ബാർകോഡിന്റെ ഉപജ്ഞാതാവ് നോർമൻ വുഡ്ലാൻഡ് അന്തരിച്ചു

December 15th, 2012

Norman-Joseph-Woodland-epathram

ചില്ലറ വ്യാപാര രംഗത്തും, ചരക്ക് ഗതാഗത രംഗത്തും മറ്റും വിപ്ലവകരമായ സാങ്കേതിക പുരോഗതിക്ക് കാരണമായ ബാർകോഡ് സമ്പ്രദായം വികസിപ്പിച്ചെടുത്ത നോർമൻ ജോസഫ് വുഡ്ലാൻഡ് അന്തരിച്ചു. 91 വയസായിരുന്നു. വാർദ്ധക്യ സഹജമായ രോഗങ്ങൾ കൊണ്ടാണ് മരണം. ന്യൂ ജേഴ്സിയിൽ അൽ ഷീമേഴ്സ് രോഗ ബാധിതനായി കഴിഞ്ഞിരുന്ന അദ്ദേഹം ഞായറാഴ്ച്ചയാണ് മരിച്ചത് എന്ന് മകൾ സൂസനാണ് ഇന്നലെ മാദ്ധ്യമങ്ങളെ അറിയിച്ചത്.

ഇന്ന് ലോകമെമ്പാടുമുള്ള ഏതൊരു ഉൽപ്പന്നത്തിന്റേയും മുകളിൽ കാണപ്പെടുന്ന ബാർകോഡ് അഗോള തലത്തിൽ തന്നെ വ്യവസായ വ്യാപാര രംഗത്തെ ഉൽപ്പാദന ക്ഷമത വർദ്ധിപ്പിച്ച് സാമ്പത്തിക രംഗത്തെ ഏറ്റവും അധികം സ്വാധീനം ചെലുത്തിയ കണ്ടുപിടുത്തങ്ങളിൽ ഒന്നായി അറിയപ്പെടുന്നു.

epathram-barcode

മെക്കാനിക്കൽ എഞ്ജിനിയറിങ്ങ് വിദ്യാർത്ഥി ആയിരിക്കെ ഒരു പലചരക്ക് വ്യാപാരി തന്റെ പ്രൊഫസറോട് സാധനങ്ങളുടെ വിലവിവരങ്ങൾ എളുപ്പം കൌണ്ടറിൽ ലഭിക്കാനുതകുന്ന എന്തെങ്കിലും വിദ്യയെ കുറിച്ച് ആരായുന്നത് വൂഡ്ലാൻഡ് കേട്ടതാണ് ബാർകോഡിന്റെ അവിർഭാവത്തിന് കാരണമായത്. എഞ്ജിനിയറിങ്ങ് ബിരുദം നേടിയ ശേഷം തുടർന്നുള്ള പഠനം വേണ്ടെന്ന് വെച്ച് അദ്ദേഹം ബാർകോഡ് എന്ന ആശയത്തെ കുറിച്ച് ഗവേഷണം നടത്താൻ തീരുമാനിച്ചു. തനിക്ക് ആകെ അറിയാമായിരുന കോഡ് കുത്തുകളും വരകളും അടങ്ങിയ മോഴ്സ് കോഡായിരുന്നു. ഒരു ദിവസം കടപ്പുറത്തെ മണലിൽ അലസമായി കുത്തുകളും വരകളും കൊണ്ട് മോഴ്സ് കോഡ് വരച്ച വുഡ്ലാൻഡിന്റെ വിരലുകൾ മണലിൽ തന്നെ പതിഞ്ഞു കിടന്നു. അൽപ്പ നേരം കഴിഞ്ഞ് മണലിൽ നോക്കിയപ്പോൾ വിരലുകൾ മണലിൽ ചലിച്ച് നീണ്ട വരകൾ രചിച്ചത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. അദ്ഭുതകരമായ ഒരു പ്രചോദനത്തിന്റെ നിമിഷമായിരുന്നു അത്. കട്ടി കുറഞ്ഞതും കൂടിയതുമായ വരകൾ കൊണ്ട് കോഡ് നിർമ്മിക്കാനാവും എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ആദ്യമായി നിർമ്മിച്ച ബാർകോഡ് വൃത്താകാരത്തിൽ ഉള്ളതായിരുന്നു. 1952ൽ ഇതിന് അദ്ദേഹം പേറ്റന്റും സമ്പാദിച്ചു. എന്നാൽ ഇത്തരം വരകളിലെ വിവരങ്ങളെ തിരികെ വായിച്ചെടുക്കാൻ സഹായിക്കുന്ന ലേസർ സാങ്കേതിക വിദ്യ അന്ന് ലഭ്യമായിരുന്നില്ല. ഇതിനായി നീണ്ട 20 വർഷങ്ങൾ അദ്ദേഹത്തിന് കാത്തിരിക്കേണ്ടി വന്നു. 1972ൽ ഐ. ബി. എമ്മിലെ അദ്ദേഹത്തിന്റെ ടീം ബാർകോഡുകൾ വായിച്ചെടുക്കാവുന്ന ഒരു ലേസർ സ്കാനർ വികസിപ്പിച്ചു. 1974ൽ ട്രോയിലെ ഒരു സൂപ്പർമാർക്കറ്റിൽ വിറ്റ ഒരു പാക്ക് റിഗ്ലീസ് ചൂയിങ്ങ് ഗമ്മാണ് ബാർകോഡ് ഉപയോഗിച്ച് സ്കാൻ ചെയ്ത് വിറ്റ ആദ്യ ഉൽപ്പന്നം എന്ന് ബാർകോഡ് രംഗത്തെ സ്റ്റാൻഡേർഡിന് രൂപം നൽകിയ യു.പി.സി. പറയുന്നു.

ഒരു പലചരക്ക് കടയിലെ കൌണ്ടറിലെ ബാർകോഡ് യന്ത്ര സജ്ജീകരണങ്ങൾ കണ്ട് കൌതുകം പൂണ്ട അമേരിക്കൻ പ്രസിഡണ്ട് ജോർജ്ജ് ബുഷ് 1992ൽ വുഡ്ലാൻഡിനെ സാങ്കേതിക വിദ്യയുടെ പുരോഗതിക്ക് അദ്ദേഹം നൽകിയ സംഭാവനയുടെ പേരിൽ ആദരിക്കുകയുണ്ടായി.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

അപ്പിൾ ടു ആപ്പിൾ : സാംസങ്ങ് തിരിച്ചടിക്കുന്നു

September 16th, 2012

samsung-iphone-ad-epathram

കാലിഫോർണിയ : ആപ്പിൾ കമ്പനിയോട് കോടതിയിൽ തോറ്റ സാംസങ്ങ് ആപ്പിൾ തങ്ങളുടെ ഏറ്റവും പുതിയ മോഡൽ സ്മാർട്ട് ഫോണായ ഐഫോൺ-5 പുറത്തിറക്കിയ ഉടൻ ആപ്പിളിനെ തിരിച്ചടിച്ചു. ഐഫോൺ വലിയ സംഭവം ഒന്നുമല്ല എന്ന് തെളിയിക്കുന്നതാണ് സാംസങ്ങിന്റെ ഏറ്റവും പുതിയ പരസ്യം. ഐഫോൺ-5 ന്റെ എല്ലാ പ്രത്യേകതകളും ഓരോന്നായി എടുത്ത് ഇതെല്ലാം തന്നെ നേരത്തേ തന്നെ തങ്ങളുടെ ഗാലക്സി എസ്-III ഫോണിൽ ഉണ്ടായിരുന്നതാണ് എന്നാണ് സാംസങ്ങ് പരസ്യത്തിലൂടെ വ്യക്തമാക്കുന്നത്. മാത്രവുമല്ല ഐഫോണിൽ ഇല്ലാത്ത തങ്ങളുടെ സവിശേഷതകളും പരസ്യം വിളിച്ചോതുന്നു.

samsung-iphone-advertisement-epathram

സ്ക്രീൻ വലിപ്പത്തിലും റെസല്യൂഷനിലും ഐഫോണിനേക്കാൾ ഒരു പടി മുന്നിലാണ് എസ്-III. സ്റ്റാൻഡ് ബൈ സമയത്തിലും സംസാര സമയത്തിലും ബഹുദൂരം മുന്നിലും. ഐഫോൺ 225 മണിക്കൂർ സ്റ്റാൻഡ് ബൈ സമയം വാഗ്ദാനം ചെയ്യുമ്പോൾ എസ്-III യുടേത് 790 മണിക്കൂറോടെ ഐഫോണിന്റെ മൂന്നിരട്ടിയിലേറെയാണ്. ഐഫോൺ 8 മണിക്കൂർ സംസാര സമയം നൽകുമെന്ന് പറയുമ്പോൾ എസ്-III നൽകുന്നത് 11.4 മണിക്കൂറാണ്. 2 ജി.ബി. യോടെ എസ്-III യുടെ മെമ്മറി ഐഫോണിന്റെ ഇരട്ടിയാണ്. കൂടാതെ എസ്-III യിൽ 64 ജി.ബി. വരെ എക്സ്റ്റേണൽ മെമ്മറിയായി മൈക്രോ എസ്.ഡി. കാർഡ് ഉപയോഗിക്കുകയുമാവാം. ഐഫോണിൽ ഇത്തരത്തിൽ എക്സ്റ്റേണൽ മെമ്മറി ഉപയോഗിക്കാൻ ആവില്ല. തങ്ങളുടെ ഡാറ്റാ കണക്ഷൻ പ്ലഗ് വ്യത്യസ്തമാണ് എന്ന് ആപ്പിൾ അവകാശപ്പെടുന്നതും സാംസങ്ങ് തങ്ങളുടേത് തികച്ചും വ്യാപകവും സ്റ്റാൻഡേർഡുമായ മൈക്രോ യു.എസ്.ബി. ആണെന്ന വെളിപ്പെടുത്തലോടെ നിഷ്പ്രഭമാക്കുന്നു. സാംസങ്ങ് ബാറ്ററി പുറത്തെടുക്കാവുന്നതാണ് എന്നതും ഉപയോക്താക്കൾക്ക് വലിയ ഒരാശ്വാസം തന്നെയാണ്. ഇതിന് പുറമെ സാംസങ്ങിന് മാത്രം അവകാശപ്പെടാവുന്ന ഒട്ടനവധി സൌകര്യങ്ങളും പരസ്യത്തിൽ കാണിച്ചിരിക്കുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആപ്പിൾ പകർത്തിയ സാംസങ് വെട്ടിലായി

August 25th, 2012

apple-samsung-copy-epathram

സാൻ ജോസ് : ആപ്പിളിന്റെ ഐഫോൺ, ഐപാഡ് എന്നിവയുടെ രൂപകൽപ്പന പകർത്തിയാണ് സാംസങ് ഫോണുകൾ നിർമ്മിക്കുന്നത് എന്ന ആപ്പിളിന്റെ വാദം അമേരിക്കൻ കോടതി അംഗീകരിച്ചു. ഇതിന് നഷ്ടപരിഹാരമായി കൊറിയൻ കമ്പനിയായ സാംസങ് 1.051 ബില്യൺ ഡോളർ ആപ്പിളിന് നൽകണം എന്നും കോടതി വിധിച്ചു. ഇതോടെ ഏറെ ജനപ്രിയമായ ഒട്ടേറെ സാംസങ് ഫോണുകളുടെ വിൽപ്പനയ്ക്ക് വിലക്ക് നിലവിൽ വരും. ഈ ആഴ്ച്ച ഉണ്ടായ വർദ്ധനയോടെ വിപണി മൂല്യത്തിൽ ചരിത്രത്തിൽ തന്നെ ഒന്നാമതെത്തിയ അപ്പിളിന്റെ മേധാവിത്വം മൊബൈൽ മേഖലയിൽ ഇതോടെ ഉറപ്പായി.

സാംസങ്ങിന് എതിരെയുള്ള ഈ കോടതി വിധി യഥാർത്ഥത്തിൽ ഗൂഗിളിന് നേരെയുള്ള ആക്രമണത്തിന്റെ ആരംഭമായാണ് കണക്കാക്കപ്പെടുന്നത്. കുറഞ്ഞ കാലം കൊണ്ട് സാംസങ് അടക്കം നിരവധി മൊബൈൽ ഫോൺ നിർമ്മാണ കമ്പനികൾ ഗൂഗിളിന്റെ ആൻഡ്രോയ്ഡ് മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുകയും അതിന് വൻ പ്രചാരം നല്കുകയും ചെയ്തു. ആപ്പിളിന്റെ ഉല്പ്പന്നങ്ങളിൽ ഉള്ളത് പോലുള്ള നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ ആൻഡ്രോയ്ഡ് ഫോണുകളിൽ വൻ തോതിൽ മൊബൈൽ പ്രോഗ്രാമുകൾ സ്വതന്ത്രമായി ലഭ്യമായതും ആൻഡ്രോയ്ഡ് ഫോണുകളുടെ വൻ ജനപ്രീതിക്ക് കാരണമായി.

ഒട്ടേറെ രാജ്യങ്ങളിലെ കോടതികളിൽ ആപ്പിൾ സാംസങ്ങിനെതിരെ വ്യവഹാരം നടത്തുന്നുണ്ട്. തെക്കൻ കൊറിയയിലെ കോടതി രണ്ട് കമ്പനികളും കുറ്റക്കാരാണ് എന്ന് കണ്ടെത്തുകയും സാംസങ്ങിന്റെ ഗാലക്സി എസ്-2 ഫോൺ അടക്കം നിരവധി മോഡലുകളുടെയും ആപ്പിളിന്റെ ഐഫോൺ-4ന്റെ വിൽപ്പനയും നിരോധിച്ചിരുന്നു.

എന്നാൽ ലോകത്തെ ഏറ്റവും വലിയ സാങ്കേതികവിദ്യാ വിപണിയായ അമേരിക്കയിൽ നേടിയ ജയം ആപ്പിളിനെ സംബന്ധിച്ച് ഏറെ പ്രാധാന്യം അർഹിക്കുന്നു.

പരസ്പരം കൊമ്പു കോർക്കുന്ന ആപ്പിൾ പക്ഷെ സാംസങ്ങുമായി ഇപ്പോഴും ശക്തമായ വ്യാപാര ബന്ധം പുലർത്തുന്നുണ്ട് എന്നതാണ് രസകരം. അപ്പിളിന്റെ ഉൽപ്പാദനത്തിന് ആവശ്യമായ മൈക്രോപ്രോസസർ അടക്കം നിരവധി ഭാഗങ്ങൾ സാംസങ് ആണ് ആപ്പിളിന് നിർമ്മിച്ചു നൽകുന്നത്. 5 ബില്യൺ ഡോളറിൽ അധികം വരും ഈ വ്യാപാരം.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഡി.എൻ.എസ്. അന്തകന്റെ ദിനം

July 9th, 2012

dns-changer-malware-epathram

ഇന്ന് ലോകമെമ്പാടുമുള്ള 40 ലക്ഷം കമ്പ്യൂട്ടറുകൾ ഇന്റർനെറ്റ് വിച്ഛേദിക്കപ്പെടും എന്ന ഭീഷണി നേരിടുന്നു. ഡി. എൻ. എസ്. ചേഞ്ചർ എന്ന വൈറസ് ബാധിച്ച കമ്പ്യൂട്ടറുകൾക്കാണ് എന്ന് ഈ ദുർഗതി ഉണ്ടാവുക. വെബ് സൈറ്റ് വിലാസങ്ങൾ ഗതി മാറ്റി തങ്ങൾക്ക് പണം നൽകിയവരുടെ പരസ്യ സൈറ്റുകളിലേക്കും മറ്റും സന്ദർശകരെ കൊണ്ടെത്തിക്കുക എന്നതാണ് ഈ വൈറസ് ചെയ്യുന്നത്. അതായത് നിങ്ങളുടെ കമ്പ്യൂട്ടർ വൈറസ് ബാധിതമാണെങ്കിൽ നിങ്ങൾ വെബ് ബ്രൌസറിൽ epathram.com എന്ന് ടൈപ്പ് ചെയ്താൽ നിങ്ങളുടെ ബ്രൌസറിൽ തുറക്കുന്നത് ഏതെങ്കിലും പരസ്യ കമ്പനിയുടെ സൈറ്റ് ആയിരിക്കും. ഇത്തരം പരസ്യ കമ്പനികളിൽ നിന്നും പണം കൈപ്പറ്റിയ ഒരു സംഘം ഇന്റർനെറ്റ് കുറ്റവാളികളാണ് ഇതിന് പുറകിൽ. വെബ് സൈറ്റുകളുടെ വിലാസം ശരിയായ സെർവറുകളിലേക്ക് തിരിച്ചു വിടുന്നത് ഡൊമൈൻ നെയിം സെർവർ (DNS) എന്ന് അറിയപ്പെടുന്ന സെർവറുകളാണ്. നിങ്ങളുടെ കമ്പ്യൂട്ടറുകളിൽ ഈ ഡി. എൻ. എസ്. സെർവറുടെ വിലാസം കൊടുത്തിരിക്കുന്നതിനെ അവഗണിച്ച് വൈറസ് അതിന്റേതായ ചില ഡി. എൻ. എസ്. സെർവറുകളിലേക്ക് നിങ്ങളുടെ ബ്രൌസറിനെ ഗതി തിരിച്ചു വിടും. കുറ്റവാളികൾ കൈവശപ്പെടുത്തി വെച്ച ഈ ഡി. എൻ. എസ്. സെർവറുകൾ നിങ്ങളെ പരസ്യ കമ്പനികളുടെ സൈറ്റുകളിലേക്കും കൊണ്ടു പോകും. ഇതാണ് ഇതിന്റെ പ്രവർത്തന രീതി.

2011 നവമ്പറിൽ തന്നെ ഈ സംഘത്തെ പറ്റി അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്. ബി. ഐ. ക്ക് വിവരം ലഭിച്ചിരുന്നു. ഇത്തരം ഡി. എൻ. എസ്. സെർവറുകളെ തുടർന്നു നടന്ന അന്വേഷണത്തിൽ കണ്ടെത്തുകയും ഇവയെ നിർവ്വീര്യമാക്കുകയും ചെയ്തു. എന്നാൽ ഉപയോക്താക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ എഫ്. ബി. ഐ. ഈ കുറ്റവാളികളെ പൂർണ്ണമായി നിർവ്വീര്യമാക്കുന്നത് വരെ പകരം സംവിധാനം ഒരുക്കാൻ ഇന്റർനെറ്റ് സിസ്റ്റംസ് കൺസോർഷ്യം (ISC) എന്ന ഒരു സന്നദ്ധ സംഘടനയോട് നിർദ്ദേശിച്ചിരുന്നു. ഇത് പ്രകാരം ഇത്രയും നാൾ ൈ. എസ്. സി. ഈ ഡി. എൻ. എസ്. സെർവറുകൾ പ്രവർത്തിപ്പിച്ചു. കോടതി ഉത്തരവിന്റെ കാലാവധി ഇന്ന് അവസാനിക്കുമ്പോൾ ഐ. എസ്. സി. ഈ സെർവറുകൾ നിർത്തലാക്കും. അതോടെ വൈറസ് ബാധിത കമ്പ്യൂട്ടറുകൾക്ക് ഇന്റർനെറ്റ് സൈറ്റുകൾ അപ്രാപ്യമാവും. വൈറസ് ബാധിച്ച പല കമ്പ്യൂട്ടറുകളിൽ നിന്നും ആന്റി വൈറസുകളും മറ്റും വൈറസുകളെ നിരവ്വീര്യമാക്കിയിട്ടുണ്ടെങ്കിലും ഇപ്പോഴും ഏതാണ്ട് 40 ലക്ഷം കമ്പ്യൂട്ടറുകൾ ഇപ്പോഴും ഈ വൈറസ് തകരാറിലാക്കിയിട്ടുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. ഇവയെല്ലാം ഇന്ന് മുതൽ ഇന്റർനെറ്റ് ബന്ധം സ്ഥാപിക്കാൻ കഴിയാതെ വലയും.

നിങ്ങളുടെ കമ്പ്യൂട്ടറിൽ വൈറസ് ഇല്ല എന്ന് ഉറപ്പ് വരുത്താൻ ഈ ലിങ്ക്‍ സന്ദർശിക്കുക. നിങ്ങൾക്ക് ലഭിക്കുന്ന ചിത്രം മുകളിൽ കാണുന്ന പോലെ ചുവപ്പാണെങ്കിൽ വൈറസ് ഉണ്ടെന്ന് ഉറപ്പിക്കാം. പച്ചയാണെങ്കിൽ വൈറസ് ഇല്ലെന്നും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

നെക്സ്റ്റ് ഡ്രോപ്പ് : സാങ്കേതിക വിദ്യ ജനനന്മയ്ക്ക്

July 1st, 2012

anu-sridharan-epathram

ജനോപകാരപ്രദമായ സാങ്കേതിക വിദ്യകൾ പലതുമുണ്ട്. എന്നാൽ ലഭ്യമായ സാങ്കേതിക വിദ്യകൾ ഫലപ്രദമായി ഉപയോഗിക്കുന്നതും ഒരു കലയാണ്. ഇത്തരം ഒരു സംരംഭത്തിലൂടെ ജനനന്മയും ഒപ്പം ലാഭവും നേടാം എന്ന് തെളിയിച്ചിരിക്കുകയാണ് നെക്സ്റ്റ് ഡ്രോപ്പ് എന്ന സംഘടന. കടുത്ത ജല ക്ഷാമം അനുഭവിക്കുന്ന കർണ്ണാടകയിലെ ഹുബ്ലി – ധാർവാഡ് പ്രദേശത്തെ ജനങ്ങൾക്കാണ് നെക്സ്റ്റ് ഡ്രോപ്പിന്റെ നൂതന ആശയം അനുഗ്രഹമായത്. അമേരിക്കയിൽ ജനിച്ചു വളർന്ന ഇന്ത്യൻ വംശജയായ അനു ശ്രീധരനാണ് നെക്സ്റ്റ് ഡ്രോപ്പിന്റെ സ്ഥാപക.

ജല ക്ഷാമം രൂക്ഷമായ ഈ പ്രദേശത്ത് ജല വിതരണ വകുപ്പ് ശുദ്ധ ജല കുഴലുകൾ വഴിയെത്തിക്കുന്ന ജലം പലപ്പോഴും പ്രതിദിനം ഒന്നോ രണ്ടോ മണിക്കൂറുകൾ മാത്രമാണ് ലഭിക്കുക. ഇതാവട്ടെ പലപ്പോഴും പല സമയത്തും. പഴകിയ വാൽവുകളും കാര്യക്ഷമമല്ലാത്ത വിതരണ സംവിധാനവും, കുഴലുകൾ പൊട്ടുന്നതും, വൈദ്യുതി നിലയ്ക്കുന്നതും, അറ്റകുറ്റപണികളും മൂലം കൃത്യ സമയത്ത് ജലം എത്തിക്കാൻ അധികൃതർക്ക് കഴിയുന്നില്ല. ജലം വരുന്ന സമയവും കാത്ത് വീട്ടുകാർ പലപ്പോഴും ജോലിയിൽ നിന്നും അവധി എടുത്തും ഉറക്കമിളച്ചും കാത്തിരിക്കുകയാണ് പതിവ്.

next-drop-epathram

ഇവിടെയാണ് നെക്സ്റ്റ് ഡ്രോപ്പ് എസ്. എം. എസ്. (ഷോർട്ട് മെസ്സേജിങ്ങ് സർവീസ്) സാങ്കേതിക വിദ്യ വഴി ഇതിന് ഒരു അറുതി വരുത്തിയത്. ജല വിതരണ വകുപ്പ് വഴി തങ്ങളുടെ സേവനം ആവശ്യപ്പെടുന്നവർക്ക് ജലം അതാത് പ്രദേശത്ത് എത്തുന്നതിന് മൂന്ന് മണിക്കൂർ മുൻപും ജല എത്തിയ ഉടനെയും അവരുടെ മൊബൈൽ ഫോണിൽ എസ്. എം. എസ്. സന്ദേശം ലഭിക്കും. വിവിധ പ്രദേശങ്ങളിലേക്ക് ജലം തുറന്നു വിടുന്ന ജല വകുപ്പിലെ ഉദ്യോഗസ്ഥർ നെക്സ്റ്റ് ഡ്രോപ്പിലേക്ക് അവർ തുറന്നു വിട്ട പ്രദേശം ഏതെന്ന് സന്ദേശം നൽകുന്നു. ഈ വിവരം നെക്സ്റ്റ് ഡ്രോപ്പ് ആ പ്രദേശത്തെ തങ്ങളുടെ ഉപയോക്താക്കളുടെ മൊബൈൽ ഫോണുകളിലേക്ക് അയക്കുന്നു. ഇതാണ് ഈ സംവിധാനത്തിന്റെ പ്രവർത്തന രീതി.

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരിൽ നിന്നും ഒരു മാസം 5 രൂപയാണ് നെക്സ്റ്റ് ഡ്രോപ്പ് ഈടാക്കുന്നത്. ബാക്കിയുള്ളവരിൽ നിന്നും മാസം 10 രൂപയും. ജല വകുപ്പ് വഴിയാണ് ഈ സേവനം ലഭ്യമാക്കുന്നത്. എങ്കിലും ഇത് നിർബന്ധമല്ല. സേവനം ആവശ്യമുള്ളവർ മാത്രം ഇതിൽ ചേർന്നാൽ മതി എന്നാണെങ്കിലും ഇതിന്റെ ഉപയോഗയോഗ്യത മനസ്സിലാക്കിയവർ എല്ലാവരും തന്നെ ഈ സേവനം ഉപയോഗിക്കുന്നു. 2011 സെപ്റ്റെംബർ മാസത്തിൽ തുടങ്ങിയ ഈ സേവനത്തിന് ഇതു വരെ 25000ത്തിലേറെ വീട്ടുകാർ പങ്കു ചേർന്നിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

1 of 11123...10...Last »

« Previous « ടാഗ് ടൈൽ ഫേസ്ബുക്ക് കൈവശപ്പെടുത്തി
Next Page » ഡി.എൻ.എസ്. അന്തകന്റെ ദിനം »

 • ബാർകോഡിന്റെ ഉപജ്ഞാതാവ് നോർമൻ വുഡ്ലാൻഡ് അന്തരിച്ചു
 • അപ്പിൾ ടു ആപ്പിൾ : സാംസങ്ങ് തിരിച്ചടിക്കുന്നു
 • ആപ്പിൾ പകർത്തിയ സാംസങ് വെട്ടിലായി
 • ഡി.എൻ.എസ്. അന്തകന്റെ ദിനം
 • നെക്സ്റ്റ് ഡ്രോപ്പ് : സാങ്കേതിക വിദ്യ ജനനന്മയ്ക്ക്
 • ടാഗ് ടൈൽ ഫേസ്ബുക്ക് കൈവശപ്പെടുത്തി
 • ഐഫോണ്‍ കൊണ്ട് ആത്മരക്ഷ
 • ആകാശിനെ വെല്ലാന്‍ ബി.എസ്.എന്‍.എല്‍.
 • ഐപാഡ് തങ്ങളുടേതാണെന്ന് ചൈനീസ്‌ കമ്പനി
 • ഐഫോണ്‍ ഗാസ് അടുപ്പുകള്‍ പിടിച്ചെടുത്തു
 • എമര്‍ജന്‍സി മൊബൈല്‍ ഫോണ്‍ വരുന്നു
 • ഹേര്‍ട്ട്സിനെ ഗൂഗിള്‍ ഡൂഡ്ല്‍ കൊണ്ട് ആദരിച്ചു
 • ഗൂഗിള്‍ നയമാറ്റം എങ്ങനെ ഉപയോക്താക്കളെ ബാധിക്കും
 • ഗൂഗിള്‍ ബസ്‌ ഇനി ഓടില്ല
 • മൈക്രോസോഫ്റ്റ്‌ സ്കൈപ്പ് കൈയ്യടക്കി
 • ഫേസ്ബുക്ക് ഉയര്‍ത്തുന്ന സ്വകാര്യതാ പ്രശ്നങ്ങള്‍
 • മലയാളം വിക്കിപീഡിയയില്‍ 15000 ലേഖനങ്ങള്‍
 • ഗൂഗിള്‍ തൊഴിലാളികള്‍ക്ക്‌ വീട്ടുവേലക്കാര്‍
 • ഗൂഗിള്‍ ചാറ്റില്‍ മലയാളം നിഘണ്ടു
 • മമ്മുട്ടിയുടെ വെബ് സൈറ്റ്‌ ഹാക്ക്‌ ചെയ്യപ്പെട്ടു

 • © e പത്രം 2010