21 October 2009
എനിയ്ക്കൊരു കാമുകനില്ല - ഉമ എം.ജി.എനിയ്ക്കൊരു കാമുകനില്ല കാരണം, ഒരു കാമുകന്റെയും സങ്കല്പത്തില് ഞാനില്ല. എല്ലാ കാമുകന്മാരുടെയും സ്വപ്നങ്ങള്‍ -ഭംഗികള്‍ നിറഞ്ഞവ, വര്‍ണങ്ങള്‍ പൊതിഞ്ഞവ, സംഗീതം പതഞ്ഞവ. നീണ്ട മുടിപ്പിന്നലു കള്‍ക്കിടയിലെ റോസാ ദളം, നാണം പൂക്കുമധരം, സുറുമയലിയും നയനം, വാക്കിലൊരു ഗാനം, നോക്കിലൊരു സ്വപ്നം . അല്ലെങ്കില്‍, വിരല്‍ത്തുമ്പില്‍ ചായവും മനസ്സില്‍ കവിതയും പാദങ്ങളില്‍ ചിലങ്ക മണികളും. ഇതൊന്നും എനിയ്ക്കില്ല . ഒരു കാമുകന്റെയും സങ്കല്പത്തില് ഞാനില്ല. എന്റെ സഖികള്‍- പഴയ സുഹൃത്തിനെ പുതിയ കാമുകനാക്കുമ്പോഴും, പഴയ കാമുകനെ പുതിയ സുഹൃത്താക്കുമ്പോഴും ഞാന്‍ ഒറ്റപ്പെടുന്നു. മാറ്റങ്ങളുടെ അനിവാര്യതയിലേയ്ക്ക് എന്റെ ചൂണ്ടുവിരല്‍ പുറം തിരിഞ്ഞു നില്ക്കുന്നു... ഞാന്‍ അവഹേളിക്കപ്പെടുന്നു... പരിഹാസ്യയാവുന്നു... കാരണം, എനിയ്ക്കൊരു കാമുകനില്ല . ഒരു കാമുകന്റെയും സങ്കല്പത്തില് ഞാനില്ല. ഇന്നലെവരെ എനിയ്ക്ക് ഏക ആശ്വാസം, പ്രതീക്ഷ -എന്റെ നുണക്കുഴികള്‍. നുണക്കുഴികളില്‍ കാമുകന്മാര് കാലിടറി വീഴാറുണ്ടെന്നും, തട്ടിപ്പിട ഞ്ഞെഴുന്നേറ്റ് പോകാന്‍ ശ്രമിക്കിലും അവര്‍ അതിന്റെ അഗാധതയിലേയ്ക്ക് പിന്നെയും കൂപ്പു കുത്താറുണ്ടെന്നും ഞാനെവിടെയോ, എവിടെയൊ ക്കെയോ വായിച്ചു. പക്ഷേ, ഇന്നലെ- ഒരുവനെന്നെ ദീര്‍ഘ നേരം നോക്കി ഒടുവില്‍ നിരാശയോടെ മൊഴിഞ്ഞു: - "ഈ നുണക്കുഴികള്‍ ആ സ്മിതയുടെ കവിളുകളി ലായിരുന്നു വെങ്കില്‍... !" എനിയ്ക്കൊരു കാമുകനില്ല കാരണം- ഒരു കാമുകന്റെയും സങ്കല്പത്തില് ഞാനില്ല.... - ഉമ. എം.ജി. Labels: uma-mg |
1 Comments:
കൊളളാം ...............സങ്കടം കൊണ്ടാണോ ഇതെഴുതിയത്?
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്