എ. ആര്‍. റഹ്മാന് ലോകോത്തര അംഗീകാരം വീണ്ടും
ലോസ് ആഞ്ചെലെസ് : സംഗീതത്തിന്റെ ഓസ്കര്‍ എന്ന് അറിയപ്പെടുന്ന ഗ്രാമ്മി പുരസ്കാരം എ. ആര്‍. റഹ്മാന് ലഭിച്ചു. ദൃശ്യ മാധ്യമത്തിനു വേണ്ടി നിര്‍മ്മിച്ച സംഗീത ആല്‍ബം എന്ന വകുപ്പിലാണ് സ്ലം ഡോഗ് മില്യനെയര്‍ എന്ന സിനിമക്ക് വേണ്ടിയുള്ള എ. ആര്‍. റഹ്മാന്റെ സൃഷ്ടിക്ക് പുരസ്കാരം ലഭിച്ചത്. ഇതിനു പുറമേ ഗുല്‍സാര്‍ രചിച്ച്, റഹ്മാന്‍ സംഗീതം നല്‍കിയ ജെയ് ഹോ എന്ന ഗാനത്തിന് മികച്ച ഗാനത്തിനുള്ള പുരസ്കാരവും ലഭിച്ചു. ബ്രൂസ് സ്പ്രിംഗ്സ്ടീനെ പോലുള്ള പ്രമുഖരെ പുറം തള്ളിയാണ് ഈ ഗാനം ഒന്നാമതായത്.
തങ്ങള്‍ക്ക് ലഭിച്ച രണ്ടു പുരസ്കാരങ്ങള്‍ക്കും ഇന്ത്യാക്കാരെ ഒന്നാകെ അഭിസംബോധന ചെയ്തു റഹ്മാന്‍ നന്ദി പറഞ്ഞു. എല്ലാവരുടെയും അനുഗ്രഹാശിസ്സുകള്‍ കൊണ്ടാണ് ഈ നേട്ടം ഇന്ത്യക്ക് ലഭിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- ജെ. എസ്.
( Monday, February 01, 2010 ) |
സീതി സാഹിബ് വിചാര വേദി പ്രവാസി പുരസ്കാര ദാനം
സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍ പ്രഖ്യാപിച്ച പ്രവാസി പുരസ്കാര ദാനം മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ വീരേന്ദ്ര കുമാര്‍ തിരുരങ്ങാടിയില്‍ നിര്‍വഹിക്കും. ജനുവരി 16 നു ശനിയാഴ്ച വൈകുന്നേരം 6:30 നു തിരുരങ്ങാടി സി. എഛ്. ആഡിറ്റോറിയത്തിലാണ് ഈദൃശ സംഗമം.
നെഹ്‌റു സാക്ഷരതാ പുരസ്കാര ജേതാവും, എഴുത്തു കാരിയും, സാക്ഷരതാ പ്രവര്‍ത്ത കയുമായ കെ .വി. റാബിയ, മുന്‍ കേരള നിയമ സഭാ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, ജീവ കാരുണ്യ പ്രവര്‍ത്തകന്‍ ദുബായ് കെ. എം. സി. സി. പ്രസിഡണ്ട് എളേറ്റില്‍ ഇബ്രാഹിം എന്നിവരാണ് സീതി സാഹിബ് അവാര്‍ഡ് ഏറ്റു വാങ്ങുന്നത്. മുന്‍ കേരള നിയമ സഭാ സ്‌പീക്കറും, നവോത്ഥാന നായകനും, ചന്ദ്രിക സ്ഥാപക പത്രാധിപരും ആയിരുന്ന കെ. എം. സീതി സാഹിബിന്റെ സ്മരണാര്‍ത്ഥം കൊടുങ്ങല്ലൂര്‍ ആസ്ഥാനം ആയ 'സീതി സാഹിബ് വിചാര വേദി' യും, അതിന്റെ യു. എ. ഇ. ചാപ്റ്ററും സംയുക്ത മായി ഏര്‍പ്പെടു ത്തിയതാണു പ്രസ്തുത പുരസ്‌കാരം. സംഗമ ത്തോട് അനുബന്ധിച്ച് വിചാര വേദിയുടെ പുസ്തക പ്രസിദ്ധീകരണ പഠനത്തിന്റെ പ്രാരംഭവും കുറിക്കും. അതിനായി 'പേജ് ഇന്ത്യ പബ്ലിഷേര്‍സ്' പ്രസിദ്ധീകരിക്കുന്ന യു. എ. ഇ. യിലെ ഒരു സംഘം ലേഖകരും, മാധ്യമ പ്രവര്‍ത്തകരും സംയുക്തമായി രചിച്ച കെ. എ. ജബ്ബാരിക്കുള്ള സൌഹൃദ ഉപഹാരമായ "സൈകത ഭൂവിലെ സൌമ്യ സപര്യ" (എഡിറ്റര്‍ : ബഷീര്‍ തിക്കോടി) എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം പ്രസ്തുത ചടങ്ങില്‍ മുഖ്യ അതിഥി ശ്രീ എം. പി. വീരേന്ദ്ര കുമാര്‍ നിര്‍വ്വഹിക്കും. Labels: ബഹുമതി
- ജെ. എസ്.
( Sunday, January 10, 2010 ) |
ജ്യോനവന്റെ ഓര്‍മ്മയ്ക്കായ് ‘eപത്രം’ കവിതാ പുരസ്കാരം
കവിതയുടെ e ലോകത്ത് നിന്ന് നമ്മെ വിട്ടു പോയ പ്രതിഭയാണ് ജ്യോനവന്‍. നവീന്‍ ജോര്‍ജ്ജ് എന്ന ആ ചെറുപ്പക്കാരന്റെ അപകട മരണം e കവിതാ ലോകത്തെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. ജ്യോനവനും അവന്റെ കവിതകള്‍ക്കുമുള്ള ഒരു നിത്യ സ്മാരകമാണ് e പത്രം - കവിതാ പുരസ്കാരം. മലയാളത്തിലെ കവിതാ ബ്ലോഗുകളാണു പുരസ്ക്കാരത്തിനു പരിഗണിക്കുന്നത്. കഴിഞ്ഞ 6 മാസത്തില്‍ അധികമായി നിലവിലുള്ള ബ്ലോഗായിരിക്കണം. ബ്ലോഗിലെ 3 കവിതകള്‍ (അതിന്റെ ലിങ്കുകള്‍) ആണു സമര്‍പ്പിക്കേണ്ടത്. എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും എന്‍ട്രികള്‍ സമര്‍പ്പിക്കാം. കൂടെ പൂര്‍ണ്ണ മേല്‍വിലാസം, e മെയില്‍, ഫോണ്‍ നമ്പര്‍, ഫോട്ടോ എന്നിവ ഉണ്ടായിരിക്കണം.
മലയാള കവിതാ ലോകത്തെ മികച്ച കവികളായിരിക്കും e പുരസ്കാരം ജേതാവിനെ തിരഞ്ഞെടുക്കുക. 10001 രൂപയും, മികച്ച ഒരു പെയിന്റിങ്ങുമാണു സമ്മാനം. എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2009 ഡിസംബര്‍ 31. മികച്ച e കവിയെ 2010 ജനുവരി ആദ്യ പകുതിയോടെ പ്രഖ്യാപിക്കും. എന്‍ട്രികള്‍ അയയ്ക്കേണ്ട e മെയില്‍ - ePathram Jyonavan Memorial Poetry Award 2009 ബ്ലോഗില്‍ ഇടാനുള്ള കോഡ്
- ജെ. എസ്.
( Wednesday, December 16, 2009 ) |
മിസ്സ് ജിബ്രാള്‍ട്ടര്‍ 2009 ലെ ലോക സുന്ദരി
ജോഹന്നസ് ബര്‍ഗില്‍ നടന്ന 59-ാമത് മിസ് വേള്‍ഡ് 2009 മല്‍സരത്തില്‍ മിസ് ജിബ്രാള്‍ട്ടര്‍ കയാനാ അല്‍ ഡോറിനോ ( 23) തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉള്ള 112 മല്‍സരാര്‍ത്ഥികളെ പിന്‍തള്ളിയാണ് കയാന കിരീടം സ്വന്തമാക്കിയത്. മുന്‍ ലോക സുന്ദരി സേന്യാ സുഖിനോവയാണ് ഇവരെ കിരീടം അണിയിച്ചത്.
കയാനാ അല്‍ ഡോറിനോ ഫസ്റ്റ് റണ്ണര്‍ അപ്പായി മെക്സിക്കന്‍ സുന്ദരി പെര്‍ളാ ബെല്‍ട്ടനേയും സെക്കന്റ് റണര്‍ അപ്പായി മിസ് ദക്ഷിണാഫ്രിക്ക താറ്റും കേഷ്വറും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയില്‍ നിന്നും ഉള്ള പൂജാ ചോപ്ര സെമി ഫൈനല്‍ റൌണ്ടില്‍ പുറത്തായി. പൂജക്ക് ഒമ്പതാം സ്ഥാനമാണ് ലഭിച്ചത്. - എസ്. കുമാര്‍ Labels: ബഹുമതി
- ജെ. എസ്.
( Monday, December 14, 2009 ) |
ഒബാമയ്ക്ക് നൊബേല്‍ - അറബ് ലോകത്തിന് അതൃപ്തി
ദുബായ് : അമേരിക്കന്‍ പ്രസിഡണ്ട് ബറക് ഒബാമയ്ക്ക് നൊബേല്‍ പുരസ്കാരം ലഭിച്ചത് ഏറ്റവും അനുചിതമായ ഒരു സമയത്താണ് എന്ന് അറബ് ജനത പരക്കെ കരുതുന്നു. ഇന്നലെ ഓസ്‌ലോയില്‍ വെച്ച് ഒബാമ നൊബേല്‍ പുരസ്കാരം ഏറ്റു വാങ്ങുന്നതിന് ഏതാനും ദിവസം മുന്‍പാണ് അമേരിക്ക അഫ്ഗാനിസ്ഥാനിലേക്ക് 30,000 സൈനികരെ കൂടി അയക്കാനുള്ള തീരുമാനം എടുത്തത്. ഇത് ആഗോല തലത്തില്‍ മുസ്ലിം ലോകത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്.
തങ്ങളുടെ അധീനതയിലുള്ള പലസ്തീന്റെ പ്രദേശങ്ങളില്‍ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ നിന്നും പിന്മാറാന്‍ ഇസ്രയേല്‍ കൂട്ടാക്കാത്ത നടപടിക്ക് അമേരിക്ക വഴങ്ങിയതും, അങ്ങനെ പലസ്തീന്‍ സമാധാന പ്രക്രിയ കഴിഞ്ഞ രണ്ടു മാസമായി മരവിച്ചതും ഇതിനു പുറമെയാണ്. ഒബാമ പറയുന്നത് കൂട്ടാക്കാതെ തങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുന്ന ഇസ്രയേല്‍ തന്നെയാണ് ഒബാമയുടെ കഴിവു കേടിന്റെ ഏറ്റവും നല്ല ദൃഷ്ടാന്തം എന്ന് പലരും കരുതുന്നുണ്ട്. എന്നാല്‍ അധികാരമേറ്റ് ഒരു വര്‍ഷം പോലും തികയാത്ത ഒബാമയുടെ ഗള്‍ഫ് നയം ഇനിയും വ്യക്തമാകാന്‍ ഇരിക്കുന്നതേയുള്ളൂ എന്ന ഒരു എതിര്‍ വാദവും ഉണ്ട്. സാമ്പത്തിക മാന്ദ്യം, ആരോഗ്യ പരിചരണം, ഉത്തര കൊറിയ, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ എന്നീ വിഷയങ്ങളില്‍ മുഴുകിയ ഒബാമയ്ക്ക് അറബ് ഇസ്രയേല്‍ പ്രശ്നത്തില്‍ ഇടപെടാന്‍ വേണ്ടത്ര സമയം ഇനിയും ലഭിച്ചിട്ടില്ല. ഏതായാലും ഒരു നൊബേല്‍ പുരസ്കാരം വാങ്ങുവാന്‍ തക്കതായതൊന്നും ഒബാമ ഇനിയും ചെയ്തിട്ടില്ല എന്നു തന്നെയാണ് അറബ് ലോകത്തില്‍ നിന്നും പരക്കെയുള്ള പ്രതികരണം.
- ജെ. എസ്.
( Friday, December 11, 2009 ) |
ഷീലാ പോളിന് ആഗോള മികവിനുള്ള പുരസ്ക്കാരം
ഗ്ലോബല്‍ മലയാളി കൌണ്‍സിലിന്റെ മികച്ച പ്രവാസ എഴുത്തുകാരിക്കുള്ള ഗ്ലോബല്‍ എക്സലന്‍സ് അവാര്‍ഡ് 2009ന് കവയത്രിയും, കോളമിസ്റ്റും, മലയാള നാട് ദ്വൈ വാരികയുടെ എക്സിക്യൂട്ടിവ് എഡിറ്ററുമായ ഷീലാ പോള്‍ അര്‍ഹയായി. ഗ്ലോബല്‍ മലയാളി കൌണ്‍സിലിന്റെ പത്താം വാര്‍ഷികത്തോ ടനുബന്ധിച്ച് ഓസ്ട്രേലിയയില്‍ നടക്കുന്ന അഞ്ചാമത് ഗ്ലോബല്‍ മീറ്റില്‍ വെച്ചായിരിക്കും പുരസ്ക്കാര ദാനം നടക്കുക.
നവമ്പര്‍ 19 മുതല്‍ 26 വരെ നടക്കുന്ന ആഘോഷ പരിപാടികളില്‍ ലോകമെമ്പാടും നിന്ന് 1500 ഓളം പ്രതിനിധികള്‍ പങ്കെടുക്കും എന്ന് ഗ്ലോബല്‍ മലയാളി കൌണ്‍സിലിനു വേണ്ടി വര്‍ഗീസ് മൂലന്‍ അറിയിച്ചു. സംഗമത്തോടനുബന്ധിച്ച് നടക്കുന്ന വ്യാപാര പ്രദര്‍ശനം ഓസ്ട്രേലിയയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അനിതാ നായര്‍ ഉല്‍ഘാടനം ചെയ്യും. നവമ്പര്‍ 21, 22, 23 ദിനങ്ങളില്‍ മെല്‍ബണിലെ സെര്‍ബിയന്‍ ഓര്‍ത്തൊഡോക്സ് ഹാളില്‍ വെച്ചായിരിക്കും ഗ്ലോബല്‍ മലയാളി മീറ്റ് നടക്കുന്നത്. നവംബര്‍ 23ന് നടക്കുന്ന സമാപന ചടങ്ങില്‍ വെച്ച് പുരസ്ക്കാരങ്ങള്‍ സമ്മാനിക്കും. Sheela Paul to receive Global Excellence Award 2009 Labels: ബഹുമതി, ലോക മലയാളി
- ജെ. എസ്.
( Friday, October 30, 2009 ) |
മലയാളിക്ക് ന്യൂസീലാന്‍ഡില്‍ അംഗീകാരം
ന്യൂസീലാന്‍ഡിലെ വൈകാട്ടോ സര്‍വ്വകലാ ശാലയിലെ അസോസിയേറ്റ് പ്രൊഫസ്സര്‍ ഡോ. പ്രിയാ കുര്യനും ഇവരുടെ ഭര്‍ത്താവ് ദെബാഷിഷ് മുന്‍ഷിക്കും റോയല്‍ സൊസൈറ്റി ഓഫ് ന്യൂസീലാന്‍ഡിന്റെ 5.6 ലക്ഷം ഡോളറിന്റെ മാര്‍സ്ഡെന്‍ ഗവേഷണ ഗ്രാന്റ് ലഭിച്ചു. പ്രിയ കുര്യന്‍ വൈകാട്ടോ സര്‍വ്വകലാശാലയില്‍ പൊളിറ്റിക്കല്‍ സയന്‍സ് അസോസിയേറ്റ് പ്രൊഫസറാണ്. ദെബാഷിഷ് ആകട്ടെ ഇതേ സര്‍വ്വകലാശാലയില്‍ മാനേജ്മെന്റ് കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവിയും. പുതിയ സാങ്കേതിക വിദ്യകളെ സമൂഹത്തിന്റെ മുഖ്യ ധാരയില്‍ സമന്വയിപ്പിച്ച് ഒരു പൊതുവായ മൂല്യ വ്യവസ്ഥിതി രൂപപ്പെടുത്തുന്നത് സംബന്ധിച്ച ഇവരുടെ ഗവേഷണത്തിനാണ് ഈ ഗ്രാന്റ് ലഭിച്ചത്. വിദ്യാഭ്യാസവും ഗവേഷണവും ഏറെ പരിപോഷിപ്പിക്കുന്ന ഒരു രാജ്യമാണ് ന്യൂ സീലാന്‍ഡ് എന്നാണ് ഇവരുടെ അഭിപ്രായം.
മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദമെടുത്ത പ്രിയ ഉന്നത പഠനത്തിനായി അമേരിക്കയില്‍ പോകുകയും പര്‍ഡ്യൂ സര്‍വ്വകലാശാലയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും പി. എച്ച്. ഡിയും നേടുകയുണ്ടായി. കുറച്ചു നാള്‍ പര്‍ഡ്യൂ സര്‍വ്വകലാശാലയിലും കാലിഫോര്‍ണിയാ സര്‍വ്വകലാശാലയിലും പഠിപ്പിച്ചതിനു ശേഷമാണ് ഇവര്‍ 1996ല്‍ ന്യൂ സീലാന്‍ഡിലേക്ക് ചേക്കേറിയത്. പരിസ്ഥിതി, പരിസ്ഥിതി രാഷ്ട്രീയം, സമൂഹത്തില്‍ സ്ത്രീകളുടെ പങ്കും ഉന്നമനവും, മാധ്യമ രാഷ്ട്രീയം, നവ കൊളോണിയലിസം എന്നിങ്ങനെ ഒട്ടേറെ വിഷയങ്ങളില്‍ താല്പര്യമുള്ള പ്രിയ ഒട്ടേറെ പുസ്തകങ്ങളുടെ സൃഷ്ടാവ് കൂടിയാണ്. തിരുവിതാങ്കൂര്‍ കൊച്ചി സര്‍ക്കാരിന്റെ ചീഫ് സെക്രട്ടറിയായിരുന്ന മാളിയേക്കല്‍ കുര്യന്‍ ജോര്‍ജ്ജിന്റെ മകനായ രാജക്കുട്ടി ജോര്‍ജ്ജിന്റെ ചെറുമകളാണ് പ്രിയ. Dr. Priya Kurien wins prestigious research grant from the Royal Society of New Zealand Labels: ബഹുമതി, ലോക മലയാളി
- ജെ. എസ്.
( Wednesday, October 28, 2009 ) |
ഇന്ത്യാക്കാരനായി ജനിച്ചത് വെറും ആകസ്മികം എന്ന് നൊബേല്‍ ജേതാവ്
താന്‍ ഇന്ത്യാക്കാരന്‍ ആയത് കേവലം ആകസ്മികമായ സംഭവമാണെന്നും, തനിക്ക് നൊബേല്‍ പുരസ്ക്കാരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്ത്യാക്കാര്‍ക്ക് തന്നോട് പെട്ടെന്ന് ഉണ്ടായ താല്‍പര്യം വിചിത്രമായി കരുതുന്നു എന്നും നൊബേല്‍ പുരസ്ക്കാര ജേതാവായ ഇന്ത്യന്‍ വംശജന്‍ വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍ പറഞ്ഞു. ഇത്രയും നാള്‍ തന്നെ ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയ്യാത്തവര്‍ വരെ തന്നോട് കാണിക്കുന്ന ഈ സ്നേഹം തനിക്ക് ഉള്‍ക്കൊള്ളാന്‍ ആവുന്നില്ല എന്ന് മാത്രമല്ല, അതൊരു ശല്യമായി തീരുന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു. തനിക്കറിയാത്ത ആരൊക്കെയോ തനിക്ക് ആശംസകളും അനുമോദനവും മറ്റും അറിയിച്ച് ഈമെയിലുകള്‍ അയക്കുന്നു. ഈ ഈമെയില്‍ പ്രവാഹം മൂലം ആവശ്യമുള്ള ഈമെയിലുകള്‍ പോലും തനിക്ക് വായിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മൂന്ന് വയസില്‍ ചിദംബരം വിട്ട താന്‍ ചിദംബരത്ത് സ്കൂളിലും മറ്റും പോയി എന്ന് റിപ്പോര്‍ട്ടുകള്‍ കെട്ടി ചമച്ചു. അണ്ണാമലൈ സര്‍വ്വകലാ ശാലയില്‍ തന്നെ പഠിപ്പിച്ചു എന്ന് പറഞ്ഞ് ചില അധ്യാപകരും രംഗത്ത് വന്നു. ഇത്തരം അനേകം കള്ളക്കഥകള്‍ വന്നതില്‍ തനിക്ക് ദുഃഖമുണ്ട് എന്നും അദ്ദേഹം പറയുന്നു.
ഇന്ത്യയില്‍ തനിക്ക് ജോലി വാഗ്ദാനം ചെയ്യപ്പെട്ടു എന്നതും താന്‍ ഇതു വരെ അറിയാത്ത കാര്യമാണ്. തന്നെ ആരും ഈ കാര്യത്തിന് സമീപിച്ചിട്ടില്ല. ഇനി അഥവാ ആരെങ്കിലും സമീപിച്ചാലും രണ്ടാമത് ആലോചിക്കാതെ താന്‍ അത് നിരസിക്കുകയും ചെയ്യും. ഒരു വ്യക്തി എന്ന നിലയില്‍ തനിക്ക് എന്തെങ്കിലും പ്രാധാന്യ മുണ്ടെന്ന് താന്‍ കരുതുന്നില്ല. എന്നാല്‍ തന്റെ നേട്ടത്തില്‍ ആരെങ്കിലും അഭിമാനിക്കു ന്നുണ്ടെങ്കില്‍ അതില്‍ തെറ്റില്ല. എന്നാല്‍ ഇതിന്റെ പേരില്‍ തന്നെ എന്തിനാണ് ബുദ്ധിമുട്ടി ക്കുന്നത് എന്ന് വെങ്കട്ടരാമന്‍ ചോദിക്കുന്നു. ഈ ഒരു അംഗീകാരം ശാസ്ത്രത്തില്‍ ജനങ്ങളുടെ താല്പര്യം വര്‍ദ്ധിപ്പിക്കാന്‍ സഹായക മാവുമെങ്കില്‍ അതൊരു നല്ല കാര്യമായി താന്‍ കരുതുന്നു എന്നും അദ്ദേഹം പറഞ്ഞു. Indian origin is just a chance says Nobel winner Venkatraman Ramakrishnan; no plans to work in India Labels: ബഹുമതി
- ജെ. എസ്.
( Wednesday, October 14, 2009 ) 1 Comments:
Links to this post: |
ഒബാമയ്ക്ക് സമാധാനത്തിന് നൊബേല്‍ സമ്മാനം
നല്ലൊരു ഭാവിയുടെ പ്രതീക്ഷ നല്‍കിയതിന് അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബായയ്ക്ക് ഇത്തവണത്തെ സാമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. ആഗോള തലത്തില്‍ ആണവ ആയുധ ശേഖരം വെട്ടി കുറക്കാനും സമാധാന ശ്രമങ്ങള്‍ക്കുമുള്ള ഒബാമയുടെ പരിശ്രമങ്ങള്‍ പ്രശംസനീയമാണ്. അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങള്‍ മെച്ചപ്പെടുത്തി വിവിധ രാജ്യങ്ങളും ജനതകളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന് ഒബാമ വഹിച്ച പങ്കിനെ നൊബേല്‍ കമ്മിറ്റി പ്രകീര്‍ത്തിച്ചു. അധികാരത്തില്‍ ഏറിയ അന്നു മുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു പോയിരുന്ന സമാധാന പ്രക്രിയ പുനരാരംഭിച്ചിരുന്നു. ഒബാമയെ പോലെ ലോക ശ്രദ്ധ പിടിച്ചു പറ്റുകയും ലോക ജനതയ്ക്ക് ഒരു മെച്ചപ്പെട്ട ഭാവിയുടെ പ്രതീക്ഷ നല്‍കുകയും ചെയ്ത വ്യക്തിത്വങ്ങള്‍ ലോക ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമാണ് എന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.
Obama wins Nobel Peace Prize Labels: ബഹുമതി
- ജെ. എസ്.
( Friday, October 09, 2009 ) |
ആഞ്ചല്‍ ഡോഗ്ര സൌന്ദര്യ റാണിയായി
കാനഡയിലെ ഏറ്റവും വലിയ സൌന്ദര്യ മത്സരത്തില്‍ 25 കാരിയായ ആഞ്ചല്‍ ഡോഗ്ര മിസ് ഇന്‍ഡ്യ - കാനഡ 2009 സൌന്ദര്യ പട്ടം നേടി. ഞായറാഴ്‌ച്ച രാത്രി ടൊറോണ്ടോയില്‍ ആണ് സൌന്ദര്യ മത്സരം നടന്നത്. 16 മത്സരാര്‍ത്ഥികളില്‍ ഏറ്റവും പ്രായം കൂടിയ ആളായിരുന്നു ആഞ്ചല്‍. “തനിക്ക് ഇത് വിശ്വസിക്കാന്‍ ആവുന്നില്ല” എന്നായിരുന്നു സൌന്ദര്യ റാണി യായി കിരീടം ചൂടിയ ആഞ്ചലിന്റെ പ്രതികരണം. ഓള്‍ട്ടര്‍ണേറ്റ് മെഡിസിനില്‍ (മറ്റ് ചില്‍കിത്സാ സമ്പ്രദായങ്ങള്‍) ബിരുദാനന്തര ബിരുദ ധാരിണിയും ഫിസിയോ തെറാപ്പിസ്റ്റുമാണ് ആഞ്ചല്‍.
നേരത്തേ ദുബായില്‍ ആയിരുന്ന ആഞ്ചല്‍ അടുത്ത കാലത്താണ് കാനഡയിലേക്ക് കുടിയേറിയത്. തന്റെ ലക്ഷ്യം ഉന്നതങ്ങളിലാണെന്ന് ആഞ്ചല്‍ പലപ്പോഴും പറയുമായിരുന്നു എന്ന് ദുബായിലെ സുഹൃത്തുക്കള്‍ പറയുന്നു. ലിസാ റേ, കോമള്‍ സിദ്ധു, റൂബി ഭാട്ടിയ എന്നിവര്‍ക്ക് നേരത്തെ ഈ പദവി ലഭിച്ചിട്ടുണ്ട്. Aanchal Dogra Is Crowned New Miss India - Canada
- ജെ. എസ്.
( Monday, August 24, 2009 ) |
കലാമിന് അയര്‍ലാന്‍ഡില്‍ നിന്നും ബഹുമതി
മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാമിന് ബെല്‍ഫാസ്റ്റിലെ ക്വീന്‍സ് സര്‍വ്വകലാശാല ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നു. കലാമിന്റെ പൊതു സേവനത്തിനുള്ള അംഗീകാരമായിട്ടാണ് ഈ ബഹുമതി എന്ന് സര്‍വ്വകലാശാലാ സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ. പീറ്റര്‍ ഗ്രെഗ്സണ്‍ അറിയിച്ചു. രാഷ്ട്ര നിര്‍മ്മാതാവ്, ശാസ്ത്രജ്ഞന്‍, വിദ്യാഭ്യാസ വിദഗ്ദ്ധന്‍, ക്രാന്തദര്‍ശി എന്നിവക്കു പുറമെ ഇന്ത്യയില്‍ എന്ന പോലെ തന്നെ ലോകമെമ്പാടും ഉള്ള ലക്ഷോപലക്ഷം യുവജനങ്ങള്‍ക്ക് എന്നും പ്രചോദനം ആണ് കലാം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ബുധനാഴ്ച്ച വൈകീട്ട് നടക്കുന്ന പ്രത്യേക ചടങ്ങില്‍ വെച്ച് കലാമിന് ബഹുമതി സമ്മാനിക്കും. Labels: ബഹുമതി
- ജെ. എസ്.
( Friday, June 12, 2009 ) |
ഫൈസല്‍ ബാവക്ക് പുരസ്ക്കാരം നല്‍കി
കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ 2008ലെ പരിസ്ഥിതി മാധ്യമ പ്രവര്‍ത്തനത്തിനുള്ള പുരസ്ക്കാരം പ്രമുഖ പ്രവാസി പരിസ്ഥിതി പ്രവര്‍ത്തകനും e പത്ര ത്തില്‍ കോളമിസ്റ്റുമായ ഫൈസല്‍ ബാവക്ക് സമ്മാനിച്ചു. മെയ് 28ന് പാലക്കാട് വെച്ച് വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വമാണ് പുരസ്ക്കാരം നല്‍കിയത്. വര്‍ത്തമാനം ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച “വിധി കാത്ത് ഒരു ഹരിത താഴ്വര കൂടി” എന്ന ലേഖനത്തിനാണ് പുരസ്ക്കാരം.
- ജെ. എസ്.
( Thursday, June 04, 2009 ) 1 Comments:
Links to this post: |
വംശീയ ആക്രമണം - ബച്ചന്‍ ഡോക്ടറേറ്റ് നിഷേധിച്ചില്ല
ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ നടക്കുന്ന വംശീയ ആക്രമണത്തില്‍ പ്രതിഷേധിച്ച് അമിതാഭ് ബച്ചന്‍ ഒരു ഓസ്ട്രേലിയന്‍ സര്‍വ്വകലാശാല തനിക്ക് നല്‍കാനിരുന്ന ഡോക്ടറേറ്റ് നിരസിച്ചു എന്ന് പല മലയാള മാധ്യമങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
ബച്ചന്‍ തന്റെ ബ്ലോഗിലൂടെയാണ് ഇത് അറിയിച്ചത് എന്നാണ് മലയാളത്തിലെ പ്രമുഖ പത്രങ്ങളുടെ വെബ് സൈറ്റുകള്‍ എല്ലാം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ബച്ചന്റെ ബ്ലോഗ് പരിശോധിക്കുന്ന ആര്‍ക്കും ഇത് ശരിയല്ല എന്ന് ബോധ്യമാവും. ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ ഉണ്ടായ ഹീനമായ ആക്രമണം തനിക്ക് ഏറെ ഞെട്ടലും വിഷമവും ഉളവാക്കി എന്ന് പറയുന്ന ബച്ചന്‍ ഇത് തന്നെ ഒരു വലിയ ആശയക്കുഴപ്പത്തില്‍ എത്തിച്ചിരിക്കുന്നു എന്നാണ് പറയുന്നത്. ഓസ്ട്രേലിയയിലെ ബ്രിസ്ബേനില്‍ ഉള്ള ക്വീന്‍സ്‌ലാന്‍ഡ് സാങ്കേതിക സര്‍വ്വകലാശാല വിനോദ രംഗത്തെ തന്റെ സംഭാവനകളുടെ ബഹുമാനാര്‍ത്ഥം തന്നെ ഡോക്ടറേറ്റ് നല്‍കി അലങ്കരിക്കുവാന്‍ തീരുമാനിച്ചതായി കഴിഞ്ഞ ആഴ്ച്ച അറിയിച്ചിരുന്നു. ഇത് താന്‍ സ്വീകരിക്കുന്നതായി അവരെ അറിയിക്കുകയും ചെയ്തു. ഈ വരുന്ന ജൂലൈ മാസത്തില്‍ തന്റെ സിനിമകളുടെ പ്രദര്‍ശനം നടക്കുന്നതിനൊപ്പം ബ്രിസ്ബേനില്‍ നടക്കുന്ന ആഘോഷ പരിപാടിയില്‍ വെച്ച് തനിക്ക് ഡോക്ടറേറ്റ് സമ്മാനിക്കുവാനാണ് തീരുമാനം. എന്നാല്‍ തന്റെ ദേശവാസികളോട് ഇത്തരത്തില്‍ പെരുമാറുന്ന ഒരു രാജ്യത്തില്‍ നിന്നും ഇത്തരം ഒരു അലങ്കാരം സ്വീകരിക്കാന്‍ തന്റെ മനഃസ്സാക്ഷി തന്നെ അനുവദിക്കുന്നില്ല. ഈ വിഷയത്തില്‍ തന്റെ വായനക്കാരുടെ അഭിപ്രായം തനിക്കറിയണം. ഈ വിഷയം ഒരു അഭിപ്രായ വോട്ടെടുപ്പിനായി ബ്ലോഗില്‍ കൊടുത്തിട്ടുണ്ട്. വായനക്കാരുടെ അഭിപ്രായം തന്നെ ഒരു ശരിയായ തീരുമാനം എടുക്കാന്‍ സഹായിക്കും എന്നും ബച്ചന്‍ എഴുതിയിരിക്കുന്നു. ബ്ലോഗിലെ അഭിപ്രായ വോട്ടെടുപ്പിന്റെ ഫലത്തില്‍ ഇപ്പോള്‍ തന്നെ 68% പേര്‍ പറയുന്നത് ബിഗ് ബി ഓസ്ട്രേലിയന്‍ ഡോക്ടറേറ്റ് സ്വീകരിക്കരുത് എന്നാണ്. ബച്ചന്‍ ഡോക്ടറേറ്റ് സ്വീകരിക്കാതിരിക്കാന്‍ തന്നെയാണ് സാധ്യത എന്ന് ബ്ലോഗ് വായിച്ചാല്‍ തോന്നുകയും ചെയ്യും. എന്നാല്‍ ഇതാണ് കേട്ട പാതി കേള്‍ക്കാത്ത പാതി അമിതാഭ് ബച്ചന്‍ വംശീയ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഓസ്ട്രേലിയന്‍ ഡോക്ടറേറ്റ് നിരസിച്ചു എന്ന് പ്രമുഖ മലയാള പത്രങ്ങളുടെ വെബ് സൈറ്റുകള്‍ എല്ലാം തന്നെ എഴുതിയത്. Labels: ബഹുമതി, ബ്ലോഗ്, മനുഷ്യാവകാശം
- ജെ. എസ്.
( Saturday, May 30, 2009 ) |
ഫൈസല്‍ ബാവക്ക് പുരസ്ക്കാരം
കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ 2008ലെ പരിസ്ഥിതി മാധ്യമ പ്രവര്‍ത്തനത്തിനുള്ള പുരസ്ക്കാരത്തിന് പ്രമുഖ പ്രവാസി പരിസ്ഥിതി പ്രവര്‍ത്തകനും e പത്ര ത്തില്‍ കോളമിസ്റ്റുമായ ഫൈസല്‍ ബാവ അര്‍ഹനായി. വര്‍ത്തമാനം ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച “വിധി കാത്ത് ഒരു ഹരിത താഴ്വര കൂടി” എന്ന ലേഖനത്തിനാണ് പുരസ്ക്കാരം. മെയ് 28ന് പാലക്കാട് വെച്ച് വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വം പുരസ്ക്കാരം നല്‍കും.
- ജെ. എസ്.
( Monday, May 25, 2009 ) |
കാര്‍ട്ടൂണിസ്റ്റ് സുജിത്ത് ലിംക ബുക്കില്‍
കഴിഞ്ഞ ജനുവരിയില്‍ തെരഞ്ഞെടുത്ത കാര്‍ട്ടൂണുകളുടെ ഓണ്‍ലൈന്‍ പ്രദര്‍ശനവും തത്സമയം തന്നെ തിരുവനന്തപുരത്ത് വി. ജെ. ടി. ഹാളിലും കാര്‍ട്ടൂണ്‍ പ്രദര്‍ശനം ഒരുക്കിയ കാര്‍ട്ടൂണിസ്റ്റ് സുജിത്തിന്റെ പേര്‍ ലിംക ബുക്ക് ഓഫ് റെക്കോഡ്സില്‍ ഉള്‍പ്പെട്ടിരിക്കുന്നു. മലങ്കര ബിഷപ്പ് ജോസഫ് മാര്‍ തോമസിന്റെ കാരിക്കേച്ചര്‍ വരച്ചു കൊണ്ട് ലീഡര്‍ ശ്രീ കെ. കരുണാകരനായിരുന്നു അന്ന് വി. ജെ. ടി. ഹാളില്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനം ഉല്‍ഘാടനം ചെയ്തത്.
2008ലെ സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ പുരസ്ക്കാര ജേതാവ് കൂടിയാണ് ശ്രീ സുജിത്. Labels: കാര്‍ട്ടൂണ്‍, ബഹുമതി
- ജെ. എസ്.
( Tuesday, May 19, 2009 ) |
ബ്രസീല്‍ പ്രസിഡണ്ടിന് സമാധാന പുരസ്ക്കാരം
യുനെസ്കോ (UNESCO) സമാധാന പുരസ്ക്കാരം ബ്രസീല്‍ പ്രസിഡണ്ട് ലൂയിസ് ഇനാഷിയോ ലുലാ ഡ സില്‍വക്ക് ലഭിച്ചു. 2008ലെ ഫെലിക്സ് ഹൂഫോ ബോണി സമാധാന പുരസ്ക്കാരമാണ് ഇദ്ദേഹത്തിന് നല്‍കാന്‍ ജൂറിയുടെ തീരുമാനം ആയത്. ഇദ്ദേഹം നേതൃത്വം നല്‍കിയ സമാധാന ചര്‍ച്ചകള്‍ക്കും, ജനാധിപത്യം, സാമൂഹ്യ നീതി, തുല്യ അവകാശങ്ങള്‍ എന്നിവക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും, ന്യൂന പക്ഷ അവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും ഉള്ള അംഗീകാരമാണ് ഈ പുരസ്ക്കാരം എന്ന് ജൂറി അറിയിച്ചു.
ജൂലൈയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്ക്കാരം നല്‍കും. നെല്‍സണ്‍ മണ്ഡേല, യാസ്സര്‍ അറഫാത്, ജിമ്മി കാര്‍ട്ടര്‍ എന്നിവര്‍ക്ക് ഈ പുരസ്ക്കാരം മുന്‍പ് ലഭിച്ചിട്ടുണ്ട്. Labels: അന്താരാഷ്ട്രം, ബഹുമതി
- ജെ. എസ്.
( Thursday, May 14, 2009 ) |
ഇന്ത്യന്‍ ശാസ്ത്രജ്ഞന് അംഗീകാരം
രാജീവ് ഗാന്ധി വധം അന്വേഷിച്ച ഇന്ത്യന്‍ ഫോറന്‍സിക് ശാസ്ത്രജ്ഞന്‍ പ്രൊഫ. പക്കിരിസാമി ചന്ദ്ര ശേഖരന് അമേരിക്കന്‍ കോളജ് ഓഫ് ഫോറന്‍സിക് എക്സാമിനേഴ്സ് ഇന്‍സ്റ്റിട്യൂട്ടില്‍ (ACFEI) ഫെല്ലോ പദവി ലഭിച്ചു. 1993 മെയ് 21 ന് വധിക്കപ്പെട്ട ഇന്ത്യന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധി ഒരു തമിഴ് പുലി മനുഷ്യ ബോംബ് ആയി വന്ന് സ്വയം പൊട്ടിത്തെറിച്ചാണ് കൊല്ലപ്പെട്ടത് എന്ന് ഫോറന്‍സിക് ശാസ്ത്ര സങ്കേതങ്ങള്‍ ഉപയോഗിച്ച് ലോകത്തിന് വെളിപ്പെടുത്തി കൊടുത്തത് ചന്ദ്രശേഖരന്‍ ആണ്.
ഇതേ കുറിച്ച് അദ്ദേഹം ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട് - "The First Human Bomb - The Untold Story of the Rajiv Gandhi Assassination" എന്നാണ് ഈ പുസ്തകത്തിന്റെ പേര്‍. ഫോറന്‍സിക് ശാസ്ത്ര രംഗത്ത് പ്രവര്‍ത്തിച്ച് ഉയര്‍ന്ന നിലവാരവും പ്രവര്‍ത്തി പരിചയവും പ്രകടിപ്പിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട കുറച്ചു പേര്‍ക്ക് മാത്രം ലഭിക്കുന്ന ഒരു ഉന്നത അംഗീകാരം ആണ് ഈ അംഗത്വം. ചന്ദ്രശേഖരന് നേരത്തേ ഭാരത സര്‍ക്കാറിന്റെ പദ്മ ഭൂഷണ്‍ പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്. Labels: ബഹുമതി
- ജെ. എസ്.
( Wednesday, May 13, 2009 ) |
കാര്‍ട്ടൂണിസ്റ്റ് സുജിത്തിന് പുരസ്ക്കാരം
കേരള സര്‍ക്കാരിന്റെ 2008 ലെ മികച്ച കാര്‍ട്ടൂണിന് ഉള്ള മീഡിയ പുരസ്ക്കാരം കാര്‍ട്ടൂണിസ്റ്റ് സുജിത്തിന് ലഭിച്ചു. യുവ കാര്‍ട്ടൂണിസ്റ്റുകളില്‍ ഏറ്റവും ശ്രദ്ധേയനും മലയാളത്തിലെ ആദ്യത്തെ കാര്‍ട്ടൂണ്‍ ബ്ലോഗ് ഉടമയുമാണ് ടി.കെ.സുജിത്ത്. ബൂലോഗത്തെ ആദ്യത്തെ കാര്‍ട്ടൂണ്‍ പെട്ടിക്കട എന്ന് അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്ന വര @ തല = തലവര എന്ന ബ്ലോഗ് ആണ് മലയാളത്തിലെ ആദ്യത്തെ കാര്‍ട്ടൂണ്‍ ബ്ലോഗ് ആയി അറിയപ്പെടുന്നത്.
പുരസ്ക്കാരം ലഭിച്ച കാര്‍ട്ടൂണ്‍ Labels: കാര്‍ട്ടൂണ്‍, ബഹുമതി
- ജെ. എസ്.
( Thursday, May 07, 2009 ) |
ഉണ്ണിക്കും ടോംസിനും പുരസ്ക്കാരം
മലയാളത്തിലെ പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളായ ഉണ്ണിക്കും ടോംസിനും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ട്ടൂണിസ്റ്റിന്റെ ആജീവനാന്ത നേട്ടത്തിനുള്ള പുരസ്കാരം നല്‍കുന്നു. മെയ് 18ന് ബാംഗളൂരില്‍ വെച്ച് നടക്കുന്ന കാര്‍ട്ടൂണിസ്റ്റുകളുടെ ദേശീയ കോണ്‍ഫറന്‍സില്‍ വെച്ചായിരിക്കും ഇവര്‍ക്ക് ഈ ബഹുമതി സമ്മാനിക്കുന്നത്. ഇവരോടൊപ്പം ഉത്തര്‍ പ്രദേശില്‍ നിന്നുമുള്ള ശ്രീ കാക്ക്, മഹാരാഷ്ട്രയില്‍ നിന്നും വസന്ത് സാര്‍വതെ, ആന്ധ്രയില്‍ നിന്നും ടി. വെങ്കട്ട റാവു, കര്‍ണ്ണാടകത്തില്‍ നിന്നും ശ്രീ പ്രഭാകര്‍ റാഒബൈല്‍, തമിഴ് നാട്ടില്‍ നിന്നും ശ്രീ മദന്‍ എന്നിവര്‍ക്കും ഈ ബഹുമതി സമ്മാനിക്കും എന്ന് കേരള കാര്‍ട്ടൂണ്‍ അക്കാദമി അഭിമാന പുരസ്സരം അറിയിക്കുന്നു.
- സുധീര്‍നാഥ് (സെക്രട്ടറി, കേരള കാര്‍ട്ടൂണ്‍ അക്കാദമി) Labels: കാര്‍ട്ടൂണ്‍, ബഹുമതി
- ജെ. എസ്.
( Sunday, April 19, 2009 ) |
പി.വി. കൃഷ്ണന് കെ.എസ്. പിള്ള കാര്‍ട്ടൂണ്‍ പുരസ്കാരം
കൊച്ചി : കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ മികച്ച ഫ്രീലാന്‍സ് കാര്‍ട്ടൂണിസ്റ്റിനുള്ള 2009ലെ കെ. എസ്. പിള്ള സ്മാരക കാര്‍ട്ടൂണ്‍ പുരസ്കാരം പ്രഖ്യാപിച്ചു. കാര്‍ട്ടൂണിസ്റ്റ് പി. വി. കൃഷ്ണനാണ് പുരസ്കാരം. മലയാള രാഷ്ട്രീയ കാര്‍ട്ടൂണ്‍ രംഗത്തെ ആചാര്യ സ്ഥാനീയനായ കെ. എസ്. പിള്ളയുടെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ ശിഷ്യന്‍ കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ ഏര്‍പ്പെടുത്തിയതാണ് കാഷ് അവാര്‍ഡും ഫലകവും അടങ്ങുന്ന ഈ പുരസ്കാരം.
സാക്ഷി എന്ന പംക്തിയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ പി.വി.കൃഷ്ണന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ചീഫ് ആര്‍ട്ടിസ്റ്റായിരുന്നു. മികച്ച ഫോട്ടോഗ്രാഫറും ചിത്രകാരനുമായ കൃഷ്ണന്‍ കേരള ലളിത കലാ അക്കാദമി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മെയ് 14ന് കോട്ടയത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കുമെന്ന് കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ പ്രസന്നന്‍ ആനിക്കാട്, സെക്രട്ടറി സുധീര്‍ നാഥ് എന്നിവര്‍ അറിയിച്ചു. - കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ് Labels: കാര്‍ട്ടൂണ്‍, ബഹുമതി
- ജെ. എസ്.
( Monday, April 13, 2009 ) |
കലാമിന് ഹൂവര്‍ പുരസ്കാരം
മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി ഡോ. എ,പി,ജെ, അബ്ദുള്‍ കലാമിന് 2008ലെ പ്രശസ്തമായ ഹൂവര്‍ പുരസ്കാരം സമ്മാനിക്കും. കലാമിന്റെ സവിശേഷമായ പൊതു പ്രവര്‍ത്തനം കണക്കില്‍ എടുത്താണ് ഈ പുരസ്കാരം അദ്ദേഹത്തിന് ലഭിക്കുന്നത്. അത്യന്താധുനിക ആരോഗ്യ പരിപാലന സൌകര്യങ്ങളും വൈദ്യ സഹായവും സാധാരണ ജനങ്ങളിലേക്ക് അവര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ എത്തിച്ചതിനും, ആരോഗ്യ വിദഗ്ദ്ധരേയും സാങ്കേതിക വിദഗ്ദ്ധരേയും വ്യവസായികളേയും ഒരുമിച്ചു കൊണ്ടു വന്ന് ഗ്രാമീണ മേഖലയില്‍ മികച്ച വൈദ്യ സഹായം ലഭ്യമാക്കിയതിനും, പ്രതിരോധ സാങ്കേതിക വിദ്യ ആരോഗ്യ പരിപാലന രംഗത്ത് സമാര്‍ത്ഥമായി ഉപയോഗിച്ചതിനും ഗ്രാമീണ ആശുപത്രികളെയും സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളേയും വിദൂര വൈദ്യ സംവിധാനം വഴി ബന്ധിപ്പിച്ചതിനും ഉള്ള അംഗീകാരമാണ് ഈ പുരസ്കാരം എന്ന് അറിയിപ്പില്‍ പറയുന്നു. മികച്ച ശാസ്ത്രജ്ഞനും, വിദഗ്ദ്ധനായ എഞ്ചിനിയറും, ദീര്‍ഘ ദര്‍ശിയും എന്നതിനു പുറമെ എളിമയുള്ള ഒരു മനുഷ്യ സ്നേഹി കൂടി ആയിരുന്നു കലാം എന്നും പുരസ്കാരം പ്രഖ്യാപിച്ചു കൊണ്ടുള്ള അറിയിപ്പില്‍ പറയുന്നു. ഏപ്രില്‍ 28ന് നടക്കുന്ന പ്രത്യേക ചടങ്ങില്‍ ഈ ബഹുമതി അദ്ദേഹത്തിന് സമ്മാനിക്കും.
അമേരിക്കന്‍ സൊസൈറ്റി ഓഫ് സിവില്‍ എഞ്ചിനീയേഴ്സ്, അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈനിങ്, മെറ്റലര്‍ജിക്കല്‍ ആന്‍ഡ് പെട്രോളിയം എഞ്ചിനീയേഴ്സ്, അമേരിക്കന്‍ സൊസൈറ്റി ഓഫ് മെക്കാനിക്കല്‍ എഞ്ചിനീയേഴ്സ്, അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ എഞ്ചിനീയേഴ്സ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലെക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയേഴ്സ് എന്നിവര്‍ സംയുക്തമായാണ് ഈ പുരസ്കാരം നല്‍കുന്നത്. Labels: ബഹുമതി
- ജെ. എസ്.
( Saturday, March 28, 2009 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്