18 February 2008
കണ്ടറിയാത്തവന്‍ കൊണ്ടറിഞ്ഞ് മലയാളത്തെ അനുഭവിക്കട്ടെ
അമേരിക്കന്‍ ഐക്ക്യനാടുകളിലെ കെന്റുക്കി-യില്‍ നിന്ന് എത്തിയതായിരുന്നു അവര്‍. ജസ്റ്റിന്‍, കാലെബ്, ജോനാഥാന്‍, കൂടെ എലന്‍ഗോയന്‍ എന്ന തമിഴ് ഡോക്ടറും. ലക്ഷക്കണക്കിനു രൂപയുടെ മരുന്നുകളുമായി വടക്കെ ഇന്‍ഡ്യയില്‍ വന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തിയശേഷം, കേരളം കാണാനെത്തിയ വിദേശികള്‍. ഭര്‍ത്താവിന്റെ ജ്യേഷ്ടസഹോദരന്റെ സുഹൃത്തുകളായിരുന്നവര്‍. രണ്ടു ദിവസം വീട്ടില്‍ അതിഥികളായെത്തിയ സായിപ്പന്മാരെക്കണ്ട് ഇവരെന്തു തിന്നും എന്തു കുടിക്കുമെന്നു ആധിപിടിച്ച എന്നോടു ജ്യേഷ്ടന്‍ പറഞ്ഞത് അവര്‍ക്കു സാമ്പാറും, അവിയലും, കരിമീന്‍ പൊള്ളിച്ചതും കൂട്ടി ചോറു വേണമെന്നായിരുന്നു. ആകെ അത്ഭുതസ്തംബ്ദയാക്കിക്കൊണ്ടു അവര്‍ തീന്മേശമേല്‍ കൈവിരലുകള്‍കൊണ്ടു ചോറു വാരിക്കഴിച്ചു.(ചേര്‍ത്തുപിടിക്കാതിരുന്ന വിരലുകള്‍ക്കിടയിലൂടെ ചോറു ഊര്‍ന്നുപോകുന്നുണ്ടായിരുന്നു). മുരിങ്ങക്കോല്‍ വരെ ചവച്ചരച്ച് വിഴുങ്ങുന്നതുകണ്ട് എനിക്ക് ചിരി വന്നു. വെള്ള പൈജാമയും കുര്‍ത്തയും ധരിച്ച് യാത്രകള്‍ നടത്തി. പ്രഭാതനടത്തക്കു അടുത്തുള്ള വഴികളിലൂടെ നടക്കുന്നതില്‍ വിരോധമുണ്ടോയെന്നു അനുവാദം ചോദിച്ചു. ഒരോ പ്രവര്‍ത്തിയിലൂടെയും, പെരുമാറ്റച്ചട്ടങ്ങളുടെ രാജാക്കന്മാരാണവരെന്നു തോന്നിപ്പിച്ചു. കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളവും, ഉറങ്ങുമ്പോള്‍ കൊതുകുവലയുംവേണമെന്ന നിര്‍ബന്ധമേ അവര്‍ക്കുണ്ടായിരുന്നുള്ളു. രാവേറെ ചെല്ലുവോളം അവര്‍ ഭര്‍ത്താവിനോടും, ഭര്‍തൃസഹോദരനോടും കേരളത്തെക്കുറിച്ചും, മലയാളത്തെക്കുറിച്ചും സംസാരിച്ചിരുന്നു. അമ്മായിയമ്മയുടെ പരമ്പരാഗതവേഷമായ ചട്ടയും മുണ്ടും സാകൂതം നോക്കിയിരുന്ന് അതെക്കുറിച്ചുള്ള സംശയങ്ങള്‍ (എത്ര കഷണങ്ങള്‍ ആണു? വെള്ളനിറത്തില്‍ മാത്രമെ ഉള്ളോ? എന്നിങ്ങനെ..) ദൂരീകരിച്ചു. അറിയുന്നതൊന്നും മതിയാകുന്നില്ല എന്നു ധ്വനിപ്പിക്കുന്ന മുഖത്ത് വിസ്മയങ്ങളെപ്പോഴും ബാക്കി വെച്ചു.
രണ്ടു ദിവസങ്ങളെത്ര പെട്ടന്നു നടന്നുപോയി. യാത്രയായ നേരത്ത് കൂട്ടത്തില്‍ ഓമനമുഖമുള്ള ജസ്റ്റിന്‍ രഹസ്യത്തില്‍ ഒരാഗ്രഹം ഭര്‍ത്താവിനോട് പറഞ്ഞു, 'ഒരു മലയാളി പെണ്‍കുട്ടിയെ വിവാഹം കഴിക്കുമെന്ന്'. വീണ്ടും കാണാമെന്നു പറഞ്ഞ് കാലങ്ങള്‍ പഴക്കമുള്ള സുഹൃത്തുക്കള്‍ പിരിയുന്നതുപോലെ അവര്‍ പോയി. എന്തു കണ്ടിട്ടാണവര്‍ മലയാളത്തെ ഇത്ര കണ്ടിഷ്ടപ്പെടുന്നത്? നെഞ്ചു കീറിക്കിടക്കുന്ന റോഡുകളെ കണ്ടിട്ടോ? ആര്‍ക്കാണ്ടും വേണ്ടി തെളിയുന്ന വഴിവിളക്കുകളെ കണ്ടിട്ടോ? കക്ഷികള്‍ മാറിമാറി ഭരിച്ചു മുടിക്കുന്ന രാഷ്ട്രീയം കണ്ടിട്ടോ? അയല്‍പക്കത്തെ മരങ്ങള്‍ നമ്മുടെ മുറ്റത്തേക്കു നോക്കിയെന്ന പേരിലും. പൊഴിച്ചിടുന്ന ഇലകളുടെ പേരിലും വരെ തമ്മിലടിക്കുന്ന അയല്‍പക്കസ്നേഹത്തെ കണ്ടിട്ടോ? 15-ഉം,16-ഉം പ്രായമായ കന്യകമാരെ തട്ടിക്കൊണ്ടുപോയി കിലോമീറ്ററുകളോളം യാത്ര ചെയ്യിച്ച് ഭോഗിക്കുന്നതു അവരറിയുന്നില്ലേ? മണല്‍കാട്ടിലിരുന്ന് ഈ കുറിപ്പെഴുതുമ്പോള്‍ എന്താണു എനിക്ക് മലയാളമെന്ന ചോദ്യം വെറുതെ കയറിവന്നു. പ്രവാസം എന്നെ സംബന്ധിച്ചടത്തോളം ഒരു പറിച്ചുനടലല്ല. ഈമണലിലെന്റെ പാദങ്ങള്‍ പൂണ്ടു പോയിരിക്കുന്നു. 60-കളില്‍ മുത്തഛന്‍ കള്ളലോഞ്ചുകയറി അറേബ്യന്‍ മണലില്‍ കാലു കുത്തിയപ്പോള്‍ അദ്ദേഹം ഓര്‍ത്തിരുന്നുവോ മക്കളും, ചെറുമക്കളും, അവരുടെ മക്കളും ഈ മരുഭൂമിയുടെ സന്തതികളായി മാറുമെന്ന്? പണ്ടു ആത്മസുഹൃത്ത് അയച്ച കത്തില്‍ ചോദിച്ചു 'നീയെന്താണു നാട്ടില്‍ സ്ഥിരതാമസമാക്കത്തത്? ഒരു ജോലി കിട്ടാന്‍ പ്രയാസമുണ്ടാവില്ല, മലയാളത്തിന്റെ പച്ചപ്പു കണ്ടുണരാം. കുട്ടികള്‍ക്ക് ഇവിടെ പഠിക്കാമല്ലോ. മറുപടി ഇങ്ങനെ എഴുതി, മലയാളം ഹൃദയത്തിലുണ്ടു, പിന്നെ പവ്വര്‍കട്ട്, പാമ്പുകള്‍, പാമ്പുകളെക്കാള്‍ വിഷമുള്ള മനുഷ്യര്‍. എനിക്കിവിടം മതി. സമാധാനമുണ്ട്. നാടെന്ന ഓര്‍മ്മയുടെ സുഭഗത. അതാണുസുഖം. ഈരണ്ടുവര്‍ഷങ്ങള്‍ തികയുമ്പോള്‍, കിട്ടുന്ന അവധി. ചുരംചുറ്റിയെത്തുന്ന തണുത്ത കാറ്റുപോലെ 30 ദിവസങ്ങള്‍ കൂടിയാല്‍ 45. അതു തീര്‍ന്നാല്‍ തിരികെ പറന്നേക്കണം. അല്ലെങ്കില്‍ യാഥാര്‍ത്ഥ്യങ്ങളുടെ ചാരക്കൂനകളെ കാണേണ്ടിവരുന്നു. വെറും ചാരമല്ല, ഉള്ളില്‍ അണയാതെ കിടക്കുന്ന കനല്‍ചിന്തുകളില്‍പ്പെട്ടു വെന്തുപോയേക്കാം. എന്തൊക്കെ വൈതരണികളാണു നാം മറികടക്കേണ്ടി വരുന്നത്? അത്യാവശ്യം ഷോപ്പിങ്ങിനു പോകാന്‍, ഒരു ഓട്ടോ പിടിക്കാന്‍, ബാങ്ക് ലോണ്‍ വേണമെങ്കില്‍, വെള്ളത്തിനോ, കറന്റിനോ കണക്ഷന്‍ കിട്ടണമെങ്കില്‍, താലൂക്കാഫിസില്‍നിന്നോ, മുനിസിപ്പാലിറ്റിയില്‍ നിന്നോ ഒരു ഒപ്പ് വെണമെങ്കില്‍, എന്തിനധികം, കെ.ജി,ക്ലാസിലേക്കു കുട്ടിക്കൊരു സീറ്റ് തരപ്പെടണമെങ്കില്‍ കൂടി ആരെയൊക്കെ താണു തൊഴുതു, എത്ര സാറന്മാര്‍ക്ക് കൈക്കൂലി വിതരണം നടത്തി, ശരീരവും, മനസും കാര്യമായൊന്നലയാതെ വീട്ടില്‍ തിരികെയെത്താന്‍ കഴിയുന്നവന്‍ മഹാഭാഗ്യവാനാണു. മലയാളത്തിന്റെ നന്മകള്‍ മാത്രമറിഞ്ഞു ഇവിടെ വളരുന്ന കുട്ടികള്‍. നാടിന്റെ സമ്മോഹനമായ ഓര്‍മ്മകളുടെ അതിപ്രസരങ്ങള്‍ എന്തൊക്കെയാണു? കോടി നക്ഷത്രങ്ങള്‍ പൂത്തു നിന്ന രാത്രിയില്‍, രാത്രിയേക്കാള്‍ ഇരുട്ടു വീഴ്ത്തുന്ന റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ അലയാനെത്തിയ നൂറുകണക്കിനു മിന്നാമിനുങ്ങുകളെക്കണ്ട് 7വയസുകാരന്‍ മകന്‍ കവിത മൂളിയതോ? ടി.വി-യില്‍ കണ്ടു കണ്ടു ഉത്സാഹമുണര്‍ത്തിയ വീഗലാന്റിലെ ഒരു ദിവസമോ? സഹപ്രവര്‍ത്തകര്‍ പറഞ്ഞു കൊതിപ്പിച്ച മൂന്നാറിലെ മഞ്ഞുമലകളിലെ രണ്ടു ദിനങ്ങള്‍. ഇന്റ്യാ മഹാസമുദ്രവും, ബംഗാള്‍ ഉള്‍ക്കടലും, അറബിയന്‍ സമുദ്രവും സംഗമിക്കുന്ന കന്യാകുമരിയിലെ ഒരു ചുവന്ന സന്ധ്യ.. പിന്നീടെന്ത്? അഛനമ്മമാരെ കണ്ടു. ബന്ധുവീടുകള്‍ സന്ദര്‍ശിച്ചു. സൗന്ദര്യം നിറഞ്ഞ ഭൂപ്രദേശങ്ങള്‍ അത്യാവശ്യം കണ്ടു. കൈയ്യിലെ പണവും തീര്‍ന്നു. ഇനിയെന്ത്? കൊതുകുകള്‍ കുത്തി നീരുവെച്ച ശരീരവും, ചൊറിവന്ന കൈകാലുകളുമായി, ഉത്സാഹമസ്തമിച്ച് നിസംഗരായി മൗനത്തിലെക്കു വീഴുന്ന കുട്ടികള്‍. എല്ലാവര്‍ക്കും ആകപ്പാടെ അസ്വസ്ഥത. ആളൊന്നിനു ഓരോ മുറികള്‍ വീതമുള്ള വീടും, വിശാലമായ മുറ്റവും വിട്ട്, നമ്മുടെ സ്വന്തം പ്രവാസത്തിലെ രണ്ടുമുറികളിലേക്കു തിരികെയെത്തുമ്പോള്‍ നഷ്ടബോധത്തിനു പകരം പിക്‍നിക് തീര്‍ന്നെത്തിയ ആശ്വാസം മാത്രം ഒരു ബന്ധു പറയുന്നു 'എയര്‍ ഇന്റ്യ വിമനത്തിലിരുന്നു പച്ചത്തലകളാട്ടി ക്ഷണിക്കുന്ന തിരുവന്തപുരം എത്ര ഭംഗിയാണെന്ന്. അതെ. എന്നിട്ട് അതേ വിമാനത്തില്‍ തിരികെ പോരുന്നതാണു അതിലും ഭംഗിയെന്ന് ആരോടാണു പറയുക? എന്നാണു ഇവിടെനിന്നൊരു മടക്കം എന്ന് ചിലരൊക്കെ ചോദിക്കുമ്പോള്‍ ഒരു ചിരി കൊണ്ടു ഉത്തരം പറഞ്ഞു സമാധാനിക്കും. 5 സെന്റ് ഭൂമി താങ്ങുവിലക്കു ലഭിച്ചിരുന്നെകില്‍ ഇവിടെ ഒരുവീടുകെട്ടാമായിരുന്നുവെന്ന് രഹസ്യമായെങ്കിലും ആഗ്രഹിക്കാത്ത എത്ര മലയാളികള്‍ ഉണ്ടാകും? പോസ്റ്റ് കാര്‍ഡ് മില്ലിയനേര്‍ ടിക്കറ്റും, ഡൂട്ടി ഫ്രീ ടിക്കറ്റും എടുക്കുമ്പോഴത്തെ രഹസ്യമായ പേടി ഇതെങ്ങാന്‍ അടിച്ചു പോയാല്‍ ഈ ദേശം ഇട്ടെറിഞ്ഞ് പോകേണ്ടി വരുമോ എന്നതാണു. (ഭാഗ്യം കൊണ്ടാവും അങ്ങനെയൊന്നും നടക്കത്തത്) പറഞ്ഞുതുടങ്ങിയത് കേരളത്തെ സ്നേഹിച്ച് എത്തിയ ചിലരെക്കുറിച്ചാണു. ജസ്റ്റിന്റെ ആഗ്രഹം പോലെ സുന്ദരിയായ ഒരു മലയാളിക്കുട്ടിയെ അയാള്‍ വിവാഹം കഴിച്ച് കുറെ കുട്ടികളും ജനിച്ച് ദൈവത്തിന്റെ സ്വന്തം സ്ഥലത്ത് ജീവിച്ചു തുടങ്ങട്ടെ. കണ്ടറിയാത്തവന്‍ കൊണ്ടറിഞ്ഞ് മലയാളത്തെ അനുഭവിക്കട്ടെ. - ദേവസേന Labels: devasena |
2 Comments:
ഈ ലേഖനം ഗംഭീരമായിട്ടുണ്ട് !!!
ഇത് എന്തിലും നല്ലത് കാണാന്‍ കഴിയാത്ത സ്വാര്‍ത്ഥ ജീവിതമോഹിയുടെ ജല്പനങ്ങള്‍ മാത്രം
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്