ശരത് ചന്ദ്രന്റെ വേര്‍പാട്‌ കേരളത്തിന് തീരാനഷ്ടം

April 2nd, 2010

c-sarathchandranപരിസ്ഥിതി കൂട്ടായ്മകളില്‍ ഇനി ശരത് ചന്ദ്രന്‍ ഉണ്ടാവില്ല, ഭൂമിയെ വേദനിപ്പിക്കുന്ന തീരുമാനങ്ങള്‍ ഉയരുമ്പോള്‍ അതിനെ ശക്തമായി എതിര്‍ക്കുന്ന, അക്കാര്യം തന്റെ കാമറയില്‍ പകര്‍ത്തി കേരളത്തിന്റെ ഏതു മുക്കിലും മൂലയിലും കൊണ്ടു ചെന്നു കാണിക്കുന്ന ശരത് ചന്ദ്രന്‍ നമ്മെ വിട്ട് പോയി. കേരളത്തിലെ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക്‌ തീരാനഷ്ടമാണ് ഈ വേര്‍പാട്‌. സൈലന്‍റ് വാലി സമരം തുടങ്ങി കേരളത്തിലെ ഒട്ടു മിക്ക പരിസ്ഥിതി സമരങ്ങളിലും ശരത്തിനെ കാണാം. അതിനു പ്രത്യേകം ക്ഷണിക്കേണ്ടതില്ല, കേട്ടറിഞ്ഞ് അവിടെ ഓടിയെത്തും. ലാഭത്തിനു വേണ്ടി, അല്ലെങ്കില്‍ പ്രശസ്തിക്കു വേണ്ടിയല്ല ശരത്തിന്റെ പ്രവര്‍ത്തനം, സമാന്തര പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഗ്രാമ ഗ്രാമാന്തരങ്ങളില്‍ ഡോക്ക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കുവാനും, ലോക ക്ലാസിക്ക്‌ സിനിമകള്‍ പരിചയപ്പെടുത്തി കൊടുക്കുവാന്‍ ഗ്രാമങ്ങളില്‍ നേരിട്ട് ചെന്ന് ചിത്രം പ്രദര്‍ശിപ്പിക്കുവാനും ശരത്തിന് എന്നും താല്‍പര്യമായിരുന്നു. വലിയ ഫെസ്റ്റിവെലുകള്‍ ഇല്ലാതെ തന്നെ, സിനിമയെ ജനങ്ങളി ലെത്തിക്കുന്നതില്‍ ശരത്തിന്റെ സാന്നിധ്യം വളരെ വലുതായിരുന്നു. പ്ലാച്ചിമടയെ പറ്റി എടുത്ത തൌസന്റ്റ് ഡെയ്സ് ആന്‍റ് എ ഡ്രീം , കയ്പ്പുനീര് തുടങ്ങിയ ഡോക്ക്യുമെന്ററികള്‍ കൊക്കൊകോള ക്കെതിരെ ശക്തമായ ദൃശ്യ ഭാഷയായിരുന്നു. കൂടാതെ “എല്ലാം അസ്തമിക്കും മുന്‍പേ”, “കനവ്”, “എ പൂയംകുട്ടി ടെയില്‍”, “ദ കേരള എക്സ്പീരിയന്‍സ്”, “ഡയിംഗ് ഫോര്‍ ദ ലാന്‍ഡ്‌”, “ഒണ്‍ലി ആന്‍ ആക്സ് അവെ” എന്നിവയും ഇദ്ദേഹത്തിന്റെ പ്രധാന ഡോക്ക്യുമെന്ററികളാകുന്നു.

ആത്മാര്‍ത്ഥമായ സമീപനമായിരുന്നു ശരത്തിന്റെ പ്രത്യേകത. സാധാരണക്കാരിലേക്ക് ഇറങ്ങി ചെന്നു പ്രവത്തിക്കാന്‍ ഒട്ടും മടിക്കാത്ത, പച്ചപ്പിനെ എന്നും സ്നേഹിച്ചിരുന്ന, സാമ്രാജ്യത്വ ശക്തികളുടെ അധിനിവേശത്തെ എതിര്‍ക്കുന്ന ഡോക്ക്യുമെന്ററികള്‍ ഗ്രാമങ്ങളില്‍ ചെന്ന് കാണിക്കുന്ന, ഭൂമിയുടെ വേദന തന്റെ കൂടി വേദനയാണെന്ന് ചിന്തിച്ച് പ്രവര്‍ത്തിച്ചിരുന്ന പ്രകൃതി സ്നേഹിയായ ആ പച്ച മനുഷ്യന്‍ ഇനി പരിസ്ഥിതി സമരങ്ങള്‍ക്ക് മുന്നില്‍ തന്റെ കാമറയുമായി ഉണ്ടാവില്ല. ശരത് ചന്ദ്രന്റെ വേര്‍പാട്‌ കേരളത്തിന് തീരാനഷ്ടമാണ്. പ്രത്യേകിച്ച് പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക്‌. ആ പരിസ്ഥിതി പ്രവത്തകന്റെ വേര്‍പാടില്‍ e പത്രം ദുഃഖം രേഖപ്പെടുത്തുന്നു.

ശരത് ചന്ദ്രന് പച്ചയുടെ ആദരാഞ്ജലികള്‍

- ഫൈസല്‍ ബാവ

വായിക്കുക: ,

3 അഭിപ്രായങ്ങള്‍ »

പ്ലാസ്റ്റിക് മനുഷ്യനേയും ഭൂമിയേയും വിഷമയമാക്കുന്നു

October 24th, 2008

ഭൂമിയില്‍ മാലിന്യങ്ങള്‍ കുന്നു കൂടി കൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ സ്വാര്‍ത്ഥ താല്പര്യങ്ങളും ആര്‍ത്തിയും സുഖ ലോലുപത യോടുള്ള അമിതാവേശവും ഉണ്ടാക്കി യെടുത്ത വലിച്ചെറിയല്‍ സംസ്കാരം ലോകത്താകെ വ്യാപിച്ചു കഴിഞ്ഞു. ഇങ്ങനെ വലിച്ചെറി യുന്നവയില്‍ ഇന്ന് ഏറ്റവും അധികം അപകട കാരിയാവുന്ന വസ്തുവാണ് പ്ലാസ്റ്റിക്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനുള്ളില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം ക്രമാതീതമായി വര്‍ധിച്ചു. നിയോ കൊളോണിയല്‍ തന്ത്രമായ ‘ഉപയോഗ ശേഷം വലിച്ചെറിയുക’ രീതിക്ക് ഏറ്റവും അനുയോജ്യമായ വസ്തുവാണ് പ്ലാസ്റ്റിക്. മുതലാളിത്ത രാജ്യങ്ങള്‍ അമിതമായി ഉപയോഗിക്കുകയും ബാക്കി വരുന്ന മാലിന്യങ്ങള്‍ ദരിദ്ര രാജ്യങ്ങളിലേക്ക് വിവിധ തന്ത്രങ്ങളിലൂടെ പുറം തള്ളുകയാണ്. പ്ലാസ്റ്റിക്കിന്റെ നിര്‍മാണത്തിലും സംസ്കരണത്തിലും അപകടകരമായ വിഷാംശങ്ങള്‍ പുറത്തു വിടുന്നുണ്ടെന്ന് മനസ്സിലാക്കി യതിനാലാണ് മുതലാളിത്ത രാജ്യങ്ങള്‍ പ്ലാസ്റ്റിക് വ്യവസായത്തെ മൂന്നാം ലോക രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കുന്നത്. പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന ആരോഗ്യ – പാരിസ്ഥിതിക പ്രശ്നങ്ങളെ ഇനിയും ആരും ഗൌരവത്തില്‍ എടുത്തിട്ടില്ല. സര്‍വ മേഖലയിലും പ്ലാസ്റ്റിക്കിന്റെ സ്വാധീനം വ്യാപിക്കുകയാണ്. വിവിധ രാസ മാലിന്യങ്ങളാലും മറ്റ് മലിനീകരണങ്ങളാ‍ലും നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന മൂന്നാം ലോക രാജ്യങ്ങളില്‍ തന്നെയാണ് പ്ലാസ്റ്റിക്കിന്റെ വ്യാപനവും വ്യവസായവും അധികരിച്ചു കൊണ്ടിരിക്കുന്നത്.

പ്ലാസ്റ്റിക് എന്നാല്‍ ഓര്‍ഗാനോ ക്ലോറിനല്‍ വസ്തുവാണ്. ഒരിക്കലും നശിക്കുകയില്ല എന്നതാണ് ക്ലോറിനല്‍ വസ്തുക്കളുടെ പ്രത്യേകത. ഇവയുടെ ചുരുങ്ങിയ കാലയളവ് തന്നെ 4000 വര്‍ഷം മുതല്‍ 5000 വരെയാണ്. നിര്‍ഭാഗ്യ വശാല്‍ നമ്മുടെ യൊക്കെ നിത്യ ജീവിതത്തില്‍ പ്ലാസ്റ്റിക് ഒരു പ്രധാന ഘടകമായി മാറി ക്കഴിഞ്ഞു. ഭക്ഷണം കഴിക്കുന്ന, സൂക്ഷിക്കുന്ന, പാകം ചെയ്യുന്നതു വരെ ഇന്ന് പ്ലാസ്റ്റിക് നിര്‍മിതമാണ്. ഇവ വിവിധ രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പ്ലാസ്റ്റിക് വ്യാപനത്തിനു പിന്നില്‍ മുതലാളിത്ത രാജ്യങ്ങള്‍ക്കുള്ള സ്വാധീനം ചെറുതല്ല. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കൂടും തോറും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. അങ്ങനെ കുത്തക കമ്പനികളുടെ മരുന്ന് വ്യവസായം കൊഴുക്കുന്നു. പ്ലാസ്റ്റിക് കത്തിക്കുമ്പോള്‍ ഡയോക്സിന്‍ എന്ന വിഷം അന്തരീക്ഷ ത്തില്‍ കലരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. വായു മലിനീകരണത്തിന് പുറമെ ഡയോക്സിന്‍ കാന്‍സറിനും കാരണമാകും. 1979ല്‍ ഡോ. ഹാര്‍ഡണ്‍ കാന്‍സര്‍ രോഗത്തിന്റെ മുഖ്യ കാരണക്കാരില്‍ ഡയോക്സിനാണ് ഒന്നാമനെന്ന് കണ്ടെത്തി. ഇവ കൂടാതെ ഹൃദ്രോഗം, ആമാശയ രോഗങ്ങള്‍, ശ്വാസ കോശ രോഗങ്ങള്‍, ക്ഷയം, ത്വക്ക് രോഗങ്ങള്‍ എന്നിവക്കും ഡയോക്സിന്‍ കാരണമാകുന്നു. ഡയോക്സിന്‍ ഒരു ഗ്രൂപ്പ് രാസ വസ്തുക്കളുടെ സംയുക്തമാണ്. ഇവ മൂന്ന് തരമാണ്. പോളി ക്ലോറിനൈറ്റഡ് ഡൈ ബെന്‍സോ ഡയോക്സിന്‍, 135 സംയുക്തങ്ങ ളടങ്ങിയ പോളി ക്ലോററിനേറ്റഡ് ഡൈ ബെന്‍സോ ഫുറാന്‍, 209 സംയുക്തങ്ങള്‍ അടങ്ങിയ പോളി ക്ലോറിനൈറ്റഡ് ബൈഫിഡെ എന്നിവ. മൂന്നും മനുഷ്യനും അന്തരീക്ഷത്തിനും ഏറെ അപകടം വരുത്തുന്ന മൂലകങ്ങളാണ്. ഇവ വായു, മണ്ണ്, ജലം എന്നിവയെ വിഷലിപ്തമാക്കുന്നു. ക്ലോറിനല്‍ മൂലകത്തെ ചെകുത്താന്‍ തന്ന മൂലകമെന്നാണ് അറിയപ്പെടുന്നത്. നാം ഉപയോഗിക്കുന്ന പി വി സി പൈപ്പിലും (പോളി വിനൈല്‍ ക്ലോറൈഡ്) ധാരാളം ഡയോക്സിന്‍ അടങ്ങിയിട്ടുണ്ട്. പ്ലാസ്റ്റിക് പാത്രങ്ങളില്‍ നിന്നും മനുഷ്യ ശരീരത്തി നുള്ളിലേക്ക് വിഷാംശങ്ങള്‍ കലരാന്‍ സാധ്യത വളരെയധികമാണ്. പ്ലാസ്റ്റിക്കിന്റെ നിര്‍മിതിയില്‍ ഉപയോഗിക്കുന്ന രാസ വസ്തുക്കള്‍ പലതും അല്പാല്പമായി ഭക്ഷ്യ വസ്തുക്കളില്‍ കലരുന്നതി നാലാണിത്. കാഡ്മിയം, ഡയോക്സിന്‍ കോമ്പൌണ്ടുകള്‍, ബെന്‍സീന്‍, താലേറ്റ് കൊമ്പൌണ്ട് എന്നിങ്ങനെ പല തരം രാസ വസ്തുക്കള ടങ്ങിയതാണല്ലോ പ്ലാസ്റ്റിക്. ഈ രാസ വസ്തുക്കള്‍ ദീര്‍ഘ കാലം ശരീരത്തില്‍ തന്നെ നില നില്‍ക്കു ന്നതിനാല്‍ വിവിധ രോഗങ്ങള്‍ക്ക് കാരണമാകുന്നു.

ബോസ്റ്റണിലെ റ്റഫ്റ്റ്സ് യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനില്‍ പ്രൊഫസറായ അനാസാട്ടോ നടത്തിയ പഠനം മനുഷ്യ രാശിയെ ഞെട്ടിക്കുന്നതാണ്. പ്ലാസ്റ്റിക് ഉണ്ടാക്കുവാ‍ന്‍ ഉപയോഗിക്കുന്ന ‘ബൈസനോള്‍ എ’, താലേറ്റ് എന്നീ രാസ വസ്തുക്കള്‍ ഗര്‍ഭാശയത്തില്‍ ഭ്രൂണങ്ങളുടെ വളര്‍ച്ചയെ പ്രതികൂലമായി ബധിക്കുന്നതിനാല്‍ ജനിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തെയും വളര്‍ച്ചയേയും ബാധിക്കും. മനുഷ്യ നിര്‍മിതമായ ഈ രാസ വസ്തുക്കള്‍ക്ക് ശരീരത്തിലെ ഹോര്‍മോണുകളുമായി ഏറെ സാമ്യമുണ്ടെ ന്നതിനാല്‍ ഈ രാസ വസ്തുക്കള്‍ ശരീരത്തിലേക്ക് നുഴഞ്ഞു കയറി പ്രകൃത്യായുള്ള ഹോര്‍മോണുകളെ അനുകരിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഭീകരന്മാരായി മാറുന്നത്. ഇത് ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും, കുട്ടികള്‍ക്കും പ്രതികൂലമായി ബാധിക്കും, ഇതിന്റെ പ്രവത്തനത്തെ ചെറുക്കാനുള്ള ശക്തി ശരീരങ്ങള്‍ക്കില്ല എന്നതാണിതിന് കാരണം. താലേറ്റ് ഗര്‍ഭിണികളുടെ ഉള്ളില്‍ ചെന്നാല്‍ ജനിക്കുന്ന ആണ്‍ കുട്ടികള്‍ക്കാണ് കൂടുതലായും പ്രശ്നങ്ങള്‍ സൃഷ്ടിക്കുക, പുരുഷന്മാരില്‍ ഈ വസ്തുക്കള്‍ വന്ധ്യതക്ക് ഏറെ കാരണ മാകുന്നുണ്ടെ ന്നതാണ് പഠനങ്ങള്‍ പറയുന്നത്.

വ്യവസായ മേഖലയിലും നിത്യോപ യോഗത്തിലും പ്ലാസ്റ്റിക്കിന്റെ സ്വാധീനം വര്‍ധിച്ചു കൊണ്ടി രിക്കുകയാണ്. ചെലവ് കുറവും, ഭാര ക്കുറവും പ്ലാസ്റ്റിക്കിന് ഏറെ സ്വീകാര്യത നേടി കൊടുത്തു. മനുഷ്യ ജീവിതത്തിന്റെ വേഗത വര്‍ധിച്ചതോടെ ഉപയോഗ ശേഷം വലിച്ചെറിയുക എന്ന നിയോ കൊളോണിയല്‍ ചിന്ത വേരോടിയതും ഭക്ഷണ ക്രമം ഫാസ്റ്റ് ഫുഡ് സംസ്കാരത്തിലേക്ക് മാറിയതും പ്ലാസ്റ്റിക് വ്യാപനത്തിന് കാരണമായി. ഇതു മൂലം മൈക്രോണില്‍ കുറവു വന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങളില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ സൂക്ഷിക്കാനും ഉപയോഗ ശേഷം വലിച്ചെറിയാനും തുടങ്ങിയതോടെ ഭൂമിയില്‍ മാലിന്യങ്ങള്‍ വര്‍ധിക്കാനും മനുഷ്യ ശരീരത്തില്‍ ഡയോക്സിന്‍, ഫുറാന്‍, താലേറ്റ് പോലുള്ള വിഷങ്ങള്‍ അധികമാകാനും തുടങ്ങി. ഏറ്റവും സാധാരണമായി ഉപയോഗിച്ചു വരുന്ന പാര്‍സല്‍ പാത്രങ്ങളുടെ കാര്യം മാത്രം ഉദാഹരണമായി എടുത്താല്‍ മതി. 40 ഡിഗ്രിയില്‍ കൂടുതല്‍ ചൂടുള്ള വെള്ളം ഇത്തരം പാത്രങ്ങളില്‍ ഒഴിക്കുന്നതോടെ പ്ലാസ്റ്റിക്കില്‍ അടങ്ങിയിടയ ഡയോക്സിനും ഫുറാനും ഭക്ഷണത്തില്‍ കലരുന്നു. ഇങ്ങനെ നിരന്തരം ധാരാളം വിഷം നമ്മുടെ ആമാശയ ത്തിലെത്തുന്നു. ഉപയോഗ ശേഷം വലിച്ചെറിയുന്ന പാത്രം മാലിന്യത്തെ വര്‍ധിപ്പിക്കുന്നു. അങ്ങനെ നമ്മുടെ ശരീരത്തോടൊപ്പം ഭൂമിയേയും നാം മലിനമാക്കുന്നു. ഒട്ടു മിക്ക പ്ലാസ്റ്റിക് ഉല്പന്നങ്ങളും ഇത്തരത്തി ലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അപകടം വരുത്തുന്നു. പ്ലാസ്റ്റിക്കിന്റെ ഉല്പാദനത്തിലും ഉപയോഗത്തിലും സംസ്കരണത്തിലും വിഷം മാത്രമാണ് പുറംന്തള്ള പ്പെടുന്നത്. എങ്കില്‍ ഉപയോഗ ത്തിന്റെ സുഖം മാത്ര മോര്‍ത്ത് ഇത്തരം ഉല്പന്നങ്ങളെ ആശ്രയിക്കുന്ന മനുഷ്യന്റെ ചിന്തയെ പിന്തിരിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഭൂമിയുടെ പ്രകൃതി ജന്യമായ പ്രവര്‍ത്തനത്തിന് തടസ്സം വരുത്തിയും ഭൂമിയുടെ ജല സംഭരണത്തെയും വായു സഞ്ചാരത്തെയും ഇല്ലാതാക്കിയും പ്ലാസ്റ്റിക് നശിക്കാതെ ഭൂമിയില്‍ 5000 വര്‍ഷത്തോളം കിടക്കുന്നു. ഇതു മൂലം മണ്ണിനെ ഉപയോഗ ശൂന്യമാക്കി കാര്‍ഷിക വിളകളെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ ഈ ക്ലോറിനല്‍ മൂലകം പ്രവര്‍ത്തിക്കുന്നു. ഈ തിരിച്ചറിവ് പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങള്‍ക്കു ണ്ടായതിനാലാണ് പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചു കൊണ്ടു വരാന്‍ ശ്രമിക്കുന്നത്. ഭൂമിക്ക് ഭാരമായി മാറി ക്കഴിഞ്ഞ ഈ പ്രശ്നത്തെ ഇനിയും തിരിച്ചറി ഞ്ഞില്ലെങ്കില്‍ ഭൂമി ഒരു വിഷ ഗോളമായി ചുരുങ്ങും. പ്ലാസ്റ്റിക്കിന്റെ വ്യാപകമായ ഉപയോഗത്തിന്റെ ദുരന്തങ്ങള്‍ അത്രയും വരും തലമുറ യെയാണ് ബാധിക്കുക. ഇനിയും ഒരു ബദല്‍ സാദ്ധ്യതയെ പറ്റി നാം കാര്യമായി ചിന്തിച്ചിട്ടില്ല എന്നതാണ് ഏറെ ഖേദകരം. ബദല്‍ മാര്‍ഗത്തിന് ഒട്ടേറെ പ്രതിസന്ധികള്‍ തരണം ചെയേണ്ടതുണ്ട്. എങ്കിലും വിഷ മയമായ അന്തരീക്ഷ ത്തില്‍ നിന്നും രക്ഷ നേടാന്‍ ബദല്‍ മാര്‍ഗം കണ്ടെത്തിയേ തീരൂ. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചു കൊണ്ട് വരിക, പ്ലാസ്റ്റിക് വ്യവസായ ത്തെയും വിപണനത്തെയും നിരുത്സാഹ പ്പെടുത്തുക. പ്ലാസ്റ്റിക്കിന്റെ വിഷത്തെ പറ്റി ജനങ്ങളെ ബോധവ ല്‍ക്കരിക്കുക. ഉപയോഗ ശേഷം വലിച്ചെറിയുക എന്ന ജീവിത രീതിയില്‍ മാറ്റം വരുത്തുക, മര, ലോഹ, തുണി യുല്‍പ്പന്നങ്ങളേയും അതിനോട് ബന്ധപ്പെട്ട കുടില്‍ വ്യവസായ ങ്ങളേയും പ്രോത്സാഹി പ്പിക്കുക. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചു കൊണ്ടു വരാന്‍ അതാത് ഭരണ കൂടങ്ങളും ജനങ്ങളും കൂട്ടായി ശ്രമിക്കേ ണ്ടതുണ്ട്. ഇല്ലെങ്കില്‍ വന്‍ ദുരന്തമാവും നമ്മെ കാത്തിരിക്കുന്നത്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

4 അഭിപ്രായങ്ങള്‍ »

മലിനീകരണം

October 3rd, 2008

കാക്ക കുളിച്ചപ്പോള്‍
കൊക്കായി
കാക്കയുടെ കറുപ്പിന്റെ
അഴക് നക്കിയെടുത്ത്
പുഴ ഒഴുകിക്കൊണ്ടിരുന്നു
കാക്ക സമൂഹം ഭ്രഷ്ട് –
കല്‍പ്പിച്ച കാക്ക
കമ്പനി പടിയില്‍
നിരാഹാരമിരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘ഓണം’ പ്രകൃതിയുടെ ആഘോഷം

September 11th, 2008

(ഓണത്തെ പ്രകൃതിയുമായി ബന്ധപ്പെടുത്തി ഒരു വിചിന്തനം)

“ഉത്സവം ഒരു നേരമ്പോക്കോ വിനോദോപാധിയോ അല്ല. പകരം, അത് ഒരു പുനര്‍ നിര്‍മാണമാണ്” – ഒക്ടോവിയോ പാസ്

സമൃദ്ധിയുടെ നാളുകള്‍ ഓര്‍മിപ്പിച്ചു കൊണ്ട് ഒരു ഓണക്കാലം കൂടി കടന്നു പോയി. മലയാളികളുടെ ഹൃദയത്തോടു ചേര്‍ന്നു കിടക്കുന്ന ഈ ഉത്സവ നാളുകള്‍ പ്രകൃതിയോട് ഏറെ ചേര്‍ന്നു നില്‍ക്കുന്നു. ഓരോ രാജ്യത്തേയും, ഓരോ പ്രദേശങ്ങളെയും, അവിടെയുള്ള വിശ്വാസങ്ങളെയും ഐതിഹ്യങ്ങളെയും കോര്‍ത്തി ണക്കിയാണ് വിവിധ രീതിയിലുള്ള ഉത്സവങ്ങള്‍ ആഘോഷിക്കുന്നത്. അത്തരത്തില്‍ കേരളീയന്റെ ജീവിതത്തില്‍ ഏറെ ഉന്‍മേഷമേകുന്ന ഒരു ആഘോഷമാണ് ഓണം. കര്‍ക്കടക മാസത്തിലെ ഇരുണ്ട അന്തരീക്ഷത്തില്‍ നിന്ന് ചിങ്ങത്തിലേക്കുള്ള കാല്‍വെപ്പ്. മാനസിക – സാമ്പത്തികാ ന്തരീക്ഷത്തില്‍ വരുന്ന മാറ്റവും പ്രകൃതിയിലെ വസന്തവും സമൃദ്ധിയും ചേര്‍ന്നതാണ് ഓണക്കാലം. കാലാവസ്ഥയും സാമ്പത്തിക നിലയും പാരസ്പര്യ പ്പെടുന്നതാണ് ഈ നാളുകളുടെ പ്രസക്തിയെന്ന് പണ്ടു മുതലേ വിശ്വസിച്ചു പോരുന്നു. പ്രകൃതിയോ ടിണങ്ങി ആഘോഷിക്കുന്ന ഒരു ഉത്സവം കൂടിയാണിത്. ഓണത്തിന്റെ പ്രധാന ഇനങ്ങളി ലൊന്നായ പൂക്കളം അതിന് മികച്ച ഉദാഹരണമാണ്. പ്രകൃതിയേയും ഭൂമിയേയും അടുത്തറിയാന്‍ സാധിക്കുന്ന വളരെ വിശാലമായ ഒരു അര്‍ത്ഥ തലമാണ് പൂക്കളത്തിനുള്ളത്. മുറ്റത്ത് പൂക്കളമിടുക എന്നത് കുട്ടികളുടെ അവകാശമാണ്. അതിനായി അവര്‍ പൂക്കള്‍ തേടിയലയുന്നു. കുട്ടികള്‍ക്ക് പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിക്കാനും ഇതിലൂടെ കഴിയുന്നു. അവരെ ഒട്ടും നിര്‍ബന്ധിക്കാതെ തന്നെ, ഒരു പാഠ്യ വിഷയമാക്കാതെ തന്നെ ഇത് സാധിക്കുന്നത് ചെറിയ കാര്യമല്ല. ഓണത്തിന് അത്ത ക്കളമിടാന്‍ ഉപയോഗിക്കുന്ന കുഞ്ഞു പൂക്കള്‍ മിക്കവയും നല്ല ഔഷധ ഗുണമുള്ളതാണ്. വളരെ ചെറിയ പൂക്കളായ തുമ്പയും മുക്കുറ്റിയും തേടി പറമ്പില ലയുമ്പോള്‍ അവരില്‍ മികച്ച ക്ഷമാ ശീലമാണ് ഉണ്ടാകുന്നത്.

അത്തം തൊട്ട് പത്തു ദിവസങ്ങ ളിലായാണ് മുറ്റത്ത് പൂക്കളമിടാറ്, പരിശുദ്ധിയും എളിമയും ചൂണ്ടി ക്കാണിക്കു ന്നതിനാണ് തുമ്പ പൂവിന് ഓണ ക്കാലത്ത് ഏറെ പ്രാധാന്യം നല്‍കുന്നത്. പൂക്കളം മിക്കവാറും ജ്യോമിട്രി രൂപങ്ങളിലാണ് സാധാരണ ഇടാറ്. തുമ്പപൂ, മുക്കുറ്റി, കൊങ്ങിണിപൂ, കാക്കപ്പൂവ്, അപ്പപ്പൂവ് എന്നിങ്ങനെ പൂക്കളത്തിന് സാധാരണ ഉപയോഗിക്കുന്ന പൂവുകള്‍ ഓണ ക്കാലത്ത് സമൃദ്ധമായി ഉണ്ടാകുന്നു. എന്നാല്‍, കാലാന്തരത്തില്‍ വന്ന മാ‍റ്റം ഓണത്തെയും നന്നായി ബാധിച്ചിട്ടുണ്ട്. ഇന്നത്തെ ആസൂത്രിത ഉദ്യാന നിര്‍മാണ രീതിക്കകത്ത് കേരളത്തില്‍ തനതായി കണ്ടു വരുന്ന പൂവുകള്‍ പലതും നമുക്കന്യമായി ക്കഴിഞ്ഞു. വളരെ വേഗതയേറിയ നമ്മുടെ ജീവിത സാഹചര്യങ്ങളാണ് അതിന് കാരണം. പണ്ട് ഇങ്ങനെ ആയിരുന്നില്ല എന്ന തോന്നല്‍ വര്‍ത്തമാന കാലത്തെ ഓര്‍മപ്പെടു ത്തുന്നുവെങ്കിലും പ്രായോഗിക ജീവിതത്തില്‍ നാം ഇവയെല്ലാം പാടെ മറന്നു കളയുന്നു. പ്രകൃതി നമുക്കു നല്‍കിയ സൌഭാഗ്യങ്ങളെ പല പേരില്‍ നാം ഇല്ലാതാക്കി കൊണ്ടിരിക്കുന്നു. പഴയ കാല സമൃദ്ധിയെ ഓണ നാളുകളിലൂടെ ഓര്‍ത്തെടു ക്കുമ്പോള്‍ നഷ്ടപ്പെട്ട പ്രകൃതിയെ വീണ്ടെടുക്കാന്‍ ഒരു ശ്രമം കൂടിയുണ്ടാകുന്നത് ഭാവി തലമുറക്ക് നാം നല്‍കുന്ന ഏറ്റവും നല്ല ഓണ സമ്മാനമായിരിക്കും. പ്ലാസ്റ്റിക്ക് വാഴയിലയില്‍ സദ്യയുണ്ണുന്ന ഇക്കാലത്ത് തമിഴ് നാടും കര്‍ണാടകയും കനിയുന്നതു കൊണ്ടാണ് നമുക്ക് പൂക്കളമൊരുക്കാനും, സദ്യയൊരുക്കാനും കഴിയുന്നതെന്ന് നാം ഓര്‍ക്കുന്നത് നന്നായിരിക്കും. എല്ലാം റെഡിമേഡായി വാങ്ങിച്ചു കൊണ്ട് സമൃദ്ധിയുടെ നാളുകളെ ഓര്‍ത്തെടുക്കാനാണ് നാമിന്ന് ശ്രമിക്കുന്നത്. പ്രശസ്ത കലാ നിരൂപകന്‍ വിജയ കുമാര്‍ മേനോന്‍ ഇങ്ങനെ നിരീക്ഷിക്കുന്നു: “അനുപചാരികതയിലൂടെ ‘അത് പഠിക്കുന്നു’ എന്നറിയാതെ അതാര്‍ജിക്കുക എന്നതാണ് മിത്തുകളിലൂടെ ഒരുക്കുന്ന ഫോക് വിദ്യാഭ്യാസം. നിത്യ ജീവിതവും വിനോദവും ഭാവനയും കൂട്ടായ്മയും സാമ്പത്തിക ബോധവും എല്ലാമടങ്ങുന്ന ചില ആചാരങ്ങളിലൂടെ നൈതിക ബോധമുണ്ടാക്കുന്ന പ്രവണത ഓരോ ജനതക്കും ഉണ്ട്. ഇവയെല്ലാം ജന കലയുമാണ്. പൂക്കളവും ഊഞ്ഞാലാട്ടവും തുമ്പി തുള്ളലും ഓണത്തല്ലു മുതല്‍ വള്ളം കളി വരെയുള്ളതെല്ലാം അതിന്റെ ഭാഗമാണ് ”. എന്നാല്‍ പൂക്കളമിടാന്‍ ഇന്നെവിടെ പൂക്കള്‍? പൂക്കളത്തിന്റെ എല്ലാ ഘടകങ്ങള്‍ക്കും ഇന്ന് മാറ്റം വന്നിട്ടുണ്ട്. തമിഴ് നാട്ടില്‍ നിന്നെത്തുന്ന പൂക്കളും, പ്ലാസ്റ്റിക് പൂക്കളും, കളര്‍ ചേര്‍ത്ത ഉപ്പും മറ്റുമാണ് പലരും പൂക്കളമാക്കുന്നത്.

ഓണം കേരളീയന്റെ ദേശീയ ഉത്സവമായി കൊണ്ടാടുമ്പോഴും അങ്ങേയറ്റം വാണിജ്യ വത്കരിക്കപ്പെട്ടു എന്നതാണ് ഏറെ ദു:ഖകരം. അതിനാല്‍, ‘മത്ത പൂത്താല്‍ ഓണം വന്നു’ എന്ന ചൊല്ല് വരും തലമുറക്ക് അറിയണമെന്നില്ല. മത്തപ്പൂവ് മാത്രമല്ല, വലിയ മത്തങ്ങ തന്നെ കാണാന്‍ കിട്ടാത്ത കാലം. മുറിച്ചു വെച്ച മത്തങ്ങ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ സുലഭമാണല്ലോ.

ഓണം എന്ന ആഘോഷം ഓര്‍മപ്പെടുത്തുന്നത് പ്രകൃതിയിലേക്ക് മടങ്ങുക എന്നതാണ്. എന്നാല്‍ ഒരു സത്യം നാം മറക്കുന്നു പ്രകൃതി തന്ന സൌഭാഗ്യങ്ങളെ നാം ഒരോന്നായി ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. ഇന്ന് ഊഞ്ഞാലാട്ടവും, കണ്ണനാമുണ്ണി കളിയും, കമ്പിത്താലം ഇങ്ങനെ ഓണത്തോട് ബന്ധപ്പെട്ട പലതും നമുക്കന്യമായി കഴിഞ്ഞു. പകരം റെഡിമെയ്ഡ് ഓണമാണ് നാമിന്ന് ആഘോഷിക്കുന്നത്. പ്രകൃതിയോ ടിണങ്ങാന്‍ പറയുന്ന ഇത്തരം ആഘോഷങ്ങളുടെ വിശുദ്ധി മനസ്സിലാ ക്കാതെയുള്ള ആഘോഷം പലപ്പോഴും വാണിജ്യ താല്പര്യത്തെ മാത്രമാണ് പ്രോത്സാഹി പ്പിക്കുന്നത്. കാലാന്തരത്തില്‍ വന്ന മാറ്റം ഓണത്തെ എത്ര കണ്ട് മാറ്റി മറിച്ചിരിക്കുന്നു വെന്നും ഇതിനിടയില്‍ നമുക്കെന്തെല്ലാം നഷ്ടപ്പെട്ടുവെന്നും ഓര്‍ത്തെടുക്കാന്‍ ഇത്തരം ആഘോഷങ്ങള്‍ ഉപരിക്കട്ടെ.

ഏവര്‍ക്കും പച്ചയുടെ ഓണാശംസകള്‍ നേരുന്നു!

- ഫൈസല്‍ ബാവ

വായിക്കുക:

1 അഭിപ്രായം »

ആണവോര്‍ജ്ജം ആപത്തെന്ന് ആര് പറയും?

September 7th, 2008

‘അമേരിക്കാ
നീയെന്നാണ്
യുദ്ധം നിര്‍ത്തുക ?
പോ…
നീ നിന്റെ
ആറ്റംബോംബുമായ്
പുലയാട്…’

അലന്‍ ഗിന്‍സ്ബര്‍ഗ്

ലോകം ആണവ ഭീതിയില്‍ കഴിയുകയാണ്. വന്‍ ശക്തികള്‍ ആണവ ശേഖരം കൂട്ടി വെക്കുന്നു,മറ്റു രാജ്യങ്ങള്‍ ആണവ ശക്തിയാവാന്‍ തിരക്കു കൂട്ടുന്നു, തങ്ങള്‍ക്കും വേണമെന്ന് തര്‍ക്കിക്കുന്നു, ചിലര്‍ യാചിക്കുന്നു. ലോകം കണ്ട ആണവ ദുരന്തങ്ങളെ മറന്ന് ആണവ മത്സരം മുറുകുമ്പോള്‍ എന്ത് കൊണ്ടാണ് ഞങ്ങള്‍ക്കിത് വേണ്ട എന്ന് ആരും പറയാത്തത്.

എല്ലാവരും തങ്ങളുടെ സുരക്ഷിതത്വം കണ്ടെത്തുന്നത് അപകട കാരിയായ ആണവായുധ ശേഖരത്തില്‍ ആണെന്ന സത്യത്തെ ഭയത്തോടെ വേണം കാണുവാന്‍.

ഒരു ആണവ വിസ്ഫോടനം


ആണവ മത്സരത്തിന്റെ മറ്റൊരു മുഖമാണ് ആണവ ഊര്‍ജ്ജം. ഊര്‍ജ്ജ പ്രതിസന്ധിക്ക് ഒരു പരിഹാ‍രം എന്ന നിലക്കാണ് ആണവ ഊര്‍ജ്ജത്തെ പ്രോത്സാഹി പ്പിക്കുന്നത്. തികച്ചും അപകട കാരിയായ ഈ ഊര്‍ജ്ജത്തിലൂടെ മാത്രമേ ഇനി ലോകത്തിന് മുന്നോട്ട് പോകാനാവൂ എന്ന് വാദിക്കുന്ന സാമ്രാജ്യത്വ ശക്തികള്‍ ക്കൊപ്പം നിന്ന് നമുക്കും ആണവോ ര്‍ജ്ജം അനിവാര്യ മാണെന്ന് ചില എഴുത്തുകാരും സാമൂഹ്യ പ്രവര്‍ത്തകരും വാദിക്കുന്നു എന്നത് ഏറെ ദയനീയമാണ്. വികലമായ വികസന ബോധം തലക്കു പിടിച്ച നമ്മുടെ ചില രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും ആണവോ ര്‍ജ്ജം മതിയായെ തീരൂ എന്ന വാശിയിലാണ്. എന്നും സാമ്രാജ്യത്വ വിധേയത്വം പുലര്‍ത്തി പോന്നിട്ടുള്ള ഇന്ത്യയിലെ മാറി മാറി വന്ന സര്‍ക്കാരുകള്‍ പലപ്പോഴു മെടുത്തിട്ടുള്ള തീരുമാനങ്ങള്‍ സാമ്രാജ്യത്വ താല്പര്യത്തെ മുന്‍നിര്‍ത്തി യിട്ടുള്ളതായിരുന്നു.

തൊണ്ണൂറുകളില്‍ ഉദാര വല്‍ക്കരണം നടപ്പിലാക്കി കൊണ്ട് ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ക്ക് ഇന്ത്യയില്‍ തേരോടാന്‍ അവസരമൊ രുക്കി കൊടുത്ത അന്നത്തെ ധനമന്ത്രി ഇന്ന് പ്രധാന മന്ത്രിയാ യപ്പോള്‍ അമേരിക്ക നടക്കാന്‍ പറഞ്ഞാല്‍ മുട്ടിലിഴയാന്‍ തയ്യാറാവുന്നു. വര്‍ദ്ധിച്ച ഊര്‍ജ്ജാ വശ്യങ്ങള്‍ക്കും കാര്‍ഷിക പുരോഗതിക്കും ആണവോ ര്‍ജ്ജം കൂടിയേ തീരൂ എന്നാണ് പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് വാദിക്കുന്നത്. ഗാട്ട് കരാറിന്റെ കാര്യത്തിലും പേറ്റന്റ് നിയമങ്ങളുടെ കാര്യത്തിലും പ്രധാന മന്ത്രിക്ക് കര്‍ഷക താല്പര്യം പ്രശ്നമായി രുന്നില്ല. എന്തിന് ആയിര ക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തപ്പോഴും പ്രധാന മന്ത്രി ഒട്ടും ഞെട്ടിയിരുന്നില്ല എന്നാല്‍ ഊഹ കച്ചവടമായ ഓഹരി കമ്പോളത്തിലെ തകര്‍ച്ചയില്‍ മുതലാളിമാരുടെ മനോവേദന എത്ര പെട്ടെന്നാണ് പ്രധാന മന്ത്രിയും ധന മന്ത്രിയും ഉള്‍കൊണ്ടതും ആകുലനായതും. സാമ്പത്തിക പരിഷ്കാര ങ്ങള്‍ക്ക് മാനുഷിക മുഖമെന്നത് ഓഹരി കമ്പോളത്തിലെ മുതലാളിത്ത മുഖമായിരിന്നു എന്നത് ഇന്ന് സത്യമായിരിക്കുന്നു.

ജന താല്പര്യത്തെ മാനിക്കാതെ അവിശ്വാസ പ്രമേയത്തിനു മേല്‍ പണാധിപത്യം നടമാടിയ കാഴ്ച നാം കണ്ടു കഴിഞ്ഞതാണ്. കരാറുകളുടെ ലംഘനങ്ങളുടെയും, ചതിയുടെയും ഒട്ടേറെ ചരിത്രമുള്ള അമേരിക്കയുമായി, അതും അവരുടെ താല്പര്യത്തി നനുസരിച്ച ആണവ കരാറില്‍ ഒപ്പിടാന്‍ പ്രധാന മന്ത്രി എന്തിനാണിത്ര തിടുക്കം കൂട്ടിയിരുന്നത് ? അപകടം പതിയിരിക്കുന്ന കരാറും ഊര്‍ജ്ജവും നമുക്കു തന്നേ തീരൂ എന്ന അമേരിക്കന്‍ വാശിയുടെ പിന്നിലെ ചതി എന്തായിരി ക്കുമെന്നതാണ് ജോര്‍ജ് ബുഷ് അമേരിക്കന്‍ സെനറ്റിനയച്ച രഹസ്യ കത്ത് പുറത്തായ തിലൂടെ മനസ്സിലാകുന്നത്. ഇതറിഞ്ഞിട്ടും എന്തിനായിരുന്നു പാര്‍ലിമെ ന്റിനേയും ജനങ്ങളേയും പ്രധാന മന്ത്രിയും കോണ്‍ഗ്രസ്സും തെറ്റിദ്ധരി പ്പിച്ചെതെന്ന് തുറന്നു പറയണം. ഒപ്പം പാര്‍ലിമെ ന്റിനുള്ളില്‍ നടന്ന കോഴ വിവാദവും, സമാജ് വാദി പാര്‍ട്ടി നേതാവ് സര്‍ക്കാരിന് പിന്തുണ കൊടുക്കാന്‍ ഒരുങ്ങുന്നതിന്റെ തൊട്ടു മുമ്പ് അമേരിക്ക സന്ദര്‍ശിക്കുകയും തിരിച്ചു വന്ന ഉടനെ ആണവ കരാറിനെ പിന്തുണക്കുകയും ചെയ്തത് സംശയിക്കേ ണ്ടിയിരിക്കുന്നു.

അമേരിക്കയ്ക്ക് ഇന്ത്യയുമായുള്ള ഈ കരാര്‍ അധിനിവേ ശത്തിന്റെ ആണവ ചരടാണെന്നും ഇതു കൊണ്ട് തന്നെ നമ്മളെ തളച്ചിടാനാ കുമെന്നുമുള്ള അമേരിക്കന്‍ ചതിയുടെ ആഴം വളരെ വലുതാണെന്നും, താല്‍കാലിക രാഷ്ട്രീയ ലാഭങ്ങള്‍ക്കപ്പുറം കടക്കാത്ത ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വങ്ങളെ വിലക്കെടുക്കാ‍ന്‍ വളരെ എളുപ്പമാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്ക പ്പെട്ടിരിക്കുന്നു. 1 2 3 കരാര്‍ ഇന്ത്യക്കും ബാധകമാ ണെന്നും ഹൈഡ് ആക്ട് പ്രകാരമേ ആ‍ണവ കരാര്‍ നടപ്പിലാക്കാനാവൂ എന്നുമുള്ള കരാര്‍ വ്യവസ്ഥകള്‍ എന്തിനാണ് ആദ്യം ഇല്ലെന്നും പിന്നീട് ഉണ്ടെന്നും പ്രധാന മന്ത്രി ജനങ്ങളോട് കള്ളം പറഞ്ഞത്. കരാര്‍ എപ്പോള്‍ വേണമെങ്കിലും വേണ്ടെന്ന് വെക്കാന്‍ പറ്റുമെന്ന് ഇപ്പോള്‍ പറയുന്ന അനില്‍ കാക്കോദ്കര്‍ ആ കത്ത് പുറത്ത് വന്നില്ലാ യിരുന്നെങ്കില്‍ ഈ സത്യം മറഞ്ഞിരി ക്കുമെന്നാണ് സൂചിപ്പിക്കുന്നത്, അതായത് അറിഞ്ഞു കൊണ്ട് തന്നെയാണ് ഈ സത്യങ്ങള്‍ മറച്ചു വെച്ചു കൊണ്ട് പ്രധാന മന്ത്രി ജനങ്ങളെ തെറ്റിദ്ധരി പ്പിച്ചതെന്ന് വ്യക്തം.

ചതികള്‍ പതിയിരിക്കുന്ന ആണവ കരാര്‍ ഇന്ത്യക്ക് മേല്‍ അടിച്ചേ ല്‍പ്പിക്കുവാന്‍ അമേരിക്ക കാണിച്ച സമ്മര്‍ദ്ദ തന്ത്രങ്ങളും അതിനനുസരിച്ച് ചാഞ്ചാടിയ ഇന്ത്യന്‍ ഭരണ വര്‍ഗത്തെയും നാം കണ്ടു. എന്നാല്‍ ഇതിനെ രാഷ്ട്രീയ വല്‍ക്കരിച്ചു കാണാനാണ് നമ്മുടെ ഒട്ടു മിക്ക പാര്‍ട്ടികളും മാധ്യമങ്ങളും ശ്രമിച്ചത്. ഇപ്പോള്‍ രാഷ്ട്രീയ ലാഭത്തിനു വേണ്ടി മുതല കണ്ണീരൊഴുക്കി പ്രധാന മന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന മുഖ്യ പ്രതിപക്ഷമായ ബി ജെ പിയും സഖ്യ കക്ഷികളും ഇതേ കരാറിനെ അനുകൂലിക്കു ന്നവരാണെന്നത് ശ്രദ്ധേയമാണ്.

കഴിഞ്ഞ ഒമ്പത് മാസമായി രഹസ്യമാക്കി വെച്ചിരുന്ന ഈ കത്ത് പുറത്തായാല്‍ മന്മോഹന്‍ സിംഗ് മന്ത്രി സഭയുടെ ഭാവി തുലാസിലാ കുമെന്നതി നാലാണ് ഇത്രയും കാലം രഹസ്യമാക്കി വെച്ചതെന്ന് പറയുന്നത് സാധാരണ ക്കാരനല്ല ഈ കത്ത് പുറത്ത് വിട്ട അമേരിക്കന്‍ ജന പ്രതിനിധി സഭയുടെ വിദേശ കാര്യ സമിതി ചെയര്‍മാന്‍ ഹൊവാര്‍ഡ് എല്‍ ബെര്‍മാനാണ്. ആയതിനാല്‍ തന്നെ യു പി എ സര്‍ക്കാരിനും മന്മോഹന്‍ സിംഗിനും ഇതില്‍ നിന്ന് തലയൂരാനാകില്ല.

ബുഷിന്റെ കത്തിനെ പറ്റി പ്രധാന മന്ത്രിക്ക് നേരത്തെ അറിയാമാ യിരുന്നെന്ന് കത്ത് പ്രസിദ്ധീകരിച്ച വാഷിങ്ങ്ടണ്‍ പോസ്റ്റ് ലേഖകന്‍ ഗ്ലെന്‍ കെസ്ലറും പറയുന്നു.

താല്‍കാലിക ലാഭത്തിനു വേണ്ടി മുറവിളി കൂട്ടുന്ന ഒരൊറ്റ പാര്‍ട്ടിയും ആണവോ ര്‍ജ്ജം വേണ്ട എന്ന പറയുന്നില്ല അവര്‍ വികസന വിരോധികളായി ചിത്രീകരി ക്കപ്പെടുമെന്ന് ഭയപ്പെടുന്നു. ആണവ കരാര്‍ ചര്‍ച്ച ചെയ്യുന്ന സമയത്ത് ഇന്ത്യന്‍ പാര്‍ലിമെ ന്റിന്റെ
ഭാവി മാത്രം ചര്‍ച്ച ചെയ്യാനും ഈ കരാര്‍ രാജ്യത്തിന് അഭിമാന മാണെന്നും അമേരിക്കയെ ഇന്ത്യയുടെ ഏറ്റവും നല്ല സുഹൃത്തായി ചിത്രീക രിക്കാനും ചില മാധ്യമങ്ങള്‍ കാ‍ണിച്ച തിരക്ക് ശ്രദ്ധിക്കേണ്ടതാണ്.

ചെര്‍ണോബില്‍ ദുരന്ത ബാധിത പ്രദേശത്ത് ജനിച്ച അലക്സി. കണ്ണില്‍ ടെന്നിസ് ബോള്‍ വലിപ്പത്തില്‍ ഉള്ള ട്യൂമറുമായാണ് അലക്സി ജനിച്ചത്.


ശാസ്ത്ര ലോകത്തിന്റെ സ്വപ്നം സൌരോ ര്‍ജ്ജത്തിലും ഹൈഡ്രജന്‍ ഊര്‍ജ്ജത്തിലും കേന്ദ്രീകരിക്കുന്ന ഇക്കാ‍ലത്ത് നാമെന്തിനാണ് ആണവോ ര്‍ജ്ജത്തിനു പിന്നില്‍ പായുന്നത് ? 1976-ല്‍ ഇറ്റലിയിലെ സെവസോയിലെ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറി, 1979-ല്‍ അമേരിക്കയിലെ പെന്‍സില്വാനിയ ത്രീമെന്‍ ഐലന്റിലെ ന്യൂക്ലിയര്‍ അപകടം, 1984-ല്‍ പതിനായിര ക്കണക്കി നാളുകളെ കൊന്നൊടുക്കിയ യൂണിയന്‍ കാര്‍ബൈഡിന്റെ ഭോപ്പാല്‍ ദുരന്തം, 1986-ല്‍ ഉക്രെയ്നിലെ ചെര്ണോബില്‍ ന്യൂക്ലിയര്‍ പ്ലാ‍ന്റിന്റെ തകര്‍ച്ച, നാഗസാക്കിയെ ചാരമാക്കിയ ന്യൂക്ലിയര്‍ ബോംബ് നിര്‍മ്മിച്ച കാലിഫോര്‍ണി യയിലെ ഹാന്‍ഫോര്‍ഡ് ന്യൂക്ലിയര്‍ റിസര്‍വേഷനില്‍ 1997-ല്‍ ഉണ്ടായ രാസ വിസ്ഫോടനം (ഇന്ന് ഈ സ്ഥലം പാരിസ്ഥിതിക അത്യാഹിത മേഖലയാണ്. Environmental Disaster Area) ഇങ്ങനെ അനുഭവത്തിലുള്ള വ്യവസായ വല്‍കൃത രാജ്യങ്ങള്‍ ആണവോ ര്‍ജ്ജത്തിനു വേണ്ടി ന്യൂക്ലിയര്‍ പ്ലാന്റ് നിര്‍മ്മിക്കാന്‍ തയ്യറല്ലാത്ത ഇക്കാലത്ത് നാമെന്തിനാണ് ഈ ദുരന്ത സാദ്ധ്യതകളെ കൈ നീട്ടി വാങ്ങുന്നത്.
അതും ബഹുരാഷ്ട്ര കമ്പനികള്‍ ഇന്ത്യയില്‍ ദുരന്തങ്ങള്‍ വിതച്ചിട്ടും നഷ്ട പരിഹാരം ചോദിച്ചു വാങ്ങാന്‍ കഴിയാത്ത നമുക്കെങ്ങനെ വന്‍ശക്തിയായ അമേരിക്ക കരാര്‍ ലംഘിച്ചാല്‍ ചോദിക്കാനാവുക.

ലോക ജനസംഖ്യയുടെ 20 ശതമാന ത്തോളമുള്ള ഇന്ത്യയുടെ നിലപാടിന് ലോകത്തെ സ്വാധീനിക്കാന്‍ കഴിയുന്ന തരത്തിലേക്ക് നമ്മുടെ നയങ്ങള്‍ മറ്റിയെടു ക്കേണ്ടതിനു പകരം അമേരിക്കന്‍ താല്പര്യത്തെ അന്തമായി സ്വീകരിച്ച് കീഴടങ്ങാനാണ് ഇന്ന് നമ്മുടെ ഭരണകൂടം ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

ആണവോ ര്‍ജ്ജമേ വേണ്ട എന്ന ധീരമായ തീരുമാനത്തി ലെത്താന്‍ ഇടതു പക്ഷത്തിനു പോലും കഴിയുന്നില്ല. അവരുടെ പ്രശ്നം മറുഭാഗത്ത് അമേരിക്ക യായതാണ് മറിച്ച് ചൈനയോ റഷ്യയോ ആയിരുന്നെങ്കില്‍ ഈ കരാറുമായി സഹരിക്കാന്‍ ബുദ്ധിമുട്ടു ണ്ടാകില്ല. അത്യന്തം അപകട കരമായ ആണ വോര്‍ജ്ജം വേണമെന്നു തന്നെയാണ് പ്രകാശ് കാരാട്ടും ബുദ്ധദേവും പറയുന്നത്. എല്ലാവര്‍ക്കും തീയുണ്ട വേണം തരുന്നതാ രാണെന്ന കാര്യത്തില്‍ മാത്രമാണ് തര്‍ക്കം.

ആണവോ ര്‍ജ്ജം മെല്ലെ ആണവാ യുധമാകുന്ന തെങ്ങനെയെന്ന് ഇസ്രായേലിന്റെ ചരിത്രം പരിശോധിച്ചാല്‍ മതി. പ്രകൃതി ദുരന്തങ്ങളും, തീവ്രവാദി ഭീഷണിയും നമ്മുടെ ആണവ റിയാക്ടറുകളുടെ എങ്ങനെ ബാധിക്കുമെന്നത് ചിന്തിക്കേ ണ്ടിയിരിക്കുന്നു. ഉത്തര്‍പ്ര ദേശിലെ നറോറയില്‍ ഗംഗയുടെ തീരത്തുള്ള ആണവ നിലയം സ്ഥിതി ചെയ്യുന്നത് ഭൂഗര്‍ഭ വൈകല്യത്തിന്റെ (Seismic Fault) മുകളിലാണ്. നമ്മുടെ നിലവിലുള്ള ആണവ റിയാക്ടറുകള്‍ തന്നെ അപകട ഭീഷണിയിലാണ്.

ഏറ്റവും വില കൂടിയ ആണവോ ര്‍ജ്ജവത്തി ലൂടെയാണ് നമ്മുടെ തകര്‍ന്നു കഴിഞ്ഞ കാര്‍ഷിക മേഖലയെ ഉണര്‍ത്താന്‍ ശ്രമിക്കുന്നത്. ആണവ വികിരണം മൂലം വായു, ജലം, മണ്ണ്, എന്നിവ മലിനീകരി ക്കപ്പെടുമെന്നത് തെളിയിക്ക പ്പെട്ടതാണ്. മറ്റു നിലയങ്ങളെ പോലെ പ്രവര്‍ത്തനം ആണവ നിലയങ്ങള്‍ നിറുത്തി വെക്കനോ അടച്ചു പൂട്ടുവാനോ സാധിക്കുകയില്ല. തുടര്‍ച്ചയായ റേഡിയേഷന്‍ ആ പ്രദേശത്തെ നിത്യ ദുരിതത്തിലാക്കും.

ബധിരനായ മൈക്കലും വരള്‍ച്ച മുരടിച്ച വ്ലാഡിമിറും. പതിനാറ് വയസുള്ള ഈ ഇരട്ടകള്‍ ആണവ വികിരണത്തിന്റെ ഇരകളാണ്.


ആണവാ വശിഷ്ടങ്ങള്‍ എങ്ങനെ സംസ്കരിക്ക ണമെന്നത് ഇന്നും ഒരു ചോദ്യ ചിച്നമാണ്. ആണവാ വശിഷ്ടങ്ങള്‍ തീര്‍ച്ചയായും ഒരു ബാധ്യതയാകും. ഖനനം, സമ്പുഷ്ടീകരണം, ഉപയോഗം എന്നീ എല്ലാ അവസ്ഥകളിലും റേഡിയോ ആക്ടീവ് അവശിഷ്ടങ്ങള്‍ സൃഷ്ടിക്ക പ്പെടുന്നുണ്ട്. ഒരു റിയാക്ടര്‍ പ്രതിവര്‍ഷം 20-30 ടണ്‍ ആണവാ വശിഷ്ടങ്ങളാണ് പുറംതള്ളുന്നത്. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും കോണ്‍ക്രീറ്റ് ബ്ലോക്കുകളിലാക്കി കടലില്‍ തള്ളാറാണ് പതിവ്.

ഇതൊന്നും അറിയാത്തവരല്ല നമ്മുടെ ഭരണ കര്‍ത്താക്കള്‍. എന്തിനാണ് നമുക്കീ അപകടം പിടിച്ച ഊര്‍ജ്ജവും ചതി നിറഞ്ഞ കരാറും…

- ഫൈസല്‍ ബാവ

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

2 of 3123

« Previous Page« Previous « ജല യുദ്ധങ്ങള്‍ വരുന്ന വഴി!
Next »Next Page » ‘ഓണം’ പ്രകൃതിയുടെ ആഘോഷം »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010