എന്റെ ഹൃദയം കൊത്തി പറിച്ചു കൊണ്ടൊരു പെണ്‍ പക്ഷി പറന്നു പോയി
എന്തിനെന്ന എന്റെ ചോദ്യത്തിന് ഒത്തിരി നേരത്തെ മൌനത്തിനു ശേഷം
നാണത്തോടെ അവള്‍ മൊഴിഞ്ഞു അവള്‍ക്കെന്നോട് പ്രണയമാണത്രെ
തന്റെ ഉള്ളിന്റെയുള്ളിലെ ചെപ്പിനുള്ളില്‍ ആരും കാണാത്ത ഒരിടത്ത്
ഒളിച്ചു വെച്ചു ദിവസവും എന്നെ പൂജിക്കാമെന്ന് സത്യത്തിന്റെ ,
സ്നേഹത്തിന്റെ, വിശ്വാസത്തിന്റെ സ്വരം ആദ്യമായി കേട്ട ഞാന്‍
എന്റെ ഹൃദയം അവള്‍ക്കു കൊടുത്തു.
എനിക്ക് പ്രായം 27
എന്റെ ശരീരം കൊത്തി പറിച്ചു കൊണ്ടൊരു പെണ്‍ പക്ഷി പറന്നു പോയി
എന്തിനെന്ന എന്റെ ചോദ്യത്തിന് തെല്ലിട പോലും വൈകാതെ അവള്‍ മറുപടി നല്‍കി
അവള്‍ക്കെന്നോട് കാമമാണത്രേ
തന്റെ മണിയറയിലെ പട്ടു മെത്തയില്‍ കിടത്തി
അവളുടെ ഉറക്കമില്ലാത്ത രാവുകളില്‍
എന്നെ അനുഭവിക്കണമെന്ന് മിഥ്യയുടെ, കാമത്തിന്റെ,
വഞ്ചനയുടെ സ്വരം ആദ്യമായി കേട്ട ഞാന്‍
എന്റെ ശരീരം അവള്‍ക്കു കൊടുത്തു
എനിക്ക് പ്രായം 30
ഇന്ന് എന്റെ വിവാഹം …
എടുത്തു ചാട്ടത്തിന്റെ പ്രായത്തില്‍ സത്യത്തിനും
തിരിച്ചറിവിന്റെ പ്രായത്തില്‍ മിഥ്യയ്ക്കും കീഴടങ്ങിയ ഞാന്‍
ഇന്ന് വീടുകാര്‍ക്കായ് ,നാടുകാര്‍ക്കായ് കീഴടങ്ങിയിരിക്കുന്നു …
ആര്‍ക്കും കീഴടങ്ങാത്ത, ആരാലും അനുഭവിക്കപ്പെടാത്ത ഒരു വധുവിനായി
ആദ്യ രാത്രിയില്‍ കാത്തിരുന്ന എന്റെ ചെവിയില്‍ ആരോ മന്ത്രിച്ചു …
ഇവിടെ പെണ്‍ പക്ഷികള്‍ മാത്രമല്ല ആണ്‍ പക്ഷികളും ഉണ്ടെന്നു …
– റിനു ബേപ്പൂര്‍
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: rinu-beypore