വിളവെടുപ്പ് – അനില്‍ വേങ്കോട്

March 1st, 2009

സ്നേഹം
വിതച്ചിട്ട് കാത്തിരിക്കുന്ന
ഒരു കുട്ടനാടന്‍ കര്‍ഷകനാണ്.

കുതിയില്‍ കുരുക്കിട്ടു പിടിക്കുന്ന
നായാട്ടുകാരനല്ല.

സുരക്ഷിത നിക്ഷേപങ്ങളില്‍
അടയിരിക്കുന്ന
സൂക്ഷിപ്പുകാരനല്ല.

സ്നേഹം
ദുരന്തങ്ങളെ
മണ്ണിലേക്ക് ചവിട്ടിക്കുഴക്കുന്ന
കാലിന്റെ കിരുകിരുപ്പാണ്.

കണ്ടങ്ങളിലേയ്ക് ചാലു വയ്ക്കാതെ
നിരന്തരമായി
തേവുന്നവന്റെ
ജീവന്‍ ഒഴുക്കുവയ്ക്കുന്ന
വേലിയിറക്കമാണ്.

ഭൂമിയോളം പോന്ന കാത്തിരുപ്പുകള്‍
അനന്തതകളില്‍ അലയ്ക്കുന്ന പ്രാര്‍ത്ഥനകള്‍..

സ്നേഹം
വിതച്ചിട്ട് കാത്തിരിക്കുന്ന
ഒരു കുട്ടനാടന്‍ കര്‍ഷകനാണ്.

ചാഴിയും മുഞ്ഞയും
കാറ്റും കടലും
കായലും കൊണ്ടു പോയതിന്റെ ശിഷ്ടം
കൊയ്തിനു ആളു കിട്ടാതെ
മഴക്കോള് നോക്കിയിരിക്കുന്ന
കുട്ടനാടന്‍ കര്‍ഷകന്‍

നനഞ്ഞ കതിരില്‍
പുതിയ ചിന പൊട്ടുന്നത് നോക്കി
നോവിനെ കൌതുകത്തിലേക്കു
വിവര്‍ത്തനം ചെയ്യുന്ന
കുട്ടനാടന്‍ കര്‍ഷകന്‍

അനില്‍ വേങ്കോട്

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« കൊട്ടിച്ചിരി – ടി. എ. ശശി
പുഴ – സൈനുദ്ധീന്‍ ഖുറൈഷി »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine