മലയാളത്തിലെ സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാന കോശമായ മലയാളം വിക്കിപീഡിയ (http://ml.wikipedia.org) 15,000 ലേഖനങ്ങള്‍ എന്ന നാഴികക്കല്ല് പിന്നിട്ടു. 2010 നവംബര്‍ 10-നാണ് മലയാളം വിക്കിപീഡിയ 15000 ലേഖനങ്ങള്‍ പൂര്‍ത്തീകരിച്ചത്.
വിജ്ഞാനം പങ്കു വെയ്ക്കാനും മലയാള ഭാഷയോട് താല്പര്യവുമുള്ള നിരവധി പേര്‍ കഴിഞ്ഞ 8 വര്‍ഷത്തോളം പ്രതിഫലേച്ഛ ഇല്ലാതെ നടത്തിയ പ്രയത്നം ആണു് മലയാളം വിക്കിപീഡിയയെ ഈ നേട്ടത്തിനു അര്‍ഹമാക്കിയത്. ഇന്ത്യന്‍ വിക്കിപീഡിയകളില്‍ ഈ നേട്ടം കൈവരിക്കുന്ന എട്ടാമത്തെ വിക്കിപീഡിയ ആണു് മലയാളം. മലയാളത്തിനു മുന്‍പേ 15,000 ലേഖനങ്ങള്‍ എന്ന നേട്ടം കൈവരിച്ച ഇന്ത്യന്‍ ഭാഷകളിലെ മറ്റു് വിക്കിപീഡിയകള്‍ തെലുങ്ക്, ഹിന്ദി, മറാഠി, ബംഗാളി, ബിഷ്ണുപ്രിയ മണിപ്പൂരി, തമിഴു്, ഗുജറാത്തി എന്നിവയാണ്. 2010 നവംബര്‍ മാസത്തെ കണക്കനുസരിച്ച് 21000 ത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും, ഏതാണ്ടു് 280 പേരാണു് മലയാളം വിക്കിപീഡിയയില്‍ സജീവമായി തിരുത്തുന്നത്. ഇതില്‍ 19 പേര്‍ അഡ്മിനിസ്ട്രേറ്റര്‍മാരും നാലു പേര്‍ ബ്യൂറോക്രാറ്റുകളുമാണ്.
2002 ഡിസംബര്‍ 21-ന് തുടങ്ങിയ മലയാളം വിക്കിപീഡിയ എട്ട് വര്‍ഷത്തിനുള്ളില്‍ പതിനയ്യായിരം ലേഖനം തികച്ചത് മലയാള ഭാഷയ്ക്കു തന്നെ മികച്ച നേട്ടമായി കരുതാവുന്നതാണ്. സമൂഹത്തിന്റെ നാനാ തുറയിലുള്ള മലയാളികള്‍ ഈ സ്വതന്ത്ര സംരംഭത്തില്‍ പങ്കാളികള്‍ ആകുകയാണെങ്കില്‍ മലയാളം വിക്കിപീഡിയയുടെ വളര്‍ച്ച ത്വരിത ഗതിയിലാവുകയും ഭാവി മലയാളികള്‍ക്ക് വളരെ പ്രയോജനം ചെയ്യുന്ന പദ്ധതികളായി എല്ലാം മലയാളം വിക്കി പദ്ധതികളും മാറും.
മലയാളം വിക്കിപീഡിയയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ പടുത്തുയര്‍ത്തി യിരിക്കുന്നതു് ഇന്ത്യന്‍ ഭാഷകളിലെ മികച്ച വിക്കിപീഡിയകളില്‍ ഒന്നാണു് . ലേഖനങ്ങളുടെ എണ്ണത്തിലൊഴിച്ചു് മറ്റു് പല മാനദണ്ഡങ്ങളിലും മലയാളം വിക്കിപീഡിയ ഇതര ഇന്ത്യന്‍ വിക്കിപീഡിയ കളേക്കാള്‍ വളരെയേറെ മുന്നിലാണു്.
ഏറ്റവും അധികം തിരുത്തലുകള്‍ നടന്ന ഇന്ത്യന്‍ ഭാഷാ വിക്കിപീഡിയ, ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യപ്പെട്ട ഇന്ത്യന്‍ ഭാഷാ വിക്കിപീഡിയ, ഒരു ലേഖനത്തില്‍ ഏറ്റവും അധികം എഡിറ്റു് നടക്കുന്ന ഇന്ത്യന്‍ ഭാഷാ വിക്കിപീഡിയ, വിക്കി പഠന ശിബിരം, വിക്കി സംഗമങ്ങള്‍ എന്നിവ തുടര്‍ച്ചയായി നടത്തുന്ന ഇന്ത്യന്‍ വിക്കി സമൂഹം, വിക്കിപീഡിയ സി. ഡി, വിക്കിപീഡിയ പതിവ് ചോദ്യങ്ങള്‍ പുസ്തകം തുടങ്ങിയവ പുറത്തിറക്കിയ ഏക ഇന്ത്യന്‍ വിക്കി സമൂഹം, ഇങ്ങനെ തുടങ്ങി മിക്കവാറും എല്ലാ വിഭാഗത്തിലും മലയാളം വിക്കിപീഡിയയും അതിന്റെ സഹോദര സംരംഭങ്ങളും (വിക്കി ഗ്രന്ഥശാല, വിക്കി നിഘണ്ടു, വിക്കി ചൊല്ലുകള്‍, വിക്കി പാഠശാല തുടങ്ങിയവ), ഇന്ത്യന്‍ ഭാഷകളിലെ മറ്റ് വിക്കിപീഡിയകളെ അപേക്ഷിച്ച് വളരെയധികം മുന്‍പിലാണ്.
– അയച്ചു തന്നത് : അനൂപ്