ചെറു മഴ നൂലില്‍ ഞാന്‍ കോര്‍ത്തു കോര്‍ത്തിട്ടതാം
ഹിമ ബിന്ദു മാലകള്‍ മാഞ്ഞു പോയി.
അതു പോലെ മായുമോ നിന്മനോഹാരിയാം
മലര്‍സത്വമെന്നൊരാ സത് സ്മരണ.
കുളിര്‍ കാറ്റ് വീശുമ്പോള്‍ നിന്‍ മിഴിയിണകളെ
പതിവായ് മറയ്ക്കുന്ന മുടിയിഴപ്പാമ്പുകള്‍
പലവുരു ദംശിച്ചയെന്റെയീ ഹൃദയത്തില്‍
നീലിച്ച ചോരയും വറ്റുകയോ?
പറയാതെ ഞാന്‍ കാത്ത പ്രണയത്തെ
യൊരു തുള്ളി രക്തമായ് മാറ്റി നിന്‍
നെറ്റിയില്‍ കുങ്കുമ പൊട്ടായ് വരയ്ക്കുവാന്‍
വെമ്പിയ നാഡികള്‍, ഇന്നവ മീട്ടുന്ന
രാഗങ്ങളില്‍ തുള്ളി നില്‍ക്കുന്നു
ഭീരുവിന്‍ വിരഹാര്‍ദ്ര ചേതനാ ശൂന്യ സ്വപ്നങ്ങള്‍.
ഒരു നദിക്കരയില്‍ ഞാന്‍ വെറുതെയിരിക്കുകില്‍
വരവായി നിന്‍ മിഴികള്‍-പുഴ മീനുകള്‍.
ഒരു വഞ്ചിയേറി ഞാന്‍ സ്മരണ മുറിക്കുകില്‍
മുതലയായ് മാറുന്നുവെന്റെ വഞ്ചി.
സകലതും ഇരുളായി മാറ്റി മറയ്ക്കുന്നു
നിഴലുകള്‍ വീഴ്ത്തുന്ന മറവി സന്ധ്യ
അതിജീവനത്തിന്റെ തിരിയുമായെത്തുന്ന
പ്രേമാര്‍ദ്ര സ്മരണകള്‍ക്കെന്ത് കാന്തി!
ഇന്നും കൊതിക്കുന്നു നിന്റെ വിയര്‍പ്പിന്റെ
അഗ്നി സമാനമാം ചൂടിനെ ചൂരിനെ
ഒന്നു വെന്തുരുകുവാന്‍ ഒന്നായി ഒഴുകുവാന്‍
പ്രാര്‍ത്ഥിച്ചതൊക്കെയും വെറുതെയായി.
അകലെയാണിന്നു നീ നിന്റെയാ-
പക്വമാം വാക്കുകള്‍ മാറ്റൊലിക്കിളികളായ്
സ്മരണ തന്‍ ഗുഹകളില്‍ വെറുതെ ചിലയ്ക്കുന്നു
തല തല്ല്ലി ചാകുവാനായിടാതെ.
ഭയത്താല്‍ മരവിച്ച എന്റെ ബീജങ്ങളില്‍ ഇന്നും
മരിക്കാത്ത നമ്മുടെ പ്രണയത്തിനായി കുറിച്ചീടുന്ന
താരാട്ട് പാട്ടായ ഈ ചത്ത വാക്കുകള്‍
കരളിലെ മുള്ളുകള്‍ കനവിലെ നിലവിളി
അറിയില്ല നീ ഇപ്പോള്‍ ഉറങ്ങുകായാവാം
ഒരു നല്ല കിനാവറിയുകയാവാം.
ഭീരുവിന്‍ പ്രണയത്തിനെന്ത് വില
മറുപടിയില്ല, അതിനര്‍ഹതയും