തീരം തിരമാലയോട് പറഞ്ഞത് – രാജേഷ് കുമാര്‍

August 5th, 2009

waves-beach
 
നീ കാത്തിരിക്കും പോലെ
നമ്മുടെ പ്രണയത്തെ കുറിച്ച് പറയാന്‍
പുതിയൊരു വാക്കാണ് ഞാന്‍ തിരയുന്നത്
കരുതിവച്ച വാക്കുകളെല്ലാം മുന്പെ പോയ
പ്രണയിനികള്‍ കടം കൊണ്ടു
സമാഗമങ്ങളുടെ ശ്വസന വേഗങ്ങളില്‍
വാക്കുകളെ തൊണ്ടയില്‍ കുരുക്കി നിന്റെ മടക്കം
 
ഒരോ തിരയും
എഴുതിത്തിരാത്ത പ്രണയ ലേഖനങ്ങള്‍
മിഴിനീരും മഷിയും കലര്‍ന്ന അവ്യക്തതകള്‍
തിഷ്ണ വേദനകള്‍, വ്യര്‍ത്ഥ സ്വപ്നാടനങ്ങള്‍
ഉള്‍ത്തടങ്ങളില്‍ യാനരൂപികള്‍
ഓരോന്നിലും കരയില്‍ കാത്തിരിക്കുന്ന കാമിനിമാര്‍ക്കായി
പറയാന്‍ ‍ബാക്കി വച്ച വാക്ക് തിരയുന്ന ഒരായിരം കാമുകര്‍
 
രാത്രി കാലങ്ങളില്‍ നീയെനിക്ക് സമ്മാനിച്ച്‌ മടങ്ങുന്ന
തുള പൊട്ടിയൊരു ശംഖ്‌ ,
നിറം മങ്ങിയൊരു പവിഴപ്പുറ്റ് ,
പാതി അടഞ്ഞോരു മീന്‍കണ്ണ്,
നീ കാത്തിരിക്കുന്ന വാക്കിലേക്കുള്ള ജാലകമായേക്കാം
 
നിന്റെ നിശ്വാസങ്ങള്‍
വരണ്ട കാറ്റായ് എന്നെ തഴുകുന്നതും
നിന്റെ കണ്ണുനീര്‍ നേരം തെറ്റിയ നേരത്തൊരു
മഴയായ്‌ എന്നെ നനയിക്കുന്നതും ഞാനറിയുന്നു
ഒരു പക്ഷെ ഞാനാ വാക്ക് നിന്റെ കാതില്‍
പറയുന്ന നാള്‍ നീയും ഞാനും ഒന്നായേക്കാം
അന്ന് വന്‍കരയെ കടല്‍ കൊണ്ടു പോയെന്ന്
ലോകം പറഞ്ഞേക്കാം
 
രാജേഷ് കുമാര്‍
 
 

- ജെ.എസ്.

വായിക്കുക:

2 അഭിപ്രായങ്ങള്‍ »


« പ്രതീക്ഷയുടെ ഒരു തിരി ബാക്കിയുണ്ട് – ശ്രീജിത വിനയന്‍
ഇഴ പിരിക്കുവാന്‍ കഴിയാതെ – അസീസ് കെ.എസ്. »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine