ഒരു കാപ്പി കുടിക്കാൻ കോഫി ഷോപ്പിൽ കയറിയ അഭീൿ ആനന്ദ് ഒരിക്കലും ഒരുനാൾ താൻ ഫേസ്ബുക്കിന്റെ പടി ചവിട്ടും എന്ന് കരുതിക്കാണില്ല. കാപ്പിക്ക് കാശ് കൊടുക്കുമ്പോഴാണ് ഒരു പുതിയ ആശയം അഭീക്കിന്റെ മനസ്സിൽ ഉദിച്ചത്. കാശ് കൊടുക്കുവാൻ ടാഗ് ടൈൽ എന്ന ഒരു പുതിയ സംവിധാനം അദ്ദേഹം ആവിഷ്ക്കരിച്ചു. ഒരു കാപ്പി കോപ്പയുടെ അത്രയുമുള്ള ഒരു ഉപകരണം കാപ്പി കുടിക്കുന്ന മേശയിൽ വെയ്ക്കുക. കാശ് കൊടുക്കുന്നതിന് പകരം കയ്യിലുള്ള മൊബൈൽ ഫോൺ അതിലൊന്ന് പതുക്കെ മുട്ടുക. ഫോണിന്റെ ഉടമ ആരെന്ന് മനസ്സിലാക്കി കാപ്പിയുടെ കാശ് ഈ സംവിധാനം ഫോൺ വഴി ഈടാക്കിക്കൊള്ളും. മാത്രമല്ല കാപ്പിക്കട ഉടമയ്ക്ക് തങ്ങളുടെ സ്ഥിരം സന്ദർശകരെ തിരിച്ചറിയാനും തങ്ങളുടെ സന്ദർശകർക്ക് പ്രത്യേക ഓഫറുകൾ നൽകാനും സന്ദർശകരുമായി മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കാനും ഒക്കെയുള്ള സാഹചര്യം ടാഗ് ടൈൽ ഒരുക്കിക്കൊടുക്കുന്നു. ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയുമൊക്കെ ബന്ധിപ്പിച്ച് കച്ചവടം വിപുലമാക്കാനും ടാഗ് ടൈൽ സ്ഥാപനം ഉടമകൾക്ക് അവസരം ഒരുക്കുന്നു.
ഈ പുതിയ ആശയം പ്രചാരത്തിൽ ആയതോടെ ഇതിന്റെ കച്ചവട സാദ്ധ്യത മനസ്സിലാക്കിയ ഫേസ്ബുക്ക് അഭീക്കിന്റെ സ്ഥാപനം മൊത്തമായി വിലക്കു വാങ്ങികയാണു ഉണ്ടായത്. സ്ഥാപനം ഫേസ്ബുക്ക് വാങ്ങിയതിൽ അഭീൿ സന്തുഷ്ടനാണ്. തന്റെ ആശയം താൻ പ്രതീക്ഷിച്ചതിലും കൂടുതൽ വളരാൻ ഇത് വഴി തെളിക്കും എന്ന് അഭീൿ പറയുന്നു.
ഇത്തരം ഇന്റർനെറ്റ് ബിസിനസ് സംരംഭങ്ങൾ വൻകിട സ്ഥാപനങ്ങൾ വിലക്ക് വാങ്ങുന്നത് അമേരിക്കയിൽ സാധാരണമാണെങ്കിലും ഒരു ഇന്ത്യൻ സംരംഭകനെ സംബന്ധിച്ചേടത്തോളം ഇതൊരു അപൂർവ്വ സാമ്പത്തിക നേട്ടമാണ്.