ഭൂമി വില്‍ക്കാന്‍ ഉദ്ദേശമില്ല എന്ന് സ്മാര്‍ട്ട് സിറ്റി
ദുബായ് : ഭൂമി കച്ചവടമല്ല തങ്ങളുടെ തൊഴിലെന്നും ഈ കാര്യം തങ്ങള്‍ കേരള സര്‍ക്കാരിനെ രേഖാ മൂലം അറിയിച്ചിട്ടുണ്ട് എന്നും കൊച്ചി സ്മാര്‍ട്ട് സിറ്റി യുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഫരീദ് അബ്ദുള്‍ റഹിമാന്‍ അറിയിച്ചു. ദുബായില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.12 ശതമാനം ഭൂമിയുടെ മേലുള്ള സ്വതന്ത്ര അവകാശത്തെ ചൊല്ലി സര്‍ക്കാരുമായുള്ള തര്‍ക്കം മൂലം പദ്ധതി വഴി മുട്ടി നില്‍ക്കുകയാണ്. പദ്ധതിയുടെ കരട് രേഖയില്‍ ഇത്തരം സ്വതന്ത്ര അവകാശം ഉറപ്പു തന്നിട്ടുണ്ട്. ഈ കാര്യത്തില്‍ വ്യക്തത കൈവരാതെ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ആവില്ല എന്നാണ് കമ്പനിയുടെ നിലപാട്. എന്നാല്‍ പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ പൂര്‍ത്തിയാകാതെ ഈ കാര്യത്തില്‍ തീരുമാനം എടുക്കില്ല എന്നാണ് സര്‍ക്കാര്‍ നിലപാട്.
കേരള സര്‍ക്കാര്‍ പങ്കാളിയായി റെജിസ്റ്റര്‍ ചെയ്ത സ്മാര്‍ട്ട് സിറ്റി കൊച്ചി എന്ന ഇന്ത്യന്‍ കമ്പനിയുടെ പേര്‍ക്കാണ് സ്വതന്ത്ര അവകാശം ആവശ്യപ്പെട്ടത് എന്നും ഈ കമ്പനിയുടെ ചെയര്‍മാന്‍ മന്ത്രി എസ്. ശര്‍മയാണ് എന്നും ഫരീദ് അബ്ദുള്‍ റഹിമാന്‍ ചൂണ്ടിക്കാട്ടി. സ്മാര്‍ട്ട് സിറ്റി കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ കൈവരിച്ച പുരോഗതി നേരിട്ടു കാണാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ദുബായിലെ കമ്പനി ആസ്ഥാനം സന്ദര്‍ശിക്കണം എന്നും, ഇപ്പോള്‍ നില നില്‍ക്കുന്ന അഭിപ്രായ ഭിന്നതകള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കണം എന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
- ജെ. എസ്.
( Thursday, January 07, 2010 ) |
അര്‍ജന്റിനയുമായി ഇന്ത്യ ആണവ സഹകരണ കരാര്‍ ഒപ്പിട്ടു
ഇന്ത്യ സന്ദര്‍ശിക്കുന്ന അര്‍ജന്റീനയുടെ പ്രസിഡന്റ് ക്രിസ്റ്റീന ഫെര്‍നാന്‍ഡോയും പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗും തമ്മില്‍ നടന്ന ഉന്നത തല ചര്‍ച്ചകള്‍ക്കൊടുവില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സുപ്രധാനമായ ഒട്ടേറെ കരാറുകളില്‍ ഒപ്പിട്ടു. ആണവ കരാറുള്‍പ്പെടെ പത്തോളം കരാറുകളാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇന്ത്യ ആണവ പദ്ധതികളുമായി പരസ്യമായി രംഗത്തു വന്നതിനു ശേഷം ഒപ്പിടുന്ന ഏഴാമത്തെ ആണവ സഹകരണ കരാറാണിത്. സമാധാന ആവശ്യങ്ങള്‍ക്കായുള്ള ആണവ ഉപയോഗമാണ് കരാര്‍ ലക്ഷ്യമാക്കുന്നത്. ഇതു പ്രകാരം ഇരു രാജ്യങ്ങളും തമ്മില്‍ ആണവ രംഗത്ത് ശാസ്ത്ര വ്യാവസായിക ഇടപാടുകള്‍ സുഗമമായി നടത്താനാവും. ഇരു രാജ്യങ്ങളും തമ്മില്‍ മൂന്ന് ബില്യണ്‍ ഡോളറിന്റെ വ്യാപാരം നടത്താനും ധാരണയായിട്ടുണ്ട്.
Labels: അന്താരാഷ്ട്രം, വ്യവസായം, സാമ്പത്തികം
- ജെ. എസ്.
( Thursday, October 15, 2009 ) |
'മൈവേ' ഐ.പി. ടി.വി. കേരളത്തില്‍
ഇന്റര്‍ ആക്റ്റീവ് ഇന്‍ററാക്റ്റീവ് പേഴ്സണലൈസ്ഡ് ടെലിവിഷന്‍ ആന്‍ഡ് വിഡിയോ സര്‍വീസ് (ഐ. പി. ടി.വി.) എന്ന നൂതന സാങ്കേതിക വിദ്യയുമായി ബി. എസ്. എന്‍. എല്‍. കേരളത്തില്‍ എത്തി. സ്മാര്‍ട്ട് ഡിജി വിഷനുമായി ചേര്‍ന്നാണ് ഈ സംരംഭം നടപ്പിലാക്കുന്നത്. തിരുവനന്തപുരത്തും കൊച്ചിയിലും ഈ സര്‍വിസ് ഇപ്പോള്‍ ലഭ്യം ആകും.
ഈ സൗകര്യം ഉപയോഗപ്പെടുത്തണം എങ്കില്‍ ബി. എസ്. എന്‍. എല്‍. ഫിക്സെഡ് ലൈനും, ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിയും മൈവേ സെറ്റ് ടോപ് ബോക്സും വേണം. പ്രേക്ഷകര്‍ക്ക് ടെലിവിഷനിലൂടെ ഇഷ്ടാനുസരണം പരിപാടികള്‍ കാണാന്‍ കഴിയും എന്നതാണ് ഇതിന്റെ സവിശേഷത. ഇന്റര്‍ നെറ്റിന് സമാനം ആയി പരസ്പരം സംവദിക്കാനുള്ള സൗകര്യം, കൂടുതല്‍ മിഴിവാര്‍ന്ന ചിത്രങ്ങള്‍, പരിപാടികള്‍ താല്‍ക്കാലികം ആയി നിര്‍ത്താനോ, മുന്നോട്ടോ പിന്നോട്ടോ നീക്കാനുള്ള സൗകര്യം എന്നിവയെല്ലാം ഇതില്‍ ഉണ്ടാകും. ഏതു പരിപാടികള്‍ എപ്പോള്‍ കാണണം എന്നൊക്കെ ഉപഭോക്താക്കള്‍ക്ക് തന്നെ നിശ്ചയിക്കാം. ഇ-മെയില്‍, ചാറ്റിംഗ് സൌകര്യം, ടിക്കറ്റ് ബുക്കിങ്ങുകള്‍, കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍, വിമാന സമയങ്ങള്‍ തുടങ്ങിയവും ഇതിലൂടെ നല്‍കും. ഇന്ത്യയില്‍ 54 നഗരങ്ങളില്‍ ബി. എസ്. എന്‍. എല്‍. ഐ.പി. ടി.വി. യുടെ സേവനം ഇപ്പോള്‍ തന്നെ ലഭ്യം ആണ്. Labels: ഇന്റര്‍നെറ്റ്, വ്യവസായം, സാങ്കേതികം
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
( Saturday, July 25, 2009 ) |
പുരോഗതി തടയാന്‍ ഉപരോധത്തിന് കഴിയില്ല - ബാഷിര്‍
സുഡാന്റെ പുരോഗതിയും വളര്‍ച്ചയും തടയാന്‍ തങ്ങളുടെ രാജ്യത്തിനു മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ക്ക് ആവില്ല എന്ന് സുഡാന്‍ പ്രസിഡണ്ട് ഒമര്‍ ഹസ്സന്‍ അല്‍ ബാഷിര്‍ പ്രസ്താവിച്ചു. സുഡാന്‍ സ്വന്തമായി വികസിപ്പിച്ച വിമാനം പുറത്തിറക്കുന്ന ചടങ്ങില്‍ സംബന്ധിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ച്ചില്‍ അന്താരാഷ്ട്ര കോടതി അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച അന്നു മുതല്‍ വാറണ്ടിനെ വെല്ലു വിളിച്ച് ബഷീര്‍ ഒട്ടനേകം റാലികളില്‍ പങ്കെടുത്ത് സംസാരിച്ചു വരുന്നു. ഈ റാലികളില്‍ ഒക്കെ തന്നെ സുഡാന്റെ വളര്‍ച്ചയെ എടുത്ത് കാണിക്കാനും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. ഈ വര്‍ഷം ആരംഭത്തില്‍ ഒരു പുതിയ ജല വൈദ്യുത പദ്ധതി സുഡാന്‍ ആരംഭിച്ചു. ഖാര്‍ത്തൂമില്‍ നിര്‍മ്മിച്ച പാലം, സുഡാനിലെ ആദ്യത്തെ എത്തനോള്‍ ഫാക്ടറി എന്നിവയും ഈ വര്‍ഷം ബഷീര്‍ അഭിമാനപൂര്‍വ്വം ആരംഭിച്ച പദ്ധതികളില്‍ ചിലതാണ്.
സുഡാന്‍ നിര്‍മ്മിച്ച സഫാത്-01 എന്ന വിമാനം ഇന്നലെ പുറത്തിറക്കിയ സഫാത്-01 എന്ന വിമാനം ചൈനയുടേയും റഷ്യയുടേയും സഹായത്തോടെ ഏതാണ്ട് 80 ശതമാനവും സുഡാനില്‍ തന്നെ നിര്‍മ്മിച്ചതാണ്. രണ്ട് പേര്‍ക്ക് ഇരിക്കാവുന്നതും പ്രൊപ്പല്ലര്‍ കൊണ്ട് പറക്കുന്നതുമായ ഈ വിമാനത്തിന്റെ ചിലവ് 15000 ഡോളര്‍ വരും. പത്ത് വിമാനങ്ങള്‍ കൂടി നിര്‍മ്മിക്കാനാണ് പദ്ധതി. തങ്ങള്‍ക്ക് സ്വന്തമായി ആയുധങ്ങളും ടാങ്കുകളും മിസ്സൈലുകളും തോക്കുകളും മറ്റും നിര്‍മ്മിക്കാനുള്ള ശേഷിയുണ്ടെന്ന് ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയ നൂറ് കണക്കിന് അനുയായികളോട് പ്രഖ്യാപിച്ച ബാഷിര്‍ ഈ വിമാനത്തിന്റെ നിര്‍മ്മാണത്തോടെ സുഡാന്‍ ഒരു പുതിയ മേഖല കൂടി കീഴടക്കിയിരിക്കുന്നു എന്നറിയിച്ചു. ഉപരോധങ്ങള്‍ നമ്മുടെ പുരോഗതിയെ തടയില്ല. നമ്മള്‍ ഈ ചെയ്യുന്നത് നമ്മുടെ ശത്രുക്കളെ അരിശം കൊള്ളിക്കും. നമ്മളെ തകര്‍ക്കാന്‍ അവര്‍ തന്ത്രങ്ങള്‍ മെനഞ്ഞു, ഗൂഢാലോചന നടത്തി, കലാപകാരികളെ അഴിച്ചു വിട്ടു, കലാപങ്ങള്‍ സൃഷ്ടിച്ചു, അയല്‍ രാജ്യങ്ങളെ നമുക്ക് എതിരാക്കി, നയതന്ത്ര, സാമ്പത്തിക, രാഷ്ട്രീയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. എന്നിട്ടും ദൈവത്തിന്റെ ശക്തി സുഡാനെ മുന്നോട്ട് തന്നെ നയിക്കുന്നു എന്നും ബാഷിര്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും അധികം മനുഷ്യാവകാശ ലംഘനം നടക്കുന്ന പ്രദേശങ്ങളില്‍ ഒന്നായി ഐക്യ രാഷ്ട്ര സഭ കണക്കാക്കുന്ന സുഡാന്റെ ഡര്‍ഫറില്‍ 2003ല്‍ തുടങ്ങിയ കലാപങ്ങളിലും തുടര്‍ന്നു നടന്നു വരുന്ന സംഘര്‍ഷങ്ങളിലുമായി 300000 പേര്‍ കൊല്ലപ്പെട്ടു എന്നാണ് ഐക്യ രാഷ്ട്ര സഭയുടെ നിഗമനം. 27 ലക്ഷം പേര്‍ക്കെങ്കിലും കിടപ്പാടം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട് എന്നും അനുമാനിക്കപ്പെടുന്നു. Labels: അന്താരാഷ്ട്രം, മനുഷ്യാവകാശം, വ്യവസായം
- ജെ. എസ്.
( Monday, July 06, 2009 ) |
മെയ്ഡ് ഇന്‍ ചൈന ഇന്ത്യക്ക് വേണ്ട
ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വ്യാജ മൊബൈല്‍ ഫോണുകള്‍ ഇന്ത്യ നിരോധിച്ചു. തരം താണ ബാറ്ററികളും മറ്റും ഉപയോഗിക്കുന്ന ഇവ ഏതു നിമിഷവും പൊട്ടിത്തെറിക്കാന്‍ ഇടയുള്ള ടൈം ബോംബുകളാണ് എന്ന സുരക്ഷാ കാരണമാണ് ഈ ഫോണുകള്‍ക്കെതിരെ അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത് എങ്കിലും വന്‍കിട മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ നോക്കിയ ഉള്‍പ്പടെയുള്ള കമ്പനികള്‍ അംഗമായ ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇത്തരം ഒരു നടപടിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത് എന്ന് കരുതപ്പെടുന്നു.
ആയിരം രൂപയില്‍ താഴെ മാത്രം ഉല്‍പ്പാദന ചിലവു വരുന്ന ഫോണുകള്‍ പത്തിരട്ടി വിലക്കാണ് വന്‍കിട കമ്പനികള്‍ വിറ്റഴിക്കുന്നത്. പരസ്യങ്ങളോ മറ്റ് അധിക ചിലവുകളോ ഇല്ലാതെ വിപണിയില്‍ ഇറങ്ങുന്ന ചൈനീസ് ഫോണുകള്‍ ഇന്ത്യയിലെ കോടിക്കണക്കിന് സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലക്ക് ലഭ്യമാവുകയും ചെയ്യുന്നു. ഇന്ത്യന്‍ നിര്‍മ്മാതാക്കളുടെ കണക്ക് പ്രകാരം രാജ്യത്ത് പ്രതിവര്‍ഷം ചൈനയില്‍ നിന്നും 50 ലക്ഷത്തോളം മൊബൈല്‍ ഫോണുകള്‍ ആണ് ഇറക്കുമതി ചെയ്യപ്പെടുന്നത്. ഇതില്‍ 15 ലക്ഷത്തോളം ഫോണുകള്‍ ഇത്തരത്തിലുള്ള വ്യാജ ഫോണുകള്‍ ആണെന്ന് ഇവര്‍ ആരോപിക്കുന്നു. സെല്ലുലാര്‍ ഫോണുകളെ തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന IMEI (International Mobile Equipment Identity) നമ്പര്‍ ഇല്ലാത്ത ഇത്തരം ഫോണുകള്‍ ഭീകര പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നത് മൂലം ഇവയില്‍ നിന്നും വിളിക്കുന്ന കോളുകള്‍ തിരിച്ചറിയാന്‍ കഴിയാത്തത് ഇത്തരം കേസുകള്‍ അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തലവേദന സൃഷ്ടിക്കുന്നു. മുംബൈ ഭീകര ആക്രമണത്തിന് ഇത്തരം ചൈനീസ് ഫോണുകള്‍ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. *#06# എന്ന നമ്പര്‍ ഡയല്‍ ചെയ്താല്‍ IMEI നമ്പര്‍ സ്ക്രീനില്‍ തെളിഞ്ഞു വരും. ഇത്തരം നമ്പറുകള്‍ ഇല്ലാത്തതോ അഥവാ ഈ നമ്പര്‍ പൂജ്യം എന്നു കാണിക്കുന്നതോ ആയ ഫോണുകള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു കൊണ്ടാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. Labels: വ്യവസായം, സാങ്കേതികം
- ജെ. എസ്.
( Thursday, June 25, 2009 ) |
ഫാക്ട് കണ്ടെയ്‌നര്‍ കേന്ദ്രം സ്ഥാപിക്കും
കൊച്ചിയിലെ ഫാക്ടിന്റെ ഭൂമിയില്‍ കണ്ടെയ്‌നര്‍ കേന്ദ്രം സ്ഥാപിക്കാനുള്ള പ്രാരംഭ ചര്‍ച്ചകള്‍ കേന്ദ്ര കൃഷി, ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതു വിതരണ സഹ മന്ത്രി കെ. വി. തോമസിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്നു. ഇതിന്റെ ആദ്യ നടപടിയായി മന്ത്രി സെന്‍ട്രല്‍ വെയര്‍ ഹൌസിങ് കോര്‍പ്പറേയ്ഷന്‍, ഫാക്ട് എന്നിവയുടെ ഒരു സംയുക്ത യോഗം വിളിച്ചു കൂട്ടി.
മെയ് 2008ല്‍ തന്നെ ഫാക്ടിന്റെ കൈവശം ഉള്ള 25 ഏക്കറോളം വരുന്ന ഒഴിഞ്ഞ ഭൂമിയില്‍ കണ്ടെയ്‌നര്‍ ഫ്രെയ്റ്റ് സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള ധാരണാ പത്രത്തില്‍ ഇരു കൂട്ടരും ഒപ്പു വെച്ചിരുന്നു. എന്നാല്‍ പിന്നീട് പദ്ധതി തുടങ്ങുന്നതില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. പദ്ധതി ത്വരിത ഗതിയില്‍ തുടങ്ങുന്നതിനും നടപ്പിലാക്കുന്നതിനും ലക്ഷ്യമിട്ടാണ് മന്ത്രി യോഗം വിളിച്ചു കൂട്ടിയത്. യോഗത്തില്‍ പങ്കെടുത്ത സെന്‍ട്രല്‍ വെയര്‍ ഹൌസിങ് കോര്‍പ്പൊറേയ്ഷന്‍ എം. ഡി. ബി. ബി. പട്‌നായിക്, ഫാക്ട് എം. ഡി. ഡോ. ജോര്‍ജ്ജ് സ്ലീബ എന്നിവര്‍ പദ്ധതിയുടെ പ്രവര്‍ത്തന മാതൃക അവതരിപ്പിക്കാന്‍ ധാരണയായി. അതത് ബോര്‍ഡുകളുടെ അംഗീകാരത്തിനായി ഇത് ജൂണില്‍ തന്നെ സമര്‍പ്പിക്കും. പ്രൊഫ. കെ.വി. തോമസ് രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ രാഷ്ട്രപതി ഭവനില്‍ വെച്ചു കണ്ടപ്പോള്‍ 60 കോടി രൂപ മുതല്‍ മുടക്കു വരുന്ന പദ്ധതി ഓഗസ്റ്റില്‍ തുടങ്ങാനാണ് തീരുമാനം. പദ്ധതി പൂര്‍ത്തിയാവുന്നതോടെ പ്രദേശത്തിന്റെ സമഗ്രമായ വികസനവും പ്രദേശ വാസികള്‍ക്ക് ധാരാളം തൊഴില്‍ അവസരങ്ങളും കൈവരും എന്നാണ് പ്രതീക്ഷ. - സുധീര്‍നാഥ്
- ജെ. എസ്.
( Wednesday, June 10, 2009 ) |
നാനോ പുറത്തിറങ്ങി
ചരിത്രം സൃഷ്ടിച്ചു കൊണ്ട് ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാര്‍ ഇന്ത്യ പുറത്തിറക്കി. ഇന്ത്യന്‍ വ്യാവസായിക ചരിത്രത്തിലെ അതികായനായ ടാറ്റ പുറത്തിറക്കുന്ന നാനോ എന്ന ഈ കാര്‍ 1.2 ലക്ഷം രൂപക്ക് സ്വന്തമാക്കാന്‍ ആവും. ഏപ്രില്‍ രണ്ടാം വാരത്തോടെ മാത്രമേ കാറിന്റെ ബുക്കിങ് ആരംഭിക്കൂ.
ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ “ജനങ്ങളുടെ കാര്‍” എന്ന് വിശേഷിപ്പിച്ച നാനോ കാര്‍ കമ്പനി അവകാശപ്പെട്ടതു പോലെ ഒരു ലക്ഷം രൂപക്കാവും ഫാക്റ്ററിയില്‍ നിന്നും ഉരുണ്ടിറങ്ങുന്നത്. നികുതികളും മറ്റ് കരങ്ങളും എല്ലാം ചേര്‍ത്ത് ഇത് 1.2 ലക്ഷത്തിന് വാങ്ങുവാന്‍ ആവും. 70,000 രൂപയാണ് ബുക്കിങ് തുക. രാഷ്ട്രീയവും സാങ്കേതികവും ആയ ഒട്ടേറെ കടമ്പകള്‍ കടന്നാണ് കാര്‍ വിപണിയില്‍ എത്തിയത്. 623 സി.സി. എഞ്ചിന്‍ കൊണ്ട് ഇന്ധന ക്ഷമതയും സഞ്ചാര സുഖവും ഒരു പോലെ നല്‍കി വിലയും നിയന്ത്രിച്ചു നിര്‍ത്തുന്നത് തന്നെ ടാറ്റയുടെ മുന്‍പിലെ ഏറ്റവും വലിയ വെല്ലുവിളി ആയിരുന്നു. ഇതിനെ തങ്ങളുടെ സാങ്കേതിക പ്രവീണ്യം കൊണ്ട് ടാറ്റ മറി കടന്നെങ്കിലും തൃണമുല്‍ കോണ്‍ഗ്രസ് നടത്തിയ രാഷ്ട്രീയ വെല്ലുവിളിയെ ടാറ്റക്ക് നേരിടാനായില്ല. തോല്‍വി സമ്മതിച്ച ടാറ്റക്ക് തങ്ങളുടെ ഫാക്ടറി പശ്ചിമ ബംഗാളിലെ സിങ്കൂരില്‍ നിന്നും ഗുജറാത്തിലെ സാനന്ദിലേക്ക് മാറ്റി സ്ഥാപിക്കേണ്ടി വന്നു. അഞ്ചു മാസമാണ് ഈ രാഷ്ട്രീയ ഇടപെടല്‍ മൂലം നാനോ നിരത്തില്‍ ഇറങ്ങുന്നതിനെ വൈകിച്ചത്. 2010ല്‍ മാത്രമേ പുതിയ ഫാക്ടറി ഗുജറാത്തില്‍ സജ്ജമാകൂ. അതു വരെ ഉത്തര്‍ഖണ്ടിലും മഹാരാഷ്ട്രയിലും ഉള്ള തങ്ങളുടെ മറ്റു ഫാക്ടറികളില്‍ പരിമിതമായേ നാനോ നിര്‍മ്മിക്കുവാന്‍ ടാറ്റക്ക് കഴിയൂ. അതിനാല്‍ വിപണിയില്‍ നാനോയുടെ ലഭ്യത ആവശ്യത്തെ അപേക്ഷിച്ച് തുലോം കുറവായിരിക്കും. സുരക്ഷിതത്വവും പരിസര മലിനീകരണ പ്രശ്നങ്ങളും എന്നും നാനോ കാറിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ ആയിരുന്നു. എന്നാല്‍ തങ്ങളുടെ കാര്‍ ഏറ്റവും കര്‍ശനമായ പരിശോധനകള്‍ക്ക് വിധേയമാക്കി സുരക്ഷിതത്വവും മലിനീകരണ വിമുക്തവും ആക്കിയിട്ടുണ്ട് എന്ന് കമ്പനി അവകാശപ്പെടുന്നു. ഇന്ത്യയില്‍ നിലവിലുള്ള ഭാരത് സ്റ്റേജ് II മാനദണ്ഡത്തിനു അനുസൃതമാണ് നാനോ. മാത്രമല്ല യൂറോപ്പില്‍ നിലവിലുള്ള യൂറോ 4 മാനദണ്ഡങ്ങള്‍ക്കും അനുസൃതമാണ് നാനോ എന്ന് കമ്പനി അറിയിക്കുന്നു. 2011 ല്‍ യൂറോ 5 മാനദണ്ഡങ്ങളും നാനോ പാലിക്കും. സുരക്ഷാ പരിശോധനകളും നാനോ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ നിലവിലുള്ള ഏറ്റവും ചെറിയ കാറായ മാരുതി 800 നേക്കാള്‍ 8 ശതമാനം നീളം കുറവാണ് നാനോക്കെങ്കിലും ഉള്ളിലെ സ്ഥലം മാരുതിയേക്കാള്‍ 21 ശതമാനം അധികമാണ് എന്ന് ടാറ്റ അറിയിച്ചു. 623 സി.സി. വ്യാപ്തമുള്ള പെട്രോള്‍ എഞ്ചിന്റെ കുതിര ശക്തി 33 HP ആണ്. അടുത്തു തന്നെ ഡീസല്‍ വാഹനവും പുറത്തിറങ്ങും.
- ജെ. എസ്.
( Monday, March 23, 2009 ) 1 Comments:
Links to this post: |
കൊച്ചി തുറമുഖ സമരം : ചര്‍ച്ച പരാജയപ്പെട്ടു
കൊച്ചി തുറമുഖ തൊഴിലാളികളുടെ സമരം തീര്‍ക്കാന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. തുറമുഖത്തില്‍ ചരക്ക് നീക്കം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിയ്ക്കുകയാണ്. സി. ഐ. എസ്. എഫ്. മര്‍ദ്ദിച്ചു എന്ന് ആരോപിച്ചാണ് ജീവനക്കാര്‍ പണിമുടക്കുന്നത്. തുറമുഖത്ത് സ്വസ്ഥമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പ് നല്‍കാതെ സമരം അവസാനിപ്പിക്കില്ല. ഉത്തരവാദിത്തപ്പെട്ട ആരും ഈ ചര്‍ച്ചയ്ക്ക് പങ്കെടുത്തില്ല. ഈ സാഹചര്യത്തില്‍ സമരവുമായി മുന്നോട്ട് പോകുക അല്ലാതെ മറ്റൊരു മാര്‍ഗ്ഗം തങ്ങളുടെ മുന്നിലില്ല എന്നും ചര്‍ച്ചയ്ക്ക് ശേഷം തൊഴിലാളി സംഘടനാ നേതാക്കള്‍ പറഞ്ഞു.
പണിമുടക്കത്തെ തുടര്‍ന്ന് രാജീവ് ഗാന്ധി കണ്ടെയ്നര്‍ ടെര്‍മിനലില്‍ നിന്നുള്ള ചരക്ക് നീക്കം പൂര്‍ണ്ണമായ് തടസ്സപ്പെട്ടിരിയ്ക്കുകയാണ്. അയ്യായിരത്തോളം കണ്ടെയ്നറുകള്‍ ഇപ്പോള്‍ തുറമുഖത്ത് കെട്ടിക്കിടക്കുന്നുണ്ട്. പണിമുടക്ക് കാരണം പ്രതിദിനം എഴുപത്തി അഞ്ച് ലക്ഷം രൂപയുടെ നഷ്ടമാണ് കൊച്ചി തുറമുഖത്തിന് ഉണ്ടാവുന്നത്. തൊഴിലാളികളും സി. ഐ. എസ്. എഫ്. ഉം തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തെ കുറിച്ച് അന്വേഷിയ്ക്കാന്‍ വകുപ്പ് തല അധ്യക്ഷനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ എന്‍. രാമചന്ദ്രന്‍ അറിയിച്ചു.
- ജെ. എസ്.
( Wednesday, September 24, 2008 ) |
വിഴിഞ്ഞം സമരം ഭൂ മാഫിയയുടെ തന്ത്രം
വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ നടക്കുന്ന പ്രക്ഷോഭം ഭൂമാഫിയയുടെ തന്ത്രം ആണെന്ന് മന്ത്രി വിജയകുമാര്‍ പ്രസ്താവിച്ചു. പദ്ധതി തുടങ്ങുന്നതിന് മുന്‍പേ ഇത്തരമൊരു പ്രതിരോധം നേരിടേണ്ടി വന്നാല്‍ ഒരു പക്ഷെ അത് പദ്ധതി തന്നെ കേരളത്തിന് നഷ്ടമാവാന്‍ ഇടയാക്കും എന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയ്ക്ക് തുരങ്കം വെയ്ക്കാന്‍ ഭൂ മാഫിയയും റിസോര്‍ട്ട് ഉടമകളും സ്പോണ്‍സര്‍ ചെയ്യുന്ന സമരം ആണ് ഇത് എന്നാണ് സി. പി. എം. പ്രാദേശിക നേതൃത്വത്തിന്റെ നിലപാട്. പദ്ധതിയ്ക്കായി സ്ഥലം ഏറ്റെടുത്താല്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് കുടിയൊഴിയേണ്ടി വരും. ഇതിനെതിരെയാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നൂറ് കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ജനകീയ സമരം നടക്കുന്നത്. സെപ്റ്റംബര്‍ 24ന് മുഖ്യമന്ത്രി പ്രദേശം സന്ദര്‍ശിയ്ക്കുന്നുണ്ട്. അന്ന് കരിദിനം ആചരിയ്ക്കാനാണ് സമരക്കാരുടെ തീരുമാനം. Labels: കേരളം, ക്രമസമാധാനം, പ്രതിഷേധം, വ്യവസായം
- ജെ. എസ്.
( Monday, September 22, 2008 ) |
സെസ് കേരളത്തില്‍ അനുവദിയ്ക്കില്ല : കാനം രാജേന്ദ്രന്‍
പ്രത്യേക സാമ്പത്തിക മേഖല (സെസ്) നടപ്പിലാക്കുന്നത് ഇടതു പക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പ്രഖ്യാപിത വ്യവസായ നയത്തിന് എതിരാണ് എന്ന് എ. ഐ. ടി. യു. സി. ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രസ്താവിച്ചു. സെസ് എന്ന പേരില്‍ തങ്ങള്‍ നേടി എടുത്ത ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നത് ഇവിടത്തെ തൊഴിലാളി പ്രസ്ഥാനങ്ങള്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കില്ല എന്നും അദ്ദേഹം സര്‍ക്കാരിന് മുന്നറിയിപ്പു നല്‍കി.
സെക്രട്ടറിയേറ്റിനു മുന്നില്‍ സെസിന് എതിരെ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. Labels: കേരള രാഷ്ട്രീയം, വ്യവസായം, സാമ്പത്തികം
- ജെ. എസ്.
( Sunday, September 21, 2008 ) |
ഒമാനില്‍ ഊര്‍ജ്ജ സാങ്കേതിക രംഗത്ത് വിവിധ പദ്ധതികള്‍ വരുന്നു
എന്‍. ടി. പി. സി. യുമായി സഹകരിച്ച് ഒമാനില്‍ ഊര്‍ജ്ജ സാങ്കേതിക രംഗത്ത് വിവിധ പദ്ധതികള്‍ വരുന്നു. സുബൈര്‍ കോര്‍പ്പറേഷന്‍, ബവാന്‍ എഞ്ചിനീയറിംഗ്, അല്‍ ഹസന്‍ എന്നീ കമ്പനികള്‍ ഇതിനായി താല്‍പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഉല്‍പാദനം, വിതരണം തുടങ്ങിയ മേഖലയിലെ ഒമാന്റെ വാണിജ്യ താല്‍പര്യങ്ങള്‍ എന്‍. ടി. പി. സി. വളരെ സൂക്ഷമതയോടെ ആണ് വിലയിരു ത്തുന്നത്. 2008 ഒക്ടോബറോടെ ഒമാന്റെ ഊര്‍ജ്ജ മേഖലയില്‍ സ്വകാര്യ വല്‍ക്കരണം ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന വാര്‍ത്ത എന്‍. ടി. പി. സി. ക്ക് വന്‍ അവസരമാണ് ഒരുക്കുന്നത്.
- ജെ. എസ്.
( Monday, August 04, 2008 ) |
സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാത്ത കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ അടുച്ചു പൂട്ടും
ദുബായില്‍ കൃത്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാത്ത കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ അടുച്ചു പൂട്ടുമെന്ന് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കി. നിര്‍മ്മാണ സ്ഥലത്ത് അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് അധികൃതരുടെ ഈ മുന്നറിയിപ്പ്. കഴിഞ്ഞ വര്‍ഷം മാത്രം ദുബായിലെ കെട്ടിട നിര്‍മ്മാണ സൈറ്റുകളില്‍ 249 അപകടങ്ങള്‍ ഉണ്ടായതായാണ് ദുബായ് മുനിസിപ്പാലിറ്റി അധികൃതരുടെ കണക്ക്.
ഇതില്‍ 47.8 ശതമാനവും ഉയരത്തില്‍ നിന്ന് താഴെ വീണ കേസുകളാണ്. നിര്‍മ്മാണ സൈറ്റുകളിലെ അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ദുബായ് മുസിപ്പാലിറ്റി അധികൃതര്‍ കര്‍ശന നടപടികളുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൃത്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാത്ത കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ അടച്ചുപൂട്ടുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രണ്ട് മുന്നറിയിപ്പുകള്‍ക്ക് ശേഷവും സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ ആയിരിക്കും ഇവ അടച്ച് പൂട്ടുക. നിര്‍മ്മാണ കമ്പനികള്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കുമായി ഇന്ന് ദുബായ് മുനിസിപ്പാലിറ്റി പുതിയ സുരക്ഷാ മാന്വല്‍ പുറത്തിറിക്കുകയും ചെയ്തു. സുരക്ഷാ നിയമങ്ങളെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നതാണ് ഈ മാന്വല്‍. നിര്‍മ്മാണ സൈറ്റുകളില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി 865 അപകടങ്ങള്‍ നടന്നതായാണ് അധികൃതരുടെ കണക്ക്. ഇതില്‍ 45 ശതമാനവും ഉയരത്തില്‍ നിന്ന് താഴെ വീണുണ്ടായ അപകടങ്ങളാണ്. നിര്‍മ്മാണ സ്ഥലം തകര്‍ന്ന് വീണ് 23 ശതമാനം അപടകങ്ങളും യന്ത്രങ്ങള്‍ മൂലമുള്ള അപകടങ്ങള്‍ 14 ശതമാനവും ഇലക്ട്രിക് ഷോക്കേറ്റുള്ള അപകടങ്ങള്‍ 7 ശതമാനവും ആണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. നിര്‍മ്മാണ സ്ഥലങ്ങളിലെ അപകടങ്ങള്‍ പരമാവധി കുറയ്ക്കുക എന്ന ഉദ്ദേശത്തിലാണ് ദുബായ് മുനിസിപ്പാലിറ്റി അധികൃതര്‍ പുതിയ നടപടികള്‍ കൈക്കൊ ണ്ടിരിക്കുന്നത്. ഇത് ഫലവത്താകും എന്നാണ് പ്രതീക്ഷ. Labels: അപകടങ്ങള്‍, ദുബായ്, വ്യവസായം
- ജെ. എസ്.
( Wednesday, July 30, 2008 ) |
സൌദിയില്‍ പവര്‍ കട്ട് വന്നേക്കും
വേനല്‍ ശക്തമാകുന്നതിനാല്‍ സൗദി അറേബ്യയിലെ മൂന്ന് പ്രവിശ്യകളിലും ഫാക്ടറികള്‍ക്കുള്ള വൈദ്യുതി വിതരണം ഇടക്കിടെ നിര്‍ത്തിവയ്ക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സെപ്റ്റംബര്‍ അഞ്ച് വരെ ഉച്ചയ്ക്ക് 11 മുതല്‍ നാല് വരേയും വൈകീട്ട് ആറ് മുതല്‍ എട്ട് വരേയും വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ഫാക്ടറി ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
- ജെ. എസ്.
( Tuesday, June 10, 2008 ) |
എല്‍ & ടി കുവൈറ്റ് നാഷണല്‍ പെട്രോളിയം കമ്പനിയുമായി കരാര്‍
ഇന്ത്യയിലെ പ്രമുഖ വ്യവസായ സ്ഥാപനമായ എല്‍ & ടി കുവൈറ്റ് നാഷണല്‍ പെട്രോളിയം കമ്പനിയുമായി 117 മില്യണ്‍ ദിനാറിന്‍റെ കരാറില്‍ ഒപ്പുവച്ചു. കെ.എന്‍.പി.സിയുടെ ക്ലീന്‍ഫുള്‍ പദ്ധതിക്കുവേണ്ടി 22 ഹൈഡ്രോ ക്രാക്കര്‍ യൂണിറ്റുകള്‍ എല്‍ & ടി നിര്‍മ്മിച്ച് നല്‍കും. കുവൈറ്റില്‍ കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന്‍റെ ഭാഗമായി എല്‍ & ടി കുവൈറ്റ് എന്ന പേരില്‍ പുതിയ കമ്പനി രൂപീകരിച്ചതായും വാര്‍ത്താ സമ്മേളനത്തില്‍ സീനിയര്‍ വൈസ് പ്രസിഡന്‍റ് കോട് വാള്‍ അറിയിച്ചു.
Labels: ഗള്‍ഫ്, ബിസിനെസ്സ്, വ്യവസായം
- ജെ. എസ്.
( Friday, February 22, 2008 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്