കേരള സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള IT@school പദ്ധതി പ്രകാരം ആവിഷ്ക്കാരം ചെയ്തു നടപ്പിലാക്കിയ സ്ക്കൂള്‍ വിക്കി തയ്യാറായി. സംസ്ഥാനത്തെ മുഴുവന്‍ സ്ക്കൂളുകള്‍ക്കും പങ്കെടുക്കാവുന്ന ഈ പദ്ധതിയില്‍ നവമ്പര്‍ ഒന്നു മുതല്‍ സ്ക്കൂളുകള്‍ക്ക് തങ്ങളുടെ പേര് റെജിസ്റ്റര്‍ ചെയ്യാനാവും.
വിക്കിപീഡിയയുടെ മാതൃകയില്‍ മലയാളത്തിലാണ് സ്ക്കൂള്‍ വിക്കി തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ പങ്കെടുക്കുന്ന സ്ക്കൂളുകള്‍ക്ക് തങ്ങളുടെ സ്ക്കൂളിനെ പറ്റിയുള്ള എല്ലാ വിവരങ്ങളും ചേര്‍ക്കാം. സ്ക്കൂളുകളില്‍ നടക്കുന്ന പരിപാടികളെ കുറിച്ചുള്ള വിവരങ്ങള്‍, വിവിധ സ്ക്കൂള്‍ ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍, സ്ക്കൂളിനു ലഭിച്ച നേട്ടങ്ങള്‍, സ്ക്കൂള്‍ മാഗസിന്‍ എന്നിങ്ങനെ ഫോട്ടോ ശേഖരവും വീഡിയോകളും വരെ സൂക്ഷിക്കാം.
ആദ്യ ഘട്ടം പൂര്‍ത്തിയാവുന്നതോടെ അടുത്ത ഘട്ടത്തില്‍ പഠന വിഷയങ്ങളും വിക്കിയില്‍ ഉള്‍പ്പെടുത്തും. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മാത്രമല്ല പൊതു ജനത്തിനും ഈ വിജ്ഞാന സമ്പത്ത് ഉപയോഗപ്പെടുത്തുവാനാവും. സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ റിച്ചാര്‍ഡ് സ്റ്റോള്‍മാന്‍ കേരളം സന്ദര്‍ശിച്ച വേളയിലെല്ലാം കൂട്ടായ പ്രവര്‍ത്തനത്തിലൂടെയും സഹകരണത്തിലൂടെയും ഉള്ള പഠനത്തിന്റെ പ്രാധാന്യത്തെ പറ്റി ഉല്‍ബോധിപ്പിച്ചിരുന്നു. ഇതാണ് ഈ പദ്ധതിക്ക് പിന്നിലെ പ്രചോദനം.
കേവലം സ്ക്കൂളുകളുടെ വിവരങ്ങളില്‍ ഈ വിജ്ഞാന ശേഖരം ഒതുങ്ങുകയില്ല എന്നതാണ് വിക്കിയുടെ പ്രത്യേകത. ഉദാഹരണത്തിന് സ്ക്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പേരിനെ ഹൈപ്പര്‍ലിങ്ക് വഴി ആ സ്ഥലത്തിന്റെ ചരിത്ര പ്രാധാന്യത്തിന്റെ വര്‍ണ്ണനയിലേക്ക് കൊണ്ടു പോകാം. ഇങ്ങനെ ഹൈപ്പര്‍ ലിങ്കിംഗ് വഴി ഒരു വന്‍ വിജ്ഞാന കോശം തന്നെ കെട്ടി പടുക്കുവാനുള്ള സാധ്യതയാണ് വിക്കിപീഡിയ പ്രദാനം ചെയ്യുന്നത്. ആര്‍ക്കും ഇതില്‍ വിവരങ്ങള്‍ ചേര്‍ക്കുകയും എഡിറ്റ് ചെയ്യുകയും ആവാം. എന്നാല്‍ ഈ സൌകര്യം ദുരുപയോഗം ചെയ്ത് തെറ്റായ വിവരങ്ങളോ ദുരുദ്ദേശ പരമായ വിവരങ്ങളോ നല്‍കുന്നത് നിരീക്ഷണം ചെയ്യാനും വേണ്ട സംവിധാനം IT@school പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. മലയാളത്തില്‍ ഒരു വന്‍ വിജ്ഞാന സമ്പത്ത് ലഭ്യമാവുന്ന ഈ പദ്ധതിയുടെ വെബ് സൈറ്റ് 2010 ജനുവരി 26ന് തുടങ്ങുവാനാണ് ലക്‍ഷ്യമിട്ടിരിക്കുന്നത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: free-software, malayalam-computing