24 May 2008
മുതലമട സ്വാമി എന്ന സുനില്‍ ദാസ്ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങള്‍: വ്യാജ ചികിത്സ പണം തട്ടിപ്പ് 21 മെയ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ കോടി കണക്കിന് രൂപയുടെ ഭൂമി വാങ്ങി കൂട്ടുകയാണ് മുതലമട സ്വാമി എന്നറിയപ്പെടുന്ന പാലക്കാട്ടെ സ്നേഹം ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ കൂടി ആയ സുനില്‍ ദാസ്. എയിഡ്സ് രോഗികളുടെയും കുഷ്ഠ രോഗികളുടെയും പുനരധിവാസത്തിന് സമാഹരിച്ച പണം ഉപയോഗിച്ചാണ് ഭൂമി വാങ്ങി കൂട്ടുന്നത് എന്നറിയുന്നു. പല്ലശനയിലെ ഒരു സഹകരണ ബാങ്ക് ജീവനക്കാരനായിരുന്ന സുനില്‍ ദാസാണ് പിന്നീട് സുനില്‍ ജി യും സുനില്‍ സ്വാമിയുമൊക്കെയായി മാറിയത്. സത്യ സായി സേവാ സമിതി അംഗം ആയിരുന്ന ഇയാള്‍ അവിടെ നിന്ന് പിന്മാറി മുതലമടയിലുള്ള സ്വന്തം വീട് സ്നേഹം ചാരിറ്റബ്ള്‍ ട്രസ്റ്റാക്കി മാറ്റുകയായിരുന്നു. എയിഡ്സ് രോഗികളുടെയും കുഷ്ഠ രോഗ്ഗികളുടെയും പുനരധിവാസം, പാവപ്പെട്ട രോഗികള്‍ക്ക് സൌജന്യ ചികിത്സ, എല്ലാ ദിവസവും അന്ന ദാനം എന്നിവയാണ് ട്രസ്റ്റിന്റെ മുഖ്യ പ്രവര്‍ത്തനങ്ങളായി എടുത്ത് കാണിക്കപ്പെടുന്നത്. സമൂഹത്തിലെ ഉന്നതരായ പല വ്യക്തികളേയും ഈ സംരംഭങ്ങളില്‍ പങ്കാളികളാക്കാനും സുനില്‍ ദാസിന് കഴിഞ്ഞു. പ്രവര്‍ത്തനങ്ങള്‍ക്കായി ഇവരുടെ കയ്യില്‍ നിന്നും വന്‍ തോതില്‍ സംഭാവനയും സ്വീകരിച്ചു തുടങ്ങി. വേണ്ട പോലെ പണം വേണ്ട കാര്യങ്ങള്‍ക്ക് വിനിയോഗിക്കുന്നില്ല എന്ന് കണ്ട പല അനുയായികളും ഇയാളെ വിട്ട് പോയിക്കൊണ്ടിരുന്നു. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിക്കുന്ന പണം ഭൂമി വാങ്ങി കൂട്ടാനായിട്ടാണ് വിനിയോഗിക്കുന്നതെന്നാണ് ആരോപണം. കൂടാതെ ബിനാമി പേരുകളിലും ഭൂമി വാങ്ങുന്നതായി ആരോപണമുണ്ട്. അതേ സമയം മൂന്നേക്കര്‍ ഭൂമി മാത്രമാണ് ട്രസ്റ്റിന്റെ പേരിലുള്ളതെന്നാണ് സുനില്‍ ദാസ് പറയുന്നത്. മുതലമട സ്വാമി എന്നറിയപ്പെടുന്ന സുനില്‍ ദാസിന്റെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വിവിധ സംഘടനകള്‍ പരാതി അയച്ചു. ജന ജാഗ്രത, പാലക്കാട് മുന്നോട്ട്, പി. യു. സി. എല്‍. എന്നിവരാണ് പരാതി അയച്ചത്. അതിനിടെ ട്രസ്റ്റിന്റെ നടപടികള്‍ സുതാര്യമാണെന്നും ഏത് അന്വേഷണത്തേയും നേരിടാന്‍ തയ്യാറാണെന്നും സുനില്‍ ദാസ് പാലക്കാട് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അന്തരിച്ച സിനിമാ താരം ശ്രീവിദ്യയില്‍ നിന്നും സുനില്‍ ദാസ് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി പ്രശസ്ത സിനിമാ സംവിധായകനായ ശ്രീകുമാരന്‍ തമ്പി, നടനും എ. എല്‍. എ. യുമായ കെ. ബി. ഗണേഷ് കുമാര്‍ എന്നിവര്‍ വെളിപ്പെടുത്തി. 22 മെയ് മുതലമട സ്വാമി എന്നറിയപ്പെടുന്ന പാലക്കാട്ടെ സ്നേഹം ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാന്‍ സുനില്‍ ദാസ് എയിഡ്സ് രോഗികള്‍ക്ക് മരുന്നായി നല്‍കുന്നത് ഭസ്മമാണെന്ന് അനുഭവസ്ഥര്‍ പറയുന്നു. എയിഡ്സ് രോഗത്തിന് സ്നേഹം ചാരിറ്റബ്ള്‍ ട്രസ്റ്റിന് കീഴില്‍ ചികിത്സ തേടിയിരുന്ന പുതുശ്ശേരി സ്വദേശി അശോകനാണ് ഈ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു നുള്ള് ഭസ്മം കാലത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി വെറും വയറ്റില്‍ കഴിക്കുക എന്നതായിരുന്നു ചികിത്സ. ഇത് കഴിച്ചാല്‍ എയിഡ്സ് ഉള്‍പ്പടെ എന്ത് അസുഖങ്ങള്‍ ഉണ്ടെങ്കിലും മാറും എന്ന് ഇയാള്‍ പറഞ്ഞിരുന്നുവത്രെ. എയിഡ്സ് രോഗികള്‍ക്ക് വില കൂടിയ മരുന്നുകള്‍ നല്‍കുന്നുണ്ടെന്നാണ് സുനില്‍ ദാസ് നേരത്തെ വ്യക്തമാകിയിരുന്നത്. എന്നാല്‍ ഏത് രോഗമായാലും മരുന്ന് ഭസ്മമാണെന്ന് അശോകന്‍ പറയുന്നു. തനിക്കും ഭാര്യ അജിതയ്ക്കും മരുന്ന് സ്പോണ്‍സര്‍ ചെയ്ത പ്രൊഫസര്‍ എം. എന്‍. വിജയന്‍ മാഷേയും സുനില്‍ ദാസ് ചതിച്ചു എന്ന് അശോകന്‍ പറഞ്ഞു. എയിഡ്സ് രോഗികളായ അശോകന്റെയും അജിതയുടെയും വിവാഹം നടത്തിയ സുനില്‍ ദാസ് പക്ഷെ ഇത് ലോകത്തില്‍ തന്നെ ആദ്യ സംഭവമാണെന്ന് വിശേഷിപ്പിച്ച് പലരില്‍ നിന്നും സംഭാവന വാങ്ങി. തങ്ങളെ സംരക്ഷിക്കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നുവെങ്കിലും പിന്നീട് കൈവിട്ടു എന്നും അശോകന്‍ പറഞ്ഞു. അഞ്ഞൂറോളം എയിഡ്സ് രോഗികള്‍ക്ക് സഹായം നല്‍കുന്നുണ്ടെന്ന് സുനില്‍ ദാസ് പറയുമ്പോഴും മുതലമടയിലുള്ളത് വെറും ആറ് പേര്‍ മാത്രമാണെന്നും അശോകന്‍ അറിയിച്ചു. ആള്‍ ദൈവ അഗ്രിഗേറ്റര്‍ |
0 Comments:
Post a Comment
« ആദ്യ പേജിലേക്ക്