വ്യക്തിഗത വെബ് സൈറ്റുകള്‍ക്ക് അനുമതി നിഷേധിച്ചു കൊണ്ട് ചൈന ഇന്റര്‍നെറ്റ് നിയന്ത്രണം കര്‍ക്കശമാക്കി. ഇനി മുതല്‍ പുതിയ ഒരു വെബ് സൈറ്റിന്റെ പേര് റെജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഒരു വ്യാപാര സ്ഥാപനത്തിന്റെ രേഖകള്‍ ഹാജരാക്കി സ്ഥാപനത്തിന്റെ പേരില്‍ മാത്രമേ വെബ് സൈറ്റ് റെജിസ്റ്റര്‍ ചെയ്യാനാവൂ എന്നതാണ് പുതുതായി ചൈന ഇറക്കിയ കരിനിയമം.
വെബ് ലോകത്തിന്റെ (world wide web) ഉപജ്ഞാതാവായ ടിം ബേണ്‍സ് ലീ 1980ല്‍ ആദ്യമായി ഹൈപ്പര്‍ ടെക്സ്റ്റ് സാങ്കേതിക വിദ്യ ആവിഷ്കാരം ചെയ്തതു മുതല്‍ വെബ് ലോകം വളര്‍ന്നത് സ്വകാര്യ വ്യക്തികളുടെ നിതാന്ത പരിശ്രമവും സഹകരണവും കൊണ്ടാണ്. ആദ്യ വെബ് ആവിഷ്കരിച്ച ലീ തന്റെ പദ്ധതി വിശദീകരിക്കാനായി ഒരുക്കിയ ലോകത്തെ ആദ്യ വെബ് പേജില്‍ ആവശ്യപ്പെട്ടത് അനുസരിച്ച്, സ്വന്തമായി വെബ് സൈറ്റുകള്‍ ഉണ്ടാക്കി വിവരങ്ങള്‍ ലഭ്യമാക്കി തുടങ്ങിയ അനേകാ യിരങ്ങളുടെ പരിശ്രമ ഫലമായി ഉയര്‍ന്നു വന്നതാണ് ഇന്ന് നമ്മള്‍ കാണുന്ന വേള്‍ഡ് വൈഡ് വെബ്. ഇതിന്റെ പ്രാധാന്യം മനസ്സിലാക്കാതെ തള്ളിക്കളഞ്ഞ വ്യാപാര സ്ഥാപനങ്ങളല്ല, മറിച്ച് രാത്രി കാലങ്ങളില്‍ ഉറക്കമില്ലാതെ പ്രവര്‍ത്തന നിരതരായ ഒരു സംഘം ചെറുപ്പക്കാരുടെ പരിശ്രമത്തിന്റെ ഫലമായി തന്നെയാണ് ഇന്നത്തെ രൂപത്തിലേക്ക് വെബ് വളര്‍ന്നത്.
ലോകമെമ്പാടും ഉള്ള കണക്ക് നോക്കിയാല്‍ ഏറ്റവും അധികം വെബ് സൈറ്റുകള്‍ റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത് വ്യക്തികള്‍ തന്നെയാണെന്നു കാണാം. ചൈനയിലെ കാര്യവും വിഭിന്നമല്ല. എന്നാല്‍, സ്വകാര്യ സ്വത്ത് അടക്കം പല കാര്യങ്ങളിലും ആശയ പരമായ അവ്യക്തത നില നില്‍ക്കുന്ന ചൈനയില്‍ സ്വകാര്യ വെബ് സൈറ്റിന്റെ ഉടമസ്ഥതയുടെ കാര്യത്തിലും ഈ അവ്യക്തത നിലനില്‍ക്കുന്നു. രണ്ടു തവണ സ്വകാര്യ വെബ് സൈറ്റുകള്‍ നിരോധിക്കുന്ന കാര്യം ചൈന മുന്‍പ് ആലോചിച്ചി രുന്നുവെങ്കിലും, ഇന്റര്‍നെറ്റ് വഴി ഏതാനും നിമിഷങ്ങള്‍ കൊണ്ട് ഒരു വെബ് സൈറ്റ് സ്വന്തമാക്കാന്‍ കഴിയുന്നത് മൂലം ഇത് ഫലപ്രദമായി തടയാന്‍ കഴിഞ്ഞിരുന്നില്ല.
സ്വകാര്യ ഉടമസ്ഥതയുടെ സൈദ്ധാന്തിക വൈരുദ്ധ്യ ങ്ങളേക്കാള്‍, പ്രസിദ്ധപ്പെടുത്തുന്ന വിവരങ്ങളുടെ മേലുള്ള നിയന്ത്രണമി ല്ലായ്മയാണ് ചൈനീസ് സര്‍ക്കാരിനെ അലട്ടുന്നത്. എല്ലാ തരം മാധ്യമങ്ങളെയും നിയന്ത്രിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്റര്‍നെറ്റില്‍ പ്രസിദ്ധപ്പെടുത്തുന്ന വിവരങ്ങളെയും നിയന്ത്രിക്കാന്‍ ശ്രമിച്ച സര്‍ക്കാരിന് പക്ഷെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സേവനങ്ങളുടെ തള്ളിക്ക യറ്റത്തോടെ ഇതിനു കഴിയാതായി.
വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്താല്‍ പല തലങ്ങളിലുള്ള സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ ചൈനയില്‍ നിലവിലുണ്ട്. എന്നാല്‍ വ്യക്തിഗത ഇന്റര്‍നെറ്റ് ഉപയോഗം വര്‍ദ്ധിച്ചതോടെ വ്യക്തിഗത പ്രസിദ്ധീകരണങ്ങള്‍ വര്‍ദ്ധിക്കുകയും, ഇത്തരം വിവരങ്ങള്‍ നിയന്ത്രിക്കുന്നത് സാധ്യമല്ലാ താവുകയും ചെയ്തു. കഴിഞ്ഞ ദിവസം ചൈന നിരവധി വീഡിയോ ഷെയറിംഗ് സൈറ്റുകള്‍ അടച്ചു പൂട്ടുകയുണ്ടായി. പകര്‍പ്പവകാശ ലംഘനവും അശ്ലീലവും എല്ലാം കാരണമായി പറഞ്ഞായിരുന്നു ഇത്. മൂവായിര ത്തിലധികം പേരെ പോലീസ് ഇതിനോട നുബന്ധിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു. യൂട്യൂബ്, ഫേസ് ബുക്ക്, ട്വിറ്റര്‍ എന്നിവയെല്ലാം നേരത്തേ ചൈനയില്‍ നിരോധിക്കപ്പെട്ടതാണ്.
ചൈനയില്‍ ഇരുന്നൂറോളം പേരുടെ മരണത്തിന് ഇടയാക്കിയ വംശീയ കലാപങ്ങള്‍ക്ക് ഇന്ധനം പകര്‍ന്നതും വിദൂരമായി അവ നിയന്ത്രിക്കപ്പെട്ടതും ഇന്റര്‍നെറ്റ് വഴിയാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
സര്‍ക്കാര്‍ ഇടപെടലുകളെ ഏറ്റവും അധികം ചെറുത്ത് നിന്ന് പ്രസിദ്
ധീകരിക്കുന്ന ചില ചൈനീസ് പത്രാധിപന്മാര്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ സെന്‍സര്‍ ഷിപ്പ് സംബന്ധിച്ച പ്രശ്നങ്ങളില്‍ പെട്ട് ജോലി ഉപേക്ഷിക്കുകയും തരം താഴ്ത്തപ്പെടുകയും ചെയ്തു എന്നതും ഈ നീക്കങ്ങള്‍ക്കു പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: censorship