കാനഡയിലെ ഒരു എന്‍ടര്‍ടെയിന്മെന്റ് ന്യൂസ് ഇപ്പോള്‍ ഇതാണ്. പ്രധാന മന്ത്രി സ്റ്റീഫന് ഹാര്‍പര്‍ ഹോളി കമ്മുണിയന്‍ എന്ന ആ വിശുദ്ധ അപ്പ കഷണം വിഴുങ്ങിയോ? അയാള്‍ തിന്നെങ്കിലെന്ത്, ഇല്ലെങ്കിലെന്ത്? നിങ്ങള്‍ ചോദിക്കുന്നു. പക്ഷെ, കത്തോലിക്കര്‍ക്ക് അതറിയണം. പ്രൊട്ടെസ്റ്റന്റ്റുകള്‍ക്കും ഇതറിയണം. ഒരു മരണാനന്തര ചടങ്ങില്‍ സ്റ്റീഫന്‍ ഹാര്‍പര്‍ പങ്കെടുത്തപ്പോള്‍ കാതോലിക്ക പുരോഹിതന്‍ നല്‍കിയ വാഫര്‍, കാനഡയില്‍ ഒരു വാഫര്‍ ഗേറ്റ് ആകുമെന്ന് നല്ലവനായ ഹാര്‍പര്‍ ഓര്‍ത്തു കാണില്ല.
ഈ അപ്പ കഷണം ഹാര്‍പര്‍ കൈ നീട്ടി വാങ്ങി. പിന്നീട് പ്രധാന മന്ത്രിയുടെ വദനത്തിലേക്കു കൈ ഉയരുന്നത് കണ്ടു. പക്ഷെ ആ കൈ അപ്പോള്‍ തന്നെ പോക്കറ്റിലേക്ക് താഴുന്നതും കണ്ടു. ഒരാള്‍ക്ക് നല്‍കാവുന്ന ക്രിസ്തുവിന്റെ ഏറ്റവും നല്ല സാന്നിധ്യം; അവസാന വിരുന്നില്‍ ക്രിസ്തു എല്ലാവര്‍ക്കും നല്‍കിയത്; ആ തിരുവത്താ ഴത്തിന്റെ കഷണം ഹാര്‍പര്‍ കഴിച്ചില്ലെങ്കില്‍ ഹാര്‍പര്‍ കാതോലിക്ക സഭയെ അപമാനിച്ചിരിക്കുന്നു. കഴിച്ചാലോ അയാള്‍ പ്രൊട്ടെസ്റ്റന്റ്റ് വിശ്വാസി അല്ലാതായിരിക്കുന്നു. ഇത് ദൈവ കുറ്റം എന്ന ബ്ലാസ്ഫെമി ആണ്. ദൈവത്തിനോട് മാപ്പ് പറയാം. പക്ഷെ, തന്നെ ജയിപ്പിച്ചയച്ച പ്രൊട്ടെസ്റ്റെന്റ്റുക ളോടെന്തു പറയും?
എത്രയോ മതാചാരങ്ങള്‍ നമ്മുടെ ഇടയിലുണ്ട്. പ്രാകൃത സമൂഹങ്ങളും വികസിത സമൂഹങ്ങളും ഇതില്‍ ഒപ്പമൊപ്പമാണ്. അതിഥി ഭക്ഷണം ബാക്കിയാക്കുന്നത് മലേഷ്യന്‍ മുസ്ലിങ്ങള്‍ക്ക് അപമാനമാണ്. വയറു നിറഞ്ഞു പാത്രത്തില്‍ ബാക്കി യാക്കുന്നതാണ് സിറിയന്‍ മുസ്ലിങ്ങള്‍ക്ക് ബഹുമാനം. സന്തോഷം.
ജോഷ് ഫ്രീടിന്റെ കോളം ആണ്' cultural blunders'. ജപ്പാനിലെ ഒരു പര്‍വതത്തി നടുത്തുള്ള ഒരു ഗ്രാമത്തില്‍ അയാള്‍ റിപ്പോര്‍ട്ടര്‍ ആയെത്തുന്നു. ചെരുപ്പ് ധരിച്ചു ബാത്ത് റൂമില്‍ പോയ അയാള്‍ തിരിച്ചു മുറിയിലെത്തി. മനോഹരമായ ഹാളും ബെഡ് റൂമും. ബെഡ്ഡിലേക്ക് കാലെടുത്തു വച്ചില്ല, തൊട്ടു പിറകില്‍ ഒരു അലര്‍ച്ച. ഷോക്കില്‍ തിരിഞ്ഞു നോക്കി യപ്പോള്‍ ഒരു ജപ്പാന്‍ സ്ത്രീ പറന്നു അയാളുടെ നേര്‍ക്കടുക്കുന്നു. നെഞ്ചില്‍ ഒരിടി. ഫുട്ബോള്‍ ചവിട്ടുന്നതു പോലെ. പിന്നെ ബലമായി അവള്‍ അയാളെ ബാത്ത് റൂമിലേക്ക് വലിച്ചു കൊണ്ടു പോയി. പിടിയുടെ ബലത്തില്‍ രണ്ടു പേരും തറയില്‍ വീണു. പ്രശ്നമിതാണ്: ബാത്ത് റൂമില്‍ വച്ചിരുന്ന ചെരിപ്പു പയോഗിക്കാതെ അയാള്‍ മുറികള്‍ മലിനപ്പെടുത്തി. അഴുക്കും അപമാനവും കൊണ്ടു വന്നിരിക്കു കയാണയാള്‍. ഇത് ശുദ്ധമാക്കുവാന്‍ ആ സ്ത്രീ എത്ര ദിവസങ്ങള്‍ തുടച്ചു കൊണ്ടിരിക്കുമെന്നോ!
അല്‍പ്പം ചാണക വെള്ളം തളിച്ച് ശുദ്ധമാക്കുന്ന വിദ്യ ജപ്പാനിലുണ്ടാവില്ല.
റബിയല്‍ അവ്വല്‍ 12ലെ നബിയുടെ ജന്മദിനത്തില്‍ പള്ളിയില്‍ പോയി ഞാന്‍ ചോറ് വാങ്ങാറുണ്ട്. രണ്ടു ദിവസം തിന്നാനുള്ളതുണ്ടാകും. നല്ല പോത്തിറച്ചി ക്കറിയും. വൈകീട്ട് വന്ന മുസ്ലിം സുഹൃത്തിനു കൊടുക്കുവാന്‍ ഒന്നും ഇല്ലാതിരുന്നതു കൊണ്ട് അതില്‍ നിന്നും അല്പം ചോറെടുത്തു കൊടുത്തു. തിന്നു കൊണ്ടിരുന്നപ്പോള്‍ അയാള്‍ ചോദിച്ചു, എന്താ സ്പെഷ്യല്‍? "മൌലിദിന്റെ ചോറാണ്," ഞാന്‍ പറഞ്ഞു. ഉടനെ അയാള്‍ വിഷം കഴിച്ച പോലെ ഞെട്ടി. വരാന്ത യിലേ ക്കിറങ്ങി ഓക്കാനിക്കുവാന്‍ ശ്രമിച്ചു. ഞാനും വല്ലാണ്ടായി. ഇത്ര കുറ്റമാണു ഞാന്‍ ചെയ്തതെന്ന് ഓര്‍ത്തില്ല. ബിദ് അത്തിന്റെ പങ്കു നല്കി ഞാന്‍ അയാളെ പാപ പങ്കിലനാക്കിയത്രേ. ന്യായമല്ലാത്ത മാര്‍ഗത്തിലൂടെ സമ്പാദിച്ച ധനം കൊണ്ടു നല്‍കിയ ഭക്ഷണം പോലും ഛര്‍ദ്ദിച്ചു കളഞ്ഞ ഖലിഫ അബൂബക്കറിന്റെ, ഹലാല്‍ ഭക്ഷണം കഴിക്കണമെന്ന പാഠം അയാള്‍ പറഞ്ഞു.
എല്ലാവരും, കൂടെ കൊണ്ടു നടക്കുന്ന വിശ്വാസങ്ങളുണ്ട്.
അതു കൊണ്ടാവും ഹാര്‍പര്‍ പോലും ആ ചെറിയ ഗോതമ്പുണ്ടയെ ഭയക്കുന്നത്.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്