കാറിന്റെ ടയര്‍ പഞ്ചറായാലോ ട്രാഫിക് കുരുക്കില്‍ പെട്ടാലോ സിനിമയുടെ ക്ലൈമാക്സ് തന്നെ മാറി പോകുന്ന പഴയ കാലത്തെ പറ്റി ഒരു നിമിഷം ഒന്ന് ഓര്‍ത്തു നോക്കൂ. നിങ്ങളുടെ മൊബൈല്‍ ഫോണ്‍ എവിടെയെങ്കിലും വെച്ച് മറന്നു പോയി എന്ന് കുറച്ചു നേരത്തിന് ശേഷം നിങ്ങള്‍ മനസ്സിലാക്കുമ്പോള്‍ നിങ്ങള്‍ക്ക് ആ കാലഘട്ടത്തെ പറ്റി എളുപ്പം ഓര്‍ക്കാന്‍ കഴിയും. കാരണം അത്രയധികം ഇന്ന് നമ്മള്‍ മൊബൈല്‍ ഫോണിനെ ആശ്രയിക്കുന്നു. മൊബൈല്‍ ഫോണിന്റെ ചാര്‍ജ് തീര്‍ന്ന് അത് ഓഫായാല്‍ ജീവിതം തന്നെ ഓഫ് ആയ പോലെയാണ് പലര്‍ക്കും. പിന്നീട് ഫോണ്‍ ഒന്ന് ചാര്‍ജ് ചെയ്‌താല്‍ മാത്രമേ നമുക്കും ജീവന്‍ വെയ്ക്കൂ.
എന്നാല്‍ ഇത്തരം അത്യാവശ്യ ഘട്ടങ്ങളില്‍ തുണയായി “സ്പെയര്‍ വണ്‍” എന്ന പേരില്‍ എമര്‍ജന്‍സി മൊബൈല്‍ ഫോണ്‍ വിപണിയില്‍ ഇറക്കുന്നു. പതിനഞ്ചു വര്ഷം വരെ ഉപയോഗിക്കാതെ എടുത്തു വെക്കാവുന്നതാണ് ഈ മൊബൈല്‍ ഫോണ്‍. നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ചാര്‍ജ് ഇല്ലാതെ വന്നാല്‍ ഈ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് അത്യാവശ്യം വിളിക്കേണ്ടവരെ വിളിക്കാം. ഒരേ ഒരു AA ബാറ്ററി ഉപയോഗിച്ചാണ് ഈ സെല്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
വെറും ഒരു ബാറ്ററി കൊണ്ട് പ്രവര്‍ത്തിക്കുന്ന ലോകത്തെ ഒരേ ഒരു മൊബൈല്‍ ഫോണ്‍ ആണിത് എന്ന് ഇതിന്റെ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. ഈ ഒരു ബാറ്ററി കൊണ്ട് പത്തു മണിക്കൂര്‍ ഈ ഫോണ്‍ പ്രവര്‍ത്തിപ്പിക്കാനാവും. ഓഫ് ചെയ്തു വെയ്ക്കുകയാണെങ്കില്‍ 15 വര്ഷം വരെ ബാറ്ററി ഉപയോഗയോഗ്യമായി എടുത്തു വെയ്ക്കാം. അതിനാല്‍ തന്നെ ഒരു എമര്‍ജന്‍സി ഫോണ്‍ ആയി ഇത് നിങ്ങളുടെ കാറിലോ ഫസ്റ്റ് എയ്ഡ് ബോക്സിലോ സൂക്ഷിക്കാം. അടുത്ത മാസം വിപണിയില്‍ എത്തുന്ന ഈ ഫോണിന് 2450 രൂപയാണ് വില.