– ജയചന്ദ്രന്‍ നെടുവമ്പ്രം, റിയാദ്
പ്രണയം
വെള്ളം മൂടിയ ചതുപ്പ് പോലെയാണു.
അതിലിറങ്ങി നോക്കാന്‍
പ്രലോഭിപ്പിച്ചു കൊണ്ടേയിരിയ്കും
കര കയറാനാവാത്ത
കയങളിലേക്കു
താണു താണു പോകുമ്പോഴും
നിലവിളി തൊണ്ടയില്‍ കുരുങി
ശ്വാസം മുട്ടി
പിടയുമ്പോഴും പക്ഷേ,
ജീവന്റെ പച്ചയെ
സൂര്യന്റെ മഞ്ഞയെ
പ്രാവിന്റെ കുറുകലിനെ
വസന്ത രാവിന്റെ നേര്‍ത്ത തണുപ്പിനെ
കാറ്റിനെ, മഴയെ
കാടിനെ, കാട്ടാറിനെ
പൂക്കളെ, പുഴകളെ
സ്വപ്നത്തില്‍ നിറയ്ക്കും
മരണം
നാണിച്ച് വഴി മാറി നടക്കും.
പ്രണയം പ്രതിരോധമാണു
മരണത്തിനു മുന്നില്‍
കാലം പണിത വന്മതിലാണു
പ്രണയികള്‍ പോരാളികളാണു
ഹൃദയത്തില്‍ അമ്പു കൊണ്ടവന്റെ
ചുണ്ടിലെ പാട്ടിനു
ആദി മനുഷ്യന്റെ സ്വരമാണു
തെളി വെള്ളത്തിന്റെ വിശുദ്ധിയാണു
ഭൂമിയോളം ഭാരമുണ്ട്
പ്രണയിയുടെ മുതുകള്‍ക്ക്
ഭൂമിയില്‍ പ്രണയം തോല്‍ക്കുമ്പോള്‍
ഭാരം സ്വയം നഷ്ടപ്പെട്ട്
ഭ്രമണ പഥം തെറ്റി
ഭൂമി അതിന്റെ പാട്ടിനു പോകും
ദൈവം അനാഥനാകും.