മോഡിയ്ക്കെതിരെ നരഹത്യാ വിരുദ്ധ മുന്നണി

July 3rd, 2008

അമേരിക്കയിലെ ന്യൂ ജേഴ്സിയില്‍ നടക്കുവാനിരിക്കുന്ന രണ്ടാം ലോക ഗുജറാത്തി സമ്മേളനത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്നതിന് എതിരെ അമേരിക്കയിലെ നരഹത്യാ വിരുദ്ധ മുന്നണി രംഗത്തെത്തി. മോഡിയ്ക്ക് അമേരിക്കയില്‍ പ്രവേശിയ്ക്കാനുള്ള വിസ നല്‍കരുത് എന്നാണ് ഇവരുടെ ആവശ്യം.

സമ്മേളനത്തിന്റെ സംഘാടകരായ അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യന്‍ അമേരിക്കന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്കയാണ് നരേന്ദ്ര മോഡിയെ സമ്മേളനത്തിലേയ്ക്ക് ക്ഷണിച്ചത്. വിസയുടെ പ്രശ്നം മോഡിയും സര്‍ക്കാരും തമ്മില്‍ ഉള്ളതാണെന്നായിരുന്നു ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ സംഘടനയുടെ പ്രസിഡന്റായ സുനില്‍ നായകിന്റെ മറുപടി. ലോകമെമ്പാടും നിന്നുള്ള അന്‍പതിനായിരത്തോളം ഗുജറാത്തികള്‍ ഓഗസ്റ്റ് 29ന് തുടങ്ങുന്ന ത്രിദിന സമ്മേളനത്തില്‍ പങ്കെടുക്കും. മോഡിയ്ക്ക് അമേരിക്ക വിസ നല്‍കുമെന്നും സമ്മേളനത്തില്‍ പങ്കെടുക്കാനാവുമെന്നും നായക് പ്രത്യാശ പ്രകടിപ്പിച്ചു.

എന്നാല്‍ ഇരുപത്തഞ്ചോളം സംഘടനകളുടെ കൂട്ടായ്മയായ നരഹത്യാ വിരുദ്ധ മുന്നണി മോഡിയ്ക്ക് അമേരിയ്ക്ക സന്ദര്‍ശിക്കുവാനുള്ള വിസ നല്‍കരുതെന്ന് സെക്രട്ടറി ഓഫ് സ്റ്റേറ്റ് കോണ്ടോലിസാ റൈസിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. 2005ല്‍ നടന്ന ഒന്നാം ലോക ഗുജറാത്തി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മോഡിയ്ക്ക് അമേരിയ്ക്കന്‍ സര്‍ക്കാര്‍, ഗുജറാത്തില്‍ നടന്ന മുസ്ലിം വിരുദ്ധ കലാപങ്ങളുടെ പശ്ചാത്തലത്തില്‍, വിസ നിരസിച്ചിരുന്നു. കോണ്ടൊലിസാ റൈസിന് എഴുതിയ കത്തില്‍ 2005ല്‍ മോഡിയ്ക്ക് വിസ നിഷേധിച്ച സാഹചര്യങ്ങളില്‍ മാറ്റം ഒന്നും വന്നിട്ടില്ല എന്ന് നരഹത്യാ വിരുദ്ധ മുന്നണി ചൂണ്ടിക്കാട്ടി. ഗുജറാത്തില്‍ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തന്നെ ന്യൂനപക്ഷ സമുദായങ്ങള്‍ക്കു നേരെ വ്യാപകമായി വ്യവസ്ഥാപിത മനുഷ്യാവകാശ ധ്വംസനങ്ങള്‍ ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്. 2002ലെ കലാപങ്ങള്‍ക്ക് മോഡി ഇന്ന് വരെ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്ന് മാത്രമല്ല അവയെ ന്യായീകരിയ്ക്കുകയും ചെയ്യുന്നു. ഗുജറാത്തില്‍ നടന്ന ജുഡീഷ്യല്‍ കൊലപാതകങ്ങള്‍ ഇതിന് സാക്ഷ്യം വഹിയ്ക്കുന്നു. ഇതിനെതിരെ ശബ്ദമുയര്‍ത്തുന്ന മനുഷ്യാവകാശ സംഘടനകളെ സംസ്ഥാന ഭരണകൂടം പീഡിപ്പിച്ച് നിശ്ശബ്ദരാക്കുകയാണെന്നും കത്തില്‍ പറയുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പൈലറ്റ് ഉറങ്ങി; വിമാനം നിര്‍ത്താതെ പറന്നു

June 27th, 2008

എയര്‍ ഇന്ത്യയുടെ ദുബായ്-മുംബൈ വിമാനത്തിലെ രണ്ട് പൈലറ്റുമാരും കോക്ക്പിറ്റില്‍ ഉറങ്ങിയതിനെ തുടര്‍ന്ന് വിമാനം വിമാന താവളത്തില്‍ ഇറങ്ങാതെ 360 മൈലോളം കൂടുതല്‍ പറന്നു.

ദുബായില്‍ നിന്നും ജൂണ്‍ നാലിന് പുലര്‍ച്ചെ 01:35ന് പുറപ്പെട്ട വിമാനം ജയ്പൂരില്‍ ഇറങ്ങിയ ശേഷം വീണ്ടും രാവിലെ ഏഴു മണിയ്ക്ക് മുംബൈ ലക്ഷ്യമാക്കി പറന്നതാണ്. എന്നാല്‍ വിമാന താവളം എത്താറായപ്പോഴേയ്ക്കും പൈലറ്റും സഹ പൈലറ്റും ഉറങ്ങിപ്പോയത്രെ. എയര്‍ ട്രാഫിക്ക് കണ്‍ട്രോളറുടെ റേഡിയോ സന്ദേശങ്ങളോട് പ്രതികരിക്കാതായതോടെ മുംബൈ വിമാന താവളത്തില്‍ അങ്കലാപ്പായി. നൂറോളം യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു.

അവസാനം എയര്‍ ട്രാഫിക്ക് കണ്‍ട്രോളര്‍ “SELCAL” എന്ന അലാറം മുഴക്കി ഇവരെ വിളിച്ച് എഴുന്നേല്‍പ്പിക്കുകയാണ് ഉണ്ടായത്. വിമാനത്തിന്റെ പ്രത്യേകമായ നാലക്ക നമ്പറില്‍ വിളിച്ചാല്‍ വിമാനത്തിന്റെ കോക്ക്പിറ്റില്‍ മുഴങ്ങുന്ന ഒരു അലാറം ആണ് “SELCAL” എന്ന സെലക്ടിവ് കോളിങ്. അപ്പോഴേയ്ക്കും വിമാനം ഗോവയ്ക്കുള്ള വഴി പകുതിയോളം താണ്ടിയിരുന്നു.

ദുബായില്‍ നിന്നും അര്‍ദ്ധ രാത്രിയ്ക്ക് ശേഷം തിരിച്ച വിമാനം രാത്രി മുഴുവനും പറപ്പിച്ച് ജയ്പൂരില്‍ എത്തിച്ച ശേഷം വീണ്ടും മുംബെയ്ക്ക് പുറപ്പെട്ടപ്പോള്‍ പൈലറ്റുമാര്‍ തളര്‍ച്ച കാരണം ഉറങ്ങി പോയതാവാം എന്ന് പേര്‍ വേളിപ്പെടുത്താനാവാത്ത ഒരു വിമാന കമ്പനി വക്താവ് അറിയിച്ചു.

എന്നാല്‍ വിമാന കമ്പനി ഇത് ശക്തമായി നിഷേധിച്ചു. പൈലറ്റുമാര്‍ക്ക് ദുബായില്‍ 24 മണിക്കൂര്‍ വിശ്രമം നല്‍കിയതാണ്. അതിനാല്‍ പൈലറ്റുമാര്‍ തളര്‍ച്ച കാരണം ഉറങ്ങിയതാണെന്ന് പറയുന്നതില്‍ കാര്യമില്ല. താല്‍ക്കാലികമായി റേഡിയോ ബന്ധം വിച്ഛേദിയ്ക്കപ്പെടുക മാത്രം ആണ് ഉണ്ടായത്. അതേ തുടര്‍ന്ന് വിമാന താവളത്തില്‍ ഇറങ്ങാന്‍ ആവാതെ വിമാനം കേവലം 14 മൈല്‍ മാത്രം ആണ് കൂടുതല്‍ പറന്നത് എന്നും എയര്‍ ഇന്ത്യ വാദിയ്ക്കുന്നു.

എന്നാല്‍ ഒരു ഗള്‍ഫ് വിമാന കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇത് ശരിയല്ല എന്ന് പറഞ്ഞു. ഒരു വിമാനത്തിന്റെ റേഡിയോ ബന്ധം തകരാറിലായാല്‍ സ്വീകരിക്കേണ്ട ഇന്ത്യന്‍ വ്യോമയാന നടപടിക്രമങ്ങള്‍ വ്യക്തമാണ്. ഇത് പ്രകാരമുള്ള അടിയന്തര നടപടി പൈലറ്റുമാര്‍ സ്വീകരിച്ചിരുന്നെങ്കില്‍ മറ്റ് എല്ലാ വിമാനങ്ങളേയും ഒഴിവാക്കി പ്രസ്തുത വിമാനത്തിന് ഇറങ്ങുവാനുള്ള സൌകര്യം എയര്‍ ട്രാഫിക്ക് കണ്‍ട്രോളര്‍ക്ക് ഒരുക്കുവാന്‍ കഴിയുമായിരുന്നു. എന്നാല്‍ വിമാനത്തില്‍ നിന്നും ഇത്തരം ഒരു നടപടിയും ഉണ്ടായില്ല. മാത്രമല്ല എല്ലാ വിമാനത്തിനും ഒരു ETA (Expected Time of Arrival) ഉണ്ട്. ETA ആയാല്‍ വിമാനം കീഴോട്ടിറങ്ങി തങ്ങളുടെ ഉയരം കുറയ്ക്കണമെന്നാണ് ചട്ടം. ഇതൊന്നും ഈ വിമാനത്തിന്റെ കാര്യത്തില്‍ പാലിയ്ക്കപ്പെട്ടില്ല.

കഴിഞ്ഞ ആഴ്ച മറ്റൊരു സ്വകാര്യ വിമാന കമ്പനിയുടെ വിമാനം പൈലറ്റ് മദ്യപിച്ച് ലക്ക് കെട്ടതിനെ തുടര്‍ന്ന് അടിയന്തിരമായി പാ‍റ്റ്നയില്‍ ഇറക്കിയതായി പത്ര വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

വത്തിക്കാന്‍ പത്രം ഇനി മലയാളത്തിലും

June 26th, 2008

ചരിത്രത്തില്‍ ആദ്യമായി വത്തിക്കാന്‍ പത്രം ഒരു യൂറോപ്യനേതര ഭാഷയില്‍ ഇറങ്ങുന്നു, അതും മലയാളത്തില്‍. ഇന്ത്യയിലെ കേരളത്തില്‍ ഉള്ള കത്തോലിക്കര്‍ക്ക് വേണ്ടി ഇങ്ങനെ ഒരു മലയാളം പതിപ്പ് ഇറങ്ങിയതിനെ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ വത്തിക്കാനില്‍ നിന്നും പുറത്തിറക്കിയ സന്ദേശത്തില്‍ സ്വാഗതം ചെയ്തു.

ഇത് കേരളത്തിലെ അറുപത് ലക്ഷത്തിലേറെയുള്ള കത്തോലിക്കര്‍ക്ക് വത്തിക്കാന്റെ പ്രവര്‍ത്തനങ്ങളെ പറ്റി കൂടുതല്‍ മനസ്സിലാക്കാന്‍ സഹായകമാവും എന്ന് മാര്‍പാപ്പ അഭിപ്രായപ്പെട്ടു.

വത്തിക്കാന്‍ പത്രത്തിന്റെ മുഖ്യ പതിപ്പ് ഇറ്റാലിയന്‍ ഭാഷയില്‍ ദിനപത്രമായാണ് ഇറങ്ങുന്നത്. ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ചുഗീസ്, ഫ്രെഞ്ച്, ജര്‍മ്മന്‍, പോളീഷ് എന്നീ ഭാഷകളില്‍ പത്രം ആഴ്ചപ്പതിപ്പായാണ് ഇറങ്ങുന്നത്. ഇന്ത്യയില്‍ ഇതിന്റെ ഇംഗ്ലീഷ് പതിപ്പ് പ്രസിദ്ധീകരിക്കുന്നത് കാര്‍മല്‍ ഇന്റര്‍നാഷണല്‍ പബ്ലിഷിങ് ഹൌസാണ്.

മലയാളം പതിപ്പിന്റെ ആദ്യ കോപ്പികള്‍ ജൂലൈ 3ന് കേരളത്തില്‍ വിതരണം ചെയ്യും എന്ന് വത്തിക്കാന്‍ പത്രം അറിയിച്ചു.

- ജെ.എസ്.

അഭിപ്രായം എഴുതുക »

ഫെങ്ഷെന്‍ ചുഴലിക്കാറ്റ് ചൈനയിലെത്തി

June 25th, 2008

ഫിലിപ്പൈന്‍സില്‍ വ്യാപകമായ നാശം വിതച്ച ഫെങ്ഷെന്‍ എന്ന കൊടുങ്കാറ്റ് തായ് ലന്‍ഡിലും ദക്ഷിണ ചൈനയിലും എത്തി. ശക്തി അല്‍പ്പം കുറഞ്ഞിട്ടുണ്ടെങ്കിലും ഹൊങ്കോങ്ങിലെ എല്ലാ വ്യാപാര – വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് അടച്ചിട്ടിരിക്കുകയാണ്.

എണ്ണൂറോളം പേരുമായി പ്രിന്‍സസ്സ് ഓഫ് ദ സ്റ്റാര്‍സ് എന്ന കടത്ത് കപ്പല്‍ കഴിഞ്ഞ ആഴ്ച്ച ഫിലിപ്പൈന്‍സില്‍ ഈ കൊടുങ്കാറ്റ് മൂലം മുങ്ങി പോയിരുന്നു. മുങ്ങിപ്പോയ കപ്പലില്‍ നിന്നുള്ളവരെ രക്ഷിക്കുവാനുള്ള ശ്രമങ്ങള്‍ ഇനിയും വിജയിച്ചിട്ടില്ല.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു.എ.ഇ.യില്‍ ആണവ പദ്ധതി

June 24th, 2008

അറബ് ലോകത്തെ ആദ്യത്തെ ആണവ ശക്തിയാകുവാനുള്ള യു.എ.ഇ.യുടെ മോഹങ്ങള്‍ നടപ്പിലാവാന്‍ ഇനി അധികം വൈകില്ല എന്ന് സൂചന.

കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ആണവ പരിപാടികള്‍ക്ക് യു.എ.ഇ. മന്ത്രിസഭ പച്ചക്കൊടി കാണിച്ചിരുന്നു.

യു.എ.ഇ.യിലെ ആദ്യ ആണവ റിയാക്ടര്‍ സ്ഥാപിക്കുവാനുള്ള കരാറിനായി ഒന്‍പത് വിദേശ കമ്പനികളെ കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തു. ഇതില്‍ ബ്രിട്ടീഷ് കമ്പനിയായ അമെക് ഉള്‍പ്പെടുന്നു.

ആണവ നിലയങ്ങളുടെ സാങ്കേതിക രൂപകല്‍പ്പനയും, നിര്‍മ്മാണവും, പിന്നീടുള്ള പ്രവര്‍ത്തന മേല്‍നോട്ടവും അടങ്ങുന്നതാണ് കമ്പനികള്‍ സമര്‍പ്പിച്ചിരിക്കുന്ന കരാര്‍ പദ്ധതി‍. യു.എ.ഇ.യില്‍ ഈ പദ്ധതി പ്രകാരം 14 ആണവ നിലയങ്ങളാവും സ്ഥാപിക്കുക. 40 ബില്ല്യണ്‍ പൌണ്ടായിരിക്കും പദ്ധതി ചിലവെന്നും അറിയുന്നു.

2020 ആകുമ്പോഴേയ്ക്കും യു.എ.ഇ.യുടെ വൈദ്യുതി ആവശ്യം 40,000 മെഗാവാട്ടായിരിക്കും എന്നാണ് സര്‍ക്കാരിന്റെ നിഗമനം. ഇത് നേരിടാനാണ് മേഖലയിലെ ഒരു പ്രമുഖ എണ്ണ ഉല്‍പ്പാദക രാജ്യമായ യു.എ.ഇ. ആണവ പദ്ധതികള്‍ സ്ഥാപിക്കുന്നത്.

കഴിഞ്ഞ മാസം ഈജിപ്റ്റ് ആണവ പര്‍ധതികള്‍ക്കായുള്ള ആഗോള ടെണ്ടര്‍ ക്ഷണിച്ചിരുന്നു എങ്കിലും മേഖലയിലെ ആദ്യ റിയാക്ടര്‍ സ്ഥാപിക്കുക യു.എ.ഇ. തന്നെയാവാനാണ് സാദ്ധ്യത. യു.എ.ഇ.യുടെ രാഷ്ട്രീയ നയതന്ത്രജ്ഞതയുടെ വിജയമാവും ഇത്. അറബ് ലോകത്തിനോടൊപ്പം നിലയുറപ്പിച്ചു കോണ്ട് തന്നെ ഒരിക്കലും അമേരിക്കയടക്കമുള്ള വന്‍ ശക്തികള്‍ക്ക് രാഷ്ട്രീയമായി ഭീഷണിയാവാതെ നോക്കാന്‍ യു.എ.ഇ. എപ്പോഴും ശ്രദ്ധിച്ചിരുന്നു.

അന്താരാഷ്ട്ര ഏജന്‍സികളുടെ ആണവ ഉടമ്പടികളെല്ലാം ഒപ്പിടാന്‍ യു.എ.ഇ. സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുമായി ആണവ സഹകരണ കരാറുകളില്‍ യു.എ.ഇ. ഒപ്പിട്ടു കഴിഞ്ഞു.

അഡീഷണല്‍ പ്രോട്ടോക്കോള്‍ എന്ന വിവാദ വ്യവസ്ഥയയും യു.എ.ഇ. അംഗീകരിച്ചിട്ടുള്ളതാണ്. ഈ വ്യവസ്ഥ അന്താരാഷ്ട്ര ആണവ പരിശോധകര്‍ക്ക് ആണവ നിലയങ്ങള്‍ പരിശോധിക്കാന്‍ വ്യാപകമായ അധികാരങ്ങള്‍ പ്രദാനം ചെയ്യുന്നതാണ്. ഈ വ്യവസ്ഥ ഇത് വരെ ഈജിപ്റ്റ് അംഗീകരിച്ചിട്ടില്ല. ഇത് തന്നെ ആണ് ഈജിപ്റ്റിന്റെ ആണവ പദ്ധതികള്‍ക്ക് വിലങ്ങു തടി ആവുന്നതും.

- ജെ.എസ്.

അഭിപ്രായം എഴുതുക »

ലീഗ് കോണ്‍ഗ്രസിനുള്ള പിന്തുണ പിന്‍വലിച്ചേയ്ക്കും

June 23rd, 2008

അമേരിയ്ക്കയുമായി സഹകരിച്ച് ആണവ കരാറുമായി മുന്നോട്ട് പോവാനാണ് കോണ്‍ഗ്രസിന്റെ ഉദ്ദേശമെങ്കില്‍ കോണ്‍ഗ്രസിനുള്ള തങ്ങളുടെ പിന്തുണ പിന്‍വലിയ്ക്കുന്ന കാര്യം ചിന്തിയ്ക്കേണ്ടി വരും എന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പ്രസ്ഥാവിച്ചു.

കേന്ദ്ര മന്ത്രിസഭയില്‍ വിദേശകാര്യ സഹമന്ത്രിയായ ലീഗിന്റെ ശ്രീ ഇ. അഹമ്മദിനെ തിരികെ വിളിയ്ക്കാനും ലീഗ് തയ്യാറായേയ്ക്കും എന്നാണ് സൂചന.

ലോക മുസ്ലിം ജനതയുടെ പ്രഖ്യാപിത ശത്രുവായ അമേരിയ്ക്കയുമായി കേന്ദ്ര സര്‍ക്കാര്‍ യോജിച്ച് പ്രവര്‍ത്തിയ്ക്കുകയാണെങ്കില്‍ ലീഗ് കൈയ്യും കെട്ടി നോക്കി നില്‍ക്കില്ല എന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ശ്രീ കുഞ്ഞാലിക്കുട്ടിയും അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫയര്‍ഫോക്സ് ഡൌണ്‍ലോഡ് 14 മില്ല്യണ്‍ കവിഞ്ഞു

June 22nd, 2008

ഗിന്നസ് ലോക റിക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ 24 മണിക്കൂര്‍ ഡൌണ്‍ലോഡ് സംരംഭത്തില്‍ പ്രതീക്ഷിച്ച 5 മില്ല്യണ്‍ കവിഞ്ഞെങ്കിലും അടുത്ത രണ്ട് ദിവസം കൂടി ലോകമെമ്പാടുമുള്ള സ്വതന്ത്ര സോഫ്റ്റ്വെയര്‍ സ്നേഹികളും മൈക്രോസോഫ്റ്റ് വിരോധികളും ഫയര്‍ഫോക്സ് ഡൌണ്‍ലോഡ് ചെയ്തു കൊണ്ടിരുന്നു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 72 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ 14 മില്ല്യണിലേറെ ഡൌണ്‍ലോഡുകളാണ് നടന്നിരിക്കുന്നത്.

അടുത്ത പടിയായി ഫയര്‍ഫോക്സിന്റെ നിര്‍മ്മാതാക്കളായ മോസില്ല ഇതിന്റെ രേഖകള്‍ തെളിവായി ഗിന്നസ് ലോക റെക്കോര്‍ഡ് അധികൃതര്‍ക്ക് അയച്ചു കൊടുക്കും. ഇതിന്റെ അടിസ്ഥാനത്തിലാവും റെക്കോര്‍ഡ് പ്രഖ്യാപിയ്ക്കുക.

- ജെ.എസ്.

അഭിപ്രായം എഴുതുക »

ആണവ കരാര്‍: കോണ്‍ഗ്രസ് അയയുന്നു

June 21st, 2008

അമേരിയ്ക്കയുമായുള്ള ആണവ കരാര്‍ പ്രശ്നത്തില്‍ ഇടത് പക്ഷത്തിന്റെ നിലപാടില്‍ മാറ്റമില്ലാതെ തുടരുന്ന നിലയ്ക്ക് കോണ്‍ഗ്രസ് തങ്ങളുടെ നിലപാടില്‍ അയവ് വരുത്തിയതായി സൂചന. ഒരു തിരഞ്ഞെടുപ്പിനെ തല്‍ക്കാലം നേരിടാന്‍ യു.പി.എ.യിലെ ഘടക കക്ഷികള്‍ ആരും തയ്യാറല്ല എന്നതാണ് തങ്ങളുടെ നിലപാടില്‍ അയവ് വരുത്തുവാനുള്ള കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.

ഇന്തോ – അമേരിക്കന്‍ ആണവക്കരാറുമായി ഇടത് പക്ഷത്തിന്റെ പിന്തുണയില്ലാതെ മുന്നോട്ട് പോവില്ല എന്നാണ് കോണ്‍ഗ്രസിന്റെ പുതിയ നിലപാട്. കരാര്‍ ഒപ്പിടാനാവാതെ വന്നാല്‍ സര്‍ക്കാരിന്റെ മുഖം നഷ്ടപ്പെടുമെന്ന് തങ്ങള്‍ കരുതുന്നില്ല എന്ന്‍ കോണ്‍ഗ്രസ് വക്താവ് ഷക്കീല്‍ അഹമദ് പറഞ്ഞു. ആണവ കരാര്‍ ഉപേക്ഷിക്കേണ്ടി വന്നാല്‍ പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് രാജി വെയ്ക്കും എന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം നിഷേധിച്ചു. പ്രധാനമന്ത്രിയ്ക്ക് കോണ്‍ഗ്രസിന്റെയും മറ്റ് സഖ്യ കക്ഷികളുടെയും ഉറച്ച പിന്തുണയുണ്ട്. ഇത്തരം ഊഹാപോഹങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ജൂണ്‍ 25ന് നടക്കാനിരിക്കുന്ന യു.പി.എ. – ഇടത് യോഗത്തില്‍ ഇടത് കക്ഷികള്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ കോണ്‍ഗ്രസിന്റെ നയം എന്തായിരിക്കും എന്ന ചോദ്യത്തിന് അഹമദ് വ്യക്തമായ മറുപടി നല്‍കിയില്ല.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചൊവ്വയില്‍ ഐസ് കണ്ടെത്തി

June 20th, 2008

ice on mars epathram നാസയുടെ ഫിനിക്സ് മാര്‍സ് ലാന്‍ഡര്‍ എന്ന ശൂന്യാകാശ വാഹനം ചൊവ്വയില്‍ ഐസ് കണ്ടെത്തിയതായി നാസ അറിയിച്ചു. 2002ല്‍ തന്നെ ചൊവ്വയില്‍ ഐസ് ഉണ്ട് എന്നതിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിരുന്നു എങ്കിലും ഇതാദ്യമായിട്ടാണ് ഐസ് നേരിട്ട് കാണപ്പെടുന്നത്. ചൊവ്വയുടെ ഉത്തര ധ്രുവത്തില്‍ ഐസ് മൂടപ്പെട്ടിരിക്കുന്നു എന്നും ഉപരിതലത്തിന് ഏതാനും ഇഞ്ചുകള്‍ കീഴെ ഐസിന്റെ സാന്നിധ്യം ഉണ്ടെന്നും ശാസ്ത്രലോകത്തിന് നേരത്തേ അറിവുള്ളതാണ്. ഇത്തവണത്തെ ചൊവ്വാ ദൌത്യത്തിന്റെ ഒരു പ്രധാന ലക്ഷ്യം തന്നെ ഉത്തര ധ്രുവത്തില്‍ ഇറങ്ങി മണ്ണ് കുഴിച്ച് ഐസ് കണ്ടെടുക്കുക എന്നതായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഐസ് നേരിട്ട് കാണപ്പെട്ടത് അത്യന്തം ആവേശകരമായി ശാസ്ത്രജ്ഞര്‍ക്ക്. മണ്ണ് കുഴിച്ചും ഒന്നും കാണാനായില്ലെങ്കിലോ എന്ന ആശങ്കയിലായിരുന്നു ശാസ്ത്രലോകം.

വാഹനത്തിന്റെ യന്ത്രവല്‍കൃത കൈകള്‍ കുഴിച്ച കുഴികളിലാണ് ചില വെളുത്ത തിളക്കമേറിയ വസ്തുക്കള്‍ കണ്ടത്. ഫിനിക്സ് ലാന്‍ഡറിന്റെ ചൊവ്വയിലെ ഇരുപതാം ദിവസം, അതായത് സോള്‍ 20നാണ് ഇത് കാണപ്പെട്ടത്. ചൊവ്വയിലെ ഒരു ദിവസത്തിന് ഒരു സോള്‍ എന്നാണ് വിളിയ്ക്കുന്നത്. എന്നാല്‍ സൊള്‍ 24ന് ഈ തിളങ്ങുന്ന വസ്തുക്കള്‍ അപ്രത്യക്ഷമായി.

ഇത് ഉപ്പായിരിയ്ക്കാം എന്നായിരുന്നു ശാസ്ത്രജ്ഞന്മാര്‍ കരുതിയിരുന്നത്. എന്നാല്‍ ഉപ്പിന് ഇങ്ങനെ അപ്രത്യക്ഷമാകാന്‍ കഴിയില്ല. അതാണ് ഇത് ഐസാണ് എന്ന നിഗമനത്തില്‍ എത്തിച്ചേരാന്‍ കാരണം. ഐസ് ഇങ്ങനെ നേരിട്ട് നീരാവിയായി മാറുന്നതിനെ “സബ്ലിമേഷന്‍” എന്ന് വിളിയ്ക്കുന്നു.

ഇനിയും രണ്ട് മാസം കൂടി ഫിനിക്സ് ലാന്‍ഡര്‍ ചൊവ്വയില്‍ ഉണ്ടാവും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രവാസികള്‍ക്കായി മലയാളം മിഷ്യന്‍

June 19th, 2008

ലോകമെമ്പാടുമുള്ള മലയാളികളുടെ ഇടയില്‍ മലയാള ഭാഷയും സംസ്ക്കാ‍രവും പ്രചരിപ്പിക്കുന്നതിനായി കേരള സര്‍ക്കാര്‍ മലയാളം മിഷ്യന്‍ സ്ഥാപിക്കും.

പ്രശസ്ത കവി ശ്രീ ഓ.എന്‍.വി. കുറുപ്പിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഒരു സ്വയംഭരണ സ്ഥപനമായി കേരള മിഷ്യന്‍ സ്ഥാപിക്കുക എന്ന് മുഖ്യമന്ത്രി ശ്രീ വി. എസ്. അച്യുതാനന്ദന്‍ വിശദീകരിച്ചു.

ഇന്ത്യയ്ക്കകത്തും പുറത്തുമായി പ്രവാസി മലയാളികളുടെ സാന്ദ്രത കൂടിയ സ്ഥലങ്ങളിലെല്ലാം മലയാള ഭാഷാ പഠന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ വിദഗ്ദ്ധ സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

വിദ്യാഭ്യാസ മേഖലയില്‍ മലയാളം നിര്‍ബന്ധിത വിഷയമാക്കാനും സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ മലയാളം പഠിപ്പിക്കുവാന്‍ ചുരുങ്ങിയത് രണ്ട് പീരിയഡെങ്കിലും നീക്കി വെയ്ക്കണം. മലയാളത്തിന് പരീക്ഷ വെച്ച് ഇതിലെ വിജയത്തിന്റെ അടിസ്ഥനത്തില്‍ മാത്രമേ ക്ലാസ് കയറ്റം നല്‍കാവൂ.

മലയാളം മിഷ്യന്റെ വകയായി സര്‍ക്കാര്‍ സ്ഥാപിയ്ക്കുന്ന പഠനകേന്ദ്രങ്ങളില്‍ മലയാളം ഡിപ്ലോമ കോഴ്സുകളും ലഭ്യമാക്കും.

വിദഗ്ദ്ധ സമിതിയില്‍ കവയത്രി സുഗതകുമാരി, നടകകൃത്തായ പിരപ്പന്‍ കോട് മുരളി, അദ്ധ്യാപകനായ എഴുമറ്റൂര്‍ രാജരാജ വര്‍മ എന്നിവരും അംഗങ്ങളാണ്.

ഇത്തരം സാംസ്കാരിക കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നത് പ്രവാസികളുടെ ഏറെക്കാലമായ ആവശ്യങ്ങളിലൊന്നായിരുന്നു. ഈ വര്‍ഷത്തെ ഗവര്‍ണറുടെ നിയമസഭാ അഭിസംബോധനയിലും ഇത് പരാമര്‍ശിക്കപ്പെട്ടിരുന്നു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « അമേരിക്കന്‍ ആക്രമണത്തില്‍ പാക്കിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു
Next »Next Page » ചൊവ്വയില്‍ ഐസ് കണ്ടെത്തി » • റഷ്യന്‍ മണ്ണില്‍ ഫ്രഞ്ച് വിപ്ലവം : ലോകം കീ‍ഴടക്കി ഫ്രഞ്ച് പട
 • ഫ്രാന്‍സും ബെല്‍ജിയവും സെമി ഫൈനലി ലേക്ക്
 • നവാസ് ഷരീഫിന് 10 വര്‍ഷം തടവു ശിക്ഷ
 • എക്സ്ട്രാ ടൈമിലെ പെനാൽറ്റി യിൽ കൊളംബിയ പുറത്ത്
 • ബാല പീഡനം മറച്ചു വെച്ചു : ആര്‍ച്ച് ബിഷപ്പി ന് തടവു ശിക്ഷ
 • ബ്രസീലും ബെല്‍ജിയവും ക്വാര്‍ട്ടറില്‍
 • സ്പെയിന്‍ പുറത്ത് : റഷ്യ ക്വാര്‍ട്ടറില്‍
 • ബെല്‍ജിയം ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍
 • അടിതെറ്റി ചാമ്പ്യന്മാര്‍ : ജര്‍മ്മനി ലോക കപ്പില്‍ നിന്നും പുറത്ത്
 • ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തണം : അമേരിക്ക
 • അര്‍ജന്‍റീന പ്രീ ക്വാര്‍ട്ടറിലേക്ക്
 • ട്രംപിന്റെ യാത്രാ വിലക്കിന് സുപ്രീം കോടതി യുടെ അംഗീകാരം
 • ലോക കപ്പ് : 7 ടീമു കള്‍ കടന്നു – 9 ടീമു കള്‍ കാത്തിരിക്കുന്നു
 • ടോപ് സ്കോറർ ഹാരി കെയിൻ
 • ലോക കപ്പിൽ ഇംഗ്ലീഷ് പടയോട്ടം
 • ജർമ്മനിക്ക് വിജയം
 • ഐസ്‌ലൻഡ് കോട്ട തകർത്തു നൈജീരിയ ജയിച്ചു കയറി ( 2-0)
 • ബ്രസീലിനു വിജയം 2 – 0
 • ഇനിയും പ്രതീക്ഷകള്‍ : അര്‍ജന്റീന യുടെ സാദ്ധ്യത കള്‍ ഇങ്ങനെ
 • ക്രൊയേഷ്യ മൂന്നു ഗോളു കൾക്ക് അര്‍ജന്‍റീന യെ തകർത്തു • ചൈന ഇന്റർനെറ്റ് നശീകരണത്ത...
  മർഡോക്കിന്റെ കുറ്റസമ്മതം...
  നരേന്ദ്ര മോഡിക്ക് വിസ നൽക...
  ഈമെയിൽ ചോർത്തൽ : മർഡോക്ക്...
  മ്യാന്‍‌മറില്‍ സ്യൂചിക്ക്...
  കൊല്ലപ്പെട്ട അമേരിക്കന്‍ ...
  അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
  അമേരിക്കൻ സൈനിക സാന്നിദ്ധ...
  റേഡിയോ പ്രക്ഷേപണത്തിന്റെ ...
  അമേരിക്കന്‍ പോലീസ്‌ മുസ്ല...
  വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
  ഇന്ത്യ ഇറാനോടൊപ്പം...
  ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
  ഡച്ചുകാരും ബുര്‍ഖ നിരോധിക...
  യു.എസില്‍ സ്‌റ്റോപ്പ് ഓണ്...
  മന്‍മോഹന്‍ സിംഗ് തന്റെ ഉറ...
  കപ്പല്‍ ദുരന്തം : കാണാതായ...
  280 പ്രാവശ്യം പീഡനം നടത്ത...
  മൃതദേഹങ്ങളെ അപമാനിച്ച അമേ...
  ഇറാന്‍ ജനതയ്ക്ക് എല്ലാ വി...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine