ഇനി വേണ്ട…

August 6th, 2011

hiroshima day epathram

മനുഷ്യന് പൂര്‍ണ്ണമായി ഇനിയും വഴങ്ങിയിട്ടില്ലാത്ത ആണവ സാങ്കേതിക വിദ്യ ആരുടെയൊക്കെയോ വ്യാപാര താല്പര്യങ്ങള്‍ക്ക് വേണ്ടി ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളുടെ മേല്‍ ആരൊക്കെയോ കൂട്ട് കൂടി അടിച്ചേല്‍പ്പിക്കുമ്പോള്‍ ഇതെല്ലാം തങ്ങളെ എങ്ങനെ ബാധിക്കും എന്ന് പോലും അറിയാതെ എല്ലാറ്റിനും കയ്യടിക്കുന്ന ജനത്തിന് ഒരു മുന്നറിയിപ്പാകട്ടെ ഈ ദിനം കൂടുതല്‍ »»

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

സാലിം അലി: പറവകള്‍ക്കു വേണ്ടി ഒരു ജീവിതം

July 27th, 2011

dr.salim ali-epathram

ലോക പ്രശസ്ത പക്ഷി ശാസ്ത്രജ്ഞന്‍ ഡോ. സാലിം അലി നമ്മോട് വിട പറഞ്ഞിട്ട് ഇന്നേക്ക് ഇരുപത്തി നാല് വര്‍ഷം തികയുകയാണ്. 1987 ജൂലൈ 27നാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്. 2008ല്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരവോടെ സമര്‍പ്പിച്ച്ചുകൊണ്ടാണ് e പത്രം “പച്ച” തുടക്കമിട്ടത്‌. പച്ചക്കിന്ന് മൂന്നു വയസ്സ് തികയുന്നു . മഹാനായ പ്രകൃതി സ്നേഹി സാലിം അലിയുടെ ജീവിതത്തെ കുറിച്ചുള്ള വിവരണം ഒരിക്കല്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നു.

വ്യവസ്ഥാധിഷ്ഠിതമായ പക്ഷിനീരീക്ഷണത്തിന്‌ ഇന്ത്യയില്‍  അടിസ്ഥാനമിട്ട ആളാണ് സാലിം അലി അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍, ഭാരതത്തിലെ ജനങ്ങളില്‍ പക്ഷി നിരീക്ഷണത്തിനും, പ്രകൃതി സ്നേഹത്തിനും അടിത്തറയിട്ടു. 1896 നവംബര്‍ 12-ന് മുംബൈയില്‍ ജനിച്ചു. അഞ്ച്‌  ആണ്‍കുട്ടികളും നാല്‌ പെണ്‍കുട്ടികളും അടങ്ങുന്ന ഒരു കുടുംബത്തില്‍ ആയിരുന്നു സാലിം അലി ജനിച്ചത്‌. അച്ഛന്‍ മൊയ്സുദ്ദീന്‍, അമ്മ സീനത്തുന്നീസ. സാലിം ജനിച്ച്‌ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ പിതാവും മൂന്നു വര്‍ഷം തികയുന്നതിനു മുന്‍പ്‌ മാതാവും മരിച്ചു പോയി. അനാഥരായ ആ കുട്ടികളെ മക്കളില്ലായിരുന്ന അമ്മാവനായിരുന്നു പിന്നീട്‌ വളര്‍ത്തിയത്‌. അക്കാലത്ത്‌ ഇന്ത്യയിലെത്തിയിരുന്ന സായ്പന്മാരുടെ പ്രധാന വിനോദം നായാട്ടായിരുന്നു, അവരെ അനുകരിച്ച്‌ നാട്ടുകാരും നായാട്ടിനിറങ്ങി. സാലിമിന്റെ അമ്മാവനും നല്ല ശിക്കാരി ആയിരുന്നു. പഠനത്തില്‍ ഒട്ടും താത്പര്യം കാണിക്കാതിരുന്ന സാലിമിന്റെ സ്വപ്നം നല്ലൊരു നായാട്ടുകാരനാവുക എന്നതായിരുന്നു. സാലിമിന്റെ പത്താം വയസ്സില്‍ അവന്‌ അമ്മാവന്റെ കൈയില്‍ നിന്നും ഒരു ‘എയര്‍ ഗണ്‍’ ലഭിച്ചു. അതുകൊണ്ട്‌ കുരുവികളെ വെടി വെച്ചിടുകയായി ആ കുട്ടിയുടെ പ്രധാന വിനോദം, വീട്ടില്‍ കുരുവിയിറച്ചി നിത്യവിഭവമായി. വീട്ടിലെ തൊഴുത്തില്‍ വാസമുറപ്പിച്ചിരുന്ന കുരുവികളെ വെടിവെച്ചിടുന്നതിനിടയില്‍ ഒരു പെണ്‍ കുരുവി മുട്ടയിട്ട്‌ അടയിരിക്കുന്നതായും ഒരു ആണ്‍കുരുവി അതിനു കാവലിരിക്കുന്നതായും സാലിം കണ്ടെത്തി, ആണ്‍കുരുവിയെ സാലിം വെടിവെച്ചിട്ടു, പക്ഷെ മണിക്കൂറുകള്‍ക്കുള്ളില്‍ പെണ്‍രുവി മറ്റൊരു ആണ്‍കുരുവിയെ സമ്പാദിച്ച്‌ തത്സ്ഥാനത്ത്‌ ഇരുത്തി, അങ്ങനെ എട്ട്‌ ആണ്‍ കുരുവികളെ സലിം വെടിവെച്ചിട്ടെങ്കിലും പെണ്‍കുരുവി ഒമ്പതാമൊരു ഇണയെ കണ്ടെത്തുകയാണ്  ഉണ്ടായത്‌. ഇതെല്ലാം സാലിം തന്റെ ഡയറിയില്‍ കുറിച്ചിടുന്നുണ്ടായിരുന്നു, സാലിം അലി എന്ന പക്ഷിശാസ്ത്രജ്ഞന്റെ ആദ്യ നിരീക്ഷണ രേഖകളാണവ.

തന്റെ പന്ത്രണ്ടാം വയസ്സില്‍ വെടിവെച്ചിട്ട മഞ്ഞത്താലി കുരുവിയുടെ കഴുത്തില്‍ ഒരു മഞ്ഞ അടയാളമുണ്ടായിരുന്നു. ഈശ്വരഭയമുള്ള ഒരു ഇസ്ലാമിന്‌ തിന്നാന്‍ പറ്റിയ മാംസമാണോ ഇതെന്ന സംശയവുമായി മാതുലന്റെ അടുത്തു ചെന്ന സാലിമിനെ അദ്ദേഹം ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയിലെ (BNHS) മില്യാഡ്‌ സായ്പിന്റെ അടുത്തേക്ക്‌ പറഞ്ഞു വിട്ടു. അവിടെ ചെന്ന സാലിമിനെ സായ്പ്‌ സ്നേഹപൂര്‍വ്വം സ്വീകരിക്കുകയും പക്ഷി മഞ്ഞത്താലി(Yellow throated sparrow- Petronia xanthocollis) ആണെന്ന് തിരിച്ചറിയുകയും ചെയ്തു. അവനെ പരീക്ഷണ മുറികളിലേക്കു കൊണ്ടു പോയി നിരവധി കുരുവികളേയും അവയുടെ വ്യത്യാസങ്ങളും കാണിച്ചു കൊടുത്തു, നിരവധി അറകള്‍ തുറന്ന് ഭാരതത്തിലെ നിരവധി പക്ഷികളേയും പരിചയപ്പെടുത്തി. സാലിം അലി എന്ന ലോക പ്രസിദ്ധനായ പക്ഷിശാസ്ത്രജ്ഞന്‍ ജനിച്ചു വീണ നിമിഷങ്ങളായിരുന്നു അവ.

സാലിം അലിയുടെ ആദ്യകാല പഠനം മുംബൈയിലെ സെന്റ്‌. സേവിയഴ്സ്  കോളേജിലായിരുന്നു. ഒന്നാം വര്‍ഷത്തിനു ശേഷം പഠനം ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയ അദ്ദേഹം ബര്‍മയിലെ താവോയിലേക്ക് മാറുകയായിരുന്നു. അവിടെ കുടുംബസ്വത്തിന്റെ ഭാഗമായ ടങ്ങ്സ്ടങ്ങ്  ഖനികളില്‍ അദ്ദേഹം ജോലി ചെയ്തു. ബര്‍മയിലെ വാസ സ്ഥലത്തിനടുത്തുള്ള കാടുകളില്‍ അദ്ദേഹം തന്റെ ഒഴിവു സമയം ചിലവിട്ടു. അങ്ങനെ പ്രകൃതി ശാസ്ത്രത്തില്‍ അദ്ദേഹത്തിന് താല്പര്യമുണ്ടായി. ഈ സമയത്താണ് അദ്ദേഹം ജെ.സി. ഹോപ് വുഡിനെയും ബെര്‍ത്തോള്‍ഡ്‌ റിബെന്ട്രോപ്പിനെയും പരിചയപ്പെടുന്നത്. ഇവര്‍ രണ്ടു പേരും ആ സമയം ബര്‍മ ഗവണ്മെന്റ്നു കീഴില്‍ വനംവകുപ്പില്‍ ജോലിചെയ്തുകൊണ്ടിരിക്കുകയായിരുനു. ഏഴു വര്‍ഷത്തിനു ശേഷം 1917-ല്‍ ഇന്ത്യയിലേക്ക് തിരിച്ചു വന്ന സാലിം, പഠനം പൂര്‍ത്തിയാക്കാന്‍ തീരുമാനിക്കുകയും, വ്യാവസായിക നിയമം പഠിക്കാന്‍ ദാവര്‍ കോളേജില്‍ ചേരുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രകൃതി ശാസ്ത്രത്തിലുള്ള താല്പര്യം തിരിച്ചറിഞ്ഞ സെന്റ്‌.സേവ്യര്‍ കോളേജിലെ ഫാദര്‍ എതെല്‍ബെറ്റ് ബ്ളാറ്റര്‍ അദ്ദേഹത്തെ ജന്തുശാസ്ത്രം പഠിക്കാന്‍ പ്രേരിപ്പിച്ചു. അങ്ങനെ സെന്റ്‌. സേവിയര്‍ കോളേജില്‍ നിന്നും അദ്ദേഹം ജന്തുശാസ്ത്രവും പഠിക്കുകയുണ്ടായി. ഭാരത ജന്തുശാസ്ത്ര സര്‍വേയില്‍ ([Zoological Survey of India) ഒരു പക്ഷി ശാസ്ത്രജ്ഞന്റെ ഒഴിവില്‍ ജോലിക്കുവേണ്ടി അപേക്ഷിച്ചിരുന്നെങ്കിലും ഒരു ഔപചാരിക യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്തതിനാല്‍ അദ്ദേഹം തഴയപ്പെടുകയായിരുന്നു. ഈ ഒഴിവ് പിന്നീട് നികത്തിയത് എം.എല്‍. റൂണ്‍വാള്‍ ആണ്. 1926-ല്‍ അദ്ദേഹം മുംബയിലെ പ്രിന്‍സ് ഓഫ് വെയില്സ് മ്യൂസിയത്തിലെ പ്രകൃതിശാസ്ത്ര വിഭാഗത്തിലെ ഗൈഡ്‌ ലെച്ടറര്‍ ആയി നിയമിതനായി. പ്രതിമാസം 350 രൂപയായിരുന്നു ശമ്പളം. രണ്ടു വര്‍ഷത്തിനു ശേഷം ഉദ്യോഗം മടുത്ത അദ്ദേഹം പഠനം തുടരുന്നതിന് വേണ്ടി ജര്‍മനിയിലേക്ക് പോയി. അവിടെ ബെര്‍ലിന്‍ യൂണിവേഴ്സിറ്റിയുടെ ജന്തുശാസ്ത്ര മ്യുസിയത്തില്‍ പ്രൊഫ.ഇര്‍വിന്‍ സ്ട്രസ്സ്മാനു കീഴില്‍ ജോലി ചെയ്തു. ജോലിയുടെ ഭാഗമായി ജ.കെ.സ്ടാന്ഫോര്‍ഡ് സംഗ്രഹിച്ച മാതൃകകള്‍ പഠിക്കാനും അദ്ദേഹത്തിന് അവസരം കിട്ടി. ബെര്‍ലിനില്‍ താമസമാക്കിയിരുന്നത് കൊണ്ട് പല മുന്‍നിര ജര്‍മ്മന്‍ പക്ഷിശാസ്ത്രജ്ഞരുമായി ഇടപഴാകാന്‍ അദേഹത്തിന് അവസരം കിട്ടി. അതില്‍ പ്രമുഖര്‍ ബെര്‍നാണ്ട് റേന്‍ഷ(Bernhard Rensch), ഓസ്കര്‍ ഹീന്രോത് ( Oskar Heinroth ), എറണ്സ്റ്റ്റ്‌ മേയര്‍ (Ernst Mayr) എന്നിവരായിരുന്നു. ഹീഗോലാന്‍ഡ് നിരീക്ഷണ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. പക്ഷിനിരീക്ഷണ ശാസ്ത്രത്തെക്കുറിച്ചും പക്ഷികളെക്കുറിച്ചും സലിം എഴുതിയ ഗ്രന്ഥങ്ങള്‍ വിജ്ഞാനപ്രദവും പ്രസിദ്ധവുമാണ്. ഇവയില്‍ കേരളത്തിലെ പക്ഷികളെ പറ്റിയെഴുതിയ ഗ്രന്ഥവും ഉള്‍പ്പെടും. ‘ഒരു കുരുവിയുടെ പതനം’ അദ്ദേഹത്തിന്‍റെ ആത്മകഥയാണ്. പക്ഷിശാസ്ത്രത്തില്‍ നാഷണല്‍ പ്രൊഫസറായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ വിവിധ സര്‍വകലാശാലകള്‍ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.

1914-ല്‍ ബ്രിട്ടീഷ്‌ ഇന്ത്യയെക്കുറിച്ചുള്ള ഒരു ശാസ്ത്രലേഖനത്തിന്റെ നിരൂപണത്തില്‍ നിരൂപകന്‍ ആ പുസ്തകത്തില്‍ ഇന്ത്യക്കാരുടെ സംഭാവനയായി ഒന്നും തന്നെ ഇല്ല എന്ന് എടുത്തുപറഞ്ഞിരുന്നു ഇത്‌ സാലിം അലിയുടെ മനസ്സില്‍ തട്ടുകയും പക്ഷികളെ കുറിച്ച്‌ പഠിക്കാനായി ജീവിതം ഉഴിഞ്ഞു വെയ്ക്കുവാനും തീരുമാനിച്ചു. കുടുംബപ്രാരാബ്ധം മൂലം അതിനിടയില്‍ ബര്‍മ്മയില്‍ പണിയന്വേഷിച്ചുപോയെങ്കിലും ഇടവേളകളില്‍ പക്ഷിനിരീക്ഷണം നടത്തിയിരുന്നു. നാലുവര്‍ഷത്തിനു ശേഷം ഇന്ത്യയിലെത്തിയ സാലിം അലി ഒരു വ്യാപാരിയുടെ മകളായ തെഹ്‌മിനയെ വിവാഹം കഴിച്ചു. ഇതിനിടയിലും പക്ഷിനിരീക്ഷണത്തിനായി ജര്‍മ്മനിയിലും മറ്റും പോകുകയും ചെയ്തു. ഒരു ജോലിക്കുവേണ്ടി അലയുന്നതിനിടയില്‍ 1932-ല്‍ “ഹൈദരാബാദ്‌ സംസ്ഥാന പക്ഷിശാസ്ത്ര പര്യവേക്ഷണ”ത്തില്‍(Hyderabad State Ornithology Survey) പങ്കെടുക്കാന്‍ അവസരം ലഭിച്ചു. അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പഠന പര്യവേക്ഷണം.
1935-ല്‍ തിരുവിതാംകൂര്‍ മഹാരാജാവ്‌ തിരുവിതാംകൂര്‍, കൊച്ചി ഭാഗങ്ങളിലെ പക്ഷികളെ കുറിച്ച്‌ പഠിക്കാനുള്ള ഒരു പദ്ധതി തയ്യാറാക്കുകയും ബി.എന്‍.എച്ച്‌.എസിനെ അറിയിക്കുകയും ചെയ്തു. സാലിം അലിയുടെ ഹൈദരാബാദ്‌ പഠനത്തിന്റെ ഗഹനത കണക്കിലെടുത്ത്‌ സാലിം അലിയെ തന്നെ ഈ പഠനത്തിനു വേണ്ടി നിയോഗിച്ചു. അദ്ദേഹം ആദ്യമായ്‌ മറയൂര്‍ ഭാഗത്താണ്‌ പഠനം നടത്തിയത്‌ പിന്നീട്‌ ചാലക്കുടി, പറമ്പിക്കുളം,കുരിയാര്‍കുട്ടി മുതലായിടത്തും പോയി. കുരിയാര്‍കുട്ടിയിലെ ചെറിയ ഒരു സത്രത്തിലിരുന്നാണ്‌ കേരളത്തിലെ പക്ഷിശാസ്ത്രത്തിന്റെ ആരംഭം കുറിച്ചത്‌, അദ്ദേഹത്തിന്റെ ഭാര്യ തെഹ്മിന ആയിരുന്നു വിവരങ്ങള്‍ രേഖപ്പെടുത്തിയത്‌. പിന്നീടിള്ള യാത്രാമധ്യേ തട്ടേക്കാടെത്തുകയും അവിടുത്തെ അമൂല്യമായ പക്ഷിസമ്പത്തിനെകുറിച്ച്‌ തിരിച്ചറിയുകയും അവിടം ഒരു സംഭരണകേന്ദ്രം(Collection center) ആയി തിരഞ്ഞെടുക്കുകയും ചെയ്തു. പിന്നീട്‌ മൂന്നാര്‍, കുമളി, ചെങ്കോട്ട, അച്ചന്‍കോവില്‍ മുതലായ സ്ഥലങ്ങളില്‍ പഠനം നടത്തുകയും ചെയ്തു. ആ നിരീക്ഷണങ്ങള്‍ ആദ്യം തിരുവിതാംകൂര്‍, കൊച്ചിയിലെ പക്ഷിശാസ്ത്രം എന്നും പിന്നീട്‌ സര്‍ സി. പി. രാമസ്വാമി അയ്യരുടെ ആവശ്യപ്രകാരം പരിഷ്കരിച്ച്‌ കേരളത്തിലെ പക്ഷികള്‍ എന്ന പേരിലും പുറത്തിറക്കുകയുണ്ടായി. 1939-ല്‍ കേരളത്തിലെ പഠനം പൂര്‍ത്തിയായപ്പോഴേക്കും ഭാര്യ തെഹ്‌മിന എന്നെന്നേക്കുമായി വിടപറഞ്ഞു, അതോടെ സാലിം പരിപൂര്‍ണ്ണ പക്ഷിനിരീക്ഷകനായി.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുംബൈയില്‍ തണല്‍ മരങ്ങള്‍ ആസിഡ് വെച്ച് ഇല്ലാതാക്കുന്നു

July 20th, 2011

trees-mumbai-epathram

മുംബൈ: മുംബൈയില്‍ തണല്‍ മരങ്ങള്‍ ആസിഡ് പ്രയോഗത്തിലൂടെ നശിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. മരത്തിന്റെ ചുവട്ടില്‍ ആസിഡ് ഒഴിക്കാന്‍ വേണ്ടി ചില സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നു മുംബൈ കൊളാബയിലെ കോര്‍പ്പറേറ്റര്‍ വിനോദ് ശേഖര്‍ പറഞ്ഞു. ഇത്തരക്കാരെ കണ്ടെത്തി ശിക്ഷിയ്ക്കണമെന്നും ശേഖര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു മരം വീണ് ആറു വയസുകാരിയും അമ്മയും മരിച്ചതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്.

കെട്ടിട നിര്‍മാതാക്കള്‍, ഡവലപ്പര്‍മാര്‍, ഷോറൂം ഉടമകള്‍ എന്നിവര്‍ക്ക് തങ്ങളുടെ സ്ഥാപനങ്ങളുടെ മുന്നിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റാന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അനുമതി നല്‍കാറില്ല. ഈ സാഹചര്യത്തിലാണ് ഇവര്‍ ആസിഡ് മാഫിയയുടെ സഹായം തേടുന്നതത്രേ. ഇവരുടെ നിര്‍ദേശ പ്രകാരം സംഘം മരത്തിനു ചുവട്ടില്‍ ആസിഡ് പ്രയോഗം നടത്തും. എതാനും ദിവസത്തിനുള്ളില്‍ മരം ഉണങ്ങി വീഴുകയും ചെയ്യും. ആസിഡ് മാഫിയക്കെതിരെ പരിസ്ഥിവാദികളും പ്രകൃതി സ്‌നേഹികളും രംഗത്തെത്തി. മരച്ചുവട്ടില്‍ ആസിഡ് പ്രയോഗിക്കുന്ന സാമൂഹ്യ ദ്രോഹികള്‍ക്കെതിരെ നടപടി വേണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.

-

വായിക്കുക: ,

1 അഭിപ്രായം »

നമുക്ക് വേണ്ടത് ജൈവ രാഷ്ട്രീയം : സി. ആര്‍. നീലകണ്ഠന്‍

July 8th, 2011

പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനായ സി. ആര്‍. നീലകണ്ഠനുമായി eപത്രം പ്രതിനിധി ഫൈസല്‍ ബാവ ദുബായില്‍ വെച്ച് നടത്തിയ അഭിമുഖത്തിന്റെ ഒന്നാം ഭാഗം:

cr-neelakantan-faisal-bava-epathram

?- കേരളത്തിലെ ഒട്ടുമിക്ക പാരിസ്ഥിതിക വിഷയങ്ങളിലും നേരിട്ട് ഇടപെട്ടു വരുന്ന ഒരാളെന്ന നിലയില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ എത്രത്തോളം പോസറ്റീവായാണ് കാര്യങ്ങള്‍ നീങ്ങുന്നത്?

സി. ആര്‍. നീലകണ്ഠന്‍ : ഇപ്പോഴത്തെ സാഹചര്യത്തില്‍ പോസറ്റീവായി തന്നെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഈ ഇടപെടലുകള്‍ അല്ലെങ്കില്‍ സമരങ്ങള്‍ തുടര്‍ച്ചയായ ഒരു പോരാട്ടമാണ്. സുഗത കുമാരി ടീച്ചര്‍ പറഞ്ഞ പോലെ തോല്‍ക്കുന്ന യുദ്ധത്തിനും വേണമല്ലോ പടയാളികള്‍ എന്ന് പറഞ്ഞു കൊണ്ടാണ് നമ്മള്‍ തുടങ്ങുന്നത്. ഇപ്പോള്‍ എല്ലാ യുദ്ധവും തോല്‍ക്കില്ല, ചിലതെല്ലാം ജയിക്കാനും സാദ്ധ്യതയുണ്ട് എന്ന അവസ്ഥയിലാണ് എത്തി നില്‍ക്കുന്നത്. ഞാനങ്ങനെയാണ് കാണുന്നത്. അതിന് ആഗോള സാഹചര്യങ്ങള്‍ ഉണ്ട്, ലോക്കല്‍ സാഹചര്യങ്ങള്‍ ഉണ്ട്, ഇതിന്റെ ഭാഗമായി പൊതുജനങ്ങളില്‍ ഉണ്ടായിട്ടുള്ള മാറ്റം ഉണ്ട്. കുറെ കാര്യങ്ങളില്‍ ഇനി പഴയത് പോലെയുള്ള ഒരു വഴി വിട്ട രീതി തുടരാനാവില്ല എന്ന അവസ്ഥ നിലനില്‍ക്കുന്നുണ്ട്. കേരളത്തിലെ മണ്ണും വെള്ളവും വായുവും നശിപ്പിച്ചു കൊണ്ട് ഒരു വ്യവസായവും, പദ്ധതിയും ഇനി സാധ്യമല്ല എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ഒരു അച്യുതാനന്ദന്‍ കുറച്ചു കാര്യങ്ങള്‍ മനസിലാക്കിയതിനാല്‍ കുറച്ചു ഗുണം കേരളത്തിനുണ്ടായി. ഇനി അതു പോലെ മറ്റൊരു നേതൃത്വം മനസിലാക്കിയാല്‍ കുറച്ചു കൂടി ഗുണം കിട്ടും. ഈ പ്രതീക്ഷ വളരാന്‍ കാരണം ചില നേതാക്കളുമായി നടത്തിയ സ്വകാര്യ സംഭാഷണങ്ങളില്‍ നിന്നാണ്. ഇത് നമ്മുടെ നേതൃത്വങ്ങള്‍ തന്നെ മനസിലാക്കിയിരിക്കുന്നു എന്നതാണ് ഞാന്‍ പോസറ്റീവ് എന്ന് ഉദ്ദേശിച്ചത്. അപ്പോള്‍ തോല്‍ക്കുന്ന യുദ്ധത്തില്‍ നിന്നും ചിലപ്പോഴെങ്കിലും ജയിക്കാവുന്നതും, ശത്രുവിനു പോലും നമ്മള്‍ പറയുന്നത് ശരിയാണ് എന്ന് തോന്നുന്ന അവസ്ഥയിലേക്ക് എത്തിക്കഴിഞ്ഞു. പക്ഷെ അത് അല്‍പം വൈകിപ്പോയോ എന്നൊന്നും ഈ തരത്തിലുള്ള പോരാട്ടങ്ങളില്‍ നമുക്ക് പറയാനാവില്ല.

?- പോസറ്റീവ് എന്ന് പറയുമ്പോളും എന്തു കൊണ്ടാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ ഒരു ഏകീകരണം ഉണ്ടാകാത്തത്? ഒരു ഹരിത രാഷ്ട്രീയം ഇവിടെ വേരു പിടിക്കാത്തത്?

സി. ആര്‍ ‍: അത് സാദ്ധ്യമല്ല, കാരണം നമുക്ക്‌ മാര്‍ക്സിസത്തിന്റെ പേരില്‍ യോജിച്ചു പോകാന്‍ കഴിയുന്നില്ല, ഗാന്ധിസത്തിന്റെ പേരില്‍ യോജിക്കാന്‍ പറ്റുന്നില്ല പിന്നെയെങ്ങനെയാണ് ഹരിത രാഷ്ട്രീയത്തിന്റെ പേരില്‍ യോജിച്ചു പോകാന്‍ പറ്റുക? യഥാര്‍ഥത്തില്‍ ഒരു മാക്രോ പൊളിറ്റിക്സിന്റെ കീഴില്‍ ജനങ്ങളെ യോജിപ്പിക്കാന്‍ കഴിയുമെന്ന ധാരണ ഇന്ന് എനിക്കില്ല. എങ്ങിനെയാണ് ഏകീകരണം വരേണ്ടത്, എന്ത് അടിസ്ഥാനത്തിലാണ് ഏകീകരണം ഉണ്ടാവേണ്ടത്, എന്തായിരിക്കണം അതിന്റെ ഒരു പ്ലാറ്റ്ഫോം, സംഘടനാപരമായ ചട്ടക്കൂട് നില്‍ക്കട്ടെ, എന്ത് ഐഡിയോളജിക്കല്‍ പ്ലാറ്റ്ഫോമിലാണ് വരിക, അങ്ങിനെ വരണമെങ്കില്‍ അതിനുള്ള ശേഷി കേരളത്തിലെ ഹരിത രാഷ്ട്രീയത്തിനുണ്ടോ? ഇല്ല എന്ന് പറയേണ്ടി വരും, ചുരുക്കി പറഞ്ഞാല്‍ കേരളത്തില്‍ ഹരിത രാഷ്ട്രീയം വളര്‍ന്നിട്ടേയില്ല. കേരളത്തില്‍ ഉണ്ടായിട്ടുള്ള ഒരു സമരവും ഹരിത രാഷ്ട്രീയമായി ബന്ധപ്പെട്ടു കൊണ്ട് വന്നിട്ടുള്ളതല്ല. കേരളത്തിന്റെ സാമൂഹ്യ ജീവിതത്തെ ബാധിക്കുന്ന ഒരു വിഷയവും ഹരിത രാഷ്ട്രീയമായി വന്നതല്ല. ഉദാഹരണത്തിന് ഇപ്പോള്‍ ഏറ്റവും ചര്‍ച്ചയായ എന്‍ഡോസള്‍ഫാന്‍ വിഷയം ഹരിത രാഷ്ട്രീയമായാണോ വന്നത്, അല്ലല്ലോ. എവിടെ പ്പോയി കേരളത്തിലെ ഹരിത രാഷ്ട്രീയക്കാര്‍! ഞാന്‍ ഒരു ഹരിത രാഷ്ട്രീയക്കനാണ് എന്ന് എവിടെയും പറഞ്ഞിട്ടില്ല. ആരാണ് കേരളത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ പൊക്കി കൊണ്ടു വന്നത്. ഹരിത രാഷ്ട്രീയക്കാരാണോ? ഞാനടക്കമുള്ളവരൊന്നും അല്ല. ഞാനായിട്ട് കേരളത്തില്‍ ഒരു സമരവും തുടങ്ങിയിട്ടില്ല. ഇപ്പൊ പ്ലാച്ചിമടയിലെ കൊക്കോകോള സമരം ഭയങ്കര വിജയമാണെന്നാണല്ലോ പറയുന്നത്, എന്നാല്‍ ഇത് ഹരിത രാഷ്ട്രീയത്തിന്റെയോ സാമ്രാജ്യത്വ വിരുദ്ധതയുടെയോ, മേധാ പട്കറുടെയോ, വി. എസിന്റെയോ, വീരേന്ദ്ര കുമാറിന്റെയോ വെറാരുടെയോ വിജയാമാണെന്നൊക്കെ പറയുമ്പോളും പ്ലാച്ചിമടയുടെ വെറും മുപ്പതു കിലോമീറ്റര്‍ അപ്പുറത്ത്‌ കഞ്ചിക്കോട് ഇതേ ജല ചൂഷണം മറ്റൊരു സാമ്രാജ്യത്വ കുത്തക കമ്പനിയായ പെപ്സി തുടരുകയാണ്. എന്തു കൊണ്ട് പെപ്സിയുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കാന്‍ കഴിഞ്ഞില്ല? ഇത്രയേയുള്ളൂ. കഞ്ചിക്കോട് നാട്ടുകാര്‍ ശക്തമായ സമരമായെത്തിയില്ല. പ്ലാച്ചിമടയില്‍ നാട്ടുകാര്‍ കൊക്കകോളയെ കെട്ടു കെട്ടിക്കാന്‍ ഒന്നിച്ചു അണി നിരന്നു. ആ സമരമെന്ന തീയില്‍ ഇന്ധനമിടുകയോ കത്തിക്കുകയോ പടര്‍ത്തുകയോ ഒക്കെ ചെയ്യുന്ന പണി ഞാനടക്കമുള്ളവര്‍ പലരും ചെയ്തിടുണ്ട്. എന്‍ഡോസള്‍ഫാന്‍ സമരത്തിലും അത് തന്നെയാണ് ഉണ്ടായത്‌. പക്ഷെ സമരത്തിന്റെ തീയില്ലാത്തിടത്ത് എന്തുണ്ടാവാനാണ്? ഞാന്‍ പറഞ്ഞു വന്നത് രാഷ്ട്രീയം ഹരിതമല്ല, ഇരകളുടെ രാഷ്ട്രീയം തന്നെയാണ്, (കെ. ഇ. എന്‍. പറയുന്ന ഇരയല്ല) ആ ഇരകളുടെ രാഷ്ട്രീയം നിങ്ങളെങ്ങനെയാണ് കൈകാര്യം ചെയ്തത് എന്ന് നോക്കിയാണ് സമരങ്ങളുടെ വിജയ പരാജയങ്ങള്‍ വിലയിരുത്തേണ്ടത്. എല്ലാ സമരങ്ങളും അതാതു പ്രദേശത്തെ ജനങ്ങള്‍ ഏറ്റെടുത്തത് കൊണ്ടാണ് ഇത്രയെങ്കിലും എത്തിയത്‌, അല്ലാതെ ഞാനടക്കമുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങി വെച്ച ഒരു സമരവും ഇല്ല. ഹരിത രാഷ്ട്രീയക്കാരുമല്ല. അതാണ് ഞാന്‍ പറഞ്ഞത്‌, പ്രത്യയ ശാസ്ത്രത്തിന്റെ അബദ്ധ ജടിലമായ മുന്‍ധാരണകള്‍ വീക്ഷണങ്ങളെ വികലമാക്കുന്നു എന്നിടത്താണ് ഇപ്പോള്‍ ഞാന്‍ എത്തി നില്‍ക്കുന്നത്‌. ജൈവമായി കാര്യങ്ങളെ കാണാന്‍ ശ്രമിക്കുന്നില്ല. ജൈവം എന്ന് പറഞ്ഞാല്‍ മുന്‍ധാരണയില്ല, ഒരു ജൈവ പ്രക്രിയ മുന്‍ധാരണയോട് കൂടി ചെയ്യാവുന്നതല്ല. ജൈവം ഓരോ തവണയും പ്രകൃതിയോട് സ്വാഭാവികമായി പ്രതികരിക്കുന്നതാണ് അതിനാല്‍ നമുക്ക് വേണ്ടത്‌ ജൈവ രാഷ്ട്രീയമാണ്, ഹരിതമെന്നല്ല ഞാന്‍ പറയുക ജൈവമെന്നാണ്. ഞാന്‍ ഹരിത രാഷ്ട്രീയക്കാരനല്ല, ജൈവ രാഷ്ട്രീക്കാരാനാണ് (Organic Politics).

?- അത്തരത്തില്‍ പ്ലാച്ചിമടയിലെ കൊക്കകോളക്കെതിരെ, കാസര്‍ക്കോട്ട്‌ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നതിനെതിരെ, ഈ സമരങ്ങളൊക്കെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ വിജയമാണെന്ന് പറയാനാവുമോ? രാഷ്ട്രീയമെന്ന് പറയുമ്പോളും അരാഷ്ട്രീയത ഇതിനിടയില്‍ ഇല്ലേ?

സി. ആര്‍ : നിങ്ങള്‍ പറഞ്ഞത്‌ ശരിയാണ്, ഓരോ സമരത്തിന്റെയും കൃത്യമായ ആവശ്യമെന്തായിരുന്നു, എന്തിനാണ് അവര്‍ സമരം ചെയ്തത് എന്നു നോക്കണം. ഈ രണ്ടു സമരങ്ങളെയും കൃത്യമായി പരിശോധിക്കാം. ഈ രണ്ടു സമരങ്ങളും ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ സമരം വിജയിച്ചു എന്നാണ് അവകാശപ്പെടുന്നത്, പ്ലാച്ചിമട കൊക്കകോള കമ്പനി പൂട്ടി, സമരം വിജയിച്ചു, അതാര്‍ക്കാണെന്നറിയാമോ, പുറത്തുള്ളവര്‍ക്ക്. എന്‍ഡോസള്‍ഫാനും അതെ, സംഭവം സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ ലോക ശ്രദ്ധ നേടുന്ന തരത്തില്‍ വിഷയമെത്തി ചര്‍ച്ച ചെയ്തു എന്‍ഡോസള്‍ഫാന്‍, ഒക്കെ ശരി. നല്ലത് തന്നെ. പക്ഷെ പ്ലാച്ചിമടക്കാര്‍ക്ക്, അല്ലെങ്കില്‍ കാസര്‍കോട്ടുകാര്‍ക്ക്‌ എന്ത് ഗുണം കിട്ടി. കഴിഞ്ഞ പത്ത് വര്‍ഷമായി കാസര്‍ക്കോട്‌ എന്‍ഡോസള്‍ഫാന്‍ അടിക്കുന്നില്ല. പിന്നെ അവര്‍ക്ക് നിരോധിച്ചിട്ടെന്തു കാര്യം? അവരുടെ ആവശ്യം പൂര്‍ണ്ണമായും പരിഹരിക്കപ്പെട്ടോ? ഇല്ല! പക്ഷേ ആരാ സമരം തുടങ്ങിയത്? അവിടുത്തുകാര്‍! എന്തായിരുന്നു അവരുടെ ആവശ്യം, എന്‍ഡോസള്‍ഫാന്‍ നിരോധിക്കണ മെന്നായിരുന്നോ? അല്ല. അവിടെ അടിക്കരുത് എന്നായിരുന്നു, ഇതു വരെ ഈ വിഷം തളിച്ചത് മൂലം ഉണ്ടായ പ്രശ്നങ്ങള്‍, അവരുടെ രോഗങ്ങള്‍, ചികില്‍സ, പുനരധിവാസം ഇതൊക്കെയായിരുന്നു അവരുടെ ആവശ്യം. അത് പരിഹരിക്കപ്പെട്ടോ? പ്ലാച്ചിമടയിലും ഇത് തന്നെയാണ് അവസ്ഥ. അവിടുത്തെ കര്‍ഷകര്‍ക്ക് ഉണ്ടായ നഷ്ടങ്ങള്‍ നഷ്ടമായി തുടരുന്നു. അവരുടെ മണ്ണ്, വെള്ളം, ജീവിതം ഇതൊക്കെ തിരിച്ച് കിട്ടിയോ? അതാണ്‌ ഞാന്‍ പറഞ്ഞത്‌ സമരങ്ങളെ നാം എളുപ്പത്തില്‍ കക്ഷി രാഷ്ട്രീയത്തില്‍ കൊണ്ടിടാന്‍ പറ്റും. അപ്പോള്‍ സംഭവിക്കുന്നത് അവര്‍ അനുകൂലം, ഇവര്‍ എതിര്, അവരത് ചെയ്തു, അത് ചെയ്തില്ല ഈ തര്‍ക്കത്തിനിടയില്‍ യഥാര്‍ഥത്തില്‍ നഷ്ടപ്പെടുന്നത് ഇതിന്റെ ഇരകള്‍ക്കാണ്. അവരുടെ ജീവിതം പോയി. ദുരിതം അനുഭവിച്ചവര്‍ക്ക് നഷ്ടങ്ങള്‍ ബാക്കി തന്നെ. കൊക്കകോള നിരോധിച്ചത് കൊണ്ട് പ്ലാച്ചിമടക്കാര്‍ക്ക് എന്തു കാര്യം? അവര്‍ ഉന്നയിച്ച കാര്യങ്ങളില്‍ എന്തെകിലും കിട്ടിയോ? കാസര്‍ക്കോട്ട് കാര്‍ക്ക് ആകെ കിട്ടിയത്‌ അമ്പതിനായിരം രൂപ വീതമാണ്. അതിപ്പോ മരിച്ചു പോയവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷമാക്കും എന്ന് പറയുന്നു. അതു കൊണ്ടെന്ത് കാര്യം, മരിച്ചവര്‍ രക്ഷപ്പെട്ടു, ജീവിച്ചിരിക്കുന്നവര്‍ക്ക് മരിച്ചവരോട് അസൂയ തോന്നുന്ന തരത്തിലാണ് അവരുടെ ദുരിത പൂര്‍ണ്ണമായ ജീവിതം. ഇതിനിടയില്‍ ചികില്‍സ കിട്ടാതെ എന്‍ഡോസള്‍ഫാന്‍ ഇരയായ ഒരു കുട്ടി കാസര്‍കോട് മരിച്ചതായി വാര്‍ത്ത കണ്ടു. ആരാ ഉത്തരവാദി, നമ്മള്‍ സ്റ്റോക്ക്ഹോമില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണോ വേണ്ടയോ എന്ന് ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുമ്പോള്‍ കാസര്‍കോട്ട് കുട്ടി മരിക്കുന്നു. സമരം തുടങ്ങിയത് അവരല്ലെങ്കില്‍ ശരിയാണ്. ഇതാണ് അവസ്ഥ. ഒരു സമരം എങ്ങിനെ അരാഷ്ട്രീയമാകും എന്നതാണ് ഇതിലൂടെ മനസിലാകുന്നത്.

?- ഈ കോലാഹലങ്ങള്‍ക്കിടയില്‍ കീടനാശിനിയുടെ രാഷ്ട്രീയം കേരളത്തില്‍ ഇനിയും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടോ?

സി. ആര്‍ : ഇല്ല, കേരളത്തിലെന്നല്ല ഇന്ത്യയിലെവിടെയും ചര്‍ച്ച ചെയ്യുന്നില്ല, അതാണ്‌ ഞാന്‍ പറഞ്ഞു വന്നത്, യഥാര്‍ത്ഥത്തില്‍ ശരിയായ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവര്‍ രാഷ്ട്രീയത്തിന് പുറത്തും രാഷ്ട്രീയക്കാര്‍ അരാഷ്ട്രീയവുമാണ് കൈകാര്യം ചെയ്യുന്നത്. മേല്‍ പറഞ്ഞ രാഷ്ട്രീയം കീടനാശിനിയുടെ രാഷ്ട്രീയത്തിലേക്കോ, ജൈവ കൃഷിയുടെ രാഷ്ട്രീയത്തിലേക്കോ ഏതെങ്കിലും രീതിയില്‍ പോകുന്നുണ്ടോ? ഇല്ല. കക്ഷി രാഷ്ട്രീയവുമായി ലിങ്കു ചെയ്യുന്നതൊക്കെ അരാഷ്ടീയമായി പോകുന്നു. യഥാര്‍ഥത്തില്‍ കക്ഷി രാഷ്ട്രീയമാണ് അരാഷ്ട്രീയം. കേരളത്തില്‍ കീടനാശിനി ഇല്ലാതെ കൃഷി സാദ്ധ്യമാണെന്ന് പറയാന്‍ കഴിയുന്ന രാഷ്ട്രീയക്കാര്‍ ആരുണ്ട്‌? കീടനാശിനിയുടെ രാഷ്ട്രീയം പറയട്ടെ, ആരെങ്കിലും പറയുമോ? നമുക്ക്‌ എന്‍ഡോസള്‍ഫാന്‍ വേണ്ട, പകരം വേറെയൊന്നു വേണം. ഇതു കൊണ്ടെന്ത്‌ കാര്യം. കേരളത്തില്‍ എന്‍ഡോസള്‍ഫാനേക്കാള്‍ മാരകമായ പന്ത്രണ്ട് കീടനാശിനികള്‍ വില്‍ക്കുന്നുണ്ട്. എന്തിനു വേറെ പറയണം? ലോകം മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് പറയുമ്പോളും കേരളത്തിലെ എച്ച്. ഐ. എല്‍. പൂട്ടുന്ന കാര്യത്തില്‍ നാം തീരുമാനമെടുത്തതോ? കേരളത്തിലെ പോലൂഷന്‍ കണ്ട്രോള്‍ ബോര്‍ഡിനു എന്നേ എന്‍ഡോസള്‍ഫാന്‍ ഉല്പാദനം നിര്‍ത്താന്‍ ആവശ്യപെടാമായിരുന്നു. എന്തു കൊണ്ട് ആവശ്യപ്പെട്ടില്ല?

?- പാരിസ്ഥിതികമായും രാഷ്ട്രീയമായും നിരവധി പ്രതിസന്ധികള്‍ക്ക് നടുവിലാണ് നാം എന്ന് താങ്കള്‍ പറഞ്ഞുവല്ലോ, ഇനിയുമൊരു തിരിച്ചു പോക്ക് സാധ്യമാണോ? അങ്ങിനെ എങ്കില്‍ എന്താണ് തിരിച്ചു പോക്കിനുള്ള പോംവഴി?

സി. ആര്‍ : ആദ്യമേ ഒരു കാര്യം പറയാം. വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ പാകത്തിലുള്ള ഒരു എളുപ്പ വഴി നമുക്ക് മുന്നിലില്ല. നിരവധി പ്രതിസന്ധികള്‍ക്ക്‌ നടുവിലാണ് നമ്മള്‍. എങ്ങിനെയാണ് പ്രതിസന്ധികള്‍ ഉണ്ടാകുന്നത് എന്ന് തിരിച്ചറിഞ്ഞാല്‍ മാത്രമേ എങ്ങിനെയാണ് തിരിച്ചു പോകുക എന്ന് അറിയാന്‍ കഴിയൂ. നമുക്ക് മുന്നില്‍ ഒരായിരം പ്രശ്നങ്ങള്‍ ഉണ്ട്. മുമ്പ്‌ സൂചിപ്പിച്ച പോലെ എന്‍ഡോസള്‍ഫാന്‍ പ്രശ്നം ‍, കുടിവെള്ളം ക്ഷാമം, മലിനമാക്കപ്പെടുന്ന ജലം, മണ്ണ്, വായു, കൂടാതെ വൈദ്യുതി, മാലിന്യം പ്രശ്നം, ആരോഗ്യം, ആയുര്‍വേദം, ചികില്‍സ, വിദ്യാഭ്യാസം ഇങ്ങനെ സര്‍വ മേഖലകളിലും പ്രതിസന്ധികള്‍ ഉണ്ട്, ഈ പ്രതിസന്ധികളില്‍ നിന്നും ഒരു തിരിച്ചു പോക്ക് സാധ്യമാണോ എന്നതാണ് നമുക്ക് മുന്നിലുള്ള ചോദ്യം. ഒരു കാര്യം ഉറപ്പാണ് ഈ തരത്തില്‍ ഇനി മുന്നോട്ട് പോകാന്‍ കഴിയില്ല. ഒരു തിരിച്ചു പോക്ക് അനിവാര്യമാണ്. ഇത് പരിസ്ഥിതി പ്രശ്നം മാത്രമല്ല. ഇന്ന് പരിസ്ഥിതി പ്രവര്‍ത്തനത്തെ വേറിട്ട്‌ കാണാനാകില്ല. പരിസ്ഥിതി പ്രവര്‍ത്തനവും, രാഷ്ട്രീയ പ്രവര്‍ത്തനവും, മത പ്രവര്‍ത്തനവും, വിദ്യാഭ്യാസ പ്രവര്‍ത്തനവും, ആരോഗ്യ പ്രവര്‍ത്തനവും, സാംസ്കാരിക പ്രവര്‍ത്തനവുമൊന്നും വേര്‍തിരിച്ചു നിര്‍ത്താനാവാത്ത അവസ്ഥയിലാണ് ഇന്ന്. കാരണം മനുഷ്യന്‍ ജീവിക്കുന്നത് സമൂഹത്തിലാണ്. സമൂഹത്തില്‍ ഇതെല്ലാം പരസ്പരം ബന്ധിതവും പരസ്പരം ആശ്രിതവുമാണ്. എന്നാല്‍ ഇന്നത്തെ ജീവിത രീതിയെ അതേ പടി പിന്തുടര്‍ന്ന് പരിസ്ഥിതിയെ സംരക്ഷിക്കാനാകും എന്ന ഒരു വ്യാമോഹം വേണ്ട. ചെറിയ സൂത്ര പണികള്‍ കൊണ്ട് എന്തെങ്കിലും പരിഹാരം കാണാമെന്ന വ്യാമോഹവും വേണ്ട. അങ്ങനെ എളുപ്പ വഴിയിലൂടെ പരിഹരിക്കാവുന്ന ഒന്നല്ല ഇന്നത്തെ പാരിസ്ഥിതിക പ്രതിസന്ധികള്‍. നമ്മുടെ അടിസ്ഥാന ജീവിത സങ്കല്‍പത്തെ തന്നെ മാരകമായി ബാധിക്കുന്ന തരത്തിലുള്ള പ്രതിസന്ധികള്‍ക്ക്‌ നടുവിലാണ് നാമിന്ന്. ഈ പ്രതിസന്ധികള്‍ക്ക്‌ ഉത്തരം തേടുമ്പോള്‍ നമ്മുടെ രാഷ്ട്രീയ വ്യവസ്ഥിതി കൂടി ചര്‍ച്ച ചെയ്യേണ്ടി വരും. ലോകത്ത്‌ നടന്നു കഴിഞ്ഞ, നടന്നു കൊണ്ടിരിക്കുന്ന രാഷ്ട്രീയ സംഭവ വികാസങ്ങളും ഉള്‍പ്പെടുത്തി ചിന്തിച്ചാല്‍ മാത്രമേ ഒരു പരിഹാരം കാണാന്‍ കഴിയുകയുള്ളൂ. ഒരര്‍ത്ഥത്തില്‍ അത്തരം മൂവ്മെന്റുകള്‍ പലയിടത്തും ഉയര്‍ന്നു വരുന്നുണ്ട്. പ്രതീക്ഷക്ക് വകയുണ്ട് എന്നര്‍ത്ഥം.

(ഈ അഭിമുഖത്തിന്റെ തുടര്‍ന്നുള്ള ഭാഗം ഉടനെ eപത്രത്തില്‍ വരുന്നതാണ്.)

- ജെ.എസ്.

വായിക്കുക: ,

3 അഭിപ്രായങ്ങള്‍ »

ഖനനം തുടരാന്‍ ഫ്രെഞ്ച് സിമന്റ് കമ്പനിക്ക്‌ അനുമതി

July 7th, 2011

lafarge-cement-conveyor-epathram

ന്യൂഡല്‍ഹി : വന്‍കിട ഫ്രെഞ്ച് സിമന്റ് കമ്പനിക്ക്‌ പരിസ്ഥിതി വകുപ്പ്‌ പുതുക്കി നല്‍കിയ അനുമതി പത്രത്തിന്റെ ബലത്തില്‍ ഖനനം തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മേഖാലയയിലെ ഖാസി മലകളില്‍ ലഫാര്‍ജെ എന്ന ഫ്രെഞ്ച് സിമന്റ് ഭീമന്റെ 255 മില്യന്‍ ഡോളര്‍ സിമന്റ് നിര്‍മ്മാണ പദ്ധതി വന അതിര്‍ത്തിക്കകത്താണ് എന്നും ഇതിനാല്‍ ഇത് തടയണം എന്നും തദ്ദേശവാസികള്‍ ആവശ്യപ്പെട്ടിരുന്നു.

ഏറെ പരിസ്ഥിതി സംവേദനക്ഷമമായ പ്രദേശമായതിനാല്‍ ഇവിടെ സിമന്റ് ഫാക്ടറിക്കായിഖനനം നടത്താന്‍ പാടില്ല എന്ന് 2010ല്‍ കോടതി വിധിച്ചതായിരുന്നു. ഇതിനെതിരെയുള്ള ലഫാര്‍ജെ യുടെ ഹരജിയാണ് ജസ്റ്റിസ്‌ എസ്. എച്ച്. കപാഡിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക ബെഞ്ച്‌ പരിഗണിച്ചത്‌.

ഇതേ തുടര്‍ന്ന് പരിസ്ഥിതി വനം വകുപ്പ്‌ കമ്പനിക്ക് ഖനനാനുമതി നല്‍കുകയായിരുന്നു.

ഖാസി മലകളില്‍ നിന്നും ഖനനം ചെയ്തെടുക്കുന്ന ചുണ്ണാമ്പ്‌ കല്ലുകള്‍ 17 കിലോമീറ്റര്‍ നീളമുള്ള ഒരു കണ്‍വേയര്‍ ബെല്‍റ്റ്‌ വഴി ബംഗ്ലാദേശിലെ സിമന്റ് ഫാക്ടറിയില്‍ എത്തിച്ചാണ് സിമന്റ് നിര്‍മ്മിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

20 of 43« First...10...192021...3040...Last »

« Previous Page« Previous « ജര്‍മ്മനി ആണവ നിലയങ്ങള്‍ പൂര്‍ണമായും നിര്‍ത്തലാക്കി
Next »Next Page » നമുക്ക് വേണ്ടത് ജൈവ രാഷ്ട്രീയം : സി. ആര്‍. നീലകണ്ഠന്‍ »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010