ങി
ഇന്ന് തുടങ്ങുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ തുടക്കം കുറിക്കാന്‍ ഇസ്രായേലിന്‍റെ ആക്രമണത്തിന് ഇരയാകുന്ന ഫലസ്തീന്‍ ജനതയോട് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകളും ആഘോഷ പരിപാടികളും ഇല്ല. യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയും ആയ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ആണ് ഇത്തവണത്തെ ഷോപ്പിങ്ങ് മഹോത്സവത്തിന്റെ തുടക്കത്തിന് പ്രത്യേക ആഘോഷങ്ങള്‍ ഒന്നും വേണ്ടെന്ന് തീരുമാനിച്ചത് എന്ന് ദുബായ് എയര്‍പോര്‍ട്ട്സ്, എമിറേറ്റ്സ് എയര്‍ലൈന്‍സ്, ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ ഓഫീസ് സുപ്രീം കമ്മിറ്റി എന്നിവയുടെ ചെയര്‍മാന്‍ ആയ ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം അറിയിച്ചു.
നാല്‍പ്പതോളം ഷോപ്പിങ്ങ് മാളുകളും ആറായിരത്തോളം വ്യാപാര സ്ഥാപനങ്ങളും ഷോപ്പിങ്ങ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്. എല്ലാ അന്താരാഷ്ട്ര ബ്രാന്‍ഡുകളും ഏറ്റവും കൂടിയ ഇളവുകളും സമ്മാനങ്ങളും പ്രഖ്യാപിക്കുന്ന ഈ ഷോപ്പിങ്ങ് മാമാങ്കം ഇനിയുള്ള മുപ്പത്തി രണ്ട് ദിവസങ്ങള്‍ ദുബായിലെ രാത്രികളെ സജീവമാക്കും. ലോകോത്തര നിലവാരം ഉള്ള നൂറ്റി അന്‍പതോളം വിനോദ പരിപാടികളും കോടി കണക്കിന് രൂപയുടെ സമ്മാന പദ്ധതികളും ഷോപ്പിങ്ങ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് വിവിധ ഇടങ്ങളിലായി അരങ്ങേറും. ഇതിനിടെ, അറബ് ലോകത്തിന്റെ പ്രിയ ഗായകനായ താമര്‍ ഹോസ്നി നാളെ രാത്രി ദുബായ് ഫെസ്റ്റിവല്‍ സിറ്റിയില്‍ നടത്തുന്ന സംഗീത വിരുന്നില്‍ നിന്നും ലഭിക്കുന്ന തന്റെ പ്രതിഫല തുക ഗാസയിലെ ജനതക്ക് നല്‍കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. Labels: പലസ്തീന്, ബിസിനെസ്സ്, യു.എ.ഇ., യുദ്ധം
- ജെ. എസ്.
( Thursday, January 15, 2009 ) |
ഗാസയിലെ യുദ്ധം സൈബര്‍ ലോകത്തും
ഇസ്രയേല്‍ ഹമാസിന് എതിരെ ഗാസയില്‍ നടത്തി വരുന്ന മനുഷ്യ കുരുതി ഇന്റര്‍നെറ്റിലും എത്തി. യൂ ട്യൂബില്‍ തങ്ങള്‍ ഹമാസ് പോരാളികളെ ആക്രമി ക്കുന്നതിന്റെ വീഡിയോ ഇസ്രയേല്‍ കാണിച്ചപ്പോള്‍ “പാലുട്യൂബ്” എന്ന വെബ് സൈറ്റില്‍ ഇസ്രയേല്‍ നടത്തിയ കൂട്ടക്കൊല കളുടെ വീഡിയോ കളാണ് ഇതിന് എതിരെ ഇസ്ലാമിക സംഘങ്ങള്‍ നല്‍കി യിരിക്കുന്നത്. ഇതോടെ സൈബര്‍ ലോകത്തും യുദ്ധം മുറുകിയി രിക്കുകയാണ്. യുദ്ധ രംഗത്ത് ഇരു വശത്തും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി യതിനാല്‍ ഇത്തരം വീഡിയോ വെളിപ്പെ ടുത്തലുകള്‍ വഴി പൊതു ജന അഭിപ്രായം തങ്ങള്‍ക്ക് അനുകൂലം ആക്കുവാനുള്ള തീവ്ര യത്നത്തില്‍ ആണ് ഇരു പക്ഷവും.
ഇസ്രയേല്‍ യൂ ട്യൂബില്‍ നല്‍കിയിരിക്കുന്ന വീഡിയോ “പള്ളിക്കുള്ളില്‍ ഒളിപ്പിച്ചു വച്ചിരുന്ന ആയുധ ശേഖരം കണ്ടെടുത്ത് നിര്‍വ്വീര്യമാക്കി” എന്ന് അവകാശപ്പെടുമ്പോള്‍ “നിരപരാധികളെ കൊന്നൊടുക്കുന്ന സയണിസ്റ്റ് കൂട്ടക്കൊല” എന്നാണ് ഹമാസ് പാലു ട്യൂബില്‍ നല്‍കിയിരിക്കുന്ന വീഡിയോ പറയുന്നത്. Labels: ഇന്റര്‍നെറ്റ്, പലസ്തീന്, യുദ്ധം
- ജെ. എസ്.
( Tuesday, January 13, 2009 ) |
ഗാസക്ക് യു.എ.ഇ. ജനതയുടെ ഐക്യ ദാര്‍ഡ്യം
ഇസ്രയേല്‍ ആക്രമണത്താല്‍ ദുരിതം അനുഭവിക്കുന്ന ഗാസയിലെ ജനങ്ങളോട് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് യു.എ.ഇ. യില്‍ വ്യാപകമായ പ്രകടനങ്ങള്‍ അരങ്ങേറി. വിവിധ എമിറേറ്റുകളില്‍ നടന്ന പ്രതിഷേധ മാര്‍ച്ചുകളില്‍ ആയിര ക്കണക്കിന് യു.എ.ഇ. നിവാസികള്‍ പങ്കെടുത്തു. അബുദാബി, ദുബായ്, ഷാര്‍ജ, റാസല്‍ ഖൈമ എന്നിവിടങ്ങളില്‍ ജനം വെള്ളിയാഴ്ച ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രങ്ങള്‍ കൈകളില്‍ ഏന്തി നിരത്തില്‍ ഇറങ്ങി. ഇസ്രയേലിന്റെ സൈനിക അതിക്രമം ഉടന്‍ അവസാനിപ്പിക്കാന്‍ അന്താരഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുന്ന ബോര്‍ഡുകളും പ്രകടനക്കാര്‍ ഉയര്‍ത്തി പിടിച്ചിരുന്നു. മുങ്ങി ചാകാന്‍ പോകുന്ന ഒരുവനെ രക്ഷിക്കാന്‍ ശ്രമിക്കാത്തത് മാപ്പ് ഇല്ലാത്ത പാപമാണ് എന്നത് പോലെ ഗാസയില്‍ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യേണ്ടതും ആവശ്യമാണ് എന്ന് പ്രകടനത്തില്‍ പങ്കെടുത്ത ഇസ്ലാമിക പണ്ഡിതന്‍ അഹമ്മദ് അല്‍ ഖുബൈസി ആഹ്വാനം ചെയ്തു. ഷാര്‍ജയില്‍ നടന്ന ഏറ്റവും വമ്പിച്ച പ്രകടനത്തില്‍ പതിനായിരത്തോളം പ്രകടനക്കാര്‍ വന്‍ പോലീസ് സാന്നിധ്യത്തില്‍ എമിറേറ്റിലെ വിവിധ മനുഷ്യാവകാശ സാമൂഹ്യ സംഘടനകളുടെ നേതാക്കള്‍ക്കൊപ്പം കോര്‍ണീഷിലൂടെ മാര്‍ച്ച് നടത്തി. അബുദാബിയില്‍ വ്യത്യസ്ത ടെലിവിഷന്‍ ചാനലുകളിലായി എട്ട് മണിക്കൂറോളം നീണ്ടു നിന്ന ഒരു ധന ശേഖരണ പരിപാടിയില്‍ ഗാസയിലെ ജനതക്ക് 85 മില്ല്യണ്‍ ഡോളറിന്റെ ധന സഹായം സ്വരൂപിക്കുവാന്‍ കഴിഞ്ഞതും ഇന്നലെ നടന്ന ഐക്യ ദാര്‍ഡ്യ പ്രകടനങ്ങളുടെ ഭാഗമാണ്. ഗാസയില്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ കഷ്ടപ്പെടുന്നവരെ സഹായിക്കുവാന്‍ ഉള്ള അഭ്യര്‍ത്ഥനയുമായി യു.എ.ഇ. യിലെ നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ ഈ ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
- ജെ. എസ്.
( Saturday, January 10, 2009 ) |
വെനെസ്വേല ഇസ്രായേലി അംബാസഡറെ പുറത്താക്കി
ഗാസയില്‍ ഇസ്രയേല്‍ തുടരുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് വെനെസ്വേലാ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് ഇസ്രയേല്‍ അംബാസഡറെ പുറത്താക്കി. 600 ലേറെ പലസ്തീനികളാണ് ഇതു വരെ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വിദേശ മന്ത്രാലയം ഇന്നലെ പുറത്തിറക്കിയ കുറിപ്പിലാണ് ഇസ്രയേല്‍ അംബാസഡറേയും മറ്റ് ചില എംബസി ഉദ്യോഗസ്ഥരേയും പുറത്താക്കുന്നതായി അറിയിച്ചത്. ദക്ഷിണ ഇസ്രയേലില്‍ ഹമാസ് പോരാളികള്‍ നടത്തുന്ന റോക്കറ്റ് ആക്രമണം തടയുവാന്‍ വേണ്ടി കഴിഞ്ഞ മാസം 27 നാണ് ഇസ്രയേല്‍ സൈനിക നടപടികള്‍ തുടങ്ങിയത്. നേരത്തേ തന്നെ പലസ്തീനികളെ കൊന്നൊടുക്കുന്ന ഇസ്രയേലിനെ ഷാവേസ് "കൊലപാതകികള്‍" എന്ന് വിളിച്ചിരുന്നു. വെനെസ്വേലയിലെ യഹൂദ ജനതയോട് ഇസ്രയേലിനെതിരെ നിലപാട് സ്വീകരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്.
Labels: അന്താരാഷ്ട്രം, പലസ്തീന്, യുദ്ധം
- ജെ. എസ്.
( Wednesday, January 07, 2009 ) |
ഇസ്രയേല്‍ സൈന്യം ഗാസയില്‍ കടന്നു
ഒരാഴ്ച നീണ്ടു നിന്ന വ്യോമ ആക്രമണത്തിനു ശേഷം ഇസ്രയേല്‍ കര സേന ഗാസയില്‍ ആക്രമണം തുടങ്ങി. ഇതു വരെ പന്ത്രണ്ടോളം ഹമാസ് പോരാളികള്‍ കൊല്ലപ്പെട്ടതായ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഹമാസിന്റെ റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങള്‍ തകര്‍ക്കുക എന്നതാണ് ഈ ആക്രമണത്തിന്റെ ലക്‌ഷ്യം എന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യെഹൂദ് ബരാക് അറിയിച്ചു. ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ ദക്ഷിണ ഇസ്രയേലിലെ ജനം പൊറുതി മുട്ടിയിരിക്കുകയാണ്. എത്ര കഷ്ട്ടപ്പെട്ടായാലും തങ്ങള്‍ ഹമാസിന്റെ യുദ്ധ കേന്ദ്രങ്ങള്‍ തകര്‍ക്കുക തന്നെ ചെയ്യും. എത്ര സൈനികര്‍ ഈ യുദ്ധത്തില്‍ തങ്ങള്‍ക്കു നഷ്ടപ്പെട്ടാലും ശരി തങ്ങളുടെ ലക്‌ഷ്യം കാണുന്നത് വരെ യുദ്ധം തുടരും. എന്നാലേ ദക്ഷിണ ഇസ്രയേലിലെ ജനങ്ങള്‍ക്ക് ദീര്‍ഘ കാല അടിസ്ഥാനത്തില്‍ സമാധാനത്തോടെ ജീവിക്കാന്‍ ആവൂ. എന്നാല്‍ ഗാസ ഇസ്രയേല്‍ സൈന്യത്തിന്റെ ശവ പറമ്പ് ആയിരിക്കും എന്ന് ഇതിന് മറുപടിയായി ഹമാസ് വക്താവ് അറിയിച്ചു. ഗാസ ഒരിക്കലും ഇസ്രായേലിനു പൂക്കള്‍ വിരിച്ച പരവതാനി ആയിരിക്കുകയില്ല. മറിച്ച് തീയും നരകവും ആയിരിക്കും എന്നും ഹമാസ് മുന്നറിയിപ്പ് നല്കി.
Labels: അന്താരാഷ്ട്രം, പലസ്തീന്, യുദ്ധം, രാജ്യരക്ഷ
- ജെ. എസ്.
( Sunday, January 04, 2009 ) |
ഗാസയിലെ ജനതക്ക് ഇന്ത്യ ഒരു കോടി ഡോളര്‍ സഹായം നല്‍കും
ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തിന് ഇരയായവര്‍ക്ക് ഇന്ത്യ ഒരു കോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ചു. സൈനിക നടപടികള്‍ ഉടന്‍ നിര്‍ത്തി വെച്ച് സമാധാന പ്രക്രിയ പുനരാരംഭിക്കണം എന്ന് ഇന്ത്യ വീണ്ടും ആവശ്യപ്പെട്ടു. ഐക്യ രാഷ്ട്ര സഭ നടത്തിയ അടിയന്തര സഹായ അഭ്യര്‍ത്ഥന മാനിച്ചാണ് ഇന്ത്യ ഒരു കോടി ഡോളറിന്റെ ധന സഹായം നല്‍കുന്നത്. ഈ തുക ആക്രമണത്തിന് ഇരയായ കുടുംബങ്ങള്‍ക്ക് പാര്‍പ്പിടം, ധന സഹായം, അത്യാവശ്യം വീട്ട് സാമഗ്രികള്‍ എന്നിവ വാങ്ങിക്കുവാന്‍ ഉപയോഗിക്കും. അടിയന്തിരമായി യുദ്ധം അവസാനിപ്പിച്ചു സാധാരണ ജനങ്ങള്‍ കൊല്ലപ്പെടുന്നത് ഒഴിവാക്കണം. ഇത് സമാധാന പ്രക്രിയ പുനരാരംഭിക്കുവാന്‍ സഹായിക്കും. ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് ഇന്ത്യ ഈ ആവശ്യം ഉന്നയിക്കുന്നത്.
Labels: അന്താരാഷ്ട്രം, ഇന്ത്യ, പലസ്തീന്
- ജെ. എസ്.
( Saturday, January 03, 2009 ) |
ഗാസ - ഐക്യ രാഷ്ട്ര സഭയില്‍ തീരുമാനം ആയില്ല
ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണത്തിന് എതിരെ ഐക്യ രാഷ്ട്ര സഭയില്‍ ചര്‍ച്ചക്ക് വന്ന ലിബിയന്‍ പ്രമേയത്തില്‍ തീരുമാനം ഒന്നും ആയില്ല. ഐക്യ രാഷ്ട്ര സഭ ഉടന്‍ പ്രദേശത്ത് വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കണം എന്നായിരുന്നു പ്രമേയത്തിലെ ആവശ്യം. എന്നാല്‍ ഈ പ്രമേയത്തില്‍ പലസ്തീന്‍ ഇസ്രായേലിനു നേരെ നടത്തുന്ന ആക്രമണത്തെ പറ്റി ഒന്നും പരാമര്‍ശിക്കുന്നില്ല എന്ന് അമേരിക്കയും ബ്രിട്ടനും അഭിപ്രായപ്പെട്ടു. ജീവന്‍ രക്ഷാ പ്രവര്‍ത്തനം നടത്തുവാന്‍ വേണ്ടി 48 മണിക്കൂര്‍ വെടി നിര്‍ത്തല്‍ നടത്തുവാന്‍ ഇസ്രയേല്‍ പ്രധാന മന്ത്രി യെഹൂദ് ഓള്‍മെര്‍ട്ട് വിസമ്മതിച്ചു | വെടി നിര്‍ത്തല്‍ ഹമാസും ഇസ്രയെലും തമ്മില്‍ തീരുമാനിച്ചു നടപ്പിലാക്കേണ്ടതാണ് എന്നും ഇതില്‍ ഐക്യ രാഷ്ട്ര സഭ ഇടപെടരുത് എന്നും അമേരിക്കന്‍ അംബാസ്സഡര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ അഞ്ചു ദിവസമായി യുദ്ധം തുടരുന്ന പ്രദേശം താന്‍ ഉടന്‍ തന്നെ സന്ദര്‍ശിച്ചു പ്രശ്ന പരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ ആരായും എന്ന് ഫ്രെഞ്ച് പ്രസിഡന്റ് സര്‍ക്കോസി പ്രസ്താവിച്ചു. തങ്ങള്‍ക്ക് നേരെയുള്ള ഭീഷണി ഒഴിവാകുന്നത് വരെ തങ്ങള്‍ സൈനിക നടപടിയുമായി മുന്‍പോട്ടു പോകുക തന്നെ ചെയ്യും എന്ന് ഇസ്രയേല്‍ അറിയിച്ചു.
Labels: അന്താരാഷ്ട്രം, പലസ്തീന്, യുദ്ധം
- ജെ. എസ്.
( Thursday, January 01, 2009 ) |
ഇസ്രയേല്‍ നര നായാട്ട് ഇന്ത്യ അപലപിച്ചു
ഗാസയില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളായി ഇസ്രയേല്‍ നടത്തി വരുന്ന മനുഷ്യത്വ രഹിതമായ സൈനിക ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. അനാവശ്യവും വിവേചന രഹിതവും ആയ ഇത്തരം സൈനിക നീക്കങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം എന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഇത്തരം അക്രമം പ്രദേശത്തെ സമാധാന പ്രക്രിയയെ പ്രതികൂലമായി ബാധിക്കും എന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കി | സൈനിക നടപടിയില്‍ ഇത്രയധികം നിരപരാധികളായ സാധാരണ ജനം കൊല്ലപ്പെടുന്നത് നിരാശാ ജനകം ആണ് എന്ന് വിദേശ കാര്യ വകുപ്പ് വക്താവ് അഭിപ്രായപ്പെട്ടു. ഒരിക്കലും തിരികെ കൊണ്ടു വരാന്‍ ആവാത്ത വണ്ണം ഇതു ഇവിടത്തെ സമാധാനം നശിപ്പിക്കും. ഇതു അനുവദിക്കാനാവില്ല. സൈനിക ബല പ്രയോഗത്തിലൂടെ പലസ്തീന്‍ പൌരന്‍മാരെ കൊന്നൊടുക്കുന്നത് ഉടന്‍ അവസാനിപ്പിക്കണം എന്നും ഇന്ത്യ ആവശ്യപ്പെട്ടു.
Labels: അന്താരാഷ്ട്രം, പലസ്തീന്, യുദ്ധം
- ജെ. എസ്.
( Tuesday, December 30, 2008 ) 3 Comments:
Links to this post: |
ഇസ്രയേല്‍ ആക്രമണം തുടരുന്നു
ഗാസയില്‍ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇസ്രയേല്‍ നടത്തി വരുന്ന വ്യോമാക്രമണം മൂന്നാം ദിവസം പിന്നിടുമ്പോള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കടന്നു. ഇതില്‍ 57 പേര്‍ സാധാരണ ജനങ്ങള്‍ ആണെന്ന് ഐക്യ രാഷ്ട്ര സഭ രക്ഷാ പ്രവര്‍ത്തകര്‍ അറിയിച്ചു. ഇന്നേ വരെ ഇസ്രായേലിനു നേരെ നടത്തിയി ട്ടുള്ളതില്‍ വെച്ചു ഏറ്റവും വലിയ ആക്രമണമാണ് ഹമാസ് ഇതിനിടയില്‍ നടത്തിയത്. ഇസ്രായേലിനു നേരെ ഹമാസ് പോരാളികള്‍ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ വീണ്ടും ഒരു ഇസ്രയേല്‍ പൌരന്‍ കൂടി കൊല്ലപ്പെട്ടു. പലസ്തീനില്‍ നിന്നുമുള്ള റോക്കറ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയുടെ സമീപ പ്രദേശങ്ങള്‍ ഇസ്രയേല്‍ സൈന്യം ഉപരോധിത സൈനിക മേഖലയായി പ്രഖ്യാപിച്ചു. ഇതോടെ പലസ്തീന് നേരെ ഒരു കര സേന ആക്രമണത്തിനുള്ള വേദി ഒരുങ്ങിയതായി വിലയിരുത്തപ്പെടുന്നു. ഇതിനിടെ വെസ്റ്റ് ബാങ്കില്‍ മൂന്നു ഇസ്രയെലികളെ ഒരു പലസ്തീന്‍ കാരന്‍ കുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ യുദ്ധം ഉടന്‍ നിര്‍ത്തി വെക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
Labels: അന്താരാഷ്ട്രം, തീവ്രവാദം, പലസ്തീന്
- ജെ. എസ്.
( Monday, December 29, 2008 ) |
ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 200 ലേറെ മരണം
ഇസ്രായേലി യുദ്ധ വിമാനങ്ങള്‍ ഗാസയിലെ തന്ത്ര പ്രധാനമായ കേന്ദ്രങ്ങളില്‍ അഴിച്ചു വിട്ട വമ്പിച്ച വ്യോമ ആക്രമണത്തില്‍ ഇരുന്നൂറില്‍ അധികം പേര്‍ കൊല്ലപ്പെട്ടു. ഇസ്രായേലിന്റെ എഫ്-16 യുദ്ധ വിമാനങ്ങള്‍ ഹമാസ് സൈനികരെ ലക്ഷ്യം വെച്ചാണ് ബോംബ് വര്ഷം നടത്തിയത് എന്ന് അവകാശപ്പെടുന്നുണ്ട് എങ്കിലും ജന സാന്ദ്രമായ ഗാസാ നഗരത്തില്‍ നടത്തിയ ആക്രമണത്തില്‍ ഒട്ടേറെ സ്ത്രീകളും കുട്ടികളും അടക്കം സാധാരണ ജനങ്ങളും കൊല്ലപ്പെട്ടു. എഴുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പലസ്തീന്‍ കണ്ടത്തില്‍ വെച്ചു ഏറ്റവും വൃത്തികെട്ട കൂട്ടക്കൊല ആയിരുന്നു ഇത്
എന്ന് ഹമാസ് നേതാക്കള്‍ പറഞ്ഞു. ഇസ്രായേലിനു നേരെ ഗാസയില്‍ നിന്നും റോക്കറ്റ് ആക്രമണം ക്രമാതീതമായി വര്‍ധിച്ചതിനാല്‍ ആണ് തങ്ങള്‍ ആക്രമണം നടത്താന്‍ നിര്‍ബന്ധിതരായത് എന്നാണു ഇസ്രായേലിന്റെ പക്ഷം. ആക്രമണം ആവശ്യമാണെന്ന് തങ്ങള്‍ക്കു ബോധ്യം ഉള്ളിടത്തോളം തുടരും എന്നും ഇസ്രയേല്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. Labels: അന്താരാഷ്ട്രം, തീവ്രവാദം, പലസ്തീന്
- ജെ. എസ്.
( Sunday, December 28, 2008 ) |
ഖത്തറില്‍ വീണ്ടും മോഷണശ്രമം
ഖത്തറില്‍ രണ്ടര മാസം മുമ്പ് കവര്‍ച്ചാ സംഘത്തിന്‍റെ ആക്രമണത്തിന് ഇരയായ കണ്ണൂര്‍ സ്വദേശിയുടെ കടയില് വീണ്ടും കവര്‍ച്ചാ ശ്രമം നടന്നു.
കണ്ണൂര്‍ ചൊക്ലി സ്വദേശി മഹമൂദിന്‍റെ കടയിലാണ് മോഷണ ശ്രമം നടന്നത്. എന്നാല്‍ കടയുടെ വാതില്‍ പൂര്‍ണമായും തകര്‍ക്കാന്‍ പറ്റാത്തത് കാരണം മോഷ്ടാക്കള്‍ക്ക് കടയില്‍ പ്രവേശിക്കാനായില്ല. എന്നാല്‍ തൊട്ടടുത്ത ഡല്‍ഹി സ്വദേശിയുടെ കടയില്‍ നിന്നും മൊബൈല്‍ ഫോണുകളും 300 റിയാലും മോഷ്ടിച്ചു. കഴിഞ്ഞ ജനുവരിയില്‍ മഹമൂദിന്‍റെ കടയില്‍ നിന്നും 2500 ഓളം റിയാല്‍ അക്രമികള്‍ മോഷ്ടിച്ചിരുന്നു. Labels: കുറ്റകൃത്യം, പലസ്തീന്, പ്രവാസി
- ജെ. എസ്.
( Wednesday, April 09, 2008 ) |
പശ്ചിമേഷ്യന്‍ സമാധാനം അമേരിക്ക രംഗത്ത് വരണമെന്ന് പലസ്തീന്‍
പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്ക് അമേരിക്ക കൂടുതല്‍ സജീവമായി രംഗത്തുവരേണ്ടതുണ്ടെന്ന് പലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു.
അക്രമം അവസാനിപ്പിക്കാന്‍ ഇസ്രയേലിനു മേല്‍ അമേരിക്ക കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും സൗദി ഭരണാധികാരി അബ്ദുല്ല രാജാവുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. Labels: അമേരിക്ക, ഗള്‍ഫ് രാഷ്ട്രീയം, പലസ്തീന്, സൌദി
- ജെ. എസ്.
( Thursday, April 03, 2008 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്