26 December 2009

മുല്ലപ്പെരിയാര്‍ റിലേ സമരം മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കി

rebuild-mullaperiyarമുല്ലപ്പെരിയാര്‍ സമര സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന റിലേ നിരാഹാര സമരം മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കി. സമരത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ നൂറ് കണക്കിന് ആളുകള്‍ സമരത്തിനോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് കരിന്തരുവി ചപ്പത്ത് ഒത്തു കൂടി. 2006 ലെ ക്രിസ്മസ് ദിനത്തില്‍ 48 മണിക്കൂര്‍ നിരാഹാര സത്യഗ്രഹവുമായി സി. പി. റോയ്, ഫാദര്‍ ജോയ് നിറപ്പേല്‍ എന്നിവര്‍ ആരംഭിച്ച സമരം, റിലേ നിരാഹാര സമരമായി കഴിഞ്ഞ മൂന്ന് വര്‍ഷം മുടക്കമില്ലാതെ തുടര്‍ന്നു. ഇന്നലെ സമരത്തിന്റെ 1097-‍ാം ദിനമായിരുന്നു.
 
മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രവര്‍ത്തന രഹിതമാക്കണം എന്നാണ് സമരക്കാരുടെ ആവശ്യം.
 
വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതു യോഗം കവി കുരീപ്പുഴ ശ്രീകുമാര്‍ ഉല്‍ഘാടനം ചെയ്തു. പ്രശ്നം പരിഹരിക്കപ്പെടുന്നതു വരെ സമരം തുടരും എന്ന് സി. പി. റോയ് അറിയിച്ചു. തികച്ചും സമാധാന പരമായാണ് ഈ സമരം നടത്തുന്നത്. ഈ സമരത്തിന് ഇത്രയേറെ ജന പിന്തുണ ലഭിക്കുവാനും ഇതു തന്നെയാണ് കാരണം.
 
അണക്കെട്ട് പ്രവര്‍ത്തന രഹിതം ആക്കുവാനായി കേരളം അസംബ്ലിയില്‍ പ്രമേയം പാസ്സാക്കിയത് പെരിയാര്‍ തീരത്ത് വസിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ ജീവനും സ്വത്തിനു സംരക്ഷണം നല്‍കുന്ന ദിശയിലുള്ള ആശാവഹമായ ഒരു നീക്കമാണ് എന്ന് സി. പി. റോയ് പറഞ്ഞു.
 
 Mullaperiyar relay hunger strike completes third year


Labels:

   
  - ജെ. എസ്.    

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്


17 December 2009

ബൂലോഗത്തെ കൊടുങ്കാറ്റ് - മുല്ലപ്പെരിയാര്‍ ചര്‍ച്ച സജീവമാകുന്നു

rebuild-mullaperiyar2000-‍ാം ആണ്ടിന്റെ മധ്യത്തോ ടെയാണ് ബ്ലോഗ് എന്ന സങ്കേതത്തിന്റെ സാധ്യതകള്‍ മലയാളി കള്‍ക്കിടയില്‍ പ്രചാരത്തില്‍ വരുന്നത്‌. കഥകളും, കവിതകളും, ലേഖനങ്ങളും, ഫോട്ടോകളും, കാര്‍ട്ടൂണും അങ്ങിനെ മലയാള ബ്ലോഗില്‍ വിഷയ വൈവിധ്യങ്ങളുടെ ധാരാളിത്തം പ്രകടമാണ്‌. സജീവ്‌ എടത്താടന്റെ “കൊടകര പുരാണം“ ഉയര്‍ത്തിയ തരംഗം മലയാളി കള്‍ക്കിടയില്‍ ബ്ലോഗിനെ പ്രശസ്തമാക്കി. എഴുത്തിനോടും വായനയോടുമുള്ള മലയാളിയുടെ അഭിനിവേശത്തെ ബ്ലോഗുകള്‍ കയ്യടക്കുവാന്‍ തുടങ്ങി. ഇതു പുതിയ ബ്ലോഗുകളുടേയും ബ്ലോഗ്ഗര്‍മാരുടെയും കടന്നു വരവിനു വഴിയൊരുക്കി. പല പേരുകളില്‍ അവര്‍ വായനക്കാരില്‍ എത്തി. വിശാലനും, അങ്കിളും, പൊങ്ങുമ്മൂടനും, കൈതമുള്ളും, കുറുമാനും, സുവും, ദേവസേനയും, വല്യേച്ചിയും ഒക്കെയായി വായനക്കാ ര്‍ക്കിടയില്‍ ചിര പരിചിതരായി. ബൂലോഗം (ബ്ലോഗ് ലോകം) എന്നൊരു സങ്കല്‍പ്പം ഉണ്ടായി. ബ്ലോഗുകളില്‍ നിന്നും പല രചനകളും പുസ്തകങ്ങളായി പുറത്തു വന്നു.
 
ബ്ലോഗുകള്‍ പുതിയ സൗഹൃദങ്ങള്‍ക്കും സൗഹൃദ ക്കൂട്ടായ്മകള്‍ക്കും വേദിയായി. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും അപര നാമങ്ങളില്‍ / തൂലികാ നാമങ്ങളില്‍ അറിയപ്പെ ട്ടിരുന്നവര്‍ പലയിടങ്ങളില്‍ ഒത്തു ചേര്‍ന്നു പരിചയപ്പെട്ടു. ആ കൂട്ടായ്മകള്‍ മറ്റു പല സേവന ങ്ങളിലേക്കും ക്രിയാത്മകമായ പ്രവര്‍ത്തന ങ്ങളിലേക്കും വികസിച്ചു. അശരണ രായവര്‍ക്ക്‌ സഹായം എത്തിക്കുവനും, ജോലി അന്വേഷകര്‍ക്ക്‌ ജോലി നല്‍കുവാനും അങ്ങിനെ അങ്ങിനെ നിരവധി തലങ്ങളിലേക്ക്‌ അത് നീണ്ടു.
 
ബ്ലോഗ്ഗര്‍മാര്‍ തങ്ങളുടെ ബ്ലോഗുകളിലൂടെ വായനക്കാരുമായി സംവദിക്കാറുണ്ട്‌, അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ കലഹിക്കാറുണ്ട്‌, സന്ദേഹങ്ങളും സന്തോഷങ്ങളും പങ്കു വെക്കാറുമുണ്ട്‌. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുന്നു കൊണ്ട്‌ അവര്‍ മറ്റൊരു ഉദ്യമത്തിനായി ഒരുമിക്കുന്നു. കേരളം നേരിടുന്ന അതി ഭീകരമായ മുല്ലപ്പെരിയാര്‍ വിഷയത്തില്‍, എത്രയും വേഗം ഒരു നടപടി എടുക്കണം എന്ന ആവശ്യവുമായി ആണ് ഈ പുതിയ മുന്നേറ്റം. “റീബില്‍ഡ്‌ മുല്ലപ്പെരിയാര്‍ - സേവ്‌ കേരള” എന്ന മുദ്രാവാക്യം ഉയര്‍ത്തി ക്കൊണ്ടുള്ള ആ മുന്നേറ്റം, കേവലം എഴുത്തില്‍ ഒതുങ്ങാത്ത വ്യത്യസ്ഥമായ ഒരു സാധ്യതയെ ആണ്‌ മുന്നോട്ടു വെക്കുന്നത്‌. ഇതിനായി RebuildDam എന്ന ഒരു ബ്ലോഗും, അതിലേക്കുള്ള ലിങ്കും ബ്ലോഗ്ഗര്‍മാര്‍ ഒരു ലോഗോയോടു കൂടി തങ്ങളുടെ ബ്ലോഗില്‍ പ്രദര്‍ശിപ്പിക്കുന്നു.
 
മുല്ലപ്പെരിയാര്‍ ഡാം അപകടം ഏതു വിധേനയും ഒഴിവാക്കുക എന്നതാണ് “റീബില്‍ഡ് മുല്ലപ്പെരിയാര്‍ - സേവ് കേരള” എന്ന മുദ്ര്യാവാക്യ ത്തിലൂടെ ഇവര്‍ മുന്നോട്ടു വെക്കുന്നത്. തമിഴക രാഷ്ടീയ മണ്ഡലം ഈ പ്രശ്നത്തെ സമീപിക്കുന്നത് പോലെ, വികാര പരമായ ഒരു വിഷയമാക്കി മാറ്റി നേട്ടം കൊയ്യുവാനുള്ള ശ്രമമല്ല ഇത് എന്ന് ഇവര്‍ വ്യക്തമാക്കുന്നുണ്ട്. തമിഴ്‌ നാടിന് ആവശ്യമായ ജല ലഭ്യത ഉറപ്പു വരുത്തുന്ന തോടൊപ്പം, കേരളത്തിലെ ജനങ്ങളുടെ ജീവന്‍ സുരക്ഷിതമാക്കുക എന്നതു കൂടെയാണ് ഈ മുന്നേറ്റത്തിന്റെ ലക്ഷ്യം.
 
ഒത്തു തീര്‍പ്പുകള്‍ക്കും ഒഴിവു കഴിവുകള്‍ക്കും ഒളിച്ചു വെയ്ക്കാന്‍ കഴിയുന്നതല്ല മുല്ലപ്പെരിയാര്‍ ഉയര്‍ത്തുന്ന ഭീഷണി. സാങ്കേതിക ത്വത്തിന്റേയും സാധ്യതാ പഠനത്തിന്റേയും രാഷ്ടീയ സമ്മര്‍ദ്ദങ്ങളുടെയും പേരില്‍, നഷ്ടമ‍ാക്കുന്ന ഓരോ നിമിഷവും, ഒരു കൂട്ടം മനുഷ്യ ജീവിതങ്ങള്‍ക്കു മേല്‍ ചിറകു വിരിച്ചിരിക്കുന്ന ദുരന്തത്തിലേക്കുള്ള ദൂരം കുറയ്ക്കുകയാണ് ബന്ധപ്പെട്ടവര്‍ ചെയ്യുന്നത്. സായിപ്പ് തന്റെ കിടപ്പാടം വിറ്റു കിട്ടിയ തുക കൊണ്ട്‌ നമുക്ക്‌ നിര്‍മ്മിച്ച്‌ നല്‍കിയ ഔദാര്യത്തിന്റെ പ്രതീകമാണ് ഈ അണക്കെട്ട്. (????) എന്നാല്‍ നിര്‍മ്മാണ കാലത്ത്‌ അമ്പതു വര്‍ഷത്തെ ആയുസ്സു മാത്രം പറഞ്ഞ ഇതില്‍, കാലം ഏല്‍പ്പിച്ച ആഘാതങ്ങള്‍ നിരവധിയാണ്‌. അതില്‍ ഒരു ചെറു വിള്ളല്‍ പോലും അണക്കെട്ടിന്റെ തകര്‍ച്ചയിലേക്ക്‌ നയിച്ചേക്കാം. ലക്ഷ ക്കണക്കിനു മനുഷ്യരടക്കം ഉള്ള നിരവധി ജീവ ജാലങ്ങളെയാണ് ഈ അപകടം ഇല്ലാതാക്കുക. ദൈവത്തിന്റെ സ്വന്തം നാടിന്റെ നല്ലൊരു ഭാഗം ഭൂമുഖത്തു നിന്നും തുടച്ചു നീക്കപ്പെടും. അണക്കെട്ട് തകര്‍ന്നാല്‍ ഉണ്ടാകുന്ന ദുരന്തങ്ങള്‍ക്ക്‌ ഒരു ചെറിയ മാതൃകയായി 1979-ലെ മാര്‍വ്വി അണക്കെട്ട് ദുരന്തം നമുക്ക്‌ മുമ്പിലുണ്ട്‌. ആ ദുരന്തത്തില്‍ പൊലിഞ്ഞത്‌ പതിനായിരങ്ങളുടെ ജീവനായിരുന്നു എങ്കില്‍, ഇവിടെ അത്‌ ദശ ലക്ഷങ്ങളാവും. ഇത്‌ സൂചിപ്പിക്കുന്നത്‌, മനുഷ്യരടക്കം ഉള്ള ജീവികളുടെ മരണ സംഖ്യ എന്ന ഭീകര സത്യമാണ്‌.
 
RebuildDam ഒരു പൊതു പ്ലാറ്റ്ഫോം ആണ്‌. നിരക്ഷരന്‍ എന്ന ബ്ലോഗ്ഗര്‍, ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന പാച്ചു എന്ന ബ്ലോഗറുടെ ‘മുല്ലപ്പെരിയാര്‍ യാത്ര‘ എന്ന ബ്ലോഗിലെ നടുക്കുന്ന ചില മുല്ലപ്പെരിയാര്‍ ഫോട്ടോകളും കുറിപ്പുകളും വായനക്കാരുടെ ശ്രദ്ധയില്‍ പെടുത്തി ക്കൊണ്ട് എഴുതിയ ലേഖനത്തിലൂടെ ആരംഭിച്ച ഈ ബ്ലോഗ്ഗില്‍, ഇന്നു നിരവധി ലിങ്കുകളും പോസ്റ്റുകളും ഉണ്ട്. പത്രങ്ങളിലും, യൂട്യൂബ് അടക്കം ഉള്ള സൈറ്റുകളിലും, വ്യക്തികളുടേയും മറ്റും ബ്ലോഗുകളില്‍ വന്ന മുല്ലപ്പെരിയാര്‍ സംബന്ധിയായ വിവരങ്ങള്‍ എല്ലാം ഇവിടെ ലഭ്യമാണ്‌. അനുദിനം പുതിയ വിവരങ്ങള്‍ ഇവിടെ ചേര്‍ക്കപ്പെടുന്നു. അതോടൊപ്പം മുല്ലപ്പെരിയാര്‍ സംബന്ധിയായ ഒരു ഓര്‍ക്കുട്ട്‌ കമ്യൂണിറ്റിയും ആരംഭിച്ചിരിക്കുന്നു. ഓരോ ബ്ലോഗ്ഗര്‍മാരും ഈ സംരംഭത്തിലേക്ക്‌ സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ ഉള്ളവരെ കൂടി ഇതിന്റെ ഭാഗമാക്കുവാന്‍ ശ്രമിക്കുന്നു.
 
അതിജീവന ത്തിനായി നടത്തപ്പെടുന്ന സമരങ്ങളെ അടിച്ച മര്‍ത്തി ക്കൊണ്ടും വികസന പദ്ധതികളുടെ പേരില്‍ ആയിരങ്ങളെ ആട്ടിയോടിച്ചു കൊണ്ടും പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന സര്‍ക്കാരുകള്‍ പക്ഷെ, മുല്ലപ്പെരിയാര്‍ ഉയര്‍ത്തുന്ന ഭീഷണിയില്‍ വേണ്ടത്ര ജാഗ്രത പാലിക്കുന്നുണ്ടോ എന്ന് സംശയമാണ്‌. കേരളീയ പൊതു സമൂഹത്തിനോ പ്രകൃതിക്കോ യാതൊരു പ്രയോജനവും പ്രാധാന്യവും താല്‍പര്യവുമില്ലാത്ത, ഏതാനും ചിലരുടെ മാത്രം രാഷ്ടീയ / വ്യക്തിപരമായ താല്‍പര്യം മാത്രമായ മുരളിയുടെ മടങ്ങി വരവിനെ പറ്റി വ്യാകുലരാകുന്ന, മുഖ്യ മന്ത്രിയുടെ വാക്കുകളില്‍ നിന്നും വിവാദത്തിനായി പുത്തന്‍ സാധ്യതകള്‍ തേടുന്ന മുഖ്യ ധാരാ മാധ്യമങ്ങളും, ഇതില്‍ വേണ്ടത്ര വാര്‍ത്താ പ്രാധാന്യം ദര്‍ശിക്കുന്നില്ല. ഇതിനൊരു മാറ്റം വന്നേ തീരൂ. അത്തരം വാര്‍ത്തകളെ ന്യൂസ്‌ ഡെസ്കുകളില്‍ നിന്നും ചവറ്റു കുട്ടയിലേക്ക്‌ വലിച്ചെറിയുവാന്‍ ഉള്ള ആര്‍ജ്ജവം എഡിറ്റര്‍മാരും വാര്‍ത്താ ലേഖകരും കാണിക്കേണ്ട കാലം അതിക്രമിച്ചു എന്നു കരുതേണ്ടി യിരിക്കുന്നു. ദുരന്ത ദൃശ്യങ്ങള്‍ക്കും അവിടെ നിന്നുള്ള അലമുറകള്‍ക്കും കാതോര്‍ത്തി രിക്കുന്ന ദുഷ്ട മനസ്സുകള്‍ക്ക്‌ ആഹ്ലാദിക്കുവാന്‍ ഇടം നല്‍കാ തിരിക്കുവാനും, അത്തരം ഒരു അഭിശപ്തമായ നിമിഷത്തെ നേരിടേണ്ടി വരുന്ന ദുര്‍വ്വിധി നമ്മുടെ ഭാഗധേയത്തില്‍ നിന്ന് ഇല്ലാതാക്കാനുമാണ് നമ്മുടെ അധികാരികളും മാധ്യമങ്ങളും നീതി പീഠങ്ങളും അടിയന്തിരമായി ശ്രമിക്കുകയും ശ്രദ്ധിക്കുകയും ചെയ്യേണ്ടത്.
 
പുതിയ ഡാമിന്റെ നിര്‍മ്മാണവും, അതോടൊപ്പമോ അതിനു മുമ്പോ തന്നെ ഉയര്‍ന്നു വരാവുന്ന അഴിമതി സാധ്യതകളെ കുറിച്ചും ആശങ്കാ കുലരാകുന്നവര്‍ ഉണ്ടായേക്കാം. പുതിയ അണക്കെട്ട് നിര്‍മ്മാണം എന്ന ആശയത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുവാന്‍ മുന്‍ അനുഭവങ്ങള്‍ പ്രേരിപ്പിക്കുകയും ചെയ്തേക്കാം. അഴിമതിയെ സ്വന്തം ജീവിതോ പാധിയാക്കി ധന സമ്പാദന ത്തിനായി എന്തു വിട്ടു വീഴ്ചകള്‍ക്കും വഴി വിട്ട ബന്ധങ്ങള്‍ക്കും തയ്യാറാകുന്നവര്‍ നമ്മുടെ നാടിന്റെ ശാപമാണ്‌. കാലാ കാലങ്ങളില്‍ ഇത്തരം അഴിമതികള്‍ക്കും അഴിമതിക്കാര്‍ക്കും എതിരായി നിരവധി അന്വേഷണങ്ങളും കുറ്റപത്രങ്ങളും ഒക്കെ ഉണ്ടായിട്ടുണ്ട്‌. എന്നാല്‍ ദൗര്‍ഭാഗ്യ വശാല്‍ അതിന്റെ നടപടികള്‍ അനന്തമായി നീളുന്നത്‌ ഒരു ശീലമായി മാറിയിരിക്കുന്നു നമ്മുടെ നാട്ടില്‍. അതെല്ലാം നില നില്‍ക്കുമ്പോള്‍ തന്നെ, നാം ഇവിടെ അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന ഭീഷണിയെ, എത്രയും വേഗം ഇല്ലതാക്കുവാന്‍ എന്തെങ്കിലും നടപടി എടുത്തേ പറ്റൂ.
 
വികസനം എന്നാല്‍, വനം വെട്ടി ത്തെളിച്ചും, പ്രകൃതിയെ പരമാവധി ചൂഷണം ചെയ്തും, കോണ്‍ക്രീറ്റ്‌ കാടുകള്‍ സൃഷ്ടിക്കല്‍ ആണെന്നു കരുതുന്നവര്‍ക്ക്‌ പ്രകൃതി സംരക്ഷണം എന്നൊക്കെ പറയുമ്പോള്‍ പുച്ഛമാണ്‌. പ്രകൃതി സ്നേഹികളേയും പരിസ്ഥിതി പ്രേമികളേയും അവര്‍ വികസന വിരുദ്ധരായി മുദ്ര കുത്തുന്നു. അവരുടെ പ്രതിഷേധ ശബ്ദങ്ങളെ ആദ്യം മുതല്‍ എതിര്‍ക്കുന്നു. ഒറ്റപ്പെട്ട ശബ്ദങ്ങളില്‍ നിന്നും ആരവങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ പ്രതിഷേധ ത്തിന്റെ അല കടല്‍ രൂപപ്പെ ടുത്തുവാന്‍ കഴിയും എന്ന് മുന്‍ അനുഭവങ്ങള്‍ നമുക്ക്‌ സാക്ഷ്യമാകുന്നു. ഇരുപത്തഞ്ച്‌ വര്‍ഷം മുമ്പ്‌ നടത്തിയ സൈലന്റ്വാലി സംരക്ഷണ സമരവും, അതിന്റെ വിജയവും ആവേശമായി നമുക്ക്‌ മുമ്പിലുണ്ട്‌. അതിനാല്‍ ഈ സംരംഭവും ഒരു വലിയ ചലനമായി സമൂഹത്തില്‍ മാറും എന്നതില്‍ സംശയിക്കേണ്ടതില്ല. സൈലന്റ്വാലി സമര കാലത്ത്‌ അതിനെ പരിഹസിച്ച്‌, കടലില്‍ മഴ പെയ്യുന്നത്‌ അവിടെ മരം ഉണ്ടായിട്ടാണോ എന്ന് ചോദിച്ച ബുദ്ധിയി ല്ലായമയെ ജനാധി പത്യത്തിന്റെ പേരില്‍ ക്ഷമിച്ചവരാണ്‌ നമ്മള്‍. അതു കൊണ്ടു തന്നെ ഇത്, തന്നെയോ കുടൂംബത്തെയോ ബാധിക്കു ന്നതല്ലാത്തതു കൊണ്ട് ആകുലപ്പെ ടേണ്ടതില്ല എന്ന് കരുതുന്നവരെ അണക്കെട്ട് തകര്‍ന്നാല്‍ സാധാരണ ക്കാരന്റെ കുടിലുകള്‍ മാത്രമല്ല, കോടികള്‍ ചിലവിട്ടു കെട്ടിപ്പൊക്കിയ രമ്യ ഹര്‍മ്മകളും ഒലിച്ചു പോകുമെന്ന് ഓര്‍മ്മി പ്പിക്കുവാന്‍ നാം ശ്രമിക്കേണ്ടി യിരിക്കുന്നു. RebuildDam ബോധവല്‍ക്ക രണത്തിന്റേയും പ്രതിഷേധത്തിന്റേയും തലത്തില്‍ എങ്ങിനെ സമൂഹത്തിന്റെ നന്മക്കും പ്രകൃതിയുടെ സംരക്ഷണത്തിനും ആയി ബ്ലോഗിനെയും അതു വഴി രൂപപ്പെടുന്ന കൂട്ടായ്മയേയും പ്രയോജന പ്പെടുത്താം എന്ന പുതിയ സാധ്യത കൂടെ ആണ്‌ തുറന്നു തരുന്നത്‌.
 
- എസ്. കുമാര്‍
 
 Rebuild Mullaperiyar - Save Kerala movement by Malayalam blogs and bloggers 
 

Labels:

   
  - ജെ. എസ്.    

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്


Untitled Document ePathram Pacha


ഗ്രീന്‍പീസിന് വേണ്ടി നിങ്ങള്‍ക്ക് ചെയ്യാവുന്നത്


© e പത്രം 2009

Powered by Blogger