കാശ്മീരില്‍ മത മൈത്രിയുടെ അപൂര്‍വ ദൃശ്യം
കാശ്മീര്‍ : ഭീകരത കൊണ്ട് പൊറുതി മുട്ടിയ കാശ്മീരിലെ ജനതയ്ക്ക് പുതിയ പ്രതീക്ഷയ്ക്ക് വക നല്കുന്ന ഒരു അപൂര്‍വ മത മൈത്രിയുടെ സന്ദേശവുമായി ഒരു ക്ഷേത്ര പുനരുദ്ധാരണം കാശ്മീരില്‍ നടന്നു. കാശ്മീരിലെ പുരണ്‍ രാജ ഭൈരവ ക്ഷേത്രത്തിലാണ് ഈ അപൂര്‍വ ദൃശ്യം അരങ്ങേറിയത്. 82 കാരനായ തൃലോക് നാഥ് എന്നാ പൂജാരിയെ സ്ഥലവാസികളായ മുസ്ലിംകള് അനാഥമായി കിടന്ന ഈ ക്ഷേത്രം പുനരുദ്ധരിക്കാന്‍ സഹായിച്ചു.
അടഞ്ഞു കിടന്ന ക്ഷേത്രം നില്ക്കുന്ന സ്ഥലം ഭൂ മാഫിയ കൈവശപ്പെടുത്താന്‍ ശ്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. 20 വര്‍ഷം മുന്‍പ് കാശ്മീരി പണ്ഡിറ്റുകള്‍ ഇവിടെ നിന്നും ജീവ ഭയത്താല്‍ പലായനം ചെയ്തതോടെയാണ് ഈ ക്ഷേത്രത്തില്‍ പൂജ മുടങ്ങിയതും ക്ഷേത്രം അടച്ചു പൂട്ടിയതും. എന്നാല്‍ ക്ഷേത്രം അടങ്ങുന്ന സ്ഥലം ഭൂ മാഫിയ കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചതോടെ പ്രദേശത്തെ മുസ്ലിംകള് സംഘടിക്കുകയും പണ്ഡിറ്റുകളെ വിവരം അറിയിക്കുകയും ചെയ്തു. ക്ഷേത്രം വീണ്ടും തുറക്കാനും പൂജകള്‍ തുടങ്ങാനും ഇവര്‍ പണ്ഡിറ്റുകളെ സഹായിക്കുകയും ചെയ്തു. പൂജയ്ക്ക് ആവശ്യമായ സിന്ദൂരവും വിളക്കുകളും വരെ ഇവരാണ് എത്തിച്ചത്. പണ്ഡിറ്റുകള്‍ തങ്ങളുടെ സഹോദരന്മാര് ആണെന്ന് പ്രഖ്യാപിക്കുന്ന ഇവിടത്തെ മുസ്ലിംകള്, അടഞ്ഞു കിടക്കുന്ന മറ്റ് അമ്പലങ്ങളും തുറക്കണം എന്നാണ് തങ്ങളുടെ ആഗ്രഹം എന്ന് വ്യക്തമാക്കുന്നു. ഈ ആരാധനാലയങ്ങള്‍ മൈത്രിയുടെയും സമാധാനത്തിന്റെയും കേന്ദ്രങ്ങളായി വര്‍ത്തിക്കും എന്ന കാശ്മീരി പണ്ഡിറ്റ് സംഘര്‍ഷ് സമിതി അറിയിച്ചു. ഈ അമ്പലങ്ങള്‍ ഹിന്ദു മുസ്ലിം സമുദായങ്ങളുടെ സംയുക്തമായ മേല്‍നോട്ടത്തിലാവും പ്രവര്‍ത്തിക്കുക എന്നും ഇവര്‍ അറിയിക്കുന്നു. Labels: സാമൂഹികം
- ജെ. എസ്.
( Sunday, January 31, 2010 ) |
ഇന്ത്യയില്‍ അര മണിക്കൂറില്‍ ഒരു കര്‍ഷക ആത്മഹത്യ
ന്യൂ ഡല്‍ഹി : 1997 മുതല്‍ ഇന്ത്യയില്‍ രണ്ടു ലക്ഷത്തോളം കര്‍ഷകരാണ് ആത്മഹത്യ ചെയ്തത് എന്ന് ദേശീയ കുറ്റകൃത്യ രേഖാ ബ്യൂറോ വെളിപ്പെടുത്തി. 2008ല്‍ മാത്രം 16,196 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. അഞ്ച് സംസ്ഥാന ങ്ങളിലാണ് ആത്മഹത്യകള്‍ ഏറ്റവും കൂടുതലായി നടക്കുന്നത്. മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, കര്‍ണ്ണാടക, മധ്യ പ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളാണവ. രാജ്യത്തെ മൊത്താം കര്‍ഷക ആത്മഹത്യയുടെ മൂന്നില്‍ രണ്ടും ഈ സംസ്ഥാനങ്ങളില്‍ നടക്കുന്നു. അതായത് പ്രതിവര്‍ഷം 10,797 ആത്മഹത്യകള്‍. 3802 ആത്മഹത്യകളുമായി മഹാരാഷ്ട്രയാണ് ആത്മഹത്യാ നിരക്കില്‍ ഒന്നാമത്. കഴിഞ്ഞ ഒരു ദശാബ്ദത്തിന്റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രാജ്യത്തെ ആത്മഹത്യാ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ് എന്ന് കാണാം. 2003 മുതല്‍ ഇത് ശരാശരി അര മണിക്കൂറില്‍ ഒരു ആത്മഹത്യ എന്ന ദുഖകരമായ വസ്തുതയിലേക്ക് വിരല്‍ ചൂണ്ടുന്നു.
എന്നാല്‍ കേരളം അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളില്‍ കര്‍ഷക ആത്മഹത്യകള്‍ കുറയുന്നുണ്ട് എന്നും ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ആഗോള വല്‍ക്കരണം നടപ്പിലാവുന്നതോടെ കര്‍ഷകര്‍ക്ക് ലഭിക്കുന്ന സര്‍ക്കാര്‍ പരിരക്ഷ നഷ്ടമാവുകയും ഇത്തരം പരിതസ്ഥിതികള്‍ ഉടലെടുക്കുകയും ചെയ്യും എന്ന് ഭയന്നിരുന്നുവെങ്കിലും പിന്നീട് സ്ഥിതിഗതികളോട് താദാത്മ്യം പ്രാപിച്ച് വല്ലപ്പോഴും മാധ്യമങ്ങളില്‍ വരുന്ന സ്ഥിതി വിവര ക്കണക്കുകള്‍ വായിക്കുമ്പോള്‍ മാത്രം ഇത്തരം പ്രശ്നങ്ങളെ കുറിച്ച് ഓര്‍ക്കുന്ന ഒരു തരം പ്രതികരണ രഹിതമായ അവസ്ഥയില്‍ എത്തി ച്ചേര്‍ന്നിരിക്കുകയാണ് സമൂഹം. എന്നാല്‍ അര മണിക്കൂറില്‍ ഒരാള്‍ വീതം ആത്മഹത്യ ചെയ്യുന്നു എന്നത് തീര്‍ച്ചയായും ആശങ്കയ്ക്ക് ഇട നല്‍കേണ്ടതാണ്. ഇതിന്റെ കാരണത്തെ കുറിച്ചും പരിഹാരത്തെ കുറിച്ചും വ്യാപകമായ ചര്‍ച്ചയും പഠനവും നടത്തേണ്ടതുമാണ്. One farmer's suicide every 30 minutes in India Labels: കൃഷി, കേരളം, സാമൂഹികം, സാമ്പത്തികം
- ജെ. എസ്.
( Friday, January 22, 2010 ) |
52.60 കോടി രൂപയുടെ മദ്യം കഴിച്ച കേരളം
ആഘോഷമെന്ന് പറഞ്ഞാല്‍ മദ്യം കുടിക്കാനുള്ള അവസരം ആക്കുകയാണ് മലയാളി. പുതു വല്സര ആഘോഷ ത്തിനായി കേരളം കുടിച്ച് കളഞ്ഞത് 52.60 കോടി രൂപയുടെ മദ്യം. ഡിസംബര്‍ 30ന് 22.60 കോടി രൂപയുടെയും, ഡിസംബര്‍ 31ന് 30 കോടി രൂപയുടെയും മദ്യം കേരളത്തില്‍ വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 40.48 കോടി രൂപയായിരുന്നു. 31 ശതമാനമാണ് ഈ വര്‍ഷത്തെ വര്‍ധന. മദ്യപാനത്തില്‍ ചാലക്കുടി തന്നെയാണ് ഈ പുതു വല്‍സരത്തിലും മുന്നില്‍. 16.62 ലക്ഷം രൂപയുടെ മദ്യമാണ് അവിടെ വിറ്റഴിച്ചത്. പൊന്നാനിയും തിരൂരുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. യഥാക്രമം 13.77 ലക്ഷവും 13.73 ലക്ഷവും.
- നാരായണന് വെളിയന്‍കോട്, ദുബായ് Kerala celebrates New Year with record alcohol consumption
- ജെ. എസ്.
( Saturday, January 02, 2010 ) |
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പെരുമാറ്റ ചട്ടം
ഈജിപ്റ്റ് : മൊബൈല്‍ ഫോണ്‍ ഉപയോക്താ ക്കള്‍ക്കായി ഈജിപ്റ്റിലെ ടെലിഫോണ്‍ റെഗുലേറ്ററി അതോറിറ്റി പെരുമാറ്റ ചട്ടങ്ങള്‍ പുറപ്പെടുവിച്ചു. ഫോണ്‍ മറ്റുള്ളവര്‍ക്ക് ശല്യമാകാതെ എങ്ങനെ ഉപയോഗിക്കാം എന്നതാണ് പെരുമാറ്റ ചട്ടത്തിന്റെ കാതല്‍. ഫോണ്‍ എപ്പോള്‍ ഓണ്‍ ചെയ്യണം, ഓഫ് ചെയ്യേണ്ടത് ഏത് സാഹചര്യത്തില്‍ എന്ന് തുടങ്ങി റിംഗ് ടോണുകളുടെ നിയന്ത്രണവും ഉച്ചത്തില്‍ സംസാരിച്ച് മറ്റുള്ളവരെ ശല്യപ്പെടുത്തുന്നതും ഇതില്‍ വിലക്കിയിട്ടുണ്ട്. മറ്റുള്ളവരുടെ ഫോട്ടോ അവരുടെ അനുമതി ഇല്ലാതെ എടുക്കരുത്. അശ്ലീല ഫോട്ടോകള്‍ അയക്കരുത്. അശ്ലീല പദങ്ങള്‍ ഉള്ള മെസേജുകള്‍ അയക്കരുത്. റോംഗ് നമ്പറുകള്‍ വന്നാല്‍ ക്ഷമയോടെ കൈകാര്യം ചെയ്യാന്‍ ഉപദേശിക്കുന്നതിനോടൊപ്പം അറിയാത്ത നമ്പറുകളില്‍ നിന്നും വരുന്ന കോളുകള്‍ ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്. മറ്റുള്ളവര്‍ ഉറങ്ങുന്ന സമയത്ത് അവരെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുന്നതും ഒഴിവാക്കണം.
Egypt issues code of conduct for mobile phone use Labels: സാങ്കേതികം, സാമൂഹികം
- ജെ. എസ്.
( Friday, October 30, 2009 ) |
ഓണ ലഹരിയില്‍ മലയാളികള്‍ ...
ജാതി മത മേലാള കീഴാള ഭേദമില്ലാതെ പോയ നാളുകളി ലെങ്ങോ കേരളം ഭരിച്ചിരുന്ന മാവേലി തമ്പുരാന്റെ കാലത്തെ നന്മയുടേയും സമൃദ്ധിയുടേയും നാളുകള്‍ ഓര്‍ത്തു കൊണ്ട് മലയാളി ഓണം ആഘോഷിക്കുന്നു. പൂക്കളങ്ങളും, പൂവിളികളും, പുലിക്കളിയും ഒക്കെയായി കേരളത്തിന്റെ സ്വന്തം ദേശീയോ ത്സവത്തെ ലോകത്തെമ്പാടും ഉള്ള മലയാളികള്‍ കെങ്കേമമായി കൊണ്ടാടുന്നു. പഴയ തറവാടുകള്‍ പലതും ഭാഗം പിരിഞ്ഞ് പലയി ടത്തായി മാറി ത്താമസി ച്ചെങ്കിലും കുടുംബങ്ങളുടെ ഒത്തു ചേരലിന്റെ കൂടെ സമയമാണ് ഓണം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴിലിനായി ചേക്കേറിയവര്‍ ഓണമാ ഘോഷിക്കു വാനായി അവധി ക്കെത്തുന്നതും പതിവാണ്. ഇത്തവണ അപ്രതീ ക്ഷിതമായി ഉണ്ടായ മഴ കേരളത്തില്‍ ചിലയിട ങ്ങളിലെങ്കിലും ഓണാ ഘോഷങ്ങള്‍ക്ക് മങ്ങല്‍ ഏല്‍പ്പിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ സംഘടനകളും കൂട്ടായ്മകളും എല്ലാം ഓണാ ഘോഷങ്ങള്‍ സംഘടി പ്പിക്കാറുണ്ട്. എന്നാല്‍ ഇത്തവണ റംസാന് സമയ മായതിനാല്‍ ഇത്തവണ അത് വൈകുന്നേര ങ്ങളിലേക്ക് മാറ്റി വെച്ചു എന്നു മാത്രം.
- എസ്. കുമാര്‍
- ജെ. എസ്.
( Wednesday, September 02, 2009 ) |
അടുത്ത വര്‍ഷം 10 വിശുദ്ധരെ കൂടി പ്രഖ്യാപിക്കും എന്ന് വത്തിക്കാന്‍ - വിശുദ്ധരില്‍ മലയാളികള്‍ ഇല്ല
അടുത്ത വര്‍ഷം വിശുദ്ധരായി പ്രഖ്യാപിക്കുന്ന 10 പേരുടെ പട്ടികയില്‍ മലയാളികള്‍ ഇല്ല എന്ന് വത്തിക്കാനില്‍ നിന്നും ഉള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പോപ് ബെനഡിക്ട് പതിനാറാമന്‍ അടുത്ത് വര്‍ഷം 10 പുതിയ വിശുദ്ധരെ കൂടി പ്രഖ്യാപിക്കും എന്ന് അറിയിച്ചു. ഇവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇവരില്‍ മലയാളികള്‍ ആരും തന്നെ ഇല്ല. ആദ്യ ഘട്ടത്തില്‍ 5 വിശുദ്ധരെ ആയിരിക്കും പ്രഖ്യാപിക്കുക. ഏപ്രില്‍ 26ന് പ്രഖ്യാപിക്കുന്ന വിശുദ്ധരില്‍ 4 പേര് ഇറ്റലിക്കാരും ഒരു പോര്‍ച്ചുഗീസുകാരനും ആണ് ഉള്ളത്. ഫാദര്‍ ആര്‍ക്കാഞ്ചെലോ താഡിനി (1846 - 1912), സിസ്റ്റര്‍ കാതറീന വോള്‍പിചെല്ലി (1839 - 1894), ബെര്‍ണാര്‍ഡോ തൊളോമി (1272 - 1348), ഗെര്‍ട്രൂഡ് കാതെറീന കൊമെന്‍സോളി (1847 - 1903) എന്നിവരാണ് ഇറ്റലിക്കാര്‍. ഇവരെ കൂടാതെ പോര്‍ചുഗലില്‍ നിന്നുള്ള നൂണോ ഡി സാന്റ മാറിയ അല്‍വാറെസ് പെരേര (1360 - 1431) യേയും ആദ്യ ഘട്ടത്തില്‍ വിശുദ്ധരായി പ്രഖ്യാപിക്കും. അടുത്ത സംഘം വിശുദ്ധര്‍ ഫ്രാന്‍സില്‍ നിന്നും ഉള്ള ഷോണ്‍ ജുഗാന്‍ (1792 - 1879), പോളണ്ടുകാരനായ ആര്‍ച്ച് ബിഷപ് സിഗ്മണ്ട് ഷെസ്നി ഫെലിന്‍സ്കി (1822 - 1895), സ്പെയിനില്‍ നിന്നും ഫ്രാന്‍സിസ്കോ ഗിറ്റാര്‍ട്ട് (1812 - 1875), റാഫേല്‍ ബാരണും (1911 - 1938), ബെല്‍ജിയത്തില്‍ നിന്നുള്ള ജോസഫ് ദാമിയന്‍ ഡി വൂസ്റ്റര്‍ (1840 - 1889) എന്നിവരും ഉണ്ടാവും.
Labels: അന്താരാഷ്ട്രം, ലോക മലയാളി, സാമൂഹികം
- ജെ. എസ്.
( Sunday, February 22, 2009 ) 1 Comments:
Links to this post: |
സ്ത്രീകള്‍ തങ്ങളുടെ സുരക്ഷ സ്വയം ഉറപ്പാക്കണം - വനിതാ കമ്മീഷന്
മംഗലാപുരത്തെ പബില്‍ ശ്രീ രാമ സേന പെണ്‍കുട്ടികള്‍ക്ക് നേരെ നടത്തിയ ആക്രമണത്തെ കുറിച്ച് അന്വേഷിക്കാന്‍ എത്തിയ ദേശീയ വനിതാ കമ്മീഷന് അന്വേഷണത്തിന്റെ ഗതി തന്നെ തിരിച്ചു വിടുന്ന ചില പരാമര്‍ശങ്ങള്‍ നടത്തിയത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി. പെണ്‍കുട്ടികളെ ആക്രമിച്ചവരെ ജെയിലില്‍ ചെന്ന് കണ്ട കമ്മീഷന് ആക്രമണത്തിന് ഇവരെ പ്രേരിപ്പിച്ചത് എന്താണ് എന്ന് പ്രതികളോട് ആരാഞ്ഞുവത്രെ. പബില്‍ നടക്കുന്ന അഴിഞ്ഞാട്ടത്തെ കുറിച്ച് വിവരം കിട്ടി എത്തിയ തങ്ങള്‍ അവിടെ എത്തിയത് പെണ്‍കുട്ടികളെ സംരക്ഷിക്കുവാന്‍ വേണ്ടി ആണ് എന്ന് ഇവര്‍ കമ്മീഷനോട് വെളിപ്പെടുത്തി. നാമ മാത്രമായി വസ്ത്ര ധാരണം ചെയ്ത് നൃത്തം ചെയ്യുന്ന പെണ്‍കുട്ടികളെ കണ്ട തങ്ങള്‍ നിയന്ത്രണം വിട്ട് പെരുമാറിയതില്‍ ഖേദിക്കുന്നു എന്നും പ്രതികള്‍ കമ്മീഷനോട് സമ്മതിച്ചതായി കമ്മീഷന് അംഗം നിര്‍മ്മല വെങ്കടേഷ് പറഞ്ഞു. ഒരു മണിക്കൂറോളം താന്‍ പ്രതികളുമായി ജെയിലില്‍ ചിലവഴിച്ചുവെന്നും ഇനി മേലാല്‍ നിയമം കയ്യിലെടുക്കരുത് എന്നും സ്ത്രീകളെ അടിക്കരുത് എന്നും താന്‍ ഇവരെ ഉപദേശിച്ചു എന്നും കമ്മീഷന് അംഗം അറിയിച്ചു.
പ്രശ്നത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം പബ് നടത്തിപ്പുകാരന്റെ മേലെ കെട്ടി വച്ച കമ്മീഷന് പബിന്റെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ ഉള്ള നടപടികള്‍ സ്വീകരിക്കും എന്ന് അറിയിച്ചിട്ടുണ്ട്. പബിനോട് അനുബന്ധിച്ചുള്ള ലോഡ്ജില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണം നല്കാന് മാത്രമേ അവര്‍ക്ക് ലൈസന്‍സ് ഉള്ളൂ. അല്ലാതെ മദ്യ സല്‍ക്കാരം നടത്തുവാന്‍ പാടുള്ളതല്ല. ആ നിലക്ക് മദ്യ സല്‍ക്കാരവും ബാന്‍ഡ് മേളവും നടത്തി പെണ്‍കുട്ടികള്‍ക്ക് നഗ്ന നൃത്തവും മറ്റ് ആഭാസങ്ങളും നടത്താന്‍ സൌകര്യം ചെയ്ത് കൊടുത്ത പബ് നടത്തിപ്പുകാരന് ആണ് ഈ സംഭവത്തിലെ യഥാര്‍ത്ഥ പ്രതി എന്നാണ് കമ്മീഷന്റെ നിലപാട്. നഗ്ന നൃത്തം ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് മതിയായ സുരക്ഷിതത്വത്തിനുള്ള ക്രമീകരണങ്ങളും ലഭ്യമല്ലായിരുന്നു എന്നും വനിതാ കമ്മീഷന് ചൂണ്ടിക്കാട്ടി. പെണ്‍കുട്ടികളുടെ സംരക്ഷണത്തിന് അവിടെ ആരേയും ഏര്‍പ്പെടുത്തിയിരുന്നില്ല. ഇത്തരം സുരക്ഷിതം അല്ലാത്ത ഇടങ്ങളില്‍ പോകുന്ന പെണ്‍കുട്ടികള്‍ തന്നെയാണ് തങ്ങളുടെ സുരക്ഷക്ക് ഭീഷണിയാകുന്നത്. പെണ്‍കുട്ടികള്‍ തങ്ങളുടെ സുരക്ഷിതത്വം സ്വയം ഉറപ്പാക്കണം. ഇത്തരം സംഭവങ്ങളില്‍ നിന്നും സ്ത്രീകള്‍ പാഠം ഉള്‍ക്കൊള്ളണം എന്നും അവര്‍ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി സ്വന്തം സുരക്ഷിതത്വം സ്വയം ഉറപ്പാക്കണം എന്ന പാഠം. സ്റ്റേറ്റിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറി കുറ്റവാളികളെ സംരക്ഷിക്കുവാന്‍ തത്രപ്പെടുന്ന രീതിയില്‍ ഉള്ള വനിതാ കമ്മീഷന്റെ ഈ പിന്തിരിപ്പന് നിലപാടില്‍ വിവിധ വനിതാ സംഘടനകള്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തി. Labels: ക്രമസമാധാനം, പോലീസ്, മനുഷ്യാവകാശം, സാമൂഹികം, സ്ത്രീ
- ജെ. എസ്.
( Saturday, January 31, 2009 ) |
ഐസ് ലാന്‍ഡില്‍ ലോകത്തെ ആദ്യത്തെ സ്വവര്‍ഗ്ഗ രതിക്കാരി പ്രധാന മന്ത്രി
ലോകത്തിലെ ആദ്യത്തെ സ്വവര്‍ഗ്ഗ രതിക്കാരി പ്രധാന മന്ത്രിയായി ഐസ് ലാന്‍ഡിലെ ജോഹന്ന സിഗുവദര്‍ദോട്ടിര്‍ സ്ഥാനമേറ്റു. മെയ് മാസം തെരഞ്ഞെടുപ്പ് നടക്കുന്നതു വരെ ഇവര്‍ പ്രധാന മന്ത്രിയുടെ ചുമതലകള്‍ നിര്‍വ്വഹിക്കും. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയതിനെ തുടര്‍ന്ന് ഭരണത്തില്‍ ഇരുന്ന സര്‍ക്കാര്‍ രാജി വെച്ച സാഹചര്യത്തില്‍ ആണ് ഐസ് ലാന്‍ഡിലെ ഏറ്റവും കൂടുതല്‍ കാലം പാര്‍ലമെന്റ് അംഗം ആയിരുന്ന ഇവര്‍ പ്രധാന മന്ത്രി സ്ഥാനം ഏറ്റെടുത്തറ്റ്. നേരത്തെ ഇവര്‍ സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രി ആയിരുന്നു. സ്വവര്‍ഗ്ഗ രതിക്ക് തുറന്ന പിന്തുണ നല്കുന്ന, സ്വവര്‍ഗ്ഗ രതിക്കാരിയാണ് താന്‍ എന്ന് തുറന്നു സമ്മതിക്കുന്ന ഇവര്‍ അധികാരത്തില്‍ എത്തുന്നതിനെ ബ്രിട്ടനിലെ സ്വവര്‍ഗ്ഗ രതിക്കാരുടെ അവകാശ സംരക്ഷണത്തിനുള്ള സംഘടനകള്‍ സ്വാഗതം ചെയ്തു. അമേരിക്കയില്‍ ഒരു കറുത്ത വര്ഗ്ഗക്കാരന് അധികാരത്തില്‍ ഏറിയ അവസരത്തില്‍ ഇങ്ങനെ ഒരു കാര്യം ഇവിടെ സംഭവിച്ചത് ശുഭ സൂചകം ആണ് എന്നാണ് ഇവരുടെ അഭിപ്രായം.
ഒരു എയര്‍ ഹോസ്റ്റസ്സ് ആയി ജീവിതം തുടങ്ങിയ ജോഹന്ന പിന്നീട് എയര്‍ ഹോസ്റ്റസ്സുമാരുടെ യൂണിയന്റെ നേതാവുമായി. യൂണിയന് പ്രവര്‍ത്തനത്തെ തുടര്‍ന്ന് രാഷ്ട്രീയത്തില്‍ എത്തിയ ഇവര്‍ 1978ല്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്തുണയോടെ പാര്‍ലമെന്റ് അംഗമായി. 1987ല്‍ മന്ത്രിയായ ഇവര്‍ പാര്‍ട്ടിയുടെ വൈസ് ചെയര്‍മാനും ആയി. പാര്‍ട്ടിയുടെ ഉയരങ്ങളില്‍ എത്തിപ്പെടാന്‍ ഉള്ള ഇവരുടെ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ “എന്റെ സമയവും വരും” എന്ന് പ്രഖ്യാപിച്ചു കൊണ്ട് പാര്‍ട്ടി വിട്ടു 1995ല്‍ സ്വന്തം പാര്‍ട്ടിക്ക് രൂപം നല്കി. ഈ പ്രഖ്യാപനം അതോടെ ഐസ് ലാന്‍ഡിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ എന്നെന്നേക്കുമായി ഇടം പിടിക്കുകയും ചെയ്തു. എന്നാല്‍ 2000ല്‍ ഇവര്‍ വീണ്ടും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ തിരിച്ചെത്തി. 2007ല്‍ സാമൂഹ്യ സുരക്ഷാ മന്ത്രിയുമായി. നേരത്തെ ഒരു ബാങ്കറെ വിവാഹം ചെയ്ത ഇവര്‍ക്ക് രണ്ട് മുതിര്‍ന്ന ആണ്‍കുട്ടികള്‍ ഉണ്ട്. ഇവര്‍ പാര്‍ലമെന്റില്‍ എത്തിയ ഉടന്‍ തന്നെ സ്വവര്‍ഗ്ഗ രതിക്കാരുടെ ദേശീയ സംഘടന നിലവില്‍ വരികയുണ്ടായി. സ്വവര്‍ഗ്ഗ രതിക്കാര്‍ക്ക് എതിരെ നിലവില്‍ ഉണ്ടായിരുന്ന വിവേചനവും അനീതിയും അവസാനിപ്പിക്കുക എന്നതായിരുന്നു ഈ സംഘടനയുടെ ലക്ഷ്യം. ഈ ലക്ഷ്യത്തിനു വേണ്ടി നിരന്തരം പ്രവര്‍ത്തിച്ച സംഘടനയുടെ ശ്രമ ഫലം ആയി 1996ല്‍ ഐസ് ലാന്‍ഡ് സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ക്ക് നിയമ സാധുത നല്കി. 2002ല്‍ തന്റെ അറുപതാം വയസ്സില്‍ ജോഹന്ന ജോനിന എന്ന ഒരു മാധ്യമ പ്രവര്‍ത്തകയെ സിവില്‍ വിവാഹം ചെയ്തു ഇവരോടൊപ്പം തന്റെ ആദ്യ വിവാഹത്തിലെ രണ്ട് മക്കളുമായി ഇപ്പോള്‍ ജീവിക്കുന്നു. Labels: അന്താരാഷ്ട്രം, മനുഷ്യാവകാശം, സാമൂഹികം, സ്ത്രീ
- ജെ. എസ്.
( Friday, January 30, 2009 ) |
ഒബാമയുടെ തെരഞ്ഞെടുപ്പ് വര്‍ഗ്ഗ വികാരങ്ങള്‍ സജീവമാക്കി
വെള്ളക്കാരന്റെ വര്‍ഗ്ഗ മേല്‍ക്കോയ്മയുടെ കറുത്ത പ്രതീകമായ കു ക്ലക്സ് ക്ലാന് ഒബാമയുടെ തെരഞ്ഞെടുപ്പോടെ വീണ്ടും സജീവം ആയതായി സൂചന. തങ്ങളുടെ വെബ് സൈറ്റില്‍ അംഗങ്ങള്‍ ആവാന്‍ ഉള്ള തിരക്ക് ഒബാമയുടെ തെരഞ്ഞെടുപ്പിന് ശേഷം ക്രമാതീതം ആയി വര്‍ദ്ധിച്ചിരിക്കുന്നു എന്ന് ഒരു മുന്‍ കു ക്ലക്സ് ക്ലാന് നേതാവ് ജോണി ലീ ക്ലാരി വെളിപ്പെടുത്തി. ദശാബ്ദങ്ങള്‍ക്ക് ശേഷം ആണ് ഇത്തരം ഒരു ഉണര്‍വ്വ് അനുഭവ പ്പെടുന്നതത്രെ. ആഗോള സാമ്പത്തിക പ്രതിസന്ധി മൂലം തൊഴിലുകള്‍ നഷ്ടപ്പെട്ടതും അമേരിക്കയില്‍ മാറി വന്ന രാഷ്ട്രീയ സാഹചര്യങ്ങളും ആണ് ഇതിന് കാരണമായി പറയപ്പെടുന്നത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്ലാന് പ്രവര്‍ത്തനം മതിയാക്കിയ ക്ലാരി ഇപ്പോള്‍ വര്‍ഗ്ഗീയതക്കെതിരെ ലോകമെമ്പാടും പ്രഭാഷണങ്ങള്‍ നടത്തുകയാണ്.
ഒബാമക്കെതിരെ ക്ലാന് ഭീഷണി സന്ദേശങ്ങള്‍ നേരത്തേ തന്നെ അയച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം ക്ലാന് പ്രവര്‍ത്തനം സജീവം ആയത് അമേരിക്കന്‍ കുറ്റാന്വേഷണ ഉദ്യോഗസ്ഥരേയും അസ്വസ്ഥരാക്കുന്നു. അടുത്തയിടെ അലബാമയില്‍ നടന്ന ഒരു കു ക്ലക്സ് ക്ലാന് റാലിയില്‍ മുന്നൂറോളം പേര് അണി നിരന്നത് എല്ലാവരേയും അമ്പരപ്പിച്ചു. ഇതിന് മുന്‍പ് ഒരിക്കലും ഇത്രയും ക്ലാന് അംഗങ്ങള്‍ ഒരുമിച്ച് രംഗത്ത് വന്നിരുന്നില്ലത്രെ. ഒബാമ തെരഞ്ഞെടുക്കപ്പെട്ടത് തങ്ങളുടെ പ്രവര്‍ത്തനത്തിന് ആക്കം കൂട്ടിയത് സംബന്ധിച്ച് തനിക്ക് ക്ലാനില്‍ നിന്നും ഈ മെയില്‍ സന്ദേശം ലഭിച്ചതായും ക്ലാരി വെളിപ്പെടുത്തി.
- ജെ. എസ്.
( Friday, January 30, 2009 ) |
അവിവാഹിത ദാമ്പത്യം അരുതെന്ന് വനിതാ കമ്മീഷന്
ഇന്ത്യന്‍ സാമൂഹ്യ വ്യവസ്ഥക്ക് നിരക്കാത്ത അവിവാഹിത ദാമ്പത്യ ബന്ധങ്ങള്‍ക്ക് നിയമ സാധുത നല്‍കാനുള്ള നീക്കം ഉപേക്ഷിക്കണം എന്ന് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ ഗിരിജ വ്യാസ് മഹാരാഷ്ട്രാ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിവാഹം കഴിക്കാതെ തന്നെ സ്ത്രീയും പുരുഷനും ഒരുമിച്ച് കഴിയുന്നത് പാശ്ചാത്യ രാജ്യങ്ങളില്‍ നില നിക്കുന്ന സമ്പ്രദായമാണ്. ഇത് മാനുഷിക മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്. ഇന്ത്യക്ക് ഇങ്ങനെ ഒരു സമ്പ്രദായം ആവശ്യമില്ല എന്നും അതിനാല്‍ ഇത്തരം ബന്ധങ്ങള്‍ക്ക് നിയമ സാധുത നല്‍കാനുള്ള മഹാരാഷ്ട്രാ സര്‍ക്കാരിന്റെ നീക്കം ഉപേക്ഷിക്കണം എന്ന് താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും അവര്‍ അറിയിച്ചു.
Labels: സാമൂഹികം
- ജെ. എസ്.
( Wednesday, January 14, 2009 ) 1 Comments:
Links to this post: |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്