നമുക്കിടയില്‍
ഋതുക്കളില്ല കരയില്ല
കടലില്ല ആകാശമില്ല
ഉയരുന്ന ശബ്ദമില്ല
തെളിയുന്ന വെളിച്ചമില്ല
മായുന്ന ഇരുളുമില്ല.
നമുക്കിടയില്‍
ആഴമില്ല ഉയരമില്ല
തുടക്കമില്ല ഒടുക്കമില്ല
ഒടുങ്ങാത്ത പകയില്ല
അടങ്ങാത്ത അഗ്നിയില്ല
മായയില്ല മന്ത്രവുമില്ല.
നമുക്കിടയില്‍
മഴയില്ല വെയിലില്ല
സൂര്യനില്ല താരമില്ല
തിങ്കളില്ല ചൊവ്വയില്ല
നിലാവില്ല നിഴലില്ല
കൊഴിയുന്ന യാമവുമില്ല.
നമുക്കിടയില്‍
തുളുമ്പുന്ന മിഴിയില്ല
വിതുമ്പുന്ന ചുണ്ടുകളില്ല
കുരുങ്ങുന്ന വാക്കില്ല
നീറുന്ന ആത്മാവില്ല
നിഗൂഢ മൗനമില്ല
നേരില്ല നെറിയുമില്ല.
നമുക്കിടയില്‍
ഞാനുമില്ല നീയുമില്ല
നമുക്കിടയിലൊന്നുമില്ല.
പിന്നെ എന്താണ്?
നമ്മള്‍ ആരാണ്?
ഒന്നുമല്ലാതെ,
ഒന്നിനുമല്ലാതെ,
വെറുതേ…
– ഡോണ മയൂര