17 January 2010

പ്രേം നസീര്‍ - നിത്യ ഹരിത നായകന്‍... മരണമില്ലാതെ

prem-nazirകാലം കാത്ത് സൂക്ഷിക്കുന്ന അമൂല്യ നിധികളുണ്ട് ഈ ലോകത്ത്, നമ്മുടെ പൈതൃകം പോലെ, സംസ്കാരം പോലെ. കാലം അസൂയയോട് കൂടി നോക്കി നില്‍ക്കുകയാണ് ആ നിത്യ വസന്തത്തെ, ആ ഭംഗിയെ. ഇന്ന് വരെ ആര്‍ക്കും വിട്ടു കൊടുക്കാത്ത ഒരു ബഹുമതി - നിത്യ ഹരിത നായകന്‍.
 
ഒരു യഥാര്‍ത്ഥ കലാകാരന്റെ, നടന്റെ പ്രതീകം ആയിരുന്നു ശ്രീ പ്രേം നസീര്‍ എന്ന അതുല്യ പ്രതിഭ. ചിറയിന്‍ കീഴില്‍ ഷാഹുല്‍ ഹമീദിന്റെയും അസുമ ബീവിയുടെയും പുത്രനായ അബ്ദുള്‍ ഖാദര്‍ പില്‍ക്കാലത്ത് മലയാള സിനിമയുടെ നിത്യ ഹരിത നായകനും, ലോക സിനിമയുടെ അല്‍ഭുതവുമായി മാറേണ്ടത് പ്രകൃതിയുടെ ആവശ്യവു മായിരുന്നു, ദൈവത്തിന്റെയും. മലയാളിക്ക് നിത്യ ഹരിത നായകന്‍ ഒന്നേയുള്ളൂ. എന്നും. ഏതാണ്ട് നാല് പതിറ്റാണ്ട് കാലം മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി, അഭ്രപാളികളില്‍ തിളങ്ങുമ്പോഴും, സാധാരണ ക്കാരനില്‍ സാധാരണ ക്കാരനായി മാറി, ജന ഹൃദയങ്ങളില്‍ ഇടം നേടിയ മഹാ പ്രതിഭയാണ് മലയാളത്തിന്റെ നിത്യ വസന്തം പ്രേം നസീര്‍.
 
തനിക്ക് കിട്ടിയ അവസരം പൂര്‍ണ്ണമായി സമൂഹത്തിനും, ജന നന്മയ്ക്കും ഉപകരിക്കുന്ന രീതിയില്‍ ആയിരുന്നു പ്രേം നസീര്‍ എന്ന കലാകാരന്‍ ജീവിച്ചത്. കലാകാരന് എന്നും പ്രതിബദ്ധത വേണ്ടത് ഈ സമൂഹത്തോടും, രാജ്യത്തോടും ആണ്. ഒന്നും പ്രതീക്ഷിക്കാതെ മനസ്സറിഞ്ഞ് സഹായിക്കുവാനുള്ള വലിയ മനസ്സിന് ഉടമയായിരുന്നു ഈ വലിയ മനുഷ്യന്‍. തികച്ചും ജനങ്ങളുടെ, ചലച്ചിത്ര പ്രവര്‍ത്തകരുടെ ബ്രാന്‍ഡ് അംബാസിഡര്‍.
 
സ്നേഹം, ദയ, കരുണ, ക്ഷമ, സഹാനുഭൂതി, ദൃഢ നിശ്ചയം, ആത്മ വിശ്വാസം, കൃത്യ നിഷ്ട എന്നീ സവിശേഷ ഗുണങ്ങള്‍ക്ക് പാത്രമായിരുന്നു ശ്രീ പ്രേം നസീര്‍. സഹ ജീവികളോടുള്ള സ്നേഹം, സഹ പ്രവര്‍ത്തകരോടുള്ള ബഹുമാനം, നിര്‍മ്മാതാക്കളോടുള്ള ആത്മ സമര്‍പ്പണം അങ്ങിനെ പല ഉദാഹരണങ്ങളും.
 
ഒരിക്കല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത “വെള്ളം” എന്ന ചിത്രം വളരെ വൈകിയാണ് റിലീസ് ചെയ്യപ്പെട്ടത്. സാമ്പത്തികം തന്നെ പ്രശ്നം. നല്ല കലാ മൂല്യം ഉണ്ടായിരുന്ന ചിത്രം തിയറ്ററുകളില്‍ എത്തിയപ്പോള്‍ അതിന്റെ പുതുമ നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു. വീണ്ടും മുടങ്ങി കിടന്ന ചിത്രത്തിന്റെ ചിത്രീകരണം യുദ്ധ കാലാടിസ്ഥാനത്തില്‍ തിയറ്ററുകളില്‍ എത്തിയിട്ടുണ്ടെങ്കില്‍ അത് പ്രേം നസീര്‍ എന്ന നടന്റെ വലിയ മനസ്സു കൊണ്ടാണെന്ന് ഇന്നും ജീവിച്ചിരിക്കുന്ന അതിന്റെ നിര്‍മ്മാതാവിന് പറയുവാന്‍ സാധിയ്ക്കും. അത്ര വലിയ മനസ്സിന് ഉടമയായിരുന്നു നസീര്‍ സാര്‍. അന്ന് മാക്ടയില്ല, അമ്മയില്ല, അസോസിയേഷനുകളില്ല. അന്ന് ചലച്ചിത്ര കുടുംബമായിരുന്നു. കലാകാരന്മാരും സാങ്കേതിക വിദഗ്ദ്ധരും തമ്മില്‍ നല്ല ആശയ വിനിമയം ഉണ്ടായിരുന്നു. വിട്ടു വീഴ്‌ച്ച ഉണ്ടായിരുന്നു. ഈ സംഘടനകള്‍ ഒന്നും ഇല്ലാതെ തന്നെ ചെയ്യേണ്ടുന്ന കാര്യങ്ങള്‍ കണ്ടറിഞ്ഞ് ചെയ്യുവാനുള്ള മനസ്സുണ്ടായിരുന്നു. പ്രേം നസീറിന്റെ കണ്ണും മനസ്സും ഓടിയെത്തിയിരുന്നു എല്ലാ പ്രശ്നങ്ങളിലും. തികഞ്ഞ ഒരു കുടുംബാന്തരീക്ഷം ആയിരുന്നു അന്നൊക്കെ.
 
ഇന്ന് സ്ഥിതി മാറി. തികച്ചും. പരസ്പരം കൂട്ടത്തല്ല് വരെ നാം കാണേണ്ടി വരുന്നു, ചാനലുകളില്‍. സര്‍വ്വ കാല റിക്കാര്‍ഡുകള്‍ ആയിരുന്നു പ്രേം നസീറിന്. ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ച നടന്‍. ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ ഒരേ നായികയുമൊത്ത് (107) അഭിനയിച്ചു എന്ന റിക്കാര്‍ഡ്.
 
1952ല്‍ എസ്. കെ. ചാരി സംവിധാനം ചെയ്ത, പോള്‍ കല്ലുങ്കല്‍ നിര്‍മ്മിച്ച “മരുമകള്‍” എന്ന ചിത്രത്തിലൂടെയായിരുന്നു പ്രേം നസീറിന്റെ തുടക്കം. “വിശപ്പിന്റെ വിളി” ആയിരുന്നു ആദ്യ ചിത്രം. വസന്തവും, ശിശിരവും പോലെ ആരൊക്കെയോ വന്നും പോയും കൊഴിഞ്ഞും കൊണ്ടിരുന്നു. 1989ല്‍ “ധ്വനി” വരെ നസീര്‍ ചിത്രങ്ങള്‍ കാണുവാന്‍ ആസ്വാദകര്‍ ഓടിയെത്തുമായിരുന്നു.
 
എല്ലാ വര്‍ഷവും പ്രേം നസീറിന് ശരാശരി 15 - 20 ചിത്രങ്ങള്‍ ഉണ്ടാകും. 1979ല്‍ സര്‍വ്വ കാല റിക്കാര്‍ഡായിരുന്നു. 39 ചിത്രങ്ങള്‍. മിക്ക നിര്‍മ്മാതാക്കള്‍ക്കും ശരിയായ മേല്‍ വിലാസം നില നിര്‍ത്തുവാന്‍ സാധിച്ചത് പ്രേം നസീര്‍ ചിത്രങ്ങളുടെ വിജയത്തോടെ ആയിരുന്നു. ഉദയ, നവോദയ, മെരിലാന്‍ഡ്, എവര്‍ഷൈന്‍, മഞ്ഞിലാസ്, ജയ്‌മാരുതി, ഷിര്‍ദ്ദിസായി, എ. ബി. രാജ്, സുപ്രിയ, ടി. കെ. ബി. തുടങ്ങിയ ബാനറുകള്‍.
 
അവിസ്മരണീയ കഥാപാത്രങ്ങളില്‍ ചിലത്:
 
ഇരുട്ടിന്റെ ആത്മാവ്, അടിമകള്‍, മുറപ്പെണ്ണ്, അസുരവിത്ത്, തുലാഭാരം, അനുഭവങ്ങള്‍ പാളിച്ചകള്‍, പടയോട്ടം, വിട പറയും മുന്‍പെ, അച്ചാണി, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ആറടി മണ്ണിന്റെ ജന്മി, അയോദ്ധ്യ, ആയിരം ജന്മങ്ങള്‍, കാര്യം നിസ്സാരം, യാഗാശ്വം, പാതിരാവും പകല്‍ വെളിച്ചവും, പണി തീരാത്ത വീട്, കാവ്യ മേള, വീണ്ടും പ്രഭാതം, പാര്‍വതി, ഓടയില്‍ നിന്ന്, നദി
 
പ്രേം നസീര്‍ എന്ന നടന്റെ ആദ്യ കാല ചിത്രങ്ങള്‍ അടക്കം അവസാന ചിത്രമായ ധ്വനി വരെ മുതല്‍ മുടക്കിയവര്‍ക്ക് ആശ്വസിക്കാന്‍ വക നല്‍കുന്ന ചിത്രങ്ങളായിരുന്നു. ചില ചിത്രങ്ങള്‍ 365 ദിവസങ്ങളോളം ഓടിയിട്ടുമുണ്ട്.
 
കുട്ടിക്കുപ്പായം, ആരോമലുണ്ണി, കണ്ണപ്പനുണ്ണി, തച്ചോളി അമ്പു, ആലിബാബയും 41 കള്ളന്മാരും, പൊന്നാപുരം കോട്ട, പടയോട്ടം. കുഞ്ചാക്കോ കുടുംബത്തിന്റെ പേര് വാനോളം ഉയര്‍ന്നു വന്നിട്ടുണ്ടെങ്കില്‍ അതില്‍ പ്രേം നസീര്‍ എന്ന നടന്റെ പങ്ക് വളരെ വലുതായിരിക്കും.
 
ചില ബോക്സ് ഓഫീസ് ഹിറ്റുകള്‍:
 
പിക്നിക്ക്, വിലയ്ക്ക് വാങ്ങിയ വീണ, റസ്റ്റ് ഹൌസ്, ലങ്കാ ദഹനം, സി.ഐ.ഡി. നസീര്‍, പ്രവാഹം, സിന്ധു, സീമന്ത പുത്രന്‍, ചട്ടമ്പിക്കല്യാണി, ചന്ദ്രകാന്തം, ഫുട്ബോള്‍ ചാമ്പ്യന്‍, ലേഡീസ് ഹോസ്റ്റല്‍, കന്യാദാനം, സേതുബന്ധനം, സംഭവാമി യുഗേയുഗേ, കാലചക്രം, മിനിമോള്‍, പട്ടാഭിഷേകം, അജ്ഞാതവാസം, വിഷുക്കണി, മറുനാട്ടില്‍ ഒരു മലയാളി, അയോദ്ധ്യ, ബാബുമോന്‍, അച്ചാണി, പുനര്‍ജന്മം, കടത്തനാട്ട് മാക്കം, രാജു റഹീം, സുജാത, രണ്ടു ലോകം, തെമ്മാടി വേലപ്പന്‍, യാഗാശ്വം, പോസ്റ്റ്മാനെ കാണ്മാനില്ല, കുടുംബം നമുക്ക് ശ്രീകോവില്‍, ഈ ഗാനം മറക്കുമോ.
 
കാലത്തിന്റെ മാറ്റത്തിലോ, കാല പ്രവാഹത്തിലോ ഒളി മങ്ങാതെ 40 വര്‍ഷം നായക സ്ഥാനത്ത് പ്രേം നസീര്‍ മലയാള സിനിമയുടെ അജീവ സാന്നിദ്ധ്യം ആയിരുന്നെങ്കില്‍ സ്വന്തം അര്‍പ്പണ ബൊധവും, എളിമയും കൊണ്ട് മാത്രമാണ്. സ്വപ്ര്യത്നം കൊണ്ടാണ് മരിക്കുന്നത് വരെ ഈ രംഗത്ത് അദ്ദേഹം നിലനിന്നത്.
 
വളരെ പ്രധാനപ്പെട്ട ദുരിതാശ്വാസ നിധിയിലേക്ക് ആരും നിര്‍ബന്ധിക്കാതെ എല്ലാ വര്‍ഷവും സ്വമേധയാ സംഭാവനയുമായി മുന്നോട്ട് വന്ന വ്യക്തിത്വമാണ് പ്രേം നസീര്‍. നമ്മുടെ സഹ ജീവികളോടും, രാജ്യത്തോടും ഇതേ വികാരം തന്നെ എല്ലാ കലാകാരന്മാര്‍ക്കും വേണമെന്ന് ഒരു പരിധി വരെ മാതൃകയായത് പ്രേം നസീറിന്റെ മനസ്സായിരിക്കും. മലയാള സിനിമയില്‍ പ്രേം നസീര്‍ ഒരു നടന്‍ ആയിരുന്നില്ല. ഒരു പ്രതിഭാസമായിരുന്നു. ജന ഹൃദയങ്ങളില്‍ ഇന്നും ആ വലിയ കലാകാരന്‍ ജീവിക്കുന്നുവെങ്കില്‍ മലയാളിയെ എത്രയതികം ആ മനുഷ്യന്‍ സ്വാധീനിച്ചുവെന്ന് വ്യക്തമാകും. പ്രേം നസീറിനെ ഒരു കാലത്ത് തള്ളിപ്പറഞ്ഞവര്‍ തന്നെ ബാല്‍ക്കണികള്‍ നിറച്ചിട്ടുണ്ട്. എന്തേ ഇന്ന് ആര്‍ക്കും വടക്കന്‍ പാട്ടുകളും കഥകളും വേണ്ടാത്തത്? അതിന് യോജിച്ച സൌകുമാര്യമായിരുന്നു പ്രേം നസീറിന്. ആ നടന്റെ തലയെടുപ്പ് അതി ഗംഭീരമായത് കൊണ്ടാണ് ആരോമലുണ്ണിയും, കണ്ണപ്പനുണ്ണിയും, പാലാട്ട് കുഞ്ഞിക്കണ്ണനും, തച്ചോളി അമ്പുവും, പടയോട്ടവും വര്‍ഷങ്ങളോളം തിയറ്ററുകളില്‍ ഓടിയത്. പടയോട്ടത്തില്‍ പലരും ഉണ്ടായിരുന്നുവെങ്കിലും നസീര്‍ കൈകാര്യം ചെയ്ത തമ്പാന്‍ എന്ന കഥാപാത്രം ഹോളിവുഡില്‍ പോലും സംസാര വിഷയമായി. പ്രത്യേകിച്ച് കഥയുടെ ആരോഹണ ഘട്ടത്തില്‍.
 
അടൂര്‍ ഭാസിയെയും, ബഹദൂറിനെയും ചേര്‍ത്ത് അന്ന് ഒരുപാട് entertainer ആയ ചിത്രങ്ങള്‍ ഉണ്ടായിരുന്നു. ഇന്നത്തെ നായകന്മാര്‍ അഭിനയിക്കുവാന്‍ മടിക്കുന്ന പല റോളുകളും പ്രേം നസീര്‍ സ്വീകരിച്ചു, കോമാളി വേഷങ്ങള്‍ പോലും. സ്വന്തം ജോലിയുടെ ഭാഗമായി. പ്രേം നസീറിന് അറിയാമായിരുന്നു സാധാരണക്കാരന്റെ പള്‍സ്. 2 രൂപ മുടക്കി മാറ്റനിക്ക് കയറിയിരുന്ന പാവപ്പെട്ടവനെയും 10 രൂപ ചിലവാക്കി ബാല്‍ക്കണികളില്‍ ഇരിക്കുന്ന ശരാശരി കുടുംബത്തെയും ഒരു പോലെ തൃപ്തിപ്പെടുത്താന്‍ പ്രേം നസീര്‍ ചിത്രങ്ങള്‍ക്ക് കഴിഞ്ഞിരുന്നു.
 
താണ നിലത്തേ നീരോടൂ എന്ന് പാടിയത് പോലെ, എവിടെ ഒരുവന്‍ താഴ്ത്തപ്പെടുന്നോ അവിടെ അവന്‍ ഉയര്‍ത്തപ്പെടും എന്ന ബൈബിള്‍ വചനം ഇവിടെ ഉദ്ധരിക്കട്ടെ. പാവപ്പെട്ടവന്റെ വീട്ടിലെ ഒരു അംഗം ആയിരുന്നു എന്നും പ്രേം നസീര്‍ അഭ്ര പാളികളില്‍. നന്മയ്ക്ക് വേണ്ടി പൊരുതിയ വീര നായകന്‍ - നിത്യ ജീവിതത്തിലും. ശശി കുമാര്‍ ചിത്രങ്ങളിലായിരുന്നു പ്രേം നസീര്‍ കൂടുതല്‍ അഭിനയിച്ചത്. ജോഷി ചിത്രങ്ങളില്‍ പോലും പ്രേം നസീറിന്റെ സാന്നിദ്ധ്യം അദ്ദേഹത്തിന്റെ charisma (കരിസ്മ) വിളിച്ചറിയിക്കുന്ന ഒന്നായിരുന്നു. നിറ കുടം തുളുമ്പാത്ത വ്യക്തിത്വം - അതായിരുന്നു എന്നും നസീര്‍ സാറിന്റെയും.
 
1989 ജനുവരി 16ന് പ്രകൃതി പോലും നിശ്ചലമായി എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പ്രേം നസീറിന് മരണമില്ല ഒരിക്കലും. വാസ്തവത്തില്‍ ഗാന ഗന്ധര്‍വ്വന്റെ മധുര ശബ്ദത്തില്‍ പിന്നണിയിലൂടെ ആ പാട്ടിന്റെ പല്ലവി കേട്ടപ്പോഴാണ് ജന ഹൃദയങ്ങള്‍ ആ ദിവസം പൊട്ടിക്കരഞ്ഞത്. “ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി” എന്ന വരികള്‍.
 



 
പ്രകൃതിയാണോ, ആകാശമാണോ, മേഘങ്ങളാണോ പ്രേം നസീറിനൊത്ത് നില്‍ക്കുമ്പോള്‍ ഭംഗി എന്ന് സംശയം തോന്നിയ ഒരു ഗാന ചിത്രീകരണ രംഗം എനിക്ക് ഓര്‍മ്മ വരുന്നു. പണി തീരാത്ത വീട് എന്ന ചിത്രത്തില്‍ ജയചന്ദ്രന്‍ ആലപിച്ച നീലഗിരിയുടെ സഖികളെ അന്ന ഗാന ചിത്രീകരണത്തിനിടയില്‍ ക്ലോസ് അപ്പില്‍ നസീറിന്റെ പല ആംഗിളും പ്രകൃതിയും, ആകാശവും ഇടവിട്ട് കാണിക്കുന്ന ഒരു രംഗമുണ്ട്. ഏതിനാണ് ഭംഗി എന്ന് ഇപ്പോഴും സംശയമാണ്. നസീറിന്റെ മുഖമായിരുന്നു കാണാന്‍ ഏറ്റവും ഭംഗി, പ്രകൃതിയേക്കാള്‍.
 
പ്രേം നസീറിനെ കുറിച്ച് പറയുമ്പോള്‍ ഗാന ഗന്ധര്‍വ്വനെ കുറിച്ച് പറയാതിരിക്കാന്‍ വയ്യ. യേശുദാസിന്റെ ഗാനങ്ങള്‍ ഇത്രയും മധുരമായി, ഹൃദ്യമായി പാടി ഫലിപ്പിക്കുവാന്‍ (ഗോഷ്ടികളില്ലാതെ) മറ്റൊരു നടന്‍ നമുക്ക് ഇതു വരെ കിട്ടിയിട്ടില്ല എന്നതാണ് സത്യം. അത് പോലെ പ്രേം നസീറിനെ അനുകരിക്കുവാന്‍ ജയറാം എന്ന നടന്‍. നസീര്‍ എന്ന നടനെ നിന്ദിക്കാതെ, ബഹുമാനത്തോട് കൂടി ആ നടന്‍ ഭംഗിയായി അനുകരിക്കും എന്നതാണ് മറ്റൊരു വസ്തുത. (ഒരു പുണ്യം ചെയ്ത നടന്‍ തന്നെയാണ് ജയറാമും.)
 
യേശുദാസിന്റെ നല്ല ശതമാനം പാട്ടുകളും വെള്ളിത്തിരയില്‍ പാടി അഭിനയിച്ച നടനും നസീര്‍ തന്നെ. എന്തിനധികം പറയുന്നു, സെമി ക്ലാസ്സിക്കല്‍ ഗാനത്തിന് പോലും നസീര്‍ ചുണ്ടുകള്‍ ചലിപ്പിക്കുമ്പോള്‍ അമ്പരന്നു പോകും. ഉദാഃ ചതുര്‍‌വേദം എന്ന ചിത്രത്തില്‍ “പാടാന്‍ ഭയമില്ല” എന്ന ഗാനം സ്വരങ്ങള്‍ അടക്കം വളരെ cool ആയി നസീര്‍ അവതരിപ്പിച്ചപ്പോള്‍ നസീര്‍ പാടിയതായിട്ടാണ് എനിക്ക് ചെറുപ്പത്തില്‍ തോന്നിയത്.
 
“രവി വര്‍മ്മ ചിത്രത്തിന്‍ രതി ഭാവമേ”, “സപ്ത സ്വരങ്ങളുണര്‍ന്നു” “കനക സിംഹാസനത്തില്‍”, രാജു റഹീം എന്ന ചിത്രത്തില്‍ “ബ്രൂസിലിക്കുഞ്ഞല്ലയോ” എന്ന ഗാനം നസീറും ഭാസിയും പാടിയതായേ നമുക്ക് തോന്നൂ. (യേശുദാസും ജയചന്ദ്രനും പാടിയ ഗാനം)
 
നിത്യ ഹരിത നായകന്റെ ഈ കഴിവ് യേശുദാസിന്റെ പാട്ടുകള്‍ establish ചെയ്യുവാന്‍ ഒരു പരിധി വരെ സഹായിച്ചിട്ടുണ്ട്. നസീര്‍ സാറിന്റെ ചുണ്ടിലൂടെ ഉതിര്‍ന്ന് വന്ന ഗാനങ്ങള്‍ക്കെല്ലാം പില്‍‌ക്കാലത്ത് ജീവനുണ്ടായിരുന്നു എന്ന് വിശ്വസിക്കുന്ന ഒരു മഹാനായ ഗായകന്‍ തന്നെയാണ് ഗാന ഗന്ധര്‍വ്വന്‍ ശ്രീ യേശുദാസും.
 
യേശുദാസിന്റെ ഒരു അടുത്ത ആരാധകനാണ് ഞാനെങ്കിലും “സന്യാസിനി” എന്ന ഗാനം എവിടെയെങ്കിലും കേട്ടാല്‍ ആദ്യം എനിക്കോര്‍മ്മ വരുന്നത് നസീറിന്റെ മുഖമാണ്. അതാണ് പാട്ടും നസീറും തമ്മിലുള്ള ഒരു പൊരുത്തം. പ്രേം നസീറിന് വേണ്ടി പാടിയ പാട്ടുകള്‍ തന്നെയാണ് ദസേട്ടന്റെ അനശ്വര ഗാനങ്ങളില്‍ ഭൂരിഭാഗവും, അന്നും ഇന്നും എന്നും. പ്രേം നസീര്‍ നമ്മെ വിട്ടു പിരിഞ്ഞിട്ട് 21 വര്‍ഷം കഴിഞ്ഞുവെന്ന് ആര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നതാണ് സത്യം. ഇന്നും മനുഷ്യ മനസ്സുകളില്‍ ആ വലിയ കലാകാരന്‍ ജീവിക്കുന്നു എന്നതിന് തെളിവാണ്. ഒരിക്കലും മരണമില്ല നിത്യ ഹരിത നായകന്. ഒരിക്കലും.
 
പ്രശസ്ത ജോഡികളായ എം.ജി.ആര്‍. ജയലളിത ടീമിനൊപ്പം പ്രേം നസീര്‍ 4 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കാവല്‍ക്കാരന്‍, അടിമപ്പെണ്‍, ഒളിവിളക്ക്, കന്നിത്തായി.
 
ശ്രീകുമാരന്‍ തമ്പി എന്ന പ്രശസ്ത എഴുത്തുകാരന്‍ ഒരിക്കല്‍ പറഞ്ഞത് എനിക്കോര്‍മ്മ വരുന്നു. ആദ്യമായി പ്രേം നസീര്‍ തമ്പിയുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച നിമിഷം മറക്കാനാവാത്ത, ജീവിതത്തിലെ ഒരു നിമിഷമായിരുന്നു അതെന്ന്. ആ association സിനിമയിലെ ആര്‍ക്കും മറക്കുവാന്‍ സാദ്ധ്യമല്ല. തമ്പിയുടെ ഒത്തിരി ചിത്രങ്ങളില്‍ പിന്നീട് നസീര്‍ അഭിനയിച്ചിട്ടുണ്ട്.
 
ബാല ചന്ദ്ര മേനോന്റെ വാക്കുകള്‍ : “കാര്യം നിസ്സാരത്തെ കുറിച്ച് ഞാനെന്തെങ്കിലും ഓര്‍ക്കുന്നുണ്ടെങ്കില്‍ ആദ്യം ശ്രീ പ്രേം നസീറിനെയാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ പരിചയപ്പെട്ട വലിയ മനുഷ്യരില്‍ ഒരാളായി ഞാന്‍ അദ്ദേഹത്തെ കാണുന്നു. സഭ്യമായ പെരുമാറ്റത്തിന്റെ പര്യായമായിരുന്നു നസീര്‍ സാര്‍. ഹിമാലയന്‍ ഈഗോകള്‍ നിറഞ്ഞ സിനിമയില്‍ ആരെയും കുത്തി നോവിപ്പിക്കാതെ മുന്നോട്ട് പോവുക തികച്ചും അസാദ്ധ്യം തന്നെയാണ്. എന്നാല്‍ എന്തും സഹിച്ചും, ത്യജിച്ചും നസീര്‍ സാര്‍ ഉണ്ടാക്കിയെടുത്ത ഒരു പെരുമാറ്റച്ചട്ടം എന്നെ അങ്ങേയറ്റം സ്വാധീനിച്ചിട്ടുണ്ട്.”
 
നസീറിന് പകരം നസീര്‍ മാത്രം. നിത്യ ഹരിത നായകനും നസീര്‍ മാത്രം. ഒരിക്കലും മരണമില്ലാതെ എന്നും നിത്യ ഹരിത നായകന്‍ ജന ഹൃദയങ്ങളില്‍ ജീവിക്കുന്നു.
 
- ജോയ് സി., ഷാര്‍ജ
 
 

Labels:

1 അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

"പതിനാലാം രാവുദിച്ചത്മാനത്തോ.."
പ്രേം നസീര്‍ എന്ന'ഗായകന്‍റെ' മനോഹരമായ ഒരു പ്രകടനം യുട്യൂബില്‍ കാണാം...!
http://www.youtube.com/watch?v=jv6g0iA66a4&feature=player_embedded

February 24, 2010 3:40 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്









ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്