31 March 2009
വിഡ്ഢി ദിനത്തില്‍ കോണ്‍ഫിക്കര്‍ ആക്രമിക്കുമോ?
കഴിഞ്ഞ വര്‍ഷം ഏറ്റവും അധികം കമ്പ്യൂട്ടറുകളെ ആക്രമിച്ച വയറസ് ആയ കോണ്‍ഫിക്കര്‍ ഏപ്രില്‍ ഒന്നിന് വന്‍ നാശം വിതക്കും എന്ന് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വരുമ്പോഴും ഏപ്രില്‍ ഒന്നിന് പ്രത്യേകിച്ച് ഒന്നും പ്രകടമാകില്ല എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ അറിയിക്കുന്നത്. ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ കമ്പ്യൂട്ടറുകളില്‍ കയറി പറ്റിയതോടെയാണ് അടുത്ത ദിവസങ്ങളില്‍ ഈ വൈറസ് ഇത്രയേറെ പ്രശസ്തമായത്. ഏറ്റവും ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ നിലവിലുള്ള ഈ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ പോലും കയറി പറ്റാന്‍ കഴിഞ്ഞത് ഇതിന്റെ നിര്‍മ്മാതാക്കളുടെ വിജയവുമായി. ഒപ്പം സുരക്ഷാ സംവിധാനങ്ങളെ കൂടുതല്‍ ജാഗ്രതയോടെ പരിപാലിക്കേണ്ടതിന്റെ ആവശ്യം എല്ലാവര്‍ക്കും ബോധ്യപ്പെടാന്‍ ഒരു അവസരവും.
 
ആന്റി വയറസ് പ്രോഗ്രാമുകളുടെ ശ്രദ്ധയില്‍ പെടാതെ ഈ വയറസിന് ഒരു യു.എസ്.ബി. ഫ്ലാഷ് ഡ്രൈവില്‍ നിന്നും നേരിട്ട് കമ്പ്യൂട്ടര്‍ ശൃംഖലയിലേക്ക് കയറി പറ്റാന്‍ ആവുന്നു എന്നുള്ളതാണ് ഇതിന്റെ ഒരു പ്രത്യേകത. കൊണ്ടു നടക്കുവാന്‍ എളുപ്പവും ധാരാളം ശേഖരണ ശേഷിയുമുള്ള യു.എസ്.ബി. ഫ്ലാഷ് ഡ്രൈവുകള്‍ വഴിയാണ് ഈ വയറസ് കമ്പ്യൂട്ടറുകളെ ഏറ്റവും എളുപ്പം പകര്‍ന്ന് പിടിച്ചതും. മറ്റൊരു ശ്രദ്ധേയമായ വസ്തുത അനധികൃതമായ വിന്‍ഡോസ് ഉപയോക്താക്കളെയാണ് ഇത് ഏറ്റവും അധികം ബാധിച്ചത് എന്നതാണ്. സോഫ്റ്റ്വെയര്‍ കൊള്ള (piracy) തടയാന്‍ മൈക്രോസോഫ്റ്റ് ഇത്തരം അനധികൃത പകര്‍പ്പുകളെ ഏറ്റവും പുതിയ സുരക്ഷാ കൂട്ടിച്ചേര്‍ക്കലുകള്‍ (security patches) സ്വീകരിക്കുന്നതില്‍ നിന്നും തടഞ്ഞത് മൂലമാണ് ഇത്. സ്വന്തം കമ്പ്യൂട്ടറുകള്‍ ശരിയായ വിധം അപ്ഡേറ്റ് ചെയ്യാത്തവര്‍ക്കും ഇത് വിനയായി. അത്തരം കമ്പ്യൂട്ടറുകളെയാണ് ഈ വയറസ് ഏറ്റവും അധികം ബാധിച്ചത്.
 
ലോകമാകമാനം 12 മില്ല്യണിലേറെ കമ്പ്യൂട്ടറുകളെ ഇതിനോടകം ബാധിച്ചു കഴിഞ്ഞ ഈ വയറസിനെ നമുക്ക് തള്ളി കളയാന്‍ ആവില്ല. ഇതിന്റെ നാശം വിതക്കാന്‍ ഉള്ള കഴിവും അപാരമാണ്. എന്നാല്‍ ഇപ്പോള്‍ തന്നെ ഇത് ചെയ്യുവാന്‍ ഉള്ള കഴിവ് ഈ വയറസിന്റെ നിര്‍മ്മാതാക്കള്‍ക്ക് ഉണ്ട്. അത് കൊണ്ട് തന്നെ ഏപ്രില്‍ ഒന്നിന് ഇതിന്റെ സ്വഭാവത്തില്‍ വരുന്ന മാറ്റങ്ങള്‍ ഇതിനെ കൂടുതല്‍ നശീകരണത്തിന് പ്രാപ്തമാക്കില്ല എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇതിനെ തടയുവാന്‍ ഉള്ള ശ്രമങ്ങളെ ചെറുക്കുവാന്‍ മാത്രമെ ഈ വയറസിന് വരുന്ന മാറ്റങ്ങള്‍ ഉതകൂ. ഇത് വരുത്തുന്ന നാശം എപ്പോള്‍ വേണമെങ്കിലും ഇതിന്റെ നിര്‍മ്മാതാക്കള്‍ക്ക് കൂട്ടുകയോ അതിന്റെ ആക്രമണ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യാനാവും.
 
നിങ്ങളുടെ കമ്പ്യൂട്ടറില്‍ വയറസ് ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് മൈക്രോസോഫ്റ്റിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കാന്‍ കഴിയില്ല. അത് പോലെ തന്നെ മറ്റ് അനേകം ആന്റി വയറസ് സൈറ്റുകളിലേക്കും ഉള്ള പ്രവേശനം ഈ വയറസ് മുടക്കും. ഈ വയറസിനെ നശിപ്പിക്കാനും നിങ്ങളുടെ കമ്പ്യൂട്ടര്‍ വയറസ് വിമുക്തമാക്കാനും ഉള്ള നിര്‍ദ്ദേശങ്ങള്‍ ഇവിടെ ലഭ്യമാണ്.
 
എന്നാല്‍ ഈ സൈറ്റിലേക്കുള്ള പ്രവേശനവും വയറസ് നിരോധിച്ചിട്ടുണ്ട്. ഈ സൈറ്റ് നിങ്ങള്‍ക്ക് സന്ദര്‍ശിക്കാന്‍ ആവുന്നുണ്ടെങ്കില്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ വയറസ് ഇല്ല എന്ന് നിങ്ങള്‍ക്ക് മിക്കവാറും ഉറപ്പിക്കാം
 
മൈക്രോസോഫ്റ്റിന്റെ സൈറ്റില്‍ ലഭ്യമായ ഈ പ്രോഗ്രാം ഉപയോഗിച്ച് നിങ്ങള്‍ക്ക് നിങ്ങളുടെ കമ്പ്യൂട്ടറിലുള്ള കോണ്‍ഫിക്കറിനെ നശിപ്പിക്കാം.
 
ഈ വയറസിനെതിരെ ലഭ്യമായ മറ്റ് രണ്ട് പ്രോഗ്രാമുകള്‍ ഇവിടെയും ഇവിടെയും ഉണ്ട്.
 
ഈ വയറസിന്റെ പ്രവര്‍ത്തനത്തെ സൂക്ഷ്മമായി പഠിച്ച ഒരു വിയറ്റ്നാം സുരക്ഷാ കമ്പനി ഇതിന്റെ ഉല്‍ഭവം ചൈനയില്‍ നിന്നാണ് എന്ന് അറിയിക്കുന്നു. അവര്‍ സൌജന്യമായി ലഭ്യമാക്കിയ ആന്റിവയറസ് പ്രോഗ്രാം ഇവിടെ ലഭ്യമാണ്.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്30 March 2009
ചൈനയില്‍ നിന്നും സൈബര്‍ യുദ്ധം
103 രാജ്യങ്ങളിലെ തന്ത്ര പ്രധാന കമ്പ്യൂട്ടറുകളെ ആക്രമിച്ചു കീഴടക്കിയ ഒരു വമ്പന്‍ ചൈനീസ് സൈബര്‍ ചാര ശൃംഖല കണ്ടെത്തി. കാനഡയിലെ ടൊറോണ്ടോയിലെ മങ്ക് അന്താരാഷ്ട്ര പഠന കേന്ദ്രം പത്ത് മാസത്തോളം നടത്തിയ അന്വേഷണങ്ങളുടെ ഫലമായാണ് ചൈനയില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഗോസ്റ്റ്നെറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ ചാര ശൃംഖല കണ്ടെത്തിയത്. ആഴ്ച തോറും ഒരു ഡസന്‍ പുതിയ കമ്പ്യൂട്ടറുകള്‍ എങ്കിലും ഈ ആക്രമണത്തില്‍ കീഴടങ്ങുന്നു എന്നും ഇവര്‍ വെളിപ്പെടുത്തി. ഇങ്ങനെ കീഴടക്കിയ കമ്പ്യൂട്ടറുകള്‍ മിക്കവയും സര്‍ക്കാരുകളുടേയും മന്ത്രാലയങ്ങളുടേയും എംബസ്സികളുടേയും മറ്റും ആണ് എന്നത് പ്രശ്നത്തെ അതീവ ഗുരുതരമാക്കുന്നു.
ഇത്തരത്തില്‍ കീഴടക്കിയ കമ്പ്യൂട്ടറുകള്‍ ഈ കമ്പ്യൂട്ടറുകളില്‍ നിന്നുമുള്ള ഈമെയില്‍ സന്ദേശങ്ങള്‍ ചൈനയിലേക്ക് പകര്‍ത്തി കൊടുക്കുന്നു. മാത്രവുമല്ല ഇത്തരം കമ്പ്യൂട്ടറുകളിലെ മൈക്കും വെബ് കാമറയും ആരുമറിയാതെ പ്രവര്‍ത്തിപ്പിച്ച് ഒരു സമ്പൂര്‍ണ്ണ നിരീക്ഷണ കേന്ദ്രമാക്കി ഇത്തരം കമ്പ്യൂട്ടറുകളെ ഇവര്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. കമ്പ്യൂട്ടറിന്റെ അടുത്തു വെച്ചു നടക്കുന്ന എല്ലാ സംഭാഷണങ്ങളും ഇവ റിക്കോഡ് ചെയ്ത് ചൈനയിലേക്ക് അയച്ചു കൊടുക്കുകയും ചെയ്യും.
ഈ ചാര സംഘത്തിനു പിന്നില്‍ ചൈനയിലെ സര്‍ക്കാരിനു പങ്കുണ്ടോ എന്നു വ്യക്തമല്ലെങ്കിലും ആക്രമണത്തിനു വിധേയമായ കമ്പ്യൂട്ടറുകളില്‍ മിക്കതും വിദേശ സര്‍ക്കാരുകളുടേതാണ്.
1295 കമ്പ്യൂട്ടറുകള്‍ ചൈനീസ് അധീനതയില്‍ ആയിട്ടുണ്ടെന്നാണ് ഇപ്പോഴത്തെ നിഗമനം. അമേരിക്ക, ബെല്‍ജിയം, ഇറ്റലി, ജര്‍മനി എന്നിവിടങ്ങളിലെ ഇന്ത്യന്‍ എംബസ്സികള്‍, സൈപ്രസിലേയും ബ്രിട്ടനിലേയും ഇന്ത്യന്‍ ഹൈക്കമ്മീഷനുകള്‍, നാഷണല്‍ ഇന്‍ഫൊര്‍മാറ്റികസ് സെന്റര്‍, ഇന്ത്യയിലെ വിവിധ സോഫ്റ്റ്വെയര്‍ ടെക്നോപാര്‍ക്കുകള്‍, ഇന്ത്യയിലേക്ക് പലായനം ചെയ്ത തിബത്ത് സര്‍ക്കാരിന്റെയും ദലായ് ലാമയുടേയും കമ്പ്യൂട്ടറുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ദലായ് ലാമയുടെ കമ്പ്യൂട്ടര്‍ ആക്രമിക്കപ്പെട്ടിരിക്കുന്നു എന്ന സംശയത്തില്‍ നിന്നാണ് ഗോസ്റ്റ്നെറ്റിനെ കുറിച്ചുള്ള അന്വേഷണം ആരംഭിക്കുന്നത്. ദലായ് ലാമ ഒരു വിദേശ നയതന്ത്രജ്ഞന് അയച്ച ഒരു ക്ഷണ പത്രം ചോര്‍ന്നതായി സംശയം പ്രകടിപ്പിച്ച് ചില കമ്പ്യൂട്ടര്‍ വിദഗ്ദ്ധരെ ബന്ധപ്പെടുകയായിരുന്നു. ദലായി ലാമ ക്ഷണ പത്രം അയച്ച ഉടന്‍ ചൈനീസ് പ്രതിനിധികള്‍ പ്രസ്തുത വിദേശ നയതന്ത്ര ഉദ്യോഗസ്ഥനെ സമീപിക്കുകയും ലാമയെ സന്ദര്‍ശിക്കരുത് എന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതാണ് ലാമക്ക് സംശയം തോന്നുവാനുള്ള കാരണം.
ലാമയുടെ ആവശ്യ പ്രകാരം അമേരിക്കയിലെ വിദഗ്ദ്ധര്‍ ഇന്ത്യയിലെ ധര്‍മ്മശാലയില്‍ എത്തുകയും ലാമയുടെ കമ്പ്യൂട്ടര്‍ പരിശോധിക്കുകയും ചെയ്തു. പരിശോധനയില്‍ കമ്പ്യൂട്ടറില്‍ ചൈനയില്‍ നിന്നും അതിക്രമിച്ചു കയറിയിരിക്കുന്നു എന്ന് മനസ്സിലായി. അഭയാര്‍ത്ഥികളെ കുറിച്ചും വിദ്യാലയങ്ങളെ കുറിച്ചും ഉള്ള ഒട്ടേറെ വിവരങ്ങള്‍ ഈ കമ്പ്യൂട്ടറില്‍ ഉണ്ടായിരുന്നു. ഇതത്രയും തന്നെ ചൈനക്ക് തിബത്തിനെതിരെ ആക്രമണത്തിനുള്ള ലക്ഷ്യങ്ങളും ആയിരുന്നു.
ഇതേ തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് ഗോസ്റ്റ്നെറ്റ് എന്ന ചൈനീസ് സൈബര്‍ ചാര ശൃംഖല പുറത്തായത്.
2003ല്‍ നടന്ന നാഷണല്‍ പീപ്‌ള്‍സ് കോണ്‍ഗ്രസില്‍ ചൈനീസ് പട്ടാളം സൈബര്‍ യുദ്ധ യൂണിറ്റുകള്‍ രൂപീകരിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. ഏത് യുദ്ധത്തിനു മുന്നോടിയായും ഇന്റര്‍നെറ്റ് യുദ്ധം നടത്തി ശത്രു പക്ഷത്തെ ദുര്‍ബലപ്പെടുത്തും എന്ന് അന്ന് ജനറല്‍ ഡായ് ഖിങ്മിന്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇതെല്ലാം വെറും കെട്ടു കഥകള്‍ ആണെന്നും ചൈന ഇത്തരം സൈബര്‍ കുറ്റ കൃത്യങ്ങള്‍ക്ക് എതിരാണെന്നും ചൈനീസ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Labels: , , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്29 March 2009
ജി-20 ഉച്ചകോടി - വന്‍ പ്രതിഷേധം
തൊഴില്‍, നീതി, പരിസ്ഥിതി എന്നീ വിഷയങ്ങള്‍ക്ക് പ്രാമുഖ്യം കൊടുത്ത് വേണം തീരുമാനങ്ങള്‍ കൈ കൊള്ളാന്‍ എന്ന വ്യക്തമായ സന്ദേശവുമായി പതിനായിര ക്കണക്കിന് പ്രതിഷേധക്കാര്‍ ജി-20 ഉച്ചകോടിക്ക് മുന്നോടിയായി ഉച്ചകോടി നടക്കുവാന്‍ പോകുന്ന ലണ്ടന്‍ നഗരത്തില്‍ മാര്‍ച്ച് നടത്തി. സാമ്പത്തിക മാന്ദ്യത്തിനു ശേഷം ലോകം കണ്ട ഏറ്റവും വലിയ പ്രതിഷേധ പ്രകടനം ആയിരുന്നു ലണ്ടന്‍ തെരുവുകളില്‍ അരങ്ങേറിയത്.
“ആദ്യം മനുഷ്യര്‍” എന്ന് പേരിട്ട പ്രതിഷേധ മാര്‍ച്ച് മനുഷ്യന്റെ പ്രശ്നങ്ങള്‍ക്ക് മുന്‍‌തൂക്കം കൊടുത്തു വേണം സാമ്പത്തിക മാന്ദ്യം നേരിടുന്നതിനുള്ള തീരുമാനങ്ങള്‍ എടുക്കുവാന്‍ എന്ന് ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തുന്ന ലോക നേതാക്കള്‍ക്ക് നേരിട്ടു തന്നെ സന്ദേശം എത്തിച്ചു. 150ഒ‍ാളം തൊഴിലാളി യൂണിയനുകളും മത സാമൂഹ്യ സേവന സംഘടനാ പ്രവര്‍ത്തകരും അണി നിരന്ന പ്രതിഷേധ മാര്‍ച്ചില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മൂന്നിരട്ടി ആളുകള്‍ പങ്കെടുക്കുകയുണ്ടായി. പോലീസിന്റെ കണക്കു പ്രകാരം 35000 പേരാണ് ഈ മാര്‍ച്ചില്‍ പങ്കെടുത്തത്.
മത്സരാധിഷ്ഠിത സ്വതന്ത്ര വിപണി എന്ന ആശയം ഇനിയും നടപ്പില്ല എന്ന് തെളിഞ്ഞിരിക്കുന്നു എന്ന് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത ഒരു പ്രമുഖ തൊഴിലാളി യൂണിയന്‍ നേതാവ് പറഞ്ഞു. ലോകം ഇന്ന് നേരിടുന്ന സാമ്പത്തിക തകര്‍ച്ചയും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ഇനിയും സാധിക്കാത്തതും പരിസ്ഥിതി നേരിടുന്ന വെല്ലുവിളികളും ഇത്തരം ഒരു മത്സരോന്മുഖ വിപണിയുടെ പരിണിത ഫലമാണ്. മാനുഷിക പരിഗണനകള്‍ ലോക രാജ്യങ്ങള്‍ തങ്ങളുടെ സാമ്പത്തിക ആസൂത്രണത്തിന്റെ ഭാഗമാക്കണം. അത്തരം ഒരു വ്യവസ്ഥക്കു മാത്രമേ ഇനി നില്‍നില്‍പ്പുള്ളൂ എന്നും പ്രതിഷേധക്കാര്‍ അഭിപ്രായപ്പെട്ടു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്28 March 2009
കലാമിന് ഹൂവര്‍ പുരസ്കാരം
മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി ഡോ. എ,പി,ജെ, അബ്ദുള്‍ കലാമിന് 2008ലെ പ്രശസ്തമായ ഹൂവര്‍ പുരസ്കാരം സമ്മാനിക്കും. കലാമിന്റെ സവിശേഷമായ പൊതു പ്രവര്‍ത്തനം കണക്കില്‍ എടുത്താണ് ഈ പുരസ്കാരം അദ്ദേഹത്തിന് ലഭിക്കുന്നത്. അത്യന്താധുനിക ആരോഗ്യ പരിപാലന സൌകര്യങ്ങളും വൈദ്യ സഹായവും സാധാരണ ജനങ്ങളിലേക്ക് അവര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ എത്തിച്ചതിനും, ആരോഗ്യ വിദഗ്ദ്ധരേയും സാങ്കേതിക വിദഗ്ദ്ധരേയും വ്യവസായികളേയും ഒരുമിച്ചു കൊണ്ടു വന്ന് ഗ്രാമീണ മേഖലയില്‍ മികച്ച വൈദ്യ സഹായം ലഭ്യമാക്കിയതിനും, പ്രതിരോധ സാങ്കേതിക വിദ്യ ആരോഗ്യ പരിപാലന രംഗത്ത് സമാര്‍ത്ഥമായി ഉപയോഗിച്ചതിനും ഗ്രാമീണ ആശുപത്രികളെയും സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളേയും വിദൂര വൈദ്യ സംവിധാനം വഴി ബന്ധിപ്പിച്ചതിനും ഉള്ള അംഗീകാരമാണ് ഈ പുരസ്കാരം എന്ന് അറിയിപ്പില്‍ പറയുന്നു. മികച്ച ശാസ്ത്രജ്ഞനും, വിദഗ്ദ്ധനായ എഞ്ചിനിയറും, ദീര്‍ഘ ദര്‍ശിയും എന്നതിനു പുറമെ എളിമയുള്ള ഒരു മനുഷ്യ സ്നേഹി കൂടി ആയിരുന്നു കലാം എന്നും പുരസ്കാരം പ്രഖ്യാപിച്ചു കൊണ്ടുള്ള അറിയിപ്പില്‍ പറയുന്നു. ഏപ്രില്‍ 28ന് നടക്കുന്ന പ്രത്യേക ചടങ്ങില്‍ ഈ ബഹുമതി അദ്ദേഹത്തിന് സമ്മാനിക്കും.
അമേരിക്കന്‍ സൊസൈറ്റി ഓഫ് സിവില്‍ എഞ്ചിനീയേഴ്സ്, അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈനിങ്, മെറ്റലര്‍ജിക്കല്‍ ആന്‍ഡ് പെട്രോളിയം എഞ്ചിനീയേഴ്സ്, അമേരിക്കന്‍ സൊസൈറ്റി ഓഫ് മെക്കാനിക്കല്‍ എഞ്ചിനീയേഴ്സ്, അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ എഞ്ചിനീയേഴ്സ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലെക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയേഴ്സ് എന്നിവര്‍ സംയുക്തമായാണ് ഈ പുരസ്കാരം നല്‍കുന്നത്.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്27 March 2009
താലിബാന്‍ നിഷ്ഠൂരമായി ശരിയത്ത് നടപ്പിലാക്കുന്നു
താലിബാന്റെ അധീനതയില്‍ ഉള്ള പാക്കിസ്ഥാനിലെ സ്വാത് താഴ്വരയില്‍ പാക്കിസ്ഥാനും താലിബാനും തമ്മില്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന്‍ സൈന്യം ഒഴിഞ്ഞു പോയതോടെ താലിബാന്റെ അഴിഞ്ഞാട്ടം ശക്തമായതായി അവിടെ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2001ല്‍ അഫ്ഗാനിസ്ഥാനില്‍ നിലവില്‍ ഉണ്ടായിരുന്ന അവസ്ഥയാണ് ഇപ്പോള്‍ ഇവിടെ. താലിബാന്‍ നിയോഗിച്ച തല മൂടിയ പ്രത്യേക ശരിയത്ത് പോലീസ് സ്വാത് താഴ്വരയാകെ അടക്കി ഭരിച്ച് ഇസ്ലാമിക നിയമത്തിന്റെ താലിബാന്‍ പതിപ്പ് നടപ്പിലാക്കി വരികയാണ്.
പതിമൂന്ന് വയസിനു മേല്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകരുത് എന്നാണ് താലിബാന്റെ ശാസന. താഴ്വരയിലെ കാസറ്റ് കടകളും മറ്റും താലിബാന്‍ അടച്ചു പൂട്ടി കഴിഞ്ഞു. സംഗീതത്തിന് ഇവിടെ തീര്‍ത്തും നിരോധനം ആണ്. പൊതു സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്.
നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ്. പൊതു സ്ഥലത്ത് വലിയോരു ജനക്കൂട്ടം വിളിച്ചു വരുത്തി ഇവരെ കുനിച്ചു നിര്‍ത്തി ചാട്ടവാര്‍ കൊണ്ട് അടിക്കും. അടി കൊണ്ട് പുളയുന്ന ഇവര്‍ ഉച്ചത്തില്‍ ദൈവ നാമം വിളിച്ച് കരയണം. ഇതാണ് ഇവിടെ ഏറ്റവും ജന പ്രിയമായ ശിക്ഷാ വിധി.
പാക്കിസ്ഥാന്‍ സര്‍ക്കാര്‍ താലിബാനുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് താഴ്വരയിലെ നിയമ പാലനം താലിബാന് തങ്ങളുടെ ഇഷ്ട പ്രകാരം നടത്താം.
തങ്ങളുടെ കാര്യങ്ങളില്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഇടപെടേണ്ട എന്ന് താലിബാന്റെ ഒരു സമുന്നത നേതാവായ മുസ്ലിം ഖാന്‍ പ്രസ്താവിച്ചു. താലിബാനെ തോല്‍പ്പിക്കാന്‍ ആയുധങ്ങള്‍ക്കും മറ്റും പണം വിനിയോഗിക്കുന്നത് നിര്‍ത്തി നിങ്ങള്‍ നിങ്ങളുടെ രാജ്യത്തെ പാവപ്പെട്ടവര്‍ക്കു വേണ്ടി പണം ചിലവാക്കുക എന്നാണ് അമേരിക്കയില്‍ ഉന്നത വിദ്യാഭ്യാസം നേടിയ നന്നായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്ന ഇയാള്‍ പാശ്ചാത്യ രാജ്യങ്ങളോടുള്ള പ്രസ്താവനയില്‍ പറയുന്നത്. നിങ്ങള്‍ക്ക് ഒരിക്കലും അഫ്ഗാനിസ്ഥാനെ തോല്‍പ്പിക്കാന്‍ ആവില്ല. അത് കൊണ്ട് ഞങ്ങളെ ഞങ്ങളുടെ പാട്ടിന് വിട്ട് നിങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും വിട്ടു നില്‍ക്കുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്26 March 2009
ഇന്ത്യയും പാക്കിസ്ഥാനും ഐക്യത്തോടെ സഹവര്‍ത്തിക്കുന്നത് എന്റെ സ്വപ്നം : കലാം
യൂറോപ്പില്‍ അയല്‍ രാജ്യങ്ങള്‍ ഐക്യത്തോടെയും ഒരുമയോടെയും സഹവര്‍ത്തിക്കുന്നത് പോലെ ഇന്ത്യക്കും പാക്കിസ്ഥാനും ഒത്തൊരുമയോടെ നിലനില്‍ക്കാന്‍ ആവും എന്നാണ് താന്‍ കരുതുന്നത് എന്ന് മുന്‍ രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാം പ്രത്യാശ പ്രകടിപ്പിച്ചു. വര്‍ഷങ്ങളോളം തമ്മില്‍ തമ്മില്‍ യുദ്ധവും സ്പര്‍ധയും വെച്ചു പുലര്‍ത്തിയ യൂറോപ്പിലെ രാജ്യങ്ങള്‍ തങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങള്‍ എല്ലാം മാറ്റി വെച്ച് യൂറോപ്യന്‍ യൂണിയന്‍ രൂപീകരിച്ച് തങ്ങളുടെ സംഘ ബലം കൂട്ടുകയാണ് ഉണ്ടായത്. ഇതേ മാതൃക തന്നെ ഇന്ത്യക്കും പാക്കിസ്ഥാനും സ്വീകരിക്കാവുന്നതാണ്. പതിവു പോലെ യുവാക്കളുമായുള്ള സംവാദത്തിനിടയിലാണ് കലാം ഈ അഭിപ്രായം പറഞ്ഞത്. കാശ്മീര്‍ പ്രശ്നത്തില്‍ രമ്യമായ ഒരു പരിഹാരത്തില്‍ ഇന്ത്യക്കും പാക്കിസ്ഥാനും എത്തി ചേരാന്‍ ആവുമോ എന്ന ജലന്ധറിലെ ഒരു എഞ്ചിനീയറിങ് കോളെജ് വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
നിരന്തരമായ ഭീകര ആക്രമണങ്ങള്‍ക്കും സാമ്പത്തിക മാന്ദ്യതക്കും ഇടയില്‍ പെട്ട് ഉഴലുന്ന ഇന്ത്യക്ക് ഇനി വികസിത രാജ്യമായി മാറാന്‍ ആകുമോ എന്നായിരുന്നു മറ്റൊരു ചോദ്യം. 2020 ആവുമ്പോഴേക്കും ഇന്ത്യ ഒരു വികസിത രാജ്യമായി മാറും എന്ന കലാമിന്റെ സ്വപ്നത്തെ കുറിച്ചായിരുന്നു ഈ ചോദ്യം പരാമര്‍ശിച്ചത്. വളര്‍ച്ചയുടെ പാതയില്‍ പല തരം വെല്ലുവിളികളും രാജ്യത്തിനു നേരിടേണ്ടതായി വരും. ഇവക്കു മുന്നില്‍ പകച്ചു നില്‍ക്കാതെ ലക്ഷ്യ ബോധത്തോടെ മുന്നേറുകയാണ് വേണ്ടത്, കലാം മറുപടി പറഞ്ഞു. ഗ്രാമീണ സമ്പദ് ഘടന ശക്തിപ്പെടുത്തേണ്ടുന്ന ആവശ്യകത അദ്ദേഹം എടുത്തു പറയുകയുണ്ടായി. നമ്മുടേത് ഒരു സംരക്ഷിത സമ്പദ് ഘടനയാണ്. ഇന്ത്യാക്കാര്‍ പൊതുവേ സമ്പാദ്യ ശീലമുള്ളവരും ആണ്. ഇത് രണ്ടും ഈ ഘട്ടത്തില്‍ നമ്മെ തുണക്കും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ നമ്മുടെ വളര്‍ച്ചാ നിരക്ക് 9 ശതമാനം ആയിരുന്നത് സ്സ്മ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 6.57 ശതമാനം ആയിട്ടുണ്ട്. എന്നാല്‍ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തിയാല്‍ അടുത്ത വര്‍ഷത്തോടെ അത് വീണ്ടും 9 ശതമാനം ആകും എന്നും കലാം അറിയിച്ചു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്24 March 2009
ക്രിക്കറ്റല്ല ഗുജറാത്ത് ഇന്ത്യക്ക് നാണക്കേട് - ചിദംബരം
ഐ. പി. എല്‍. ക്രിക്കറ്റ് മത്സരം ഇന്ത്യയില്‍ നടത്താതെ വിദേശ രാജ്യത്ത് നടത്തുന്നതല്ല ഇന്ത്യാക്കാര്‍ക്ക് നാണക്കേട് എന്നും 2002ല്‍ ഗുജറാത്തില്‍ നടന്ന വര്‍ഗ്ഗീയ കലാപങ്ങളാണ് ലോക ജനതയുടെ മുന്‍പില്‍ ഇന്ത്യക്ക് എന്നെന്നും നാണക്കേട് എന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം പ്രസ്താവിച്ചു. സുരക്ഷാ കാരണങ്ങളാല്‍ ക്രിക്കറ്റ് മത്സരം ഇന്ത്യയില്‍ നടത്താനാവാതെ മറ്റൊരു വിദേശ രാജ്യത്ത് വെച്ച് നടത്താന്‍ സംഘാടകര്‍ തീരുമാനിച്ചത് ഇന്ത്യയുടെ ദേശീയ നാണക്കേടാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ക്രിക്കറ്റ് മത്സരം കളിയുടേയും ബിസിനസിന്റേയും ഒരു സമര്‍ത്ഥമായ സങ്കലനം ആണ്. അതില്‍ രാഷ്ട്രീയം കൂടി കൂട്ടിക്കുഴക്കേണ്ട ആവശ്യമില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Labels: , ,

  - ജെ. എസ്.    

2അഭിപ്രായങ്ങള്‍ (+/-)
Links to this post

2 Comments:

yes he said it

March 24, 2009 5:44 PM  

മോഡി പറഞ്ഞതില്‍ എന്താണ് തെറ്റ്...ഇന്ത്യ സുരക്ഷിതം അല്ല എന്നാണോ അപ്പോള്‍ ചിദംബരം പറയുന്നത്.

December 28, 2009 12:17 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്സൌമ്യ കൊലക്കേസ് പ്രതികള്‍ പിടിയില്‍
മലയാളി മാധ്യമ പ്രവര്‍ത്തക സൌമ്യ വിശ്വനാഥ് കൊലക്കേസിന്റെ ചുരുളഴിഞ്ഞു. ദില്ലിയിലെ നെത്സണ്‍ മണ്ഡേലാ മാര്‍ഗില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 30 നാണ് ഓഫീസില്‍ നിന്നും തിരികെ വീട്ടിലേക്ക് പോകുന്ന വഴി സൌമ്യ തന്റെ കാറില്‍ വെച്ചു തലയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. നേരത്തെ സി.എന്‍.എന്‍. ഐ.ബി.എന്‍ ഇല്‍ പ്രവര്‍ത്തിച്ചിരുന്ന സൌമ്യ കൊല്ലപ്പെടുമ്പോള്‍ ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെഡ്ലൈന്‍സ് ടുഡേയില്‍ ഒരു ടെലിവിഷന്‍ പ്രൊഡ്യൂസര്‍ ആയിരുന്നു. ആദ്യം ഇതൊരു അപകട മരണമാണ് എന്നായിരുന്നു കരുതപ്പെട്ടിരുന്നത്. വഴി തെറ്റി വന്ന ഒരു ബുള്ളറ്റ് കോണ്ടതാവും എന്നും പോലീസ് കരുതിയിരുന്നു. എന്നാല്‍ പിന്നീട് നടന്ന ഫോറന്‍സിക് പരിശോധനയില്‍ സൌമ്യയുടെ തലമുടിയും ശിരോചര്‍മവും പുറകിലത്തെ സീറ്റില്‍ കാണപ്പെട്ടു. അതോടെ ഇത് ഒരു കരുതി കൂട്ടിയുള്ള കൊലപാതകം ആണെന്ന് വ്യക്തമായി. എന്നാല്‍ കൊലപാതകത്തിനു പിന്നിലെ ഉദ്ദേശം എന്തെന്ന് വ്യക്തമല്ല. സൌമ്യയുടെ അച്ചന്‍ എം. കെ. വിശ്വനാഥനും ഇതേ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.
മറ്റൊരു കൊലപാതക കേസിന്റെ അന്വേഷണത്തിലാണ് സൌമ്യയുടെ ഘാതകരെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. കഴിഞ്ഞ ആഴ്ച ദില്ലിയിലെ വസന്ത് വിഹാറില്‍ വെച്ചു കൊല്ലപ്പെട്ട ജിഗിഷാ ഘോഷിന്റെ ആക്രമിച്ചതിനു ശേഷം ഇവരുടെ എ.റ്റി.എം. കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍‌വലിച്ച ആക്രമികളുടെ ചിത്രം ബാങ്കിന്റെ ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി.യില്‍ പതിഞ്ഞിരുന്നു. ഇതാണ് ഘാതകരെ പിടി കൂടാന്‍ പോലീസിനെ സഹായിച്ചത്.
അറസ്റ്റിലായ നാലു പേരെ ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ തന്നെയാണ് സൌമ്യയേയും കൊലപ്പെടുത്തിയത് എന്ന് മനസ്സിലായത്.
മലയാളിയായ സൌമ്യ വിശ്വനാഥന്‍ ജനിച്ചത് കേരളത്തിലാണെങ്കിലും വളര്‍ന്നത് ദില്ലിയിലാണ്. അഛന്‍ എം.കെ.വിശ്വനാഥന്‍ ദില്ലിയില്‍ വോള്‍ട്ടാസ് കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്23 March 2009
നാനോ പുറത്തിറങ്ങി
ചരിത്രം സൃഷ്ടിച്ചു കൊണ്ട് ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാര്‍ ഇന്ത്യ പുറത്തിറക്കി. ഇന്ത്യന്‍ വ്യാവസായിക ചരിത്രത്തിലെ അതികായനായ ടാറ്റ പുറത്തിറക്കുന്ന നാനോ എന്ന ഈ കാര്‍ 1.2 ലക്ഷം രൂപക്ക് സ്വന്തമാക്കാന്‍ ആവും. ഏപ്രില്‍ രണ്ടാം വാരത്തോടെ മാത്രമേ കാറിന്റെ ബുക്കിങ് ആരംഭിക്കൂ.
ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ “ജനങ്ങളുടെ കാര്‍” എന്ന് വിശേഷിപ്പിച്ച നാനോ കാര്‍ കമ്പനി അവകാശപ്പെട്ടതു പോലെ ഒരു ലക്ഷം രൂപക്കാവും ഫാക്റ്ററിയില്‍ നിന്നും ഉരുണ്ടിറങ്ങുന്നത്. നികുതികളും മറ്റ് കരങ്ങളും എല്ലാം ചേര്‍ത്ത് ഇത് 1.2 ലക്ഷത്തിന് വാങ്ങുവാന്‍ ആവും. 70,000 രൂപയാണ് ബുക്കിങ് തുക.
രാഷ്ട്രീയവും സാങ്കേതികവും ആയ ഒട്ടേറെ കടമ്പകള്‍ കടന്നാണ് കാര്‍ വിപണിയില്‍ എത്തിയത്. 623 സി.സി. എഞ്ചിന്‍ കൊണ്ട് ഇന്ധന ക്ഷമതയും സഞ്ചാര സുഖവും ഒരു പോലെ നല്‍കി വിലയും നിയന്ത്രിച്ചു നിര്‍ത്തുന്നത് തന്നെ ടാറ്റയുടെ മുന്‍പിലെ ഏറ്റവും വലിയ വെല്ലുവിളി ആയിരുന്നു. ഇതിനെ തങ്ങളുടെ സാങ്കേതിക പ്രവീണ്യം കൊണ്ട് ടാറ്റ മറി കടന്നെങ്കിലും തൃണമുല്‍ കോണ്‍ഗ്രസ് നടത്തിയ രാഷ്ട്രീയ വെല്ലുവിളിയെ ടാറ്റക്ക് നേരിടാനായില്ല. തോല്‍‌വി സമ്മതിച്ച ടാറ്റക്ക് തങ്ങളുടെ ഫാക്ടറി പശ്ചിമ ബംഗാളിലെ സിങ്കൂരില്‍ നിന്നും ഗുജറാത്തിലെ സാനന്ദിലേക്ക് മാറ്റി സ്ഥാപിക്കേണ്ടി വന്നു.
അഞ്ചു മാസമാണ് ഈ രാഷ്ട്രീയ ഇടപെടല്‍ മൂലം നാനോ നിരത്തില്‍ ഇറങ്ങുന്നതിനെ വൈകിച്ചത്. 2010ല്‍ മാത്രമേ പുതിയ ഫാക്ടറി ഗുജറാത്തില്‍ സജ്ജമാകൂ. അതു വരെ ഉത്തര്‍ഖണ്ടിലും മഹാരാഷ്ട്രയിലും ഉള്ള തങ്ങളുടെ മറ്റു ഫാക്ടറികളില്‍ പരിമിതമായേ നാനോ നിര്‍മ്മിക്കുവാന്‍ ടാറ്റക്ക് കഴിയൂ. അതിനാല്‍ വിപണിയില്‍ നാനോയുടെ ലഭ്യത ആവശ്യത്തെ അപേക്ഷിച്ച് തുലോം കുറവായിരിക്കും.
സുരക്ഷിതത്വവും പരിസര മലിനീകരണ പ്രശ്നങ്ങളും എന്നും നാനോ കാറിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ ആയിരുന്നു. എന്നാല്‍ തങ്ങളുടെ കാര്‍ ഏറ്റവും കര്‍ശനമായ പരിശോധനകള്‍ക്ക് വിധേയമാക്കി സുരക്ഷിതത്വവും മലിനീകരണ വിമുക്തവും ആക്കിയിട്ടുണ്ട് എന്ന് കമ്പനി അവകാശപ്പെടുന്നു. ഇന്ത്യയില്‍ നിലവിലുള്ള ഭാരത് സ്റ്റേജ് II മാനദണ്ഡത്തിനു അനുസൃതമാണ് നാനോ. മാത്രമല്ല യൂറോപ്പില്‍ നിലവിലുള്ള യൂറോ 4 മാനദണ്ഡങ്ങള്‍ക്കും അനുസൃതമാണ് നാനോ എന്ന് കമ്പനി അറിയിക്കുന്നു. 2011 ല്‍ യൂറോ 5 മാനദണ്ഡങ്ങളും നാനോ പാലിക്കും. സുരക്ഷാ പരിശോധനകളും നാനോ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഇന്ത്യയില്‍ നിലവിലുള്ള ഏറ്റവും ചെറിയ കാറായ മാരുതി 800 നേക്കാള്‍ 8 ശതമാനം നീളം കുറവാണ് നാനോക്കെങ്കിലും ഉള്ളിലെ സ്ഥലം മാരുതിയേക്കാള്‍ 21 ശതമാനം അധികമാണ് എന്ന് ടാറ്റ അറിയിച്ചു. 623 സി.സി. വ്യാപ്തമുള്ള പെട്രോള്‍ എഞ്ചിന്റെ കുതിര ശക്തി 33 HP ആണ്. അടുത്തു തന്നെ ഡീസല്‍ വാഹനവും പുറത്തിറങ്ങും.

Labels: ,

  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

ആരെങ്കിലും എന്തെങ്കിലും പറയ്‌,എന്നിട്ട് വേണം വണ്ടി എടുക്കാന്‍.-Nishab

March 25, 2009 8:09 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്21 March 2009
ഇന്ത്യ പാക്കിസ്ഥാനെ പോലെയാവുന്നു - സി.പി.എം.
ഇന്ത്യയും പാക്കിസ്ഥാന്റെ പാത പിന്തുടര്‍ന്ന് അമേരിക്കയുടെ ആജ്ഞാനുവര്‍ത്തി ആവുന്ന സ്ഥിതിയിലേക്ക് അതി വേഗം നീങ്ങുകയാണ് എന്ന് സി. പി. എം. ആരോപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം അമേരിക്കന്‍ ചാര സംഘടനയായ സി. ഐ. എ. യുടെ മുഖ്യന്‍ ലിയോണ്‍ പാനെറ്റയുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്നാണ് സി. പി. എം. ഈ ആരോപണം ഉന്നയിച്ചത്. ഈ കൂടിക്കാഴ്ചയോടെ അമേരിക്കന്‍ ചാര സംഘടനക്ക് ഇന്ത്യയില്‍ ഒരു പുതിയ സ്വീകാര്യതയും പദവിയും കൈ വന്നിരിക്കുന്നു. ഇന്‍ഡോ അമേരിക്കന്‍ സഹകരണത്തില്‍ ഒരു പുതിയ വഴിത്തിരിവ് ആണ് ഈ കൂടിക്കാഴ്ച.
ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ ആഭ്യന്തര മന്ത്രി അമേരിക്കന്‍ ചാര സംഘടനാ മുഖ്യനുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്നത്. പെരുമാറ്റ ചട്ടം പ്രകാരം ഇന്ത്യന്‍ ചാര സംഘടനയില്‍ തനിക്ക് തുല്യരായ ഉദ്യോഗസ്ഥരെ കാണുന്നതിനു പകരം ഇന്ത്യന്‍ ആഭ്യന്തര മന്ത്രിയെ തന്നെ നേരിട്ട് കാണുക വഴി ഈ കൂടിക്കാഴ്ചക്ക് ദൂര വ്യാപകമായ രാഷ്ട്രീയ മാനങ്ങള്‍ ആണ് ഉള്ളത്. ഇത് അമേരിക്കന്‍ ചാര സംഘടനക്ക് ഇന്ത്യയില്‍ ഒരു പുതിയ പദവിയാണ് നല്‍കിയിരിക്കുന്നത് എന്ന് പാര്‍ട്ടി പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
അമേരിക്കന്‍ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മറ്റു രാജ്യങ്ങളിലെ രാഷ്ട്രീയ പ്രക്രിയയില്‍ കൈ കടത്തുകയും സര്‍ക്കാരുകളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നതില്‍ കുപ്രസിദ്ധമാണ് സി.ഐ.എ. ആ നിലക്ക് ഇത് അപകടകരമായ ഒരു സ്ഥിതി വിശേഷമാണ് സംജാതം ആക്കിയിരിക്കുന്നത്. അമേരിക്കന്‍ ചാര സംഘടന നേരിട്ട് ആഭ്യന്തര മന്ത്രിയേയും പ്രധാന മന്ത്രിയേയും ഒക്കെ കണ്ട് സംസാരിക്കുന്ന പാക്കിസ്ഥാന്റെ അവസ്ഥയിലേക്ക് ഇന്ത്യയും അതിവേഗം എത്തുകയാണ്. അമേരിക്കന്‍ ചാര സംഘടനയും സൈനിക ഏജന്‍സികളും ഇന്ത്യയില്‍ സ്വൈര വിഹാരം നടത്തുകയും ഇന്ത്യയിലെ കാര്യങ്ങളില്‍ നിര്‍ബാധം ഇടപെടുകയും ചെയ്യുന്നതും അതിനെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നതും നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കുവാന്‍ ആഗ്രഹിക്കുന്ന എല്ലാവരുടേയും ഏറ്റവും ഗൌരവപൂര്‍ണ്ണമായ ആശങ്കക്ക് കാരണം ആയിരിക്കും എന്നും പ്രസ്താവന പറയുന്നു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്20 March 2009
മാര്‍പാപ്പയുടെ നിലപാട് വിവാദമാകുന്നു
ഗര്‍ഭ നിരോധന ഉറകളുടെ ഉപയോഗം എയ്ഡ്സ് രോഗം വര്‍ദ്ധിക്കുവാന്‍ കാരണമാകുന്നു എന്ന മാര്‍പാപ്പയുടെ പ്രസ്താവനക്കെതിരെ ലോകമെമ്പാടും പ്രതിഷേധം ഉയര്‍ന്നു. തന്റെ ആഫ്രിക്കന്‍ സന്ദര്‍ശന വേളയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോപ്പ് ബെണഡിക്ട് പതിനാറാമന്‍ ഗര്‍ഭ നിരോധന ഉറകളുടെ ഉപയോഗത്തിന് എതിരെ വത്തിക്കാന്റെ നിലപാട് വ്യക്തമാക്കിയത്. എയ്ഡ്സിനെ തടുക്കാന്‍ ഉള്ള ഒരേ ഒരു മാര്‍ഗ്ഗം ലൈംഗിക സദാചാരമാണ് എന്നതാണ് വത്തിക്കാന്റെ നിലപാട്. മാനവ രാശി നേരിടുന്ന ഈ ദുരന്തത്തിനെതിരെ ക്രിസ്തീയ സഭയുടെ നേതൃത്വത്തില്‍ ലൈംഗിക സദാചാരം പ്രചരിപ്പിക്കുകയും ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഇത് പണം കൊണ്ട് മാത്രം നേരിടാനാവുന്ന ഒരു പ്രശ്നമല്ല. ഗര്‍ഭ നിരോധന ഉറകള്‍ വിതരണം ചെയ്യുന്നതും എയ്ഡ്സിനൊരു പരിഹാരം ആവില്ലെന്ന് മാത്രമല്ല ഗര്‍ഭ നിരോധന ഉറകള്‍ ഈ പ്രശ്നത്തെ കൂടുതല്‍ വഷളാക്കുകയും ചെയ്യും എന്നും മാര്‍പാപ്പ പറഞ്ഞു.
മാര്‍പാപ്പയുടെ പ്രസ്താവനക്കെതിരെ ഇതിനകം തന്നെ ജര്‍മനിയും ഫ്രാന്‍സും രംഗത്തു വന്നു കഴിഞ്ഞു. ബ്രിട്ടീഷ് വിദഗ്ദ്ധരും മാര്‍പാപ്പയുടെ പ്രസ്താവനയെ എതിര്‍ക്കുന്നു. മാര്‍പാപ്പയുടെ നിലപാട് നിരുത്തരവാദപരവും യുക്തിക്കും, ശാസ്ത്രത്തിനും, അനുഭവങ്ങളുടേയും കണക്കുകളുടേയും വെളിച്ചത്തില്‍ അടിസ്ഥാന രഹിതവുമാണ് എന്ന് ബ്രിട്ടീഷ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ വിവരക്കേടിനെതിരെ പരസ്യമായി രംഗത്തു വന്നത് സ്വാഗതാര്‍ഹമാണ്. ബ്രിട്ടനും ഔദ്യോഗികമായി വത്തിക്കാന്റെ നിലപാടിനെതിരെ രംഗത്തു വരണം എന്ന്‍ അദ്ദേഹം ആവശ്യപ്പെട്ടു.
മാര്‍പാപ്പയുടെ പ്രസ്താവന പുറത്തു വന്ന് മണിക്കൂറുകള്‍ക്കകം സ്പെയിന്‍ ഒരു കോടി ഗര്‍ഭ നിരോധന ഉറകള്‍ ആഫ്രിക്കയിലേക്ക് അയക്കും എന്ന് അറിയിച്ചു. ഇവ എയ്ഡ്സ് വയറസിന് എതിരെയുള്ള യുദ്ധത്തില്‍ ഏറ്റവും അത്യാവശ്യ ഘടകമാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് എന്ന് സ്പെയിന്‍ വ്യക്തമാക്കി.
പൊതു ജന ആരോഗ്യ നയങ്ങള്‍ക്കും മനുഷ്യ ജീവന്‍ രക്ഷിക്കുന്നതിനുള്ള കര്‍ത്തവ്യത്തിനും എതിരെയുള്ള ഭീഷണിയാണ് മാര്‍പാപ്പയുടെ പ്രസ്താവന എന്നായിരുന്നു ഫ്രെഞ്ച് വിദേശ മന്ത്രാലയത്തിന്റെ പ്രതികരണം.
മാര്‍പാപ്പയുടെ പ്രസ്താവന അപകടകരവും മാര്‍പാപ്പ പ്രശ്നം കൂടുതല്‍ വഷളാക്കുകയുമാണ് എന്ന് ഡച്ച് സര്‍ക്കാറിന്റെ വക്താവ് അഭിപ്രായപ്പെട്ടു.
ലൈംഗിക സദാചാരവും ഗര്‍ഭ നിരോധന ഉറകളുടെ ഉപയോഗവും എയ്ഡ്സിനെ പ്രതിരോധിക്കുവാന്‍ സഹായകരമാണ്. എന്നാല്‍ ആഫ്രിക്കന്‍ സാഹചര്യങ്ങളില്‍ പരാജയ നിരക്ക് കൂടുതല്‍ ലൈംഗിക സദാചാരം എന്ന രീതിക്കാണ്. ആ നിലക്ക് മാര്‍പാപ്പയുടെ പ്രസ്താവന പരമ്പരാഗത കത്തോലിക്കാ മത നിലപാടുകളുടെ ചുവട് പിടിച്ചുള്ളത് മാത്രമാണ് എന്നും ഇത്തരം മാമൂല്‍ വിശ്വാസങ്ങളാണ് മാര്‍പാപ്പക്ക് ആഫ്രിക്കന്‍ ജനതയുടെ ജീവനേക്കാള്‍ പ്രധാനം എന്നാണ് ഇത് തെളിയിക്കുന്നത് എന്നുമാണ് സൌത്ത് ആഫ്രിക്കയില്‍ എയ്ഡ്സ് ചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധര്‍ പറയുന്നത്.
Labels: ,

  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

ഇതു കൂ
ടി വായിക്കുക - പോപ്പിന്റെ കോണ്ടം തിയറി

April 28, 2009 9:14 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്18 March 2009
പാക്കിസ്ഥാനിലെ മദ്രസകളില്‍ ഭീകരത വളരുന്നു എന്ന് അമേരിക്ക
പാക്കിസ്ഥാന്‍ ചാര സംഘടന ആയ ഐ.എസ്.ഐ. യും ഭീകരവാദികളുമായി നില നില്‍ക്കുന്ന ശക്തമായ സഹകരണത്തില്‍ അമേരിക്കന്‍ കമ്മീഷന്‍ ആശങ്ക പ്രകടിപ്പിച്ചു. ഐ.എസ്.ഐ. മത മൌലിക വാദികളോടൊപ്പം ചേര്‍ന്ന് മദ്രസകളിലൂടെ മത പഠനത്തിന്റെ മറവില്‍ മത അസഹിഷ്ണുതയും വിദ്വേഷവും വളര്‍ത്തി ഭീകരര്‍ക്ക് വളരാന്‍ അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നു എന്നാണ് ഇവരുടെ കണ്ടെത്തല്‍.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്മുഖ്തരണ്‍ മായി വിവാഹിതയായി
തനിക്കു നേരെ നടന്ന അനീതിക്കെതിരെ നിരന്തരമായി പോരാടി പാക്കിസ്ഥാനില്‍ സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങളുടെ അന്താരാഷ്ട്ര പ്രതീകമായി മാറിയ മുഖ്തരണ്‍ മായ് വിവാഹിതയായി. 43 കാരിയായ മായി നസീര്‍ അബ്ബാസ് എന്ന ഒരു പോലീസുകാരനെയാണ് ഞായറാഴ്ച മുസ്സഫര്‍ഗര്‍ ജില്ലയില്‍ നടന്ന ലളിതമായ ചടങ്ങില്‍ വെച്ചു വിവാഹം ചെയ്തത്. നസീര്‍ അബ്ബാസിന്റെ രണ്ടാം വിവാഹം ആണിത്.
പൊതു സ്ഥലത്ത് വെച്ച് നാട്ട് കൂട്ടത്തിന്റെ ശിക്ഷാ വിധി പ്രകാരം തന്നെ കൂട്ട ബലാത്സംഗം ചെയ്ത നാലു പേരേയും അതിന് കൂട്ടു നിന്ന മറ്റുള്ളവരേയും നിയമത്തിനു മുന്നില്‍ കൊണ്ടു വരികയും അന്നോളം പാക്കിസ്ഥാനില്‍ കേട്ടു കേള്‍വി ഇല്ലാത്ത വണ്ണം നിയമ യുദ്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു മായി. കോടതി കുറ്റക്കാര്‍ക്ക് വധ ശിക്ഷ വിധിച്ചതോടെ മായി അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തയായി.
സര്‍ക്കാരില്‍ നിന്നും തനിക്ക് ലഭിച്ച നഷ്ട പരിഹാര തുക വിനിയോഗിച്ചു മായി സ്കൂളുകളും പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും ഉന്നമനത്തിനായി മുഖ്തര്‍ മായി വനിതാ ക്ഷേമ സംഘടന എന്നൊരു പ്രസ്ഥാനവും ആരംഭിച്ചു.
അമേരിക്കയിലെ ഗ്ലാമര്‍ മാസികയുടെ “വുമണ്‍ ഓഫ് ദ ഇയര്‍” ആയി മായി തെരഞ്ഞെടുക്കപ്പെട്ടതോടെ പുരസ്കാരം വാങ്ങാനായി അമേരിക്ക സന്ദര്‍ശിക്കുന്നതില്‍ നിന്നും മായിയെ തടയാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയുണ്ടായി. എന്നാല്‍ ഈ തടസ്സങ്ങളേയും മായി അതിജീവിച്ചു. മായിയെ തടയാനാവാത്ത വിധം മായി അപ്പോഴേക്കും പ്രശസ്തയായി കഴിഞ്ഞിരുന്നു.
2006 മെയില്‍ ന്യൂ യോര്‍ക്കില്‍ ഐക്യ രാഷ്ട്ര സഭയെ അഭിസംബോധന ചെയ്തു സംസാരിച്ച മായിയെ അന്നത്തെ ഐക്യ രാഷ്ട്ര സഭാ അണ്ടര്‍ സെക്രട്ടറി ജനറല്‍ ആയ ശശി തരൂര്‍ സ്വീകരിച്ചു പറഞ്ഞത് “തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ തന്നെ പോലുള്ള മറ്റുള്ളവരുടെ രക്ഷക്കായുള്ള ആയുധമായി ഇത്രയും കരുത്തോടെ ഉപയോഗിച്ച മുഖ്തരണ്‍ മായി ഒരു വീര വനിതയും നമ്മുടെയൊക്കെ ആദരവിനും ആരാധനക്കും പാത്രവുമാണ്” എന്നാണ്.
Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്16 March 2009
"കൃസ്ത്യാനി"യായ ചാര്‍ളി ചാപ്ലിനെതിരെയും ഹിന്ദുത്വ സംഘം
ഒരു സിനിമാ ഷൂട്ടിങ്ങിനായി കര്‍ണ്ണാടകത്തിലെ കുന്ദാപുര്‍ താലൂക്കിലെ ഒട്ടിനേനെ കടപ്പുറത്ത് വിഖ്യാത കൊമേഡിയന്‍ ചാര്‍ളി ചാപ്ലിന്റെ പ്രതിമ സ്ഥാപിക്കാന്‍ ശ്രമിച്ച സിനിമാ പ്രവര്‍ത്തകരെ ഹിന്ദുത്വവാദികള്‍ തടഞ്ഞു. ചാര്‍ളി ചാപ്ലിന്‍ കൃസ്ത്യാനിയായതിനാല്‍ പ്രതിമ സ്ഥാപിക്കാന്‍ അനുവദിക്കില്ല എന്നായിരുന്നു ഇവരുടെ വാദം. “ഹൌസ്‌ഫുള്‍” എന്ന കന്നഡ സിനിമയുടെ സംവിധായകനായ ഹേമന്ത് ഹെഗ്ഡേക്കാണ് ഈ വിചിത്രമായ അനുഭവം ഉണ്ടായത്. ഹിന്ദുത്വ വാദികള്‍ ആയിരുന്നു എന്നല്ലാതെ ഏത് സംഘമായിരുന്നു ഇതിനു പിന്നില്‍ എന്ന് വെളിപ്പെടുത്താന്‍ താന്‍ തയ്യാറല്ല എന്നാണ് ഇദ്ദേഹം പറഞ്ഞത്. തങ്ങളെ തടഞ്ഞവര്‍ ഭജ്‌രംഗ് ദള്‍ ആണോ അതോ വേറെ ഏതെങ്കിലും ഹിന്ദു തീവ്രവാദ സംഘമാണോ എന്നൊന്നും താന്‍ വെളിപ്പെടുത്തില്ല. അടുത്തുള്ള സോമേശ്വര ക്ഷേത്രത്തിനെ ബാധിക്കും എന്നായിരുന്നു ഇവര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് ഇവര്‍ ചാപ്ലിന്‍ കൃസ്ത്യാനിയായത് കൊണ്ട് അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കാന്‍ സമ്മതിക്കില്ല എന്ന്‍ പറഞ്ഞു. എപ്പോഴും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഈ സുന്ദരമായ കടപ്പുറത്ത് ചാപ്ലിന്റെ പ്രതിമ സ്ഥാപിച്ച് രണ്ട് ഗാനങ്ങളുടെ ചിത്രീകരണം നടത്തണം എന്നായിരുന്നു തങ്ങളുടെ പദ്ധതി. എതിര്‍പ്പുകള്‍ നേരിട്ടതിനെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം വേറെ ഏതെങ്കിലും കടപ്പുറത്തേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ഹെഗ്ഡേയും സംഘവും.
സിനിമാ സംഘത്തിന് കടപ്പുറത്ത് വെച്ച് ഷൂട്ടിങ്ങിനുള്ള അനുമതി നല്‍കിയിരുന്നതായി ഉഡുപ്പി ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ഹേമലത അറിയിച്ചു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്13 March 2009
ഇസ്ലാമാബാദിലേക്കുള്ള റോഡുകള്‍ അടച്ചു
പാക്കിസ്ഥാനില്‍ തുടര്‍ന്നു വരുന്ന പ്രതിഷേധ സമരങ്ങള്‍ ഇസ്ലാമാബാദില്‍ എത്താതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പാക്കിസ്ഥാന്‍ അധികൃതര്‍ ഇസ്ലാമാബാദിലേക്കുള്ള എല്ലാ റോഡുകളും അടച്ചു. പിരിച്ചു വിട്ട ജഡ്ജിമാരെ പുനഃ സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകരും മറ്റ് സംഘടനകളും തലസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനിരിക്കെയാണ് സര്‍ക്കാരിന്റെ ഈ നീക്കം. ബലൂച്ചിസ്ഥാന്‍ തലസ്ഥാനത്തു നിന്നും മാര്‍ച്ച് നടത്തിയ ഒരു സംഘത്തെ പോലീസും അര്‍ധ സൈനിക വിഭാഗങ്ങളും ചേര്‍ന്ന് തടയുകയും സുപ്രീക് കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അലി അഹമദ് കുര്‍ദിനേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഏതു വിധേനയും പ്രതിഷേധ മാര്‍ച്ച് തലസ്ഥാനത്ത് എത്തിക്കും എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രതിഷേധക്കാര്‍. പ്രശ്നം 24 മണിക്കൂറുകള്‍ക്കകം പരിഹരിക്കണം എന്ന അമേരിക്കയുടെ അന്ത്യ ശാസന നില നില്‍ക്കുമ്പോഴും പാക്കിസ്ഥാന്‍ സര്‍ക്കാര്‍ തങ്ങളുടെ നിലപാടില്‍ അയവൊന്നും വരുത്തിയിട്ടില്ല.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്10 March 2009
ഇന്ത്യ ഇല്ലെങ്കിലും വാതക കുഴല്‍ പദ്ധതിയുമായി മുന്നോട്ട് പോകും : സര്‍ദാരി
ഇറാന്‍ - ഇന്ത്യാ - പാക്കിസ്ഥാന്‍ വാതക കുഴല്‍ പദ്ധതിയില്‍ ഇന്ത്യ ചേര്‍ന്നില്ലെങ്കിലും പദ്ധതിയുമായി പാക്കിസ്ഥാന്‍ മുന്നോട്ട് പോകും എന്ന് പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അറിയിച്ചു. തന്റെ ഇറാന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി ഇറാന്റെ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ പ്രസ്താവനയിലാണ് സര്‍ദാരി പാക്കിസ്ഥാന്റെ നിലപാട് വ്യക്തമാക്കിയത്. മൂന്നാമത്തെ കക്ഷി പദ്ധതിയില്‍ ചേര്‍ന്നില്ലെങ്കിലും പദ്ധതി തുടരണം എന്നാണ് തങ്ങളുടെ പക്ഷം. ഇത് തങ്ങള്‍ ഇറാനെ അറിയിച്ചിട്ടുമുണ്ട്. ഇറാന്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളില്‍ താന്‍ ഇത് ചര്‍ച്ച ചെയ്യും. ഇറാനിലേക്കുള്ള സര്‍ദാരിയുടെ ആദ്യ സന്ദര്‍ശനം ആണിത്. ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് അഹമ്മദിനെജാദുമായി സര്‍ദാരി ചര്‍ച്ചകള്‍ നടത്തും. തുടര്‍ന്ന് മാര്‍ച്ച് 11ന് നടക്കുന്ന സാമ്പത്തിക സഹകരണ സംഘടനയുടെ ഉച്ചകോടിയിലും പങ്കെടുക്കും.
തര്‍ക്ക വിഷയങ്ങളില്‍ പരിഹാരമാവുന്ന പക്ഷം ഇന്ത്യക്ക് പിന്നീട് പദ്ധതിയില്‍ ചേരാം എന്നായിരുന്നു നേരത്തെ പാക്കിസ്ഥാന്റെ നിലപാട്. കഴിഞ്ഞ ഒക്ടോബറില്‍ തന്റെ ചൈനാ സന്ദര്‍ശന വേളയില്‍ ഈ പദ്ധതിയിലേക്ക് ചൈനയെ സര്‍ദാരി ക്ഷണിച്ചു എന്നും സൂചനയുണ്ട്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഇബന്‍ ബത്തൂത്ത ചെങ്കടലില്‍ മുങ്ങി
യു.എ.ഇ. യിലേക്ക് വരികയായിരുന്ന ഇബന്‍ ബത്തൂത്ത എന്ന ചരക്ക് കപ്പല്‍ ചെങ്കടലില്‍ സഫാജ് തുറമുഖത്തിനടുത്ത് മുങ്ങി. മൂന്ന് പേര്‍ മരിച്ചു. കപ്പലില്‍ ഇന്ത്യക്കാരടക്കം 26 ജീവനക്കാര്‍ ഉണ്ടായിരുന്നു. 10 പേരെ സമീപത്തുണ്ടായിരുന്ന കപ്പല്‍ രക്ഷപ്പെടുത്തി. 13 പേരെ കാണാതായി. ഗ്ലാസ് നിര്‍മ്മാണത്തിന് ആവശ്യമായ 6500 ടണ്‍ സിലിക്കയാണ് കപ്പലില്‍ ഉണ്ടായിരുന്നത്.

Labels:

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്09 March 2009
ഇറാഖില്‍ സ്ത്രീകളുടെ നിശ്ശബ്ദ സഹനം
ഇറാഖില്‍ അമേരിക്കന്‍ സൈന്യത്തിന്റെ അതിക്രമങ്ങളും ആഭ്യന്തര യുദ്ധവും കെട്ടടങ്ങി വരുന്നു എന്ന് പറയുമ്പോഴും ഇവിടത്തെ സ്ത്രീകളുടെ നില ഇപ്പോഴും പരിതാപകരം തന്നെ എന്ന് അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8ന് പുറത്തിറങ്ങിയ ഒരു പഠനം സൂചിപ്പിക്കുന്നു. ഓക്സ്ഫാം എന്ന ഒരു ബ്രിട്ടീഷ് ദുരിതാശ്വാസ ഏജന്‍സിയാണ് ഈ പഠനം നടത്തിയത്. 2003ല്‍ തുടങ്ങിയ അമേരിക്കന്‍ അധിനിവേശത്തെ തുടര്‍ന്ന് രാജ്യത്ത് സംജാതമായ അരക്ഷിതാവസ്ഥയും കടുത്ത ദാരിദ്ര്യവും മൂലം ഇറാഖിലെ വനിതകള്‍ നിശ്ശബ്ദമായ ഒരു തരം അടിയന്തരാവസ്ഥ നേരിട്ട് കൊണ്ടിരിക്കുകയാണ് എന്ന് ഓക്സ്ഫാം പറയുന്നു. ഇറാഖിന്റെ പുനര്‍ നിര്‍മ്മാണത്തിനു വേണ്ടി കോടി ക്കണക്കിന് ഡോളര്‍ ചിലവഴിക്കുമ്പോഴും ഈ സ്ത്രീകളുടെ കാര്യം ഏവരും വിസ്മരിക്കുന്നു. പഠനത്തിനു വിധേയമായ സ്ത്രീകളില്‍ നാലില്‍ ഒന്ന് പേര്‍ക്കും ദിവസേന ആവശ്യമായ കുടി വെള്ളം പോലും ലഭിക്കുന്നില്ല. മൂന്നിലൊന്ന് സ്ത്രീകള്‍ക്ക് തങ്ങളുടെ കുട്ടികളെ സ്കൂളില്‍ അയക്കാന്‍ സാധിക്കുന്നില്ല. ഇവരില്‍ പകുതി പേരും ഇപ്പോഴും അമേരിക്കന്‍ സൈനികരുടേയും, ചാവേറുകളുടേയും, ഇറാഖി പോലീസിന്റേയും, മത തീവ്രവാദികളുടേയും, പ്രാദേശിക ഗുണ്ടകളുടേയും പക്കല്‍ നിന്ന്‍ ബലാസംഗം, ശാരീരികമായ പീഡനം, തട്ടി കൊണ്ട് പോകല്‍ എന്നിങ്ങനെയുള്ള അതിക്രമങ്ങള്‍ക്ക് വിധേയരാവുകയും ചെയ്യുന്നു. മുക്കാല്‍ ഭാഗത്തോളം സ്ത്രീകള്‍ക്ക് തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട കഥയാണ് പറയുവാന്‍ ഉള്ളത്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഇറാഖ് സര്‍ക്കാര്‍ പ്രതി ദിനം 50 രൂപ പെന്‍ഷന്‍ പ്രഖ്യാപിച്ചത് ഇവരില്‍ 75 ശതമാനത്തിനും ഇതു വരെ ലഭിച്ചിട്ടുമില്ല.
Labels: , , ,

  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

ഇറാഖില്‍ മാത്രമല്ല ലോകത്ത് എവിടെ നടക്കുന്ന യുദ്ധത്തിന്റ്യും ഏറ്റവും ദുരിദം അനുഭവിക്കുന്നവര്‍ പാവം സ്ത്രികളും കുട്ടികളും ആണ്.

March 20, 2009 9:48 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്07 March 2009
ജനിതക ഗവേഷണം ഒബാമ പുനരാരംഭിക്കും
ഏഴു വര്‍ഷം മുന്‍പ് ബുഷ് ഭരണ കൂടം നിര്‍ത്തി വെച്ച ജനിതക ഗവേഷണം പുനരാരംഭിക്കാന്‍ ഒബാമ അനുമതി നല്‍കും. പ്രമേഹം, കാന്‍സര്‍, പാര്‍ക്കിന്‍സണ്‍സ്, അല്‍‌ഷീമേഴ്സ് എന്നിങ്ങനെ ഒട്ടേറെ രോഗങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്താന്‍ ഈ ഗവേഷണത്തിനു കഴിയും എന്നാണ് പ്രതീക്ഷ. ശരീരത്തിന്റെ ഘടനക്ക് ആധാരമായി വര്‍ത്തിക്കുന്ന സ്റ്റെം കോശങ്ങളില്‍ കൃത്രിമമായി മാറ്റങ്ങള്‍ വരുത്തി ഹൃദയം, കരള്‍, ചര്‍മ്മം, കണ്ണ്, തലച്ചോര്‍ എന്നിങ്ങനെ രോഗം മൂലം നശിച്ച ഏത് ശരീര ഭാഗവുമായി വികസിപ്പിച്ച് എടുക്കാന്‍ കഴിയും എന്നതാണ് ഈ ഗവേഷണത്തിന്റെ അടിസ്ഥാന തത്വം. ഈ ഗവേഷണത്തിന് ഏറ്റവും അനുയോജ്യമായി കണ്ടെത്തിയിട്ടുള്ളത് മനുഷ്യ ഭ്രൂണത്തില്‍ ഉള്ള സ്റ്റെം കോശങ്ങള്‍ ആണ്. ബീജ സങ്കലനം നടന്ന് മൂന്നോ നാലോ ദിവസം പ്രായമായ ഭ്രൂണത്തില്‍ നിന്നാണ് ഈ കോശങ്ങള്‍ വേര്‍തിരിച്ച് പരീക്ഷണത്തിനായി എടുക്കുന്നത്. ഇതാണ് ഈ പരീക്ഷണങ്ങള്‍ നിരോധിക്കുവാനും കാരണമായത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്04 March 2009
ശ്രീലങ്കന്‍ ടീം ആക്രമണത്തിനു പിന്നില്‍ വിദേശ ശക്തികള്‍ ആവാം എന്ന് പാക്കിസ്ഥാന്‍
പാക്കിസ്ഥാനിലെ ലാഹോറില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്കു നേരെ നടന്ന ഭീകര ആക്രമണത്തിനു പുറകില്‍ വിദേശ ശക്തികളുടെ പങ്ക് തള്ളി കളയാന്‍ ആവില്ല എന്ന് പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചു. പ്രാഥമിക അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നത് ആക്രമണം സൂത്രധാരണം ചെയ്തത് പാക്കിസ്ഥാനു പുറത്ത് വെച്ചാണ് എന്നാണ്. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ അതിര്‍ത്തിയായ വാഗയിലെ രേഖകള്‍ അന്വേഷണ സംഘം പരിശോധിച്ചു വരികയാണ് എന്ന് പാക്കിസ്ഥന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പാക്കിസ്ഥാന്റെ ജനാധിപത്യത്തിനു നേരെയുള്ള ഭീഷണിയാണ് ഈ ആക്രമണം. നിരന്തരമായി പല കേന്ദ്രങ്ങളില്‍ നിന്നും പാക്കിസ്ഥാന്‍ ഇത്തരം ആക്രമണങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. തങ്ങളുടെ രാജ്യത്തിന്റെ പ്രതിച്ഛായ അന്താരാഷ്ട്ര സമൂഹത്തിനു മുന്‍പില്‍ തകര്‍ക്കാന്‍ വിദേശ ശക്തികള്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഈ ആക്രമണത്തിനു പുറകിലും വിദേശ ശക്തികളുടെ പങ്ക് തള്ളി കളയാന്‍ ആവില്ല എന്നും പാക്കിസ്ഥാന്‍ വക്താവ് റഹ്മാന്‍ മാലിക് അറിയിച്ചു.
ആക്രമണത്തിന് ഇന്ത്യയെ ഉത്തരവാദി ആക്കുവാനുള്ള പാക്കിസ്ഥാന്റെ ശ്രമമായാണ് ഇത് പരക്കെ കരുതപ്പെടുന്നത്.
ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനു നേരെ നടന്ന ആക്രമണത്തിനു പുറകില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ ആണെന്ന് ആരോപിച്ച് ഒരു സംഘം പാക്കിസ്ഥാനി അഭിഭാഷകര്‍ ഇന്ത്യന്‍ പതാകക്ക് തീ കൊളുത്തുന്നുനേരത്തെ ഈ ആക്രമണവുമായി ബന്ധപ്പെട്ട് 14 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഒരു അജ്ഞാത കേന്ദ്രത്തില്‍ വെച്ച് ചോദ്യം ചെയ്തു വരികയാണ്.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്കാര്‍ട്ടൂണ്‍ അക്കാദമിക്ക് പുതിയ ഭാരവാഹികള്‍
കേരള കാര്‍ട്ടൂണ്‍ അക്കാദമി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എറണാകുളത്ത് വെച്ചായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ചെയര്‍മാന്‍ ആയി പ്രസന്നന്‍ അനിക്കാടും സെക്രട്ടറിയായി സുധീര്‍നാഥും തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികള്‍ : വൈസ് ചെയര്‍മാന്‍ - സത്യദേവ്, ഇ. പി. പീറ്റര്‍, ബാലചന്ദ്രന്‍, ജോയന്റ് സെക്രട്ടറി - സുരേന്ദ്രന്‍ വാരച്ചാല്‍, ട്രെഷറര്‍ - മോഹനചന്ദ്രന്‍ എന്നിവരാണ്. കമ്മിറ്റി അംഗങ്ങളായി ജയരാജ് വെല്ലൂര്‍, എന്‍. സുരേഷ്, ദ്വിജിത് പയ്യന്നൂര്‍, അനുരാജ്, മുരളി കെ. മുകുന്ദന്‍, ബിജു ചന്ദ്രന്‍, അബ്ബാ വാഴൂര്‍, ഫാദര്‍ ജോസ് പുന്നമഠം, കൊല്ലം പാപ്പച്ചന്‍ എന്നിവരേയും തെരഞ്ഞെടുത്തു.
- സുധീര്‍നാഥ്, സെക്രട്ടറി, കേരള കാര്‍ട്ടൂണ്‍ അക്കാദമി

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്03 March 2009
തെരഞ്ഞെടുപ്പ് ഏപ്രില്‍ 16ന്
ലോക് സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 16ന് തുടങ്ങും എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അഞ്ചു ഘട്ടങ്ങള്‍ ആയിട്ടാവും തെരഞ്ഞെടുപ്പ് നടത്തുക. കേരളത്തില്‍ ഏപ്രില്‍ 16നു തന്നെയാവും പോളിങ്. വോട്ടെണ്ണുന്നത് മെയ് 16നും. ജൂണ്‍ 2 ആവുമ്പോഴേക്കും 15‍ാമത് ലോക് സഭ നിലവില്‍ വരും. ജമ്മു കാശ്മീരിലും ഉത്തര്‍ പ്രദേശിലും അഞ്ചു ഘട്ടങ്ങളിലായി പോളിങ് നടക്കും. ബീഹാറില്‍ നാലു ഘട്ടങ്ങളും മഹാരാഷ്ട്രയിലും ബംഗാളിലും മൂന്ന് ഘട്ടങ്ങളും ആന്ധ്ര, ആസ്സാം, മണിപ്പൂര്‍, ജാര്‍ഖണ്ട്, കര്‍ണ്ണാടക, മധ്യ പ്രദേശ്, ഒറീസ്സ, പഞ്ചാബ് എന്നിവിടങ്ങളില്‍ രണ്ടു ഘട്ടമായും തെരഞ്ഞെടുപ്പ് നടക്കും. കേരളമടക്കം മറ്റ് 15 സംസ്ഥാനങ്ങളിലും യൂണിയന്‍ ടെറിട്ടറികളിലും ഒറ്റ ദിവസമാവും തെരഞ്ഞെടുപ്പ് നടക്കുക.
ആദ്യ ഘട്ടത്തില്‍ ഏപ്രില്‍ 16ന് 124 മണ്ഡലങ്ങളില്‍ പോളിങ് നടക്കും. ഏപ്രില്‍ 23ന് 141 മണ്ഡലങ്ങളിലും ഏപ്രില്‍ 30ന് 107 മണ്ഡലങ്ങളിലും മെയ് 7ന് 85 മണ്ഡലങ്ങളിലും മെയ് 13ന് ബാക്കി 86 മണ്ഡലങ്ങളിലും പോളിങ് നടക്കും. ആന്ധ്ര പ്രദേശ്, സിക്കിം, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ലോക് സഭാ തെരഞ്ഞെടുപ്പിനോടൊപ്പം തന്നെ നിയമ സഭാ തെരഞ്ഞെടുപ്പും നടക്കും.
ആകെയുള്ള 543 മണ്ഡലങ്ങളില്‍ 522 മണ്ഡലങ്ങളില്‍ ഇത്തവണ ഫോട്ടോ പതിച്ച വോട്ടര്‍ പട്ടികയാവും ഉപയോഗിക്കുക. 2004ലെ വോട്ടര്‍മാരുടെ എണ്ണത്തേക്കാള്‍ 4.3 കോടി പേര്‍ ഇത്തവണ പുതിയതായി ഉണ്ട്. 71.4 കോടി വോട്ടര്‍മാരാണ് ഇത്തവണ വോട്ടര്‍ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്01 March 2009
മനുഷ്യാവകാശ സംരക്ഷണം : അമേരിക്കക്കെതിരെ യു.എ.ഇ
യു.എ.ഇ.യില്‍ മനുഷ്യാവകാശ സംരക്ഷണം പരാജയമാണെന്ന അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട് മെന്‍റിന്‍റെ അഭിപ്രായത്തെ യു.എ.ഇ. വിമര്‍ശിച്ചു. യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തതും സാമാന്യ വത്ക്കരിച്ചു കൊണ്ടുമുള്ള റിപ്പോര്‍ട്ടാണ് യു.എസ്. പുറത്തിറക്കി യിരിക്കുന്നതെന്ന് യു.എ.ഇ. വിദേശ കാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. 2008 ലെ ആഗോള മനുഷ്യാവകാശ റിപ്പോര്‍ട്ടിലാണ് യു.എ.ഇ.യിലെ സ്ഥിതി നിരാശാ ജനകമാണെന്ന് പരാമര്‍ശിക്കുന്നത്. രാഷ്ട്രീയ പങ്കാളിത്തം, നീതി ന്യായ വ്യവസ്ഥ, സ്ത്രീകളുടെ അവകാശം എന്നീ മേഖലകളിലാണ് യു.എ.ഇ. പരാജയ പ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ രാജ്യത്തിന്‍റെ തുറന്ന സമീപനവും സഹിഷ്ണുതയും മനസിലാക്കുന്നതിലും യഥാര്‍ത്ഥ ചിത്രം പകര്‍ത്തുന്നതിലും അമേരിക്കന്‍ റിപ്പോര്‍ട്ട് പരാജയപ്പെട്ടു വെന്നാണ് യു.എ.ഇ. വിദേശ കാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടത്.

Labels: ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്

ആര്‍ക്കൈവ്സ്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്