24 May 2008
മുരളീകൃഷ്ണ സ്വാമി എന്ന മുരളിരാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആശ്രമങ്ങളുള്ള മുരളീകൃഷ്ണ സ്വാമിയുടെ വളര്‍ച്ചയെ സംശയത്തോടെയാണ് ജന്മനാടായ ശ്രീകൃഷ്ണപുരം നോക്കി കാണുന്നത്. പലഹാര വില്പന നടത്തിയിരുന്ന ബന്ധുവിനെ സഹായിക്കാനായി കോഴിക്കോട്ട് പോയ മുരളി, സ്വാമി ആയാണ് പിന്നീട് നാട്ടില്‍ മടങ്ങി എത്തിയത്. പഴനിമല മുരുകന്റെ അവതാരമാണെന്ന് വിശ്വസിപ്പിച്ച് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മുരളീകൃഷ്ണന്‍ ശ്രീകൃഷ്ണപുരത്തെത്തുന്നത്. വീടിനോട് ചേര്‍ന്നുള്ള സ്ഥലത്തു ആശ്രമം നിര്‍മ്മിച്ച് ശരവണഭവ മഠം എന്ന് പേരിട്ടു. മുരളീകൃഷ്ണന്റെ വിവിധ ഭാവങ്ങളിലുള്ള ഫ്ലെക്സ് ബോര്‍ഡുകള്‍ പലയിടത്തും പ്രത്യക്ഷപ്പെട്ടു തുടങ്ങി. എല്ലാ മാസത്തെയും ആദ്യത്തെ ആഴ്ചയാണ് ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നത്. തുടക്കത്തില്‍ ഒരു സാധാരണ മാരുതി കാറിലായിരുന്നു യാത്ര. പിന്നീട് ആഡംബര കാറുകളിലായി യാത്ര. ഇപ്പോള്‍ “ഇന്നോവ” യിലാണ് സ്വാമിയുടെ സഞ്ചാരം എന്ന് നാട്ടുകാര്‍ പറഞ്ഞു. ലളിത ജീവിതം നയിക്കുന്നു എന്ന് അവകാശപ്പെടുമ്പോളും ഏ.സി. ഉള്‍പ്പടെ ഉള്ള സൌകര്യങ്ങള്‍ ഇയാളുടെ മുറിയില്‍ ഒരുക്കിയിട്ടുണ്ട്. ആശ്രമത്തില്‍ ഇയാള്‍ ചികിത്സ നടത്തുന്നതായും അറിയാന്‍ കഴിഞ്ഞു. ആശ്രമത്തിന്റെ പേരില്‍ വിദേശത്ത് നിന്ന് സഹായം എത്തുന്നുണ്ടെന്ന് ഭക്തര്‍ തന്നെ പറയുകയുണ്ടായി. മുപ്പത് സെന്റ് സ്ഥലമാണ് പാലക്കാട് ആശ്രമത്തിന്റെ പേരിലുള്ളത് എന്നാണ് ആശ്രമവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞത്. എന്നാല്‍ ജില്ലയില്‍ പലയിടങ്ങളിലും ഏക്കര്‍ കണക്കിന് സ്ഥലം ഇയാള്‍ വാങ്ങി കൂട്ടിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. തനിക്ക് സ്വത്തുക്കള്‍ ഒന്നും ഇല്ല എന്നാണ് മുരളീകൃഷ്ണ പറയുന്നത്. താന്‍ അദ്ഭുതങ്ങളൊന്നും നടത്തിയിട്ടില്ലെന്നും എല്ലാം ഭക്തരുടെ തോന്നലാണെന്നും മുരളീകൃഷ്ണ ഖത്തറില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഏത് അന്വേഷണത്തേയും നേരിടാന്‍ താന്‍ തയ്യാറാണ്. നാട്ടില്‍ സ്വാമിമാര്‍ക്കെതിരെ അന്വേഷണങ്ങള്‍ ശക്തമായതോടെ ഇയാള്‍ ഇപ്പോള്‍ ഖത്തറിലുള്ള ഒരു ശിഷ്യന്റെ വീട്ടില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. ഈ ശിഷ്യന്റെ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുകയും ഭാര്യക്ക് സാരമായ പരിക്കുകള്‍ പറ്റുകയും ചെയ്തപ്പോള്‍ സ്വാമിയുടെ അനുഗ്രഹം കൊണ്ടാണ് ജീവന് അപായം സംഭവിക്കാതെ രക്ഷപ്പെട്ടത് എന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. അതിനുള്ള പ്രത്യുപകാരം ആയാണ് സ്വാമിയെ വിസിറ്റിങ് വിസയില്‍ ഇവര്‍ ഖത്തറിലെത്തിച്ചത്. ആള്‍ ദൈവ അഗ്രിഗേറ്റര്‍ |
0 Comments:
Post a Comment
« ആദ്യ പേജിലേക്ക്