ചില്ലറ വ്യാപാര രംഗത്തും, ചരക്ക് ഗതാഗത രംഗത്തും മറ്റും വിപ്ലവകരമായ സാങ്കേതിക പുരോഗതിക്ക് കാരണമായ ബാർകോഡ് സമ്പ്രദായം വികസിപ്പിച്ചെടുത്ത നോർമൻ ജോസഫ് വുഡ്ലാൻഡ് അന്തരിച്ചു. 91 വയസായിരുന്നു. വാർദ്ധക്യ സഹജമായ രോഗങ്ങൾ കൊണ്ടാണ് മരണം. ന്യൂ ജേഴ്സിയിൽ അൽ ഷീമേഴ്സ് രോഗ ബാധിതനായി കഴിഞ്ഞിരുന്ന അദ്ദേഹം ഞായറാഴ്ച്ചയാണ് മരിച്ചത് എന്ന് മകൾ സൂസനാണ് ഇന്നലെ മാദ്ധ്യമങ്ങളെ അറിയിച്ചത്.
ഇന്ന് ലോകമെമ്പാടുമുള്ള ഏതൊരു ഉൽപ്പന്നത്തിന്റേയും മുകളിൽ കാണപ്പെടുന്ന ബാർകോഡ് അഗോള തലത്തിൽ തന്നെ വ്യവസായ വ്യാപാര രംഗത്തെ ഉൽപ്പാദന ക്ഷമത വർദ്ധിപ്പിച്ച് സാമ്പത്തിക രംഗത്തെ ഏറ്റവും അധികം സ്വാധീനം ചെലുത്തിയ കണ്ടുപിടുത്തങ്ങളിൽ ഒന്നായി അറിയപ്പെടുന്നു.
മെക്കാനിക്കൽ എഞ്ജിനിയറിങ്ങ് വിദ്യാർത്ഥി ആയിരിക്കെ ഒരു പലചരക്ക് വ്യാപാരി തന്റെ പ്രൊഫസറോട് സാധനങ്ങളുടെ വിലവിവരങ്ങൾ എളുപ്പം കൌണ്ടറിൽ ലഭിക്കാനുതകുന്ന എന്തെങ്കിലും വിദ്യയെ കുറിച്ച് ആരായുന്നത് വൂഡ്ലാൻഡ് കേട്ടതാണ് ബാർകോഡിന്റെ അവിർഭാവത്തിന് കാരണമായത്. എഞ്ജിനിയറിങ്ങ് ബിരുദം നേടിയ ശേഷം തുടർന്നുള്ള പഠനം വേണ്ടെന്ന് വെച്ച് അദ്ദേഹം ബാർകോഡ് എന്ന ആശയത്തെ കുറിച്ച് ഗവേഷണം നടത്താൻ തീരുമാനിച്ചു. തനിക്ക് ആകെ അറിയാമായിരുന കോഡ് കുത്തുകളും വരകളും അടങ്ങിയ മോഴ്സ് കോഡായിരുന്നു. ഒരു ദിവസം കടപ്പുറത്തെ മണലിൽ അലസമായി കുത്തുകളും വരകളും കൊണ്ട് മോഴ്സ് കോഡ് വരച്ച വുഡ്ലാൻഡിന്റെ വിരലുകൾ മണലിൽ തന്നെ പതിഞ്ഞു കിടന്നു. അൽപ്പ നേരം കഴിഞ്ഞ് മണലിൽ നോക്കിയപ്പോൾ വിരലുകൾ മണലിൽ ചലിച്ച് നീണ്ട വരകൾ രചിച്ചത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. അദ്ഭുതകരമായ ഒരു പ്രചോദനത്തിന്റെ നിമിഷമായിരുന്നു അത്. കട്ടി കുറഞ്ഞതും കൂടിയതുമായ വരകൾ കൊണ്ട് കോഡ് നിർമ്മിക്കാനാവും എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ആദ്യമായി നിർമ്മിച്ച ബാർകോഡ് വൃത്താകാരത്തിൽ ഉള്ളതായിരുന്നു. 1952ൽ ഇതിന് അദ്ദേഹം പേറ്റന്റും സമ്പാദിച്ചു. എന്നാൽ ഇത്തരം വരകളിലെ വിവരങ്ങളെ തിരികെ വായിച്ചെടുക്കാൻ സഹായിക്കുന്ന ലേസർ സാങ്കേതിക വിദ്യ അന്ന് ലഭ്യമായിരുന്നില്ല. ഇതിനായി നീണ്ട 20 വർഷങ്ങൾ അദ്ദേഹത്തിന് കാത്തിരിക്കേണ്ടി വന്നു. 1972ൽ ഐ. ബി. എമ്മിലെ അദ്ദേഹത്തിന്റെ ടീം ബാർകോഡുകൾ വായിച്ചെടുക്കാവുന്ന ഒരു ലേസർ സ്കാനർ വികസിപ്പിച്ചു. 1974ൽ ട്രോയിലെ ഒരു സൂപ്പർമാർക്കറ്റിൽ വിറ്റ ഒരു പാക്ക് റിഗ്ലീസ് ചൂയിങ്ങ് ഗമ്മാണ് ബാർകോഡ് ഉപയോഗിച്ച് സ്കാൻ ചെയ്ത് വിറ്റ ആദ്യ ഉൽപ്പന്നം എന്ന് ബാർകോഡ് രംഗത്തെ സ്റ്റാൻഡേർഡിന് രൂപം നൽകിയ യു.പി.സി. പറയുന്നു.
ഒരു പലചരക്ക് കടയിലെ കൌണ്ടറിലെ ബാർകോഡ് യന്ത്ര സജ്ജീകരണങ്ങൾ കണ്ട് കൌതുകം പൂണ്ട അമേരിക്കൻ പ്രസിഡണ്ട് ജോർജ്ജ് ബുഷ് 1992ൽ വുഡ്ലാൻഡിനെ സാങ്കേതിക വിദ്യയുടെ പുരോഗതിക്ക് അദ്ദേഹം നൽകിയ സംഭാവനയുടെ പേരിൽ ആദരിക്കുകയുണ്ടായി.