തിരിച്ചറിവ്‌ – ശ്രീജിത വിനയന്‍

June 28th, 2009

cat-and-dog
 
നീ എന്റെ സുന്ദരി പ്പൂച്ച.
ഒരു കണ്ണു ചിമ്മലിലൂടെ ഒരു കുഞ്ഞി ക്കരച്ചിലിലൂടെ
നീ നിന്റെ ആവശ്യങ്ങള്‍ നേടി എടുത്തു
വയറു നിറയുമ്പോള്‍ സ്നേഹം നടിച്ച്‌ നീ എന്റെ
കാലില്‍ മുട്ടിയുരുമ്മി
അലിവോടെ നിന്നെ എടുത്തപ്പോള്‍
കുറുങ്ങിക്കൊണ്ട്‌ എന്നോട്‌ പറ്റിച്ചേര്‍ന്നു
പാവം തോന്നി ഞാന്‍ എന്റെ കിടക്കയില്‍ നിന്നെ കിടത്തി ഉറക്കി
പാതിരക്കെപ്പോഴൊ കണ്ടെത്തിയ എലിയെ ഭക്ഷണമാക്കാനുള്ള
തിരക്കില്‍ നീ എന്റെ മുഖം മാന്തി കീറി.
വേദന കൊണ്ട്‌ ഞാന്‍ കരയുമ്പോള്‍ പുറത്തു കൂട്ടിലടക്കപ്പെട്ട നായക്കുട്ടി
എന്നെ രക്ഷിക്കാന്‍ വെണ്ടി കുരച്ചു കൊണ്ട്‌ കുതറി പ്പിടയുന്നതു കേട്ടു
നിന്റെ സൗന്ദര്യത്തില്‍, സ്നേഹ കൊഞ്ചലില്‍
ഞാനവനെ മറന്നേ പോയിരുന്നല്ലോ…
 
ശ്രീജിത വിനയന്‍

- ജെ.എസ്.

വായിക്കുക:

3 അഭിപ്രായങ്ങള്‍ »

എന്റെ അമ്മയുടെ പേരില്‍ കമലാദാസിന് ആദരാഞ്ജലി – മധു കാനായി കൈപ്രത്ത്

June 10th, 2009

madhavikutty
 
അമ്മേ ദാ വരുന്നു നിന്നരികിലോട്ട്
നമ്മള്‍ തന്‍ പ്രിയകൃത്താം കഥാകാരി
ഹരിശ്രീ കുറിച്ചവള്‍ വിഹരിച്ചൊര-
ക്ഷരമാലയാല്‍ അനശ്വരമാക്കി
പുഷ്പവൃഷ്ടിയാം ഓര്‍മ്മതന്‍ മകുടത്തില്‍
തിലകം ചാര്‍ത്തി, സ്വതന്ത്രയായി ആറാടി-
യിന്നസ്തമിച്ചു…
 
നീരാട്ടുകടവില്‍ നിന്നും പറന്നുയരവേ
ഇവിടെയീക്കരയില്‍നിന്നും ഞാന്‍ മേല്പോട്ടു-
നോക്കി കണ്ണുനീര്‍ ബാഷ്പങ്ങള്‍
സാന്ത്വനിപ്പിക്കുമാ പറവയെ…
 
അസ്തമയ തല്‍ക്ഷണം മിന്നി പായുമാ-
ആത്മ കണങ്ങളിലോട്ടായിരം
ആദരാഞ്ജലികളര്‍പ്പിക്കുന്നു ഞാന്‍…
 
വിട ചൊല്ലിയിവിടം വിട്ടകന്ന അറുപ-
ത്താറിലെ ഏഷ്യതന്‍ മികച്ച കവയിത്രിയെ-
കാത്ത് സ്വീകരിക്കാനായ് പണ്ടേ പോയൊ-
രെന്റമ്മയുണ്ടവിടെ… മുമ്പേ കൊഴിഞ്ഞ്
കിളിയായ് പറന്നു പോയി…
കണ്ടു മുട്ടൂ നീയാ അമ്മയെ പരലോകത്തു സന്ധിക്കൂ…
 
കാവ്യമാം ഖ്യാതിയില്‍ ഭാഷ പൊലിമയില്‍
മാലോകരില്‍ കുളിര്‍ വാരി വിതറി നീ
കഥയിലൊരായിരം വാക്കുകള്‍ പ്രണയാര്‍ദ്ര-
പുഷ്പമായ് പ്രണേതാക്കളില്‍ വിടര്‍ത്തി നീ
 
കവിതാസ്വാദനത്തിന്‍ സത്ത രചിച്ചു
പുതുപുത്തന്‍ രസമിസൃണം നിണ-
ത്താല്‍ ‘സരസ്’ ആയി വളര്‍ന്നു നീ…
 
പ്രകൃതി പ്രപഞ്ച വിലാസ വിലോലമായി
നിര്‍ഭയം കാത്തവള്‍-
ഭാഷ തന്‍ മാറു മറക്കാതെ സംസ്ക്കാര നൈപുണ്യ-
വിത്തിനെ വീഞ്ഞാക്കി
ലഹരിമത്താക്കി നമ്മെ നീ!
 
യാഥാര്‍ത്ഥ്യ ഭാവത്തിന്‍ മൂര്‍ത്തിമത്‌ശിഖരത്തില്‍
ദീപശിഖ നാട്ടി താരമായ് മിന്നി
മാധവി കുട്ടി തന്‍ ശൈലിയില്‍ മറുഭാഷയും
ലാളിച്ചു ചില്ലില്‍ ഇലാസ്തികം ഏറുമാമട്ടില്‍
ഉലാത്തി വാഗ്മിത്ത സാഹിത്യ പ്രസരണം…!
 
നീ തന്‍ മനമുരുകിയൊഴുകുന്നിതീ സാഹിതി
പുരുഷാരത്തിലേക്കാര്‍ദ്ര ശുഭ്രമാം വിരചിതം,
ഭാഷതന്‍ കിരണങ്ങളതേറ്റു നറുപുഷ്പ സുഗന്ധ
ശയ്യയില്‍ നിന്നും സുരയ്യയാം നിന്നെ ഞാന്‍ വാഴ്ത്തീ…
 
ഇന്നുള്ള ‘മലയാള ലോക’ത്തിന്‍ ഭാഷയില്‍
ഒരു ഭീമ മതിലകം തീര്‍ത്തു നീ
ഒരു ഭീമ മതിലകം തീര്‍ത്തു നീ…
ആര്‍ജ്ജിക്കാനായിവിടെ നമുക്കാര്‍ജ്ജവമാം സമാഹാര
കഥാ കവിതകള്‍ സമ്മാനമായിയഥാ…
 
അതിര്‍ വരമ്പൊന്നില്ലാതെ മേളിപ്പിച്ചു സര്‍വ്വതും
ഞെട്ടാതെ നിര്‍ഭയം കരുണയാല്‍ സ്നേഹരസ-
ചില്ലയില്‍ സാഹസം നഗ്നമായി ഹൃദയ കവാടം
തുറന്നു ഭാഷതന്‍ ശ്രീകോവിലില്‍ സരസ്വതിജിഹ്വയില്‍
വിളയാടവേ…
 
അക്ഷരം തുപ്പാതിറക്കുവാന്‍ ക്ലേശിച്ചു
മാറ്റുരച്ചു പുത്തന്‍ സൃഷ്ടിക്കു വിത്തു നട്ടു
ഊതി കാച്ചിയ പൊന്നു പോല്‍ മാധവി
നീയെന്ന ഭാഷതന്‍ പട്ടു നൂലായി മാറി
നൂല്‍ നൂറ്റു സ്രാവ്യമാം ഭാഷാ സ്രോതസ്സായി
ശതസഹസ്രാം വായനക്കാരേ വാര്‍ത്തു നീ…
 
എന്‍ പ്രാത സ്മരണ സുഖത്തെ വീര്‍പ്പുമുട്ടി-
ച്ചിന്നീ പ്രഭാതമിടവ പാതിയില്‍ നില്‍ക്കേ ഞാന്‍-
കേട്ടുയീ ദുഃഖ വാര്‍ത്ത, ഇനി നീയില്ലെന്നതെന്നെ-
കണ്ണീരിലാഴ്ത്തീ… യാ നിമിഷം. അണപൊട്ടി
യൊഴുകുന്ന ദുഃഖമമര്‍ത്തി പിടിച്ചു വിങ്ങവേ…
 
അമ്മേയെന്നൊരാഴത്തിലെന്‍ ധ്വനി മുഴക്കി-
പെട്ടെന്നൊരശരീരി പോലെന്‍ ശ്വാസത്തില്‍
കലര്‍ന്നുവെന്നമ്മതന്‍ ശബ്ദം,
പണ്ടേ പോയൊരമ്മയെന്‍ നെഞ്ച് പിടച്ചല്‍ കേട്ടു
കൊണ്ടോതി, മകനേ കരയരുത്,
മാധവിക്കുട്ടിയെന്റരികിലേക്കല്ലേ വരുന്നത്
കരയാതിരിക്കൂ ആത്മാക്കളെ ഓര്‍ത്തു നീ,
അമ്മക്കു ഹിതമുള്ള സമ്മാനമായ് കാവ്യ-
ശകലങ്ങളിത്തിരി കമലയെ കുറിച്ചോതു നീ
ഇവിടം അവള്‍ക്കു നല്‍കുവാനായി മധുവൂറുന്ന
വാക്കുകള്‍ മാധവിക്കായ് രചിക്ക നീ…
 
തെല്ലും ഖേദമില്ലാതെ ഇനിയും നിന്‍ തലമുറ
പിച്ച വെയ്ക്കുമ്പോള്‍
അമ്മേ എന്നു വിളിച്ച നാവിലെ വിളിക്കുമേറെ
നിന്റമ്മ തന്‍ സുഹൃത്തായ കവയിത്രിയെ ഭാഷാ-
കമലത്തോടെ സ്മരിക്കൂ നീ,
നിന്‍ ഹൃദയ പത്മത്തില്‍ അനുശോചന-
മര്‍പ്പിക്കയീ ദിനം ആത്മശാന്തിയേകിടാന്‍…
 
അമ്മേ എന്നാത്മ വലയത്തിലേലസ്സു നഷ്ടമായ്
ഹൃദ്യമാം സാഹിത്യഭക്തിതന്‍ സ്ഫടിക’കോരിക’
ചരടാക്കി മാറ്റി, ഒരരഞ്ഞാണമതിലൊരാലില
കോര്‍ത്തു അണിയിച്ചു ഞാന്‍ പുതു തലമുറയെ,
ഏഷ്യതന്‍ ‘വമ്പ’യെ കുറിച്ചെന്‍ മക്കളിന്‍
കാതിലില്‍ ഓര്‍മ്മിപ്പിച്ചു
അവള്‍തന്‍ സാഹിത്യകൌതൂഹല കഥ
ഭിന്നമായ് നിന്നവളേവരില്‍ നിന്നുമാ
വിപ്ലവ ശൂര്യമാം ദൈനംദിനത്തിനെ
മാറോടു മെയ്പൂകിയേതോ…
ഒരമൃതേത്തിന്‍ തൃനെറ്റിയില്‍
പ്രഭാപൂരതരിശുഭസ്മമാം സുഗന്ധത്തില്‍
യുവതലമുറതന്‍ കൈവിരല്‍ പിടിച്ചും കൊണ്ട്
സ്മരണാഞ്ജലിയര്‍പ്പിക്കുന്നു നാം,
ആത്മാവിന്നു ശാന്തി… ആത്മാവിന്നു ശാന്തി.
 
madhu-kanayi-kaiprath
 
മധു കാനായി കൈപ്രത്ത്
 
 

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

പ്രണയത്തിന്റെ കാണാപ്പുറങ്ങള്‍ – സൈനുദ്ധീന്‍ ഖുറൈഷി

May 11th, 2009

പ്രണയത്തിന്‍ സ്മാരക ശില
പ്രതാപത്തിന്‍ ആഗ്നേയ ശില
പ്രളയത്തില്‍ ഇളകാ ശില
പ്രണയിനികള്‍ നെഞ്ചേറ്റും ശില.

സിംഹാസനങ്ങള്‍ മറന്ന
അടിയറവിന്റെ സ്മൃതി കുടീരം.
പിരമിഡുകളില്‍ ഒളിച്ച
ഫെറോവമാരുടെ
തലച്ചോറ് കയ്യിലൊതുക്കിയ
ബോധസുന്ദരികളുടെ പ്രണയം.

യൂസഫിനെ കാമിച്ച-
രാജപത്നിയുടെ പ്രണയം.
പ്രണയത്തിനാധാരം
വൈരൂപ്യമല്ലെന്നു-
കരാംഗുലികള്‍ മുറിച്ച്
മിസ്റിലെ ഹൂറികള്‍.

പ്രണയിനികള്‍
നാശ ചരിത്രത്തിലെ
തീരാ പ്രവാഹം, വായിച്ചു
തീരാത്ത പുസ്തകവും.

സൌന്ദര്യം അളവാകവേ
നശ്വരമീ പ്രണയം,
സൌന്ദര്യം നാന്ദിയാകവേ
പ്രണയം ഭൌതികം,
ഭോഗ സുഖങ്ങളിലോടുങ്ങവെ
പ്രണയം നൈമിഷകവും.

ഒരു ഭോഗത്തില്‍ മരിച്ചു്
മറു ഭോഗത്തിലേക്ക്
പുനര്‍ജനിക്കുന്ന പ്രണയം.
ലാസ്യ വിഭ്രമങ്ങളില്‍
ജ്വര തരള യാമങ്ങളില്‍
ചുടു നെടു ഞരമ്പുകളില്‍
അമ്ല വീര്യത്തില്‍
ത്രസിക്കുന്ന പ്രണയം.

അകലെയുള്ളപ്പോള്‍
കൊതിക്കുന്ന പ്രണയം
അരികിലുള്ളപ്പോള്‍
മടുക്കുന്ന പ്രണയം.

ആത്മീയമാകുമ്പോള്‍
പ്രണയം ദിവ്യമാണ്.
തത്പത്തില്‍ നിന്ന്
“ഹിറ”യിലേക്കും
ഭോഗശയ്യയില്‍ നിന്ന്
ബോധി വൃക്ഷത്തണലിലേക്കും
കുരിശിലെ പിടച്ചില്‍
ചിരിയിലേക്കും സംക്രമിക്കുമ്പോള്‍.

ആലങ്കാരികതയില്‍
പ്രണയം താജ് മഹല്‍ !
വെണ്മയില്‍ ചൂഷണം മറച്ച്
കമിതാക്കള്‍ക്ക് ഹത്യയുടെ ചോദനയായി
താജ് മഹലിന്റെ പ്രണയം!

സൈനുദ്ധീന്‍ ഖുറൈഷി

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഭ്രാന്തിന്റെ പുരാവൃത്തം – സൈനുദ്ധീന്‍ ഖുറൈഷി

April 26th, 2009

ഒരമ്മയുടെ
തീരാ ദുഖമാണ് ഞാന്‍!
നിരുത്തര വാദിയാ യോരച്ഛന്റെ
തിരുത്താ നാവാത്ത തെറ്റും!
പ്രതാപവും യശസ്സു, മറിവും
പ്രളയമായ് ശിരസ്സേറിയിട്ടും
സോദര ദൌത്യം മറന്ന
കൂടപ്പിറപ്പുകളുടെ അവഗണന ഞാന്‍!
വായുള്ള പിള്ള പിഴക്കുമെന്നച്ഛന്‍
പള്ള പിഴപ്പിക്കുമെന്നു ലോകരും.!
 
ഒരു കുന്ന്, ഒത്തിരി കല്ലുകള്‍.
ഭ്രാന്തനാക്കിയ മാലോകരുടെ
ശിരസ്സാണെന്‍ ലക്ഷ്യമെ ന്നാരരിഞ്ഞു!
ഉരുണ്ടു കയറിയ തത്രയുമെന്‍
ഉള്ളിലുറഞ്ഞ അമര്‍ഷമെ ന്നാരറിഞ്ഞു!
ലക്‌ഷ്യം തെറ്റി നിപതിച്ച
ശിലകളുമെന്നെ നോക്കി ചിരിച്ചു
ഭ്രാന്തനെന്നുറക്കെ പറയാന്‍
ഭൂലോകരേയും പഠിപ്പിച്ചു.
 
എന്നെ ചതിച്ചൊരാ കല്ലുകള്‍ കൂട്ടി
എന്റെയൊരു വൈകൃതം
കുന്നിന്‍ നിറുകയില്‍.
ശ്വസിക്കുന്ന ഞാനും
ശ്വസിക്കാത്ത പ്രതിമയും
ഒന്നെന്ന് പറയും പോലെ .
 
വാഴ്വുള്ള കാലത്ത്
വായു നല്കാത്തവര്‍
വായുവി ല്ലാത്തപ്പോള്‍
വാഴ്ത്തുന്നു മലരിട്ട് !
ആരോ ചെയ്ത പാപം പേറി
ഒരു ജന്മമത്രയും ഭ്രാന്തനായോന്‍!
വേണ്ടത് നല്‍കാതെ
വേണ്ടാത്ത തനുഷ്ടിക്കും
വിവസ്ത്രനാം ഭ്രാന്തന്‍
ഞാനോ… നിങ്ങളോ..???
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഉമ്മ – സൈനുദ്ധീന്‍ ഖുറൈഷി

April 13th, 2009

ഒരു സ്നേഹ ചുംബനത്തിന്‍ പൊരുളൊളിപ്പിച്ചാ-
പദം പോലുമെത്ര മുദാത്തമത്രേ..!!
ശ്രേഷ്ഠമൊരു സൃഷ്ടിയുടെ തെളിവിനാധാരം
ഉമ്മയെന്ന രണ്ടക്ഷരത്തിന്‍ ഉണ്മയല്ലോ!
 
കാല പരിമാണ ത്തിലെത്ര ഋജുവെങ്കിലും
കണക്കി നതീതമാ പത്തു മാസങ്ങള്‍!
ഹൃത്തടം മുറ്റി ത്തുളുമ്പുന്ന സ്നേഹ ത്തിനാഴം
ഉള്‍കടല്‍ പോലു മുള്‍ക്കൊ ള്ളില്ലെന്നു സത്യം.
 
ദുരിത ഭാരങ്ങളില്‍ പരിതപി ക്കുമ്പൊഴും
നെഞ്ചോ ടമര്‍ത്തി മുലയൂട്ടി യുറക്കി, ഗദ്ഗദം-
നെഞ്ചില്‍ ഒതുക്കി,യടരുന്ന കണ്ണീര്‍ കണങ്ങളെ
കവിളില്‍ പതിക്കാതെ യുറക്കമു ണര്‍ത്താതെ..!
പിച്ച വയ്ക്കുന്ന പാദങ്ങളല്ല തുമ്മയുടെ-
പച്ചയാം സ്വപ്‌നങ്ങള്‍ തന്‍ ചിറകടി യൊച്ച പോല്‍!!
 
അരുതായ്മ കാണുമ്പോള്‍ പൊട്ടി കരഞ്ഞു കൊണ്ട-
രുതെ യെന്നുപ്പയോ ടെതിരിടാനുമ്മ…!
കരുതലാല്‍ കരളിന്റെ സ്പന്ദനം പോലും
ഒരു മാത്ര നിശ്ചലം നില്‍ക്കുവാനും മതി.
 
ഋതു പരിണാമങ്ങളെ കുതുകി യായെതിരേറ്റ്
കതകിന്റെ പുറകിലൊരു തേങ്ങലായ് നില്ക്കവേ
ഭയ ചകിത രാത്രികളെ കണ്‍ചൂട്ട് കത്തിച്ച്‌
ഇരുളിന്‍ തുരുത്തുകളെ കടലെടുക്കുന്നവള്‍ !!
 
കത്തിച്ചു വെച്ച മണ്‍ വിളക്കിന്റെ മുന്നിലായ്
കത്തിയെരിയും മനസ്സിന്‍ നെരിപ്പോടുമായ്
ഒട്ടിയമര്‍ന്ന വയറൊളി പ്പിച്ചന്നുമ്മ
ഇഴ ചേര്‍ത്ത നാരുക ളത്രയും ജീവന്റെ
കണികയായിന്നും സിരകളില്‍ ഒഴുകുന്നു.
കൈ വെള്ളയി ലഴലിന്റെ അടയാളമെന്ന പോല്‍
ഇന്നും കിടക്കുന്നു മായാ തഴമ്പുകള്‍ ..!!
 
ഉദരം ഉണങ്ങി പിന്നെ യധരവുമെങ്കിലും
ചുരത്താന്‍ മറക്കില്ലുമതന്‍ മുലപ്പാല്‍!!
പാഴ് വെള്ള മന്തിക്ക് അത്താഴമാക്കുവോള്‍
പഴം കഞ്ഞിയൂറ്റി വറ്റേകു മുണ്ണിക്ക്…
 
മഴക്കാര്‍ മാനമില്‍, മഴയുമ്മ തന്‍ മിഴികളില്‍,
മീനത്തില്‍ പൊരിയുന്ന വെയിലു ള്ളിലുമ്മക്ക്.
ഗ്രുതുഭേദമെത്ര പോയ്പോയാ ലുമുമ്മതന്‍
ഹൃദയത്തിലൊരു കുഞ്ഞു മുഖമത്രെ നിത്യം!!
 
കാല പ്രയാണത്തില്‍ കരിയില ക്കീറു പോല്‍
കാല ഹരണ പ്പെടുന്നു ബന്ധങ്ങളെങ്കിലും
കണ്ണില്‍ കിനാവിന്റെ ദീപം കെടുത്താതെ
കാത്തിരി ക്കാനുമ്മ മാത്ര മീയുലകില്‍!!!
നിശ്വാസ വായു വിന്നന്ത്യ ഗമനത്തിലും
നിര്‍ന്നി മേഷമാ മിഴികള്‍ തിരയു ന്നതൊന്നേ…
നിനവു കളൊക്കെയും മക്കള്‍ക്കു വേണ്ടി !
കനവു കളൊക്കെയും മക്കള്‍ക്കു വേണ്ടി !
 
ഒരു മാത്രയീ ഖബറിന്റെ മൂക സാക്ഷിയാം കല്ലില്‍
കാതൊന്ന ണച്ചാല്‍ ശ്രവിക്കാം സുതാര്യമാം
വത്സല്യ മൂറിത്തുളമ്പും മനസ്സിന്റെ
എന്നും നമ്മുക്കായ് തുടിക്കുന്ന സ്പന്ദനം
 
സൈനുദ്ധീന്‍ ഖുറൈഷി

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

Page 8 of 12« First...678910...Last »

« Previous Page« Previous « ‘തുമ്പികളുടെ സെമിത്തേരി’ സദാ സ്പന്ദിതമാണ്
Next »Next Page » ഭ്രാന്തിന്റെ പുരാവൃത്തം – സൈനുദ്ധീന്‍ ഖുറൈഷി »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine