പി. എം. അബ്ദുല്‍ റഹിമാന്‍

Abudhabi Correspondent, ePathram.com

അബുദാബിയിലെ കലാ സാംസ്ക്കാരിക രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന പി. എം. അബ്ദുല്‍ റഹിമാന്‍, ഒരു മാധ്യമ പ്രവര്‍ത്തകന്‍ കൂടിയാണ്. മലയാളികളുടെ സമഗ്രമായ വെബ് പോര്‍ട്ടല്‍ എന്ന് അറിയപ്പെടുന്ന e പത്രം (www.ePathram.com) അബുദാബി കറസ്പോണ്ടന്റ് ആയി പ്രവര്‍ത്തിക്കുന്നു.

മലയാളം ഇന്‍റ്റര്‍നെറ്റ് രംഗത്ത്‌ വിപ്ലവകരമായ ഒരു മാറ്റത്തിനു തുടക്കം കുറിച്ചത്‌, ഗള്‍ഫ്‌ മലയാളികളുടെ ഇഷ്ട വെബ് സൈറ്റ്‌ ആയ e പത്രം ആണ്. വാര്‍ത്ത ഉള്‍പ്പടെ എല്ലാ വിഭാഗങ്ങളിലും വായനക്കാരുമായി സംവദിക്കാനുള്ള അവസരം ഒരുക്കിയ മലയാളത്തിലെ ആദ്യത്തെ ഇന്റര്‍നെറ്റ് പത്രമാണ് e പത്രം. മലയാളം കമ്പ്യൂട്ടിങ് സങ്കേതങ്ങള്‍ പ്രചരിപ്പിക്കുകയും മലയാളം ബ്ലോഗുകളെ പരമാവധി പ്രോത്സാഹിപ്പിക്കുകയും ചെയ്തു പോന്ന e പത്രം വളരെ കുറച്ചു കാലം കൊണ്ടു തന്നെ ഇന്റര്‍നെറ്റില്‍ ശ്രദ്ധിക്കപ്പെടുകയുണ്ടായി. മലയാളം ടൈപ്പിങ്ങും മലയാളം അക്ഷരങ്ങളുടെ ഉപയോഗവും മറ്റും എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന e പത്രം താളിലേക്ക് മമ്മുട്ടിയെ പോലുള്ള പ്രശസ്തര്‍ പോലും തങ്ങളുടെ ബ്ലോഗ് ലിങ്ക് ചെയ്തതും അതു കൊണ്ടു തന്നെയാണ്.

യു.എ.ഇ. യിലെ മലയാളി സംഘടനകളുടെ പ്രവര്‍ത്തനങ്ങളും പ്രവാസി മലയാളികളുടെ ക്ഷേമവും ലക്ഷ്യമാക്കി ഇന്റര്‍നെറ്റ് മാധ്യമ രംഗത്ത് ഫലപ്രദമായി പ്രവര്‍ത്തിച്ച് e ജേണലിസത്തില്‍ പുതിയ മാനങ്ങള്‍ കണ്ടെത്തുവാന്‍ ശ്രീ അബ്ദുല്‍ റഹിമാന് കഴിഞ്ഞു.

അബുദാബി കേരള സോഷ്യല്‍ സെന്ററിലെ സജീവ പ്രവര്‍ത്തകനായ അബ്ദുല്‍ റഹിമാന്‍ ഒരു നാടക പ്രവര്‍ത്തകന്‍ കൂടിയാണ് .

കെ. എസ്. സി. യുടെ മാനേജിംഗ് കമ്മിറ്റിയില്‍ ഭാരവാഹിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ, അബുദാബിയിലെ വിവിധ പ്രവാസി കൂട്ടായ്മകള്‍ ആയ ബാച്ച് ചാവക്കാട്, ഒരുമ ഒരുമനയൂര്‍, നാടക സൌഹൃദം, കേരള മാപ്പിള കലാ അക്കാദമി (അബുദാബി ചാപ്ടര്‍), എന്നിവയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.

അമേച്വര്‍ സംഘടനയായ അബുദാബി ശക്തി തിയ്യറ്റേഴ്സ് മാനേജിംഗ് കമ്മിറ്റിയില്‍ കലാ വിഭാഗം സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

നാടകം കൂടാതെ, ടെലി സിനിമ, മ്യു‌സിക് ആല്‍ബം എന്നീ മേഖലകളിലും തിരക്കഥ രചയിതാവായും, സഹ സംവിധായകനായും, അഭിനേതാവായും പി. എം. അബ്ദുല്‍ റഹിമാന്‍ സജീവമായി നിറഞ്ഞു നില്‍ക്കുന്നു.

ശക്തി അവതരിപ്പിച്ച വേലികള്‍, ചന്ദനക്കട്ടില്‍, ഗതികെട്ടവന്റെ സ്വപ്നം, ന്‍റ്റെ പുള്ളിപ്പയ്യ് കരയണ് എന്നീ നാടകങ്ങളില്‍ അഭിനയിച്ചു.

2002ല്‍ ഇബ്രാഹിം വേങ്ങരയുടെ പകിട പന്ത്രണ്ട് എന്ന നാടകത്തിലെ മുത്തു എന്ന കഥാപാത്രം കലാ ജീവിതത്തില്‍ ഒരു വഴിത്തിരിവായി. കുടുംബാംഗങ്ങള്‍ അബ്ദു എന്നു പേര്‍ വിളിക്കുമ്പോള്‍, നാടക പ്രവര്‍ത്തകര്‍ മുത്തു എന്നു (കഥാപാത്രത്തിന്റെ) പേര്‍ വിളിക്കുന്നു.

അബുദാബിയില്‍ ചിത്രീകരിച്ച്, 2007 ലെ അറ്റ്ലസ് - ജീവന്‍ ടെലിഫെസ്റ്റ് മത്സരത്തില്‍ മികച്ച നടിക്കുള്ള രണ്ടാം സ്ഥാനം കരസ്ഥമാക്കിയ 'ദൂരം' എന്ന ടെലി സിനിമയുടെ സഹ സംവിധായകന്‍ ആയി പ്രവര്‍ത്തിച്ചു.


2008 ല്‍, അല്‍ ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ മികച്ച സിനിമ, മികച്ച നടി, സംവിധായകന്‍ എന്നീ മൂന്ന് ഒന്നാം സമ്മാനങ്ങള്‍ കരസ്ഥമാക്കിയ "രാത്രി കാലം" എന്ന സിനിമയുടെ സഹ സംവിധായകനും അഭിനേതാവും ആയിരുന്നു.



കൂടാതെ, ഇശല്‍ എമിറേറ്റ്സ് അവതരിപ്പിച്ച് ടെലി കാസ്റ്റ് ചെയ്തിരുന്ന ഇഷ്കിന്‍ പട്ടുറുമാല്‍, കസവു തട്ടം എന്നീ മാപ്പിളപ്പാട്ടു വീഡിയോ ആല്‍ബങ്ങള്‍ക്കും, ഇടയ രാഗം, ഉത്തമ ഗീതം, 'മമ ഹ്യദയം' എന്നീ ക്രിസ്ത്യന്‍ ഭക്തി ഗാന ആല്‍ബങ്ങള്‍ക്കും തിരക്കഥ രചിക്കുകയും സഹ സംവിധാനം നിര്‍വ്വഹിക്കുകയും അഭിനയിക്കുകയും ചെയ്തു.



ടെലിവിഷനു വേണ്ടി ചിത്രീകരിച്ച 'മാവേലി യു. എ. ഇ. യില്‍', "The മൂട്ട" എന്നീ ഹാസ്യ പരിപാടികളിലും അബ്ദുല്‍ റഹിമാന്റെ സാന്നിദ്ധ്യമുണ്ട് . ദുബായിലും ഷാര്‍ജയിലുമായി ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന "മേഘങ്ങള്‍" എന്ന ടെലി സിനിമയില്‍ അഭിനയിച്ചു വരുന്നു.

അബുദാബിയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പി. എം. അബ്ദുല്‍ റഹിമാന്‍, ഗള്‍ഫില്‍ എത്തിയിട്ട് പതിനഞ്ചു വര്‍ഷമായി.

തൃശൂര്‍ ജില്ലയിലെ ചാവക്കാട് സ്വദേശിയായ പി. എം. അബ്ദുല്‍ റഹിമാന്‍ പ്രവാസിയായി ഗള്‍ഫില്‍ എത്തിപ്പെടുന്നതിനു മുന്‍പ് തന്നെ മാധ്യമ രംഗത്ത് തന്റെ കഴിവുകള്‍ തെളിയിച്ചിരുന്നു.



കോഴിക്കോട് നിന്നും പ്രസിദ്ധീകരിച്ചിരുന്ന ഫിലിം നൈറ്റ്‌ ഗ്രൂപ്പ് സിനിമാ പ്രസിദ്ധീകരണങ്ങളില്‍ റിപ്പോര്‍ട്ടര്‍ ആയി പ്രവര്‍ത്തിച്ചു. മലയാള സിനിമ രംഗത്തെ ശ്രദ്ധേയനായ പത്ര പ്രവര്‍ത്തകന്‍ ദേവസ്സിക്കുട്ടി മുടിക്കല്‍, ഗുരു സ്ഥാനീയനാണ്.

ദൈവ സഹായം ലക്കി സെന്‍റര്‍, ജോര്‍ജൂട്ടി c/o ജോര്‍ജൂട്ടി എന്നീ സിനിമകള്‍ക്ക്‌ സംവിധാന സഹായി ആയി പിന്നണിയില്‍ പ്രവര്‍ത്തിച്ചു.

e പത്രത്തിലെ സിനിമ പേജിലും ഇദ്ദേഹത്തിന്റെ രചനകള്‍ കാണാം.

ഇന്‍റ്റര്‍ നെറ്റിലെ സൌഹൃദ ക്കൂട്ടായ്മകളായ ചാവക്കാട് സോഷ്യല്‍ നെറ്റ് വര്‍ക്ക്, ഒരുമനയൂര്‍ ഡോട്ട് കോം, എന്നിവയുടെ മുന്‍ നിര പ്രവര്‍ത്തകന്‍ കൂടിയാണ്.



ഒരുമ ഒരുമനയൂര്‍ എട്ടാം വാര്‍ഷിക ആഘോഷം, 'ഒരുമ സംഗമം 2009' ല്‍ കലാ സാംസ്കാരിക രംഗങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ചവരെ ആദരിക്കുന്നതിന്‍ ഭാഗമായി പി. എം. അബ്ദുല്‍ റഹിമാന് മൊമെന്‍റ്റോ നല്‍കി ആദരിച്ചു.


ഈമെയില്‍ വിലാസം : abdulrahiman at epathram dot com

മൊബൈല്‍ : 050 73 22 932

ബ്ലോഗ് : http://gramasree.blogspot.com

പ്രൊഫൈല്‍ : http://www.epathram.com/misc/people/pma/