ഫേസ്ബുക്ക് ഉയര്‍ത്തുന്ന സ്വകാര്യതാ പ്രശ്നങ്ങള്‍

May 8th, 2011

facebook-privacy-epathram

ഫേസ്ബുക്ക് ഉയര്‍ത്തുന്ന സ്വകാര്യതാ ഭീഷണിയെ പറ്റി ഏറെ ചര്‍ച്ച ഉയരുന്ന സാഹചര്യത്തില്‍ ഇത്തരം സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഇന്റര്‍നെറ്റ്‌ ഉപയോഗവുമായി ബന്ധപ്പെട്ട ചില അടിസ്ഥാനപരമായ കാര്യങ്ങള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.

ഇന്‍റര്‍നെറ്റില്‍ ലഭ്യമായ എല്ലാ വിവരങ്ങളും ചേര്‍ത്ത് വെച്ച് വായിച്ചാല്‍ ഒരു വ്യക്തിയെ സംബന്ധിക്കുന്ന ഏതാണ്ട് എല്ലാ വിവരങ്ങളും ലഭ്യമാകും എന്നതാണ് ഇന്നത്തെ “കണക്ടഡ്‌ ലൈഫ്‌” ന്റെ (connected life) ദുരവസ്ഥ. ഇത് ഒരു അനിവാര്യതയുമാണ്.

വേള്‍ഡ്‌ വൈഡ്‌ വെബ്‌ എന്നത് ഒരു പബ്ലിക്‌ ഡൊമൈന്‍ നെറ്റ്വര്‍ക്ക്‌ ആണ്. അതില്‍ ലഭ്യമാക്കുന്ന എല്ലാ വിവരങ്ങളും പബ്ലിക്‌ ഡൊമൈന്‍ ആണ് എന്നതിനാല്‍ അതൊന്നും സ്വകാര്യതയുടെ വിവക്ഷയില്‍ വരുന്നില്ല. അങ്ങനെ വേണം എന്ന് നിര്‍ബന്ധം പിടിക്കുകയുമരുത്. സ്വതന്ത്രമായ വിവര ലഭ്യത – അതാണ്‌ ഇന്റര്‍നെറ്റിന്റെ ഉത്ഭവത്തിന് പ്രചോദനമായത്. വിവരങ്ങള്‍ തേടിപ്പിടിക്കാനുള്ള ഈ സ്വാതന്ത്ര്യം ഉപയോക്താക്കാള്‍ക്ക് എന്നത് പോലെ സര്‍ക്കാരുകള്‍ക്കും ബാധകമാണ്.

വന്‍ തോതില്‍ മുതല്‍മുടക്കും, നടപ്പ് ചിലവും (operation and maintenance costs), രാഷ്ട്രീയ സുരക്ഷയും (political protection) ആവശ്യമാണ്‌ ഇന്റര്‍നെറ്റ്‌ പോലെ ഒരു അന്താരാഷ്‌ട്ര നെറ്റ്‌വര്‍ക്ക് നിലനില്‍ക്കാന്‍. അത് കൊണ്ട് തന്നെ ഇതില്‍ മുതല്‍ മുടക്കുന്ന സര്‍ക്കാരുകള്‍ക്ക്‌ ഈ നെറ്റ്‌വര്‍ക്കുകള്‍ നിയന്ത്രിക്കുന്നതിലും ഉടമസ്ഥതയുമായി ബന്ധപ്പെട്ട് തങ്ങളുടെ നിയന്ത്രണവും അവകാശവും സ്ഥാപിക്കുന്നതിലും താല്പര്യം ഉണ്ടാവുന്നത് സ്വാഭാവികമാണ്.

സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ഇത്തരം സുരക്ഷാ ഏജന്‍സികള്‍ പരിശോധിക്കുന്നതും എതിര്‍ക്കാന്‍ ആവില്ല. കാരണം ഇന്റര്‍നെറ്റ്‌ വിവിധ രാജ്യങ്ങള്‍ തമ്മില്‍ ചാര പ്രവര്‍ത്തനത്തിനും ശത്രു രാജ്യത്തിന്റെ സൈബര്‍ നെറ്റ്‌വര്‍ക്കിനെ ആക്രമിച്ചു നശിപ്പിക്കുകയും നിര്‍വീര്യമായ്ക്കുകയും ഒക്കെ ചെയ്യുന്ന യുദ്ധക്കളം പോലും ആയി തീര്‍ന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരം നിയന്ത്രണങ്ങളും സ്വകാര്യതാ കടന്നു കയറ്റവും ഒരു അനിവാര്യതയാണ്.

ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് സ്വകാര്യതയ്ക്ക് വേണ്ടി മുറവിളി കൂട്ടുന്നതില്‍ കാര്യമില്ല. പോലീസിംഗ് ഏതൊരു സമൂഹത്തിലും എന്നത് പോലെ സൈബര്‍ സമൂഹത്തിലും ഉണ്ടാവും എന്നത് അംഗീകരിച്ചേ പറ്റൂ.

സര്‍ക്കാര്‍ സേവനങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമായതോടെ ഒരു വ്യക്തിയുടെ സാമൂഹികമായ എല്ലാ വിവരങ്ങളും പൊതു സ്വത്തായി മാറിയിരിക്കുന്നു. നിങ്ങളുടെ എല്ലാ സൌഹൃദങ്ങളും ബന്ധങ്ങളും സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ ലഭ്യമാണ്. ചെറുപ്പം മുതല്‍ ഉള്ള ഫോട്ടോകള്‍ മുതല്‍ പഠിച്ച സ്ക്കൂളുകള്‍, സര്‍വകലാശാലകള്‍, നേരത്തെ ജോലി ചെയ്ത സ്ഥാപനങ്ങള്‍, നിങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ സൂക്ഷ്മ വിവരങ്ങള്‍, എന്ന് തുടങ്ങി നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട എന്തും ഈ സൈറ്റുകളില്‍ നിന്നും ലഭിക്കും. ഒരു വ്യക്തിയുടെ ഏറ്റവും സമ്പൂര്‍ണ്ണമായ ഒരു ജീവചരിത്രം തന്നെ ഈ വിവരങ്ങള്‍ വിശകലനം ചെയ്യുന്ന ഒരു ആള്‍ക്ക് നിര്‍മ്മിക്കാനാവും.

ഓര്‍ക്കുട്ട്, ഫേസ്ബുക്ക്, എന്നിങ്ങനെയുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെ സ്വകാര്യ ജീവിതത്തിന്റെ വിവരങ്ങള്‍ ലഭ്യമാകുമ്പോള്‍ ലിങ്ക്ഡ് ഇന്‍‍, സിംഗ് മുതലായ ബിസിനസ് സൈറ്റുകളില്‍ നിങ്ങളുടെ എല്ലാ ബിസിനസ് ബന്ധങ്ങളും ലഭ്യമാകുന്നു. ഗൂഗിള്‍, യാഹൂ മുതലായ സര്‍വീസുകളില്‍ നിങ്ങളുടെ ഈമെയിലുകള്‍ സര്‍വകാല ശേഖരമായി നിലനില്‍ക്കുന്നു. ഈ സൈറ്റുകളില്‍ ലഭ്യമായ ഫോട്ടോ അപ്ലോഡ്‌ സേവനം വഴി നിങ്ങള്‍ സൂക്ഷിച്ചു വെച്ച ഫോട്ടോകള്‍, ഇവയിലെ ചാറ്റ് സേവനങ്ങള്‍ വഴി നിങ്ങള്‍ നടത്തിയ സ്വകാര്യ സംഭാഷണങ്ങള്‍ വരെ ഇനി നിങ്ങള്‍ക്ക്‌ സ്വന്തമല്ല എന്ന് ഓര്‍ക്കുക.

ട്വിറ്റര്‍, ടംബ്ലര്‍ എന്നീ സൈറ്റുകളില്‍ നിരവധി ലോക പ്രശസ്തരായ വ്യക്തികളും ഭരണാധിപന്മാര്‍ വരെയും തങ്ങളുടെ സ്വകാര്യ ജീവിതത്തിന്റെ ഓരോ നിമിഷവും ലോകവുമായി പങ്കു വെയ്ക്കുന്നു. പല കമ്പനികളും പുതിയ തൊഴിലാളികളെ തെരഞ്ഞെടുക്കുന്ന വേളയില്‍ അവരുടെ ട്വിറ്റര്‍ ട്വീറ്റുകള്‍ പരിശോധിച്ച് തങ്ങളുടെ ഭാവി ഉദ്യോഗസ്ഥരുടെ ശരിയായ ഉള്ളിലിരിപ്പ് മനസ്സിലാക്കുന്നുണ്ട്. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളും കമ്പനികള്‍ വിശദമായി പരിശോധിച്ച് തൊഴിലാളികളുടെ കൂട്ടുകെട്ടുകള്‍ നിരീക്ഷിക്കുന്നു.

ഈ സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ അതില്‍ ലഭ്യമായ സ്വകാര്യതാ സെറ്റിങ്ങുകള്‍ വേണ്ട വിധം ഉപയോഗിച്ച് അപരിചിതര്‍ക്ക് തങ്ങളുടെ സ്വകാര്യ ഫോട്ടോകളും വിവരങ്ങളും മറ്റും ലഭിക്കുന്നതില്‍ നിന്നും തടയാനാവും. എന്നാല്‍ ഒരു സാധാരണ ഉപയോക്താവില്‍ നിന്നും ഇതെല്ലാം മറച്ചു പിടിക്കാന്‍ ആവുമെങ്കിലും ഒരു നല്ല ഹാക്കര്‍ക്ക് നേരിട്ടോ, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക്‌ കോടതി ഉത്തരവുകള്‍ വഴിയോ ഇത്തരം വിവരങ്ങള്‍ ശേഖരിക്കാനാവും എന്നത് നാം ഓര്‍ക്കണം

നിയന്ത്രണ ഏജന്‍സികള്‍ കാണാന്‍ പാടില്ലാത്ത വിവരങ്ങള്‍ വെബ് സൈറ്റുകളില്‍ നല്‍കാതിരിക്കുക എന്നതാണ് ഉപയോക്താക്കള്‍ ചെയ്യേണ്ടത്‌. ഫേസ്ബുക്ക്, ഗൂഗിള്‍, യാഹൂ എന്നിങ്ങനെയുള്ള സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ തങ്ങളുടെ സ്വകാര്യതയെ കുറിച്ച് ആകുലപ്പെടുന്നതില്‍ കാര്യമില്ല. ഇത്തരം ഏതു ഇന്റര്‍നെറ്റ്‌ സേവനങ്ങള്‍ ഉപയോഗിക്കുമ്പോഴും നിങ്ങള്‍ക്ക്‌ ഒരു സ്വകാര്യതയും ഇല്ല എന്ന് ഇപ്പോഴും ഓര്‍ക്കുക.

വീട്ടിലെ സ്വകാര്യതയില്‍ നിന്നാണ് ഇന്റര്‍നെറ്റ്‌ ബ്രൌസ് ചെയ്യുന്നത് എന്നത് കൊണ്ടാവാം ഒരു തെറ്റായ സുരക്ഷിതത്വ ബോധം നമുക്ക് പലപ്പോഴും അനുഭവപ്പെടുന്നത്. ഇത് ശരിയല്ല. ഇന്റര്‍നെറ്റില്‍ എന്ത് ചെയ്യുമ്പോഴും നാം ഒരു പൊതു നിരത്തില്‍ വെച്ചിട്ടുള്ള ഒരു മേശപ്പുറത്താണ് ജോലി ചെയ്യുന്നത് എന്ന് കരുതി വേണം പ്രവര്‍ത്തിക്കാന്‍.

- ജെ.എസ്.

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

മലയാളം വിക്കിപീഡിയയില്‍ 15000 ലേഖനങ്ങള്‍

November 11th, 2010

malayalam-wikipedia-epathram

മലയാളത്തിലെ സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാന കോശമായ മലയാളം വിക്കിപീഡിയ (http://ml.wikipedia.org) 15,000 ലേഖനങ്ങള്‍ എന്ന നാഴികക്കല്ല് പിന്നിട്ടു. 2010 നവംബര്‍ 10-നാണ് മലയാളം വിക്കിപീഡിയ 15000 ലേഖനങ്ങള്‍ പൂര്‍ത്തീകരിച്ചത്.

വിജ്ഞാനം പങ്കു വെയ്ക്കാനും മലയാള ഭാഷയോട് താല്പര്യവുമുള്ള നിരവധി പേര്‍ കഴിഞ്ഞ 8 വര്‍ഷത്തോളം പ്രതിഫലേച്ഛ ഇല്ലാതെ നടത്തിയ പ്രയത്നം ആണു് മലയാളം വിക്കിപീഡിയയെ ഈ നേട്ടത്തിനു അര്‍ഹമാക്കിയത്. ഇന്ത്യന്‍ വിക്കിപീഡിയകളില്‍ ഈ നേട്ടം കൈവരിക്കുന്ന എട്ടാമത്തെ വിക്കിപീഡിയ ആണു് മലയാളം. മലയാളത്തിനു മുന്‍പേ 15,000 ലേഖനങ്ങള്‍ എന്ന നേട്ടം കൈവരിച്ച ഇന്ത്യന്‍ ഭാഷകളിലെ മറ്റു് വിക്കിപീഡിയകള്‍ തെലുങ്ക്‌, ഹിന്ദി, മറാഠി, ബംഗാളി, ബിഷ്ണുപ്രിയ മണിപ്പൂരി, തമിഴു്, ഗുജറാത്തി എന്നിവയാണ്. 2010 നവംബര്‍ മാസത്തെ കണക്കനുസരിച്ച് 21000 ത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും, ഏതാണ്ടു് 280 പേരാണു് മലയാളം വിക്കിപീഡിയയില്‍ സജീവമായി തിരുത്തുന്നത്. ഇതില്‍ 19 പേര്‍ അഡ്മിനിസ്ട്രേറ്റര്‍മാരും നാലു പേര്‍ ബ്യൂറോക്രാറ്റുകളുമാണ്.

2002 ഡിസംബര്‍ 21-ന് തുടങ്ങിയ മലയാളം വിക്കിപീഡിയ എട്ട് വര്‍ഷത്തിനുള്ളില്‍ പതിനയ്യായിരം ലേഖനം തികച്ചത് മലയാള ഭാഷയ്ക്കു തന്നെ മികച്ച നേട്ടമായി കരുതാവുന്നതാണ്. സമൂഹത്തിന്റെ നാനാ തുറയിലുള്ള മലയാളികള്‍ ഈ സ്വതന്ത്ര സംരംഭത്തില്‍ പങ്കാളികള്‍ ആകുകയാണെങ്കില്‍ മലയാളം വിക്കിപീഡിയയുടെ വളര്‍ച്ച ത്വരിത ഗതിയിലാവുകയും ഭാവി മലയാളികള്‍ക്ക് വളരെ പ്രയോജനം ചെയ്യുന്ന പദ്ധതികളായി എല്ലാം മലയാളം വിക്കി പദ്ധതികളും മാറും.

മലയാളം വിക്കിപീഡിയയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ പടുത്തുയര്‍ത്തി യിരിക്കുന്നതു് ഇന്ത്യന്‍ ഭാഷകളിലെ മികച്ച വിക്കിപീഡിയകളില്‍ ഒന്നാണു് . ലേഖനങ്ങളുടെ എണ്ണത്തിലൊഴിച്ചു് മറ്റു് പല മാനദണ്ഡങ്ങളിലും മലയാളം വിക്കിപീഡിയ ഇതര ഇന്ത്യന്‍ വിക്കിപീഡിയ കളേക്കാള്‍ വളരെയേറെ മുന്നിലാണു്.

ഏറ്റവും അധികം തിരുത്തലുകള്‍ നടന്ന ഇന്ത്യന്‍ ഭാഷാ വിക്കിപീഡിയ, ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യപ്പെട്ട ഇന്ത്യന്‍ ഭാഷാ വിക്കിപീഡിയ, ഒരു ലേഖനത്തില്‍ ഏറ്റവും അധികം എഡിറ്റു്‌ നടക്കുന്ന ഇന്ത്യന്‍ ഭാഷാ വിക്കിപീഡിയ, വിക്കി പഠന ശിബിരം, വിക്കി സംഗമങ്ങള്‍ എന്നിവ തുടര്‍ച്ചയായി നടത്തുന്ന ഇന്ത്യന്‍ വിക്കി സമൂഹം, വിക്കിപീഡിയ സി. ഡി, വിക്കിപീഡിയ പതിവ് ചോദ്യങ്ങള്‍ പുസ്തകം തുടങ്ങിയവ പുറത്തിറക്കിയ ഏക ഇന്ത്യന്‍ വിക്കി സമൂഹം, ഇങ്ങനെ തുടങ്ങി മിക്കവാറും എല്ലാ വിഭാഗത്തിലും മലയാളം വിക്കിപീഡിയയും അതിന്റെ സഹോദര സംരംഭങ്ങളും (വിക്കി ഗ്രന്ഥശാല, വിക്കി നിഘണ്ടു, വിക്കി ചൊല്ലുകള്‍, വിക്കി പാഠശാല തുടങ്ങിയവ), ഇന്ത്യന്‍ ഭാഷകളിലെ മറ്റ് വിക്കിപീഡിയകളെ അപേക്ഷിച്ച് വളരെയധികം മുന്‍പിലാണ്.

അയച്ചു തന്നത് : അനൂപ്‌

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗൂഗിള്‍ തൊഴിലാളികള്‍ക്ക്‌ വീട്ടുവേലക്കാര്‍

November 4th, 2010

task-rabbit-epathram

കുറഞ്ഞ ശമ്പളത്തിന് പകരം ഒട്ടേറെ ആനുകൂല്യങ്ങള്‍ നല്‍കി തങ്ങളുടെ തൊഴിലാളികളെ കൂടെ നിര്‍ത്തുന്നതില്‍ പ്രശസ്തരാണ് ഗൂഗിള്‍. തൊഴിലാളികള്‍ക്ക്‌ ഇന്റര്‍നെറ്റ്‌ സംവിധാനത്തോട് കൂടിയ ബസ്‌ സര്‍വീസ്‌ വരെ ഏര്‍പ്പാടാക്കിയിട്ടുണ്ട് ഗൂഗിള്‍. ജിം അംഗത്വം, സൌജന്യ ഭക്ഷണം, ഇന്‍ഷൂറന്‍സ് പരിരക്ഷ, ജോലി ചെയ്ത് ബോറടിക്കുമ്പോള്‍ കളിക്കാന്‍ പ്രത്യേക കളി സ്ഥലം എന്നിങ്ങനെ ഗൂഗിള്‍ തൊഴിലാളികളുടെ സന്തോഷത്തിനായി ഒട്ടേറെ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഏറ്റവും പുതിയതാണ് തൊഴിലാളികള്‍ക്ക്‌ വീട്ടിലെ വേലകളില്‍ സഹായം എത്തിക്കുന്ന വേലക്കാരുടെ സേവനം ലഭ്യമാക്കുന്ന പുതിയ പദ്ധതി. എന്നാല്‍ ഓണ്‍ലൈന്‍ ഭീമനായ ഗൂഗിള്‍ വീട്ടു വേലക്കാരുടെ സേവനത്തിനും ഓണ്‍ലൈന്‍ സംവിധാനം തന്നെയാണ് ഉപയോഗിക്കുന്നത് എന്ന് മാത്രം. ടാസ്ക്‌ റാബിറ്റ് എന്ന വെബ് സൈറ്റ്‌ വഴിയാണിത്‌. ഈ വെബ് സൈറ്റില്‍ തൊഴിലാളികള്‍ക്ക്‌ തങ്ങള്‍ക്കു ചെയ്യേണ്ട വീട്ട് ജോലി തെരഞ്ഞെടുക്കാം. പട്ടിയെ നടക്കാന്‍ കൊണ്ടു പോവുന്നത് മുതല്‍ ഭാര്യക്ക്‌ പൂക്കള്‍ വാങ്ങി കൊടുക്കുന്നത് വരെയുള്ള ജോലികള്‍ വെബ് സൈറ്റില്‍ ഉദാഹരണമായി കൊടുത്തിട്ടുണ്ട്‌. ആവശ്യമുള്ള ജോലി ടൈപ്പ് ചെയ്ത് തൊഴിലാളികള്‍ക്ക്‌ അത് ചെയ്യിപ്പിക്കാനുള്ള സൌകര്യമാണ് ഗൂഗിള്‍ തൊഴിലാളികള്‍ക്കുള്ള ഏറ്റവും പുതിയ ആനുകൂല്യമായി നല്‍കിയിരിക്കുന്നത്. ഏറ്റവും മികച്ച എഞ്ചിനീയര്‍മാരെ തങ്ങളിലേക്ക് ആകര്‍ഷിക്കാനുള്ള ഏറ്റവും പുതിയ തന്ത്രമാണ് ഇത്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഗൂഗിള്‍ ചാറ്റില്‍ മലയാളം നിഘണ്ടു

November 3rd, 2010

english-malayalam-dictionary-jabber-bot-epathram

ചാറ്റ് ചെയ്യുന്നതിനിടയില്‍ എന്തെങ്കിലും ഇംഗ്ലിഷ് വാക്കിന്റെ അര്‍ത്ഥം അറിയണമെങ്കില്‍ ഇനി എളുപ്പ വഴിയുണ്ട്. ഗൂഗിള്‍ ചാറ്റില്‍ eng.mal.dict@gmail.com എന്ന ഈമെയില്‍ വിലാസത്തെ നിങ്ങളുടെ സുഹൃത്തായി ചേര്‍ക്കുക. എന്നിട്ട് ആ സുഹൃത്തിന്റെ ചാറ്റ് ബോക്സില്‍ നിങ്ങള്‍ക്ക്‌ അര്‍ത്ഥം അറിയേണ്ട വാക്ക്‌ ടൈപ്പ്‌ ചെയ്ത് എന്റര്‍ ചെയ്‌താല്‍ വാക്കിന്റെ മലയാളം അര്‍ത്ഥം മറുപടിയായി വരും.

rajeesh-k-nambiar-santhosh-thottingal-epathram

രജീഷ് കെ. നമ്പ്യാര്‍, സന്തോഷ്‌ തോട്ടിങ്ങല്‍

കേരള സര്‍ക്കാരിന്റെ സ്വതന്ത്ര ലൈസന്‍സുള്ള നിഘണ്ടു അടിസ്ഥാനമാക്കി സന്തോഷ്‌ തോട്ടിങ്ങല്‍, രജീഷ് നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ ഇംഗ്ലീഷ്‌ മലയാളം നിഘണ്ടു വാണ് ഗൂഗിള്‍ ചാറ്റിലൂടെ ലഭ്യമാവുന്ന ഈ ജാബര്‍ ബഡി ബോട്ട് (Jabber Buddy Bot) നിര്‍മ്മിക്കാന്‍ സഹായകരമായത്. സന്തോഷ്‌ തോട്ടിങ്ങല്‍, രാഗ് സാഗര്‍, എര്‍ഷാദ്‌, ശരത് ലക്ഷ്മണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ജാബര്‍ ബോട്ട് തയാറാക്കിയത്.

ഇതിനായി ഉപയോഗിച്ച നിഘണ്ടു ഏറെ സംക്ഷിപ്തമാണ് എന്ന ഒരു കുറവ്‌ ഇതിനുണ്ട്. എന്നാല്‍ കൂടുതല്‍ വിശദമായ സി-ഡാക് നിഘണ്ടുവോ കേരള സര്‍ക്കാര്‍ നിഘണ്ടുവോ ഉപയോഗിക്കുവാനുള്ള ശ്രമം ഇത് വരെ വിജയിച്ചിട്ടില്ല.

ഇംഗ്ലീഷ് ഹിന്ദി നിഘണ്ടുവും ഇവര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി eng.hin.dict@jabber.org എന്ന ഈമെയില്‍ വിലാസം ഗൂഗിള്‍ ചാറ്റില്‍ ചേര്‍ത്താല്‍ ഹിന്ദിയിലും വാക്കുകളുടെ അര്‍ത്ഥം ലഭിക്കും.

- ജെ.എസ്.

വായിക്കുക: , ,

7 അഭിപ്രായങ്ങള്‍ »

മമ്മുട്ടിയുടെ വെബ് സൈറ്റ്‌ ഹാക്ക്‌ ചെയ്യപ്പെട്ടു

September 13th, 2010

mammootty-website-hacked-epathram

മലയാള സിനിമയില്‍ തന്നെ ആദ്യത്തെ താര വെബ് സൈറ്റ് ആയ മമ്മുട്ടിയുടെ വെബ് സൈറ്റ് മമ്മുട്ടി ഡോട്ട് കോം ഹാക്ക്‌ ചെയ്യപ്പെട്ടു. വെബ് സൈറ്റ്‌ ഹാക്ക്‌ ചെയ്തതായി പ്രഖ്യാപിക്കുവാന്‍ സാധാരണ സൈറ്റിന്റെ ആദ്യ പേജില്‍ ഹാക്കര്‍ തന്റെ എന്തെങ്കിലും മുദ്രാവാക്യമോ ചിത്രങ്ങളോ പതിക്കുക എന്നതാണ് പൊതുവെയുള്ള കീഴ്‌വഴക്കം. മമ്മുട്ടിയുടെ വെബ് സൈറ്റ് ഹാക്ക്‌ ചെയ്തയാള്‍ സ്വയം വിശേഷിപ്പിക്കുന്നത് “സൗദി അറേബ്യാ ഹാക്കര്‍” എന്നാണ്. ഈ തലക്കെട്ടോട് കൂടി സൈറ്റ്‌ മിസ്റ്റര്‍ സ്കൂര്‍ എന്ന താന്‍ ഹാക്ക്‌ ചെയ്തതായ്‌ ഇയാള്‍ എഴുതി വെച്ചിട്ടുണ്ട്. skoor@hotmail.com എന്ന ഒരു ഈമെയില്‍ വിലാസവും ഇയാള്‍ നല്‍കിയിരിക്കുന്നു.

mammootty-website-defaced-epathram

വികൃതമാക്കപ്പെട്ട മമ്മുട്ടിയുടെ വെബ്സൈറ്റ്

വെബ് സൈറ്റ്‌ ഹാക്ക്‌ ചെയ്യുന്നത് കൊണ്ട് ഹാക്കര്‍ക്ക് വിശേഷിച്ച് എന്തെങ്കിലും ലാഭം ഉണ്ടാവുന്നില്ല. വെബ്‌ സെര്‍വറില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയാല്‍ സെര്‍വര്‍ തിരികെ നമ്മുടെ നിയന്ത്രണത്തില്‍ വരികയും ചെയ്യും. എന്നാലും ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക്‌ മുതിരുന്നത് കേവലം അതില്‍ നിന്നും ലഭിക്കുന്ന ത്രില്ലിനു വേണ്ടി മാത്രമാണ്. പ്രശസ്തരുടെ സൈറ്റുകള്‍ ഇത്തരത്തില്‍ വികൃതമാക്കുന്നത് (deface) അമച്വര്‍ ഹാക്കര്‍മാരാണ്. പ്രൊഫഷണല്‍ ഹാക്കര്‍മാര്‍ ഇത്തരം വികൃതികള്‍ക്ക് മുതിരാറില്ല. ഒരു വെബ് സൈറ്റ് സുരക്ഷിതമാക്കി വെക്കേണ്ട ചുമതല വെബ് അഡ്മിനിസ്ട്രേറ്റര്‍ക്കാണ്. പലപ്പോഴും സദുദ്ദേശ്യത്തോടെ സൈറ്റ് സുരക്ഷിതമല്ല എന്ന് ബോധ്യപ്പെടുത്താന്‍ ഇങ്ങനെ ഹാക്ക്‌ ചെയ്തു കാണിച്ചു കൊടുക്കുന്ന പതിവുമുണ്ട്. ഇങ്ങനെ സദുദ്ദേശപരമായി ഹാക്ക്‌ ചെയ്യുന്നതിനെ എത്തിക്കല്‍ ഹാക്കിംഗ് (ethical hacking) എന്ന് പറയാറുണ്ട്‌.

മമ്മുട്ടിയുടെ വെബ്സൈറ്റ്‌ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.

- ജെ.എസ്.

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

4 of 11« First...345...10...Last »

« Previous Page« Previous « അമേരിക്കയ്ക്ക് നേരെ യു.എസ്.ബി. ഡ്രൈവ്‌ വഴി ആക്രമണം
Next »Next Page » ഗൂഗിള്‍ ചാറ്റില്‍ മലയാളം നിഘണ്ടു »

  • ബാർകോഡിന്റെ ഉപജ്ഞാതാവ് നോർമൻ വുഡ്ലാൻഡ് അന്തരിച്ചു
  • അപ്പിൾ ടു ആപ്പിൾ : സാംസങ്ങ് തിരിച്ചടിക്കുന്നു
  • ആപ്പിൾ പകർത്തിയ സാംസങ് വെട്ടിലായി
  • ഡി.എൻ.എസ്. അന്തകന്റെ ദിനം
  • നെക്സ്റ്റ് ഡ്രോപ്പ് : സാങ്കേതിക വിദ്യ ജനനന്മയ്ക്ക്
  • ടാഗ് ടൈൽ ഫേസ്ബുക്ക് കൈവശപ്പെടുത്തി
  • ഐഫോണ്‍ കൊണ്ട് ആത്മരക്ഷ
  • ആകാശിനെ വെല്ലാന്‍ ബി.എസ്.എന്‍.എല്‍.
  • ഐപാഡ് തങ്ങളുടേതാണെന്ന് ചൈനീസ്‌ കമ്പനി
  • ഐഫോണ്‍ ഗാസ് അടുപ്പുകള്‍ പിടിച്ചെടുത്തു
  • എമര്‍ജന്‍സി മൊബൈല്‍ ഫോണ്‍ വരുന്നു
  • ഹേര്‍ട്ട്സിനെ ഗൂഗിള്‍ ഡൂഡ്ല്‍ കൊണ്ട് ആദരിച്ചു
  • ഗൂഗിള്‍ നയമാറ്റം എങ്ങനെ ഉപയോക്താക്കളെ ബാധിക്കും
  • ഗൂഗിള്‍ ബസ്‌ ഇനി ഓടില്ല
  • മൈക്രോസോഫ്റ്റ്‌ സ്കൈപ്പ് കൈയ്യടക്കി
  • ഫേസ്ബുക്ക് ഉയര്‍ത്തുന്ന സ്വകാര്യതാ പ്രശ്നങ്ങള്‍
  • മലയാളം വിക്കിപീഡിയയില്‍ 15000 ലേഖനങ്ങള്‍
  • ഗൂഗിള്‍ തൊഴിലാളികള്‍ക്ക്‌ വീട്ടുവേലക്കാര്‍
  • ഗൂഗിള്‍ ചാറ്റില്‍ മലയാളം നിഘണ്ടു
  • മമ്മുട്ടിയുടെ വെബ് സൈറ്റ്‌ ഹാക്ക്‌ ചെയ്യപ്പെട്ടു

  • © e പത്രം 2010