02 September 2008

‘ഇ’ മലയാളീസിന്റെ ഒരു കാര്യം


കുരങ്ങൊന്നിന് 10 ഡോളര്‍ കൊടുക്കാമെന്ന വാഗ്ദാനവുമായി ഒരിയ്ക്കല്‍ ഒരു നാട്ടുമ്പുറത്ത് ഒരാള്‍ പ്രത്യക്ഷപ്പെട്ടു. അടുത്തുള്ള കാട്ടില്‍ കുരങ്ങുകളുണ്ടെന്നറിയാമായിരുന്ന നാട്ടുകാരില്‍ ചിലര്‍ അവിടെപ്പോയി കുരങ്ങുകളെ പിടികൂടി അയാള്‍ക്ക് വിറ്റു. കുരങ്ങുകളെ കിട്ടാന്‍ ക്ഷാമമായിത്തുടങ്ങിയപ്പോള്‍ നാട്ടുകാര് കുരങ്ങുപിടുത്തം അവസാനിപ്പിച്ചു. ഉടനെ അയാള്‍ അടവുമാറ്റി. ഒരു കുരങ്ങിന് 20 ഡോളറായിരുന്നു പിന്നീടയാളുടെ വാഗ്ദാനം. നാട്ടുകാര്‍ ആലസ്യം വിട്ടുണര്‍ന്ന് കാട്ടില്‍പ്പോയി അരിച്ചു പെറുക്കി കിട്ടിയ കുരങ്ങുകളുമായി വന്ന് പിന്നെയും പണക്കാരായി.

സപ്ലെ കുറഞ്ഞപ്പോള്‍ ബിസിനസ്സ് പിന്നെയും ഡള്ളായി. അയാള്‍ കുരങ്ങ്-വില 30 ഡോളറാക്കി ഉയര്‍ത്തി. നാട്ടുകാര് കുരങ്ങുപിടുത്തം പൂര്‍വാധികം ഊര്‍ജിതമാക്കി എന്ന് പറയേണ്ടല്ലൊ. അങ്ങനെ കുരങ്ങിനെ പിടിയ്ക്കാനല്ല ഒരെണ്ണത്തിനെ കാണാന്‍പോലും കിട്ടാതായി. ഇനി മുതല്‍ കുരങ്ങനൊന്നിന് 50 ഡോളര്‍ നല്‍കുമെന്ന് അയാള്‍ ബോര്‍ഡുവെച്ചു. ഇതിനിടയില്‍ അയാള്‍ക്കൊന്ന് സിറ്റി വരെ പോകണമായിരുന്നു. വാങ്ങിയ കുരങ്ങന്മാരെയും ഇനിയുള്ള കുരങ്ങ്-വാങ്ങലും തല്‍ക്കാലം ഒരു അസിസ്റ്ററ്റിനെ ഏല്‍പ്പിച്ച് അയാള്‍ സിറ്റിയില്‍ പോയി. രണ്ടാഴ്ച കഴിഞ്ഞ് തിരിച്ചെത്തും.

അയാള്‍ പോയ ഉടന്‍ അസിസ്റ്റന്റ് തനിനിറം പുറത്തെടുത്തു. 10നും 20-നുമെല്ലാം വാങ്ങിക്കൂട്ടി കൂട്ടിലടച്ചിരിക്കുന്ന കുരങ്ങുകളെ ചൂണ്ടി അയാള്‍ നാട്ടുകാരോട് പറഞ്ഞു: "വേണമെങ്കില്‍ ഇവറ്റയെ ഒന്നിന് 35 ഡോളര്‍ വിലയ്ക്ക് ഞാന്‍ നിങ്ങള്‍ക്ക് വില്‍ക്കാം. എന്റെ ബോസ് തിരിച്ചുവരുമ്പോള്‍ നിങ്ങളിവയെ 50 ഡോളറിന് അയാള്‍ക്ക് വിറ്റ് ലാഭമുണ്ടാക്കിക്കോളൂ". കേള്‍ക്കേണ്ട താമസം, നാട്ടുകാര് കെട്ടുതാലി പണയം വെച്ചും ഉള്ളതെല്ലാം അരിച്ചു പെറുക്കിയും കുരങ്ങുകളെ മുഴുവന്‍ ഒന്നിന് 35 ഡോളര്‍ കൊടുത്ത് വാങ്ങിക്കൂട്ടി.

പിന്നീടൊരിയ്കലും അവര്‍ ആ അസിസ്റ്റന്റിനേയോ സിറ്റിയിലേയ്ക്ക് പോയ അയാളുടെ ബോസിനേയൊ കണ്ടിട്ടില്ല. എവിടെ നോക്കിയാലും കുരങ്ങുകള്‍ മാത്രം.

"ഓഹരി വിപണിയിലേയ്ക്ക് സ്വാഗതം" എന്ന പേരില്‍ ഇ-മെയിലായി കിട്ടിയ നര്‍മകഥയാണിത്. കഥ വായിക്കാം, ചിരിക്കാം. അതിനപ്പുറം ഓഹരി വിപണിയെ പുച്ഛിക്കാന്‍ ഞാനളല്ല. കാരണം സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായിരുന്നെങ്കിലും ഓഹരി വിപണിയില്‍ കളിച്ച് ധാരാളം പണമുണ്ടാക്കിയിട്ടുള്ള ഒരാളുടെ ആത്മകഥ ഞാന്‍ വായിച്ചിട്ടുണ്ട് എന്നതുതന്നെ. [ചാര്‍ളി ചാപ്ലിന്റെ ആത്മകഥ വായിച്ചിട്ടില്ലെങ്കില്‍ ഏറ്റവും നല്ല ആത്മകഥകളിലൊന്ന് നിങ്ങള്‍ വായിച്ചിട്ടില്ല.] ഇതാ ചാപ്ലിന്റെ ആത്മകഥയില്‍ നിന്ന്:

"ഞാന്‍ സിറ്റി ലൈറ്റ്സ് എന്ന സിനിമ നിര്‍മിക്കുന്ന കാലത്ത് ഓഹരി വിപണി ഒന്ന് തകര്‍നതാണ്. ഭാഗ്യവശാല്‍ മേജര്‍ എച്ച്. ഡഗ്ലസിന്റെ സോഷ്യല്‍ ക്രെഡിറ്റ് എന്ന പുസ്തകം വായിച്ചിരുന്നതുകൊണ്ട് വിപണി വീണപ്പോള്‍ എനിക്ക് നഷ്ടമൊന്നുമുണ്ടായില്ല. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ വിശദമായി ചിത്രീകരിക്കുകയും വിശകലനം ചെയ്യുകയും ചെയ്ത ആ പുസ്തകമാണ് ലാഭം എന്നു പറയുന്ന സാധനം അടിസ്ഥാനപരമായി വരുന്നത് ആളുകളുടെ കൂലിയില്‍ നിന്നാണെന്ന് എന്നെ പഠിപ്പിച്ചത്. തൊഴിലില്ലായ്മ കൂടുന്തോറും ലാഭം ഇല്ലാതാകുമെന്ന്നും മൂലധനം ഇടിയുമെന്നും അര്‍ത്ഥം. 1928-ല്‍ അമേരിക്കയിലെ തൊഴിലില്ലാത്തവരുടെ എണ്ണം 1.4 കോടി എത്തി എന്നറിഞ്ഞപ്പോള്‍ എന്റെ കയ്യിലുള്ള മുഴുവന്‍ സ്റ്റോക്കുകളും ബോണ്ടുകളും വിറ്റ് പണമാക്കി എന്നിടത്തോളം ഈ തിയറി എന്നെ സ്വാധീനിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലൊ.

വിപണി തകര്‍ന്നതിന്റെ തലേന്ന് ഇര്‍വിംഗ് ബെര്‍ലിനോടൊപ്പമായിരുന്നു എന്റെ അത്താഴം. ഓഹരി വിപണിയെപ്പറ്റി വന്‍പ്രതീക്ഷകളായിരുന്ന് അന്ന് ഇര്‍വിംഗിനുണ്ടായിരുന്നത്. അദ്ദേഹം സ്ഥിരമായി ഡിന്നറിനു പോയിരുന്ന ഹോട്ടലിലെ ഒരു വെയിറ്റ്റെസ്സ് ഓഹരി വിപണിയില്‍ നിന്ന് ഒറ്റക്കൊല്ലം കൊണ്ട് 40,000 ഡോളര്‍ ലാഭമുണ്ടാക്കിയ കഥ എന്നോട് പറഞ്ഞു. എന്തിന്, ഇര്‍വിംഗിന് സ്വന്തമായും ഓഹരിവിപണിയില്‍ ദശലക്ഷക്കണക്കിന് ഡോളറിന്റെ നിക്ഷേപമുണ്ടായിരുന്നു. അന്നത്തെ വിലയനുസരിച്ച് ഒരു ദശലക്ഷം ഡോളറിനു മുകളിലായിരുന്നു ഇര്‍വിംഗിന്റെ ലാഭം. ഞാന്‍ ഓഹരിവിപണിയില്‍ പണം മുടക്കിയിട്ടുണ്ടോയെന്ന് അദ്ദേഹമെന്നോട് ചോദിച്ചു. 1.4 കോടി ആളുകള്‍ തൊഴിലില്ലാതിരിക്കുമ്പോള്‍ ഓഹരികളില്‍ വിശ്വസിക്കാന്‍ എന്നെ കിട്ടില്ലെന്ന് ഞാന്‍ മറുപടി പറഞ്ഞു. ഓഹരികള്‍ വില്‍ക്കാനും നല്ല ലാഭമുള്ളപ്പോള്‍ അത് മുതലാക്കാനും ഞാന്‍ ഉപദേശിച്ചപ്പോള്‍ അദ്ദേഹം ക്ഷോഭിച്ചു. അതിന്റെ പുറത്ത് ഞങ്ങള്‍ തമ്മില്‍ നല്ലൊരു വാദപ്രതിവാദം നടന്നു. അമേരിക്കയെ നിങ്ങളെന്തിന് വില കുറച്ചു വില്‍ക്കുന്നുവെന്നായിരുന്നു ഇര്‍വിംഗിന്റെ ചോദ്യം. എനിക്ക് രാജ്യസ്നേഹമില്ലെന്നും അദ്ദേഹം ആക്ഷേപിച്ചു. പിറ്റേന്ന് മാര്‍ക്കറ്റ് 50 പോയന്റ് ഇടിഞ്ഞു. ഇര്‍വിംഗിന്റെ സമ്പാദ്യം മുഴുവന്‍ ആ തകര്‍ച്ചയില്‍ ഇല്ലാതായി. ഒന്നു രണ്ടു ദിവസം കഴിഞ്ഞ് ഞെട്ടലും ക്ഷമാപണവും സ്ഫുരിക്കുന്ന ഭാ‍വത്തോടെ എന്നെ കാണാന്‍ അദ്ദേഹമെന്റെ സ്റ്റുഡിയോവിലേയ്ക്ക് വന്നു. വിപണി തകരാന്‍ പോകുന്നുവെന്ന വിവരം മുന്‍ കുട്ടി എനിക്കെവിടെന്നു കിട്ടി എന്ന് അദ്ദേഹത്തിനറിയണമായിരുന്നു."

ചാപ്ലിന്റെ ഈ ആത്മകഥനത്തിനു പിന്നാലെ തന്നെയുണ്ട് 'ഓഹരി' പ്രസിദ്ധീകരണമായ ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ് മാഗസിനില്‍ മൂ‍ന്നു വര്‍ഷക്കാലം സബ് എഡിറ്ററായിരുന്നതിന്റെ ഓര്‍മകളും. ഒരു പാന്‍ നമ്പറും ഇന്ത്യയിലെ ഏതെങ്കിലും പുതുതലമുറ ബാങ്കില്‍ അക്കൌണ്ടും നീക്കിവെയ്ക്കാന്‍ കുറച്ച് പണവും സമയവുമുണ്ടെങ്കില്‍ ഇ-ക്കാലത്ത് ആ‍ര്‍ക്കും ഓണ്‍ലൈനായി ഓഹരിവിപണിയില്‍ ബിസിനസ് നടത്താം. ഉദാഹരണത്തിന് ഐസിഐസിഐയുടെ ഈ സൈറ്റില്‍.

ഒന്നാംതരം കവിത എഴുതിയിരുന്ന കാലത്തുതന്നെ കുമാരനാശാന്‍ അക്കാലത്തെ മോഡേണ്‍ വ്യവസായങ്ങളിലൊന്ന് എന്ന് വിളിക്കാവുന്ന ഓട്ടുകമ്പനി നടത്തി. ചാപ്ലിന്റെ കാര്യം അങ്ങേര് തന്നെ എഴുതിയത് നിങ്ങള്‍ വായിച്ചല്ലൊ.

ഞാനും നിങ്ങളും ഇ-സാക്ഷരരാണെന്നാണല്ലൊ വെപ്പ്. ബ്ലോഗിംഗ്, ബ്ലോഗ് വായന, കമന്റടി... ‘ഇ’തിനെല്ലാമപ്പുറത്തേയ്ക്ക് ഒന്ന് നോക്കിയാലെന്ത്?

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്
രാംമോഹന്‍ പാലിയത്ത്
eMail
ആര്‍ക്കൈവ്സ്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്