ഗൂഗ്‌ള്‍ ചൈനയില്‍ നിന്നും പടി ഇറങ്ങാന്‍ തയ്യാറാവുന്നു. ലോകത്തിലെ ഏറ്റവും വലിയ വിപണിയായ ചൈനയെ പിണക്കി ചൈനയില്‍ നിന്നും പിന്മാറാന്‍ തയ്യാറായതോടെ ഗൂഗ്‌ള്‍ തങ്ങളുടെ ലക്ഷക്കണക്കിന് ആരാധകരുടെ കയ്യടി വീണ്ടും നേടിയിരിക്കുന്നു. ഡിസംബര്‍ മധ്യത്തില്‍ തങ്ങളുടെ സെര്‍വറുകളില്‍ അതിക്രമിച്ചു കയറിയ ചൈന പ്രധാനമായും തിരഞ്ഞത് ചൈനയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഈമെയില്‍ ഉള്ളടക്കങ്ങളാണ് എന്ന് ഗൂഗ്‌ള്‍ കണ്ടെത്തി. എന്നാല്‍ കേവലം രണ്ട് ഈമെയില്‍ അക്കൌണ്ടുകള്‍ മാത്രമേ ചൈനക്ക് അതിക്രമിച്ചു കയറാന്‍ കഴിഞ്ഞുള്ളൂ. അതില്‍ തന്നെ ഈമെയില്‍ വിലാസങ്ങളും അവയിലെ സബ്ജക്ട് ലൈനുകളുമല്ലാതെ ഉള്ളടക്കമൊന്നും വായിച്ചെടുക്കാന്‍ ചൈനക്ക് കഴിഞ്ഞതുമില്ല. വിവരങ്ങളുടെ സുരക്ഷയില്‍ അത്രയേറെ ശ്രദ്ധ ഗൂഗ്‌ള്‍ പുലര്‍ത്തിയിരുന്നു. എന്നാലും ചൈനയില്‍ നിന്നും ഇത്തരം ഒരു ആക്രമണം ഉണ്ടായത് ഗൂഗ്‌ളിനെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. ഗൂഗ്‌ള്‍ തുടര്‍ന്നു നടത്തിയ വിശദമായ അന്വേഷണത്തില്‍ തങ്ങളുടെ സെര്‍വറിനു പുറമെ വേറെയും 20ഓളം കമ്പനികള്‍ ചൈനയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തി.
ഗൂഗ്‌ളിന്റെ ചൈനയിലെ സെര്‍വറിനു പുറമെ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ ജീമെയില്‍ ഉപയോക്താക്കളുടെ ഈമെയിലുകളും ചൈന വായിച്ചെടുക്കാന്‍ ശ്രമം നടത്തിയിരുന്നു. ഈ ഈമെയില്‍ അഡ്രസുകള്‍ എല്ലാം ചൈനയില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ ആളുകളുടേതായിരുന്നു എന്നത് പ്രശ്നം ഗൌരവമുള്ളതാക്കി.
നേരത്തേ തന്നെ ഗൂഗ്‌ളിന്റെ സേര്‍ച്ച് റിസള്‍ട്ടുകള്‍ സെന്‍സര്‍ ചെയ്യാനുള്ള ചൈനയുടെ നീക്കത്തില്‍ ഗൂഗ്‌ള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യ ത്തിനെതിരെയുള്ള ഇത്തരം ആക്രമണങ്ങളെ ഗൂഗ്‌ള്‍ എതിര്‍ത്തു എങ്കിലും ചൈനയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ഒരു പരിധി വരെ സെന്‍സര്‍ ചെയ്യുന്നതിന് ഇവര്‍ക്ക് വിധേയമാവേണ്ടി വന്നു. എന്നാല്‍ ചൈനയിലെ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റിലെ വന്‍ വിവര ശേഖരം ലഭ്യമാക്കാനുള്ള ദൌത്യം കണക്കിലെടുത്ത് ഈ നിയന്ത്രണത്തിന് ഗൂഗ്‌ള്‍ സ്വയം വഴങ്ങുകയായിരുന്നു എന്ന് കമ്പനി അന്ന് വ്യക്തമാക്കു കയുണ്ടായി. എന്നാല്‍ ചൈനയിലെ സ്ഥിതി ഗതികള്‍ സൂക്ഷ്മമായി പഠിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ ചൈനയില്‍ തങ്ങളുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് തടസ്സമാവുകയാണെങ്കില്‍ ചൈനയിലെ പ്രവര്‍ത്തനങ്ങള്‍ തുടരണമോ എന്ന കാര്യം പുനഃ പരിശോധിക്കും എന്നും അന്ന് ഗൂഗ്‌ള്‍ വ്യക്തമാക്കിയിരുന്നു.
കുറച്ചു നാള്‍ മുന്‍പ് യാഹുവിന്റെ സി.ഇ.ഓ. നടത്തിയ പ്രസ്താവന ഈ അവസരത്തില്‍ ഓര്‍ക്കുന്നത് രണ്ടു കമ്പനികളുടെയും നിലപാടുകളുടെ അന്തരം വ്യക്തമാക്കുന്നു. “മനുഷ്യാവകാശങ്ങളെ തങ്ങള്‍ മാനിക്കുന്നു. എന്നാല്‍ ചൈനീസ് സര്‍ക്കാരിനെ നേര്‍ വഴിക്ക് നയിക്കുക എന്നതല്ല ഞങ്ങളുടെ ഓഹരി ഉടമകള്‍ ഞങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്, അത് കൊണ്ട് യാഹൂ ചൈനീസ് സര്‍ക്കാരിനെ നന്നാക്കാനൊന്നും ശ്രമിക്കില്ല.” ഇതാണ് യാഹുവിന്റെ സി. ഇ. ഓ. കാരള്‍ ബാര്‍ട്സ് പറഞ്ഞത്.
എന്നാല്‍ ഇനി മുതല്‍ ചൈനീസ് സര്‍ക്കാര്‍ ആവശ്യപ്പെട്ട പോലെ ചൈനയിലെ തങ്ങളുടെ സേര്‍ച്ച് റിസള്‍ട്ട് സെന്‍സര്‍ ചെയ്യില്ല എന്ന ധീരമായ തീരുമാനമാണ് ഗൂഗ്‌ള്‍ സ്വീകരിച്ചത്. സാര്‍വത്രികമായ മനുഷ്യാവകാശ തത്വങ്ങള്‍ മുറുകെ പിടിക്കുന്ന ഇത്തരം നിലപാടുകള്‍ ലോകത്തില്‍ വിരളമായി കൊണ്ടിരിക്കവെയാണ് ഗൂഗ്‌ളിന്റെ ഈ തീരുമാനം എന്നത് ആശാവഹമാണ്.
തങ്ങളുടെ ഈമെയില്‍ അക്കൌണ്ടുകളില്‍ അതിക്രമിച്ച് കടന്നു കയറിയതോടെ ഗൂഗ്‌ള്‍ ചൈനയോട് വിട പറയുകയാണ് എന്നും
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: censorship, crime, google
കമ്യൂണിസ്റ്റ് രാജ്യമായ ചൈനയിൽ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നു എന്നത് നാണക്കേടാണ്.കമ്യൂണിസ്റ്റുകളുടെ സ്വപ്ന ഭൂമി, മനുഷ്യാവകാശത്തെ കുറിച്ചും സോഷ്യലിസത്തെ കുറിച്ചും വലിയ വീക്ഷണങ്ങൾ വച്ചുപുലർത്തുന്നു എന്ന് അവകാശപ്പെടുന്നവർ എപ്പോഴും ചൂണ്ടിക്കാണിക്കുന്ന ഏറ്റവും വലിയ രാജ്യമാണ് ചൈന ആ ചൈനെയിൽ നിന്നും ഇന്റർനെറ്റ് രംഗത്തെ ആഗോള ഭീമനായ google ഒഴിവാകണമെങ്കിൽ തക്കതായ കാരണം കാണും.ഈ റിപ്പോർട്ട് പ്രകാരം മനുഷ്യാവകാശപ്രവർത്തകരുടെ മെയിൽ സന്ദേശങ്ങൾ ചോർത്തുവാനും മറ്റുമുള്ള ശ്രമങ്ങളാണ് ഗോാഗിളിന്റെ പിന്മാറ്റത്തിനു കാരണം എന്ന് അറിയുന്നു. ഇന്റർന്നെറ്റിലൂടെ ചൈനയുടെ കടന്നുകയറ്റത്തെ പറ്റിയും കുറച്ചുനാൾ മുമ്പും e-pathram റിപ്പോർട്ട് ചെയ്തിരുന്നു.കൂടാതെ സ്വകാര്യ സൈറ്റുകൾക്കും നിയന്ത്രണം വരാൻ പോകുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.ശരിക്കുപറഞ്ഞാൽ അവകാശങ്ങൾ നിഷേധിക്കപ്പെട്ട നിയന്ത്രണങ്ങളാൽ വലയം ചെയ്ത ഒരു ജനതയെ ആണോ അവർ വാർത്തെടുക്കുവാൻ ശ്രമിക്കുന്നത്?