‘തുമ്പികളുടെ സെമിത്തേരി’ സദാ സ്പന്ദിതമാണ്

April 12th, 2009

‘തുമ്പികളുടെ സെമിത്തേരി’ സദാ സ്പന്ദിതമാണ്. ഹൃദയങ്ങള്‍ കൊണ്ടുള്ള കൂദാശപ്പള്ളി പോലെ ഹൃദയങ്ങള്‍ കൊണ്ടുള്ള സെമിത്തേരി. സ്മൃതി ലയങ്ങള്‍ കാല ഭേദങ്ങളില്‍, ഭേദനങ്ങളില്‍ മിടിച്ചു കൊണ്ടിരിക്കുന്ന ഘടികാര ശാല. ഇവിടെ ഒരാളിന്‍റെ അന്തരാ മൊഴിയുണ്ട്. അയാള്‍ ഒപ്പം നടക്കുവാ നാരുമില്ലാ ത്തവനാ ണെങ്കിലും ഓര്‍ക്കാനും മറക്കാനും ഒരു പാടുള്ള വനാണ്. ഒരാളായി മാത്രം ഉള്‍വലിഞ്ഞ് ‘അന്യന്‍’ ആകുന്ന അവന്‍ അല്ല, ഒപ്പം പെങ്ങളും അപ്പനും അവളും അമ്മയും മഞ്ചാടിയും പുളിങ്കുരുവും മീനും അയല്‍ക്കാരനും കടങ്കഥയും കസേരയും കളഞ്ഞു പോയ താക്കോലും അടങ്ങിയ വേണ്ടപ്പെട്ട കുടുംബ സ്മൃതിയുണ്ട്. അയ്യപ്പ പണിക്കരുടെ കുടുംബ പുരാണത്തിലെ പ്രവാഹ ഗതിയോ ചെണ്ട മേളമോ അഭിജാത പരിവേഷമോ ഇല്ല, ഇടയ്ക്കയുടെ ദിവ്യ വാദനത്തിന്‍റെ സ്പന്ദ കണങ്ങള്‍ ആണ്. കണങ്ങള്‍ സൂക്ഷ്മമാണ്. പെയ്തൊഴിഞ്ഞ ഭൂമിയുടെ ഉടലിലും അന്ത: കരണത്തിലും അബോധത്തിലും സ്പര്‍ശവും സുഗന്ധവുമാകുന്ന നനവുകള്‍ ആണ്. ശോക സ്ഥായിയില്‍ അന്തര്‍ വാഹിനിയായ മുഖാരിയാണ്. വ്യത്യസ്ഥമായ ചായ ക്കൂട്ടില്‍ ജലം മുറിച്ചും മണ്ണു പിളര്‍ന്നും വിലങ്ങനെ അന്തരീക്ഷത്തിലും എഴുന്നു നിരക്കുന്ന ഹൃദയങ്ങള്‍ ആണ്. നനവിന്‍റെ അനപ്പും നയന ദൃശ്യങ്ങളുടെ വ്യതിരിക്തതകളും.
 
– ഡി. വിനയചന്ദ്രന്‍
 
(വി. ജയദേവിന്‍റെ തുമ്പികളുടെ സെമിത്തേരിയ്ക്ക് എഴുതിയ അവതാരികയില്‍ നിന്ന്.)
 

 
പുസ്തകത്തിലെ ചില കവിതകള്‍ 
 
മറഞ്ഞിരിപ്പത്
 
കസേരകളിയില്‍ നിന്ന്
അവസാനത്തെ കസേരയും
എടുത്തു മാറ്റിയതാരെന്ന്
എനിക്കറിയില്ല. പക്ഷെ,
ആ കസേര യെവിടെയെന്ന്
എനിക്കറിയാം.
 
നമ്മളവി ടിരുന്നെ പ്പോഴോ
സംസാരിച്ചിട്ടുണ്ട്
എപ്പോഴോ മേഘങ്ങളെ തൊട്ടുരു മ്മിയിട്ടുണ്ട് .
മിന്നല്‍ പ്പിണര്‍ പ്പട്ടങ്ങളെ
തൊട്ടു നോക്കിയിട്ടുണ്ട്.
 
കസേര കളിയുടെ നിയമം
എനിക്കറിയില്ല.
കസേരകളുടെ കാലുകള്‍
ഒടിഞ്ഞ തെന്നു മറിയില്ല.
പക്ഷെ, കളിപ്പിച്ചതാരെന്ന്
എനിക്കറിയാം.
 
കസേര കളിയി ലൊരിക്കലും
നീയുണ്ടാ യിരുന്നില്ല. പിന്നെ
ഞാനു മുണ്ടായി രുന്നില്ല.
 
***
 
 
കണ്‍മഷി
 
മഷി നോട്ടത്തിലു-
മതു കാണില്ല.
അവളത് വാക്കുകളുടെ
ഉള്ളിലങ്ങനെ
മറച്ചു പിടിച്ചിരിക്കും.
 
എത്ര സൂക്ഷിച്ചു നോക്കിയാലും
അതു കണ്ടെന്നു വരില്ല.
അവളതു കോട മഞ്ഞു
കൊണ്ടു പൊതിഞ്ഞു പിടിക്കും.
കണ്ണില്‍ നിന്നാ-
കാഴ്ചകളെ അഴിച്ചെടുക്കും.
എന്നിട്ടവയെ
പാപ്പാത്തികളായി
മനസിലേക്കു പറത്തും.
 
കുഴ മണ്ണു കൊണ്ടു
കൂടൊരുക്കുന്ന
വേട്ടാള നതറിയാം.
ആകാശം കോര്‍ത്ത്
അടയിരിക്കുന്ന
തുന്നാരന്‍ പിടയ്ക്കും.
 
ഓരോ പ്രാണനിലും
അമ്പു തറയ്ക്കുന്ന
കാട്ടാള നതെങ്ങനെ
അറിയാനാണ്.?
 
***
 
 
മടങ്ങി വരാത്തവ
 
മടക്ക ത്തപ്പാലിനുള്ള
കവറും സ്ററാമ്പും
വേണമായി രുന്നെന്ന്
അറിയുന്നത് നിന്‍റെ
പ്രണയ, മെന്നിലെക്ക്
ഒരിക്കലും തിരിച്ചു
വരാതിരു ന്നപ്പോഴാണ്.
 
ഓര്‍മക ള്‍ക്കുമൊരു
മേല്‍ വിലാസം
വേണ്ടിയി രുന്നെന്ന്
അറിയുന്നത് നി‍ന്‍റെ
പേരെഴുതിയ കാറ്റ്
ജനാല ക്കൊളുത്തുകളില്‍
ഒന്നും മിണ്ടാതെ
നിന്നപ്പോഴാണ്.
 
കൊള്ളിയാന്‍ വന്നുടഞ്ഞു
തൊടുന്ന നിലവിളി കൊണ്ടു
ഞാനെഴു തില്ലി തൊന്നും.
പകരം, ജീവിതം നനയുന്ന
പകലുക ളെയെടുത്തു
 
മനസിനു വെളിയില്‍
ജീവിതം തോരാനിടും.
ഈര്‍പ്പ ത്തിനെവിടെ
വേരെന്നു വെറുതേ
വിസ്മയിച്ചിരിക്കും.
 
***
 
 
ഇരുട്ടുന്നതിനു മുമ്പ്
 
ചൂണ്ട ക്കുരുക്കിലേക്ക്
വിരുന്നു തേടിപ്പോയ
മത്സ്യങ്ങ ളിതുവരെ
മടങ്ങി വന്നിട്ടില്ല.
രാവിലെ സൂര്യനിലേക്കു
പറന്നു പോയ
തുമ്പികളുമതെ.
പുലര്‍ന്നു വെന്നു കൂവാന്‍
പുരപ്പുറത്തു കയറിയ
കോഴി പ്പൂവനുമതെ.
 
മത്സ്യങ്ങള്‍ ചിലപ്പോള്‍
അങ്ങനെയാണ്.
ചുണ്ട ക്കുരുക്കിലെ
രുചിയിലങ്ങനെ
ഒരിരുപ്പിരിക്കും.
തുമ്പികള്‍ സൂര്യന്‍റെ
ചൂടിലങ്ങനെ
ഭൂമി മറന്നിരിപ്പാവും.
പകല്‍ പറയുന്ന
കോഴി അടുത്തതിന്
ചുമ്മാ കാത്തിരിക്കും.
 
രാത്രി യാവാ തിരിക്കാന്‍
ഭൂമിയുടെ വാതില്‍
മലര്‍ക്കെ തുറന്നിടുന്നത്
അറച്ചു വരുന്നൊരു കാറ്റ്.
 
പക്ഷെ, ഫലമെന്തുണ്ട്
തീന്‍ മേശയ്ക്കു ചുറ്റും
വിശപ്പത്രയും
നിലവിളിക്കെ.
 
***
 
 
പകുതിയുടെ അര്‍ത്ഥം
 
പല കാര്യങ്ങളും
പറഞ്ഞു കൊണ്ടിരി ക്കെയാവും
അവള്‍, പലതും
മറന്നു വച്ചതോ ര്‍ക്കുക.
ഒരു മഞ്ചാടി ക്കുരു മാല
പാതി കോര്‍ത്തു വച്ചത്,
ഒരു കടലാസ് വഞ്ചി
കടലാസില്‍
മടങ്ങി ക്കിടക്കുന്നത്,
എന്നോടെന്തൊ
പറഞ്ഞു നിര്‍ത്തിയത്.
 
ഒരു മയില്‍ പ്പൂവന്‍റെ പടം
അവള്‍ പെട്ടിയില്‍
അമര്‍ത്തി വച്ചിരുന്നു.
ഉമ്മറ പ്പടിയിലെ അളുക്കില്‍
ഒരു പാട് കുന്നി മണികള്‍.
ഞങ്ങള്‍ രണ്ടാളും
ചേര്‍ന്നു നില്‍ക്കുന്ന പടം
മനസില്‍ മടക്കി വച്ചിരുന്നു.
 
പലതും പറഞ്ഞി രിക്കേയാവും
അവള്‍, പലതും
മറന്നു വച്ചതോര്‍ക്കുക.
പാതി തീര്‍ന്നൊരു കഥ,
പാതി ബാക്കി വച്ച്
ഒരു കടങ്കഥ.
 
പല തവണ പെയ്യുവാന്‍
തുനിയു മ്പോഴാണ്
വരണ്ട മേഘങ്ങളെ
അവളോ ര്‍ക്കുന്നത്,
പാതി നിവര്‍ത്തിയ
ജീവിത മവളറിയുന്നത്.
 
***
 
 
വി. ജയദേവ് (തുമ്പികളുടെ സെമിത്തേരി)
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

പുഴ – സൈനുദ്ധീന്‍ ഖുറൈഷി

April 1st, 2009

പുഴ ഒഴുകുന്നു…
 
ഇന്നലെ വരെ അവളുടെ കൊച്ചലക്കൈകളില്‍
മുത്തമിട്ടു കലപില കൊഞ്ചിയ
പിഞ്ചു കുഞ്ഞിന്റെ വീര്‍ത്ത ജഡവുമായി
പുഴ ഒഴുകുന്നു…
 
കരയില്‍ , മഴയായ് പെയ്യുന്നോരമ്മയെ
കാണാതെ
പുഴയൊഴുകുന്നു…!!
 
കാഴ്ച്ചകള്‍ക്കപ്പുറമാണ് പുഴയുടെ നോവെന്ന്
കാണികളാരോ അടക്കം പറയുന്നു.
കര്‍ക്കടകത്തിന്‍ പ്രൌഡി യില്‍ ഊക്കോടെ
പുഴയൊഴുകുന്നു…!!
 
മകരത്തില്‍ മൃദു മഞ്ഞു ചൂടിയ പുലരിയില്‍
പിണക്കം നടിക്കുന്ന കാമുകി ആണിവള്‍
ഉള്ളില്‍ പ്രണയത്തിന്‍ ചൂടും,
പുറമെ തണുപ്പിന്‍ കറുപ്പുമുള്ള
നൈല്‍ തീരത്തെ ക്ലിയോപാട്ര പോല്‍.
പുഴ ഒഴുകുന്നു…
 
നിലാവ് പുണരുന്ന നിശകളില്‍
നേരറിവ് തെറ്റിയ മദാലസയാണ് പോല്‍!
തൂവെളള യാടയണ ഞ്ഞവള്‍ രാത്രിയില്‍
വശ്യ വിലോലയാം യക്ഷിയെന്നും ചിലര്‍…!!
 
ഉള്ളില്‍ ഘനീഭവിച്ചെത്ര ദുഃഖങ്ങള്‍ എങ്കിലും…
ഉറക്കെ ചിരിച്ചിവള്‍ ഇന്നുമൊഴുകുന്നു…!
പുഴ ഒഴുകുന്നു…
 
പുണരുവാന്‍ നീട്ടിയ കൈകള്‍ മടക്കിയോള്‍
പിന്നെയും കൊതിയോടെ കര നോക്കി നില്‍ക്കെ
അരികിലുണ്ടെങ്കിലും സ്വന്തമല്ലെന്നോര്‍ത്തു-
കരയുന്ന കരയുടെ കരളും പറിച്ചു
പുഴ ഒഴുകുന്നു…
 
ആരുമറിയാത്തൊരു തേങ്ങല്‍ ഒതുക്കി
ആരോടും പരിഭവിക്കാതെ,
കാമുക ഹൃദയത്തിന്‍ വെപതു അറിയാതെ
കടലിന്‍ അഗാധത യിലേക്കവള്‍ ഒഴുകുന്നു.
പുഴ ഒഴുകുന്നു…
 
സൈനുദ്ധീന്‍ ഖുറൈഷി

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

വിളവെടുപ്പ് – അനില്‍ വേങ്കോട്

March 1st, 2009

സ്നേഹം
വിതച്ചിട്ട് കാത്തിരിക്കുന്ന
ഒരു കുട്ടനാടന്‍ കര്‍ഷകനാണ്.

കുതിയില്‍ കുരുക്കിട്ടു പിടിക്കുന്ന
നായാട്ടുകാരനല്ല.

സുരക്ഷിത നിക്ഷേപങ്ങളില്‍
അടയിരിക്കുന്ന
സൂക്ഷിപ്പുകാരനല്ല.

സ്നേഹം
ദുരന്തങ്ങളെ
മണ്ണിലേക്ക് ചവിട്ടിക്കുഴക്കുന്ന
കാലിന്റെ കിരുകിരുപ്പാണ്.

കണ്ടങ്ങളിലേയ്ക് ചാലു വയ്ക്കാതെ
നിരന്തരമായി
തേവുന്നവന്റെ
ജീവന്‍ ഒഴുക്കുവയ്ക്കുന്ന
വേലിയിറക്കമാണ്.

ഭൂമിയോളം പോന്ന കാത്തിരുപ്പുകള്‍
അനന്തതകളില്‍ അലയ്ക്കുന്ന പ്രാര്‍ത്ഥനകള്‍..

സ്നേഹം
വിതച്ചിട്ട് കാത്തിരിക്കുന്ന
ഒരു കുട്ടനാടന്‍ കര്‍ഷകനാണ്.

ചാഴിയും മുഞ്ഞയും
കാറ്റും കടലും
കായലും കൊണ്ടു പോയതിന്റെ ശിഷ്ടം
കൊയ്തിനു ആളു കിട്ടാതെ
മഴക്കോള് നോക്കിയിരിക്കുന്ന
കുട്ടനാടന്‍ കര്‍ഷകന്‍

നനഞ്ഞ കതിരില്‍
പുതിയ ചിന പൊട്ടുന്നത് നോക്കി
നോവിനെ കൌതുകത്തിലേക്കു
വിവര്‍ത്തനം ചെയ്യുന്ന
കുട്ടനാടന്‍ കര്‍ഷകന്‍

അനില്‍ വേങ്കോട്

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

കൊട്ടിച്ചിരി – ടി. എ. ശശി

January 6th, 2009

നമ്മള്‍ ചേര്‍ന്നൊരു
നദിയായ് തീരില്ല
തണുപ്പിന്‍ കരയില്‍
ആര്‍ക്കില്ല പുല്ലുകള്‍
പാദങ്ങളറ്റ ഞാന്‍
അതില‌ുടെ നടക്കുമ്പോള്‍
ഉടയുന്നതെങ്ങിനെ
പളുങ്കിന്‍ തരികള്‍ .

നിന്‍റെ കണ്ണുനീര്‍
കാണുമ്പോഴും
വിറവാര്‍ന്ന ചുണ്ടിനെ
നീ വിരല്‍ തൊട്ടു
മറയ്കുമ്പോഴും; ഇല്ലല്ലോ
നിന്നെ മൊത്തം
മറയ്ക്കുന്ന വിരലുകള്‍
എന്നോര്‍ത്ത് ചിരി-
ക്കുന്നതെങ്ങിനെ
കരങ്ങളറ്റ ഞാന്‍
കൊട്ടിച്ചിരിക്കുന്നതെങ്ങിനെ.

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

ഹിജ്‌റ വര്‍ഷ (1430) – പുതുവര്‍ഷ (2009) – ആശംസകള്‍

December 31st, 2008

സ്വാഗതം

ഒരു വത്സരം വിണ്ണില്‍ മറഞ്ഞൂ…
നവ വത്സരം മണ്ണില്‍ പിറന്നു..

കാലത്തിന്‍ യവനികക്കുള്ളില്‍ മറയുന്നു,
വേനലും, വര്‍ഷവും, പറവയും, പൂക്കളും.,

ഓര്‍ക്കുക സഹജരേ മറഞ്ഞീടും നമ്മളും.,
കാലത്തിന്‍ കരകാണാ കയത്തിലൊരു ദിനം..

പഴിക്കല്ലെ കൂട്ടരേ അനന്തമാം കാലത്തെ..
കാലം ! അത്‌ ഞാനെന്നുചൊല്ലി കരുണാമയന്‍..

അവനില്‍ നിന്നല്ലോ; ക്ഷേമവും, ക്ഷാമവും..
ദിന രാത്രങ്ങള്‍ മറിക്കുന്നതവന്‍ തന്നെ..

കഴിയേണമെന്നും നാം ശുഭ പ്രതീക്ഷയില്‍.,
വിജയം സുനിശ്ചയം, ക്ഷമയുള്ളവര്‍ക്കെന്നും!

വിരിയട്ടെ നന്മയുടെ പൂവാടിയില്‍,
നറുമണം തൂകി, പുതു പൂക്കളെന്നും..

പറിടട്ടെ വെള്ളരി പ്രാവുകള്‍
സ്നേഹഗീതങ്ങള്‍ പാടി പാരിലെങ്ങും..

നീങ്ങിടട്ടെ അശാന്തിതന്‍ പുകമറ..
ഉണരട്ടെ ശാന്തിമന്ത്രം മാനവ ഹൃദയങ്ങളില്‍..

തളരട്ടെ യുദ്ധക്കൊതിയരുടെ കൈകള്‍.,
വിളയട്ടെ ഭൂമിയില്‍ മനുഷ്യസ്നേഹത്തിന്‍ കതിരുകള്‍..

നല്‍വഴി പുല്‍കിടാം, നന്മകള്‍ നേര്‍ന്നിടാം,
നവ വത്സരത്തിന്‍ നറുനിലാവില്‍..

ആശംസകള്‍… .. ആശംസകള്‍.. ..

ബഷിര്‍ പി. ബി. വെള്ളറക്കാട്‌

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

Page 9 of 12« First...7891011...Last »

« Previous Page« Previous « നന്ദി കാര്‍ക്കരെ… നന്ദി…
Next »Next Page » കൊട്ടിച്ചിരി – ടി. എ. ശശി »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine