29 February 2008

കോച്ച് ഫാക്ടറി സ്മരണകള്‍


ലാലു പ്രസാദമായി കേരളത്തിന് കോച്ച് ഫാക്ടറി കിട്ടാന്‍ പോകുന്നു. ഓര്‍ക്കുന്നോ, പണ്ടിതൊന്ന് കിട്ടിയതാണ്. പക്ഷേ കപ്പിനും ലിപ്പിനുമിടയ്ക്ക് കിട്ടാതെപോയി. 1980-കളുടെ തുടക്കത്തിലായിരുന്നു അത്. പാലക്കാട്ടേയ്ക്ക് വരാനിരുന്ന ആ ഫാക്ടറി അന്ന് പോയത് പഞ്ചാബിലെ കപൂര്‍ത്തലയിലേയ്ക്ക്. 1986-ലാണ് കപൂര്‍ത്തലയിലെ ഫാക്ടറിയില്‍ നിന്ന് കോച്ചുകള്‍ പാളത്തിലിറങ്ങിത്തുടങ്ങിയത്. ഭക്രാ നംഗലിനൊപ്പം ചെറിയ ക്ലാസില്‍ വെച്ച് പഠിച്ചിട്ടില്ലേ മദ്രാസ് പെരുമ്പൂരിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയെപ്പറ്റി? അതിനു ശേഷമുള്ള രണ്ടാമത്തെ കോച്ച് ഫാക്ടറിയാണ് കപൂര്‍ത്തലയിലേത്. പഞ്ചാബിലെ ഭീകരവാദം തണുപ്പിയ്ക്കാനുള്ള പാക്കേജിന്റെ ഭാഗമായിട്ടായിരുന്നു കേരളത്തിന്റെ നാക്കിലയില്‍ വിളമ്പിയ ശേഷം ആ ചോറ് അന്ന് തിരിച്ചെടുത്തത്. (ബാക്കി എന്തുണ്ടായിരുന്നു? ഒന്നു രണ്ട് ഉപ്പിലിട്ടത് - അച്ചാര്‍ വ്യവസായം!, പൊള്ളയായ ടൂറിസ പപ്പടം...)

1982-ല്‍ അധികാരമേറ്റ കരുണാകര മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരുന്നു ആര്‍. ബാലകൃഷ്ണപിള്ള. അങ്ങനെ മന്ത്രിയായിരിക്കെ എറണാകുളത്ത് ഒരു പാര്‍ട്ടി സമ്മേളനത്തില്‍ അങ്ങേരുടെ ആവേശം അണ പൊട്ടി. "പഞ്ചാബ് മോഡലെങ്കില്‍ പഞ്ചാബ് മോഡല്‍, നമുക്ക് എന്തു ചെയ്തും കോച്ച് ഫാക്ടറി തിരിച്ചു പിടിയ്ക്കണം, നമ്മളോടുള്ള അവഗണന അവസാനിപ്പിയ്ക്കണം". പിറ്റേന്നത് ദേശദ്രോഹക്കേസായി. പുള്ളിയുടെ മന്ത്രിസ്ഥാനം പോയി. (വര്‍ഷങ്ങള്‍ കഴിഞ്ഞ് സുപ്രീം കോടതി കനിഞ്ഞിട്ടാണ് അങ്ങേര്‍ക്ക് കുറ്റമൊഴിവായത്. അപ്പോള്‍ മന്ത്രിസഭയും മാറിയിരുന്നു). പറഞ്ഞത് പിള്ളയായിരുന്നെങ്കിലും അക്കാര്യത്തില്‍ അന്ന് മുഴങ്ങിക്കേട്ട ഏകപ്രതിഷേധം അങ്ങേരുടേതായിരുന്നു.

14 ലക്ഷം ജീവനക്കാരോടെ (2006-2007ലെ കണക്ക്) ലോകത്തിലെ ഏറ്റവും വലിയ എമ്പ്ലോയേഴ്സിലൊന്നാണ് ഇന്ത്യന്‍ റെയില്‍വേ. ഈ പതിനാല് ലക്ഷത്തില്‍ മലയാളികളുടെ എണ്ണം എത്രയെന്ന് തിരക്കുന്നത് ഇവിടെ വിഷയമല്ല. എന്നാല്‍ വലിയൊരു വ്യവസായത്തിന്റെ കാര്യം വരുമ്പോള്‍ തൊഴില്‍ സമരങ്ങളുടേയും ജനസാന്ദ്രതയുടെയും ക്ലീഷേകള്‍ കാട്ടി എത്ര നാള്‍ അവരോ നമ്മളോ കേരളത്തെ ഒഴിവാക്കും? കേരളാ മോഡല്‍ എന്ന സുഖകരമായ പ്രയോഗത്തിന്റെ അദൃശ്യ സഫിക്സായ 'ഗള്‍ഫ്' എന്ന പദം കാണാതിരിക്കും?
വോട്ടെടുപ്പ് ഫലം:
പഞ്ചാബ് മോഡല്‍ എന്ന പ്രയോഗം ദേശദ്രോഹമായിരുന്നുവെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
അതെ [0%]
അല്ല [60%]
ചത്ത കുഞ്ഞിന്റെ ജാതകം നോക്കിയിട്ട് ഇനി എന്ത് കാര്യം? [40%]

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്28 February 2008

തേടിയ ഐഡി കഴുത്തില്‍ച്ചുറ്റിനിങ്ങളാരാണ്? നിങ്ങളൊരു ടെററിസ്റ്റല്ലേ? അല്ലെന്ന് പറഞ്ഞിട്ട് കാര്യമില്ല. തെളിയിക്കണം. എന്താണ് നിങ്ങളുടെ ഐഡന്റിറ്റി? അച്ഛന്റേം അമ്മേടേം പേരുകള്‍? ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍? ഗ്രോസറി വാങ്ങിച്ച ചരിത്രം? കഴിഞ്ഞ ബുധനാഴ്ച പത്തിനും രണ്ടിനുമിടയ്ക്ക് എവിടെയായിരുന്നു? വെള്ളിയാഴ്ച പല്ലുവേദന വന്നപ്പോള്‍ ഏത് മരുന്ന് കഴിച്ചു? ശനിയാഴ്ച ഭാര്യയ്ക്ക് മെന്‍സസായിരുന്ന സമയത്ത് നിങ്ങള്‍ സ്ഖലിച്ചതെവിടെ വെച്ച്? ഇത്തരം എല്ലാ വിവരങ്ങളും തരുന്ന ചിപ്പ് ഘടിപ്പിച്ച ഐഡി കാര്‍ഡ് എവിടെ? എടുക്ക് ഐഡി കാര്‍ഡ്. എവിടെ അത്? എന്താ അത് കഴുത്തിലെ വള്ളിയില്‍ തൂക്കിയിടാത്തത്?


നാളെ നമ്മള്‍ നേരിടാന്‍ പോകുന്ന ചില ചോദ്യങ്ങള്‍. ഡോണ്ട് വറി, അധികമൊന്നും നാളെയാവില്ല.
ടെററിസം വ്യാപകമായതിനെത്തുടര്‍ന്നാണ് ഐഡന്റിറ്റി വെളിപ്പെടുത്തല്‍ നിര്‍ബന്ധിതമായത്. (ടെററിസം വ്യാപകമായതല്ല, ആക്കിയതാണ് എന്നത് മറ്റൊരു സത്യം. കുറ്റത്തിനു മുമ്പേ ശിക്ഷകൊടുത്ത് ചിലരെ ലോകം നിര്‍ബന്ധിത ചാവേറുകളാക്കുന്നു).

ജോലിചെയ്യുന്നവര്‍ക്കും ക്ലയന്റ്സിനും മാത്രം അകത്തുകയറാവുന്ന രഹസ്യസ്വഭാവമുള്ള ജോലികള്‍ ചെയ്യുന്ന സ്ഥാപനങ്ങളിലും ഐഡി വെളിപ്പെടുത്തല്‍ നിര്‍ബന്ധമാണ്. അതുകൊണ്ടാണ് കഴുത്തിലെ വള്ളിയില്‍ (lanyard എന്ന് സാങ്കേതികനാമം) ഐഡി കാര്‍ഡുകള്‍ തൂക്കിയിട്ട് നടക്കുന്ന ആളുകളുടെ അശ്ലീലദ്രൃശ്യം എപ്പോഴും കണ്ണില്‍പ്പെടുന്നത്. ഇതിനെ നിങ്ങള്‍ കണ്‍.വീനിയന്‍സ് എന്ന് വിളിക്കുമായിരിക്കും. എന്നാല്‍ എനിയ്ക്കിത് ഭയം നിറഞ്ഞ ഓക്കാനമുണ്ടാക്കുന്നു. കണ്‍.വീനിയന്‍സിന്റെ ആട്ടിന്തോലിട്ടാണ് ഇങ്ങനെ പലതും വരുന്നത്.

ഐഡി ചോദിയ്ക്കുന്നതില്‍ ഒരു ഭീഷണിയുടെ സ്വരമുണ്ട്. ശരിയായിരിക്കാം, നമ്മളെല്ലാം കൂടി ഈ ലോകത്തെ ഇങ്ങനെയാക്കിയതാവാം. പക്ഷേ കോട്ടയം സമ്മേളനത്തിന് നമ്മുടെ വലിയ സഖാക്കള്‍ എന്തിനാണ് വള്ളി കഴുത്തിലിട്ടത്? ഊഹിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. കാര്‍ഡ് പോക്കറ്റിലിട്ടാല്‍പ്പോരായിരുന്നോ?
കമലഹാസന്‍ എന്ന പേര് കമാല്‍ ഹസ്സന്‍ എന്നു വായിച്ച് ഹിന്ദുവായി വേഷം മാറിപ്പോകുന്ന മുസ്ലീം ഭീകരനാണെന്നു കരുതി അമേരിക്കയിലെ എയര്‍പോര്‍ട്ടില്‍ അദ്ദേഹത്തെ തടഞ്ഞുവെച്ച ആപ്പീസര്‍മാര്‍ക്കായിരുന്നോ കോട്ടയത്തെ സെക്യൂരിറ്റി ചുമതല?

ഗോവണിയിറങ്ങുന്ന വീയെസ്സിന്റെ കഴുത്തില്‍ മാത്രമല്ല വള്ളി, മറ്റൊരു ഫോട്ടോയില്‍ സഖാക്കള്‍ എസ്സാര്‍പ്പിയ്ക്കും കാരാട്ടിനുമുണ്ട് ആ കൊരലാരം.

ഈ പോക്ക് നമ്മളെ എവിടെ എത്തിക്കും?


വോട്ടെടുപ്പ് ഫലം:

സഖാക്കള്‍ ഐഡി കഴുത്തില്‍ തൂക്കിയതില്‍ തെറ്റുണ്ടോ?
ഇല്ല [36.4%]
ഉണ്ട് [18.2%]
ഒരു ഐഡിയില്‍ എന്തിരിക്കുന്നു? [45.5%]

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്26 February 2008

സ്പില്‍ബെര്‍ഗിന് മനസ്സാക്ഷിയുണ്ടോ?

ബെയ്ജിംഗില്‍ നടക്കാന്‍ പോകുന്ന ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങ് അടിപൊളിയാക്കാനുള്ള കമ്മറ്റിയില്‍ നിന്ന് മനസ്സാക്ഷിക്കുത്തു മൂലം സ്റ്റീവന്‍ സ്പില്‍ബെര്‍ഗ് രാജി വെച്ചു പോലും. സുഡാനിലെ ദാര്‍ഫോറില്‍ അവിടത്തെ ഗവണ്മെന്റിന്റെ പിന്തുണയോടെ തുടരുന്നുവെന്ന് പാശ്ചാത്യലോകം ആരോപിയ്ക്കുന്ന മനുഷ്യക്കുരുതിയ്ക്ക് ചൈന നിശബ്ദ പിന്തുണ നല്‍കി വരുന്നതിലാണത്രെ സ്പില്‍ബര്‍ഗിന് മനസ്സാക്ഷിക്കുത്ത്. അങ്ങനെയാണെങ്കില്‍ ബുഷിന്റെ ഇറാക്ക് യുദ്ധമോ? അക്കാര്യത്തില്‍ അമേരിയ്ക്കക്കാര്‍ക്ക് മനസ്സാക്ഷിക്കുത്തൊന്നുമില്ലേ?

ഇറാക്കില്‍ അമേരിക്കയും സുഡാനില്‍ ചൈനയും കളിയ്ക്കുന്ന കളികള്‍ എണ്ണയ്ക്കു വേണ്ടിത്തന്നെ. ഒളിമ്പിക്സിലെ കളികളും എണ്ണയും കൂട്ടിക്കുഴയ്ക്കണോ?

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്
രാംമോഹന്‍ പാലിയത്ത്
eMail
ആര്‍ക്കൈവ്സ്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്