ആപ്പിൾ പകർത്തിയ സാംസങ് വെട്ടിലായി

August 25th, 2012

apple-samsung-copy-epathram

സാൻ ജോസ് : ആപ്പിളിന്റെ ഐഫോൺ, ഐപാഡ് എന്നിവയുടെ രൂപകൽപ്പന പകർത്തിയാണ് സാംസങ് ഫോണുകൾ നിർമ്മിക്കുന്നത് എന്ന ആപ്പിളിന്റെ വാദം അമേരിക്കൻ കോടതി അംഗീകരിച്ചു. ഇതിന് നഷ്ടപരിഹാരമായി കൊറിയൻ കമ്പനിയായ സാംസങ് 1.051 ബില്യൺ ഡോളർ ആപ്പിളിന് നൽകണം എന്നും കോടതി വിധിച്ചു. ഇതോടെ ഏറെ ജനപ്രിയമായ ഒട്ടേറെ സാംസങ് ഫോണുകളുടെ വിൽപ്പനയ്ക്ക് വിലക്ക് നിലവിൽ വരും. ഈ ആഴ്ച്ച ഉണ്ടായ വർദ്ധനയോടെ വിപണി മൂല്യത്തിൽ ചരിത്രത്തിൽ തന്നെ ഒന്നാമതെത്തിയ അപ്പിളിന്റെ മേധാവിത്വം മൊബൈൽ മേഖലയിൽ ഇതോടെ ഉറപ്പായി.

സാംസങ്ങിന് എതിരെയുള്ള ഈ കോടതി വിധി യഥാർത്ഥത്തിൽ ഗൂഗിളിന് നേരെയുള്ള ആക്രമണത്തിന്റെ ആരംഭമായാണ് കണക്കാക്കപ്പെടുന്നത്. കുറഞ്ഞ കാലം കൊണ്ട് സാംസങ് അടക്കം നിരവധി മൊബൈൽ ഫോൺ നിർമ്മാണ കമ്പനികൾ ഗൂഗിളിന്റെ ആൻഡ്രോയ്ഡ് മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുകയും അതിന് വൻ പ്രചാരം നല്കുകയും ചെയ്തു. ആപ്പിളിന്റെ ഉല്പ്പന്നങ്ങളിൽ ഉള്ളത് പോലുള്ള നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ ആൻഡ്രോയ്ഡ് ഫോണുകളിൽ വൻ തോതിൽ മൊബൈൽ പ്രോഗ്രാമുകൾ സ്വതന്ത്രമായി ലഭ്യമായതും ആൻഡ്രോയ്ഡ് ഫോണുകളുടെ വൻ ജനപ്രീതിക്ക് കാരണമായി.

ഒട്ടേറെ രാജ്യങ്ങളിലെ കോടതികളിൽ ആപ്പിൾ സാംസങ്ങിനെതിരെ വ്യവഹാരം നടത്തുന്നുണ്ട്. തെക്കൻ കൊറിയയിലെ കോടതി രണ്ട് കമ്പനികളും കുറ്റക്കാരാണ് എന്ന് കണ്ടെത്തുകയും സാംസങ്ങിന്റെ ഗാലക്സി എസ്-2 ഫോൺ അടക്കം നിരവധി മോഡലുകളുടെയും ആപ്പിളിന്റെ ഐഫോൺ-4ന്റെ വിൽപ്പനയും നിരോധിച്ചിരുന്നു.

എന്നാൽ ലോകത്തെ ഏറ്റവും വലിയ സാങ്കേതികവിദ്യാ വിപണിയായ അമേരിക്കയിൽ നേടിയ ജയം ആപ്പിളിനെ സംബന്ധിച്ച് ഏറെ പ്രാധാന്യം അർഹിക്കുന്നു.

പരസ്പരം കൊമ്പു കോർക്കുന്ന ആപ്പിൾ പക്ഷെ സാംസങ്ങുമായി ഇപ്പോഴും ശക്തമായ വ്യാപാര ബന്ധം പുലർത്തുന്നുണ്ട് എന്നതാണ് രസകരം. അപ്പിളിന്റെ ഉൽപ്പാദനത്തിന് ആവശ്യമായ മൈക്രോപ്രോസസർ അടക്കം നിരവധി ഭാഗങ്ങൾ സാംസങ് ആണ് ആപ്പിളിന് നിർമ്മിച്ചു നൽകുന്നത്. 5 ബില്യൺ ഡോളറിൽ അധികം വരും ഈ വ്യാപാരം.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഹേര്‍ട്ട്സിനെ ഗൂഗിള്‍ ഡൂഡ്ല്‍ കൊണ്ട് ആദരിച്ചു

February 22nd, 2012

hertz-google-doodle

സാങ്കേതിക വിദ്യയില്‍ സുപ്രധാന നേട്ടങ്ങള്‍ക്ക്‌ നിദാനമായ വൈദ്യുത കാന്തിക തരംഗങ്ങളെ കുറിച്ച് ഗവേഷണം നടത്തിയ ജെര്‍മ്മന്‍ ഭൌതിക ശാസ്ത്രജ്ഞന്‍ ഹെന്‍റിക്ക് റുഡോള്‍ഫ്‌ ഹേര്‍ട്ട്സിന്റെ 155ആം ജന്മദിനത്തില്‍ ഗൂഗിള്‍ തങ്ങളുടെ ഡൂഡ്ല്‍ മാറ്റി കൊണ്ട് അദ്ദേഹത്തെ ആദരിച്ചു. ഒരു തരംഗമാണ് ഇന്നത്തെ ഗൂഗിള്‍ ഡൂഡ്ല്‍ .

ഹേര്‍ട്ട്സ് വൈദ്യുത കാന്തിക തരംഗങ്ങളെ കുറിച്ച് നടത്തിയ ഗവേഷണങ്ങളുടെ ഫലമായിരുന്നു അന്നത്തെ കമ്പിയില്ലാ കമ്പി (വയര്‍ലെസ്‌ ടെലഗ്രാഫ്) യും റേഡിയോയും. വാര്‍ത്താ വിനിമയ രംഗം എത്തി നില്‍ക്കുന്ന ഇന്നത്തെ വികസിത രൂപത്തിന്റെ അടിത്തറയായിരുന്നു ഹേര്‍ട്ട്സിന്റെ ഗവേഷണം.

കൊച്ചു കുട്ടി ആയിരുന്നപ്പോള്‍ തന്നെ ഭൌതിക ശാസ്ത്ര പഠനത്തില്‍ ഏറെ താല്പര്യവും മികവും പ്രകടിപ്പിച്ച ഹേര്‍ട്ട്സ് ഇരുപത്തിരണ്ടാം വയസില്‍ തന്നെ ഭൌതിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ്‌ നേടി.

തന്റെ പരീക്ഷണങ്ങള്‍ കൊണ്ട് അദ്ദേഹം വൈദ്യുത കാന്തിയ തരംഗങ്ങള്‍ പ്രസരിപ്പിക്കാനും സ്വീകരിക്കാനും കഴിയുമെന്ന് തെളിയിച്ചു. പിന്നീട് തരംഗങ്ങളുടെ ഫ്രീക്വന്‍സിയെ ഹേര്‍ട്ട്സ് എന്ന പേര്‍ നല്‍കാനും ഇത് പ്രചോദനമായി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗൂഗിള്‍ നയമാറ്റം എങ്ങനെ ഉപയോക്താക്കളെ ബാധിക്കും

February 4th, 2012

google-blocked-epathram

ഗൂഗിള്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ അടുത്ത ദിവസങ്ങളിലായി ലഭിച്ച ഒരു മുന്നറിയിപ്പ്‌ പതിവ് പോലെ “ഒക്കെ” എന്ന് പറഞ്ഞ് തള്ളിക്കളയാവുന്നതല്ല. ഇന്ത്യ അടക്കം പല രാജ്യങ്ങളില്‍ നിന്നും നിരന്തരമായി ഇന്റര്‍നെറ്റ്‌ സെന്‍സര്‍ ഷിപ്പിന് വിധേയമാക്കണം എന്ന ആവശ്യം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ ഈ പുതിയ നയമാറ്റം. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരുകള്‍ ഗൂഗിള്‍ അടക്കം പല സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളെയും സ്വകാര്യ പ്രസാധന സേവനങ്ങളെയും നിയന്ത്രണ വിധേയമാക്കണം എന്ന് ആവശ്യപ്പെട്ടു വന്നത്. ഈ ആവശ്യത്തെ ഭാഗികമായി അംഗീകരിക്കുന്നതാണ് ഗൂഗിളിന്റെ ഈ പുതിയ പ്രഖ്യാപനം.

ഓരോ രാജ്യത്തെയും ഉപയോക്താക്കള്‍ക്ക് അതാത് രാജ്യത്തെ സെര്‍വറുകള്‍ വഴി സേവനം വഴി തിരിച്ചു വിടാനാണ് പുതിയ തീരുമാനം. അതായത് ഇന്ത്യയില്‍ നിന്നും ഗൂഗിളിന്റെ ഏറ്റവും ജനപ്രിയ ബ്ലോഗിംഗ് വെബ് സൈറ്റായ ബ്ലോഗ്സ്പോട്ട് ഡോട്ട് കോമില്‍ (blogspot.com) ഉള്ള ഒരു ബ്ലോഗ്‌ ഇന്ത്യയില്‍ നിന്നും ഒരാള്‍ സന്ദര്‍ശിക്കാന്‍ ശ്രമിച്ചാല്‍ ഇയാളെ ഗൂഗിള്‍ നടപ്പിലാക്കുന്ന പുതിയ വഴി തിരിച്ചു വിടല്‍ (redirection) സംവിധാനം ബ്ലോഗ്സ്പോട്ട് ഡോട്ട് ഇന്‍ (blogspot.in) എന്ന സെര്‍വറിലേക്ക് കൊണ്ടുപോകും. അതായത്‌ ഇന്ത്യന്‍ സര്‍ക്കാരിന് ഒരു ബ്ലോഗ്‌ നിരോധിക്കണം എന്നുണ്ടെങ്കില്‍ ഗൂഗിളിനോട് ആവശ്യപ്പെടുന്ന പക്ഷം ബ്ലോഗ്സ്പോട്ട് ഡോട്ട് ഇന്‍ നിരോധിച്ചാല്‍ മതിയാവും. അതിനാല്‍ മറ്റു രാജ്യങ്ങളിലെ സന്ദര്‍ശകരെ ഈ നിരോധനം ബാധിക്കുകയുമില്ല. ഇനി ബ്ലോഗ്സ്പോട്ട് ഡോട്ട് കോം നേരിട്ട് സന്ദര്‍ശിച്ചു കളയാം എന്ന് ഇന്ത്യയില്‍ നിന്ന് ആരെങ്കിലും കരുതിയാലും ഗൂഗിള്‍ നടപ്പിലാക്കുന്ന വഴി തിരിച്ചു വിടല്‍ കാരണം അത് നടക്കില്ല.

എന്നാല്‍ ഇതിന് ചില പരിമിതികളുണ്ട്. ബ്ലോഗ്സ്പോട്ട് പേര് ഉപയോഗിക്കാതെ സ്വന്തം ഡൊമൈന്‍ നാമം ഉപയോഗിക്കുന്നവരെ ഇത് ബാധിക്കില്ല. ഇത് കൂടാതെ ഈ വഴി തിരിച്ചു വിടല്‍ സംവിധാനത്തെ പരാജയപ്പെടുത്താന്‍ ഗൂഗിള്‍ തന്നെ ഒരു കുറുക്കുവഴി പറയുന്നുമുണ്ട്. ബ്ലോഗ്‌ വിലാസത്തിന്റെ കൂടെ /ncr എന്ന് ചേര്‍ത്താല്‍ വഴി തിരിച്ചു വിടല്‍ സംവിധാനത്തെ മാറി കടന്ന് ബ്ലോഗ്സ്പോട്ട് ഡോട്ട് കോമില്‍ തന്നെ സന്ദര്‍ശകര്‍ എത്തും. ncr എന്നാല്‍ No Country Redirect എന്നാണ്. ഉദാഹരണത്തിന് corruptsonia.blogspot.com എന്ന വെബ്സൈറ്റ് ഗൂഗിള്‍ corruptsonia.blogspot.in എന്ന വിലാസത്തിലേക്ക് തിരിച്ചു വിടും. ഈ ബ്ലോഗ്‌ ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിക്കണം എന്ന് ആവശ്യപ്പെട്ടാല്‍ ഗൂഗിള്‍ corruptsonia.blogspot.in നിരോധിക്കും. അതോടെ ഇന്ത്യയില്‍ നിന്നും ഈ ബ്ലോഗ്‌ സന്ദര്‍ശിക്കാന്‍ ആവില്ല. എന്നാല്‍ ഇന്ത്യയില്‍ നിന്ന് corruptsonia.blogspot.com/ncr എന്ന് ടൈപ്പ് ചെയ്‌താല്‍ ഈ ബ്ലോഗ്‌ തുടര്‍ന്നും ഇന്ത്യയില്‍ നിന്നും ലഭ്യമാകും.

ഇത്തരം കുറുക്കു വഴികള്‍ ഒരുക്കുന്നതിനോട് സര്‍ക്കാരുകള്‍ എങ്ങനെ പ്രതികരിക്കും എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. ഗൂഗിള്‍ പോലെയുള്ള ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായ സൈറ്റുകള്‍ നിയന്ത്രിക്കരുത് എന്ന് പാക്കിസ്ഥാന്‍ കോടതി അഭിപ്രായപ്പെട്ടത് ഏറെ ശ്രദ്ധേയമായ സാഹചര്യത്തിലും ഇന്ത്യയില്‍ ഗൂഗിള്‍ അടക്കം ഒട്ടേറെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളെ നിയന്ത്രണ വിധേയമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗൂഗിള്‍ ബസ്‌ ഇനി ഓടില്ല

October 15th, 2011

google-buzz-epathram

കാലിഫോര്‍ണിയ : ഏറെ സ്വകാര്യതാ പ്രശ്നങ്ങള്‍ ഉയര്‍ത്തിയ ഗൂഗിളിന്റെ ബസ്‌ (Buzz) എന്ന സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് പ്രോഗ്രാം ഗൂഗിള്‍ അടച്ചു പൂട്ടുവാന്‍ തീരുമാനിച്ചു. ജീമെയില്‍ സേവനത്തോടൊപ്പം ഏറെ ഇഴുകി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ബസ്‌ സ്വകാര്യതാ പ്രശ്നങ്ങളില്‍ പെട്ട് ഗൂഗിളിനെ ഏറെ വലച്ചിരുന്നു. ഗൂഗിളിന്റെ ഏറ്റവും പുതിയ സോശ്യം നെറ്റ്വര്‍ക്കിംഗ് ഉല്‍പ്പന്നമായ ഗൂഗിള്‍ + പുറത്തിറങ്ങിയതോടെയാണ്‌ ഇനി ബസ്‌ ഓടിക്കേണ്ട എന്ന് ഗൂഗിള്‍ തീരുമാനിച്ചത്‌. ഗൂഗിള്‍ + പെട്ടെന്ന് തന്നെ ജനപ്രിയമാവുകയും ചുരുങ്ങിയ സമയം കൊണ്ട് തന്നെ നാല് കോടി ഉപയോക്താക്കള്‍ എന്ന നേട്ടം കൈവരിക്കുകയും ചെയ്തിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഗൂഗിള്‍ തൊഴിലാളികള്‍ക്ക്‌ വീട്ടുവേലക്കാര്‍

November 4th, 2010

task-rabbit-epathram

കുറഞ്ഞ ശമ്പളത്തിന് പകരം ഒട്ടേറെ ആനുകൂല്യങ്ങള്‍ നല്‍കി തങ്ങളുടെ തൊഴിലാളികളെ കൂടെ നിര്‍ത്തുന്നതില്‍ പ്രശസ്തരാണ് ഗൂഗിള്‍. തൊഴിലാളികള്‍ക്ക്‌ ഇന്റര്‍നെറ്റ്‌ സംവിധാനത്തോട് കൂടിയ ബസ്‌ സര്‍വീസ്‌ വരെ ഏര്‍പ്പാടാക്കിയിട്ടുണ്ട് ഗൂഗിള്‍. ജിം അംഗത്വം, സൌജന്യ ഭക്ഷണം, ഇന്‍ഷൂറന്‍സ് പരിരക്ഷ, ജോലി ചെയ്ത് ബോറടിക്കുമ്പോള്‍ കളിക്കാന്‍ പ്രത്യേക കളി സ്ഥലം എന്നിങ്ങനെ ഗൂഗിള്‍ തൊഴിലാളികളുടെ സന്തോഷത്തിനായി ഒട്ടേറെ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഏറ്റവും പുതിയതാണ് തൊഴിലാളികള്‍ക്ക്‌ വീട്ടിലെ വേലകളില്‍ സഹായം എത്തിക്കുന്ന വേലക്കാരുടെ സേവനം ലഭ്യമാക്കുന്ന പുതിയ പദ്ധതി. എന്നാല്‍ ഓണ്‍ലൈന്‍ ഭീമനായ ഗൂഗിള്‍ വീട്ടു വേലക്കാരുടെ സേവനത്തിനും ഓണ്‍ലൈന്‍ സംവിധാനം തന്നെയാണ് ഉപയോഗിക്കുന്നത് എന്ന് മാത്രം. ടാസ്ക്‌ റാബിറ്റ് എന്ന വെബ് സൈറ്റ്‌ വഴിയാണിത്‌. ഈ വെബ് സൈറ്റില്‍ തൊഴിലാളികള്‍ക്ക്‌ തങ്ങള്‍ക്കു ചെയ്യേണ്ട വീട്ട് ജോലി തെരഞ്ഞെടുക്കാം. പട്ടിയെ നടക്കാന്‍ കൊണ്ടു പോവുന്നത് മുതല്‍ ഭാര്യക്ക്‌ പൂക്കള്‍ വാങ്ങി കൊടുക്കുന്നത് വരെയുള്ള ജോലികള്‍ വെബ് സൈറ്റില്‍ ഉദാഹരണമായി കൊടുത്തിട്ടുണ്ട്‌. ആവശ്യമുള്ള ജോലി ടൈപ്പ് ചെയ്ത് തൊഴിലാളികള്‍ക്ക്‌ അത് ചെയ്യിപ്പിക്കാനുള്ള സൌകര്യമാണ് ഗൂഗിള്‍ തൊഴിലാളികള്‍ക്കുള്ള ഏറ്റവും പുതിയ ആനുകൂല്യമായി നല്‍കിയിരിക്കുന്നത്. ഏറ്റവും മികച്ച എഞ്ചിനീയര്‍മാരെ തങ്ങളിലേക്ക് ആകര്‍ഷിക്കാനുള്ള ഏറ്റവും പുതിയ തന്ത്രമാണ് ഇത്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

1 of 4123...Last »

« Previous « ഗൂഗിള്‍ ചാറ്റില്‍ മലയാളം നിഘണ്ടു
Next Page » മലയാളം വിക്കിപീഡിയയില്‍ 15000 ലേഖനങ്ങള്‍ »

  • ബാർകോഡിന്റെ ഉപജ്ഞാതാവ് നോർമൻ വുഡ്ലാൻഡ് അന്തരിച്ചു
  • അപ്പിൾ ടു ആപ്പിൾ : സാംസങ്ങ് തിരിച്ചടിക്കുന്നു
  • ആപ്പിൾ പകർത്തിയ സാംസങ് വെട്ടിലായി
  • ഡി.എൻ.എസ്. അന്തകന്റെ ദിനം
  • നെക്സ്റ്റ് ഡ്രോപ്പ് : സാങ്കേതിക വിദ്യ ജനനന്മയ്ക്ക്
  • ടാഗ് ടൈൽ ഫേസ്ബുക്ക് കൈവശപ്പെടുത്തി
  • ഐഫോണ്‍ കൊണ്ട് ആത്മരക്ഷ
  • ആകാശിനെ വെല്ലാന്‍ ബി.എസ്.എന്‍.എല്‍.
  • ഐപാഡ് തങ്ങളുടേതാണെന്ന് ചൈനീസ്‌ കമ്പനി
  • ഐഫോണ്‍ ഗാസ് അടുപ്പുകള്‍ പിടിച്ചെടുത്തു
  • എമര്‍ജന്‍സി മൊബൈല്‍ ഫോണ്‍ വരുന്നു
  • ഹേര്‍ട്ട്സിനെ ഗൂഗിള്‍ ഡൂഡ്ല്‍ കൊണ്ട് ആദരിച്ചു
  • ഗൂഗിള്‍ നയമാറ്റം എങ്ങനെ ഉപയോക്താക്കളെ ബാധിക്കും
  • ഗൂഗിള്‍ ബസ്‌ ഇനി ഓടില്ല
  • മൈക്രോസോഫ്റ്റ്‌ സ്കൈപ്പ് കൈയ്യടക്കി
  • ഫേസ്ബുക്ക് ഉയര്‍ത്തുന്ന സ്വകാര്യതാ പ്രശ്നങ്ങള്‍
  • മലയാളം വിക്കിപീഡിയയില്‍ 15000 ലേഖനങ്ങള്‍
  • ഗൂഗിള്‍ തൊഴിലാളികള്‍ക്ക്‌ വീട്ടുവേലക്കാര്‍
  • ഗൂഗിള്‍ ചാറ്റില്‍ മലയാളം നിഘണ്ടു
  • മമ്മുട്ടിയുടെ വെബ് സൈറ്റ്‌ ഹാക്ക്‌ ചെയ്യപ്പെട്ടു

  • © e പത്രം 2010