ഫേസ്ബുക്ക് ഉയര്‍ത്തുന്ന സ്വകാര്യതാ ഭീഷണിയെ പറ്റി ഏറെ ചര്‍ച്ച ഉയരുന്ന സാഹചര്യത്തില്‍ ഇത്തരം സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഇന്റര്‍നെറ്റ് ഉപയോഗവുമായി ബന്ധപ്പെട്ട ചില അടിസ്ഥാനപരമായ കാര്യങ്ങള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.
ഇന്‍റര്‍നെറ്റില്‍ ലഭ്യമായ എല്ലാ വിവരങ്ങളും ചേര്‍ത്ത് വെച്ച് വായിച്ചാല്‍ ഒരു വ്യക്തിയെ സംബന്ധിക്കുന്ന ഏതാണ്ട് എല്ലാ വിവരങ്ങളും ലഭ്യമാകും എന്നതാണ് ഇന്നത്തെ “കണക്ടഡ് ലൈഫ്” ന്റെ (connected life) ദുരവസ്ഥ. ഇത് ഒരു അനിവാര്യതയുമാണ്.
വേള്‍ഡ് വൈഡ് വെബ് എന്നത് ഒരു പബ്ലിക് ഡൊമൈന്‍ നെറ്റ്വര്‍ക്ക് ആണ്. അതില്‍ ലഭ്യമാക്കുന്ന എല്ലാ വിവരങ്ങളും പബ്ലിക് ഡൊമൈന്‍ ആണ് എന്നതിനാല്‍ അതൊന്നും സ്വകാര്യതയുടെ വിവക്ഷയില്‍ വരുന്നില്ല. അങ്ങനെ വേണം എന്ന് നിര്‍ബന്ധം പിടിക്കുകയുമരുത്. സ്വതന്ത്രമായ വിവര ലഭ്യത – അതാണ് ഇന്റര്‍നെറ്റിന്റെ ഉത്ഭവത്തിന് പ്രചോദനമായത്. വിവരങ്ങള്‍ തേടിപ്പിടിക്കാനുള്ള ഈ സ്വാതന്ത്ര്യം ഉപയോക്താക്കാള്‍ക്ക് എന്നത് പോലെ സര്‍ക്കാരുകള്‍ക്കും ബാധകമാണ്.
വന്‍ തോതില്‍ മുതല്‍മുടക്കും, നടപ്പ് ചിലവും (operation and maintenance costs), രാഷ്ട്രീയ സുരക്ഷയും (political protection) ആവശ്യമാണ് ഇന്റര്‍നെറ്റ് പോലെ ഒരു അന്താരാഷ്‌ട്ര നെറ്റ്‌വര്‍ക്ക് നിലനില്‍ക്കാന്‍. അത് കൊണ്ട് തന്നെ ഇതില്‍ മുതല്‍ മുടക്കുന്ന സര്‍ക്കാരുകള്‍ക്ക് ഈ നെറ്റ്‌വര്‍ക്കുകള്‍ നിയന്ത്രിക്കുന്നതിലും ഉടമസ്ഥതയുമായി ബന്ധപ്പെട്ട് തങ്ങളുടെ നിയന്ത്രണവും അവകാശവും സ്ഥാപിക്കുന്നതിലും താല്പര്യം ഉണ്ടാവുന്നത് സ്വാഭാവികമാണ്.
സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ഇത്തരം സുരക്ഷാ ഏജന്‍സികള്‍ പരിശോധിക്കുന്നതും എതിര്‍ക്കാന്‍ ആവില്ല. കാരണം ഇന്റര്‍നെറ്റ് വിവിധ രാജ്യങ്ങള്‍ തമ്മില്‍ ചാര പ്രവര്‍ത്തനത്തിനും ശത്രു രാജ്യത്തിന്റെ സൈബര്‍ നെറ്റ്‌വര്‍ക്കിനെ ആക്രമിച്ചു നശിപ്പിക്കുകയും നിര്‍വീര്യമായ്ക്കുകയും ഒക്കെ ചെയ്യുന്ന യുദ്ധക്കളം പോലും ആയി തീര്‍ന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരം നിയന്ത്രണങ്ങളും സ്വകാര്യതാ കടന്നു കയറ്റവും ഒരു അനിവാര്യതയാണ്.
ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് സ്വകാര്യതയ്ക്ക് വേണ്ടി മുറവിളി കൂട്ടുന്നതില്‍ കാര്യമില്ല. പോലീസിംഗ് ഏതൊരു സമൂഹത്തിലും എന്നത് പോലെ സൈബര്‍ സമൂഹത്തിലും ഉണ്ടാവും എന്നത് അംഗീകരിച്ചേ പറ്റൂ.
സര്‍ക്കാര്‍ സേവനങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമായതോടെ ഒരു വ്യക്തിയുടെ സാമൂഹികമായ എല്ലാ വിവരങ്ങളും പൊതു സ്വത്തായി മാറിയിരിക്കുന്നു. നിങ്ങളുടെ എല്ലാ സൌഹൃദങ്ങളും ബന്ധങ്ങളും സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ ലഭ്യമാണ്. ചെറുപ്പം മുതല്‍ ഉള്ള ഫോട്ടോകള്‍ മുതല്‍ പഠിച്ച സ്ക്കൂളുകള്‍, സര്‍വകലാശാലകള്‍, നേരത്തെ ജോലി ചെയ്ത സ്ഥാപനങ്ങള്‍, നിങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ സൂക്ഷ്മ വിവരങ്ങള്‍, എന്ന് തുടങ്ങി നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട എന്തും ഈ സൈറ്റുകളില്‍ നിന്നും ലഭിക്കും. ഒരു വ്യക്തിയുടെ ഏറ്റവും സമ്പൂര്‍ണ്ണമായ ഒരു ജീവചരിത്രം തന്നെ ഈ വിവരങ്ങള്‍ വിശകലനം ചെയ്യുന്ന ഒരു ആള്‍ക്ക് നിര്‍മ്മിക്കാനാവും.
ഓര്‍ക്കുട്ട്, ഫേസ്ബുക്ക്, എന്നിങ്ങനെയുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെ സ്വകാര്യ ജീവിതത്തിന്റെ വിവരങ്ങള്‍ ലഭ്യമാകുമ്പോള്‍ ലിങ്ക്ഡ് ഇന്‍, സിംഗ് മുതലായ ബിസിനസ് സൈറ്റുകളില്‍ നിങ്ങളുടെ എല്ലാ ബിസിനസ് ബന്ധങ്ങളും ലഭ്യമാകുന്നു. ഗൂഗിള്‍, യാഹൂ മുതലായ സര്‍വീസുകളില്‍ നിങ്ങളുടെ ഈമെയിലുകള്‍ സര്‍വകാല ശേഖരമായി നിലനില്‍ക്കുന്നു. ഈ സൈറ്റുകളില്‍ ലഭ്യമായ ഫോട്ടോ അപ്ലോഡ് സേവനം വഴി നിങ്ങള്‍ സൂക്ഷിച്ചു വെച്ച ഫോട്ടോകള്‍, ഇവയിലെ ചാറ്റ് സേവനങ്ങള്‍ വഴി നിങ്ങള്‍ നടത്തിയ സ്വകാര്യ സംഭാഷണങ്ങള്‍ വരെ ഇനി നിങ്ങള്‍ക്ക് സ്വന്തമല്ല എന്ന് ഓര്‍ക്കുക.
ട്വിറ്റര്‍, ടംബ്ലര്‍ എന്നീ സൈറ്റുകളില്‍ നിരവധി ലോക പ്രശസ്തരായ വ്യക്തികളും ഭരണാധിപന്മാര്‍ വരെയും തങ്ങളുടെ സ്വകാര്യ ജീവിതത്തിന്റെ ഓരോ നിമിഷവും ലോകവുമായി പങ്കു വെയ്ക്കുന്നു. പല കമ്പനികളും പുതിയ തൊഴിലാളികളെ തെരഞ്ഞെടുക്കുന്ന വേളയില്‍ അവരുടെ ട്വിറ്റര്‍ ട്വീറ്റുകള്‍ പരിശോധിച്ച് തങ്ങളുടെ ഭാവി ഉദ്യോഗസ്ഥരുടെ ശരിയായ ഉള്ളിലിരിപ്പ് മനസ്സിലാക്കുന്നുണ്ട്. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളും കമ്പനികള്‍ വിശദമായി പരിശോധിച്ച് തൊഴിലാളികളുടെ കൂട്ടുകെട്ടുകള്‍ നിരീക്ഷിക്കുന്നു.
ഈ സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ അതില്‍ ലഭ്യമായ സ്വകാര്യതാ സെറ്റിങ്ങുകള്‍ വേണ്ട വിധം ഉപയോഗിച്ച് അപരിചിതര്‍ക്ക് തങ്ങളുടെ സ്വകാര്യ ഫോട്ടോകളും വിവരങ്ങളും മറ്റും ലഭിക്കുന്നതില്‍ നിന്നും തടയാനാവും. എന്നാല്‍ ഒരു സാധാരണ ഉപയോക്താവില്‍ നിന്നും ഇതെല്ലാം മറച്ചു പിടിക്കാന്‍ ആവുമെങ്കിലും ഒരു നല്ല ഹാക്കര്‍ക്ക് നേരിട്ടോ, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കോടതി ഉത്തരവുകള്‍ വഴിയോ ഇത്തരം വിവരങ്ങള്‍ ശേഖരിക്കാനാവും എന്നത് നാം ഓര്‍ക്കണം
നിയന്ത്രണ ഏജന്‍സികള്‍ കാണാന്‍ പാടില്ലാത്ത വിവരങ്ങള്‍ വെബ് സൈറ്റുകളില്‍ നല്‍കാതിരിക്കുക എന്നതാണ് ഉപയോക്താക്കള്‍ ചെയ്യേണ്ടത്. ഫേസ്ബുക്ക്, ഗൂഗിള്‍, യാഹൂ എന്നിങ്ങനെയുള്ള സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ തങ്ങളുടെ സ്വകാര്യതയെ കുറിച്ച് ആകുലപ്പെടുന്നതില്‍ കാര്യമില്ല. ഇത്തരം ഏതു ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കുമ്പോഴും നിങ്ങള്‍ക്ക് ഒരു സ്വകാര്യതയും ഇല്ല എന്ന് ഇപ്പോഴും ഓര്‍ക്കുക.
വീട്ടിലെ സ്വകാര്യതയില്‍ നിന്നാണ് ഇന്റര്‍നെറ്റ് ബ്രൌസ് ചെയ്യുന്നത് എന്നത് കൊണ്ടാവാം ഒരു തെറ്റായ സുരക്ഷിതത്വ ബോധം നമുക്ക് പലപ്പോഴും അനുഭവപ്പെടുന്നത്. ഇത് ശരിയല്ല. ഇന്റര്‍നെറ്റില്‍ എന്ത് ചെയ്യുമ്പോഴും നാം ഒരു പൊതു നിരത്തില്‍ വെച്ചിട്ടുള്ള ഒരു മേശപ്പുറത്താണ് ജോലി ചെയ്യുന്നത് എന്ന് കരുതി വേണം പ്രവര്‍ത്തിക്കാന്‍.