11 January 2010

ശ്രീകുമാരന്‍ തമ്പി

sreekumaran-thampiകലയെയും കലാകാരനെയും സംബന്ധിച്ചിടത്തോളം ദൈവാനുഗ്രഹം ഒരു അത്യാവശ്യ ഘടകമാണ്. ദൈവാനുഗ്രഹം തന്നെയാണ് മുഖ്യം. പിന്നെ സ്വന്തം പ്രയത്നം, ദൃഢ നിശ്ചയം. ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ വിജയശ്രീ ലാളിതനാവാന്‍ ഇത് ധാരാളം. ഏതൊരു കലാകാരനെയും ആസ്വാദകര്‍ സ്വീകരിക്കുന്നത് അത് unique ആകുമ്പോഴാണ്. വ്യത്യസ്ത ശൈലിയാണ് ജനത്തെ കൂടുതല്‍ ആകര്‍ഷിക്കുന്നത്. വ്യത്യസ്തമായ ശൈലിയിലൂടെ സ്വന്തമായ കൈയ്യൊപ്പ് പതിപ്പിച്ച പ്രശസ്തരുണ്ടായിരുന്നു ചലച്ചിത്ര ലോകത്ത്. ഉദാഹരണം കണ്ണ ദാസനും, വയലാറും, ഭാസ്കരന്‍ മാഷും. എന്നാല്‍ ഇന്ന് ഇതേ ശ്രേണിയില്‍ സംഗീത പ്രേമികള്‍ സ്വാഗതം ചെയ്ത ഒരു മഹാനായ എഴുത്തു കാരനെയാണ് നക്ഷത്ര ലോകത്തിലൊടെ നിങ്ങളുടെ മുന്നില്‍ എത്തിക്കുന്നത്. ഇന്നും ചലച്ചിത്ര ലോകത്തിലൂടെ സംഗീത സാന്നിദ്ധ്യം വിളിച്ചറിയിക്കുന്ന നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ശ്രീകുമാരന്‍ തമ്പി. കവിതയും സംഗീതവും കൈ കോര്‍ത്തിണങ്ങി നില്‍ക്കുന്ന ഈ മധുര ഗീതങ്ങള്‍ ചൈതന്യ ധന്യമായ ഒരു കാല ഘട്ടത്തിന്റെ സജീവ സാന്നിദ്ധ്യമായി ഇന്നും നമോടൊപ്പം നില കൊള്ളുന്നു. 1960ല്‍ തുടങ്ങി 2010ല്‍ എത്തി നില്‍ക്കുന്നു ഈ സംഗീത യാത്ര.
 
മനുഷ്യ മനസ്സുകളെ ഇത്രയധികം അപഗ്രഥിച്ച ഒരു എഴുത്തുകാരന്‍ ഉണ്ടോ എന്ന് തന്നെ സംശയമാണ്. മനുഷ്യ ജീവിതം ശാസ്ത്ര തത്വങ്ങളോട് താരതമ്യപ്പെടുത്തി ജീവിതവും, ശാസ്ത്രവും, മനഃശ്ശാസ്ത്രവും ഗാനങ്ങളിലൂടെ ആസ്വാദകര്‍ക്ക് പകര്‍ന്നു തന്ന അത്യുജ്ജ്വല കവിയാണ് ശ്രീകുമാരന്‍ തമ്പി.
 
തന്റെ പാട്ടുകളില്‍ കണക്കും, ഊര്‍ജ്ജ തന്ത്രവും, രസ തന്ത്രവും കടന്നു വരുന്നുണ്ടെങ്കില്‍ അത് സ്വന്തം ജീവിതാ നുഭവങ്ങളുടെ ഒരു നേര്‍ക്കാഴ്‌ച്ച് മാത്രമായേ നമുക്ക് കാണുവാന്‍ സാധിക്കൂ. അത്തരം രചനകള്‍ എഞ്ജിനിയര്‍ കൂടിയായ ഈ കലാകാരന്റെ രചനകള്‍ ശാസ്ത്രത്തിനും, പ്രത്യയ ശാസ്ത്രങ്ങള്‍ക്കും അതീതമായി അനന്ത സാധ്യതകള്‍ ആരായുന്ന തായിരുന്നു മിക്ക ഗാനങ്ങളും.
 
ഉദാഃ
“ആകാശത്തിനു ഭ്രാന്ത് പിടിച്ചു
അന്നാദ്യം മാനത്ത് മിന്നലുദിച്ചു
വെള്ളിടി വെട്ടി പേമാരി പെയ്തു
അങ്ങിനെ ഭൂമിക്കും ഭ്രാന്തു പിടിച്ചു”

 
ലളിതമായ പ്രയോഗമെങ്കിലും എത്ര വിശാലമായ വീക്ഷണം. ഒരു കഥാ പാത്രത്തിന്റെ മനസ്സ് തുറന്നു കാട്ടുവാനും, സന്ദര്‍ഭാ നുസൃതമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുവാനും, ദൃശ്യ വല്‍ക്കരിക്കുവാനുള്ള സാധ്യതകള്‍ക്കുമായി ചലച്ചിത്ര ഗാനങ്ങള്‍ മഹത്തായ പങ്കു വഹിച്ചിട്ടുണ്ടെന്ന് നമുക്ക് മനസ്സിലാകും. ആകാശത്തിനു ഭ്രാന്തു പിടിച്ചു എന്ന ഗാനം ചിട്ടപ്പെടുത്തിയത് ലോകം അറിയപ്പെടുന്ന സംഗീതജ്ഞന്‍ എ. ആര്‍ റഹിമാന്റെ അച്ഛനായ ആര്‍. കെ. ശേഖര്‍ ആണെന്ന കാര്യം ഇവിടെ ഓര്‍മ്മപ്പെടുത്തട്ടെ.
 
തികഞ്ഞ ദാര്‍ശനികനും, തത്വ ദര്‍ശിയും, ക്രിയാത്മക വിമര്‍ശകനും, നന്മ തിന്മകളെ സ്വന്തം കഥകളിലൂടെ ഉഴുത് മറിച്ച്, തിന്മകള്‍ വേര്‍തിരിച്ച് നന്മയുടെ സന്ദേശം, നന്മയുടെ സൌരഭ്യം പാട്ടിലൂടെ ഉടനീളം വാരി വിതറിയ ഒരു എഴുത്തുകാരനായ എന്റെ തമ്പി സാറിന് ഒരു സാഷ്ടാംഗ നമസ്കാരം. രചനകളില്‍ ഇത്രയധികം അന്തര്‍ വീക്ഷണം സ്വായത്തമാക്കിയ കവികള്‍ വിരളമാണ്. മനുഷ്യ ജീവിതത്തെ കീറി മുറിച്ച് മനുഷ്യന് തന്നെ വിശദമായി പഠിക്കുവാന്‍ അവസരം ഒരുക്കിത്തന്ന മഹാനായ ഭിഷഗ്വരനാണ് ശ്രീകുമാരന്‍ തമ്പി എന്ന മഹാ പ്രതിഭ.
 
ചില ഗാനങ്ങള്‍ അതിന് ഉദാഹരമാണ്.
 
കരഞ്ഞു കൊണ്ടേ ജനിക്കുന്നു, സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം, ബന്ധുവാര് ശത്രുവാര്, ജനിച്ചതാര്‍ക്ക് വേണ്ടി, ചിരിക്കുമ്പോല്‍ കൂടെ ചിരിക്കാന്‍, തല്‍ക്കാല ദുനിയാവ്, ഹൃദയം കൊണ്ടെഴുതുന്ന കവിത, സൂര്യനെന്നൊരു നക്ഷത്രം എന്നിവ.
 
സംഗീത പ്രേമികള്‍ സഹര്‍ഷം സ്വീകരിച്ച് മലയാള സിനിമാ ഗാന ശാഖയുടെ മുഖ്യ ധാരയില്‍ ശ്രീ തമ്പിയെ പിടിച്ചിരുത്തിയ ചിത്രമായിരുന്നു ചിത്രമേള. ഒരു ഗാനാസ്വാദകന്റെ പ്രതീക്ഷകളുടെ സാഫല്യമായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ പിന്നീടുള്ള ഗാന സമാഹാരം.
 
ശ്രീകുമാരന്‍ തമ്പിക്ക് ഗുരു തുല്യനും റോള്‍ മോഡലും ആയിരുന്നു എന്നും പ്രശസ്ത കവി പി. ഭാസ്കരന്‍. ഭാസ്കരന്‍ മാഷെ ഗുരുവായി കണ്ട തമ്പിയെ കുറിച്ച് ഭാസ്കരന്‍ മാസ്റ്ററുടെ വാക്കുകള്‍:
 
“കുലീനതയും, ആഭിജാത്യവും, സര്‍വ്വോപരി എളിമയും കൈമുതലായുള്ള ഈ അതുല്യ പ്രതിഭാ ശാലിയോടൊപ്പം പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞതില്‍ എന്റെ സിനിമാ ജീവിതത്തിന്റെ അനേകം ധന്യതകളില്‍ ഒന്നായി ഈ ഗുരു സ്ഥാനത്തെ ഞാന്‍ സ്വീകരിക്കുന്നു”.
 
എഴുത്തിനോടുള്ള ഒരു തരം passion അല്ലെങ്കില്‍ ഇഷ്ടം ആണ് ഏതൊരു കലാകാരനെയും സൃഷ്ടിക്കുന്നത്. വിളക്ക് കൈവശമുളവനെന്നും വിശ്വ ദീപമയം എന്ന കവി വാക്യം വളരെ ആപ്തമാണ്, പ്രസക്തമാണ് മഹാ കലാകാരന്മാരുടെ കാര്യത്തില്‍. കയ്യിലുള്ള ദീപത്തിലൂടെ നമുക്ക് ചുറ്റിലും കാണുന്നതിനോടൊപ്പം, ഈ ലോകത്തെ മുഴുവന്‍ തന്റേതായ ദര്‍ശനത്തിലൂടെ, വീക്ഷണത്തിലൂടെ കാണുവാന്‍ സാധിക്കുമെങ്കില്‍ നമ്മുടെ ചിന്താശക്തിയുടെ വലിപ്പമാണ് ഇവിടെ സൂചിപ്പിക്കുന്നത്.
 
ഇന്നും ശ്രീകുമാരന്‍ തമ്പിയുടെ തൂലികയില്‍ നിന്നും അത്തരം സൃഷ്ടികള്‍ അനുസ്യൂതം പ്രവഹിച്ച് കൊണ്ടേയിരിക്കുന്നു. അഞ്ച് പതിറ്റാണ്ട് കാലമായി തുടര്‍ന്ന് കൊണ്ടിരിക്കുന്ന കലാ തപസ്യക്ക് ഇന്നും വിശ്രമമില്ല എന്നതാണ് സത്യം. അതിനുദാഹരണമാണ് “അളിയന്മാരും പെങ്ങന്മാരും”, പിന്നെ “കോയമ്പത്തൂര്‍ അമ്മായി” എന്നീ സീരിയലുകള്‍.
 
ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങളെ കുറിച്ച് പ്രതിപാദിക്കുമ്പോള്‍ മനസ്സില്‍ ആദ്യം ഓടിയെത്തുന്ന ഗാനങ്ങള്‍:
 
ഹൃദയ സരസ്സിലെ
അകലെയകലെ നീലാകാശം
ആകാശം ഭൂമിയെ വിളിക്കുന്നു
ആറാട്ടിനാനകല്‍ എഴുന്നള്ളി
ഉത്തരാ സ്വയംവരം
കേരളം കേരളം
മദം പൊട്ടിച്ചിരിക്കുന്ന മാനം
താരക രൂപിണി
രാജീവനയനേ
കസ്തൂരി മണക്കുന്നല്ലോ
സന്ധ്യക്കെന്തിന് സിന്ധൂരം
ആ നിമിഷത്തിന്റെ
വാല്‍ക്കണ്ണെഴുതി
മലയാള ഭാഷ തന്‍
നീല നിശീഥിനി
ദേവ ഗായകനെ ദൈവം ശപിച്ചു
തല്‍ക്കാല ദുനിയാവ്
പൊട്ടിക്കരഞ്ഞുകൊണ്ടോമനേ
ഹൃദയേശ്വരീ
പാടാത്ത വീണയും പാടും
നഷ്ട സ്വര്‍ഗ്ഗങ്ങളെ
ആകാശ ദീപമേ
അശ്വതീ നക്ഷത്രമേ
ഉറങ്ങാന്‍ കിടന്നാല്‍
 
പാട്ടിന്റെ ക്രമീകരണത്തിലും, അടുക്കും ചിട്ടയിലും, കൃത്യമായ കണക്കുകളിലും, താളവും, വൃത്തവും ഒരു പോലെ സന്നിവേശിപ്പിക്കുവാന്‍ എഞ്ജിനിയറിംഗ് ബിരുദവും ഏറെ സഹായിച്ചു കാണും എന്ന് കരുതാം. logical അല്ലെങ്കില്‍ reasoning ആയ പാട്ടുകള്‍ പ്രത്യേകിച്ചും
 
ചലച്ചിത്ര പ്രേമികളുടെ ഹൃദയത്തെ ആര്‍ദ്രമാക്കിക്കൊണ്ട് ഒഴുകിക്കൊണ്ടിരിക്കുന്ന ആ ഗാനധാര എന്നും പ്രവഹിച്ച് കൊണ്ടേയിരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം, പ്രത്യാശിക്കാം. ഈ അവസരത്തില്‍ ഈ പാട്ടുകള്‍ ചിട്ടപ്പെടുത്തി അതീവ ഹൃദ്യമാക്കിയ സംഗീത സംവിധായകര്‍ക്കും ആലപിച്ച എല്ലാ ഗായികാ ഗായകരെയും നമുക്ക് അഭിനന്ദിക്കാം. പ്രത്യേകിച്ച് മിക്ക ഗാനങ്ങളും ആലപിച്ച നമ്മുടെ ഗാന ഗന്ധര്‍വ്വന്‍ ശ്രീ യേശുദാസിനെ, മലയാളികളുറ്റെ പ്രിയപ്പെട്ട ദാസേട്ടനെ.
 
“ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
ഞാന്‍ ഒരാവണിത്തെന്നലായി മാറി”

 
“ഈ ഗാനത്തെ വെല്ലാന്‍ ഇനി ഏതോ ജന്മത്തില്‍ മലയാണ്മ മറ്റൊരെഴുത്തുകാരനെ ഗര്‍ഭം ധരിച്ച് പ്രസവിക്കേണ്ടിയിരിക്കുന്നു” - ഇത് പറഞ്ഞത് പ്രശസ്ത എഴുത്തുകാരന്‍ ഗിരീഷ് പുത്തഞ്ചേരിയാണ്.
 
പ്രശസ്ത സംഗീത സംവിധായകരോടൊത്ത് ചിട്ടപ്പെടുത്തിയ / രചിച്ച ഗാനങ്ങള്‍ - ശ്രീകുമാരന്‍ തമ്പിയുടെ കയ്യൊപ്പ് പതിഞ്ഞ അനശ്വര ഗാനങ്ങള്‍:
 
ബാബുരാജ് - അകലെയകലെ നീലാകാശം
ദേവരാജന്‍ മാസ്റ്റര്‍ - നീയെവിടെ നിന്‍ നിഴലെവിടെ
ദക്ഷിണാമൂര്‍ത്തി - ഹൃദയ സരസ്സിലെ
എം.എസ്.വി. - സ്വര്‍ഗ്ഗമെന്ന കാനനത്തില്‍
എം.ബി.എസ്. - ഹരിനാമ കീര്‍ത്തനം
രാഘവന്‍ മാസ്റ്റര്‍ - അമ്പലപ്പുഴ വേല കണ്ടു
ചിദംബരനാഥ് - ചിരിക്കുമ്പോല്‍ കൂടെ ചിരിക്കാന്‍
അര്‍ജ്ജുനന്‍ മാഷ് - വാല്‍ക്കണ്ണെഴുതി
സലില്‍ ചൌധരി - പൂമാനം പൂത്തുലഞ്ഞു
എ.ടി. ഉമ്മര്‍ - കരഞ്ഞു കൊണ്ടേ ജനിക്കുന്നു
പുകഴേന്തി - മകരക്കൊയ്ത്ത് കഴിഞ്ഞു
കണ്ണൂര്‍ രാജന്‍ - എന്തിനെന്നെ വിളിച്ചു
ശ്യാം - മൌന രാഗപ്പൈങ്കിളി നിന്‍
ആര്‍. കെ. ശേഖര്‍ - മണിവര്‍ണ്ണനില്ലാത്ത
ഇളയരാജ - മൌനം പോലും മധുരം
ഔസേപ്പച്ചന്‍ - ഉറക്കം കണ്‍കളില്‍
ജോണ്‍സണ്‍ - വസന്തത്തിന്‍ മണിച്ചെപ്പ്
രവീന്ദ്രന്‍ - ഇന്നുമെന്റെ കണ്ണുനീര്‍
വിദ്യാധരന്‍ - നഷ്ട സ്വര്‍ഗ്ഗങ്ങളെ
പെരുമ്പാവൂര്‍ രവീന്ദ്രനാഥ് - ഒന്നാം രാഗം പാടി
 
പ്രശസ്ത കവി ഓ.എന്‍.വി. യുടെ വാക്കുകള്‍ ശ്രദ്ധിക്കാം:
“ലളിതമായ പദങ്ങളിലൂടെ അടി വെച്ച് ചെന്ന് നാം ആ സത്യത്തിന്റെ ദീപ്ത മുഖം കാണുന്നു. എല്ലാ മുഖം മൂടികളും മാറ്റി വര്‍ഷങ്ങള്‍ക്ക് മുമ്പ് അത് കാണുകയും, ഒരു പാട്ടിലൂടെ നമുക്കത് കാട്ടിത്തരികയും ചെയ്തപ്പോള്‍ ഒരു വലിയ കലാ ദൌത്യമാണ് തമ്പി നിര്‍വ്വഹിച്ചതെന്ന് പറയാതിരിക്കാന്‍ വയ്യ ഈ അവസരത്തില്‍”.
 
സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം എന്ന ഗാനമാണ് ഓ.എന്‍.വി. ഉദാഹരണമായി പറഞ്ഞ ആ ഗാനം.
 
ശ്രീകുമാരന്‍ തമ്പി എന്ന കലാകാരന് എല്ലാ ഭാവുകങ്ങളും നേരട്ടെ നക്ഷത്രലോകം എന്ന പംക്തി. ഇനിയും ആ കൈപ്പടയില്‍ നിന്നും വിരിയട്ടെ ഒരായിരം ഗാന കുസുമങ്ങള്‍. എല്ലാ ഭാവുകങ്ങളും നേര്‍ന്ന് കൊണ്ട്.
 
- ജോയ് സി., ഷാര്‍ജ
 
 

Labels:

2 അഭിപ്രായങ്ങള്‍ (+/-)
Links to this post

2 Comments:

good detailed article

January 13, 2010 8:24 AM  

നല്ലൊരു ലേഖനം, നന്ദി.

January 13, 2010 11:27 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്