സാൻ ജോസ് : ആപ്പിളിന്റെ ഐഫോൺ, ഐപാഡ് എന്നിവയുടെ രൂപകൽപ്പന പകർത്തിയാണ് സാംസങ് ഫോണുകൾ നിർമ്മിക്കുന്നത് എന്ന ആപ്പിളിന്റെ വാദം അമേരിക്കൻ കോടതി അംഗീകരിച്ചു. ഇതിന് നഷ്ടപരിഹാരമായി കൊറിയൻ കമ്പനിയായ സാംസങ് 1.051 ബില്യൺ ഡോളർ ആപ്പിളിന് നൽകണം എന്നും കോടതി വിധിച്ചു. ഇതോടെ ഏറെ ജനപ്രിയമായ ഒട്ടേറെ സാംസങ് ഫോണുകളുടെ വിൽപ്പനയ്ക്ക് വിലക്ക് നിലവിൽ വരും. ഈ ആഴ്ച്ച ഉണ്ടായ വർദ്ധനയോടെ വിപണി മൂല്യത്തിൽ ചരിത്രത്തിൽ തന്നെ ഒന്നാമതെത്തിയ അപ്പിളിന്റെ മേധാവിത്വം മൊബൈൽ മേഖലയിൽ ഇതോടെ ഉറപ്പായി.
സാംസങ്ങിന് എതിരെയുള്ള ഈ കോടതി വിധി യഥാർത്ഥത്തിൽ ഗൂഗിളിന് നേരെയുള്ള ആക്രമണത്തിന്റെ ആരംഭമായാണ് കണക്കാക്കപ്പെടുന്നത്. കുറഞ്ഞ കാലം കൊണ്ട് സാംസങ് അടക്കം നിരവധി മൊബൈൽ ഫോൺ നിർമ്മാണ കമ്പനികൾ ഗൂഗിളിന്റെ ആൻഡ്രോയ്ഡ് മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുകയും അതിന് വൻ പ്രചാരം നല്കുകയും ചെയ്തു. ആപ്പിളിന്റെ ഉല്പ്പന്നങ്ങളിൽ ഉള്ളത് പോലുള്ള നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ ആൻഡ്രോയ്ഡ് ഫോണുകളിൽ വൻ തോതിൽ മൊബൈൽ പ്രോഗ്രാമുകൾ സ്വതന്ത്രമായി ലഭ്യമായതും ആൻഡ്രോയ്ഡ് ഫോണുകളുടെ വൻ ജനപ്രീതിക്ക് കാരണമായി.
ഒട്ടേറെ രാജ്യങ്ങളിലെ കോടതികളിൽ ആപ്പിൾ സാംസങ്ങിനെതിരെ വ്യവഹാരം നടത്തുന്നുണ്ട്. തെക്കൻ കൊറിയയിലെ കോടതി രണ്ട് കമ്പനികളും കുറ്റക്കാരാണ് എന്ന് കണ്ടെത്തുകയും സാംസങ്ങിന്റെ ഗാലക്സി എസ്-2 ഫോൺ അടക്കം നിരവധി മോഡലുകളുടെയും ആപ്പിളിന്റെ ഐഫോൺ-4ന്റെ വിൽപ്പനയും നിരോധിച്ചിരുന്നു.
എന്നാൽ ലോകത്തെ ഏറ്റവും വലിയ സാങ്കേതികവിദ്യാ വിപണിയായ അമേരിക്കയിൽ നേടിയ ജയം ആപ്പിളിനെ സംബന്ധിച്ച് ഏറെ പ്രാധാന്യം അർഹിക്കുന്നു.
പരസ്പരം കൊമ്പു കോർക്കുന്ന ആപ്പിൾ പക്ഷെ സാംസങ്ങുമായി ഇപ്പോഴും ശക്തമായ വ്യാപാര ബന്ധം പുലർത്തുന്നുണ്ട് എന്നതാണ് രസകരം. അപ്പിളിന്റെ ഉൽപ്പാദനത്തിന് ആവശ്യമായ മൈക്രോപ്രോസസർ അടക്കം നിരവധി ഭാഗങ്ങൾ സാംസങ് ആണ് ആപ്പിളിന് നിർമ്മിച്ചു നൽകുന്നത്. 5 ബില്യൺ ഡോളറിൽ അധികം വരും ഈ വ്യാപാരം.
- ജെ.എസ്.