പ്രണയം മറന്നുവോ?

February 1st, 2012

maravi-epathram

രാവും പകലും മത്സരിച്ചു
തമ്മില്‍ കാണാതെ, തമ്മില്‍ മിണ്ടാതെ,
അക്ഷരങ്ങളെ, അക്കങ്ങളെ
വെട്ടിത്തിരുത്തിയും കൂട്ടിക്കിഴിച്ചും
പ്രണയത്തിന്‍ കടും മധുരം മറന്നു
കാമത്തിന്‍ കൊടും തീവ്രത മാഞ്ഞു

പടുമരങ്ങള്‍ മുളച്ചുപൊങ്ങി
കൈകള്‍ വിടര്‍ത്തി വരിഞ്ഞു മുറുക്കി
കാറ്റിലാടി കുണുങ്ങിച്ചിരിച്ചു
കള്ളനോട്ടമെറിഞ്ഞു കണ്ണിറുക്കി
ഹൃദയവും ഹൃദയത്തിന്‍ ചുവപ്പും വെച്ചുനീട്ടി
നീയില്ലെങ്കില്‍ ഞാനില്ലെന്ന് ചിണുങ്ങി

ഈ സന്ധ്യയില്‍ പുണര്‍ന്നു കിടക്കുന്നു
തമ്മില്‍ പറയാത്ത സ്നേഹത്തിന്‍
പൊന്‍തിളക്കങ്ങളില്‍ പൂണ്ട്
ഈ മരുഭൂവിന്റെ കണ്ണുനീരുറവയില്‍ നനഞ്ഞ്
പുലര്‍ച്ചെ കാണുന്ന സ്വപ്നം മോഹിച്ച്
പറയാതെ മിണ്ടാതെ തമ്മില്‍ നോക്കാതെ

Bha

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

എനിക്ക് പ്രായം 20 – റിനു ബേപ്പൂര്‍

December 18th, 2011

love-and-more

എന്റെ ഹൃദയം കൊത്തി പറിച്ചു കൊണ്ടൊരു പെണ്‍ പക്ഷി പറന്നു പോയി
എന്തിനെന്ന എന്റെ ചോദ്യത്തിന് ഒത്തിരി നേരത്തെ മൌനത്തിനു ശേഷം
നാണത്തോടെ അവള്‍ മൊഴിഞ്ഞു അവള്‍ക്കെന്നോട് പ്രണയമാണത്രെ
തന്റെ ഉള്ളിന്റെയുള്ളിലെ ചെപ്പിനുള്ളില്‍ ആരും കാണാത്ത ഒരിടത്ത്
ഒളിച്ചു വെച്ചു ദിവസവും എന്നെ പൂജിക്കാമെന്ന് സത്യത്തിന്റെ ,
സ്നേഹത്തിന്റെ, വിശ്വാസത്തിന്റെ സ്വരം ആദ്യമായി കേട്ട ഞാന്‍
എന്റെ ഹൃദയം അവള്‍ക്കു കൊടുത്തു.

എനിക്ക് പ്രായം 27

എന്റെ ശരീരം കൊത്തി പറിച്ചു കൊണ്ടൊരു പെണ്‍ പക്ഷി പറന്നു പോയി
എന്തിനെന്ന എന്റെ ചോദ്യത്തിന് തെല്ലിട പോലും വൈകാതെ അവള്‍ മറുപടി നല്‍കി
അവള്‍ക്കെന്നോട് കാമമാണത്രേ
തന്റെ മണിയറയിലെ പട്ടു മെത്തയില്‍ കിടത്തി
അവളുടെ ഉറക്കമില്ലാത്ത രാവുകളില്‍
എന്നെ അനുഭവിക്കണമെന്ന് മിഥ്യയുടെ, കാമത്തിന്റെ,
വഞ്ചനയുടെ സ്വരം ആദ്യമായി കേട്ട ഞാന്‍
എന്റെ ശരീരം അവള്‍ക്കു കൊടുത്തു

എനിക്ക് പ്രായം 30

ഇന്ന് എന്റെ വിവാഹം …
എടുത്തു ചാട്ടത്തിന്റെ പ്രായത്തില്‍ സത്യത്തിനും
തിരിച്ചറിവിന്റെ പ്രായത്തില്‍ മിഥ്യയ്ക്കും കീഴടങ്ങിയ ഞാന്‍
ഇന്ന് വീടുകാര്‍ക്കായ്‌ ,നാടുകാര്‍ക്കായ്‌ കീഴടങ്ങിയിരിക്കുന്നു …
ആര്‍ക്കും കീഴടങ്ങാത്ത, ആരാലും അനുഭവിക്കപ്പെടാത്ത ഒരു വധുവിനായി
ആദ്യ രാത്രിയില്‍ കാത്തിരുന്ന എന്റെ ചെവിയില്‍ ആരോ മന്ത്രിച്ചു …
ഇവിടെ പെണ്‍ പക്ഷികള്‍ മാത്രമല്ല ആണ്‍ പക്ഷികളും ഉണ്ടെന്നു …

റിനു ബേപ്പൂര്‍

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഒരു നോക്ക് കാണാന്‍

November 12th, 2011

girl-waiting-epathram

ഒരുപാട് പ്രണയം
ഒരുപാട് വിരഹം
പകല്‍ ഒരു ചെറു മഴയോളം
രാവിന് ഒരു ജന്മ ദൂരം
ഈ രാവിലും നിന്നെ ഒരു നോക്ക് കാണാന്‍
ആയിരം കാതം നടക്കട്ടെ ഇന്നു ഞാന്‍ ?

ലിജി അരുണ്‍

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

തുള്ളികള്‍, പ്രണയത്തുള്ളികള്‍ – സി.പി. ദിനേശ്‌

October 25th, 2011

ഒന്ന്

മഞ്ഞു വീണ കടവിലെ തോണി ഒന്നുലഞ്ഞു,
കാറ്റു വന്നു വിളിക്കുന്നു, യാത്രയുണ്ട്.

രണ്ട്
ഒരു തുള്ളി സൂര്യനെ ഉള്ളിലാക്കി
പുതുപുല്ലിന്‍ തുമ്പിലെ തേന്‍കണം

മൂന്ന്
ചുട്ടു പൊള്ളുന്ന വെയിലില്‍
കുളിരായ് പെയ്തിറങ്ങുന്ന മഴയുടെ
ഇരമ്പല്‍ കേട്ടൊരു കാട്ടുവഴി.

നാല്
ഇടവഴിയില്‍ വീണ മാന്തളിര്‍ തിന്ന്
നിഴലുകള്‍ കെട്ടിപ്പുണരുന്നു.

അഞ്ച്
തിരയണഞ്ഞ തീരത്ത്
മാഞ്ഞു പോയ കാലടികള്‍ തിരയുന്നു വെയില്‍.

ആറ്
ചെമ്പകം മണക്കുന്ന രാത്രിയില്‍
ഒരു കുമ്പിള്‍ നിലാവു കോരി
വെള്ളി മേഘങ്ങള്‍ യാത്രയാകുന്നു.

സി.പി. ദിനേശ്‌

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

നിശ്വാസം

September 20th, 2011

tree-in-desert-epathram

ഒരു മരമാണ് ഞാന്‍
നിന്റെ ജീവിതത്തില്‍, ഈ മരുഭൂമിയില്‍
പൂത്തുലഞ്ഞ ഒരു തണല്‍ മരം
നിന്റെ ചിന്തകള്‍ക്ക്‌
താങ്ങും തണലുമായ് ഞാന്‍
ഒരാത്മാവും ഒരു ഹൃദയവുമായി
പൊള്ളുന്ന വെയിലിലും നിനക്ക് കുളിരേകാന്‍
തളിരില കൈകള്‍ വിരിച്ചു തന്നു ഞാന്‍
ആ ചൂടിലും ഞാന്‍ എന്നെ മറന്നു
കാരണം നീയൊരു നീരുറവയായിരുന്നു
വറ്റാത്തൊരു സ്നേഹ പ്രവാഹം
അതു വറ്റിയാല്‍ പിന്നെയീ ഞാനില്ല
ഉണങ്ങി കരിഞ്ഞു മണ്ണോട് ചേര്‍ന്നിടും
മരുക്കാറ്റ്‌ നിശബ്ദമാകുമ്പോഴും
മരുഭൂമി നെടുവീര്‍പ്പിടുമ്പോഴും
എനിക്കറിയില്ല,
ഈ വേനലിനെ മറികടക്കുവാന്‍
നമ്മുടെ എത്ര നിശ്വാസം വേണമെന്ന്

ലിജി അരുണ്‍

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

1 of 9123...Last »

« Previous « ഡിസംബര്‍ – രാമചന്ദ്രന്‍ വെട്ടിക്കാട്ട്
Next Page » തുള്ളികള്‍, പ്രണയത്തുള്ളികള്‍ – സി.പി. ദിനേശ്‌ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine