എയര്‍ ഷോ : രണ്ട് നാവിക സേനാ വൈമാനികര്‍ കൊല്ലപ്പെട്ടു
ഹൈദരാബാദ് : അന്താരാഷ്ട്ര വൈമാനിക പ്രദര്‍ശനം നടക്കുന്നതിനിടയില്‍ വിമാനം തകര്‍ന്ന് ഇന്ത്യന്‍ നാവിക സേനയിലെ രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. വൈമാനികര്‍ക്ക് പുറമേ വേറെ ഒരാള്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. ഏഴോളം പേര്‍ക്ക് പരിക്കുമുണ്ട്. ബീഗംപെട്ട് വിമാനത്താവളത്തി നടുത്തുള്ള ഒരു മൂന്നു നില കെട്ടിടത്തിനു മുകളിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. പ്രദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കിയ ഒരു വ്യോമ വ്യൂഹത്തിന്റെ ഭാഗമായി പറക്കുകയായിരുന്ന ഒരു വിമാനമാണ് തകര്‍ന്ന് വീണത്. തകര്‍ന്ന വിമാനത്തിന്റെ സഹ വൈമാനികനായ ലെഫ്ടനന്റ്റ് കമാണ്ടര്‍ രാഹുല്‍ നായര്‍ മലയാളിയാണ്. മുഖ്യ വൈമാനികനായ കമാണ്ടര്‍ എസ. കെ. മൌര്യയും കൊല്ലപ്പെട്ടു.
Labels: അപകടങ്ങള്‍, രാജ്യരക്ഷ, വിമാന ദുരന്തം
- ജെ. എസ്.
( Wednesday, March 03, 2010 ) |
കാശ്മീരില്‍ ഹിമപാതം - 16 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍ : പാക്കിസ്ഥാന് അതിര്‍ത്തിയില്‍ ഉള്ള സൈനിക ക്യാമ്പിനു മുകളിലേക്ക് കനത്ത ഹിമാപാതത്തെ തുടര്‍ന്ന് മഞ്ഞു മല ഇടിഞ്ഞു വീണു പതിനാറോളം ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഇന്ത്യന്‍ കര സേനയുടെ പരിശീലന ക്യാമ്പിലാണ് അത്യാഹിതം സംഭവിച്ചത്. പരിശീലനത്തിന്റെ ഭാഗമായി മുന്നൂറ്റി അന്‍പതോളം സൈനികര്‍ പതിനായിരം അടി മുകളിലുള്ള മഞ്ഞു മലയില്‍ എത്തിയതായിരുന്നു. അപ്പോഴാണ് മഞ്ഞു മല ഇടിഞ്ഞു സംഘത്തിന് മേലെ പതിച്ചത്. പതിനഞ്ചു സൈനികരുടെ മൃതദേഹങ്ങള്‍ മഞ്ഞിനടിയില്‍ പെട്ടിരിക്കുകയാണ്. പതിനേഴു പേരെ മഞ്ഞില്‍ നിന്നും പുറത്തെടുത്തു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ടു പേരെ ഇനിയും കണ്ടു കിട്ടിയിട്ടില്ല. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നുണ്ട്. ഇന്നലെ രാത്രിയോടെ ഇരുപത്തിയാറു പേരെ രക്ഷിക്കാന്‍ കഴിഞ്ഞതായി സൈന്യം അറിയിച്ചു.
Labels: അപകടങ്ങള്‍, രാജ്യരക്ഷ
- ജെ. എസ്.
( Tuesday, February 09, 2010 ) |
ചൈനീസ് ആക്രമണം പ്രധാന മന്ത്രിയുടെ ഓഫീസിലും
ഡല്‍ഹി : പ്രധാന മന്ത്രിയുടെ ഓഫീസിലും ചൈന സൈബര്‍ ആക്രമണം നടത്തിയതായി സൂചന. എന്നാല്‍ ഇതിനായി ചൈനീസ് ഹാക്രമികള്‍ (ഹാക്ക് ചെയ്യുന്ന ആക്രമികള്‍) റഷ്യയിലെയും, ദക്ഷിണ അമേരിക്കയിലേയും, കാലിഫോര്‍ണിയയിലെയും ഗേറ്റ് വേകള്‍ ആണ് ഉപയോഗിച്ചത് എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പ്രധാന മന്ത്രിയുടെ ഓഫീസിലെ pmo@nic.in എന്ന ഈമെയില്‍ വായിക്കുവാനായി ഹാക്രമികള്‍ ശ്രമിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ ഉദ്യമം പരാജപ്പെട്ടു എന്നാണ് കരുതപ്പെടുന്നത്.
ഇന്ത്യയുടെ സുപ്രധാന സൈനിക നയതന്ത്ര വ്യാവസായിക ശൃംഖല യുടെ ഇന്റര്‍നെറ്റ് അടിത്തറ ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയമാണ് എന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ത്യയോട് ശത്രുതയുള്ള രാജ്യങ്ങള്‍ ഇത്തരം ആക്രമണങ്ങള്‍ നടത്താനുള്ള സാധ്യത വളരെ ഏറെയാണ്. പ്രത്യേകിച്ചും ഇന്ത്യയില്‍ സൈനികമായും, നയതന്ത്ര പരമായും, ആഭ്യന്തരമായും, ആഗോള വ്യാപാര രംഗത്തും താല്പര്യങ്ങളുള്ള ചൈന. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ചൈന സൈബര്‍ ആക്രമണ രംഗത്ത് ഏറെ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. ഇതിനായി ഒരു പ്രത്യേക സൈബര്‍ സൈന്യം തന്നെ ചൈന ഒരുക്കിയിട്ടുമുണ്ട്. 300,000 ഹാക്രമികളാണ് ഈ സൈബര്‍ സൈന്യത്തില്‍ ഉള്ളത് എന്നാണ് ഇന്ത്യന്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ അനുമാനം. ചൈന ഇന്ത്യയെ ആക്രമിക്കുന്നത് ഇത് ആദ്യ സംഭവമല്ല എന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. Labels: ഇന്റര്‍നെറ്റ്, കുറ്റകൃത്യം, ചൈന, യുദ്ധം, രാജ്യരക്ഷ
- ജെ. എസ്.
( Saturday, January 16, 2010 ) |
ബ്രഹ്മ പുത്രയിലെ അണക്കെട്ട് നിര്‍മ്മാണം
ബ്രഹ്മപുത്ര നദിയില്‍ തങ്ങള്‍ അണക്കെട്ട് നിര്‍മ്മിക്കുന്നില്ല എന്ന് ചൈന ആവര്‍ത്തിച്ചു പറയുമ്പോഴും ചൈനയുടെ പ്രദേശത്ത് നടക്കുന്ന ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യക്ക് ആശങ്കാ ജനമാണ് എന്നാണ് വിദഗ്ദ്ധരുടെ കണ്ടെത്തല്‍. ബ്രഹ്മ പുത്രയിലെ വെള്ളം നിയന്ത്രിച്ച് ചൈനക്ക് ഇന്ത്യയെ എപ്പോള്‍ വേണമെങ്കിലും സമ്മര്‍ദ്ദത്തിനു വിധേയമാക്കാം എന്നതാണ് വാസ്തവം. ഗുവാഹട്ടിയിലെ ഐ.ഐ.ടി. നടത്തിയ പഠനങ്ങളും ഈ ഭയാശങ്കകളെ സാധൂകരിക്കുന്നു.
ബ്രഹ്മ പുത്ര നദി, തിബത്തിലെ അറുന്നൂറോളം മഞ്ഞു മലകളില്‍ നിന്നും ഉല്‍ഭവം കണ്ടെത്തുന്ന ഒരു നദിയാണ്. ഇന്ത്യക്ക് ലഭ്യമായ റിമോട്ട് സെന്‍സിംഗ് വിവരങ്ങള്‍ അനുസരിച്ച് ഈ നീരുറവകളില്‍ പ്രധാനമായ സാങ്മോ എന്ന പ്രദേശത്ത് ചൈന എന്തോ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നുണ്ട് എന്ന് വ്യക്തമാണ്. നദി ഒരു വലിയ താഴ്ച്ചയിലേക്ക് വീഴുന്ന സ്ഥലമാണ് സാങ്മോ. ഇവിടെ ഒരു ജല വൈദ്യുത പദ്ധതി സ്ഥാപിക്കാനാണ് സാധ്യത. ജല വൈദ്യുത പദ്ധതിയായാലും ജല ശേഖരണ പദ്ധതിയായാലും അണക്കെട്ടു നിലവില്‍ വരുന്നതോടെ ബ്രഹ്മ പുത്രയിലെ ജലം നിയന്ത്രിക്കപ്പെടുമെന്നത് തീര്‍ച്ചയാണ്. ഇത് ഇന്ത്യയില്‍ വരള്‍ച്ചയ്ക്ക് കാരണവുമാകും. ജല വൈദ്യുത പദ്ധതിയാണെങ്കില്‍, ഇപ്പോള്‍ തമിഴ് നാട് മുല്ല പെരിയാറില്‍ ആവശ്യപ്പെടുന്നത് പോലെ, ഉയര്‍ന്ന ജല നിരപ്പ് പാലിക്കേണ്ടി വരും. എന്നാല്‍ ജല നിരപ്പ് ക്രമാതീതമായി ഉയരുന്ന വേളയില്‍ സംഭരിച്ച വെള്ളം പെട്ടെന്ന് അണക്കെട്ട് തുറന്ന് വിടേണ്ടതായും വരും. ഇത് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനു കാരണവുമാകും. എന്നാല്‍ ഇതിനൊരു മറുവശവുമുണ്ട്. ചൈനയില്‍ നിന്നും വരുന്ന നദിയിലെ വെള്ളപ്പൊക്കം മൂലം ഇന്ത്യ വര്‍ഷം തോറും ദുരിതം അനുഭവിക്കുന്നുണ്ട്. അണക്കെട്ട് വരുന്നതോടെ ഇതിന് ഒരു അറുതി വരും. മാത്രമല്ല ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശിലേക്ക് ഒഴുകുന്ന ഗംഗാ നദിയില്‍ ഇന്ത്യ അനേകം ഡാമുകള്‍ ബംഗ്ലാദേശിന്റെ എതിര്‍പ്പുകളെ അവഗണിച്ച് പണിതിട്ടുമുണ്ട്. ഇതിനെ തുടര്‍ന്ന് ഉളവായ അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാന്‍ ഇന്ത്യ ബംഗ്ലാദേശുമായി ജല വിതരണ ഉടമ്പടി ഉണ്ടാക്കി അത് നിഷ്ക്കര്‍ഷമായി പാലിക്കുന്നുണ്ട്. നേരത്തേ പറഞ്ഞ വരള്‍ച്ചാ - വെള്ളപ്പൊക്ക ഭീഷണി എല്ലാ അണക്കെട്ടുകളുടെയും ദൂഷ്യ വശമാണ് എന്നിരിക്കെ ചൈന അണക്കെട്ട് നിര്‍മ്മിക്കുന്നതിനെ എതിര്‍ക്കുന്നത് ഇരട്ട താപ്പ് നയമാണ് എന്ന് ഗുവാഹട്ടി ഐ.ഐ.ടി. യിലെ വിദഗ്ദ്ധര്‍ ചൂണ്ടി കാണിക്കുന്നു. കാരണം ചൈന നിര്‍മ്മിച്ചാലും ഇല്ലെങ്കിലും ഇന്ത്യ അരുണാചല്‍ പ്രദേശില്‍ മാത്രം ബ്രഹ്മ പുത്രയില്‍ 150 ഓളം അണക്കെട്ടുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതി ഇട്ടിട്ടുണ്ട് എന്നും ഇവര്‍ വെളിപ്പെടുത്തുന്നു. Chinese Dam on Brahmaputra causes concern to India Labels: അന്താരാഷ്ട്രം, ചൈന, രാജ്യരക്ഷ
- ജെ. എസ്.
( Thursday, November 05, 2009 ) |
ആണവ നിര്‍വ്യാപന കരാറില്‍ ചേരില്ല : ഇന്ത്യ
ആണവ നിര്‍വ്യാപന കരാറില്‍ പങ്കു ചേരാനുള്ള ആഹ്വാനവുമായി ഐക്യ രാഷ്ട്ര സുരക്ഷാ സമിതി പാസാക്കിയ പ്രമേയം ഇന്ത്യ തള്ളി. ആണവ ആയുധങ്ങള്‍ ഇന്ത്യയുടെ സുരക്ഷയ്ക്ക് അത്യാവശ്യ മാണെന്നും അതിനാല്‍ ആണവ ആയുധ രഹിത രാഷ്ട്രമായി ഇത്തരം ഒരു കരാറില്‍ ഭാഗമാവാന്‍ ഇന്ത്യ ഒരുക്കമല്ല എന്നും ഐക്യ രാഷ്ട്ര സഭയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സുരക്ഷാ കൌണ്‍സില്‍ പ്രസിഡണ്ടിന് അയച്ച കത്തില്‍ വ്യക്തമാക്കി. ആഗോള തലത്തില്‍ നിരായുധീ കരണം നടപ്പിലാക്കണം എന്നു തന്നെയാണ് ഇന്ത്യയുടെ നയം. എന്നാല്‍ ഇത് എല്ലാ രാഷ്ട്രങ്ങള്‍ക്കും ബാധകമാവണം. എന്നാലേ ഇത്തരം ഒരു നീക്കത്തിന് വിശ്വാസ്യത ഉണ്ടാവൂ. ഏകപക്ഷീയമായി ഇന്ത്യ അണു പരീക്ഷണങ്ങള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. ആണവ ആയുധങ്ങളുടെ ‘ആദ്യ ഉപയോഗം’ തടയുന്ന നയമാണ് ഇന്ത്യ സ്വീകരിച്ചിരി ക്കുന്നതെന്നും കത്തില്‍ വ്യക്തമാക്കുന്നു. ഇത് പ്രകാരം യുദ്ധ വേളയില്‍ ശത്രു പക്ഷം ആണവായുധം ഉപയോഗിച്ചാല്‍ മാത്രമേ ഇന്ത്യ ആണവായുധം ഉപയോഗി യ്ക്കുകയുള്ളൂ.
അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ അധ്യക്ഷനായിരുന്ന സമിതിയാണ് പ്രമേയം പാസാക്കിയത് എന്നത് ആണവ നിര്‍വ്യാപന വിഷയത്തില്‍ ഒബാമയുടെ താല്പര്യം വ്യക്തമാക്കുന്നു. എന്നാല്‍ ഇത് വിവാദമായ ഇന്തോ അമേരിക്കന്‍ ആണവ കരാറിന്റെ ഭാവിയെ എങ്ങനെ ബാധിയ്ക്കും എന്ന് കണ്ടറിയേ ണ്ടിയിരിക്കുന്നു. ഇത് സംബന്ധിച്ച ആശങ്കകള്‍ അമേരിക്കന്‍ ഉദ്യോഗ സ്ഥരുമായി ഉടന്‍ ചര്‍ച്ച ചെയ്യും എന്ന് ദേശീയ സുരക്ഷാ ഉപദേശകന് എം.കെ. നാരായണന് അറിയിച്ചു. ബ്രിട്ടന്, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങളുമായി ഇന്ത്യ ഉണ്ടാക്കിയ ഉഭയകക്ഷി ആണവോര്‍ജ്ജ കരാറുകളെ ഈ പ്രമേയം ഒരു തരത്തിലും ബാധിക്കില്ല എന്ന് ഈ രാജ്യങ്ങള്‍ വ്യക്തമാക്കി യിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു. India rejects Nuclear Proliferation Treaty Labels: അന്താരാഷ്ട്രം, ഇന്ത്യ, യുദ്ധം, രാജ്യരക്ഷ
- ജെ. എസ്.
( Friday, September 25, 2009 ) |
ചൈന കുഴക്കുന്നു
കഴിഞ്ഞ ദിവസങ്ങളില്‍ ചൈന നടത്തിയ ആക്രമണങ്ങളും അതിക്രമങ്ങളും ഇന്ത്യയെ ഗുരുതരമായ ആശയ കുഴപ്പത്തില്‍ ആക്കിയിരിക്കുന്നു. ഓഗസ്റ്റ് ആറിന് രണ്ട് ചൈനീസ് സുഖോയ് യുദ്ധ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് അരുണാചല്‍ പ്രദേശിലും സിക്കിമിലും പ്രവേശിച്ചതോടെയാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ തുടക്കം. വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന ആദ്യത്തെ ഇത്തരം അതിക്രമം ആയിരുന്നു അത്. ഇത് നടന്നത് ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കു ന്നതിനായുള്ള ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ ആരംഭിക്കുന്നതിന്റെ തലേ ദിവസം ആയിരുന്നു എന്നത് ശ്രദ്ധേയമായിരുന്നു. ചര്‍ച്ചകളില്‍ തങ്ങളുടെ ആധിപത്യം ഉറപ്പാക്കുന്നതിനുള്ള ചൈനീസ് തന്ത്രമായിരുന്നു അത്. ഇതിനു തൊട്ടു പിന്നാലെ അരുണാചല്‍ പ്രദേശില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും 40 കിലോമീറ്ററോളം അകത്തേയ്ക്ക് ചൈനീസ് പട്ടാളം കയറി ചെന്നു. ഈ മാസം ആദ്യ വാരം ചൈനീസ് കുതിര പട്ടാളം ഉത്തര്ഖണ്ഡില് ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകത്തേയ്ക്ക് പ്രവേശിച്ചു. ഇതിനു പുറമെ അസംഖ്യം തവണ ചൈനീസ് ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിക്കുകയും ചെയ്തു. അതിര്‍ത്തിയിലെ സംഘര്‍ഷം നിയന്ത്രണാ തീതമായതോടെ ഇന്ത്യന്‍ അധികൃതര്‍ അടിയന്തിരമായി വ്യാഴാഴ്ച്ച യോഗം ചേരുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം. കെ. നാരായണന് വിളിച്ചു കൂട്ടിയ യോഗത്തില്‍ ചൈനാ സ്റ്റഡി ഗ്രൂപ്പും, കാബിനറ്റ് സെക്രട്ടറിയും, പ്രതിരോധ, ആഭ്യന്തര, വിദേശ മന്ത്രാലയ സെക്രട്ടറിമാരും പങ്കെടുക്കും. സൈനിക മേധാവികളുടെയും ഇന്റലിജന്‍സ് മേധാവികളുടെയും അഭിപ്രായവും കൂടി ആരാഞ്ഞാവും ചൈനീസ് ഭീഷണി നേരിടുന്നതിന് ആവശ്യമായ തന്ത്രങ്ങള്‍ ഇന്ത്യ രൂപീകരിക്കുക.
Chinese intrusion into Indian territory worries India
- ജെ. എസ്.
( Tuesday, September 15, 2009 ) |
അജ്ഞാത കപ്പല്‍ ഗോവയിലേക്ക്
സംശയകരമായ ഒരു കപ്പല്‍ ഗോവയിലേക്ക് നീങ്ങുന്നു എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് തീര രക്ഷാ സേനയും നാവിക സേനയും ജാഗരൂകരായി. കൊങ്കണ്‍ പ്രദേശത്ത് നാവിക സേന റോന്ത് ചുറ്റല് ഊര്‍ജ്ജിതം ആക്കിയിട്ടുണ്ട്. മഹാരാഷ്ട്ര ഇന്റലിജന്‍സ് ആണ് ജാഗ്രതാ നിര്‍ദ്ദേശം ഗോവ പോലീസിന് കൈമാറിയത്. മത്സ്യ ബന്ധന തൊഴിലാളികള്‍ ആണ് ഈ അക്ഞാത കപ്പല്‍ ആദ്യം കണ്ടത്. ഇവരാണ് മഹാരാഷ്ട്ര പോലീസിനെ വിവരം അറിയിച്ചത്. മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് തീര രക്ഷാ സേനയും നാവിക സേനയും കപ്പലിനു വേണ്ടി വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും കപ്പല്‍ കണ്ടെത്താനായില്ല. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ കപ്പല്‍ ഗോവന്‍ തീരത്തെത്തും എന്നാണ് പോലീസിന്റെ നിഗമനം.
Labels: രാജ്യരക്ഷ
- ജെ. എസ്.
( Friday, July 31, 2009 ) |
ഹോണ്ടുറാസ് പ്രസിഡണ്ട് അറസ്റ്റില്‍
ഭരണ ഘടനയില്‍ മാറ്റം വരുത്തുവാന്‍ ഉള്ള നടപടികള്‍ പുരോഗമിക്കവെ ഇന്നലെ നടന്ന സൈനിക അട്ടിമറിയിലൂടെ ഹോണ്ടുറാസ് സൈന്യം പ്രസിഡണ്ട് മാനുവല്‍ സെലായയെ അറസ്റ്റ് ചെയ്തു. ഭരണ ഘടന പരിഷ്കരണത്തില്‍ വോട്ടെടുപ്പ് നടത്താന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് തീര്‍ത്തും അപ്രതീക്ഷിതമായ ഈ നീക്കം സൈന്യത്തില്‍ നിന്നും ഉണ്ടായത്.
ഇടതു പക്ഷ ചിന്താ ഗതിക്കാരനും വെനസ്വേലന്‍ പ്രസിഡണ്ട് ഹ്യൂഗോ ഷാവേസിന്റെ അടുത്ത മിത്രവുമായ സെലായ താന്‍ ഒരു സൈനിക കലാപത്തിന്റെ ഇരയാണ് എന്ന് പിന്നീട് അറിയിച്ചു. അറസ്റ്റിലായ പ്രസിഡണ്ടിനെ സൈന്യം പിന്നീട് നാട് കടത്തുകയും ചെയ്തു. മണിക്കൂറുകള്‍ക്കകം സെലായയുടെ രാജി കത്ത് കോണ്‍ഗ്രസ് അംഗീകരിച്ചു കൊണ്ട് പ്രമേയം പാസ്സാക്കി. എന്നാല്‍ പ്രസ്തുത രാജി കത്ത് തന്റേതല്ലെന്ന് വ്യക്തമാക്കിയ സെലായ താന്‍ അധികാരത്തില്‍ തന്നെ തുടരും എന്ന് പ്രസ്താവിച്ചു. Labels: അന്താരാഷ്ട്രം, രാജ്യരക്ഷ
- ജെ. എസ്.
( Monday, June 29, 2009 ) |
ആയുധ ചിലവില്‍ ഇന്ത്യക്ക് പത്താം സ്ഥാനം
ആയുധങ്ങള്‍ വാങ്ങി കൂട്ടുന്നതിനായി ഏറ്റവും അധികം പണം ചിലവാക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് പത്താം സ്ഥാനം. സ്റ്റോക്ക് ഹോം അന്താരാഷ്ട്ര സമാധാന ഗവേഷണ സ്ഥാപനം (Stockholm International Peace Research Institute - SIPRI) നടത്തിയ പഠനം ആണ് ഇത് വെളിപ്പെടുത്തിയത്. ആഗോള തലത്തില്‍ വന്‍ വര്‍ധനവാണ് ആയുധ ചിലവില്‍ ഉണ്ടായിരിക്കുന്നത് എന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. 1464 ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ ആണ് ലോക രാഷ്ട്രങ്ങള്‍ ആയുധങ്ങള്‍ വാങ്ങി കൂട്ടാന്‍ ചിലവിട്ടത്. ഇതില്‍ സിംഹ ഭാഗവും അമേരിക്കയുടേത് തന്നെ - ഏതാണ്ട് 607 ബില്ല്യണ്‍ ഡോളര്‍. രണ്ടാം സ്ഥാനത്ത് ചൈന 84.9 ബില്ല്യണ്‍ ഡോളറും ആയി നില ഉറപ്പിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങള്‍ ക്രമത്തില്‍ ഫ്രാന്‍സ് (65.7), ബ്രിട്ടന് (65.3), റഷ്യ (58.6), ജര്‍മ്മനി (46.8), ജപ്പാന് (46.3), ഇറ്റലി (40.6), സൌദി അറേബ്യ (38.2), ഇന്ത്യ (30.0) എന്നിവയാണ്.
Labels: രാജ്യരക്ഷ
- ജെ. എസ്.
( Tuesday, June 09, 2009 ) |
അഴിമതി - ആന്റണി ഇസ്രയേല്‍ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തി
ഇസ്രയേല്‍ ആയുധ നിര്‍മ്മാണ സ്ഥാപനം ആയ ഇസ്രയേല്‍ മിലിട്ടറി ഇന്‍ഡസ്ട്രീസ് ഉള്‍പ്പടെ ഇന്ത്യയുമായി ആയുധ വ്യാപാരം നടത്തുന്ന ഏഴു സ്ഥാപനങ്ങളെ പ്രതിരോധ വകുപ്പ് മന്ത്രി എ. കെ. ആന്റണിയുടെ നിര്‍ദ്ദേശ പ്രകാരം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. സി. ബി. ഐ. നടത്തിയ അന്വേഷണത്തില്‍ കൈക്കൂലി ഇടപാടുകളുടെ വ്യക്തമായ സൂചനകള്‍ ലഭിച്ചതിന്റെ വെളിച്ചത്തില്‍ ആണ് ഈ നടപടി. സി. ബി. ഐ. യുടെ കുറ്റ പത്രം ഇനിയും തയ്യാറായിട്ടില്ല. എന്നാല്‍ സ്വകാര്യ ബാങ്ക് അക്കൌണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്തത് ഉള്‍പ്പടെ വ്യക്തമായ തെളിവുകള്‍ ആണ് അന്വേഷണത്തില്‍ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോപണ വിധേയമായ കമ്പനികളുമായുള്ള ഇടപാടുകള്‍ ഉടനടി മരവിപ്പിക്കാന്‍ പ്രതിരോധ മന്ത്രി എ. കെ. ആന്റണി ഉത്തരവ് നല്‍കുക ആയിരുന്നു എന്ന് പ്രതിരോധ വകുപ്പ് വക്താവ് സിതാന്‍ശു കര് അറിയിച്ചു.
ഇസ്രയേലി മിലിട്ടറി ഇന്‍ഡസ്ട്രീസ്, സിംഗപ്പൂര്‍ ടെക്നോളജി, ബി. വി. ടി. പോളണ്ട്, മീഡിയ ആര്‍ക്കിടെക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് ഓഫ് സിംഗപ്പൂര്‍ എന്നീ വിദേശ കമ്പനികളും ടി. എസ്. കിഷന് ആന്‍ഡ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, ആര്. കെ. മഷീന് ടൂള്‍സ്, എഛ്. വൈ. ടി. എഞ്ചിനീയറിങ് കമ്പനി എന്നീ ഇന്ത്യന്‍ സ്ഥാപനങ്ങളും ആണ് കരിമ്പട്ടികയില്‍ പെട്ട ആരോപണ വിധേയമായ സ്ഥാപനങ്ങള്‍. ആന്റണിയുടെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ മാര്‍ച്ചില്‍ ഇസ്രയേലി സ്ഥാപനവുമായി നടത്തിയ 1200 കോടി രൂപയുടെ ഇടപാടും മരവിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫാക്ടറിക്ക് വേണ്ടി ഈ ഉടമ്പടി പ്രകാരം ഇസ്രയേലിലെ ടെല്‍ അവീവിനടുത്തുള്ള ഇസ്രയേലി മിലിട്ടറി ഇന്‍ഡസ്ട്രീസിന്റേതു പോലുള്ള ഒരു ആയുധ ഫാക്ടറി ബീഹാറിലെ നളന്ദയില്‍ നിര്‍മ്മിക്കാന്‍ ആയിരുന്നു പദ്ധതി. പ്രതിരോധ മേഖലയിലെ അഴിമതിക്കെതിരെ പ്രതികരിച്ച എല്ലാവര്ക്കും ഇന്നു വരെ തിക്ത ഫലങ്ങളാണ് ലഭിച്ചിട്ടുള്ളത്. അത്രയും ശക്തമായ ഒരു അന്താരാഷ്ട്ര അഴിമതി ശൃംഘല തന്നെയാണ് ഈ രംഗത്ത് ഉള്ളത്. ഈ നടപടിയും ഇതിന്റെ തുടര്‍ നടപടികളും അനന്തര ഫലങ്ങളും അതു കൊണ്ടു തന്നെ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. Labels: കുറ്റകൃത്യം, രാജ്യരക്ഷ
- ജെ. എസ്.
( Saturday, June 06, 2009 ) |
അമേരിക്കയുടെ മിസൈല്‍ പദ്ധതിക്കെതിരെ റഷ്യ
അമേരിക്ക പാശ്ചാത്യ സഖ്യ കക്ഷികളുടെ സഹകരണത്തോടെ യൂറോപ്പില്‍ നടപ്പിലാക്കുന്ന മിസൈല്‍ പദ്ധതിക്കെതിരെ റഷ്യ ശക്തമായ താക്കീത് നല്കി. പരിപാടിയുടെ മൂന്നാം ഘട്ടം യൂറോപ്പില്‍ സ്ഥാപിക്കുന്ന പക്ഷം തങ്ങളുടെ “ഇസ്കന്ദര്‍” മിസൈലുകള്‍ പോളണ്ടിനും ലിത്വാനിയക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന കലിന്‍ഗ്രാഡ് പ്രദേശത്ത് സ്ഥാപിക്കും എന്ന് റഷ്യ മുന്നറിയിപ്പു നല്കി. ഇത് ചെയ്യണം എന്ന് തങ്ങള്‍ക്ക് ഒട്ടും താല്പര്യമില്ല. എന്നാല്‍ അമേരിക്കന്‍ ആയുധ ഭീഷണി നേരിടാന്‍ തങ്ങള്‍ക്ക് ഇത്തരം ഒരു നടപടി സ്വീകരിക്കേണ്ടി വന്നാല്‍ തങ്ങള്‍ ഇത് ചെയ്യാന്‍ മടിക്കില്ല എന്നും റഷ്യ അറിയിച്ചു. മിസൈല്‍ വേധ സംവിധാനം പോളണ്ടിലും ചെക്കോസ്ലോവാക്യയിലും സ്ഥാപിക്കുന്നത് ഇറാന്റെ ഭീഷണിയെ ചെറുക്കാന്‍ ആണെന്നാണ് അമേരിക്കയുടെ പക്ഷം. റഷ്യക്ക് ഇത് ഒരു ഭീഷണിയാവില്ല എന്നും വാഷിങ്ടണ്‍ ആവര്‍ത്തിക്കുന്നു. ജോര്‍ജ്ജ് ബുഷ് തുടങ്ങി വെച്ച ഈ ആയുധ പന്തയം ഒബാമ ഭരണകൂടം തുടരില്ല എന്നായിരുന്നു പ്രതീക്ഷ. ഈ പദ്ധതി മുന്നോട്ട് കൊണ്ടു പോകുന്നതിന് മുന്‍പ് സാധ്യതാ പഠനം നടത്തും എന്നും മറ്റും പുതിയ അമേരിക്കന്‍ ഭരണകൂടം പറഞ്ഞിരുന്നതുമാണ്. എന്നാല്‍ ഈ മാസം ആദ്യം തന്റെ പ്രേഗ് സന്ദര്‍ശന വേളയില്‍ പദ്ധതിക്ക് അനുകൂലം ആയി ഒബാമ സംസാരിച്ചത് ആണ് റഷ്യക്ക് വീണ്ടും തലവേദന ഉണ്ടാക്കിയിരിക്കുന്നത്.
(ചെക്കോസ്ലോവാക്യയിലെ പ്രേഗില്‍ അമേരിക്കന്‍ മിസൈല്‍ പദ്ധതിക്കെതിരെ നടന്ന പ്രതിഷേധ പ്രകടനം ആണ് ഫോട്ടോയില്‍ കാണുന്നത്.) Labels: അന്താരാഷ്ട്രം, അമേരിക്ക, യുദ്ധം, രാജ്യരക്ഷ
- ജെ. എസ്.
( Wednesday, April 22, 2009 ) |
ചൈനയില്‍ നിന്നും സൈബര്‍ യുദ്ധം
103 രാജ്യങ്ങളിലെ തന്ത്ര പ്രധാന കമ്പ്യൂട്ടറുകളെ ആക്രമിച്ചു കീഴടക്കിയ ഒരു വമ്പന്‍ ചൈനീസ് സൈബര്‍ ചാര ശൃംഖല കണ്ടെത്തി. കാനഡയിലെ ടൊറോണ്ടോയിലെ മങ്ക് അന്താരാഷ്ട്ര പഠന കേന്ദ്രം പത്ത് മാസത്തോളം നടത്തിയ അന്വേഷണങ്ങളുടെ ഫലമായാണ് ചൈനയില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഗോസ്റ്റ്നെറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ ചാര ശൃംഖല കണ്ടെത്തിയത്. ആഴ്ച തോറും ഒരു ഡസന്‍ പുതിയ കമ്പ്യൂട്ടറുകള്‍ എങ്കിലും ഈ ആക്രമണത്തില്‍ കീഴടങ്ങുന്നു എന്നും ഇവര്‍ വെളിപ്പെടുത്തി. ഇങ്ങനെ കീഴടക്കിയ കമ്പ്യൂട്ടറുകള്‍ മിക്കവയും സര്‍ക്കാരുകളുടേയും മന്ത്രാലയങ്ങളുടേയും എംബസ്സികളുടേയും മറ്റും ആണ് എന്നത് പ്രശ്നത്തെ അതീവ ഗുരുതരമാക്കുന്നു.
ഇത്തരത്തില്‍ കീഴടക്കിയ കമ്പ്യൂട്ടറുകള്‍ ഈ കമ്പ്യൂട്ടറുകളില്‍ നിന്നുമുള്ള ഈമെയില്‍ സന്ദേശങ്ങള്‍ ചൈനയിലേക്ക് പകര്‍ത്തി കൊടുക്കുന്നു. മാത്രവുമല്ല ഇത്തരം കമ്പ്യൂട്ടറുകളിലെ മൈക്കും വെബ് കാമറയും ആരുമറിയാതെ പ്രവര്‍ത്തിപ്പിച്ച് ഒരു സമ്പൂര്‍ണ്ണ നിരീക്ഷണ കേന്ദ്രമാക്കി ഇത്തരം കമ്പ്യൂട്ടറുകളെ ഇവര്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. കമ്പ്യൂട്ടറിന്റെ അടുത്തു വെച്ചു നടക്കുന്ന എല്ലാ സംഭാഷണങ്ങളും ഇവ റിക്കോഡ് ചെയ്ത് ചൈനയിലേക്ക് അയച്ചു കൊടുക്കുകയും ചെയ്യും. ഈ ചാര സംഘത്തിനു പിന്നില്‍ ചൈനയിലെ സര്‍ക്കാരിനു പങ്കുണ്ടോ എന്നു വ്യക്തമല്ലെങ്കിലും ആക്രമണത്തിനു വിധേയമായ കമ്പ്യൂട്ടറുകളില്‍ മിക്കതും വിദേശ സര്‍ക്കാരുകളുടേതാണ്. 1295 കമ്പ്യൂട്ടറുകള്‍ ചൈനീസ് അധീനതയില്‍ ആയിട്ടുണ്ടെന്നാണ് ഇപ്പോഴത്തെ നിഗമനം. അമേരിക്ക, ബെല്‍ജിയം, ഇറ്റലി, ജര്‍മനി എന്നിവിടങ്ങളിലെ ഇന്ത്യന്‍ എംബസ്സികള്‍, സൈപ്രസിലേയും ബ്രിട്ടനിലേയും ഇന്ത്യന്‍ ഹൈക്കമ്മീഷനുകള്‍, നാഷണല്‍ ഇന്‍ഫൊര്‍മാറ്റികസ് സെന്റര്‍, ഇന്ത്യയിലെ വിവിധ സോഫ്റ്റ്വെയര് ടെക്നോപാര്‍ക്കുകള്‍, ഇന്ത്യയിലേക്ക് പലായനം ചെയ്ത തിബത്ത് സര്‍ക്കാരിന്റെയും ദലായ് ലാമയുടേയും കമ്പ്യൂട്ടറുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ദലായ് ലാമയുടെ കമ്പ്യൂട്ടര്‍ ആക്രമിക്കപ്പെട്ടിരിക്കുന്നു എന്ന സംശയത്തില്‍ നിന്നാണ് ഗോസ്റ്റ്നെറ്റിനെ കുറിച്ചുള്ള അന്വേഷണം ആരംഭിക്കുന്നത്. ദലായ് ലാമ ഒരു വിദേശ നയതന്ത്രജ്ഞന് അയച്ച ഒരു ക്ഷണ പത്രം ചോര്‍ന്നതായി സംശയം പ്രകടിപ്പിച്ച് ചില കമ്പ്യൂട്ടര്‍ വിദഗ്ദ്ധരെ ബന്ധപ്പെടുകയായിരുന്നു. ദലായി ലാമ ക്ഷണ പത്രം അയച്ച ഉടന്‍ ചൈനീസ് പ്രതിനിധികള്‍ പ്രസ്തുത വിദേശ നയതന്ത്ര ഉദ്യോഗസ്ഥനെ സമീപിക്കുകയും ലാമയെ സന്ദര്‍ശിക്കരുത് എന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതാണ് ലാമക്ക് സംശയം തോന്നുവാനുള്ള കാരണം. ലാമയുടെ ആവശ്യ പ്രകാരം അമേരിക്കയിലെ വിദഗ്ദ്ധര്‍ ഇന്ത്യയിലെ ധര്‍മ്മശാലയില്‍ എത്തുകയും ലാമയുടെ കമ്പ്യൂട്ടര്‍ പരിശോധിക്കുകയും ചെയ്തു. പരിശോധനയില്‍ കമ്പ്യൂട്ടറില്‍ ചൈനയില്‍ നിന്നും അതിക്രമിച്ചു കയറിയിരിക്കുന്നു എന്ന് മനസ്സിലായി. അഭയാര്‍ത്ഥികളെ കുറിച്ചും വിദ്യാലയങ്ങളെ കുറിച്ചും ഉള്ള ഒട്ടേറെ വിവരങ്ങള്‍ ഈ കമ്പ്യൂട്ടറില്‍ ഉണ്ടായിരുന്നു. ഇതത്രയും തന്നെ ചൈനക്ക് തിബത്തിനെതിരെ ആക്രമണത്തിനുള്ള ലക്ഷ്യങ്ങളും ആയിരുന്നു. ഇതേ തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് ഗോസ്റ്റ്നെറ്റ് എന്ന ചൈനീസ് സൈബര്‍ ചാര ശൃംഖല പുറത്തായത്. 2003ല്‍ നടന്ന നാഷണല്‍ പീപ്ള്‍സ് കോണ്‍ഗ്രസില്‍ ചൈനീസ് പട്ടാളം സൈബര്‍ യുദ്ധ യൂണിറ്റുകള്‍ രൂപീകരിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. ഏത് യുദ്ധത്തിനു മുന്നോടിയായും ഇന്റര്‍നെറ്റ് യുദ്ധം നടത്തി ശത്രു പക്ഷത്തെ ദുര്‍ബലപ്പെടുത്തും എന്ന് അന്ന് ജനറല്‍ ഡായ് ഖിങ്മിന്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം വെറും കെട്ടു കഥകള്‍ ആണെന്നും ചൈന ഇത്തരം സൈബര്‍ കുറ്റ കൃത്യങ്ങള്‍ക്ക് എതിരാണെന്നും ചൈനീസ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. Labels: അന്താരാഷ്ട്രം, ഇന്റര്‍നെറ്റ്, കുറ്റകൃത്യം, യുദ്ധം, രാജ്യരക്ഷ
- ജെ. എസ്.
( Monday, March 30, 2009 ) |
ഇന്ത്യ പാക്കിസ്ഥാനെ പോലെയാവുന്നു - സി.പി.എം.
ഇന്ത്യയും പാക്കിസ്ഥാന്റെ പാത പിന്തുടര്ന്ന് അമേരിക്കയുടെ ആജ്ഞാനുവര്‍ത്തി ആവുന്ന സ്ഥിതിയിലേക്ക് അതി വേഗം നീങ്ങുകയാണ് എന്ന് സി. പി. എം. ആരോപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം അമേരിക്കന്‍ ചാര സംഘടനയായ സി. ഐ. എ. യുടെ മുഖ്യന് ലിയോണ്‍ പാനെറ്റയുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്നാണ് സി. പി. എം. ഈ ആരോപണം ഉന്നയിച്ചത്. ഈ കൂടിക്കാഴ്ചയോടെ അമേരിക്കന്‍ ചാര സംഘടനക്ക് ഇന്ത്യയില്‍ ഒരു പുതിയ സ്വീകാര്യതയും പദവിയും കൈ വന്നിരിക്കുന്നു. ഇന്‍ഡോ അമേരിക്കന്‍ സഹകരണത്തില്‍ ഒരു പുതിയ വഴിത്തിരിവ് ആണ് ഈ കൂടിക്കാഴ്ച.
ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ ആഭ്യന്തര മന്ത്രി അമേരിക്കന്‍ ചാര സംഘടനാ മുഖ്യനുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്നത്. പെരുമാറ്റ ചട്ടം പ്രകാരം ഇന്ത്യന്‍ ചാര സംഘടനയില്‍ തനിക്ക് തുല്യരായ ഉദ്യോഗസ്ഥരെ കാണുന്നതിനു പകരം ഇന്ത്യന്‍ ആഭ്യന്തര മന്ത്രിയെ തന്നെ നേരിട്ട് കാണുക വഴി ഈ കൂടിക്കാഴ്ചക്ക് ദൂര വ്യാപകമായ രാഷ്ട്രീയ മാനങ്ങള്‍ ആണ് ഉള്ളത്. ഇത് അമേരിക്കന്‍ ചാര സംഘടനക്ക് ഇന്ത്യയില്‍ ഒരു പുതിയ പദവിയാണ് നല്‍കിയിരിക്കുന്നത് എന്ന് പാര്‍ട്ടി പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. അമേരിക്കന്‍ താല്പര്യങ്ങള് സംരക്ഷിക്കാന്‍ മറ്റു രാജ്യങ്ങളിലെ രാഷ്ട്രീയ പ്രക്രിയയില്‍ കൈ കടത്തുകയും സര്‍ക്കാരുകളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നതില്‍ കുപ്രസിദ്ധമാണ് സി.ഐ.എ. ആ നിലക്ക് ഇത് അപകടകരമായ ഒരു സ്ഥിതി വിശേഷമാണ് സംജാതം ആക്കിയിരിക്കുന്നത്. അമേരിക്കന്‍ ചാര സംഘടന നേരിട്ട് ആഭ്യന്തര മന്ത്രിയേയും പ്രധാന മന്ത്രിയേയും ഒക്കെ കണ്ട് സംസാരിക്കുന്ന പാക്കിസ്ഥാന്റെ അവസ്ഥയിലേക്ക് ഇന്ത്യയും അതിവേഗം എത്തുകയാണ്. അമേരിക്കന്‍ ചാര സംഘടനയും സൈനിക ഏജന്‍സികളും ഇന്ത്യയില്‍ സ്വൈര വിഹാരം നടത്തുകയും ഇന്ത്യയിലെ കാര്യങ്ങളില്‍ നിര്‍ബാധം ഇടപെടുകയും ചെയ്യുന്നതും അതിനെ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന കേന്ദ്ര സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നതും നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കുവാന്‍ ആഗ്രഹിക്കുന്ന എല്ലാവരുടേയും ഏറ്റവും ഗൌരവപൂര്‍ണ്ണമായ ആശങ്കക്ക് കാരണം ആയിരിക്കും എന്നും പ്രസ്താവന പറയുന്നു.
- ജെ. എസ്.
( Saturday, March 21, 2009 ) |
ബംഗ്ലാദേശ് കലാപം - കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു
സൈനിക കലാപം നടന്ന ബംഗ്ലാദേശില്‍ നടന്നു വരുന്ന തിരച്ചിലില്‍ കൂടുതല്‍ സൈനികരുടെ മൃതശരീരങ്ങള്‍ കണ്ടെടുത്തു. ഇതോടെ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 93 ആയി. കൂട്ടത്തോടെ കുഴിച്ചിട്ട നിലയില്‍ കാണപ്പെട്ട ശവ ശരീരങ്ങള്‍ കൂടുതലും ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടേതാണ്. ഇന്ന് രാവിലെ ഇത്തരം രണ്ട് ശവപ്പറമ്പുകള്‍ കൂടി കണ്ടെത്തി. തിരച്ചില്‍ തുടരുകയാണ്. കൊലപാതകികളെ നിയമപരമായി അതി വേഗ കോടതിയില്‍ വിചാരണ ചെയ്യും എന്ന് ബംഗ്ലാദേശ് പ്രധാന മന്ത്രി ഷേഖ് ഹസീന അറിയിച്ചു. കൊല്ലപ്പെട്ടവരെ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. ഈ കലാപം ബംഗ്ലാദേശിന്റെ പ്രതിഛായക്ക് അന്താരാഷ്ട്ര സമൂഹത്തിനു മുന്പില് കോട്ടം തട്ടിച്ചിട്ടുണ്ട് എന്നും അവര്‍ പറഞ്ഞു.
Labels: അന്താരാഷ്ട്രം, രാജ്യരക്ഷ
- ജെ. എസ്.
( Saturday, February 28, 2009 ) |
ഇന്ത്യയുമായി ആയുധ വ്യാപാരത്തില്‍ ഇസ്രയേലിന് ഒന്നാം സ്ഥാനം
കഴിഞ്ഞ ഒരു ദശാബ്ദം കൊണ്ട് ഇന്ത്യ ഇസ്രയേലുമായി ഒപ്പു വെച്ച ഒന്‍പത് ബില്യണ്‍ ഡോളറിന്റെ സൈനിക വ്യാപാര കരാറുകളിലൂടെ ഇസ്രയേല്‍ റഷ്യയെ പിന്നിലാക്കി ഇന്ത്യയുമായി സൈനിക വ്യാപാരത്തില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് എത്തി. മുംബൈ ഭീകര ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ 600 മില്യണ്‍ ഡോളറിന്റെ എയറോസ്റ്റാറ്റ് റഡാറുകളാണ് ഇന്ത്യ ഇസ്രയേലില്‍ നിന്നും വാങ്ങിയത്. ഈ റഡാറുകള്‍ ഇന്ത്യയുടെ തീര പ്രദേശങ്ങളില്‍ തന്ത്ര പ്രധാനമായ ഇടങ്ങളില്‍ സ്ഥാപിക്കുക വഴി ഇന്ത്യയിലേക്ക് ലക്ഷ്യമിട്ട് വരുന്ന ശത്രു വിമാനങ്ങളെ പറ്റിയും മിസൈലുകളെ പറ്റിയും നേരത്തേ വിവരം ലഭിക്കും. കയറ് കൊണ്ട് നിലത്ത് ഉറപ്പിച്ചു നിര്‍ത്തിയ, ആകാശത്തില്‍ പൊങ്ങി പറക്കുന്ന ബലൂണുകളുടെ മുകളില്‍ സ്ഥാപിക്കുന്ന ഈ റഡാറുകള്‍ക്ക് നിലത്ത് സ്ഥാപിച്ചിരിക്കുന്ന മിസൈലുകളേക്കാള്‍ വളരെ നേരത്തേ തന്നെ അടുത്തു വരുന്ന ശത്രുവിന്റെ ആക്രമണത്തെ പറ്റി മുന്നറിയിപ്പ് നല്കുവാന് കഴിയും.
കഴിഞ്ഞ നാല്‍പ്പതു വര്‍ഷങ്ങളായി പ്രതി വര്‍ഷം ശരാശരി 875 മില്യണ്‍ ഡോളറിന്റെ സൈനിക വ്യാപാരം ഇന്ത്യ റഷ്യയുമായി നടത്തുന്നുണ്ട്.
- ജെ. എസ്.
( Monday, February 16, 2009 ) 2 Comments:
Links to this post: |
നയതന്ത്ര ഉദ്യോഗസ്ഥരുടെ ഓണ്‍ലൈന്‍ കൂട്ടു കെട്ടുകള്‍ക്ക് വിലക്ക്
വിദേശത്തെ ഇന്ത്യന്‍ എംബസ്സികളിലും കോണ്‍സുലേറ്റുകളിലും ഉള്ള നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ഇന്ത്യയിലെ വിദേശ കാര്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും ഇനി ഓണ്‍ലൈന്‍ ബന്ധങ്ങള്‍ക്ക് വിലക്ക്. ഓര്‍ക്കുട്ട്, ഫേസ്ബുക്ക്, ഇബിബൊ എന്നിങ്ങനെ ഉള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളും, സംഗീതം, വീഡിയോ, ഫോട്ടോ എന്നിവ പങ്കു വെക്കുന്ന കാസാ, ഫ്ലിക്കര്‍, പിക്കാസ എന്നിങ്ങനെ ഉള്ള സൈറ്റുകളും ഉപയോഗിക്കുന്നതില്‍ നിന്നും ഇവരെ വിലക്കി കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ജീമെയില് പോലുള്ള വെബ് മെയിലുകള്‍ ഇനി സര്‍ക്കാര്‍ കമ്പ്യൂട്ടറുകളില്‍ നിന്നും ഉപയോഗിക്കരുത് എന്നും നിര്‍ദ്ദേശം ഉണ്ട്. സുരക്ഷാ കാരണങ്ങളാല്‍ ആണ് ഈ വിലക്ക് ഏര്‍പ്പെടുത്തിയത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഈമെയില്‍ വിലാസങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. യാഹൂ, ഗൂഗിള്‍, ഹോട്ട്മെയില്‍ എന്നീ വെബ് ഈമെയില്‍ സേവനങ്ങള്‍ ഇനി മുതല്‍ ഔദ്യോഗിക കാര്യങ്ങള്‍ക്കായി ഉപയോഗിക്കരുത് എന്നും ഉത്തരവില്‍ പറയുന്നു.
Labels: ഇന്റര്‍നെറ്റ്, രാജ്യരക്ഷ
- ജെ. എസ്.
( Wednesday, February 11, 2009 ) |
യു.എ.ഇ. നാവിക സേനാ മേധാവി ഇന്ത്യയില്‍
ഇന്ത്യയുമായി ഉള്ള സൈനിക ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യു.എ.ഇ. നാവിക സേനാ മേധാവി റിയര്‍ അഡ്മിറല്‍ അഹമ്മദ് മൊഹമ്മദ് അല്‍ സബാബ് ഇന്ത്യയില്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് എത്തി. ഇന്ത്യന്‍ നാവിക സേനാ മേധാവി അഡ്മിറല്‍ സുരീഷ് മേത്തയും കര സേനാ മേധാവി ജെനറല്‍ ദീപക് കപൂറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ഒന്നിച്ച് കൂടുതല്‍ സംയുക്ത നാവിക പരിശീലനം നടത്തുവാന്‍ യു.എ.ഇ. ഉദ്ദേശിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. കടല്‍ കൊള്ളക്കാരെ നേരിടുന്നത് ഉള്‍പ്പടെ ഇരു രാജ്യങ്ങള്‍ക്കും താല്പര്യം ഉള്ള ഒട്ടനവധി കാര്യങ്ങളെ കുറിച്ച് ഇരു പക്ഷവും ചര്‍ച്ച നടത്തും. രസകരമായ ഒരു കാര്യം യു.എ.ഇ. നാവിക സേനാ മേധാവി തന്റെ നാവിക പരിട്ഠ്തിന്റെ ഏറിയ പങ്കും നടത്തിയത് പാക്കിസ്ഥാനിലാണ് എന്നതാണ്. എന്നാല്‍ അദ്ദേഹത്തിന്റെ മകന്റെ പരിശീലനം നടക്കുന്നത് മുംബായില്‍ ആണ്.
Labels: അന്താരാഷ്ട്രം, ഇന്ത്യ, യു.എ.ഇ., രാജ്യരക്ഷ
- ജെ. എസ്.
( Tuesday, January 06, 2009 ) |
ഇസ്രയേല്‍ സൈന്യം ഗാസയില്‍ കടന്നു
ഒരാഴ്ച നീണ്ടു നിന്ന വ്യോമ ആക്രമണത്തിനു ശേഷം ഇസ്രയേല്‍ കര സേന ഗാസയില്‍ ആക്രമണം തുടങ്ങി. ഇതു വരെ പന്ത്രണ്ടോളം ഹമാസ് പോരാളികള്‍ കൊല്ലപ്പെട്ടതായ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഹമാസിന്റെ റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങള്‍ തകര്‍ക്കുക എന്നതാണ് ഈ ആക്രമണത്തിന്റെ ലക്ഷ്യം എന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യെഹൂദ് ബരാക് അറിയിച്ചു. ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ ദക്ഷിണ ഇസ്രയേലിലെ ജനം പൊറുതി മുട്ടിയിരിക്കുകയാണ്. എത്ര കഷ്ട്ടപ്പെട്ടായാലും തങ്ങള്‍ ഹമാസിന്റെ യുദ്ധ കേന്ദ്രങ്ങള്‍ തകര്‍ക്കുക തന്നെ ചെയ്യും. എത്ര സൈനികര്‍ ഈ യുദ്ധത്തില്‍ തങ്ങള്‍ക്കു നഷ്ടപ്പെട്ടാലും ശരി തങ്ങളുടെ ലക്ഷ്യം കാണുന്നത് വരെ യുദ്ധം തുടരും. എന്നാലേ ദക്ഷിണ ഇസ്രയേലിലെ ജനങ്ങള്‍ക്ക് ദീര്‍ഘ കാല അടിസ്ഥാനത്തില്‍ സമാധാനത്തോടെ ജീവിക്കാന്‍ ആവൂ. എന്നാല്‍ ഗാസ ഇസ്രയേല്‍ സൈന്യത്തിന്റെ ശവ പറമ്പ് ആയിരിക്കും എന്ന് ഇതിന് മറുപടിയായി ഹമാസ് വക്താവ് അറിയിച്ചു. ഗാസ ഒരിക്കലും ഇസ്രായേലിനു പൂക്കള്‍ വിരിച്ച പരവതാനി ആയിരിക്കുകയില്ല. മറിച്ച് തീയും നരകവും ആയിരിക്കും എന്നും ഹമാസ് മുന്നറിയിപ്പ് നല്കി.
Labels: അന്താരാഷ്ട്രം, പലസ്തീന്, യുദ്ധം, രാജ്യരക്ഷ
- ജെ. എസ്.
( Sunday, January 04, 2009 ) |
മുംബൈ ആക്രമണം: വിദേശികളെ ബന്ദികളാക്കി ആവശ്യങ്ങള്‍ നേടാന്‍
വിദേശികളെ ബന്ദികളാക്കി തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുക മാത്രം ആയിരുന്നു മുംബൈ ഭീകരാക്രമണം നടത്തിയവരുടെ ഉദ്ദേശം എന്ന് പിടിയിലായ ഭീകരന് അജ്മല്‍. ഇതോടെ രാജ്യത്തിന് എതിരെ വന്‍ ആക്രമണം ആയിരുന്നു ഇവരുടേ ഉദ്ദേശം എന്ന ആശങ്കള്‍ അകലുകയാണ്. എന്നാല്‍ ഇതൊരു നാടകമാണോ എന്നത് സംശയിക്കേണ്ടി യിരിക്കുന്നു.
ഛത്രപതി റെയില്‍വേ സ്റ്റേഷനിലെ ആക്രമണത്തിനിടെ ചിലരെ ബന്ദികളാക്കി മാധ്യമങ്ങളിലൂടെ തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ അറിയിക്കുക എന്നത് ആയിരുന്നു ചാച്ച എന്ന് വിളിക്കുന്ന സാക്കിര്‍ റഹിമാന്‍ ലാഖ്വിയുടെ നിര്‍ദ്ദേശം അജമല്‍ പറഞ്ഞു. മുംബൈയുടെ വ്യക്തമായ ഭൂപടം, പ്രധാന സ്ഥലങ്ങളുടെ വീഡിയോ എന്നിവ ഇവര്‍ക്ക് ലഭ്യമാക്കിയിരുന്നു. സെപ്തംബര്‍ 27 ന് ആണ് ആക്രമണം ഉദ്ദേശിച്ചിരുന്നതെങ്കിലും സംഘത്തിലെ പത്തു പേര് നവംബര്‍ 23 വരെ കറാച്ചിയില്‍ തന്നെ തങ്ങിയതിനാല്‍ പരിപാടി നീട്ടിവക്കുകയായിരുന്നു. എട്ടു ഗ്രനേഡുകള്‍, എ.കെ 47 തോക്കുകള്‍, 200 ബുള്ളറ്റ് പാക്കുകള്‍, ഒരു സെല്‍ഫോണ്‍ എന്നിവ കറാച്ചിയില്‍ നിന്നും പുറപ്പെടുന്നതിനു മുമ്പ് സംഘത്തിലെ ഓരോരുത്തര്‍ക്കും നല്‍കിയിരുന്നു. Labels: തീവ്രവാദം, പാക്കിസ്ഥാന്, രാജ്യരക്ഷ, സ്ഫോടനം
- ബിനീഷ് തവനൂര്‍
( Friday, December 12, 2008 ) |
മുംബൈ: ഭീകരര്‍ക്ക് സിം കാര്‍ഡ് നല്കിയവര് പിടിയില്‍
മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യക്കാര്‍ കൊല്‍ക്കത്ത പോലീസിന്റെ പിടിയിലായി. ശ്രീനഗര്‍ സ്വദേശി മുഖ്താര്‍ അഹമ്മദ് ശൈഖ്(35), കൊല്‍ക്കത്ത നിവാസി തൌസിഫ് റഹ്മാന്(26) എന്നിവരാണ് അറസ്റ്റിലായത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് 22 സിംകാര്‍ഡുകള്‍ വാങ്ങുകയും ഭീകരര്‍ക്ക് കൈ മാറുകയും ചെയ്തു എന്ന് പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഇവയില്‍ ഒന്നായിരുന്നു അക്രമികള്‍ ആക്രമണ സമയത്ത് ഉപയോഗിച്ചത്. ഈ സിംകാര്‍ഡുകള്‍ ഇന്ത്യയില്‍ നിന്നും പാകിസ്ഥാനിലേക്ക് അയച്ചു കൊടുത്തതായും വിവരം ലഭിച്ചിട്ടുണ്ട്.
Labels: blast, കുറ്റകൃത്യം, തീവ്രവാദം, മുംബൈ, രാജ്യരക്ഷ, സ്ഫോടനം
- ബിനീഷ് തവനൂര്‍
( Tuesday, December 09, 2008 ) |
അതിര്‍ത്തിയില്‍ കരുതല്‍ വേണമെന്ന് ആന്റണി
മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ എല്ലാ തീരങ്ങളിലും അതിര്‍ത്തികളിലും കൂടുതല്‍ ജാഗ്രതാ മുന്‍ കരുതലുകള്‍ ആവശ്യമാണെന്ന് പ്രതിരോധ മന്ത്രി ശ്രീ. എ. കെ. ആന്റണി സൈന്യത്തിന് നിര്‍ദ്ദേശം നല്കി. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ നശിപ്പിച്ചതു പോലുള്ള ഏതു നിമിഷത്തിലും ഉണ്ടായേക്കാവുന്ന ആക്രമണങ്ങളെ നേരിടാന്‍ തയ്യാറായിരി ക്കുകയെന്നും അദ്ദേഹം മൂന്നു സൈന്യ വിഭാഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇതു സംബന്ധിച്ചു നടന്ന ഉന്നത തല യോഗത്തില്‍ നാവിക സേനാ മേധാവി അഡ്മിറല്‍ സുരേഷ് മേഹ്ത , എയര്‍ ചീഫ് മാര്‍ഷല്‍ ഫലി ഹോമി മേജര്‍, കര സേനാ മേധാവി ജനറല്‍ ദീപക് കപൂര്‍, പ്രധിരോധ സെക്രട്ടറി വിജയ് സിംഗ് എന്നിവര്‍ സന്നിഹിതരായിരുന്നു. രഹസ്യാന്വേഷണ, സുരക്ഷാ വിഭാഗങ്ങളുടെ ഊര്‍ജ്ജിതവും സംയോജിതവുമായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ സുരക്ഷാ മുന്നറിയിപ്പുകളെ ഫലപ്രദമായി ഉപയോഗ പ്പെടുത്താനാകൂ എന്ന് ആന്റണി മുന്നറിയിപ്പ് നല്കി. അതിര്‍ത്തി നിയന്ത്രണ രേഖയിലെ സ്ഥിതി ഗതികള്‍ യോഗം അവലോകനം ചെയ്തു.
- ബിനീഷ് തവനൂര്‍
( Thursday, December 04, 2008 ) |
പ്രതിരോധരംഗം സുതാര്യമായിരിക്കണമെന്ന് എ.കെ.ആന്റണി
പ്രതിരോധ രംഗത്തെ ഇടപാടുകള്‍ സുതാര്യമായിരിക്കണമെന്ന് പ്രതിരോധ മന്ത്രി എ.കെ.ആന്റണി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ അഞ്ചാമത് അന്താരാഷ്ട്ര ലാന്‍ഡ് ആന്‍ഡ് നേവല്‍ സിസ്റ്റംസ് എക്സിബിഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ പ്രതിരോധ ഇടപാടുകള്‍ സുതാര്യം ആയിരിക്കണം. ഇതിനുപുറമെ പ്രതിരോധ ഉപകരണള് പ്രശ്നങ്ങള്‍ ഉണ്ടാക്കാത്തതും ആയിരിക്കണം. ഇന്ത്യയില്‍ പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് സര്‍ക്കാര്‍ മാത്രമാണ്. നമ്മുടെ പ്രതിരോധ വ്യവസായ രംഗം സായുധ സേനയ്ക്ക് ആവശ്യമായ സാങ്കേതിക ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതില്‍ പ്രാപ്തി നേടണം. ഈ മേഖലയില്‍ സ്വകാര്യ മേഖലയും സര്‍ക്കാരും തമ്മില്‍ വിടവിന്റെ കാര്യമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു Labels: രാജ്യരക്ഷ
- ജെ. എസ്.
( Sunday, February 17, 2008 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്