വാഷിംഗ്ടണ്‍ : അമേരിക്കന്‍ സൈനിക കമ്പ്യൂട്ടര്‍ ശൃംഖലയിലേക്ക് ഒരു കമ്പ്യൂട്ടര്‍ ഹാക്കര്‍ ആക്രമിച്ചു കടന്നതായി പെന്റഗന്‍ വെളിപ്പെടുത്തി. ഒരു മദ്ധ്യ പൂര്‍വേഷ്യന്‍ രാജ്യത്ത് വെച്ച് ഒരു സൈനിക ലാപ് ടോപ്പില്‍ കണക്റ്റ് ചെയ്ത ഒരു യു. എസ്. ബി. ഫ്ലാഷ് ഡ്രൈവ് വഴിയാണ് ചാര പ്രോഗ്രാം കടന്നു കയറിയത് എന്ന് പെന്റഗന്‍ പറയുന്നു. ഈ പ്രോഗ്രാം അതീവ രഹസ്യമായി മറ്റ് ലക്ഷണങ്ങള്‍ ഒന്നും കാണിക്കാതെ പതുങ്ങി ഇരിക്കുകയും, ഈ ലാപ് ടോപ്പ് പിന്നീട് അമേരിക്കയുടെ സൈനിക ശൃംഖലയുമായി ബന്ധം സ്ഥാപിച്ച വേളയില്‍ മറ്റ് കമ്പ്യൂട്ടറുകളിലേക്ക് കൂടി കടന്നു കയറുകയും ചെയ്തു.
70 ലക്ഷത്തിലേറെ കമ്പ്യൂട്ടറുകളും 15000 തിലേറെ വ്യത്യസ്ത ശൃംഖലകളും അടങ്ങിയതാണ് അമേരിക്കന്‍ സൈനിക കമ്പ്യൂട്ടര്‍ വ്യവസ്ഥ.
സൈനിക കമ്പ്യൂട്ടറുകളില്‍ താവളം ഉറപ്പിച്ച ഈ രഹസ്യ പ്രോഗ്രാമിന് വിദേശ സെര്‍വറുകളിലേക്ക് സൈനിക രഹസ്യങ്ങള്‍ അയച്ചു കൊടുക്കുവാനുള്ള ശേഷിയുണ്ടായിരുന്നു. എന്നാല്‍ എന്തെല്ലാം രഹസ്യങ്ങള്‍ ഇത്തരത്തില്‍ നഷ്ടപ്പെട്ടു എന്ന് പെന്റഗന്‍ വെളിപ്പെടുത്തിയില്ല.
ഈ സംഭവം അമേരിക്കന്‍ സൈന്യത്തിന്റെ സൈബര്‍ യുദ്ധ തന്ത്രങ്ങളില്‍ വന്‍ അഴിച്ചു പണിക്ക് കാരണമായി. 2008 നവംബറില്‍ യു. എസ്. ബി. ഡ്രൈവുകളുടെ ഉപയോഗം സൈനിക കമ്പ്യൂട്ടറുകളില്‍ നിരോധിച്ചു. എന്നാല്‍ ഈ വര്ഷം യു. എസ്. ബി. ഡ്രൈവുകളുടെ നിയന്ത്രിതമായ ഉപയോഗം വീണ്ടും അനുവദിക്കപ്പെട്ടു.
ഒരു സംഘം ക്രാക്കര്മാര്‍ വിചാരിച്ചാല്‍ ഒരു ശൃംഖലയുടെ എന്തെങ്കിലും ഒരു ബലഹീനത കണ്ടെത്തിയാല്‍ ഏതൊരു ശൃംഖലയിലും എന്ന പോലെ അമേരിക്കന്‍ സൈനിക ശൃംഖലയിലും ആക്രമിച്ചു കയറാന്‍ കഴിയും. സൈനിക പദ്ധതികള്‍ മാത്രമല്ല ഇന്റലിജന്‍സ് വിവരങ്ങളും, ഇന്റലിജന്‍സ് സംവിധാനവും തകരാറിലാക്കാനും, അമേരിക്കന്‍ ആയുധങ്ങളുടെ ലക്‌ഷ്യം തെറ്റിക്കാനും പോലും ഇവര്‍ക്ക് കഴിയും. ഇത് മനസ്സിലാക്കി പല വിദേശ സര്‍ക്കാരുകളും അമേരിക്കന്‍ സൈനിക ശൃംഖലകളെ നിരന്തരം ആക്രമിച്ചു കൊണ്ടിരിക്കുകയാണ്. പ്രതിദിനം ലക്ഷക്കണക്കിന് ആക്രമണ ശ്രമങ്ങളാണ് തങ്ങളുടെ കമ്പ്യൂട്ടറുകള്‍ ഏറ്റുവാങ്ങുന്നത് എന്നും പെന്റഗന്‍ പറയുന്നു.